അവരുടെ സമ്മതം കിട്ടിയതോടെ ഞാൻ ചാടി എണീറ്റ് അകത്തേക്ക് നടന്നു…

Story written by Jishnu Ramesan

================

പെണ്ണ് കാണാൻ പോയപ്പോൾ കാർന്നോമാര് ചോദിക്കേണ്ട കാര്യം ഞാനാണ് പറഞ്ഞത്..”എനിക്ക് പെണ്ണിനോടൊന്ന് സംസാരിക്കണം..”

“അതിനെന്താ മോൻ പോയി സംസാരിക്ക്‌.”.പെണ്ണിന്റെ അച്ഛന്റെ ഡയലോഗ് ആയിരുന്നു അത്..

ഞാൻ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല, ഇനി പെണ്ണിന് വല്ല പ്രേമമോ മറ്റോ ഉണ്ടോ എന്നറിയണ്ടെ…അവരുടെ സമ്മതം കിട്ടിയതോടെ ഞാൻ ചാടി എണീറ്റ് അകത്തേക്ക് നടന്നു..ഞാൻ ചെല്ലുമ്പോ അവള് എന്നെ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു.. അവളുടെ പേര് എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ ചോദിച്ചു,

“എന്താ കുട്ടിടെ പേര്…?”

ഓഹോ ചേട്ടന് എന്റെ പേര് “അമൃത” എന്നാണെന്ന് അറിയില്ലേ..!!

“അറിയാം..എന്നാലും വെറുതെ ചോദിക്കണ്ടെ എന്തെങ്കിലും..!”

അല്ല എന്നോട് എന്തിനാ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത്…?

“ഈ പെണ്ണിനെന്താ വട്ടാണോ..! എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്” എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ ചോദിച്ചു,

“സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല, തനിക്ക് വല്ല പ്രേമവും ഉണ്ടോ എന്ന് തുറന്നു ചോദിക്കാൻ ആണ്..എന്തിനാ വെറുതെ കല്യാണത്തിന്റെ തലേന്ന് ഒളിച്ചോടി രണ്ടു വീട്ടുകാർക്കും നാണക്കേട് ഉണ്ടാക്കുന്നത്..!”

ഒന്ന് ചിരിച്ചുകൊണ്ട് അവളു പറഞ്ഞു, “എന്റെ ചേട്ടാ എനിക്ക് അങ്ങനെയൊരു ബന്ധമുണ്ടെങ്കിൽ ഞാനീ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നൂ…ഫോട്ടോ കണ്ടപ്പോ എനിക്ക് ആളെ ബോധിച്ചു..പിന്നെ ഒന്നിച്ച് ജീവിച്ചു തുടങ്ങിയാൽ അല്ലേ ഒരാളുടെ ഉള്ളറിയാൻ പറ്റുള്ളൂ…’

എന്നാ ഞാൻ അച്ഛനോട് പറയട്ടെ അമൃതയ്ക്ക്‌ എന്നെ ഇഷ്ടായി എന്ന്…!

“അങ്ങനെ പറഞ്ഞു വെറുതെ ചേട്ടന്റെ വില കളയണ്ട…പെണ്ണിനെ ഇഷ്ടായി എന്ന് പറയ്..”

അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു……

ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു.. അവളോടുള്ള സ്നേഹം കൂടുതൽ കൊണ്ട് അമൃത എന്നത് അമ്മുവായി…കൂട്ടുകാരുടെ വക പരമ്പരാഗത രീതിയിൽ മണിയറ കിടിലൻ ആയിട്ട് ഒരുക്കി..ഞാനാ മണിയറയിൽ അമ്മുവിനെയും കാത്തിരുന്നു..പരമ്പരാഗത രീതിയിൽ തന്നെ അവളും ഒരു ഗ്ലാസ്സ് പാലുമായി സെറ്റ് സാരിയും ഉടുത്തുകൊണ്ട് മുറിയിലേക്ക് കയറി വന്നു..

“ആഹാ കിടിലൻ ആയിട്ടുണ്ടല്ലോ അമ്മു..”

അതിനു മറുപടിയൊന്നും പറയാതെ നേരെ വന്ന് കയ്യിലുള്ള ഒരു ഗ്ലാസ് പാൽ എന്റെ തലവഴി ഒഴിച്ചു..എന്നിട്ടൊരു ഡയലോഗും, ” പ്രേമിക്കാത്ത പെണ്ണിനെ മാത്രേ ചേട്ടൻ കെട്ടൂ അല്ലേ..! എന്നാ കേട്ടോ എനിക്ക് കോളജിൽ ഒരു പ്രേമം ഉണ്ടായിരുന്നു…”

ഇതൊക്കെ കേട്ട് ഞാൻ അന്തം വിട്ടിരുന്നു..നേരെ തോർത്തും എടുത്ത് തലയിലെ പാല് കഴുകി കളയാൻ ഓടി..തല തോർത്തി കൊണ്ട് ബാത്റൂമിൽ നിന്നും ഇറങ്ങിവന്ന എന്നെ അവള് ഓടി വന്ന് കെട്ടിപിടിച്ചിട്ട്‌ പറഞ്ഞു,

” സോറിട്ടോ വരുണെട്ടാ, ഒത്തിരി ഒത്തിരി ഒത്തിരി സോറി..അന്ന് പെണ്ണ് കാണാൻ വന്നപ്പോ അങ്ങനെ ചോദിച്ചത് എന്തോ ദേഷ്യായി…അതാ ഞാൻ..പിന്നെ അന്നത്തെ ആ കോളജിലെ പ്രേമം വൺ വേ ആയിരുന്നു. അവൻ ഒരു വർഷം എന്റെ പുറകെ നടന്നിട്ട് അവന്റെ പാട്ടിന് പോയി..”

അതൊക്കെ കേട്ട് ഒരു ആശ്വാസ നെടുവീർപ്പോടെ അമ്മൂനെ ഇറുക്കി പിടിച്ചു..

പിന്നീടുള്ള ദിവസങ്ങളിൽ ഇണക്കത്തെക്കാൾ കൂടുതൽ ഒരു കൊച്ചു കുട്ടിയെ പോലെ അമ്മു പിണക്കമായിരുന്നു..ഒരു ദിവസം രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന എന്റെ തലയിൽ കൂടെ ഒരു ബക്കറ്റ് വെള്ളം കോരി ഒഴിച്ചു.. അതിന്റെ പേരിൽ അന്ന് അവിടെ വഴക്കായിരുന്നൂ…

ഇത് കണ്ട അമ്മ എന്നോട് പറഞ്ഞു, “അല്ലടാ മോനെ, നമ്മടെ അമ്മൂന് എന്താ പറ്റിയെ എന്തെങ്കിലും കുഴപ്പമുണ്ടോ അവൾക്ക്..എവിടെയെങ്കിലും കാണിക്കണോ ..?”

ഏയ് അമ്മയെന്താ പറയുന്നത്, അവൾക്ക് കുറച്ച് ദേഷ്യം കൂടുതലാ..അതാ ഇങ്ങനെയൊക്കെ ചെയ്യുന്നത്..

“മോനെ ദേഷ്യം ആയാലും ഇങ്ങനെ ഉണ്ടോ..! ഒന്നുല്ലെങ്കിലും അവളുടെ ഭർത്താവല്ലെ നീ..”

ഒരിക്കൽ ഞാനൊന്നു കൈ വെക്കാൻ പോയതാ..പിന്നെ വേണ്ടെന്ന് വെച്ചു…ഒരു പാവല്ലെ അമ്മെ എന്റെ അമ്മു..

“ശരിയാ വരുണെ നീ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ മതി..”

അമ്മുവിന്റെ അച്ഛനും അമ്മയും ഒരിക്കൽ വീട്ടിൽ വന്നപ്പോ ഞാൻ അച്ഛനോട് രഹസ്യമായി കാര്യങ്ങൾ അവതരിപ്പിച്ചു..

“ഒറ്റ മോളായത് കൊണ്ട് കുറേയധികം കൊഞ്ചിച്ച് വളർത്തി..അതിന്റെ കുറുമ്പ് ഇപ്പോഴും അവൾക്കുണ്ട് മോനെ..ഇനി മോനാണ് അമ്മൂന് എല്ലാം..” ഇതായിരുന്നു അച്ഛന്റെ മറുപടി..പിന്നെ ഞാനൊന്നും പറഞ്ഞില്ല..

പഴയകാല പാട്ടുകൾ ഒത്തിരി ഇഷ്ടമായിരുന്ന ഞാൻ എങ്ങനെയൊക്കെയോ കുറച്ച് പഴയ കാസറ്റ് ഒപ്പിച്ചു..റേഡിയോയിൽ നിന്ന് പാട്ട് കേൾക്കാൻ ഒരു പ്രിത്യേക സുഖാ… അന്ന് രാത്രി ഞാൻ മുറിയിൽ എന്റെ പഴയ റേഡിയോയിൽ പാട്ടും ആസ്വദിച്ച് ഇരിക്കുകയായിരുന്നു…അപ്പോഴാണ് എന്റെ ഭാര്യയുടെ പ്രവേശനം..

“ചേട്ടാ പാട്ടൊക്കെ നിർത്തി ഉറങ്ങാൻ നോക്ക്..എനിക്ക് രാവിലെ നേരത്തെ ഏണീക്കണം..”

ഓ പിന്നെ, നീ കിടന്നോ..ഞാനീ പാട്ടൊക്കെ കേട്ട് കേട്ട് അങ്ങനെ ഇരിക്കട്ടെ,.

“ചേട്ടനോട് പറഞ്ഞത് കേട്ടില്ലേ…! എനിക്ക് ഇഷ്ടല്ല ഇൗ പഴഞ്ചൻ പാട്ട്..ഒന്ന് കിടക്കാൻ നോക്ക്..”

അമ്മു നിന്നോടല്ലെ പറഞ്ഞത് ഞാൻ പാട്ട് കഴിഞ്ഞിട്ടേ കിടക്കു എന്ന്..!

എന്നിട്ട് ഞാൻ കണ്ണുകളടച്ച് പാട്ടിൽ മുഴുകി ഇരുന്നു..അപ്പോഴാണ് പാട്ടിന്റെ ഒഴുക്കിന് സ്ഥാനമാറ്റം പോലെ ഫീൽ ചെയ്തത്..എന്താണെന്ന് നോക്കാൻ കണ്ണ് തുറന്നതെ ഓർമയുള്ളു..

എന്റെ പ്രിയ പത്നി അമ്മു ആ റേഡിയോ എടുത്ത് എന്റെ നെറുകിൻ തല അടിച്ചു പൊളിച്ചു.. അടിയുടെ ശക്തിയിൽ എന്റെ ബോധം പോകുമ്പോഴും പാതി തകർന്ന റേഡിയോയിൽ നിന്നും ആ പഴയ എന്റെ ഇഷ്ടഗാനം കേൾക്കാമായിരുന്നു.. “അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി……”

ബോധം തെളിഞ്ഞപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്..കണ്ണ് തുറന്നപ്പൊ അമ്മുവിനെ തന്നെയാണ് ആദ്യം കണ്ടത്..പിന്നെ ഞാൻ നോക്കിയത് അടുത്ത് വല്ല ഓക്സിജൻ സിലിണ്ടറോ മറ്റോ ഉണ്ടോ എന്നാണ്…ഇനിയൊരു പ്രഹരം ഏറ്റു വാങ്ങാൻ ശേഷിയില്ല എനിക്ക്…

രണ്ടാഴ്ച എടുത്തു ആശുപത്രി വാസം കഴിയാൻ..പക്ഷേ അവളാണ് ഇത് ചെയ്തത് എന്നൊരു തെല്ലു ഭാവമില്ലാതെ അമ്മു എന്നെ പരിചരിച്ചു.. പതിവ് സോറി പറച്ചിലും ഉണ്ടായിരുന്നു..ഡിസ്ചാർജ് ചെയ്യുന്നതിന്റെ അന്ന് തന്നെ ആ ഹോസ്പിറ്റലിലെ ഒരു മനോരോഗ വിദഗ്ധന്റേ അടുത്ത് അവളെ നിർബന്ധിപ്പിച്ച് കൊണ്ടു പോയി..

അവളോട് എന്തൊക്കെയോ ചോദിച്ചതിന് ശേഷം അമ്മുവിനെ പുറത്ത് നിർത്തിയിട്ട് ഡോക്ടർ എന്നോട് ചോദിച്ചു, “അല്ല വരുൺ കല്യാണം കഴിഞ്ഞിട്ട് എട്ട് മാസമായി എന്നല്ലേ പറഞ്ഞത്, എന്നിട്ട് ഒരു കുഞ്ഞിനെ പറ്റി എന്ത് കൊണ്ട് ചിന്തിച്ചില്ല…!”

“എന്റെ പൊന്നു ഡോക്ടറെ അതിനു കുഞ്ഞിനു വേണ്ടി സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യാൻ പറ്റുമോ..! ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞ് സ്നേഹത്തോടെ അവളുടെ അടുത്തേക്ക് ചെല്ലുമ്പോ തുടങ്ങും അവള്,’ നമുക്ക് ഇന്ന് രാത്രി സിനിമാ പേര് പറഞ്ഞു കളിക്കാം, കണ്ണും കണ്ണും നോക്കി ഇരിക്കാം, പിന്നെ അവളുടെ കുടുംബ കഥ ആണ്, ആരൊക്കെയോ കുടുംബത്തിൽ ദുർമരണപ്പെട്ടു, കിണറ്റില് ചാടി എന്നൊക്കെ..’ പിന്നെ എങ്ങനെയാ ഡോക്ടറെ ഞാൻ കുഞ്ഞിന്റെ കാര്യവും പറഞ്ഞ് ചെല്ലുന്നത്..എന്നും ഇത് പതിവായപ്പോ ഞാനും ഒതുങ്ങി…”

വ്യത്യസ്തമായൊരു കാരണം കേട്ടതും ഡോക്ടർ ചിരി തുടങ്ങി..എന്നിട്ട് എന്റെ അടുത്തേക്ക് വന്നിട്ട് ഡോക്ടർ പറഞ്ഞു, “വരുൺ, ഒരു കുഞ്ഞുണ്ടായാൽ തീരാവുന്നതെ ഉള്ളൂ അവളുടെ പ്രശ്നങ്ങൾ.. കുഞ്ഞിലെ തൊട്ട് ലാളന കുറച്ച് കൂടി അമ്മുവിന് അതിന്റെ കുഴപ്പമാണ്..നിന്നോട് വഴക്ക് കൂടുമ്പോ ചെറുപ്പത്തിലേ വാശി അവളിലേക്ക് കടന്നു വരും..അത് കൊണ്ട് കുറച്ച് ബലം പിടിച്ചാലും കുഴപ്പമില്ല, ഒരു കുഞ്ഞ് എന്ന നിന്റെ സ്വപ്നം കൂടി മനസ്സിൽ കണ്ട് കാര്യങ്ങൾ നടക്കട്ടെ…”

അങ്ങനെ ലോകത്താദ്യമെന്നോണം എനിക്ക് എന്റെ ഭാര്യയെ അവളുടെ പാതി സമ്മതത്തോടെ ആണെങ്കിലും ബല പ്രയോഗത്തിലൂടെ അതിനു മുതിരേണ്ടി വന്നു……

ഇന്ന് അവളുടെ ഏഴാം മാസത്തിലെ ചെക്കപ്പിന് ഞാൻ തലക്കടി കൊണ്ട് കിടന്ന അതേ ഹോസ്പിറ്റലിൽ ആണ് നിൽക്കുന്നത്..അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്, അമ്മുവിനെ കാണിച്ച ആ മനോരോഗ വിദഗ്ധൻ…ഞാൻ ഓടി ചെന്ന് അദ്ദേഹത്തെ പുറത്ത് തട്ടി വിളിച്ചു..

“അല്ലാ ആരിത് വരുണോ, “

അതേ ഡോക്ടർ ഇന്ന് അവൾക്ക് ഏഴാം മാസമാണ്..പഴയ അമ്മുവല്ല ഇപ്പൊഴവൾ.. തൊട്ടതിനും പിടിച്ചതിനും ഒക്കെയുള്ള പിണക്കവും കുസൃതിയും ഒക്കെ മാറി… ഇപ്പൊ ദേ നോക്ക് ഡോക്ടറെ ഒരു പക്വതയുള്ള കുട്ടിയാ എന്റെ അമ്മു..

“എല്ലാം നന്നായി വരും വരുൺ.. ഞാൻ അന്നെ പറഞ്ഞില്ലേ, അവളൊരു പാവം ആണ്..നിനക്ക് മാത്രമേ കഴിയൂ അവളെ ഇനിയും നന്നാക്കാൻ…”

എന്നും പറഞ്ഞു ഡോക്ടർ തിരിഞ്ഞു നടക്കാൻ നേരമാണ് വരുൺ ഡോക്ടറുടെ തലയിലെ മുറിപ്പാട് കണ്ടത്..

അയ്യോ ഡോക്ടർ ഇതെന്ത് പറ്റിയതാ…?

ഒന്ന് ചിരിച്ചിട്ട് ഡോക്ടർ പറഞ്ഞു, “തന്റെ ഭാര്യ റേഡിയോ കൊണ്ടാണ് തലക്കടിച്ചത് എങ്കിൽ, എന്റെ അച്ഛന് വീടിനോട് ചേർന്ന് ഒരു പലചരക്ക് കട ആയിരുന്നു.. അത് കൊണ്ട് എന്റെ ഭാര്യക്ക് കയ്യിൽ കിട്ടിയത് രണ്ടു കിലോയുടെ കട്ടി ആയിരുന്നു…ഹൊ ഇപ്പോഴും അവളെ പേടിച്ച് മര്യാദക്ക് ഉറക്കം പോലും ഇല്ലെന്‍റെ വരുണെ….!”

ഇത്രയും പറഞ്ഞ് ഡോക്ടർ തിരിഞ്ഞു നടന്നു.. അപ്പോഴും ഇതൊക്കെ കേട്ട് വരുൺ അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു……

~ജിഷ്ണു രമേശൻ