അവൾ വേഗം തന്നെ തന്റ്റെ മനസ്സിനെ നിയന്ത്രിച്ചുമോളിയമ്മയുടെ നെഞ്ചിൽ നിന്നടർന്നു മാറി…

തൻ്റേടി

Story written by Rajitha Jayan

===============

നോക്ക് റോബിൻ. …കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളെന്നോട് ഒരേ കാര്യം തന്നെ പറയുന്നു. ..ഞാനും ഒരേ മറുപടി തന്നെയാണ് നിങ്ങളുടെ ചോദ്യത്തിന് കഴിഞ്ഞ അഞ്ച് വർഷമായി തന്നുകൊണ്ടിരിക്കുന്നത്….അതുകൊണ്ട് ഇനിയെങ്കിലും കർത്താവിനെയോർത്ത് നിങ്ങളീ പരിപാടി അവസാനിപ്പിക്കണം…

എനിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ് അതിനി വേണ്ട….

നിങ്ങളെത്ര കാലം കാത്തിരുന്നാലും ഈ ആയുസ്സിൽ എനിക്ക് നിങ്ങളുടെ ഭാര്യ ആവാൻ താൽപ്പര്യമില്ല… അതുകൊണ്ട് ഇനിയെങ്കിലും എന്നോടുളള നിങ്ങളുടെ ഈ പൈക്കിളി പ്രേമം അവസാനിപ്പിക്കണം നിങ്ങൾ. ..

ഒന്നുമില്ലെങ്കിലും നിങ്ങളൊരു പോലീസോഫീസർ അല്ലേ… ഇങ്ങനെ നിങ്ങളുടെ വില ഈ ചന്തയിലെ ആളുകളുടെ മുന്നിൽ കളയരുത് ഇനിയെങ്കിലും. ..

തനിക്കു മുന്നിൽ അമ്പരന്നമിഴികളുമായ് നിൽക്കുന്ന റോബിനെ പുച്ഛത്തിലൊന്ന് നോക്കിയിട്ട് ജീന അവളുടെ ബുള്ളറ്റ് ഓടിച്ച് മിന്നൽ വേഗത്തിൽ അവിടെനിന്ന് പറന്നകന്നപ്പോൾ പെട്ടെന്ന് അവിടയാകെയൊരു നിശബ്ദത പരന്നു. ..

“””എന്തിനാണ് കുഞ്ഞേ അവൾക്കിഷ്ടമില്ലാന്നറിഞ്ഞിട്ടും കുഞ്ഞ് പിന്നെയും പിന്നെയും അവൾക്കായ് കാത്തിരുന്നു ഈ ജന്മം പാഴാക്കികളയുന്നത്…

കഴിഞ്ഞുപോയ കുറെ വർഷങ്ങളായി ഞാനുൾപ്പടെയുളള കുറെയേറെ ആളുകൾ അവൾക്കായുളള മോന്റ്റെഈ കാത്തിരിപ്പും കാണുന്നു.. എന്നാൽ ജീന കൊച്ചിന് ഇഷ്ടപ്പെടുകേല ഇതൊന്നും… അവളെ എത്ര കാലങ്ങളായ് ഞങ്ങൾക്കറിയുന്നതാ…

ഇന്നീ ചന്തയിലാ തന്റ്റേടിയെ അറിയാത്തവരാരുതന്നെയില്ലല്ലോ കുഞ്ഞേ…പാവമാണവൾ…നേരും നെറിയുമുളളവൾ….. പക്ഷേ മോനോട് മാത്രം. …..

തനിക്ക് മുന്നിൽ വാക്കുകൾക്കായ് പരതുന്ന ഖാദറിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് റോബിൻ അവിടെ നിന്നുതിരിഞ്ഞുനടന്നപ്പോൾ ചന്തയിലുളളവർ കാണുകയായിരുന്നു സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറുളള ഒരാൺക്കുട്ടിയെ…

ജീന. …ആ പേരും ആ പെൺക്കുട്ടിയും ഈ പൊൻമുടിക്കാർക്ക് ചിരചരിചിതമാണ്…കാർഷീകനഷ്ടംകാരണം കടംകേറി ആത്മഹത്യ ചെയ്ത വാവത്തിൽ തോമസ്സിന്റ്റെ ഏക സന്താനം. ..തോളറ്റം മുറിച്ചിട്ട മുടിയും തീഷ്ണമായ നോട്ടമുളള നക്ഷത്ര കണ്ണുകളുമുളളവൾ….

അപ്പന്റ്റെ ജീവനെടുത്ത കൃഷിയിലൂടെ തന്നെ ജീവിത വിജയം നേടിയവൾ…ആണിന്റ്റെ തന്റ്റേടത്തോടെ ഈ പൊൻമുടി ചന്തയിൽ കച്ചവടം നടത്തുന്ന നേരും നെറിയുമുളള തന്റ്റേടി ജീന.…

റോബിൻ. ..ടൗൺ സി.ഐ ആണയാൾ… ആറടിയിലേറെ പൊക്കവുംകട്ടിമീശയും ഉറച്ച ശരീരവുമുളളവൻ…ഈ നാട്ടിലെ പല പുരുഷന്മാരും ജീനയെ മോഹിക്കുന്നതുപോലെ ഇവിടെയുള്ള പല പെൺകുട്ടികളുടെയും സ്വപ്നമാണ് റോബിൻ. .. പക്ഷേ അവനെന്നും മനസ്സിൽ…. ..ഹൃദയത്തിൽ ഒരു പെണ്ണുമാത്രം ജീന

കാതടപ്പിക്കുന്ന ശബ്ദത്തോടെ ജീനയുടെ ബുള്ളറ്റ് കാർ പോർച്ചിൽ വന്നുനിൽക്കുന്നത് കണ്ടപ്പോഴെ മോളിയമ്മക്ക് മനസ്സിലായി ഇന്നും തന്റ്റെ മകൾ ചന്തയിൽ വെച്ച് റോബിനെ കണ്ടിരിക്കുന്നു. ..

നിറമിഴികളുമായ് അകത്തേക്ക് കയറി വന്ന മകളെ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അപ്പോൾ അവർക്കായുളളു…ഒരു പൊട്ടിക്കരച്ചിലോടെ തന്നിലേക്കണഞ്ഞ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവൾക്കൊപ്പം പൊട്ടിക്കരയുമ്പോൾ പതിവുപോലെ അവരുടെ മനസ്സ് കർത്താവിനോട് ഒരായിരം ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു..

കുറച്ചു നേരം അമ്മയുടെ നെഞ്ചിൽ തന്റെ സങ്കടങ്ങളെല്ലാം ഇറക്കിവെച്ച് കിടന്നപ്പോൾ ജീനയുടെ മനസ്സിൽ റോബിനായിരുന്നു…

കഴിഞ്ഞ കുറെയേറെ വർഷങ്ങളായി തനിക്ക് പിറകെ സ്നേഹത്തിന്റ്റെ പാനപാത്രവുമായ് നടക്കുന്നറോബിൻ…

ഏതുപെണ്ണുംആഗ്രഹിക്കും അവനെപ്പോലൊരു ആണിനെ. താനും ആഗ്രഹിക്കുന്നുണ്ട് അവനെ…മോഹിക്കുന്നുണ്ട് അവനെ….അവന്റെ വിരിമാറിൽ തലചായ്ചുറങ്ങുന്ന ദിനരാത്രങ്ങളെത്രയോ പ്രാവശ്യം മനസ്സിലിട്ട് തലോലിച്ചിട്ടുണ്ട്…പക്ഷേ. …ഇല്ല. ..തനിക്കൊരിക്കലും അതിന്കഴിയില്ല…വേണ്ട പാഴ്കിനാവുകൾ…

അവൾവേഗം തന്നെ തന്റ്റെ മനസ്സിനെ നിയന്ത്രിച്ചുമോളിയമ്മയുടെ നെഞ്ചിൽ നിന്നടർന്നു മാറി…

മമ്മീ…എനിക്ക് നന്നായി വിശക്കുന്നുണ്ട്. ..ഞാനൊന്ന് ഫ്രഷായി വരാം. ..അപ്പോഴെക്കും എനിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തു വെച്ചേ. ..

ആരെങ്കിലും ഒന്ന് കരയാൻ കാത്ത് നിൽക്കാണ് ഈ മമ്മി… അവരുടെ കൂടെ കരയാൻ… ..കഷ്ടാണ് മമ്മി. ..ഉം വേഗമെണീറ്റ് എന്തെങ്കിലും എടുതുവെച്ചേ….

മോളിയുടെ കവിളിൽ ചെറുതായി ഒന്ന് തലോടി ജീന അവളുടെ മുറിയിലേക്ക് ഓടിമറഞ്ഞപ്പോഴു അവളുടെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു….

കർത്താവെ എന്റെ കുഞ്ഞിനെ കാത്തോളണേ…എന്തും സഹിക്കാൻ അവൾക്ക് നീ കരുത്ത് നൽക്കണേ…മൂകമായ് കർത്താവിനോട് പ്രാർത്ഥിച്ച് അടുക്കളയിലേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് പുറത്തൊരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം മോളി കേട്ടത്…

തെല്ലൊരുതിടുക്കത്തിൽ വന്നതാരാണെന്ന് നോക്കിയ മോളിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി… റോബിനും കൂടെയൊരു പ്രായമായ സ്ത്രീയും… അവന്റെ അമ്മയാവും…

ഈശോമിശിഹായേ. ..നീ പിന്നെയും എന്റെ കുഞ്ഞിനെ പരീക്ഷിക്കുകയാണോ…ഒരു മൂകപ്രാർത്ഥനയോടെ അവരെ സ്വീകരിക്കാൻ നീങ്ങുമ്പോൾ മോളി കണ്ടു പകച്ചമിഴികളുമായ് മുറിക്ക് പുറത്തു നിൽക്കുന്ന ജീനയെ…

ഒരു തെറ്റുക്കാരിയെപ്പോലെ റോബിന്റ്റെ അമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ ജീന തിരിച്ചറിയുന്നുണ്ടായിരുന്നു തന്നിലെ സംഭരിച്ച് വെച്ച ധൈര്യമെല്ലാം ചോർന്നുപോവുന്നത്…

നോക്ക് മോളെ. .എന്റെ മോന് മോളോടുളള സ്നേഹത്തിന്റെ ആഴവും പരപ്പും അറിയാവുന്നത് കൊണ്ട് മാത്രമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഞാൻ അവനുവേണ്ടി നിനക്കായ് കാത്തിരുന്നത്…..

വയസ്സ് മുപ്പത്തഞ്ച് ആവാറായി അവന്… ഇനിയും എനിക്ക് വയ്യ ഈ കാത്തിരുപ്പിന്…അതോണ്ടാണ് ഞാനവന് ഇന്നൊരുദിവസം കൂടി നിനക്കായ് മാറ്റിവെക്കാൻ നൽകിയത്…പക്ഷേ ഇന്നും മോളവന്റ്റെ ഇഷ്ടത്തെ പുച്ഛിച്ച് തള്ളിയപ്പോൾ ആകെ തകർന്നാണവൻ വീട്ടിലേക്കെത്തിയത്. ..

ഞാനവന്റ്റെ പെറ്റമ്മയല്ലേ മോളെ…അവന്റെ സങ്കടം കണ്ടു നിൽക്കാൻ തോന്നിയില്ല…അതാണവനെയുംകൂട്ടി ഞാനിപ്പോൾ തന്നെ വന്നത്…എന്തുകൊണ്ടാണ് മോൾക്ക് അവനെ ഇഷ്ടമില്ലാത്തത് എന്ന് അമ്മയോടെങ്കിലും കുഞ്ഞൊന്ന് പറഞ്ഞുതാ…

ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാമവനെ അത്…പിന്നീടൊരിക്കലും റോബിൻ മോളെ ശല്ലൃപ്പെടുത്തില്ല…അതീഅമ്മയുടെ വാക്കാണ്. ..നൊന്ത് പ്രസവിച്ച മകന്റെ വേദന കാണാൻ വയ്യാത്തത് കൊണ്ടാണ്. .

മരിക്കുന്നതിനു മുമ്പ് അവനൊരു കുടുംബായി കാണാനും അവന്റ്റെയും അവന്റെ കുഞ്ഞുങ്ങളുടെയുംകൂടെ കഴിയാനുളള കൊതികൊണ്ടും ചോദിക്കുകയാണ് …എന്ത് കൊണ്ടാണ് മോൾക്കവനെ ഇഷ്ടമില്ലാത്തത്…

സത്യം മാത്രമേ പറയാവൂ മോളമ്മച്ചിയോട് കാരണം വേറെ ഒരു പ്രണയമോ പ്രശ്നമോ മോൾക്കില്ലാന്ന് ഞങ്ങൾക്കറിയാം അതോണ്ട് സത്യം മാത്രം. ..

ഒരു നിമിഷം തനിക്ക് ചുറ്റും ആകെ നിശബ്ദമായത് പോലെ തോന്നി ജീനക്ക് …എന്ത് പറയും കർത്താവെ ഞാനിവരോട്…ജീന ഒരു സഹായത്തിനായ് മോളിയെ നോക്കിയപ്പോൾ നിസ്സഹായതയോടെ അവർ തലതാഴ്തി..

പറയാനൊരു കാരണം ഇല്ലെങ്കിൽ തനിക്കെന്നെ സ്നേഹിച്ചൂടെ ജീനേ…എന്റെ ജീവൻ തന്നും ഞാൻ നിന്നെ സ്നേഹിച്ചോളാം..ഒരിക്കലും കരയിപ്പിക്കില്ല… നിനക്കന്നെ സ്നേഹിച്ചൂടെ മോളെ..

നിസ്സഹായതയോടെ…അതിലുപരി പ്രതീക്ഷയോടെ റോബിൻ ജീനക്ക് മുമ്പിൽ നിന്നപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ മോളി അവിടെനിന്ന് പുറത്തേക്കോടി…

തനിക്ക് മുന്നിൽ തന്റ്റെ സ്നേഹത്തിനായ് യാചനയോടെ നിൽക്കുന്ന റോബിനെ നോക്കിയപ്പോൾ ജീന ഒരുനിമിഷം പൊട്ടിചിതറിവന്ന കരച്ചിൽ നെഞ്ചിലിട്ടമ്മർത്തി…ഇല്ല ഇവിടെ കരഞ്ഞുപ്പോയാൽ.. തളർന്നു പോയാൽ. ..

വേണ്ട ഇനിയും ഈ വീർപ്പുമുട്ടൽ സഹിക്കാൻ വയ്യ…

അമ്മച്ചി. ..എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് എനിക്കറിയില്ല. ..പക്ഷേ ഇനിയും ഞാൻ നിങ്ങളോടൊന്നും പറയാതിരുന്നാൽ എന്നോട് കർത്താവ് പോലും പൊറുക്കില്ല…

റോബിച്ചാ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. .എന്നെക്കാൾ..ഈ ഭൂമിയിലെ മറ്റെത്തിനെക്കാളും ഇഷ്ടമാണ്. ..

തന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ നിൽക്കുന്ന റോബിനെ നോക്കി വേദനയോടെ ജീന തുടർന്നു. ..

എനിക്ക് പക്ഷേ നിങ്ങളെ വിവാഹം കഴിക്കാൻ പറ്റില്ല നിങ്ങളെയെന്നല്ല ഒരിക്കലും ഒരു പുരുഷനെയും വിവാഹം കഴിക്കാൻ എനിക്ക് സാധിക്കില്ല റോബിച്ചാ…

എന്തോ ചോദിക്കാനൊരുങ്ങിയ റോബിനെ കൈഉയർത്തി തടഞ്ഞ്ജീന തുടർന്നു..

അമ്മച്ചി പറഞ്ഞില്ലേ മരിക്കുന്നതിന് മുൻപ് മകന്റെ കുഞ്ഞുങ്ങളുടെ കൂടെ ജീവിക്കണമെന്ന്…എനിക്കൊരിക്കലും അതിനു സാധിക്കില്ല. ..ഒരാളുടെ കുഞ്ഞിനെയും ഗർഭപാത്രത്തിൽ ചുമക്കാൻ എനിക്ക് പറ്റില്ല കാരണം എനിക്ക് ഗർഭപാത്രമില്ല…. ..അതു മാത്രമല്ല ഞാനൊരു പൂർണ സ്ത്രീപോലുമല്ല..

അമ്പരന്ന മുഖത്തോടെ പകച്ചുതന്നെ നോക്കുന്ന റോബിനെ വേദനയോടെ നോക്കി ജീന തുടർന്നു …

ഞാൻ പറഞ്ഞത് സത്യമാണ് റോബിച്ചാ നിങ്ങളെ ഒഴിവാക്കാൻ വേണ്ടി പറയുകയല്ല..നിങ്ങളെല്ലാം പുറമെനിന്നുനോക്കുമ്പോൾ കാണുന്ന ഈ മുഖവും പിന്നെയെന്റ്റെയീ ഉയർന്ന മാറിടങ്ങളും ഒരു സ്ത്രീയുടെ മനസ്സും അത്ര മാത്രമേയുള്ളൂ എന്നിൽ ഒരു പെണ്ണിന്റ്റേതായി..ബാക്കി പകുതി ഭാഗം ഞാനൊരു പുരുഷ നാണ് റോബിച്ചനെപ്പോലെ…

ഒരു ഞെട്ടലോടെ റോബിൻ തന്നെ പകച്ചുനോക്കുമ്പോൾ ജീന കേട്ടു പുറമെ നിന്ന് മോളിയുടെ ഉച്ചത്തിലുളള കരച്ചിൽ. ..

അമ്മച്ചിക്ക് മനസ്സിലായില്ലേ എന്ത് കൊണ്ടാണ് ഞാൻ റോബിച്ചനിൽ നിന്ന്മാറി നിന്നതെന്ന്….

എനിക്കു പോലുമറിയില്ല അമ്മച്ചി ഞാൻ ശരിക്കും ഒരാണാണോ. .അതോ ഒരു പെണ്ണാണോന്ന്…ഒന്നറിയാം ഞാനൊരു ആണുംപെണ്ണും കെട്ടവളാണ് എന്ന്..ഒരു അർദ്ധ നാരി ആണെന്ന് …. ഒരു ശിഖണ്ഡിയാണെന്ന്…

ഇങ്ങനെയൊരു പെണ്ണിനെ …..അല്ല….. ആണിനെയാണോ അമ്മച്ചിക്കാവശ്യംമരുമകളായ്…

ഒരപേക്ഷയുണ്ട് നിങ്ങളോടെനിക്ക് ഞാനൊരു ഹിജഡയാണെന്നൊരിക്കലും ഈ പൊൻമുടിക്കാരറിയരുത്..ഞാനിങ്ങനെ ജീവിച്ചോട്ടെ

ഒരുപൊട്ടികരച്ചിലോടെ ജീന അവിടെ നിന്നോടിമറഞ്ഞപ്പോൾ തനിക്കു മുന്നിലവശേഷിച്ച ശൂന്യതയിൽ പകച്ചു നിന്നുപോയ് റോബിൻ. . അപോഴുമവന്റ്റെ മനസ്സിൽ തിളങ്ങി നിന്നിരുന്നു ജീന എന്ന തന്റ്റേടിയുടെ മുഖം. ..പക്ഷേ അതിലിപ്പോൾ പാതി ഒരു പുരുഷന്റെ രൂപമായിരുന്നു