Story written by Neethu Parameswar
=================
“രാജീവ് എനിക്കല്പം സംസാരിക്കണം.” പുതച്ചിച്ചിരുന്ന ബ്ളാക്കറ്റ് അൽപ്പം താഴേക്ക് മാറ്റികൊണ്ട് രാജീവിന് അഭിമുഖമായി കിടന്ന് ഭദ്ര പറഞ്ഞു…
അപ്പോഴും രാജീവിന്റെ ശ്രദ്ധ മുഴുവൻ ഫോണിലേക്കായിരുന്നു…
രാജീവ്…ഭദ്ര വീണ്ടും അവനെ തട്ടി വിളിച്ചു..
ഭദ്ര നിനക്കെന്താണ്…എന്തായാലും എനിക്കുറക്കം വരുന്നു..നാളെ സംസാരിക്കാം…ഫോൺ കയ്യെത്തിച്ച് മേശമേൽ വച്ചുകൊണ്ട് രാജീവ് ഉറക്കത്തിലേക്ക് വഴുതി വീണു…
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…പിന്നെയെപ്പോഴോ അവളെയും നിദ്രാദേവി കടാക്ഷിച്ചു…
ഓഫീസിലേക്ക് പോവാനുള്ള തിരക്കിലാണ് രാജീവ്…ഭദ്ര ഒരു കപ്പ് ചായയുമായി അവിടേക്ക് കടന്നു ചെന്നു..
രാജീവ്…നമുക്ക് പിരിയാം..ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ അതല്ലേ നല്ലത്..ഭദ്രയത് പറയുമ്പോൾ ആ വാക്കുകളെ രാജീവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഭദ്ര..നീയിത് വെറുതെ പറയുന്നതല്ലേ…ഇങ്ങനെയൊക്കെയാണോ കളി പറയുന്നത്..ഷർട്ടിലെ ബട്ടൻസ് ഓരോന്നായി ഇടുന്നതിനടയിൽ രാജീവ് അലസമായി പറഞ്ഞു…
അല്ല രാജീവ് ഞാനിത് വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്…എനിക്കിവിടെ മടുത്തു കഴിഞ്ഞു…വർഷങ്ങൾക്ക് മുമ്പുള്ള സിനിമകളിലെ നായികയെ പോലെ ജീവിതം വെറുതെ ഹോമിച്ചുകളയാൻ എനിക്ക് താൽപ്പര്യമില്ല..ജീവിതം ഒന്നേയുള്ളൂ..അതെനിക്ക് എന്റെ ഇഷ്ടത്തിന് തന്നെ ജീവിച്ച് തീർക്കണം…
നിനക്ക് എന്തിന്റെ കുറവാടീ ഇവിടെയുള്ളത്…എല്ലാ സൗകര്യങ്ങളും ഇവിടെയില്ലേ…നീ പറയുന്നതെന്തും വാങ്ങാനുള്ള ക്യാഷ് ഞാൻ തരുന്നില്ലേ…ആ കുഗ്രാമത്തിൽ ജനിച്ചു വളർന്ന രവിയുടെ മകൾ ഭദ്രയാണോ നീയിപ്പോൾ…ഇതൊക്കെ അഹങ്കാരം തലക്ക് പിടിച്ചിട്ടുള്ള കുഴപ്പമാണ്….
രാജീവ് ഒരു ഭർത്താവിന്റെ ഉത്തരവാദിത്വമെന്നാൽ വസ്ത്രവും ഭക്ഷണവും വാങ്ങി തരുന്നതാണോ…രാജീവ് ഇപ്പോൾ പറഞ്ഞില്ലേ ഒരു കുഗ്രാമത്തിലെ പെണ്ണായിരുന്നു ഞാനെന്ന്..പക്ഷെ എനിക്കിഷ്ടം ആ ഗ്രാമമായിരുന്നു..അവിടെ ഞാൻ ജീവിക്കുകയായിരുന്നു…ഇവിടെയെന്റെ ശരീരം മാത്രമേയുള്ളൂ…എനിക്കിഷ്ടമുള്ളൊരു ഭദ്രയെ എനിക്കവിടെ ഉപേക്ഷിക്കേണ്ടി വന്നു…
നിന്റെ ആവശ്യമില്ലാത്ത വാദങ്ങൾ കേട്ടുനിൽക്കാൻ എനിക്കിപ്പോൾ സമയമില്ല…ഓഫീസിൽ നിന്ന് വന്നിട്ട് സംസാരിക്കാം…കുറച്ച് ചായ കുടിച്ചെന്ന് വരുത്തി കപ്പ് ഭദ്രയെ തിരികെയേൽപ്പിച്ച് അവൻ കാറിനരികിലേക്ക് നടന്നു…
അവൾ കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്നു… “ഭദ്ര… ” അവൾ സ്വയം പറഞ്ഞു…
ഒരു കൊച്ചു ഗ്രാമത്തിലെ രവിയുടെ മകൾ ഭദ്ര…നീ എപ്പോഴേ മരിച്ചുപോയി പെണ്ണേ..!!
വണ്ടികളുടെ ശബ്ദവും തിരക്കും നിറഞ്ഞ നഗരത്തിലെ ഭദ്ര രാജീവ് ആണ് താനിപ്പോൾ…ആരുടെയോ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കുന്നവൾ…വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്ക് പോവാൻ മറ്റുള്ളവരുടെ സമ്മതത്തിന് വേണ്ടി കാത്തുനിൽക്കുന്നവൾ…സ്വന്തം വീട്ടിൽ പോകാൻ ഭർത്താവിന്റെയും വീട്ടുകാരുടെയും അനുവാദത്തിനു വേണ്ടി കെഞ്ചുന്നവൾ..സ്വന്തം വ്യക്തിത്വം മറന്നുപോയവൾ…
ചുണ്ടിൽ നിറഞ്ഞ ചായങ്ങൾ അവൾ തുടച്ചു നീക്കി…ഇഷ്ടമില്ലെങ്കിൽ എന്തിനാണ് നീയിത് ഇടുന്നത് അവളുടെ മനസ്സ് മന്ത്രിച്ചു…രാജീവിന് ഇങ്ങനെയാണ് ഇഷ്ടം…ഭാര്യ അൽപ്പം മോഡേൺ ആയിരിക്കണമത്രേ…അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു…
ഭദ്ര നീയിനിയെങ്കിലും നിനക്ക് വേണ്ടി ജീവിക്കൂ…കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തെ നോക്കി ചുണ്ടുകൾ മന്ത്രിച്ചു…
**********************
രാജീവ് ഞാൻ പോകുന്നു…ഒരുക്കി വച്ച ബാഗുമായി ഭദ്ര പടിയിറങ്ങുകയാണ്…
“ഭദ്ര…” അവന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി…
നീയപ്പോൾ രാവിലെ കാര്യമായാണോ പറഞ്ഞത്..നീയിത് ശരിക്കും ആലോചിച്ചെടുത്ത തീരുമാണോ…
അതേ രാജീവ്…കുറച്ചു നാളായി ആലോചിക്കുന്ന കാര്യത്തിന് ഇന്നാണ് ഉത്തരം കിട്ടിയത്..
നീയവിടെ ചെന്ന് കേറിയാൽ നിന്റെ വീട്ടുകാർ പോലും നിന്നോടൊപ്പം നിൽക്കുമെന്ന് തോന്നുന്നുണ്ടോ…അവന്റെ വാക്കുകളിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു…
എനിക്കറിയില്ല…മറ്റുള്ളവരുടെ മുമ്പിൽ നീയൊരു നല്ല ഭർത്താവാണല്ലോ….ഒരു ദുശീലങ്ങളുമില്ലാത്ത നല്ലൊരാൾ..കുടുംബം നന്നായി നോക്കുന്നവൻ…എങ്കിലും ഇനിയിവിടെ നിന്നാൽ എനിക്ക് പ്രാന്ത് പിടിക്കും…ഞാൻ പോകുന്നു….
എങ്കിൽ വരൂ ഞാൻ കൊണ്ട് ചെന്നാക്കാം…കുറേ നാളുകൾക്കു ശേഷം വീണ്ടും അവർ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ഇരുവർക്കുമിടയിൽ മൗനം തളം കെട്ടിനിന്നു..
*******************
അങ്ങകലെ അവൾ കടലിനെ നോക്കിയിരുന്നു…അലയടിച്ചുയരുന്ന തിരമാലകളെക്കാളും വേഗതയുണ്ടായിരുന്നു അപ്പോൾ അവളുടെ ചിന്തകൾക്ക്…
കുറച്ച് നേരത്തെ അവരുടെ മൗനത്തെ ബേദിച്ചു കൊണ്ട് അവൾ പറയാൻ തുടങ്ങി…എത്ര നാളായെന്നറിയുമോ രാജീവ് ഞാനൊന്ന് പുറത്തിറങ്ങിയിട്ട്…
ഞാനതൊന്നും ഓർത്തുവയ്ക്കുന്നില്ല…ആവശ്യമുള്ള കാര്യങ്ങൾ തന്നെയെനിക്ക് ഓർക്കാൻ സമയമില്ല…നിനക്കറിഞ്ഞൂടെ എന്റെ തിരക്ക്…നമുക്ക് വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെടുന്നത്…
ആർക്കുവേണ്ടി…എനിക്ക് വേണ്ടിയോ…എത്ര നാളായി ഞാനൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടെന്ന് നിങ്ങൾക്കറിയാമോ…
എന്തിന്റെ കുറവാണ് നിനക്കവിടെ നീ പറയ്…ഫോൺ എടുത്ത് സ്വിച്ച് ഓഫ് ആക്കി അവൻ അവളെ കേൾക്കാനിരുന്നു…
അവൾ അകലേക്ക് കൈ ചൂണ്ടി..അവിടെ രണ്ട് വൃദ്ധ ദമ്പതികൾ കൈകോർത്ത് കടൽ കരയിലൂടെ നടക്കുന്നുണ്ടായിരുന്നു…അവരുടെ കണ്ണുകളിൽ പ്രണയം വറ്റാതെ തെളിഞ്ഞു നിന്നു…
ദേ അവരെ പോലെ എനിക്കും നിന്നോടൊപ്പം നടക്കണം…
വല്ലപ്പോഴും നിന്റെ കൈയിൽ നിന്നു കിട്ടുന്ന കുഞ്ഞു സർപ്രൈസ് ഗിഫ്റ്റിനെ ഞാനെത്ര മോഹിച്ചിട്ടുണ്ടെന്ന് അറിയാമോ…അടുക്കളയിൽ തിരക്കിട്ട ജോലികളിൽ ഞാൻ മുഴുകുമ്പോൾ പിന്നിലൂടെ വന്ന് ചേർത്ത് പിടിക്കുന്ന നിന്റെ കൈകളെ ഞാനെത്ര സ്വപ്നം കണ്ടിരിക്കുന്നു..
രാത്രിയിൽ നിന്നോടൊപ്പം ബൈക്കിലെ യാത്രകൾ എന്നുമെന്റെ മോഹമായിരുന്നു രാജീവ്…നിങ്ങൾക്കൊന്നും വലിയ നഷ്ടം വരാത്ത കുഞ്ഞുകുഞ്ഞു മോഹങ്ങളെ ഞങ്ങൾ പെണ്ണുങ്ങൾക്കുള്ളൂ…അതൊക്കെ നിങ്ങൾക്ക് നിസ്സാരമായി തോന്നാം..പക്ഷെ ഞങ്ങൾക്കത് എത്ര സന്തോഷം നൽകുമെന്ന് അറിയുമോ..ഇപ്പോൾ നിന്റെ എല്ലാ തിരക്കുകളും ഉപേക്ഷിച്ച് കുറച്ച് നേരമെങ്കിലും നീയെന്നെ കേൾക്കാൻ ഇരുന്നില്ലേ അതുപോലെ…
നീ ജോലിക്ക് പോയി കഴിഞ്ഞാൽ ആ നാല് ചുവരുകൾക്കുള്ളിൽ വീർപ്പ് മുട്ടുകയായിരുന്നു ഞാൻ….
അപ്പോൾ ഞാനൊരു പൂർണ്ണ പരാജയം ആയിരുന്നല്ലേ…ഇത്രനാളത്തെ എന്റെ ചിന്തകളൊക്കെ തെറ്റായിരുന്നല്ലേ…നീയൊന്നും പറഞ്ഞില്ലല്ലോ…ഞാൻ കരുതിയിരുന്നത് ഈ ലോകത്തെ ഉത്തമനായ ഭർത്താവ് ഞാനെന്നായിരുന്നു…
അവനത് പറയുമ്പോൾ ഭദ്രക്ക് ചിരിയാണ് വന്നത്…
നീ എപ്പോഴെങ്കിലും എന്നെ സമാധാനമായി കേട്ടിട്ടുണ്ടോ..എപ്പോഴും തിരക്ക്..വന്നു കഴിഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോഴും ബാത്ത്റൂമിലും എന്തിനേറെ പറയുന്നു ബെഡ് റൂമിൽ വരെ ഫോൺ..പിന്നെയെങ്ങനെയാണ് ഞാൻ നിന്നോടിത് പറയുന്നേ..നിന്നെപ്പോലെ കുറെ ഭർത്താകന്മാരുണ്ട് രാജീവ് കുറെ പൈസ ഭാര്യക്ക് വേണ്ടി ചിലവാക്കിയാൽ എല്ലാം തികഞ്ഞെന്ന് കരുതുന്നവർ…അവരോടെനിക്ക് പുച്ഛമാണ് തോന്നുന്നത്…
ഭദ്ര അത് പറഞ്ഞു കഴിയുമ്പോഴേക്കും രാജീവിന്റെ കൈകൾ അവളുടെ കൈകളിൽ ചേർന്നിരുന്നു…അവളെ അവൻ ചേർത്ത് പിടിച്ചു…
********************
വയലിന് നടുവിലൂടെ രാജീവും ഭദ്രയും അമ്പലത്തിലേക്ക് നടന്നു നീങ്ങുമ്പോൾ അവൾക്ക് ആ പഴയ ഭദ്രയെ തിരിച്ചു കിട്ടിയിരുന്നു…
ഭദ്ര ഞാൻ രണ്ടു ദിവസം കൂടെ ലീവ് നീട്ടി…കുറെ നാളുകൾക്ക് ശേഷം നിന്റെ വീട്ടിലേക്ക് വന്നതല്ലേ…രണ്ടു ദിവസം കൂടി നമ്മുടെ അച്ഛനോടും അമ്മയോടുമൊപ്പം…
അത് കേട്ടപ്പോഴുള്ള ഭദ്രയുടെ പുഞ്ചിരിക്ക് അവൻ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വശ്യതയുണ്ടായിരുന്നു…
~NeethuParameswar