Story written by Sumayya Beegum T A
============
അയ്യേ ഈ അമ്മയ്ക്ക് വല്ലതും അറിയുമോ അച്ഛാ. ഏതു കോഴ്സ് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം…
മകൾ അതും പറഞ്ഞു കളിയാക്കി പോകുമ്പോൾ അവൾക്ക് നൊന്തില്ല എങ്കിലും അയാൾക്ക് നൊന്തു.
ഗീതേ,മോൾ ഇപ്പോൾ സംസാരത്തിൽ ഒക്കെ ഒത്തിരി മാറിപ്പോയി ഇല്ലേ?
ടീനേജ് അല്ലേ വിശാലേട്ടാ അവളുടെ പ്രായം അവൾ ആസ്വദിക്കട്ടെ.
അമ്മേ ഒരു അൻപതു പേർക്ക് എന്ത് ഫുഡ് എങ്ങനെ വേണം എന്നൊക്കെ പറയാൻ അമ്മ പെർഫെക്ട് ആണ് പക്ഷേ ഞങ്ങളുടെ എഡ്യൂക്കേഷൻ, കരിയർ അതിലൊന്നും അമ്മയ്ക്ക് വോയിസ് ഇല്ല കേട്ടോ…
മോൻ അതും പറഞ്ഞു ചപ്പാത്തി കഴിച്ച പാത്രം കൊണ്ടു സിങ്കിലിട്ടു.
ഞാൻ ഒളിക്കണ്ണിട്ടു അവളെ നോക്കി.
മുഖത്ത് ഒരു കാർമേഘം ഉരുണ്ടു കൂടിയിട്ടുണ്ട്.
മോൻ എപ്പോഴും അമ്മയുടെ റൈറ്റ് ഹാൻഡ് ആണ് ഇന്ന് അവനും അങ്ങനെ പറഞ്ഞപ്പോൾ അവൾക്കിത്തിരി ഫീൽ ആയെന്നു തോന്നുന്നു.
അച്ഛാ അച്ഛനൊരു ലെക്ചറെയോ എഞ്ചിനീയറെയോ ഒക്കെ പുഷ്പം പോലെ കിട്ടുമായിരുന്നു പിന്നെ ഈ അമ്മയുടെ കൈപ്പുണ്യത്തിൽ മൂക്ക് കുത്തി വീണു പോയതാണോ.
അവനതും പറഞ്ഞു ചിരിച്ചോണ്ട് അമ്മയുടെ കവിളിലൊരു ഉമ്മ കൊടുത്തു കളിക്കാൻ ഓടി.
ഗീതേ…
എന്തേ…
എനിക്ക് തെറ്റ് പറ്റിയോ?
ഇതുവരെ കുഴപ്പമില്ല വിശാലേട്ടാ പക്ഷേ നാളെ ഞാൻ അവർക്കൊരു ഭാരമാകും അതുറപ്പാണ്..
അത്താഴത്തിനായി അരി കുക്കറിൽ ഇട്ടുകൊണ്ട് അവൾ അയാളോട് പറഞ്ഞു.
പണി കഴിഞ്ഞില്ലേ ഗീതേ.
ഏട്ടന് കഞ്ഞി, മക്കൾക്ക് ചപ്പാത്തി ഇരിപ്പുണ്ട്. അമ്മയ്ക്ക് ഓട്സ് അതും കൂടി ഉണ്ടാക്കണം. അതുകഴിഞ്ഞു ഫ്രീ. കറികൾ ഒക്കെ ഇരിപ്പുണ്ട്.
അവൾ വരുന്നതും കാത്തു വരാന്തയിൽ ഇരുന്നു വിശാൽ ഓരോന്നോർത്തു പോയി.
തന്റെ നിർബന്ധം ആയിരുന്നു ജോലി ഉള്ള പെണ്ണിനെ വേണ്ട എന്ന്, അധികം പഠിപ്പും ഉള്ള കുട്ടി ആവരുത്. അങ്ങനെ ആണ് പാര മെഡിക്കൽ കോഴ്സ് കഴിഞ്ഞ ഗീതയുടെ പ്രൊപോസൽ ബ്രോക്കർ കൊണ്ടുവരുന്നത്.
ചെന്നു കണ്ടു ഇഷ്ടപ്പെട്ടു.
കണ്ടിഷൻസ് ഒക്കെ അവർക്ക് പൂർണ സമ്മതം. ജോലിക്ക് പോകാൻ പാടില്ല അത് തനിക്കു നിർബന്ധം ആയിരുന്നു. അതിലൊരു വിട്ടു വീഴ്ച ഇല്ലെന്ന് നേരത്തെ ബ്രോക്കറോട് താൻ തീർത്തു പറഞ്ഞിരുന്നു.
ചെറുപ്പം തൊട്ട് അമ്മ ജോലിക്ക് പോകുമ്പോൾ ഉണ്ടായ ഒറ്റപ്പെടലും അരക്ഷിതാവസ്ഥയുമാണ് തന്നെ അങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്. അതൊക്കെ അറിയാവുന്നത് കൊണ്ടു ഗീത ഒരിക്കൽ പോലും ജോലി, പഠനം എന്നൊന്നും തന്നോട് പറഞ്ഞിട്ടുമില്ല.പക്ഷേ ഇന്നത്തെ അവളുടെ അവസ്ഥ ഓർക്കുമ്പോൾ….
വിശാലേട്ടോ.. വിശാലമായി സ്വപ്നം കാണുക ആണോ?
ഗീതേ എന്റെ തീരുമാനം തെറ്റി പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. നിനക്ക് ജോലിക്ക് പോകാൻ ഇഷ്ടമായിരുന്നോ?
ഹഹഹഹ പത്തൊൻപതു കൊല്ലം കഴിഞ്ഞപ്പോൾ ആണോ ചേട്ടാ ഇതൊക്കെ ചോദിക്കുന്നത്?
നീ പറ.
അങ്ങനെ ചോദിച്ചാൽ ദൂരെയൊരു ഹോസ്പിറ്റലിൽ റേഡിയോളജി ടെക്നിഷ്യൻ ആയി ജോലി പറഞ്ഞു വെച്ച് ജോയിൻ ചെയ്യാൻ ഒരു ആഴ്ച ഉള്ളപ്പോൾ ആണ് ഈ ആലോചന വന്നത്.
സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം എന്നുപറഞ്ഞു അച്ഛനും വീട്ടുകാരും സന്തോഷിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല. അന്നത്തെ വീട്ടിലെ അവസ്ഥ ഞാൻ പറയണ്ടല്ലോ. പിന്നെ ചേട്ടന്റെ കണ്ടിഷൻസ് ഒക്കെ സമ്മതിച്ചതുകൊണ്ട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അന്ന് തന്നെ മനസ്സിൽ നിന്ന് എല്ലാം മായ്ച്ചു. പിന്നെ ഇപ്പോഴാണ് അതൊക്കെ ഓർക്കുന്നത് തന്നെ.
ഇപ്പോൾ നിനക്ക് എന്ത് തോന്നുന്നു ഗീതേ?
അങ്ങനെ ചോദിച്ചാൽ ഞാൻ എന്താണ് പറയുക വിശാലേട്ടാ?
എന്റെ മക്കൾ ഏറ്റവും നന്നായി ബാല്യം ആസ്വദിച്ചു,
ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള നേരം കഴിച്ചു.
നന്നായി ഒരുങ്ങി വൃത്തിക്കും ഭംഗിക്കും നടന്നു.
ഉഴപ്പാതെ പഠിച്ചു.
അതുപോലെ ചേട്ടന്റെ ഒരു കാര്യവും മുടങ്ങാതെ ഞാൻ ചെയ്തു തന്നു. അച്ഛൻ മരിക്കുന്ന വരെയും നല്ല പോലെ പരിചരിച്ചു ഇപ്പോൾ അമ്മയെയും നോക്കുന്നു.
എല്ലാരും ഹാപ്പി ആണ് വിശാലേട്ടാ..അവളൊരു മങ്ങിയ ചിരിയോടെ പറഞ്ഞു നിർത്തി.
നീയോ ഗീതേ?
ഞാനോ?ഞാൻ…. ചിരിക്കാൻ മറന്നു, തല ഉയർത്തി അഭിപ്രായങ്ങൾ പറയാൻ മടിച്ചു.
ഇഷ്ടങ്ങളെ ഒക്കെ ഇഷ്ടക്കേടുകളാക്കി.
വെളുപ്പിനെ മക്കളെ ഒരുക്കി വീട്ടുകാര്യവും നോക്കി ജോലിക്ക് ഓടി പോകുന്നത് എന്നും വെറുതെ സ്വപ്നം കണ്ടു.അവസാനം സ്വപ്നത്തിലും ചെയ്തു തീർക്കാനുള്ള അടുക്കള ജോലികൾ ഓടി വന്നപ്പോൾ ഉറക്കം തന്നെ കുറച്ചു.
അങ്ങനെ അങ്ങനെ..
എന്റേതായ ആവശ്യങ്ങൾക്ക് നിങ്ങൾക്ക് മുമ്പിൽ കൈ നീട്ടുമ്പോൾ, ജോലിക്കാരായ അമ്മമാരുള്ള കൂട്ടുകാരെ പറ്റി മക്കൾ അസൂയപെടുമ്പോൾ, നിങ്ങളുടെ അമ്മയ്ക്ക് മക്കൾ കൊടുക്കുന്ന ബഹുമാനം കാണുമ്പോൾ എല്ലാം ഒരു നീർതുള്ളി ഞാൻ പോലുമറിയാതെ എന്നിൽ ഊറി പിന്നെ അത് തണുത്തുറഞ്ഞു.
നിലവിൽ ഇപ്പോൾ ഒരു മരവിപ്പ് മാത്രം.
എന്നോട് പൊറുക്കെടി പറ്റിപ്പോയി.
അയ്യേ!എന്തിനു? ഞാൻ കൂടി തിരഞ്ഞെടുത്ത ജീവിതം അതിൽ ചേട്ടന് കുറ്റബോധത്തിന്റെ ആവശ്യമില്ല.
പിന്നെ ഒരു വീട്ടമ്മയ്ക്ക് മാത്രമേ വീട് നന്നായി കൊണ്ടുപോകാൻ സാധിക്കു എന്നതൊക്കെ നമ്മുടെ ചില നിർബന്ധബുദ്ധികൾ മാത്രം ആണ് വിശാലേട്ടാ.
പഠിക്കണം ഒരു ജോലി വാങ്ങണം എന്ന് പോലും മക്കളോട് പറയാൻ പറ്റാതെ ഒരു മാതൃകയും കാണിച്ചു കൊടുക്കാനില്ലാതെ കുടുംബത്തിന് വേണ്ടി ചുമ്മാ ബലിയാടുകൾ ആകുന്നവരാണ് വീട്ടമ്മമാർ. നാളെ ചികിത്സയ്ക്കും മറ്റും മക്കൾക്ക് മുമ്പിൽ കൈ നീട്ടേണ്ടിവരുമ്പോൾ അന്ന് അവരും പുച്ഛിക്കും ഇല്ലേ വിശാലേട്ടാ.
ഗീതേ നീ ഇങ്ങനെ ഒന്നും പറയാതെ നീ ഒരിക്കൽ പറഞ്ഞില്ലേ നിനക്ക് തയ്യൽ പഠിക്കണം എന്ന് അല്ലെങ്കിൽ പക്ഷി വളർത്തൽ. ഏതാണോ ഇഷ്ടം നമുക്ക് തുടങ്ങാം. നാളെ തന്നെ.
ഹഹഹഹ അങ്ങനെ വിശാലേട്ടൻ പറയുമ്പോ ഉടനെ മോട്ടിവേഷൻ വന്നു പെട്ടന്ന് ഒരു പ്രസ്ഥാനം ആയിമാറാൻ ഞാൻ ഒരു സീരിയൽ കഥാപാത്രം അല്ല.
എന്റെ ചിന്തകൾ, മനസ്സ് ഐസ് പോലെ തണുത്തുറഞ്ഞു. എപ്പോ എങ്കിലും എനിക്ക് തന്നെ അതിലൊരു മാറ്റം വേണം എന്ന് തോന്നിയാൽ അന്ന് ഞാൻ പറയാം. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും എനിക്ക് തരണം അപേക്ഷ ആണ്.
നീ എന്നോട് പ്രതികാരം ചെയ്യുക ആണോ ഗീതേ?
ഒരിക്കലുമില്ല വിശാലേട്ടാ ഇപ്പോഴും എപ്പോഴും ഞാൻ ഒന്ന് തന്നെ പറയുന്നു ആണായാലും പെണ്ണായാലും എത്തേണ്ടിടത്തു എത്തിയില്ലെങ്കിൽ ഉത്തരവാദി അവരവർ തന്നെ.
നിലാവ് ഇല്ലാത്ത മാനത്തെ കാർമേഘം അയാളുടെ മനസ്സിൽ പെയ്തു തുടങ്ങി അവൾക്കായി ആദ്യമായി ❤