Story written by Sumayya Beegum T A
===============
ഇന്ന് സൂപ്പർ ആയിട്ടുണ്ടല്ലോ?
പോടാ.ഉച്ചയ്ക്ക് സുധേടെ അനിയത്തിയുടെ കല്യാണത്തിന് പോകണ്ടേ അതുകൊണ്ട് മാത്രമാണ് രാവിലെ ഈ സാരിയുടുക്കൽ പരാക്രമം നടത്തിയത്.
മഞ്ഞ നിറമുള്ള ഭാരം കുറഞ്ഞ സാരിയിൽ പൊന്മാൻ നീല ബോർഡർ കൂടിയായപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. സാരിക്ക് എത്ര ഭംഗിയുണ്ടെങ്കിലും ഉടുത്തത് ഞാൻ അല്ലെ എന്നോർത്തപ്പോൾ അറിയാതെ ആശയുടെ ചുണ്ടിലൊരു ചിരി വന്നു മാഞ്ഞു.
ഷോപ്പിലെ കണ്ണാടിയിലെ രൂപത്തിന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നി പ്രായം ചെല്ലുതോറും ശരീരവും ആത്മാവും രണ്ടായി വേര്പിരിയുന്ന പോലൊരു അകലം.
ഗോഡൗണിലെ സാധനങ്ങൾ ഓരോന്നായി എടുത്തു സ്റ്റോക് തീർന്നതിനനുസരിച്ചു ഷോപ്പിൽ അടുക്കി വെക്കുമ്പോഴാണ് റിയാസ് വന്നതും കണ്ടപ്പോൾ തന്നെ കളിയാക്കിയതും.
നീ കൂടുതൽ ചിരിക്കേണ്ട.ആട്ടെ ഇന്ന് നിന്റെ കല്യാണം ആണോ മുണ്ടൊക്കെ ഉടുത്തു നീയും കല്യാണചെക്കൻ പോലുണ്ടല്ലോ?
വേണേൽ കല്യാണം നടത്താം ഞാൻ കെട്ടട്ടെ എനിക്ക് ഈ പെണ്ണ് മതി.അവളെ ചൂണ്ടി റിയാസ് പറഞ്ഞു.
പെട്ടന്ന് ഒരു നിമിഷം എന്താണ് തിരിച്ചു പറയേണ്ടതെന്നു പോലും കിട്ടിയില്ല. ഞെട്ടിപ്പോയി പക്ഷേ ആ വെപ്രാളം മുഖത്ത് കാണിക്കാതെ ചോദിച്ചു.
കഴിഞ്ഞ ദിവസം നിനക്ക് ഇവിടൊരു ബ്രോക്കർ കൊണ്ടുവന്ന ആലോചന നല്ലതായിരുന്നല്ലോ ആ കൊച്ചിനെ പോയി കണ്ടോ?
ഇല്ല. റിയാസ് ഈർഷ്യയോടെ മുഖം തിരിച്ചു.
എന്താണ് പോകാത്തതിന് കാരണം.
എനിക്ക് കല്യാണം വേണ്ട.
അതെന്തു കൊണ്ടാണെന്നാണ് ഞാൻ ചോദിച്ചത്.
എനിക്ക് ആ പെണ്ണിനെ ഇഷ്ടം ഇല്ലാത്തതുകൊണ്ട്.
എങ്കിൽ വേറെ നോക്കണം.
അവളെയും എനിക്ക് ഇഷ്ടപ്പെടില്ല.
പിന്നെ നിനക്കായിട്ട് ഒരെണ്ണം ഈശ്വരൻ ഇനി ഉണ്ടാക്കണോ?
എനിക്ക് നിങ്ങളെ മതി. നടക്കുമോ?
ചെക്കാ കുറേനേരമായി നീ ചൊറിയുന്നു. എന്റെ വായിലിരിക്കുന്നത് മൊത്തം കേട്ടിട്ടേ നീ നിർത്തുകയുള്ളോ?
നിങ്ങൾക്ക് അറിയാം എന്റെ മനസ്സ് പക്ഷേ സമ്മതിച്ചു തരില്ല നിങ്ങൾക്ക് പേടിയാണ് വീട്ടുകാരെ സമൂഹത്തെ അതുകൊണ്ട് നിങ്ങൾ എന്നെ ഒരിക്കൽ പോലും പരിഗണിക്കില്ല.
നിനക്ക് ഭ്രാന്ത് ആണ്. നീ എന്ത് കണ്ടിട്ടാണ് എന്റെ പുറകെ നടക്കുന്നത് ഇങ്ങനെയൊക്കെ പറയാൻ തന്നെ നിനക്കെങ്ങനെ ധൈര്യം വന്നു റിയാസ്.
ഞാൻ ആരാണ്. ഒരു ഭാര്യ ആണ് രണ്ടു കുഞ്ഞുങ്ങടെ അമ്മയാണ് ആ എന്നെ തന്നെ നിനക്ക് വേണം ഇല്ലേ?
വേണം എന്ന് പറഞ്ഞില്ലല്ലോ നിങ്ങൾ ആയിട്ട് പറയിപ്പിച്ചതല്ലേ എനിക്ക് ആരെയും വേണ്ട കല്യാണ കാര്യം പറഞ്ഞോണ്ട് എന്റെ അടുത്ത് വരാതിരുന്നാൽ മതി ഞാനും അങ്ങോട്ട് ഒന്നും പറയില്ല. എന്നും ഇങ്ങനെ കാണാല്ലോ അത്രയും തന്നെ ധാരാളം.
ഇരു നിറത്തിൽ ആവശ്യത്തിന് വണ്ണവും പൊക്കവും അഴകുള്ള മീശയും ഒക്കെയായി കൊള്ളാവുന്നൊരു ചെറുപ്പക്കാരനാണ് റിയാസ്. ഇരുപത്താറു വയസ്സ് പ്രായം കാണും.
മൂന്ന് കൊല്ലം മുമ്പ് ആദ്യായിട്ട് ഈ സൂപ്പർ മാർക്കറ്റിൽ അവൻ ജോലിക്കായി വന്നപ്പോൾ എല്ലാം പറഞ്ഞു കൊടുത്തതും സംശയങ്ങൾ തിരുത്തിയതും ഞാനാണ്.കുഞ്ഞിലേ അമ്മ മരിച്ചുപോയി. അമ്മയുടെ ആണ്ടു തികയും മുമ്പ് വാപ്പ വേറെകെട്ടി. അമ്മയുടെ വീട്ടുകാരുടെ സഹായത്തോടെ പത്തുവരെ ഏതോ യത്തീംഖാനയിൽ നിന്ന് പഠിച്ചു. പിന്നെ പല പല കടകളിൽ ജോലി ചെയ്തു ഇവിടെത്തി.
രാത്രി കിടക്കാൻ ഒരിടം എന്നതിനപ്പുറം വീടുമായി ബന്ധമില്ലാത്ത അവനു കൂട്ടുകാരും നാട്ടിൽ കുറവായിരുന്നു. അതുകൊണ്ടൊക്കെ തന്നെ എന്നിലൊരു സൗഹൃദം അവനായി ഉണ്ടാക്കിയെടുത്തപ്പോൾ എതിർത്തില്ല.
കൊച്ചുപിള്ളേരുടെ നിഷ്കളങ്കത അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും കാണുമ്പോൾ അവനോട് അകലമിടാനും മറന്നു. എങ്കിലും അനാവശ്യമായ യാതൊരു സംസാരമോ പ്രവൃത്തിയോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലായിരുന്നു കഴിഞ്ഞദിവസം ബ്രോക്കർ വരുന്നത് വരെ..
പക്ഷേ അന്നവൻ പോകാൻ നേരം എന്റെ അടുത്ത് വന്നിരുന്നു അവനെപ്പറ്റി അവന്റെ ഒറ്റപെടലുകളെ പറ്റി ഒക്കെ ഒരുപാടു സംസാരിച്ചു. അവനോരോന്നും കണ്ഠം ഇടറിപറയുമ്പോൾ എന്റേം കണ്ണ് നിറഞ്ഞു.
അവസാനം എനിക്ക് നിങ്ങളെ പോലൊരാളെ മതി എന്നുപറഞ്ഞു മുഖത്ത് നോക്കാതെ അവൻ വേഗത്തിൽ ഇറങ്ങിപ്പോയി.
പിന്നെ രണ്ടു ദിവസം എന്റെ അടുക്കൽ വന്നതേയില്ല എന്റെ മറുപടി എന്താണെന്ന് അവനു നന്നായറിയാം. മനഃപൂർവം ഞാനും മിണ്ടിയില്ല. ഒരു കുരിശും താങ്ങാനുള്ള ശേഷി ശരീരത്തിനോ മനസ്സിനൊ ഇല്ല. ഒറ്റയ്ക്ക് നടക്കുമ്പോൾ ചുവട് ഇടറാതിരിക്കാൻ പാടുപെടുകയാണ്.
പക്ഷേ ഇനിയും അവനെ തടഞ്ഞില്ലെങ്കിൽ ശരിയാവില്ല അവന്റെ ഓരോ വാക്കുകളും മനസ്സിനെ പുഴു പോലെ അരിക്കുന്നു.
അതുകൊണ്ട് തന്നെ ആണ് ഞങ്ങളുടെ ഒപ്പം ജോലി ചെയ്യുന്ന സുധയുടെ അനിയത്തിയുടെ കല്യാണ മണ്ഡപത്തിലേക്ക് അവനൊപ്പം തന്നെ നടന്നുപോയത്.
ഞാൻ ബൈക്ക് എടുക്കാരുന്നു ഈ വെയിലത്തു നടക്കാൻ വട്ടാണ്.റിയാസ് ആരോടെന്നില്ലാതെ പറഞ്ഞു.
എന്നിട്ട് ഞാൻ നിന്റെ പുറകിൽ ഇരിക്കണോ?ആശ അല്പം ദേഷ്യം കലർത്തി ആണ് തിരിച്ചു ചോദിച്ചത്.
അതിനിപ്പോ എന്താ എനിക്ക് ആരെയും പേടിയില്ല രാജകുമാരിയെ സ്വന്തമാക്കിയ അലാവുദ്ധീനെ പോലെ ഞാൻ അങ്ങ് പറക്കും നിങ്ങളെയും കൊണ്ട്.
റിയാസ്, നീ എന്താണ് ജീവിതത്തെ പറ്റി ധരിച്ചു വെച്ചിരിക്കുന്നത്. മുപ്പത്തുകളിലെത്തിയ രണ്ടു മക്കളുടെ അമ്മയായ എന്നെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കാമെന്നോ അതൊക്കെ ആണ് ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷം എന്നോ.
നീ ജീവിതം തുടങ്ങിയിട്ടില്ല ഞാൻ ഒരു പരിധിവരെ ജീവിച്ചു കഴിഞ്ഞവളാണ്.
നിനക്ക് അറിയുമോ ആദ്യായി ഒരാളുടെ സ്വന്തമാകുന്ന നിമിഷത്തിന്റെ ആനന്ദം, അയാൾക്കൊപ്പം ഉള്ള ആദ്യരാത്രി. പ്രണയിച്ചും പങ്കുവെച്ചും കൊതി തീരാത്ത മധുവിധു. പിന്നെ ഒരുനാൾ നമുക്കും അയാൾക്കുമിടയ്ക്ക് മൂന്നാമതൊരാൾ വരുന്നതിന്റെ കാത്തിരിപ്പ്. ആദ്യത്തെ കണ്മണിയെ നെഞ്ചോട് ചേരുമ്പോൾ ഉണ്ടാകുന്ന അഭിമാനം ആ വളർച്ച നോക്കി നിൽകുമ്പോൾ മനസ്സ് വാത്സല്യ കടലാവുന്നത്.
ഇല്ല നിനക്കൊന്നും അറിയില്ല ഞാൻ എല്ലാം അനുഭവിച്ചവളാണ്. എന്നിട്ട് ഞാൻ ജീവിതം എന്തെന്നറിയാത്ത നിന്നെപ്പോലൊരു ചെക്കൻ പറയുന്നതും കേട്ടു എടുത്തു ചാടി നിന്റെ ജീവിതം കൂടി നരകമാക്കാൻ നിന്ന് തരണം ഇല്ലേ?
റിയാസ് ഒന്നും മിണ്ടിയില്ല അവന്റെ മിഴികൾ താണു.
എന്നോട് ഇങ്ങനെ പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി എന്നെനിക്കറിയില്ല റിയാസ് എന്നാലും ഒന്നറിയാം എല്ലാം എന്റെ തെറ്റാണു. ഈ കലികാലത്തിൽ സംസാരത്തിൽ പോലും ഞാൻ സൂക്ഷിക്കേണ്ടിയിരുന്നു ഇങ്ങനെ ഒരിഷ്ടം നിന്നിൽ ഉണ്ടാകാതിരിക്കാൻ.
ഇത്രയും നാളും ഇങ്ങനൊരു വൃത്തികെട്ട മനസ്സുമായാണോ നീ എന്റെ അടുക്കൽ നിന്നിരുന്നത്?
ഒരിക്കലുമില്ല എനിക്ക് അറിയില്ല നിങ്ങളോടുള്ള എന്റെ ഇഷ്ടം എന്താണെന്നു. ഞാൻ ഒരു പെണ്ണ് കെട്ടിയാൽ നിങ്ങളിൽ നിന്നും അകലുമെന്നൊരു പേടി അങ്ങനെ ചിന്തിച്ചപ്പോഴാണ് ഇങ്ങനെ ഒക്കെ പറയാൻ തോന്നിയത്. എനിക്ക് ഉറപ്പ് ആണ് വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ വന്നാൽ ഈ സൗഹൃദം ഇതുപോലെ നിലനിൽക്കില്ല.
അതൊക്കെ നിന്റെ തോന്നലാണ് റിയാസ് ഞാൻ എന്നും നിന്റെ ഒരു സുഹൃത്തായി കൂടെയുണ്ടാവും. കാലം കഴിയുമ്പോൾ നീ സ്വയം മനസിലാക്കും നിന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിരുന്ന സ്ഥാനം ഇത്രയ്ക്കൊക്കെ ഉണ്ടായിരുന്നുള്ളു എന്ന് ഇപ്പോഴത്തെ ഒക്കെ വെറുമൊരു ഓളം മാത്രമാണ്.
നാളെ പോയി പെണ്ണുകാണണം കേട്ടോ.
റിയാസ് ഒന്നും മിണ്ടിയില്ലെങ്കിലും തല കുലുക്കി.
സുധയുടെ അനിയത്തിയുടെ കല്യാണ ചടങ്ങുകൾക്ക് ഇടയ്ക്കൊക്കെ അവന്റെ നോട്ടം പാളി വീഴുന്നത് അറിഞ്ഞെങ്കിലും ഒരിക്കൽ പോലും കണ്ടതായി നടിച്ചില്ല. തിരിച്ചു അവന്റെ കൂടെ തന്നെ നടന്നു വന്നു ജോലിക്ക് കേറി.
എത്ര ദൂരത്ത് ഞാൻ പോയി ഒളിച്ചാലും അവൻ തേടി വരുമെന്ന് ഉറപ്പുള്ളടത്തോളം കൂടെ നിന്ന് നേരായ വഴി കാണിച്ചുകൊടുക്കാനുള്ള ശ്രമം പാഴായില്ല.
മൂന്നു മാസങ്ങൾക്ക് ശേഷം ഇന്ന് റിയാസിന്റെ കല്യാണം ആണ്. മൈലാഞ്ചി ചോപ്പുള്ള ഷഹബാസുമായി. അടുത്ത ആഴ്ച രണ്ടാളും ദുബായിക്ക് പോകുകയാണ്. അവിടൊരു മാളിൽ രണ്ടാൾക്കും ഷഹബാസിന്റെ മാമ ജോലി ശരിയാക്കിയിട്ടുണ്ട്.
ഷഹബാസുമായി നിൽക്കുന്ന റിയാസിന്റെ അടുത്ത് ചെന്ന് കൈകൊടുത്തു. ആശംസകൾ അറിയിച്ചശേഷം ഷഹബാസിന്റെ കൈ എടുത്തു കൈകളിൽ വെച്ച് മോതിര വിരലിൽ ചുവന്ന കല്ലുള്ള മോതിരം അണിയിച്ചു എന്നിട്ട് രണ്ടാളോടുമായി പറഞ്ഞു ഇത് വിലമതിക്കാനാവാത്തൊരു സമ്മാനമാണ്. എന്നിലൂടെ റിയസിന്റെ ഉമ്മ നിങ്ങൾക്കായി തരുന്നത് രണ്ടാളും സന്തോഷത്തോടെ ഒന്നായി ജീവിക്കണം മരണം വരെ..
അതുപറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു റിയാസിന്റെയും അവൻ കണ്ണുകൾ കൊണ്ട് മാപ്പ് ചോദിച്ചു അവന്റെ കവിളിൽ തട്ടി ഓഡിറ്റോറിയത്തിൽ നിന്നിറങ്ങി നടക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു..
ആദ്യമൊക്കെ മത്സരിച്ചു സ്നേഹിച്ചു പിന്നെ സ്നേഹിക്കപ്പെടാനായി കെഞ്ചി അവസാനം അവഗണന സഹിക്കാൻ കഴിയാതെ തന്നിലേക്ക് ഒതുങ്ങിപ്പോയ ആശ എന്ന ഈ പെണ്ണിന്റെ ഭർത്താവും കുഞ്ഞുമക്കളും മാത്രമായിരുന്നു ആ നടപ്പിൽ അവൾക്ക് കൂട്ട്.
ഒന്ന് മിണ്ടാതിരിക്കുമോ എന്ന് മാത്രം കേൾക്കുന്ന അവളുടെ ഭർത്താവിന്റെ ശബ്ദം..
എപ്പോഴും എന്നെ ഇഷ്ടം അല്ലേ എന്ന് ചോദിച്ചു പുറകെ നടക്കാൻ നാണമില്ലേ എന്ന അയാളുടെ പരിഹാസം..
ഉറക്കം വരുന്നു ഒട്ടും വയ്യ എന്ന അയാളുടെ അവഗണന..
ഇതൊന്നും അവളിലെ ഭാര്യയെ അമ്മയെ മാറ്റി കളയാഞ്ഞത് അയാളുടെ ഭാഗ്യം..
അന്തിക്ക് ഭർത്താവ് വരുന്നതും നോക്കി പണികഴിഞ്ഞു വന്നു മേല് കഴുകി നിറം മങ്ങിയ വേഷത്തിൽ അതിലും നരച്ചൊരു മനസ്സുമായി അവൾ കാത്തിരുന്നു…രണ്ടു കുഞ്ഞു കിളികൾ ആ അമ്മച്ചൂടിൽ അപ്പോൾ സമാധാനത്തോടെ മയങ്ങിതുടങ്ങി.