അമ്പിളിയും ഗായത്രിയും അവരുടെ മക്കളും എത്തി. അവരോട് സംസാരിക്കുമ്പോഴും കണ്ണുകൾ അമലയെ തിരയുകയായിരുന്നു ..

ഓളങ്ങൾ…

Story written by Bindu NP

=================

കഴിഞ്ഞ ഞാറാഴ്ചയാണ് പ്രവീണിന്റെ കോൾ വന്നത്.. “ഡാ അജീ… നീ എവിടെയാ ..?”

“ഞാൻ വീട്ടിൽ.. എന്തേ…?” എന്ന് തിരിച്ചു ചോദിച്ചപ്പോ അവൻ പറഞ്ഞു

“നമ്മുടെ ഡിഗ്രി ബാച്ചിന്റെ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തണം. അതിന് നമ്മുടെ കൂടെ അന്ന് പഠിച്ചവരുടെയൊക്കെ നമ്പർ തപ്പികൊണ്ടിരിക്കുവാ… നിന്റെ നമ്പർ ഞാൻ ആഡ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് . വേറെ ആരുടെയെങ്കിലും നമ്പർ നിന്റെ കൈവശം ഉണ്ടോ.?”

“ഇല്ല… എന്റെ കയ്യിൽ ആരുടേയും നമ്പർ ഇല്ല..”

അല്ലെങ്കിലും ഡിഗ്രി കഴിഞ്ഞതിനു ശേഷം തനിക്ക് ആരുമായും വല്ല്യ ബന്ധമില്ലായിരുന്നല്ലോ ..എല്ലാവരിൽ നിന്നും അകന്ന് എത്രയും ദൂരത്തേക്ക് പോകണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നല്ലോ അന്ന്..

അങ്ങനെ ഗൾഫിലേക്ക് പോയി.പിന്നെ പ്രവീണുമായല്ലാതെ മറ്റാരുമായും ബന്ധമൊന്നും ഉണ്ടായിരുന്നില്ലല്ലോ..

ഫോണിൽ തുരു തുരാ മെസ്സേജുകൾ വരുന്ന ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത് ..

അറിയാത്ത കുറേ നമ്പറുകൾ .. ചിലരുടെ പ്രൊഫൈൽ കുട്ടികളുടേതാണ് . ചിലരെ കണ്ടിട്ട് മനസ്സിലാവുന്നതേയില്ല…

“അതിനിടയിൽ നമ്മുടെ അജിത്തിന് സ്വാഗതം..”എന്ന് ആരുടെയോ മെസ്സേജ് .

“ഡാ അജീ നീ ഇപ്പൊ പാട്ടൊന്നും പാടാറില്ലേ …”എന്ന് മാറ്റാരോ..

“അല്ലപ്പാ നാളെ നമ്മുടെ പരിപാടി. എന്നിട്ട് ഇവിടെയൊന്നും ആരെയും കാണാനില്ലല്ലോ എന്ന് മറ്റൊരാൾ…

ഫോൺ ചാർജിനിട്ട ശേഷം ടിവി ഓൺ ചെയ്ത് സോഫയിൽ വന്നിരുന്നു..

ചിന്തകൾ മുഴുവൻ അവളെ കുറിച്ചായിരുന്നു.. അമല.. അവൾ ഇപ്പൊ എവിടെയാവും. നാളെ അവളും ഉണ്ടാവില്ലേ… കല്ല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാവുമോ .

ഓർമ്മകളിൽ ആ ഡിഗ്രി കാലം ഒരിക്കൽക്കൂടി തെളിഞ്ഞു .ഞാൻ, ശ്രീജിത്ത്‌ , രാജേഷ്, രഞ്ജിത്ത് എന്നിവർ ആയിരുന്നു കൂട്ട്.. ആ കൂട്ടത്തിലേക്ക് താമസിയാതെ അമലയും അമ്പിളിയും ഗായത്രിയും വന്നു ചേർന്നു ..

എല്ലാവർക്കും പോകേണ്ടത് ഒരു വഴിയിൽക്കൂടിയായിരുന്നു .പകുതി വഴിയിൽ എല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞാൽ ഒടുവിൽ താനും അമലയും മാത്രമാവും.

എങ്ങനെയോ അറിയാതെ ഒരിഷ്ടം അവളോട് ഉള്ളിൽ തോന്നിയിരുന്ന കാലം.

വീട്ടിൽ മ ദ്യപിച്ചു വന്ന് എന്നും വഴക്കുണ്ടാക്കിയിരുന്ന അച്ഛനും കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന അമ്മയും ഒരനിയനുമാണ് വീട്ടിലുള്ളതെന്ന് എപ്പോഴൊക്കെയോ ഉള്ള അവളുടെ സംസാരത്തിൽ നിന്നും വായിച്ചെടുത്തിരുന്നു.

അങ്ങനെ ഇരിക്കെയാണ് പിന്നീട് ചില വൈകുന്നേരങ്ങളിൽ കോളേജ് വിട്ടു കഴിഞ്ഞാൽ അവൾ കൂടെ വരാതെയായത്..

ഒരു ദിവസം ഒരു കാറിനരികിൽ നിന്ന് അമ്പിളിയും അവളും ഒരു ചെറുപ്പക്കാരനുമായി സംസാരിക്കുന്നത് കണ്ടിരുന്നു . അതിന് ശേഷമാണ് ചില ദിവസങ്ങളിൽ വൈകുന്നേരം അവൾ കൂടെ വരാതെ ആവുന്നത്..

അങ്ങനെ അവളെ വാച്ച് ചെയ്യാൻ തീരുമാനിച്ചു. അന്ന് സംസാരിച്ച ആ ചെറുപ്പക്കാരന്റെ കൂടെ അവൾ കാറിൽ കയറിപ്പോകുന്നത് കണ്ടു.

പിറ്റേന്ന് അതേ കുറിച്ച് ചോദിച്ചപ്പോൾ പിന്നീട് ഒരിക്കൽ ഞാൻ എല്ലാം നിന്നോട് പറയാം എന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി..

അപ്പൊ പിന്നെ അവൾ എവിടെയാണ് പോകുന്നത് എന്ന് എങ്ങനെയും കണ്ടു പിടിച്ചേ അടങ്ങൂ എന്ന വാശിയായി.

അന്ന് അവൾ കോളേജ് വിട്ടപ്പോൾ ഒരു ഓട്ടോയിൽ കയറിപ്പോകുന്നത് കണ്ടു. പിന്നാലെ മറ്റൊരു കൂട്ടുകാരന്റെ ബൈക്കിൽ അവളെ പിൻതുടർന്നു . ആ ഓട്ടോ ടൗണിലെ ഒരു വലിയ വീടിന്റെ മുമ്പിലാണ് ചെന്നെത്തിയത് . അവൾ കോളിംഗ് ബെൽ അടിച്ചപ്പോൾ അന്ന് കണ്ട ചെറുപ്പക്കാരൻ ഇറങ്ങി വന്നു.. ഓട്ടോയുടെ പൈസ അയാളാണ് കൊടുത്തത് .. പിന്നീട് അയാളുടെ പിന്നാലെ അവൾ അകത്തേക്ക് കയറിപ്പോയി ..

“അവൾ ആള് പി ഴ.യാടാ…. വാ.. നമുക്ക് തിരിച്ച് പോകാം…”എന്ന കൂട്ടുകാരന്റെ വാക്കുകൾ വെള്ളിടി പോലെയാണ് ഉള്ളിൽ പതിച്ചത്..

പിന്നീട് അവൾ മിണ്ടാൻ വന്നപ്പോഴൊന്നും മുഖം കൊടുത്തതേയില്ല . ഒഴിഞ്ഞു മാറി നടന്നു ..

പിന്നെയും ചില ദിവസങ്ങളിൽ അവൾ ഓട്ടോയിലോ കാറിലോ കയറിപ്പോകുന്നത് കണ്ടു .

പിന്നെ കുറേ നാള് കഴിഞ്ഞപ്പോ അവൾ കോളേജ് വിട്ടാൽ മറ്റെവിടെയും പോകാതെ നേരെ വീട്ടിലേക്ക് പോകാൻ തുടങ്ങി …

“ഇപ്പൊ അവളെന്തേ കാറിൽ കയറിപ്പോകാത്തത് “എന്ന എന്റെ ചോദ്യത്തിന് കൂട്ടുകാരന്റെ മറുപടി ഇങ്ങനെ ആയിരുന്നു.. “അവന് അവളെ മതിയായിക്കാണും ..”

എന്തോ ഡിഗ്രി കഴിഞ്ഞ ശേഷം പിന്നീട് ഒരു വിവരവും അറിഞ്ഞിട്ടില്ല.

പിറ്റേന്ന് രാവിലെ തന്നെ കോളേജിൽ എത്തി..

ശ്രീജിത്തും രാജേഷും മറ്റു കൂട്ടുകാരിൽ ചിലരും എത്തിയിരുന്നു.. അമ്പിളിയും ഗായത്രിയും അവരുടെ മക്കളും എത്തി. അവരോട് സംസാരിക്കുമ്പോഴും കണ്ണുകൾ അമലയെ തിരയുകയായിരുന്നു ..

അപ്പോഴാണ് സ്റ്റേജിൽ നിന്നുള്ള അനൗൺസ്‌മെന്റ് കേട്ടത്… ഈശ്വര പ്രാർത്ഥനയോട് കൂടി പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യുന്നതാണ്.. അതിനുവേണ്ടി അമലാ രഞ്ജിത്തിനെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നു ..

ആകാംഷയോടെ സ്റ്റേജിനരികിലേക്ക് പോകുന്ന സ്ത്രീയെ നോക്കി . അതേ.. അമല..

“ഡാ… അജീ …”

അപ്പോഴാണ് പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടത്..തിരിഞ്ഞു നോക്കിയപ്പോൾ രഞ്ജിത്താണ്.

“എത്ര കാലമായി കണ്ടിട്ട്? സുഖമാണോ നിനക്ക്?”

സംസാരത്തിനിടയിലാണ് രഞ്ജിത്തിന്റെ കയ്യിലുരുന്ന കുഞ്ഞ് കരയാൻ തുടങ്ങിയത്…

“മോൻ കരയരുതേ …ആന്റി കൊണ്ടുപോകാലോ അമ്മേടെ അടുത്ത് ..”എന്ന് പറഞ്ഞ് അമ്പിളി കുട്ടിയെ വാങ്ങി സ്റ്റേജിൽ നിന്നിറങ്ങി വരുന്ന അമലയുടെ കയ്യിലേക്ക് കുട്ടിയെ കൊടുക്കുന്നത് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്..

അപ്പൊ രഞ്ജിത്താനോ അമലയെ കല്യാണം കഴിച്ചത്.

ഒന്നും മനസിലാവാതെ നിന്ന എന്നോട് അമ്പിളിയും രഞ്ജിത്തും കൂടിയാണ് കാര്യങ്ങളൊക്കെ പറഞ്ഞത് ..

അമലയുടെ വീട്ടിലെ കഷ്ടപ്പാടുകൾ അമ്പിളിക്ക് നല്ലതുപോലെ അറിയാമായിരുന്നത് കൊണ്ടാണ് ഒരു പ്രായമായ സ്ത്രീയെ കുളിപ്പിക്കുവാനും മറ്റുമായി ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് ഒരാളെ ആവശ്യമുണ്ടെന്ന് കേട്ടപ്പോൾ ആ കാര്യം അമലയോട് പറഞ്ഞത്.അവൾക്ക് സമ്മതമാണെന്ന് പറഞ്ഞപ്പോൾ ആ വീട്ടിലെ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

വീട്ടിൽ അറിഞ്ഞാൽ അമ്മ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് പോകുന്ന കാര്യം രഹസ്യമാക്കി വെച്ചത്..

രണ്ടു മണിക്കൂർ നേരത്തെക്കാണെങ്കിലും നല്ല ശമ്പളം ഉണ്ടായിരുന്നു .. അതുകൊണ്ട് തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല .. അവിടെ പോകുന്ന ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു എന്ന് അമ്മയോട് കള്ളം പറഞ്ഞു..

പക്ഷേ അധിക കാലം കഴിയുന്നതിനു മുന്നേ ആ സ്ത്രീ മരിച്ചു.. അങ്ങനെ ആ വരുമാനവും നിലച്ചു ..

ഡിഗ്രി കഴിഞ്ഞപ്പോൾ അവൾ വീട്ടിലരുന്ന് തയ്യൽ ജോലി ചെയ്തു. അതിനിടയിൽ പി എസ്സി ക്ക് പ്രിപ്പെയർ ചെയ്യുകയും എക്സാമുകൾ മുടങ്ങാതെ എഴുതുകയും ചെയ്തു. ഒടുവിൽ അവൾക്ക് എൽ ഡി ക്ലർക്ക് ആയി ജോലി കിട്ടി.

രഞ്ജിത്തിന് പഠിക്കുന്ന കാലം തൊട്ടേ ഉള്ളിൽ അവളോട് ഒരിഷ്ടമുണ്ടായിരുന്നു..

ബി എഡ് കഴിഞ്ഞ് ഒരു സ്കൂളിൽ ജോലി ചെയ്തു വരവേ വീട്ടുകാർ കല്യാണത്തിന് നിർബന്ധിച്ചു തുടങ്ങിയപ്പോഴാണ് അമലയുമായി സംസാരിച്ചത്…അവൾക്ക് ഇഷ്ടക്കേടൊന്നും ഇല്ല എന്നറിഞ്ഞതോടെ ആ കല്യാണവും നടന്നു ..

“അല്ല .. ഇതാര്.. അജിയോ…? കോളേജ് വിട്ട ശേഷം പിന്നെ കണ്ടതേയില്ലല്ലോ നിന്നെ…” എന്നുപറഞ്ഞു കൊണ്ട് അമല അടുത്തേക്ക് വന്നു..

അവളുടെ പുഞ്ചിരിക്ക് ഇപ്പോഴും എന്തൊരു തിളക്കമാണ് എന്നോർക്കവേ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കയ്യിലിരുന്ന കുഞ്ഞ് അജിത്തിന്റെ നേരെ ചാഞ്ഞു…

രഞ്ജിത്തിന്റെ അരികിൽ ചേർന്ന് നിന്നുകൊണ്ട് കുഞ്ഞിനോട് കുസൃതികൾ പറയുന്ന അമലയെ നോക്കി നിന്നപ്പോൾ എന്തിനെന്നറിയാതെ അജിത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……

ബിന്ദു ✍️