നാരങ്ങപ്പൊതി
Story written by Jayachandran NT
===============
നിറവയറാണവൾക്ക്. ഒൻപതാംമാസമാണ്. മകനോ! മകളോ! പ്രസവത്തിന് ഇനി ദിവസങ്ങളേയുള്ളു.
പഴമ്പൊരിയോടായിരുന്നു ഇക്കാലമത്രയും അവളുടെ കൊതി. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ തട്ടുകടയിൽ നിന്നും, വലിയ ഹോട്ടലുകളിൽ നിന്നുമെല്ലാം പഴമ്പൊരികൾ വാങ്ങിക്കൂട്ടി.
“ചേട്ടോയ് ഇന്ത്യൻ കോഫീഹൗസിലെ പഴമ്പൊരിയാണ് സൂപ്പർട്ടാ.” എന്നവൾ പറയും.
പഴമ്പൊരിക്കൊതി ഏതാണ്ട് പൂർത്തീകരിച്ചു കഴിഞ്ഞപ്പോഴാണ് ഓൾക്ക് പിന്നീടൊരാശ നാമ്പിട്ടത്.
“ചേട്ടോ..ചേട്ടോയിയെ.”
“എന്നാടി?”
“അതേയ്….”
“കൊഞ്ചാതെ കാര്യം പറ.”
“എനിക്കേ നാരങ്ങപ്പൊതി കൂട്ടി പഴങ്കഞ്ഞി കുടിക്കാൻ തോന്നണ്. “
“പഴങ്കഞ്ഞി, അതു ശരിയാക്കാം. പക്ഷേ ഈ നാരങ്ങപ്പൊതി. അതെന്തോന്ന് സാധനം. അതിപ്പൊ എവിടെ കിട്ടാനാണ്.? “
“മനുഷ്യാ, നാരങ്ങപ്പൊതി എന്താണെന്നറിയില്ലേ? ചേട്ടോയ്..ഉണങ്ങിയ വാഴപ്പോള പൈസ പൊതിയും പോലെ ഒരു ഇരുവശത്തു നിന്നും അകത്തേയ്ക്ക് മടക്കി, മുകളും താഴ്ഭാഗവും അകത്തേയ്ക്കു മടക്കി ഒരു പൊതിയുണ്ട്. വാഴനൂൽ വച്ചു കെട്ടിയിരിക്കും. തുറക്കുമ്പോൾ ഉള്ളിൽ വാടിയ വട്ടത്താമരയില ഉണ്ടാകും. അതിനു നടുവിലായി പകുതി അഴുകിയ പരുവത്തിൽ തവിട്ട് നിറത്തോടെ നാരങ്ങയുടെ അല്ലികൾ! ഉപ്പും, മുളകുമരച്ച് ചേർത്ത അരപ്പിൽ പുരണ്ടിരിക്കും. നാരങ്ങയുടേയും വട്ടത്താമരയിലയുടേയും ചേർന്നുള്ളൊരു മണമുണ്ടാകും. അതിൽ നിന്ന് ഒരല്ലി എടുത്ത് നാവിലേക്ക് വയ്ക്കണം. നാവ് കൂടെ അലിഞ്ഞിറങ്ങുന്നത് പോലെ തോന്നും. ഓരോരോ കഷണങ്ങളായെടുത്ത് തിന്നു തീർന്നതിന് ശേഷം, വട്ടത്താമരയിലയിൽ നടുവിലായി നാരങ്ങയുടെ മുളകരച്ച അരപ്പ് ചുവന്ന നിറത്തിൽ മിച്ചമുണ്ടായിരിക്കും. അതിൽ പറ്റിയിരിക്കുന്ന നാരങ്ങയുടെ കുരുക്കൾ എടുത്തു മാറ്റി, ആ ഇല നാവിലേക്ക് വച്ച് നക്കിയെടുക്കണം. ഹൊ… “
പറഞ്ഞ് നിർത്തി നാവ് മുകളിൽ മുട്ടിച്ചൊരു ശബ്ദമവൾ ഉണ്ടാക്കി. വായിൽ നിറഞ്ഞു വന്ന ഉമിനീർ ഞാൻ അകത്തേക്കിറക്കി.
അന്നു മുതൽ നാരങ്ങപ്പൊതി അന്വേഷിച്ച് തുടങ്ങി. എല്ലാദിവസവും നിരാശയായിരുന്നു ഫലം. ഒരുദിവസം യാത്രയ്ക്കിടയിൽ ചെറിയൊരു പെട്ടിക്കട കണ്ടു. ഇവിടുണ്ടാകും. ഞാൻ തീർച്ചപ്പെടുത്തി.
ചെവിയിലെ മുടി നീണ്ടു വളർന്ന ഒരാളായിരുന്നു കടയിൽ…
“ചേട്ടാ നാരങ്ങപ്പൊതി ഉണ്ടോ?”
“നാരങ്ങപ്പൊതിയോ അതെന്തോന്ന് സാധനം?” എന്ന് കടക്കാരൻ.
ഞാൻ പറഞ്ഞു തുടങ്ങി…
“അത് ചേട്ടാ ഈ വട്ടതാമരയില ഇല്ലേ?അതിന് നടുവിലായി..അവസാനം നാവ് ആ ഇലയിലേക്ക് വച്ച് ഒന്ന് വടിച്ചെടുക്കണം.”
പറഞ്ഞു നിർത്തിയപ്പോൾ കടക്കാരൻ തൊണ്ടയിൽ നിന്നും എന്തോ താഴോട്ടിറക്കുന്നത് കണ്ടു.
“അനിയാ ഈ പറഞ്ഞ സാധനം ഇവിടില്ല. പിന്നെ നീ അന്വേഷിച്ച് കിട്ടുവാണേൽ എനിക്കൂടെ കൊണ്ടത്തരണേ.”
അവിടെന്നും സലാം പറഞ്ഞു മടങ്ങി…
വയറൊഴിയാൻ അവൾ ആശുപത്രിയിലാകും വരെ നാരങ്ങപ്പൊതി കിട്ടിയില്ല. അച്ഛനാകുന്ന നിമിഷത്തിനായി കാത്തു നിൽക്കുന്നുണ്ട് ഞാനും.
“നാരങ്ങപ്പൊതി വേണോ നല്ല കഞ്ഞിയും കൂട്ടി കുടിക്കാൻ നാരങ്ങപ്പൊതി.”
“ങേ!” ഞാനൊന്ന് ഞെട്ടി.
നോക്കിയപ്പോൾ ഒരു കൈ മാത്രമുള്ളൊരാൾ. ഒരു കൈ പകുതിയേയുള്ളു. അരക്കൈയ്യിലൊരു തുണിസഞ്ചി തൂക്കിയിട്ടിരിക്കുന്നു.
“നാരങ്ങപ്പൊതി വേണോ മോനെ?” അയാൾ അടുത്തെത്തി.
ഉണ്ടായിരുന്ന ചില്ലറ പൈസയ്ക്ക് രണ്ട്, മൂന്ന് നാരങ്ങപ്പൊതി വാങ്ങിച്ചു. ഉണങ്ങിയ വാഴപ്പോളയിലെ പൊതി വാഴനൂൽ കൊണ്ട് കെട്ടിയിരിക്കുന്നു. പൊതിയുടെ ഇടയിലുള്ള വിടവിലൂടെ വട്ടത്താമരയിലയുടെ പച്ചനിറവും കാണാം. ഞാനൊന്നു മണത്തു നോക്കി. വായിൽ വെള്ളം നിറഞ്ഞത് പോലെ!
രാത്രിയായിരുന്നു…സെക്യൂരിറ്റിയുടെ കാലുപിടിച്ച് ആശുപത്രിയ്ക്കകത്തു കയറിപ്പറ്റി. വരാന്തയിലെ നീളമുള്ള ബെഞ്ചിൽ നിറവയറുകളുമായി ചിലർ കാത്തിരിക്കുന്നു. ലേബർ റൂമിലേക്കുള്ളതിൻ്റെ പുറത്തുള്ള മുറിയിലെ വാതിൽ ഒരുപാളി തുറന്നിട്ടുണ്ട്. പച്ചക്കർട്ടൻ കൊണ്ട് മറഞ്ഞതിനാൽ അകവശം കാണാൻ വയ്യ. കാറ്റിൽ കർട്ടൻ ഇടയ്ക്കു മാറുന്നുണ്ട്. അൽപ്പസമയം ആ കർട്ടൻ മാറി നിന്നു. മുറിക്കുള്ളിൽ ഒരു കൈ നടുവിനും താങ്ങി, മറുകൈയ്യിൽ വയറും താങ്ങി നിൽക്കുന്ന അവൾ. വേഷമൊക്കെ മാറിയിരിക്കുന്നു. മങ്ങിയ നിറമുള്ളൊരു മുണ്ടും, മാറ് മറച്ച് പുറകിൽ കെട്ടി നിർത്തിയൊരു കുപ്പായവും.
അവൾ എന്നെ കണ്ടു, ഞാൻ അവളെയും. മുഖത്തൊരു ദയനീയ ഭാവമുണ്ടായിരുന്നു.
“എനിക്ക് വയ്യ ചേട്ടോയ്…” എന്നു പറയുന്നതു പോലെ. കൈകളിലിരുന്ന നാരങ്ങപ്പൊതി ഞാൻ ഉയർത്തിക്കാണിച്ചു. വേദന കലർന്ന മുഖത്തോടെ ദയനീയമായി അവൾ ചിരിച്ചു.
ഒന്നും പറയാതെ തല ഇരുവശത്തേയ്ക്കും ചലിപ്പിച്ചു. കാറ്റ് വന്ന് പച്ച കർട്ടൻ കൊണ്ട് ആ കാഴ്ച്ച മറച്ചു.
ഇന്നിപ്പൊ വർഷങ്ങൾ കഴിഞ്ഞു. ഇടയ്ക്കൊക്കെ ആവശ്യമില്ലാത്ത പരാതിയും പരിഭവങ്ങളുമായി മുഖവും വീർപ്പിച്ചിരിക്കാറുണ്ടവൾ. ആ മോന്തയ്ക്കിട്ട് ഒരു കുത്ത് വച്ചു കൊടുക്കാൻ തോന്നുമപ്പോൾ, അപ്പോഴൊക്കെ അന്നത്തെയാ പച്ചക്കർട്ടനു പുറകിലെ മുഖം, മനപ്പൂർവ്വം ഓർമ്മിച്ചെടുക്കും. അതുമതി, ചെറിയ ചെറിയ പരിഭവങ്ങൾ മറക്കാൻ.
~ജെ..