എത്ര പറഞ്ഞു മനസ്സിലാക്കിയാലും അവൾ നമുക്കൊരു തീരാവേദന തന്നെയാവും. രഘുവേട്ടനെ….

ഇനിയൊന്നു പെയ്യട്ടെ….

Story written by Jainy Tiju

================

“ഹലോ, ഹിമാ”

പതിവില്ലാതെ രഘു വേട്ടന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.

“എന്താ, എന്താ രഘുവേട്ടാ, എന്തെങ്കിലും പ്രശ്നമുണ്ടോ?” ഞാൻ വേപഥുവോടെ തിരക്കി

“ഹിമാ, ന്റെ അമ്മാളു, അവൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ടോ. ഇപ്പോ ജൂബിലി മിഷ്യനിലാ.”

രഘുവേട്ടൻ കരഞ്ഞു പോയിരുന്നു. കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും ചോദിച്ചു.

“പക്ഷേ, എന്തിന് രഘുവേട്ടാ?”

“അവൾക്ക് എന്നെ നഷ്ടപ്പെടാൻ വയ്യെന്ന്. അവളെന്നെ സ്നേഹിച്ചിരുന്നൂത്രേ. ഹിമാ, നിനക്കറിയാലോ, മുറപ്പെണ്ണാണെങ്കിലും അവളെനിക്ക് കുഞ്ഞനിയത്തിയായിരുന്നു, അല്ല മകളെപ്പോലാരുന്നു. എന്നിട്ടും അവൾ എന്നോടീ ചതി… “

കോൾ മുറിഞ്ഞു. പൊട്ടിക്കരഞ്ഞപ്പോൾ കട്ടാക്കിയതാവാം. ദേഹം തളർന്ന് ഞാനും കിടക്കയിലേക്കിരുന്നു.

അമ്മാളു, അനാമിക…രഘുവേട്ടന്റെ ചെറിയമ്മാവന്റെ മകൾ. രഘുവേട്ടന്റെ സംസാരത്തിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന കുറുമ്പുകാരി. പ്ലസ് ടു തോറ്റപ്പോ പഠനം നിർത്തി അമ്മായിയായ രഘുവേട്ടന്റെ അമ്മയുടെ ശിങ്കിടിയായി നടക്കുന്ന വായാടി. നന്നേ ചെറുപ്പത്തിൽ അച്ഛൻ മരിച്ചപ്പോൾ മൂന്ന് ആങ്ങളമാരും കൂടെ വന്ന് തറവാട്ടിലേക്ക് കൊണ്ട് വന്നതാണ് രഘുവിനേയും അമ്മയെയും…അന്നുതൊട്ട് ഇന്നുവരെ അമ്മാവൻമാരായിരുന്നു രഘുവേട്ടന്റെ എല്ലാം….അമ്മാവൻമാരുടെ മക്കളെല്ലാം രഘുവേട്ടന് ഒരു വല്യേട്ടന്റെ സ്ഥാനവും നൽകിയിരുന്നു.

അമ്മാളു ജനിച്ചപ്പോൾ 13 വയസ്സായിരുന്നു രഘു വേട്ടന്. അന്നു മുതൽ വിക്രമാദിത്യന്റെ വേതാളം പോലെ അവൾ ആ ചുമലിൽ തൂങ്ങിയുണ്ടാവും. ഇതിനിടയിൽ എപ്പോഴാവും അവളുടെ മനസ്സിൽ ഏട്ടന്റെ സ്ഥാനം മാറിയത്?

തൃശ്ശൂർ കലക്ടറേറ്റിലെ UD ക്ലാർക്കു മാരാണ് ഞാനും രഘു വേട്ടനും. പ്രായം കൊണ്ട് മൂത്തത് രഘുവേട്ടനാണെങ്കിലും സർവീസിൽ ഞാനായിരുന്നു സീനിയർ. ആ ഒരു ബഹുമാനം അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നു. ബഹുമാനം പിന്നീട് പ്രണയത്തിന് വഴിമാറി. പെരുമാറ്റത്തിലും സംസാരത്തിലും മിതത്വവും പക്വതയും പുലർത്തിയിരുന്ന ആ നാട്ടിൻ പുറത്തുകാരന്റെ മനസ്സിലെ നന്മയെ ഞാനും ഇഷ്ടപ്പെട്ടിരുന്നു അപ്പോഴേക്കും…ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സ്നേഹവും കരുതലും മാന്യതയും എന്റെ അച്ഛന്റെ മുന്നിൽ വിഷയം അവതരിപ്പിക്കാൻ എനിക്ക് ധൈര്യമേകി.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. രഘുവേട്ടൻ അച്ഛനോട് സംസാരിച്ചതും വീട്ടുകാരെ കൂട്ടി വന്ന് പെണ്ണു ചോദിക്കാൻ അച്ഛൻ ആവശ്യപ്പെട്ടതും….

ഇന്നലെയായിരുന്നു വളയിടീൽ ചടങ്ങ്. മൂത്ത അമ്മാവന്റെ മകളായിരുന്നു പെങ്ങളുടെ സ്ഥാനത്ത് നിന്നത്.

“ഞാൻ മാത്രമല്ല ട്ടോ, ഒരു വഴക്കാളി നാത്തൂൻ കൂടിണ്ട് വീട്ടിൽ…അവളെ സോപ്പിട്ട് നിന്നോളൂ ട്ടോ ഏട്ടത്തി. എന്നാലേ ജീവിക്കാൻ പറ്റൂ ” എന്ന അവളുടെ ഡയലോഗിന് എല്ലാരും ചിരിച്ചു. അവൾ വരാതിരുന്നതിന് എന്തോ കാരണവും പറഞ്ഞു. ആരും അറിഞ്ഞിരുന്നില്ല രാത്രി അവൾ ഇങ്ങനെ ചെയ്യുമെന്ന്…

ചിന്തയിൽ നിന്നുണർന്ന് ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. അമ്മയോട് ഒരു കൂട്ടു കാരിയെ കാണണമെന്ന് പറഞ്ഞ് ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ജൂബിലി പഴയ ബ്ലോക്കിന് മുന്നിൽ ഓട്ടോയിറങ്ങുമ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ. താഴത്തെ  നിലയിൽ തന്നെയുള്ള ബേൺസ് ICU വിന്റെ മുന്നിൽ ഒരു പാട് ആളുകൾ. മിക്കതും പരിചിതമുഖങ്ങൾ. എന്നെക്കണ്ടതും അവർ പരസ്പരം പിറുപിറുത്തു. അവരുടെ എല്ലാം നോട്ടത്തിൽ എന്നോടെന്തോ ദേഷ്യം പോലെ. എനിക്ക് ദേഹം തളർന്നു. ഒരു ആശ്രയത്തിനായി ഞാൻ ചുറ്റും നോക്കി….

ആദ്യം മുന്നിൽ കണ്ടത് വരാന്തയിലെ ബെഞ്ചിൽ എല്ലാം നഷ്ടപ്പെട്ടതു പോലെയിരിക്കുന്ന രഘു വേട്ടന്റെ അമ്മയെയായിരുന്നു. വിറയ്ക്കുന്ന കാലടികളോടെ ഞാൻ അമ്മയുടെ അരികിലേക്ക്  നടന്നു. പതുക്കെ ഞാൻ അമ്മയുടെ തോളിൽ കൈ വെച്ചു.

“അമ്മേ” ഞാൻ പതിയെ വിളിച്ചു. അമ്മ ഒന്നു ഞെട്ടിയത് പോലെ തോന്നി.

“മോളെ….” പെട്ടെന്ന് അമ്മ എന്റെ കൈകളിൽ പിടിച്ചു.

“അറിഞ്ഞില്ല്യേ നീയ്, ന്റെ കുട്ടി കാണിച്ച പണി. എന്തു ബുദ്ധി മോശം തോന്നിയോ അതിന്. ന്റെ കുട്ടിക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നൂന്ന് അറിഞ്ഞിരുന്നില്യാലോ….അറിഞ്ഞിരുന്നൂച്ചാ…ഞാനൊരിക്കലും അവളെ ……”

പറഞ്ഞു മുഴുമിപ്പിക്കാനാവാതെ അവരെന്റെ കൈകളിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു. രഘുവേട്ടനെ അവിടെയൊന്നും കാണാനില്ലായിരുന്നു.

ഐസിയുവിന്റെ  തൊട്ടു മുന്നിലെ കസേരയിൽ നെറ്റിയിൽ കൈവെച്ച് കണ്ണടച്ച് കുഞ്ഞമ്മാവൻ ഇരിക്കുന്നുണ്ടായിരുന്നു. തോളിൽ തല ചേർത്ത് കിടക്കുന്ന അമ്മായിയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചിട്ടു മുണ്ട്. എന്നെ കണ്ടപ്പോൾ അദ്ദേഹം  പതിയെ എഴുന്നേറ്റു.

“മോളെ, ജീവന് ആപത്തെന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്..നാൽപതു ശതമാനം പൊള്ളലുണ്ടത്രേ. സമയത്ത് കണ്ടതു കൊണ്ട് രക്ഷപ്പെട്ടു. രഘു നല്ലവനാ….ഒന്നും അവന്റെ തെറ്റല്ല. ഞങ്ങടെ കുട്ടി ഒരു പൊട്ടിയായി പോയി. അല്ലെങ്കിൽ ഞങ്ങളെ മറക്കോ?ആണായിട്ടും പെണ്ണായിട്ടും ഒന്നേ തന്നുള്ളൂ ഈശ്വരൻ. അതിനെ ആരുടേലും കയ്യിലേൽപ്പിച്ച് മനസ്സമാധാനത്തോടെ കണ്ണടക്കാനായിരുന്നു ആഗ്രഹം. പക്ഷേ….”

നിറഞ്ഞു വന്ന മിഴികൾ ആരും കാണാതിരിക്കാൻ വൃഥാ ഒരു പരിശ്രമം നടത്തി അദ്ദേഹം.

അമ്മായി അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു.

“കുട്ടി കണ്ടിട്ടില്യാലോ അമ്മാളൂനെ. സുന്ദരിയായിരുന്നു അവൾ. മുട്ടൊപ്പം മുടിയും. ഇപ്പോ ആകെ പൊള്ളിയടർന്ന്…ഇതൊക്കെ കാണാൻ എന്തിനാ എന്നെ ബാക്കി വെച്ചേക്കണേ ന്റെ കൃഷ്ണാ….”

ഇനിയും അവിടെ നിൽക്കാൻ കരുത്തില്ലായിരുന്നു. പിൻതിരിഞ്ഞോടി വരുമ്പോൾ കോണിച്ചുവട്ടിൽ രഘുവേട്ടൻ…പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ വേഷവും…ആകെക്കൂടി ഒരു പ്രാകൃത നെപ്പോലെ. ഒറ്റ ദിവസം കൊണ്ട് തകർന്നു പോയിരിക്കുന്നു പാവം. എന്നെക്കണ്ടതും ആ കണ്ണുകൾ നിറഞ്ഞു

“ഹിമാ, ഞാനൊരു തെറ്റും ചെയ്തിട്ടില്ല….എന്റെ കുഞ്ഞനിയത്തി തന്നെയായിരുന്നു എനിക്കവൾ. പക്ഷേ, അമ്മാളു….നിന്നോട് എന്താ പറയണ്ടെ എന്ന് എനിക്കറിയില്ല. അവളീ അവസ്ഥയിൽ ഉള്ളപ്പോ നമ്മളെങ്ങനെയാ ഹിമാ സന്തോഷമായി ജീവിക്കുക? നീ എന്നോട്…. “

ഞാൻ കയ്യുയർത്തി തടഞ്ഞു…..”വേണ്ട രഘുവേട്ടാ. നിങ്ങളത് പറയണ്ട. എനിക്ക് മനസ്സിലാവും. അവിടെയുള്ള ഓരോ മിഴികളിലും അതേ യാചനയുണ്ട്. എത്ര പറഞ്ഞു മനസ്സിലാക്കിയാലും അവൾ നമുക്കൊരു തീരാവേദന തന്നെയാവും. രഘുവേട്ടനെ എനിക്കറിയാം. കുടുംബത്തിന് വേണ്ടി എന്തു ത്യാഗവും ചെയ്യാൻ മനസ്സുള്ള നിങ്ങൾക്ക് അവൾക്കൊരു ജീവിതം കൊടുക്കാനായേക്കും”

“ഹിമാ” നെഞ്ചു പൊട്ടുന്ന വേദനയോടെ അദ്ദേഹം വിളിച്ചു.

ഞാൻ തുടർന്നു….

“എന്നെയോർത്ത് വേദനിക്കണ്ട. ഞാൻ ആ ത്മ ഹ ത്യ ചെയ്യില്ല. നിങ്ങളെ ഓർത്ത് കാലം കഴിക്കുകയും ഇല്ല. സമയമെടുത്താലും മറ്റൊരു ജീവിതം സ്വീകരിക്കാനുള്ള ആർജവം എനിക്കുണ്ട്. കാരണം, സഫലമാവാത്ത ഒരു പ്രണയത്തെക്കാൾ ഞാനെന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് വില കൽപ്പിക്കുന്നു.”

മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വരാന്തയിലേക്ക് ഇറങ്ങി. മനസ്സിൽ അമ്മാളുവിന്റെ മുഖം മാത്രം…

“കുട്ടി, നിന്റെ ഒരു നിമിഷത്തെ ചാപല്യം കൊണ്ട് എത്ര ജീവിതങ്ങളാണ് നീ തകർത്തത്? എത്ര പേരെയാണ് നീ കരയിപ്പിച്ചത് ? ഒരു മരണം കൊണ്ട് എന്തു വിജയമാണ് പ്രതീക്ഷിച്ചത്?നൊന്തു പ്രസവിച്ച അമ്മയുടെയും പോറ്റി വളർത്തിയ അച്ഛന്റെയും കണ്ണുനീർ വീഴ്ത്തിയിട്ട് ഏതു ലോകത്താണ് നീ ശാന്തി തേടി പോകാനാശിച്ചത്?

നിന്റെ രഘു വേട്ടനെ ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. ഞാൻ  മരിക്കില്ല. എനിക്ക് ജീവിച്ചേ പറ്റൂ. കാരണം, എന്റെ ജീവിതം എന്റെ മാത്രം ആവശ്യമാണ്.”

പുറത്ത് മഴ ചാറിത്തുടങ്ങിയിരുന്നു. കുടയെടുക്കാൻ തുനിയാതെ ഞാനും ആ മഴയിലേക്ക് ഇറങ്ങി നടന്നു.  ഇതു വരെ തടഞ്ഞു നിർത്തിയ കണ്ണുനീർ പൊട്ടിയാഴുകിത്തുടങ്ങിയിരുന്നു. അതെ, എനിക്കും ഒന്നു പെയ്യണം. പെയ്തൊഴിയണം….

~ജെയ്നി റ്റിജു