കരഞ്ഞു വീർത്ത കണ്പോളകൾ സാരിതുമ്പിൽ അമർത്തുമ്പോഴും ഞാൻ നന്ദന്റെ ശബ്ദത്തിനായി കാതുകൂർപ്പിച്ചിരുന്നു….

പിണക്കം

എഴുത്ത്: ലച്ചൂട്ടി ലച്ചു

=================

“അച്ഛനോട് ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ് ഇവളുടെ പിള്ളകളിയ്ക്കും കൊഞ്ചലിനുമൊന്നും ചുക്കാൻ പിടിയ്ക്കരുതെന്ന്….എന്നിട്ടിപ്പോഴെന്തായി…? താലി കെട്ടി പടിയിറങ്ങിയിട്ടു നാലു തികഞ്ഞില്ല അതിനു മുൻപേ തിരിച്ചു പടികയറിയിരിക്കുന്നു …..”

ഏട്ടന്റെ വാക്കുകൾ എന്റെ കണ്ണീരടർത്താൻ പോന്നതു മാത്രമായിരുന്നില്ല… അച്ഛൻ ശിരസ്സ് കുനിച്ചിരിക്കുന്നു ആദ്യമായി…

മുഖത്തു ചേർത്തുവച്ച മുഷ്ടിയിലെ രോമങ്ങൾക്കിടയിലൂടെ കണ്ണീരൊലിക്കുന്നുണ്ട്….

“കടിശ്ശിക്കുട്ടി ഒറ്റ പെണ്മണി എന്നൊക്കെ വിളിച്ചു തലയിലിരുത്തി…. ഇപ്പോഴാ തലയിൽ തന്നെ അവൾ ശരശയ്യയൊരുക്കി ….”

ഏട്ടത്തിമാരുടെ അടുക്കള രഹസ്യങ്ങളെപ്പോഴോ എന്റെ കാതിൽ ചൊരിഞ്ഞു വീണതാണ് ….എപ്പോഴാണ് ഇവർക്കെല്ലാം ഞാൻ അന്യയായി മാറിയത്…!!

“പോകുന്ന വഴിയങ്ങു പൊയ്ക്കളയരുതെ കുഞ്ഞോളെ…. രണ്ടു ദിവസം കാണാതിരുന്നാൽ തൊണ്ടെന്നു ഒരു പിടിയിറങ്ങില്ല ഏട്ടന്മാർക്ക്…”

കുടിവയ്പ്പിനിറങ്ങവെ കെട്ടിപ്പിടിച്ചുകൊണ്ടു രണ്ടു ഏട്ടന്മാരും പറയുമ്പോൾ നന്ദന്റെ മുൻപിൽ അവരെ ഇറുകെ പിടിച്ചുകൊണ്ടു പറയാതെ പറഞ്ഞിരുന്നു നിങ്ങളില്ലെങ്കിലും എന്റെ ശ്വാസം നിലയ്ക്കും വരെ അതു കാക്കാൻ എന്റെ കൂടപ്പിറപ്പുകളുണ്ടാവുമെന്ന്…..

ഏട്ടന്മാരുടെ വിവാഹ ശേഷം മാത്രം മതിയെന്റേതെന്നു നിർബന്ധമായിരുന്നു എനിക്ക്….അത്രയും നാള് കൂടി അച്ഛനും ഏട്ടന്മാർക്കും ഏട്ടത്തിമാർക്കും ഒപ്പം ജീവിയ്ക്കാനുള്ള കൊതി തന്നെയായിരുന്നു അതിനു പിന്നിൽ ….

പൊതിഞ്ഞു പിടിച്ചിരുന്ന കൈകൾ തന്നെ താഴെ വീഴ്ത്തുകയാണ് …!!

“പോസ്റ്റോഫീസിലെ ഓരോ സ്റ്റാഫ് വരെ അറിഞ്ഞിരിക്കുന്നു നാലു കഴിഞ്ഞു തിരിച്ചു കെട്ടിക്കയറി വന്ന പെങ്ങൾ നാല്പതായിട്ടും പോണില്ലല്ലോ എന്നാണ് ചോദ്യം ഉടലുരിഞ്ഞു പോയി എന്റെ…. !!”

ചെറിയേട്ടൻ കോപത്തോടെ അച്ഛനെയും എന്റെ മുറിയിലേക്ക് കേൾക്കാൻ പാകത്തിൽ ശബ്ദമുയർത്തിയും എന്തൊക്കെയോ പറയുന്നുണ്ട് …

“വീട്ടിൽ നിന്നും ഓരോന്നു ചോദിച്ചു വിളിച്ചു തുടങ്ങി… കാര്യം എന്താന്നു വച്ചാൽ അവള് തുറന്നു പറയേമില്ല…. നന്ദൻ വിളിച്ചാലോട്ടു ഫോൺ എടുക്കേമില്ല ….ഒന്നുകിൽ എല്ലാം പറഞ്ഞു ഒത്തുതീർപ്പാക്കണം അല്ലെങ്കിൽ ബന്ധം പിരിയണം ….”

അത്രയും നാൾ മുട്ടിയുരുമ്മി ഇളയ നാത്തൂനോട് പ്രകടിപ്പിച്ച ഏട്ടത്തിമാരുടെ സ്നേഹത്തിന്റെ മറ്റൊരു മുഖം വ്യക്തമാകുകയായിരുന്നു …

ഉയർന്നുവന്ന തേങ്ങൽ കടിച്ചമർത്തിക്കൊണ്ടു ഫോൺ ചെവിയോടടുപ്പിച്ചപ്പോഴേക്കും മറുതലയ്ക്കൽ നിന്നുള്ള സ്വരം ഒരു തണുപ്പായി കാതിൽ അരിച്ചിറങ്ങിയിരുന്നു….

” ഞാൻ വരട്ടെ വിളിയ്ക്കാൻ ….തലയിണയും കെട്ടിപ്പിടിച്ചുറങ്ങി മടുത്തു തുടങ്ങിയെടോ ….”

” കണ്ണടച്ചു തുറക്കുന്നതിന് മുൻപേ എത്താൻ പറ്റുമോ നന്ദന് …. “

വാക്കുകളെ പൂർത്തിയാക്കാൻ തേങ്ങൽ അനുവദിച്ചിരുന്നില്ല…എന്തുപറ്റിയെന്നു മറുചോദ്യം വരുന്നതിനു മുൻപേ ഫോൺ ഞാൻ ബെഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു ….

അകതളത്തിൽ ഇപ്പോഴും ക്രോസുവിസ്താരം അവസാനിച്ചിരുന്നില്ല …

“അപ്പോഴെങ്ങനെയാ കാര്യങ്ങൾ വക്കീലിനെ വിളിക്കയല്ലേ … ?”

ഇളയ ഏട്ടത്തിയ്ക്കായിരുന്നു ധൃതി….ആങ്ങളമാർക്കു കുഞ്ഞുപെങ്ങളോടുള്ള വാത്സല്യം ഒഴുക്കി കളയുന്നതിൽ ഏട്ടത്തിമാർക്കുള്ള പങ്ക് വലുതായിരുന്നുവെന്നു മനസ്സിലാക്കി വരുന്നതെയുണ്ടായിരുന്നുള്ളൂ…

“എന്തിനാ വക്കീലിനെ വിളിയ്ക്കുന്നത് വീട് ഭാഗം ചെയ്യുന്നുണ്ടോ അച്ഛാ…?”

പുറത്തു നിന്നു അകത്തേയ്ക്ക് നടന്നടുത്ത കാലടിയും സ്വരവും കേട്ടപ്പോഴേ അഴിഞ്ഞുലഞ്ഞ മുടിയിഴകൾ കൈകൊണ്ടു ഞാൻ മാടികോതിയിരുന്നു ….

കരഞ്ഞു വീർത്ത കണ്പോളകൾ സാരിതുമ്പിൽ അമർത്തുമ്പോഴും ഞാൻ നന്ദന്റെ ശബ്ദത്തിനായി കാതുകൂർപ്പിച്ചിരുന്നു …..

അതുവരെ ഉണർന്നിരുന്ന ശബ്ദനാഡികളെല്ലാം പതിയെ അണഞ്ഞിരുന്നു …

“നന്ദ ….പാതിവഴിയിൽ ഉപേക്ഷിയ്ക്കാനല്ല എന്റെ മോളെ ഞാൻ നിനക്ക് നൽകിയത്… ഇന്നീ കൂടപ്പിറപ്പുകളുടെയും ഏട്ടതിമാരുടെയും കുറ്റപ്പെടുത്തലുകൾ കേട്ടു അകത്തുരുകുകയാണ് എന്റെ കുട്ടി…”

അച്ഛൻ കരയുന്നുണ്ടായിരുന്നു ….

“നന്ദനും അവളും കൂടി വല്ലാത്തൊരു നാണക്കേട് തന്നെയാണ് ഞങ്ങൾക്ക് വരുത്തിവച്ചത് ….

താലിയൊഴിഞ്ഞു വന്ന പെങ്ങളുടെ സഹോദരന്മാർക്ക് ഭാര്യവീട്ടിലും ഉദ്യോഗം ചെയ്യുന്നിടത്തും ഏൽക്കേണ്ടി വരുന്ന ചില ചോദ്യങ്ങളുണ്ട്… അതാണ് ഞങ്ങളിപ്പോൾ സഹിക്കുന്നത്… “

ഓരോത്തരും മറുപടിയ്ക്കിടയുണ്ടാക്കാതെ നന്ദനെയും തന്നെയും പ്രതിക്കൂട്ടിലേറ്റുന്നത് ഞാൻ സങ്കോചത്തോടെ നോക്കിനിന്നു ….

“എല്ലാവരോടുമുള്ള മറുപടി തരുന്നതിന്‌ മുൻപ് ഞാൻ ഇവിടെ മറക്കാതെ തന്നെ വിട്ടിട്ടു പോയിരുന്ന ഒന്നുണ്ട് ….അയാളെയൊന്നു നോക്കട്ടെ…”

പുഞ്ചിരിയോടെ അത്രയും പറഞ്ഞുകൊണ്ട് നന്ദൻ മുറിയിലേക്ക് വരുന്നതിനു മുൻപേ ഞാൻ ആ കയ്യിലേക്ക് വീണിരുന്നു …..

കരച്ചിലും വിയർപ്പും തങ്ങിയ എന്റെ മുഖത്തെ ഉപ്പുരസം ചുണ്ടുകൾ കൊണ്ടൊപ്പിയെടുക്കവേ നന്ദൻ എന്നെ ചേർത്തുപിടിച്ചിരുന്നു …

“ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ അരുതാത്തതായ് ഇവളുടെ വായ് ചലിച്ചപ്പോൾ എന്റെ കൈയൊന്നുയർന്നു…..അപ്പോൾ ഇവൾ പറഞ്ഞൊരു വാക്കുണ്ട് എന്റെ ഏട്ടന്മാരുള്ളിടത്തോളം നന്ദനെ എനിയ്ക്ക് വേണ്ടായെന്നു….

ഹുങ്കോടെ എന്റെ മുൻപിൽ നിന്നുമിറങ്ങിപ്പോയപ്പോൾ സത്യമായും അവളുടെ ഭാഗ്യത്തെ ഓർത്തു ഞാൻ അസൂയപ്പെട്ടിരുന്നു …..

ഒരർഥത്തിൽ ഈ ഏട്ടന്മാരെയും ഏട്ടതിമാരെയുമൊക്കെ ദിവസത്തിൽ ഒരായിരം വട്ടമെങ്കിൽ ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിൽ പോലും ഇവൾ തിരുകികേറ്റാൻ ശ്രമിക്കുമ്പോൾ ദേഷ്യം പോലും തോന്നിയിരുന്നു …..

പിരിഞ്ഞ വിഷമം എനിയ്ക്കുണ്ടെങ്കിലും നിങ്ങളുടെ അടുത്താണല്ലോ എന്ന ആശ്വാസം വലുതായിരുന്നു…

പക്ഷെ ഈ കഴിഞ്ഞ ദിവസങ്ങളിലൊന്നും ഞാൻ പലവുരു വിളിച്ചിട്ടും പ്രതികരിക്കാത്തവൾ എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടു കൂട്ടിക്കൊണ്ടുപോകാൻ കരഞ്ഞുപറഞ്ഞുവെങ്കിൽ എൻറെയും അവളുടെയും ഒത്തിരി ധാരണകൾ തെറ്റായിരുന്നു അല്ലെ അച്ഛാ……!”

കരഞ്ഞു തോർന്ന എന്റെ കണ്ണുകളും എന്നെ ചേർത്തുപിടിച്ചു നന്ദന്റെ കൈകളും കണ്ണു നിറയെ കണ്ടുകൊണ്ടു അച്ഛൻ വിഷാദത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു….

“എന്നാലും നന്ദാ എന്റെ ഏട്ടന്മാർക്ക് ഞാൻ എങ്ങനെയാണ് ആരുമല്ലാത്തവളായി മാറിയത്… ?”

എന്റെ വിതുമ്പൽ നന്ദന്റെ നെഞ്ചിലുറഞ്ഞു…

“വളരെ ചിലരങ്ങനയാടോ… പല ബന്ധങ്ങൾക്കും കാലം പരിധി നൽകിയിട്ടുണ്ട് ….പക്ഷെ ആ പരിധി ഒരേ ജീവിതം പങ്കിടുന്ന രണ്ടുപേർക്ക് ബാധകമല്ലെന്നു മാത്രം …

കൂടപ്പിറപ്പുകൾ പുതിയ ജീവിതത്തിലേക്ക് പോകും….അച്ഛനമമ്മർക്ക് നമ്മളെപ്പോഴും പ്രിയപ്പെട്ടതാവും പക്ഷെ അവർക്കും നിന്റെയോ എന്റേയോ ജീവിതത്തിലുടനീളം കൂട്ടാവൻ സാധ്യമല്ല….

നാളെ നമ്മുടെ മക്കളും നമ്മളൊരുക്കിയ കൂടു വിട്ടകലും … അതങ്ങനെ തന്നെയാണ്….!!”

തോളിൽ തട്ടിയാശ്വസിപ്പിച്ചുകൊണ്ടു നന്ദൻ പറഞ്ഞുകൊണ്ടേയിരുന്നു….

” വിവാഹം കഴിപ്പിച്ചു വിട്ടാൽ ഭാരമൊഴിപ്പിച്ചുവെന്നു കരുതുന്ന വീട്ടുകരെക്കാൾ ഒരർഥത്തിൽ ഭേദം രണ്ടു തല്ലുകിട്ടിയാലും നിന്നോട് സ്നേഹം മാത്രം നെഞ്ചിലുള്ള ഈ ഞാൻ അല്ലെ പെണ്ണേ … നീ ചെയ്ത തെറ്റ് ഞാനും ആവർത്തിച്ചാൽ നിനക്ക് എന്നെയും തല്ലാൻ അവകാശമുണ്ടല്ലോടി…. !!”

തിരികെയുള്ള യാത്രയിൽ കരഞ്ഞു വറ്റിയ കവിളുകളിൽ ചുവപ്പ് പടരും മുൻപേ നന്ദൻ എന്റെ സ്വരങ്ങളെ അധരങ്ങൾ കൊണ്ടു വിലങ്ങിട്ടിരുന്നു…..