എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു….

_blur _lowlight

പെയ്തൊഴിയും നേരം…

എഴുത്ത്: സിന്ധു മനോജ്

=================

“ചേച്ചിയമ്മേ….”

തുളസിത്തറയിൽ വിളക്കു വെച്ച് തൊഴുതു നിന്ന നന്ദിനി ഒരു ഞെട്ടലോടെ, തന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വർഷയെ നോക്കി.

“ഹോ… ഈ പെണ്ണ് പേടിപ്പിച്ചു കളഞ്ഞല്ലോ. പൂച്ചയെപ്പോലെ പതുങ്ങി വന്നോണ്ടാണോ പ്രാർത്ഥിച്ചു നിൽക്കുന്ന ഒരാളെ ഇങ്ങനെ പൂണ്ടടക്കം കയറി പിടിക്കുന്നെ. അതും ഈ സന്ധ്യ നേരത്ത്. ഗേറ്റ് തുറക്കുന്ന ശബ്ദം പോലും കേട്ടില്ലല്ലോ.

ആരാ നന്ദു. വരാന്തയിൽ കാലും നീട്ടിയിരുന്ന സീതാലക്ഷ്മി വിളിച്ചു ചോദിച്ചു.

വർഷമോളാ സീതേ. ഈ പെണ്ണ് മിണ്ടാതെ വന്ന് പേടിപ്പിച്ചു കളഞ്ഞു നന്ദിനി മറുപടി കൊടുത്തു.

“ഓ..അപ്പൊഅപാര ധൈര്യശാലിയെന്നഹങ്കരിക്കുന്ന നന്ദിനിക്കുഞ്ഞമ്മക്കും പേടിയൊക്കെയുണ്ടല്ലേ…

ഗേറ്റിനടത്തു വന്നപ്പോഴേ കണ്ടു ഇവിടെ കണ്ണും പൂട്ടി നിൽക്കുന്നത്. എന്നാപ്പിന്നെ ശല്യം ചെയ്യണ്ടന്ന് കരുതി ഗേറ്റ് തുറക്കാതെ ഇപ്പുറം ചാടി.

എന്റെ കൃഷ്ണാ…ഈ  പെണ്ണിതെന്ത് ഭാവിച്ചാ. ഗിരീഷ്‌ ഇവിടില്ലാതിരുന്നത് ഭാഗ്യം. ഇല്ലേൽ അവനെന്ത് വിചാരിച്ചേനെ

ങേ..ഗിസ്സേട്ടൻ ബാംഗ്ലൂര്ന്ന് എപ്പോ എത്തി

“കുറച്ചു ദിവസമായി വന്നിട്ട്.അവന് ഇങ്ങോട്ട് ട്രാൻസ്ഫറായി..നീ വിളിക്കാറുണ്ടന്നല്ലേ പറഞ്ഞേ…എന്നിട്ടും അവനിതു നിന്നോട് പറഞ്ഞില്ലേ.

മാത്‍സ് പഠിക്കാനിരിക്കുമ്പോ, ഒന്നും ഒന്നും കൂട്ടിയാൽ എത്രയാ ന്ന് ഡൌട്ട് വരുമ്പോഴാ കണക്കപ്പിള്ളയെ അങ്ങോട്ട് വിളിക്കുക. അന്നേരം മുടിഞ്ഞ ജാഡ. വാട്ട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടാൽ അതിന്റെ റിപ്ലൈ കിട്ടാൻ ഒരു മാസം വെയിറ്റ് ചെയ്യണം. പിന്നെങ്ങനാ വിശേഷം ചോദിക്കാൻ തോന്നാ  വെട്ടുപോ ത്തിനോട്.

ഹഹ… നിനക്കിനിയും ഈ കുട്ടിക്കളി മാറിയില്ലേ. ആദ്യമേ ഈ ഗിസ്സേട്ടൻ വിളി നിർത്ത്. അവനത് കേൾക്കുമ്പോഴാ നിന്നോടുള്ള ദേഷ്യം ഇരട്ടിയാകുന്നെ.”

“അതൊക്കെ ചുമ്മാ അഭിനയമല്ലേ ചേച്ചിയമ്മേ. എനിക്കറിയാം ഞാൻ അങ്ങനെ വിളിക്കുന്നതാ പുള്ളിക്കിഷ്ടമെന്ന്.”

“ഉം..അതൊക്കെ പോട്ടെ. നീയെന്താ ഒന്ന് വിളിച്ചു പറയാതെ പെട്ടന്നിങ്ങു പോന്നേ. നേരത്തെ അറിഞ്ഞെങ്കിൽ ചോറിന് എന്തെങ്കിലും ഒരു കൂട്ടാനും കൂടി ഉണ്ടാക്കാമായിരുന്നു.

“അപ്പൊ ബാംഗ്ലൂർ ന്ന് വന്ന ന്യൂജെൻ സായിപ്പും നന്ദിനിക്കുഞ്ഞമ്മയെ പോലെ കഞ്ഞിയും പയറുമാണോ കഴിപ്പ്.

ഈ പെണ്ണിന് നല്ല തല്ലിന്റെ കുറവുണ്ട്. അവൻ കേൾക്കണ്ട നിന്റെയീ വർത്താനം. നാക്കിനു എല്ലില്ലാതെയായാൽ ഇങ്ങനേം ഉണ്ടോ പെൺകുട്ടികൾ. കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം.

എന്റെ പൊന്നു നന്ദിനിക്കുട്ടീ കാലം മാറിയെന്നേ. അതിന്റെ കൂടെ ആളുകളും മാറും. അല്ലാതെ അമ്പലത്തിൽ പോകാനല്ലാതെ പുറത്തിറങ്ങാതെ, ആരോടും കൂട്ടുകൂടാതെ ഇതുപോലൊരു വീട്ടിൽ ഏകാന്തവാസം ചെയ്യാനൊന്നും ആരേം കിട്ടില്ല ഇക്കാലത്ത്.

ജീവിതം ഒന്നേയുള്ളു. അതിങ്ങനെ പരമാവധി എൻജോയ് ചെയ്യുക

അല്ല ചേച്ചിമ്മേ…ചേച്ചിമ്മക്ക് ഒരു കല്യാണം കഴിച്ചൂടായിരുന്നോ. എന്റെ പ്രായത്തിൽ രണ്ടുമൂന്നു പിള്ളേരും കൂടി വേണമായിരുന്നു. അങ്ങനെയാണേൽ ഞാനിവിടെ വരുമ്പോൾ എന്ത് രസമായിരുന്നേനെ. ഇതിപ്പോ എല്ലാർക്കും കൂടി എടുത്തു കൊഞ്ചിക്കാൻ ഞാനൊരാളുണ്ട്.

നന്ദിനി ഒരു നിമിഷം ഓർമ്മകളുടെ കുത്തൊഴുക്കിൽ വീണു നിശബ്ദയായി.

“നീ പോയ്‌ കുളിച്ചു ഡ്രസ്സ്‌ മാറി വാ. ഞാൻ കഴിക്കാനെടുത്തു വെക്കാം. വേണമെങ്കിൽ രണ്ടു മുട്ട പൊരിക്കാം

നന്ദിനി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു. നിറഞ്ഞു വരുന്ന മിഴികൾ വർഷ കാണാതിരിക്കാനുള്ള ഒരു രക്ഷപെടലായിരുന്നു അത്.

“വേണ്ട ചേച്ചിയമ്മേ, എനിക്കും ഇന്ന് കഞ്ഞിയും പയറും മതി.

സീതാന്റി, എന്തുണ്ട് വിശേഷം. സുഖമാണോ. അകത്തേക്ക് കയറുമ്പോൾ അവൾ സീതാ ലക്ഷ്മിയുടെ അടുത്തിരുന്നു കൈ പിടിച്ചു.

എനിക്കിവിടെ സുഖമായതുകൊണ്ടല്ലേ മോളേ ഇപ്പോഴും ഇങ്ങനെ ഓടി നടക്കാൻ  കഴിയുന്നെ. വേറെ വല്ലയിടത്തും ആയിരുന്നെങ്കിൽ എപ്പോഴേ കുഴിയിൽ ആയേനെ. നന്ദു എന്റെ ഭാഗ്യമാ കുട്ടി. ഇരുളിൽ ആണ്ടുപോയ എന്റെ കണ്ണിലെ വെളിച്ചം അവളാ.

വാ..നമുക്കിനി അകത്തിരിക്കാം സീതാന്റി. ചേച്ചിയമ്മ അടുക്കളയിലേക്ക് പോയിട്ടുണ്ട്..അവൾ സീതയെ കൈപിടിച്ച് അകത്തേക്ക് നടന്നു.

ബാഗുമെടുത്തു മുറിയിലേക്ക് നടക്കുമ്പോൾ ഗിരീഷിന്റെ മുറി തുറന്നു കിടക്കുന്നത് കണ്ടു.

അവൾ പതിയെ അങ്ങോട്ടേക്ക് കയറി.

ബുക്ക്‌ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. എം ടി യും ബഷീറും, മുകുന്ദനുമെല്ലാമുണ്ട് ആ പുസ്തകശേഖരത്തിൽ.

പാതി വായിച്ചു നിർത്തിയ പോലെ ഒരു നോവൽ ബെഡിൽ കിടപ്പുണ്ട്. അവളുടെ മുഖപുസ്തകസൗഹൃദം ‘സൂര്യകിരണിന്റെ ഈയിടെ പുറത്തിറങ്ങിയ പുതിയ നോവലായിരുന്നു അത്. അവളതു ആകാംഷയോടെ കയ്യിലെടുത്തു.

“സ്നേഹപൂർവ്വം ഗിരീഷിന്, എന്നെഴുതി ഒപ്പിട്ടിരിക്കുന്നു.

ഹോ…ഇങ്ങേര് ഞാൻ വിചാരിച്ചതിലും വലിയ പുള്ളിയാണല്ലോ എന്ന ആത്മഗതം പൂർത്തിയാകും മുന്നേ ഗിരീഷിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം അവളുടെ കാതിൽ വന്നു വീണു.

“ആരോട് ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറിയെ.?

“ആരോടും ചോദിച്ചില്ല.

ചോദിക്കാതെ ഇവിടെ കയറിയിറങ്ങാൻ തനിക്കു ആരാ അധികാരം തന്നേ.

അതേയ്, ഇതെന്റെ ചേച്ചിയമ്മയുടെ വീടാ. എന്റെ അമ്മയ്ക്കും കൂടി അവകാശപ്പെട്ടത്. ഈ വീട്ടിൽ എവിടെയും കയറിയിറങ്ങി നടക്കാനുള്ള അവകാശം എനിക്കുമുണ്ട്. ഞാൻ കുഞ്ഞിരാമൻ ചേട്ടന്റെ വീട്ടിലെ ഏതെങ്കിലും മുറിയിൽ കയറി വരുമ്പോൾ മാത്രേ ഈ ചോദ്യത്തിന് പ്രസക്തിയ്യുള്ളു ട്ടോ.

തന്നെയും അമ്മാവനെയും ചേർത്തുള്ള അവളുടെ പരിഹാസം അവനെ കോപാകുലനാക്കി.

എനിക്കീ വീട്ടിൽ അവകാശമുണ്ടോ ഇല്ലയോ എന്ന് ഓപ്പോൾ പറയട്ടെ. പക്ഷേ ഇവിടിരിക്കുന്ന ഏതൊരു സാധനവും എടുക്കാൻ എന്റെ അനുവാദം കൂടിയേ തീരു.

അതിന് ഞാനെന്തെടുത്തുന്നാ.

ആ പുസ്തകം അവിടെ വെച്ചേക്ക്. എനിക്കിഷ്ടമല്ല എന്റെ പുസ്തകങ്ങൾ ആരും എടുക്കുന്നത്.

അവളതിന് മറുപടി പറയാനൊരുങ്ങിയതും നന്ദിനി അകത്തേക്ക് വന്നു.

നീയിനും കുളിച്ചില്ലേ. എന്താ ഇവിടെ രണ്ടു പേരും കൂടി.

ഒന്നുമില്ല ചേച്ചിയമ്മേ. ഞാനീ ബുക്ക്‌ എടുത്തതിനാ ഇത്രേം ബഹളം. അഹങ്കാരത്തിനും വേണ്ടേ ഒരതിര്. അതില്ലാത്തവരോട് സംസാരിക്കാൻ പോകുന്ന എന്നെ പറഞ്ഞാ മതിയല്ലോ.

അവൾ ദേഷ്യത്തോടെ കയ്യിലിരുന്ന പുസ്തകം ബെഡിലേക്കിട്ട് പുറത്തിറങ്ങി.

നീയെന്താ മോനെ ഇങ്ങനെ. അവൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. അതുപോലാണോ നീ.ഇത്രയും വലിയൊരു കമ്പനിയുടെ തലപ്പത്തിരിക്കുമ്പോ കുറച്ചു കൂടി പക്വത കാണിക്കേണ്ടേ.

സോറി ഓപ്പോളേ. ഞാനീ വീട്ടിൽ അന്യനാണന്ന് മുഖത്തു നോക്കി പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. അപമാനം കൊണ്ടാ പ്രതികരിച്ചേ..ഇനി ഇങ്ങനെ ഉണ്ടാവില്ല.

സാരമില്ല പോട്ടെ. അതൊരു കഥയില്ലാത്ത പെണ്ണാ. നിന്നെയവൾക്ക് ജീവനാ. അത് തുറന്നു കാണിക്കാൻ അവളുടെ അഭിമാനം സമ്മതിക്കുന്നുമില്ല. നീയിങ്ങനെ വെട്ടുപോ ത്തിനെപ്പോലെ നിന്നിട്ടാ അവളും നിന്നോട് ഇങ്ങനെ.

എനിക്കും ഇഷ്ടകുറവൊന്നുമില്ല അവളോട്. പക്ഷേ ജാഡയാ സഹിക്കാൻ പറ്റാത്തത്.

ഹഹഹ..ഇത് തന്നെയാ അവളും നിന്നെക്കുറിച്ചു പറയുന്നത്.

നീ വാ ഞാൻ കഴിക്കാൻ എടുത്തു വെച്ചു.

കഞ്ഞികുടിക്കാനിരിക്കുമ്പോൾ വർഷ നിശബ്ദയായിരുന്നു.

വർഷാ..നീ  പിണങ്ങിയൊ എന്താ ഒരു മൗനം.

നന്ദിനിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ ഗിരീഷിനെ ഒന്ന് തറപ്പിച്ചു നോക്കി.

ഇങ്ങനെ രണ്ടെണ്ണത്തിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. കൾച്ചറില്ല രണ്ടിനും.

ചേച്ചിമ്മയുടെ ശിക്ഷണത്തിൽ വളർന്നിട്ടും ഇവിടെ ഉള്ളോർക്ക് കൾച്ചറില്ലെങ്കിൽ പിന്നെ എന്റെ കാര്യം പറയാനുണ്ടോ.

വർഷ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഗിരീഷിനെ പാളി നോക്കി.

ഗിരീഷ്‌ അത് കേട്ടതായി ഭവിക്കാതെ ഭക്ഷണം കഴിക്കുന്നത് തുടർന്നു.

മതി..ഇനി അതിന് വഴക്ക് തുടങ്ങേണ്ട രണ്ടും

ഗിരി, നിന്നോട് അമ്മ എപ്പോഴും പറയുന്നതല്ലേ വർഷമോള് ഇവിടെ വരുമ്പോൾ വഴക്കിടാൻ നിൽക്കരുതെന്ന്.

സീത ഒച്ചയെടുത്തു ചോദിച്ചു

നീയൊന്ന് മിണ്ടാതിരി സീതേ. വെറുതെ അവനെ വിഷമിപ്പിക്കണ്ട.അവനൊരു വഴക്കിനും പോയിട്ടില്ല.

നന്ദിനി സീതാലക്ഷ്മിയെ ശാസിച്ചു.

രാത്രി നന്ദിനിയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ വർഷ അവളോട് ചോദിച്ചു. ചേച്ചിമ്മേ…ചേച്ചിമ്മ ആരെയെങ്കിലും പ്രണയിച്ചിരുന്നോ. അത് നഷ്ടപ്പെട്ടു പോയതുകൊണ്ടാണോ ഒറ്റക്കുള്ളയീ ജീവിതം തിരഞ്ഞെടുത്തത്..

ഉം..അതേ

പെട്ടന്നുള്ള ആ മറുപടി വർഷ പ്രതീക്ഷിച്ചില്ല. ചേച്ചിമ്മ ഒഴിഞ്ഞു മാറും എന്നായിരുന്നു അവളുടെ വിശ്വാസം

ആരായിരുന്നു ചേച്ചിമ്മേ അത്. അമ്മ ഇടയ്ക്കിടെ അവിടെയും ഇവിടെയും തൊടാതെ ഓരോന്നു പറയും.അപ്പോഴേ വിചാരിച്ചു എന്നെങ്കിലും ചേച്ചിമ്മയോട് ഇതെക്കുറിച്ച് ചോദിക്കണം ന്ന്. ഇനി പറ എന്നോട്.വിശദമായിട്ട്. എന്തിനാ സീതാന്റിയേം ഗിസ്സേട്ടനെയും കൂടെ കൂട്ടി അവർക്ക് വേണ്ടി ജീവിച്ചു തീർക്കുന്ന.

വർഷ  നന്ദിനിയുടെ ദേഹത്ത് ചാരി ബെഡിൽ എണീറ്റിരുന്നു

പറയാം. അതിന് മുൻപ് ഞാനൊന്നു പറയട്ടെ. ഗിരി മോൻ ഈ വീട്ടിൽ അന്യനല്ല. നിന്നെപ്പോലെ അവനും ഈ വീട്ടിലെ കുട്ടിയാ. പക്ഷേ അവനതറിയില്ല. ഞാൻ പറഞ്ഞിട്ടുമില്ല. ഇനി മേലിൽ നീ അവനോട് അന്യരെപ്പോലെ പെരുമാറരുത്.

വർഷ അത് കേട്ട് ഞെട്ടി നന്ദിനിയെ മിഴിച്ചു നോക്കി

ഗിസ്സേട്ടൻ ചേച്ചിമ്മേടെ സ്വന്തം മോനാണോ…

നീയിപ്പോ ഉറങ്ങൂ. എനിക്ക് പറയാനുള്ളത് കേൾക്കാൻ അവനും കൂടെ വേണം. ഇനിയത് പറയാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലോ. നമുക്ക് നാളെ സംസാരിക്കാം.

വേണ്ട എനിക്കിപ്പോ അറിയണം  ഞാൻ പോയ്‌ ഗിസ്സേട്ടനെ വിളിച്ചു കൊണ്ടു വരാം.

വേണ്ടന്ന് വിലക്കാൻ ആകുന്നതിനു മുന്നേ അവൾ എഴുന്നേറ്റ് ഗിരിയുടെ മുറിയിലേക്ക് ഓടി.

ഓർമ്മകളെ ഒന്നടുക്കിപ്പെറുക്കിയെടുക്കാൻ നന്ദിനി മെല്ലെ മിഴികളടച്ചു തലയിണയിലേക്ക് മുഖമമർത്തി.

പുറത്ത്, കാലം തെറ്റി ഉരുണ്ടുകൂടിയ കാർമേഘക്കുന്ന് പെയ്തലിയാൻ തിടുക്കപ്പെട്ട് വെന്തുകിടന്ന മണ്ണിലേക്ക് തുള്ളികളിറ്റിച്ചു തുടങ്ങി..

****************************

“കുഞ്ഞിരാമാഎത്രനാളായി ഞാൻ പറയണൂ നിന്നോട്, നിന്റെ ഭാര്യേം മക്കളേം ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാൻ. ആ ഞാറ്റുപുര അടച്ചു പൂട്ടികിടന്ന് ദ്രവിച്ചു പോകും. അവിടെയൊരു വെട്ടവും വെളിച്ചവും ഉണ്ടാകട്ടെന്ന് കരുതി പറയുന്നതാ.”

ആഴ്ചയവസാനം വീട്ടിൽ പോകാനുള്ള അനുമതികാത്തുനിൽക്കുന്ന കുഞ്ഞിരാമനോട് മുത്തശ്ശി പരിഭവം പറഞ്ഞു.

വേണുവും, ഹരിയും വരുമ്പോൾ അവരുടെ കൂട്ടുകാരെ സൽക്കരിക്കാൻ അവിടെ കൂടും. എത്ര പറഞ്ഞാലും കള്ളുകുടി നിർത്തില്ല. നിങ്ങളവിടെ ഉണ്ടെങ്കിൽ ഈ കോപ്രായങ്ങളൊന്നും നടക്കില്ല. അതോർത്താ പിന്നേം പിന്നേം ഞാനിത് നിന്നോട് പറയണേ.

“സീതയുടെ കാര്യം ഞാനിവിടെ പറഞ്ഞിട്ടില്ലേ ലക്ഷ്മിയമ്മേ.ആ കുട്ടിക്ക് ഇവിടെ വന്നാൽ വല്ല ബുദ്ധിമുട്ടും ഉണ്ടായാലോന്ന് കരുതിയാ ഞാൻ മടിച്ചത്.”

ആ കുട്ടിക്ക് ഇവിടെയെന്ത് ബുദ്ധിമുട്ട്. നന്ദിനിയും, നീലിമയുമുണ്ടല്ലോ ഇവിടെ. അവരുടെ കൂടെയാകുമ്പോ അതിനും മനസ്സിനൊരു സന്തോഷം കിട്ടിയാലോ. അതിനെ നമുക്ക് നല്ലൊരു ഡോക്ടറെ കാണിക്കാം. വേണു വരട്ടെ.അവനോടും കൂടി പറയാ ഞാൻ. അതെന്നും ഈ ഇരുട്ടിൽ തപ്പി നടന്നാ നിനക്കും എന്താ ഒരു സമാധാനമുള്ളെ.

കണ്ണ്മാറ്റിവെക്കാതെ വേറൊന്നും ചെയ്യാനില്യന്നാ ഡോക്ടറ് പറയണേ. അതിനൊക്കെ ഒരുപാട് കാശും വേണം.

അതിനൊക്കെ നമുക്ക് വഴീണ്ടാക്കാം. വേണു വരട്ടെ എന്തായാലും.

“സുഭദ്രേ, ഹരി ഇത്തവണ നാട്ടിൽ വന്നാൽ നന്ദിനിയുടെയും അവന്റെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. വേണുനും ഒരു കുട്ടിയെ അന്വേഷിക്കണം. അവന്റെ കല്യാണം കഴിഞ്ഞാലും അവൻ മദ്രാസിന്ന് ഇങ്ങോട്ട് താമസം മാറുമെന്ന് എനിക്ക് തോന്നണില്ല. ഇക്കാലത്ത് കുഞ്ഞിരാമനെപ്പോലെ ആത്മാർത്ഥയുള്ള ഒരു പണിക്കാരനെ കിട്ടാൻ വല്യ പാടാ. അവനിവിടെ ഉള്ളത് നമുക്കും ഒരു സഹായാകും.അതാ ഞാനവനെ ഇവിടെ കൂടാൻ നിർബന്ധിക്കുന്നെ.”

കുഞ്ഞിരാമൻ പടികടന്നു മറഞ്ഞപ്പോൾ മുത്തശ്ശി അമ്മയോട് പറഞ്ഞു.

അങ്ങനെ ഒരോണക്കാലത്ത് കുഞ്ഞിരാമനും കുടുംബവും ഞാറ്റുപുരയിൽ താമസം തുടങ്ങി.

പുറത്ത് പെയ്തു നിറയുന്ന മഴക്കൊപ്പം വലിയ ശബ്ദത്തിൽ ഇടി വെട്ടി. വർഷ ഞെട്ടിപ്പിടഞ്ഞ് അരികിലിരുന്ന ഗിരീഷിന്റെ കൈകളിൽ അമർത്തി പിടിച്ചു. എന്തുകൊണ്ടോ ഗിരീഷ് ആ കൈകൾ തട്ടി മാറ്റാൻ ശ്രമിക്കാതെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

നന്ദിനി അത് കണ്ടു പുഞ്ചിരിയോടെ വീണ്ടും പറഞ്ഞു തുടങ്ങി.

നിന്റമ്മയുടെ അതേ പ്രായമായിരുന്നു സീതക്ക്. എന്നേക്കാളും, നീലിമയെക്കാളും സുന്ദരിയായിരുന്നു അവൾ. പക്ഷേ,വർണ്ണകാഴ്ചകൾ അന്യമായിപ്പോയ അവളുടെ ഇരുൾ നിറഞ്ഞ മിഴികൾ എല്ലാവരിലും ഒരു നൊമ്പരമുണർത്തി.

നീലിമ പണ്ടേ ഒരു മർക്കടമുഷ്ടിയായിരുന്നു. അതുകൊണ്ട് എന്നോടായിരുന്നു സീതക്ക് കൂടുതൽ അടുപ്പം. കോളേജ് വിട്ടു വന്നാൽ എല്ലാ വിശേഷങ്ങളും ഞാനവളെ പറഞ്ഞു കേൾപ്പിക്കും. മദ്രാസിൽ നിന്നും ഹരിയേട്ടന്റെ കത്തുകൾ വരുമ്പോൾ അതിലെ ഒരോ വിശേഷങ്ങളും ഞാനവളോടാ പറയാ.

വല്യമ്മാമയുടെ മോൻ ഹരിമാമന്റെ കാര്യമാണോ ചേച്ചിമ്മ പറയണേ.

വർഷ ഇടക്ക് കയറി ചോദിച്ചു.

അതേ..ഹരിയേട്ടൻ എന്റെ മുറച്ചെറുക്കനായിരുന്നു. കളിച്ചു നടക്കുന്ന പ്രായത്തിൽ തോന്നി തുടങ്ങിയ ഇഷ്ടത്തിന് അമ്മയും, അമ്മാവനും കൂടെ നിന്നു.

കാവിലെ ഉത്സവത്തിനു വരുമ്പോൾ മോതിരക്കല്യാണം നടത്താം ന്ന് മുത്തശ്ശി പറഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു. അതും ആദ്യം ഓടിച്ചെന്നു പറഞ്ഞത് സീതയോടായിരുന്നു.

വേണുവേട്ടനും ഹരിയേട്ടനുമൊപ്പം രണ്ടുകൂട്ടുകാരുമുണ്ടായിരുന്നു അക്കൊല്ലം ഉത്സവത്തിന്.

ക ള്ള്കുടിയും മറ്റും ഞാറ്റുപുരയിൽ നടത്താൻ പറ്റാത്ത കാരണം മുത്തശ്ശിയുടെ എതിർപ്പ് വകവെക്കാതെ തെങ്ങിൻതോപ്പിൽ കൂടി എല്ലാരും.

അന്ന് അമ്പലത്തിൽ ഗാനമേളയുണ്ടായിരുന്നു. സീതയെ ഞാൻ ഒരുപാട് നിർബന്ധിച്ചു കൂടെ വരാൻ. പക്ഷേ അവള് കൂട്ടാക്കിയില്ല. ഇവിടെയിരുന്നാലും പാട്ട് കേൾക്കാലോ നന്ദു എന്ന് പറഞ്ഞപ്പോൾ ഞാനും നീലിമയും തനിയെ അമ്പലപ്പറമ്പിലേക്ക് പോയ്‌.

തിരിച്ചു വരുമ്പോൾ അമ്മയും, മുത്തശ്ശിയുമെല്ലാം ഞാറ്റുപുരയുടെ മുറ്റത്ത്‌. കുഞ്ഞിരാമേട്ടൻ തിണ്ണയിൽ തൂണും ചാരിയിരുന്നു കരയുന്നു.

എന്താമ്മേന്നും ചോദിച്ചു ഞാനങ്ങോട്ട് ഓടി ചെല്ലുമ്പോൾ ഒന്നുമില്ല, ഇങ്ങോട്ട് വരേണ്ട വീട്ടിൽ പോ എന്ന് അമ്മ ഒച്ചവെച്ചു.

പിറ്റേന്ന് സീതയെക്കാണാൻ ഞാറ്റുപുരയിലേക്ക് നടക്കുമ്പോൾ അമ്മ പറഞ്ഞു നീയിപ്പോ അങ്ങോട്ട്‌ പോണ്ട. സീതക്ക് നല്ല സുഖമില്ലന്ന്.

അമ്മയുടെ വാക്കുകളെ അവഗണിച്ചു ഞാൻ ഞാറ്റുപുരയിലേക്ക് ഓടി.

സീത കിടക്കുകയായിരുന്നു ഞാൻ ചെല്ലുമ്പോൾ. കടുത്ത ജ്വരം പിടിച്ചപോലെ കരിമ്പടം പുതച്ച് വിറച്ചുകൊണ്ട് കിടക്കുന്ന അവളുടെയരികിൽ ചെന്നിരിക്കുമ്പോൾ എന്തിനെന്നറിയാതെ എങ്ങലടിച്ചു കരഞ്ഞു ഞാൻ. സീതയെ ഒരിക്കലും അങ്ങനെയൊരവസ്ഥയിൽ ഞാൻ കണ്ടിട്ടില്ലായിരുന്നു അതുവരെ.

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു.

അതിനു ശേഷം സീത മറ്റൊരാളായി. ആരോടും മിണ്ടാതെ, കുളിക്കാതെ, ഭക്ഷണം കഴിക്കാതെ മനസ്സിന്റെ സമനിലതെറ്റിയപോലെ മുറിയിൽ ചടഞ്ഞു കൂടി അവൾ.

ഹരിയേട്ടന്റെയും, എന്റെയും മോതിരക്കല്യാണം നിശ്ചയിച്ചപോലെ തന്നെ നടന്നു. ചടങ്ങുകൾ നടക്കുമ്പോഴൊക്കെ ഞാൻ വേണുവേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. യാതൊരു സന്തോഷവുമില്ലാതെ, നിർവികാരമായ മുഖഭാവത്തോടെ ചടങ്ങുകൾക്ക് സാക്ഷിയാകുന്ന വേണുവേട്ടൻ.

തിരിച്ചു പോകുന്നതിന്റെ തലേദിവസം വരെ വേണുവേട്ടൻ അതേ അവസ്ഥയിലായിരുന്നു. അന്ന് രാത്രി ഞാൻ ഏട്ടന്റെ മുറിയിൽ ചെന്നു.

എന്തുപറ്റി ഏട്ടാ..ഏട്ടൻ ഇങ്ങനെ അല്ലായിരുന്നുലോ. എപ്പോഴും പൊട്ടിച്ചിരിച്ചു നടക്കുന്ന ഏട്ടന്റെ മുഖത്ത് ഒരു പുഞ്ചിരിപോലുമില്ല ല്ലോ.

ഹേയ്, ഒന്നുമില്ല നന്ദു. എന്റെ മനസ്സ് ശരിയല്ല. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ. അതിന്റെ ടെൻഷനാ.

ഞാൻ ഏട്ടനെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായില്ലേ.ജോലിയുടെ ടെൻഷൻ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടല്ലോ. അന്നൊന്നും ഇങ്ങനെ കണ്ടിട്ടില്ല ഏട്ടനെ.സത്യം പറ എന്താ പറ്റിയെ ഏട്ടന്.

എന്റെ ചോദ്യങ്ങൾക്ക് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.

മോളേ, ഏട്ടനൊരു തെറ്റുപറ്റി.

നന്ദു ഓർക്കുന്നില്ലേ അന്ന് ഞങ്ങൾ തെങ്ങിൻതോപ്പിൽ കൂടിയ ദിവസം. അമ്പലത്തിലെ ഗാനമേളക്കൊപ്പം ഞങ്ങളും പാട്ടും ഡാൻസുമായി ഒരുപാട് നേരം അവിടെ ചിലവഴിച്ചു. ഇടക്കെപ്പോഴോ ഹരി ഞാറ്റുപുര വരാന്തയിലിരുന്ന സീതയെ നോക്കി എന്തോ പറയുന്നതും പിന്നെ എഴുന്നേറ്റു പോകുന്നതും മ ദ്യം തലയ്ക്കു പിടിച്ച് അടഞ്ഞു പോകുന്ന കണ്ണുകളോടെ ഞാൻ കണ്ടു.

നേരമേറെ കഴിഞ്ഞിട്ടും അവനെ കാണാതെ ഞാനും ഞങ്ങളുടെ കൂട്ടുകാരും ഇങ്ങോട്ട് വരികയായിരുന്നു. ഞാറ്റുപുരയ്ക്കു മുന്നിലെത്തിയപ്പോൾ സീതമോളുടെ ഉറക്കെയുള്ള കരച്ചിൽ കേൾക്കാം. കാര്യമറിയാനായി ഞാനകത്തു കയറി. അവിടെ കണ്ട കാഴ്ച ഒരു നിമിഷം എന്റെ സപ്തനാഡികളും തളർത്തുന്നതായിരുന്നു. സീതയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഹരി.

ഞാനവനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ കുഴഞ്ഞു പോകുന്ന കൈകാലുകൾക്ക് അവനെ തടയാനുള്ള ബലമില്ലായിരുന്നു. അവന്റെ ഒരോ പ്രവൃത്തികളും അടഞ്ഞു പോകുന്ന കണ്ണുകളോടെ ഞാൻ നോക്കി നിന്നു. ആ കാഴ്ചകൾ ഒരു നിമിഷം എന്നെയും മറ്റൊരാളാക്കി.

ഹരിയുടെ ഊഴം കഴിഞ്ഞപ്പോൾ ഞാനും…പിന്നെ മറ്റുള്ളവരും

മതി, നിർത്തു. നന്ദിനി കരഞ്ഞുകൊണ്ട് കാതുകൾ പൊത്തി.

പൊട്ടിപ്പിളർന്നുള്ള അവളുടെ കരച്ചിൽ കണ്ട് വേണു വിറങ്ങലിച്ചു നിന്നു.

രണ്ടുപേരും ചേർന്ന് അവളെ മാത്രമല്ല എന്നെയും ചതിക്കുകയായിരുന്നു. എല്ലാം അറിഞ്ഞോണ്ട് എന്നേക്കൂടി തകർക്കാൻ കൂട്ടു നിന്നല്ലോ വേണുവേട്ടനും.

ഇത് ഞാൻ ക്ഷമിക്കില്ല. നിങ്ങളോട് ഞാൻ പൊറുക്കില്ല. ഇനിയീ കല്യാണം എനിക്ക് വേണ്ട.

നന്ദിനി പൊട്ടിക്കരഞ്ഞു കൊണ്ട് വേണുവിന്റെ മുറിയിൽ നിന്നിറങ്ങിയോടി.

പിറ്റേന്ന്, യാതൊരു ഭാവമാറ്റവുമില്ലാതെ കുസൃതിയോടെ അവളെ ചേർത്തണക്കാൻ ശ്രമിക്കുന്ന ഹരിയുടെ മുന്നിൽ, അവനിൽ നിന്നും എന്തെങ്കിലുമൊരു ഏറ്റുപറച്ചിൽ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നന്ദിനി നിന്നു. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടി ചെന്ന നിമിഷം അവൾ വെറുപ്പോടെ അവനെ തള്ളി മാറ്റി.

എന്തുപറ്റി നന്ദൂ..അല്ലെങ്കിൽ കണ്ടിട്ട് ഒരുമ്മ തന്നില്ലല്ലോ എന്ന് പരാതി പറയുന്നവളാണല്ലോ. ഇങ്ങു വാ പെണ്ണേ. ഞാനിട്ട മോതിരമാ ആ വിരലിൽ കിടക്കുന്നെ. ഇനി നിന്നെയെനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.

അവൻ ചിരിച്ചുകൊണ്ട് അവളെ വീണ്ടും തന്നിലേക്കടുപ്പിക്കാൻ ശ്രമിച്ചു.

തൊട്ടു പോകരുതെന്നെ. നിങ്ങളെപ്പോലെ ഒരു ചതിയനെയാണ് ഞാൻ ഇത്രയും കാലം ജീവനെപ്പോലെ സ്നേഹിച്ചത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

നിങ്ങൾ അവകാശം സ്ഥാപിക്കാൻ ഇട്ടു തന്നതല്ലേ ഇത്. ഇതൂരിയെറിയാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്. അവൾ വിരലിൽ കിടന്ന മോതിരം ഊരിയെടുത്തു അയാളുടെ മുഖത്തേക്ക് എറിഞ്ഞു.

നന്ദൂ, നീയെന്താ ഈ കാണിക്കുന്നേ. നിനക്ക് ഭ്രാന്ത് പിടിച്ചോ.

എനിക്കല്ല ഭ്രാന്ത്. നിങ്ങൾക്കാണ് ഭ്രാന്ത്. അതല്ലേ കണ്ണുകാണാൻ പോലും വയ്യാത്ത ഒരു പാവം പെണ്ണിനോട് ഇതുപോലൊരു ക്രൂരത ചെയ്തത്.

ഓ…വേണു എല്ലാം പറഞ്ഞു ല്ലേ. മനപ്പൂർവമല്ല നന്ദൂ. മ ദ്യം തലയ്ക്കു പിടിച്ചപ്പോൾ ഒരു നിമിഷം ഞാൻ ഞാനല്ലാതായി പോയി.

ഏട്ടൻ അത് തുറന്നു പറയാനുള്ള മനസെങ്കിലും കാണിച്ചു. പക്ഷേ നിങ്ങൾ എന്റെ മുന്നിൽ ഭംഗിയായി അഭിനയിച്ചു കൊണ്ടേയിരുന്നു. ഏട്ടൻ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഞാനിത് അറിയില്ലയിരുന്നു. നിങ്ങൾ എന്നോട് പറയില്ലായിരുന്നു. ക്ഷമിക്കില്ല ഞാൻ നിങ്ങളോട്.

എന്നാ നീ ഒന്നൂടെ അറിഞ്ഞോളു. സീത മാത്രമല്ല ഒരുപാട് പെണ്ണുങ്ങളുടെ ശരീരത്തിന്റെ ചൂടറിഞ്ഞവനാ ഞാൻ. ഞാൻ മാത്രമല്ല. നിന്റെ ഏട്ടനും.

അയാളുടെ അഹങ്കാരം നിറഞ്ഞ വാക്കുകൾ അവളുടെ ദേഷ്യം വർധിപ്പിച്ചു. രൂക്ഷമായ ഒരു നോട്ടത്തിൽ എല്ലാം ഒതുക്കി അവളിറങ്ങി നടന്നു.

വിങ്ങിക്കരഞ്ഞുകൊണ്ട് വീട്ടിൽ ചെന്നു കയറുമ്പോൾ മുത്തശ്ശി കാരണം ചോദിച്ചു. ഒന്നും മിണ്ടാനുള്ള കരുത്തില്ലായിരുന്നു മനസ്സിന്. ഹരിയേട്ടനൊപ്പം നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ വെന്തു പുകയുകയാണ്. മനസ്സ് ആ തീചൂട് താങ്ങാനാകാതെ പിടഞ്ഞു കൊണ്ടിരിക്കുന്നു.

കാവിലെ കൃഷ്ണനു മുന്നിൽ നിന്ന് എന്തുമാത്രം പ്രാർത്ഥിച്ചിട്ടുണ്ട് എന്റെ കണ്ണാ, ഹരിയേട്ടനെ കാത്തോളണേ. ആ കാലിൽ ഒരു മുള്ളുപോലും കൊള്ളാതെ സൂക്ഷിച്ചോണേയെന്ന്.

ഉത്സവത്തിന് അരികിൽ ചേർന്നു നിന്ന് നിറമാലയും ചുറ്റുവിളക്കും തൊഴാൻ എന്തോരം മോഹിച്ചു.

എല്ലാം ഒരുപിടി ചാരമായത് ഒരു നിമിഷം കൊണ്ടാണല്ലോ ന്റെ കൃഷ്ണാ എന്ന് പതം പറഞ്ഞു കരഞ്ഞത് ദിവസങ്ങളോളമായിരുന്നു.

നന്ദൂ, ഏട്ടൻ ചെയ്ത തെറ്റിനുള്ള പ്രായ്ശ്ചിത്തം ഏട്ടൻ തന്നെ ചെയ്തോളാം. സീതയുടെ കഴുത്തിൽ ഒരു താലി കെട്ടാൻ ഞാൻ തീരുമാനിച്ചു. നീ ഒരുവട്ടം ഹരിയോട് പൊറുക്കു മോളേ.

തിരിച്ചു പോകും മുൻപ് വേണു നന്ദിനിയോട് പറഞ്ഞു.

ഇല്ല ഏട്ടാ ഹരിയോട് പൊറുക്കാൻ എനിക്കാവില്ല. ഹരിയുടെ കത്തുകൾ വരുമ്പോൾ സീതയെ ഞാൻ വായിച്ചു കേൾപ്പിക്കുമായിരുന്നു. അവളെപ്പോലെ,ഞങ്ങളുടെ പ്രണയം ഇത്രമേൽ അടുത്തറിഞ്ഞ, മനസ്സുകൊണ്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച വേറൊരാൾ ഉണ്ടാകില്ല. വേണുവേട്ടൻ വരുമ്പോൾ നല്ലൊരു ഡോക്ടറെ കാണിക്കാമെന്ന് മുത്തശ്ശി ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ വേണുവേട്ടനെയും സ്വന്തം ഏട്ടനെപ്പോലെ കരുതി ഏട്ടന്റെ നന്മക്കായി പ്രാർത്ഥിച്ചിരുന്നു അവളും. ഇതൊക്കെ പലവട്ടം ഞാൻ കത്തുകളിൽ എഴുതി അറിയിച്ചിരുന്നു. എന്നിട്ടും എങ്ങനെ ഇതുപോലൊരു ക്രൂ രത അതിനോട് ചെയ്യാൻ കഴിഞ്ഞു.

നന്ദു, ഏട്ടനോട് ക്ഷമിക്ക് മോളേ. അവളെ നമുക്ക് ചികിൽസിക്കാം. എന്റെ കൂടെ കൊണ്ടു പോകാം ഞാൻ എന്റെ പെണ്ണായിട്ട്. ഇതിൽ കൂടുതൽ എനിക്കിനി എന്ത് ചെയ്യാൻ കഴിയും.

അതൊക്കെ ഏട്ടന് ഇഷ്ടം പോലെ തീരുമാനിക്കാം. പക്ഷേ ഹരിയുമായുള്ള വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. ഇനിയീ ജന്മത്തിൽ മറ്റൊരു വിവാഹത്തിന് എന്നെ നിർബന്ധിക്കുകയുമരുത്.

ആരാലും ഇളക്കി മാറ്റാൻ കഴിയാത്ത തീരുമാനമായിരുന്നു അത്. വേണു നിസ്സഹായനായി നിറമിഴികളോടെ പാപഭാരത്താൽ കുനിഞ്ഞു പോയ ശിരസ്സുമായി അവൾക്ക് മുന്നിൽ നിന്നു.

വേണുവേട്ടന്റെ തീരുമാനത്തെ അംഗീകരിക്കാൻ മുത്തശ്ശി തയ്യാറായില്ല.പട്ടിണി കിടന്നും, അതുവരെ പൊക്കി പറഞ്ഞ നാവുകൊണ്ട് കുഞ്ഞിരാമനേയും, സീതയെയും ചീത്ത വിളിച്ചു പ്രാകി കൊണ്ട് മുത്തശ്ശി തന്റെ പ്രതിഷേധം അറിയിച്ചു. അതിന്റെ കൂടെ ഹരിയേട്ടനുമായുള്ള വിവാഹം വേണ്ട എന്ന എന്റെ തീരുമാനം കൂടി അറിഞ്ഞപ്പോൾ പെട്ടന്നൊരു ദിവസം മുത്തശ്ശി കിടപ്പിലായ്.

വല്ലിമ്മാമ്മയും അമ്മയും ഒരുപാട് തവണ അതിന്റെ കാരണം എന്നോട് ചോദിച്ചു. ഞാൻ ഒന്നും തുറന്നു പറയാൻ കൂട്ടാക്കിയില്ല. ഒടുവിൽ എന്റെ വാശിക്കു മുന്നിൽ എല്ലാരും മുട്ടുമടക്കി. എന്റെയും വേണുവേട്ടന്റെയും തീരുമാനങ്ങൾ കൂട്ടി വായിച്ച അമ്മക്ക് എന്തൊക്കെയോ മനസ്സിലായി.പക്ഷേ ഒരിക്കലും അമ്മ എന്നോടോ ഏട്ടനോടോ അതേപ്പറ്റി ഒന്നും ചോദിച്ചില്ല.

ദിവസങ്ങൾക്കു ശേഷം വല്ലിമ്മാമ്മ വീണ്ടും തറവാട്ടിൽ വന്നു. നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ ഹരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചു എന്ന വാർത്തയുമായി.

എന്തിനെന്നറിയാതെ അന്ന് രാത്രിമുഴുവൻ ഞാൻ കരഞ്ഞു.

നന്ദിനിയത് പറഞ്ഞു നിർത്തിയതും ചേച്ചീമ്മേ എന്ന വിളിയോടെ വർഷ അവളെ കെട്ടിപിടിച്ചു.

വർഷമോള് ചേച്ചിമ്മക്ക് കുടിക്കാൻ ഇത്തിരി വെള്ളം എടുത്തോണ്ട് വായോ.നന്ദിനി വരണ്ടുപോയ തൊണ്ട ചിനക്കിക്കൊണ്ട് പറഞ്ഞു.

വർഷ അടുക്കളയിലേക്ക് നടക്കുമ്പോൾ നന്ദിനി ഗിരിയെ ഒന്നൂടെ തന്റെ അരികിലേക്ക് ചേർത്തിരുത്തി ആ മുടിയിഴകളിൽ തലോടി

ഗിരീ, എന്നെങ്കിലും നീയിതൊക്കെ അറിയണം എന്നാഗ്രഹിച്ചിരുന്നതാ. ഇത്ര പെട്ടന്ന് വേണ്ടി വരും ന്ന് വിചാരിച്ചില്ല.

സാരമില്ല ഓപ്പോളേ എന്റെ അമ്മ ഇത്രയുമൊക്കെ അനുഭവിച്ചു എന്ന അറിവാ എന്നെ വേദനിപ്പിക്കുന്നെ. ഇതുവരെയും എന്റെ അച്ഛൻ ആരാണെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. എന്നെങ്കിലുമൊരിക്കൽ അയാൾ എന്റെ മുന്നിൽ വരും എന്നൊരു തോന്നലായിരുന്നു ഇതുവരെ.പക്ഷേ ഇങ്ങനെ ഒന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടുപോലുമില്ലായിരുന്നു.

ഗിരിയുടെ തൊണ്ടയിടറി.

നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ദൈവം നമുക്കായ് കരുതി വെക്കുക. വിധിയെന്ന് സമാധാനിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല നമുക്ക്.

വിവാഹം കഴിഞ്ഞു മാലതിയെയും കൂട്ടി ഹരി മുത്തശ്ശിയെ കാണാൻ വന്നു.

വർഷ കൊണ്ടുവന്ന വെള്ളം കുടിച്ച് നന്ദിനി വീണ്ടും പറഞ്ഞു തുടങ്ങി.

അന്നും ഞാൻ ഒരുപാട് കരഞ്ഞു. അത്രയേറെ സ്നേഹിച്ചിരുന്നു ഞാൻ ഹരിയെ. അതിനേക്കാളേറെ മോഹിച്ചിരുന്നു ഒന്നിച്ചൊരു ജീവിതം. പിന്നെ ഞാൻ എല്ലാറ്റിനോടും പൊരുത്തപ്പെട്ടു തുടങ്ങി.

വേണുവേട്ടൻ തിരിച്ചു പോകും മുൻപ് കുഞ്ഞിരാമനെ കണ്ട് സീതയുടെ കാര്യം സംസാരിച്ചിരുന്നു. പാവം കുഞ്ഞിരാമൻ സത്യം അറിയാതെ വേണുവേട്ടന്റെ നല്ല മനസ്സിനെ വാനോളം പുകഴ്ത്തി, കണ്ണീരോടെ ചേർത്ത് പിടിച്ചു.

അന്നത്തെ ആ സംഭവങ്ങളെല്ലാം കഴിഞ്ഞു രണ്ടു മാസമായിക്കാണും. മഴയുള്ള ഒരു ദിവസം മുറ്റത്തെ മാവിൻ ചോട്ടിൽ നിന്ന് കണ്ണു തുടക്കുന്ന ജാനുവേടത്തി, അരികിൽ തളർന്നു തൂങ്ങി കുഞ്ഞിരാമൻ. അവരോട് എന്തോ സമാധാനം പറയുന്ന അമ്മ.

“പാവം ന്റെ കുട്ടി. ആരാന്ന് പോലും പറഞ്ഞു തരാൻ കഴിയണില്യ അതിന്. ആശുപത്രിയിൽ കൊണ്ടോയി അതങ്ങു കളഞ്ഞാലോ എന്ന് ചോദിച്ചിട്ട് മിണ്ടുന്നുമില്ല.”

കുഞ്ഞിരാമന്റെ ശബ്ദം ഇടറിയിരുന്നു അത് പറയുമ്പോൾ

മഴയുടെ ശക്തികൂടിയപ്പോൾ അമ്മ ഇറയത്തേക്ക് ഓടിക്കയറി. യാതൊരു തിരക്കുമില്ലാതെ തോരാ മഴയിൽ നനഞ്ഞു കുഞ്ഞിരാമനും ജാനുവേടത്തിയും നടന്നു മറയുന്നത് നോക്കി നിൽക്കെ എനിക്ക് മനസ്സിലായി  ഇനിയും എന്തോ വലിയൊരാപത്തു കടന്നു വരുന്നുണ്ടെന്നു.

“നന്ദു, വേണുവിനെഴുതുമ്പോ ഒരു കാര്യം കൂടി എഴുതിക്കോളൂ, സീത ഗർഭിണിയാണ്. അതറിഞ്ഞു വേണുന്റെ തീരുമാനത്തിൽ ഒരു മാറ്റമുണ്ടാകുമെങ്കിൽ നല്ലതല്ലേ.

സംഭവിച്ചത് എന്തെന്നറിയാത്ത അമ്മ വേണുവേട്ടനെ രക്ഷപെടുത്താനുള്ള വഴി തെളിഞ്ഞതിൽ സന്തോഷിച്ചു കാണണം.

വേണുവേട്ടന് ഈ വാർത്ത താങ്ങാനാകുമോ, ഏട്ടൻ തീരുമാനത്തിൽ നിന്ന് പിന്മാറുമോ എന്നൊക്കെയോർത്ത് എന്റെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. കത്തെഴുതി മറുപടി കാത്തിരിക്കുന്ന ഓരോ ദിവസവും ഞാൻ തീ തിന്നുകയായിരുന്നു.

ആയിടെ തറവാട്ടിൽ ഫോൺ കണക്ഷൻ കിട്ടി. ആദ്യം വിളിച്ചതും വേണുവേട്ടനെയായിരുന്നു.

“നന്ദു, നിന്റെ കത്തു കിട്ടി. എന്തൊക്കെ സംഭവിച്ചാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല. നീലിമയുടെ കാര്യം ഒന്ന് ഉറപ്പിക്കും വരെ കാത്തിരിക്കാൻ പറ ആ കുട്ടിയോട്. പിന്നെ കുഞ്ഞിരാമേട്ടനോട്‌ പറയണം ആ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിക്കരുതെന്ന്. ആ കുഞ്ഞിനെ ഞാൻ വളർത്തും.

അതു കേട്ടപ്പോൾ മനസ്സിൽ നിന്നൊരു ഭാരമൊഴിഞ്ഞു പോയ ആശ്വാസമായിരുന്നു എനിക്ക്. പിന്നെപ്പിന്നെ വേണുവേട്ടൻ വിളിക്കുമ്പോഴൊക്കെയും സീതയെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ചു ഞാൻ. അഴിഞ്ഞു ചിതറിപ്പോയ ആ മനസ്സിനെ ഒന്നടുക്കിപ്പെറുക്കിയെടുക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്.

പക്ഷേ, സീത വേണുവേട്ടനെ തിരിച്ചറിഞ്ഞതും വീണ്ടും വല്ലാത്തൊരു ഷോക്കിലേക്കു പോയ്‌ അവളുടെ മനസ്സ്. സ്വന്തം ഏട്ടനെപ്പോലെ കരുതിയ ഒരാളെ ഭർത്താവിന്റെ സ്ഥാനത്തു കാണാൻ അവൾ തയ്യാറായില്ല.

മുത്തശ്ശിയുടെ മരണം പെട്ടന്നായിരുന്നു.

ചടങ്ങുകളെല്ലാം കഴിഞ്ഞു പോകാനിറങ്ങും നേരം വേണുവേട്ടൻ സീതയെക്കണ്ട് ഒരിക്കൽ കൂടി സംസാരിച്ചു. പക്ഷേ വേണുവേട്ടന്റെ ഭാര്യയാകാൻ ഒരിക്കലുമെനിക്കാവില്ലയെന്നവൾ ആവർത്തിച്ചു കൊണ്ടിരുന്നു.

വല്ലാത്തൊരു നിസ്സഹായതയിൽ വെന്തു നീറി വേണുവേട്ടൻ തിരിച്ചു പോയ്‌.

നീലിമയുടെ കല്യാണം കഴിഞ്ഞു അടുത്ത മാസം സീത പ്രസവിച്ചു. ഞാനും അമ്മയും സീതയുടെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു. വേണുവേട്ടൻ വരുമ്പോഴൊക്കെയും കുഞ്ഞിനെ ഇങ്ങോട്ട് എടുത്തു കൊണ്ടു വരും. അവന് വേണ്ടുന്നതെല്ലാം ചെയ്തു കൊടുക്കാൻ വേണുവേട്ടൻ ഒരു മടിയും കാട്ടിയില്ല അങ്ങനെ ഗിരി മോൻ എന്റെയും അമ്മയുടെയും കൈകളിൽ കിടന്നു വളർന്നു.

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി വേണുവേട്ടൻ മായേടത്തിയുടെ കഴുത്തിൽ താലി കെട്ടി. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാതെ രണ്ടുപേരും രണ്ടു ധ്രുവങ്ങളിലെന്ന പോലെ ഇപ്പോഴും അവരുടെ ജീവിതം ജീവിച്ചു തീർക്കുന്നു.

അമ്മയും കൂടി പോയപ്പോൾ സീതയെയും ഗിരിമോനേം ഞാൻ ഇങ്ങോട്ട് കൂട്ടി. കുഞ്ഞിരാമൻ തൃശൂർക്ക് തിരിച്ചു പോവുകേം ചെയ്തു.

വർഷ ഗിരിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ആ മിഴികൾ നിറഞ്ഞു തുളുമ്പി മടിയിൽ കമിഴ്ത്തി വെച്ച കൈകളിലേക്ക് അടർന്നു വീഴുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ചു പിടഞ്ഞു.

ഗിസ്സേട്ടാ, നമുക്ക് ഉറങ്ങിയാലോ. ബാക്കി നാളെ കേൾക്കാം..അല്ലേ ചേച്ചീമ്മേ.

നന്ദിനിയും ഓർമ്മകളോടേറ്റു മുട്ടി തളർന്നു തുടങ്ങിയെന്ന്  മനസ്സിലായപ്പോൾ വർഷ പറഞ്ഞു.

ഇന്നിനി ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. ഗിരി മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.ഓപ്പോൾ ക്ഷീണിച്ചെങ്കിൽ കിടന്നോളു.

ഇല്ല മോനെ.. ഓപ്പോൾ പറഞ്ഞു തീർക്കാം. ഒരുപക്ഷെ നാളെ എനിക്കിതു പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ലെങ്കിലോ.

ഹരിയേട്ടനുമായുള്ള വിവാഹം ഞാൻ വേണ്ടെന്ന് വെച്ചതിൽ സീത എന്നോട് ഒരുപാട് പിണങ്ങിയിട്ടുണ്ട്. അതിന്റെ കാരണം ചോദിച്ചിട്ട് ഞാനൊട്ടു പറഞ്ഞുമില്ല രണ്ടുപേരുടെയും ജീവിതം ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞത് ജീവനെപ്പോലെ സ്നേഹിച്ചവർ തന്നെയാണെന്ന് അവൾക്കിപ്പോഴും അറിയില്ല.

ആയിടെ ഹരിയേട്ടന്റെ ജീവിതം ആകെ മാറ്റി മറിച്ച ഒരു സംഭവമുണ്ടായി.

രാത്രി വേണുവേട്ടന്റെ ഫോൺ വന്നപ്പോൾ ഞാനൊന്ന് പേടിച്ചു. ആരാ ഈ അസമയത്തു ഒരു വിളി എന്നോർത്ത്. ഗിരിമോൻ ബാംഗ്ലൂർ ജോയിൻ ചെയ്തിട്ട് ഒരാഴ്ച ആകുന്നെ ഉള്ളൂ.ഇവനില്ലാതെ ഇവിടെ ഒറ്റക്കായതിന്റെ സങ്കടം എനിക്കും സീതക്കും വേണ്ടുവോളമുണ്ട്. രാത്രി ആരെങ്കിലും വിളിച്ചാൽ വല്ലാത്തൊരു പിടച്ചിലാണ്.

“നന്ദൂ, ഹരിക്ക് ഒരാക്സിഡന്റ്. മാലതിയും മോനും സ്പോട്ടിൽ തന്നെ…. ഹരി ഇപ്പോഴും ഓപ്പറേഷൻ തിയേറ്ററിലാണ്. ഒന്നും പറയാറായിട്ടില്ല എന്നാ ഡോക്ടർ പറഞ്ഞത്. മാലതിയേം മോനേം നാളെ അങ്ങോട്ട്‌ കൊണ്ടു വരും. നാട്ടിൽ മതിയെന്ന് അവളുടെ വീട്ടുകാർ.

ഗിരിയെക്കാൾ രണ്ടു വയസ്സിന്റെ ഇളപ്പമേയുള്ളു ഹരിയേട്ടന്റെ മോന്. അവനെയോർത്തപ്പോൾ മാത്രം എന്റെ നെഞ്ചു വല്ലാതെ പിടഞ്ഞു. അന്ന് രാത്രി പിന്നെ എനിക്ക് ഉറങ്ങാൻ പറ്റിയില്ല.

ആഴ്ചകൾക്കു ശേഷം ഹരിയേട്ടനും നാട്ടിലെത്തി. ജീവച്ഛവം പോലെ. നട്ടെല്ലിന് ഏറ്റ ക്ഷതം ജീവിതകാലം മുഴുവൻ കട്ടിലിൽ തന്നെ തളർത്തി കിടത്തി അയാളെ.

ഒരിക്കൽ വല്യമ്മാമ്മ ഇവിടെ വന്നു.

നന്ദൂ, ഹരിക്ക് നിന്നെയൊന്നു കാണണം എന്ന് പറയുന്നു. ഒന്നവിടെ വരെ വന്നൂടെ. ഈയൊരവസ്ഥയിലെങ്കിലും അവനോട് ക്ഷമിച്ചൂടെ നിനക്ക്. ഗിരീഷിനെ ഒന്ന് കാണാനും അവനാഗ്രഹം പറയുന്നുണ്ട്. രണ്ടു ദിവസം മുൻപാ അവനെന്നോട് എല്ലാം പറഞ്ഞത്.സത്യം പറഞ്ഞാ എനിക്കിതൊന്നും വിശ്വസിക്കാനും ആകുന്നില്ല. ഹാ.. ഒക്കെ ദൈവനിശ്ചയം. അല്ലാതെന്തായിപ്പോ പറയാ.

“ഗിരി മോനെ കാണാൻ അയാൾക്ക് ഒരവകാശവുമില്ലെന്നു പറഞ്ഞേക്കു. അവൻ അച്ഛനും അമ്മയുമില്ലാത്ത കുട്ടിയായി വളരേണ്ടി വന്നത് അയാളും കൂടി ചെയ്ത പാപത്തിന്റെ ഫലമാ. എന്റെ കുട്ടി ആ ഒരു കാര്യത്തിൽ എന്ത് മാത്രം വിഷമിച്ചിട്ടുണ്ട് എന്നെനിക്കറിയാം. അന്നൊന്നും ഇല്ലാത്ത സ്നേഹം ഇനി അവന് വേണ്ട. ഒറ്റക്കായി പോകുന്നതിന്റെ സങ്കടം അനുഭവിച്ചു തന്നെ അറിയട്ടെ.വേണു വേട്ടൻ ഇത്രത്തോളം കഠിന ഹൃദയനല്ലായിരുന്നു. ഗിരിയുടെ ഏതാവശ്യത്തിനും ഓടി വരാനും വേണ്ടത് ചെയ്യാനും ഏട്ടൻ സമയം കണ്ടെത്തിയിരുന്നു.ഹരിയേട്ടന് ഒരു കാൾ ചെയ്യാനുള്ള മനസ്സുപോലുമുണ്ടായില്ല ഇത്രയും കാലം.എന്നിട്ടിപ്പോ അവനെ കാണണം ന്ന്.

വല്യമ്മാമ്മ പിന്നെയൊന്നും പറയാതെ പടിപ്പുര കടന്നു പോയ്‌.

ജീവനെപ്പോലെ സ്നേഹിച്ചിട്ടും പകരം തന്ന കണ്ണീരിനും, വേദനക്കും പ്രായശ്ചിത്തമായി ഇനിയുള്ള കാലം അയാളും കരയട്ടെ എന്നു തന്നെ ഞാനും കരുതി. ഒരിക്കൽ പോലും അയാളെ കാണാൻ ഞാൻ പോയതുമില്ല.

“ഗിരി മോനെ, നിനക്ക് വേണമെങ്കിൽ അയാളെ പോയ്‌ കാണാം. ആ കൂടെ താമസിക്കണം എന്നുണ്ടെങ്കിൽ അതിനും ഓപ്പോൾ തടസ്സം നിൽക്കില്ല. വേണുവേട്ടൻ നിന്നെ കൂടെ കൊണ്ട് പോകാൻ ഏത് നിമിഷവും തയ്യാറാണ്. ഇതുവരെ കിട്ടാതെ പോയ സ്നേഹവും വാത്സല്യവും നിനക്കവരിൽ നിന്ന് കിട്ടുമെങ്കിൽ ആരുടെ കൂടെ വേണേലും പോകാം എന്റെ കുട്ടിക്ക്.സീത ഒരിക്കലും ഇതൊന്നും അറിയരുതെന്ന ഒരപേക്ഷ മാത്രേ ഉള്ളു. ആ പാവത്തിന്റെ മനസ്സ് ഇതൊന്നും താങ്ങൂല. എന്നെപ്പോലെ ധൈര്യമൊന്നും അതിനില്ല.

എനിക്കെവിടെയും പോണ്ട ഓപ്പോളേ. നാട്ടിലേക്കു മാറ്റം കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചത് അമ്മയ്ക്കും ഓപ്പോൾക്കൊപ്പം പഴയ പോലെ ഇവിടെ കൂടാലോ എന്നോർത്ത.. എനിക്കിനി എന്നും ഓപ്പോൾ മാത്രം മതി. പണ്ടും അങ്ങനെ അല്ലായിരുന്നോ.അമ്മയേക്കാൾ എന്നെ സ്നേഹിച്ചതും ഓപ്പോളല്ലേ . ഇനിയും എനിക്കീ സ്നേഹത്തണലിൽ ചാഞ്ഞുറങ്ങിയാ മതി. നമ്മുടെയിടയിലേക്ക് ഇനിയാരും കടന്നു വരേണ്ട.

അയ്യെടാ,നടന്നത് തന്നെ. എന്നെ പുറത്താക്കാം ന്ന് ആരും സ്വപ്നം കാണണ്ട.

പെട്ടന്നുള്ള വർഷയുടെ പ്രതികരണം അവരെ അതുവരെ അനുഭവിച്ച മാനസിക സംഘർഷങ്ങളെ മറന്ന് വലിയൊരു പൊട്ടിച്ചിരിയിലേക്ക് കൊണ്ട് പോയ്‌.

=================

തൊഴുതിറങ്ങി, പ്രസാദം വാങ്ങാൻ കൗണ്ടറിൽ വരി നിൽക്കുന്ന നന്ദിനിയെയും വർഷയെയും കാത്ത് ആൽത്തറയിലിരിക്കുമ്പോൾ ഗിരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അമ്മയുടെ പിറന്നാളാണിന്ന്. ഓർത്തു വെച്ച് എത്രയോ വർഷങ്ങളായി ഓപ്പോൾ അമ്പലത്തിൽ വന്ന് വഴിപാട് കഴിക്കുന്നു

കുട്ടാ അമ്മക്ക് വല്യ ഇഷ്ടാ കദളിപ്പഴം ചേർത്ത പായസം. എന്റെ കാലം കഴിഞ്ഞാലും മോൻ മറക്കാതെ ഇതൊക്കെ ചെയ്തേക്കണോട്ടോ.

വഴിപാടു പായസം നാവിൽ വെച്ചു തരുമ്പോൾ ഓപ്പോൾ പറഞ്ഞുകൊണ്ടിരിക്കും

പാവം ഓപ്പോൾ, തനിക്കും അമ്മയ്ക്കും വേണ്ടി സ്വന്തം ജീവിതം തന്നെ ബലികഴിച്ചു.

“എന്തുപറ്റി ഗിസ്സേട്ടാ, എന്തിനാ കരയണേ “

മുന്നിൽ വർഷയെ കണ്ടതും അവൻ കണ്ണുകൾ തുടച്ചു.

ഓപ്പോൾ എവിടെ

അവിടെ പഴയ ഏതോ കൂട്ടുകാരിയെ കണ്ട് സംസാരിച്ചു നിൽക്കുവാ. ഇടക്ക് ഞാനിങ്ങോട്ട് നോക്കുമ്പോൾ ഗിസ്സേട്ടൻ മുഖം പൊത്തി നിന്നു കരയുന്നു. ആളുകൾ ഒക്കെ നോക്കി പോണുണ്ടായിരുന്നു. അതാ ഞാനിങ്ങോട്ട് ഓടി വന്നേ.

അമ്മയെ ഓർത്തു. പിന്നെ ഓപ്പോളേ.

എന്നെയും അമ്മയെയും ഇത്രമേൽ സ്നേഹത്തോടെ നെഞ്ചോരം ചേർത്ത ഓപ്പോൾക്ക് ഞാനെന്തു പകരം കൊടുക്കണം എന്ന് ഭാഗവാനോട് ചോദിക്കുകയായിരുന്നു

ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറയട്ടെ.

ഉം.. പറ

ഈ കണ്ണന്റെ നടയിൽ വെച്ച് എന്റെ കഴുത്തിലൊരു താലി കെട്ടിയിട്ട് എന്നെ ചേച്ചീമ്മയെ ഏൽപ്പിച്ചോളു. ഗിസ്സേട്ടൻ പണ്ടേ ചേച്ചീമ്മേടെ സ്വകാര്യസ്വത്തായതല്ലേ.ഞാനും നിങ്ങൾക്കിടയിൽ ഇടിച്ചു കയറാൻ തീരുമാനിച്ചു.അച്ഛനും അമ്മയും തരാത്ത സ്നേഹമാ ചേച്ചിയമ്മ എനിക്ക് തരുന്നേ.

അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ.എനിക്കും കൂടി തോന്നണ്ടേ.

എന്നാ ഇപ്പോ മുതൽ തോന്നിക്കോ.

അത് ഞാനൊന്ന് ആലോചിക്കട്ടെ.

എന്താ ഇത്ര ആലോചിക്കാൻ. ഹരി മാമ കാരണം ചേച്ചിമ്മ ഇങ്ങനെയായി. ഇനി ഞാനും ഇതുപോലെയാകാൻ ഗിസ്സേട്ടൻ ഒരു കാരണമാകരുത്. അത്രേ എനിക്ക് പറയാനുള്ളു.

അവളുടെ കണ്ണുകളിലേക്കുറ്റു നോക്കുമ്പോൾ അവിടം നനഞ്ഞു തുടങ്ങുന്നത് അവൻ കണ്ടു.

അപ്പൊ, ഈ വർഷമാഡം ഇത്രേ ഉണ്ടായിരുന്നുള്ളൂ ല്ലേ. അടി കിട്ടിയാൽ തിരിച്ചടിക്കുന്നവളാ ഇതുപോലൊരു പബ്ലിക് പ്ളേസിൽ നിന്ന് മോങ്ങുന്നേ. ഹഹ

തമാശയായിരുന്നെങ്കിലും അവന്റെ പരിഹാസം അവളുടെ കണ്ണുകളിൽ വർഷകാല മേഘം പോലെ പെയ്തിറങ്ങി.

“എടി ഗുണ്ടൂ, എത്ര കാലമായെന്നറിയോ ഞാനും ഈയൊരു ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നു. പേടിയായിരുന്നു തുറന്നു പറയാൻ. ഓപ്പോൾടെ കാരുണ്യം കൊണ്ട് കഴിഞ്ഞു കൂടുന്ന, തറവാട്ടിലെ അടിയാൻ കുഞ്ഞിരാമന്റെ മരുമകന് ഈ തമ്പുരാട്ടിപ്പെണ്ണിനെ മോഹിക്കാൻ എന്തർഹതയാണുള്ളത്.

കുട്ടിക്കാലത്തു ഒന്നിച്ചു കളിക്കുമ്പോൾ തന്നെ കരയിക്കാൻ വേണ്ടി കളിയാക്കി വിളിച്ചിരുന്ന പേര് ഒരിക്കൽ കൂടി അവന്റെ നാവിൽ നിന്ന് കേട്ടതും, അവനോടുള്ള പ്രണയം ഹൃദയം നിറയുന്ന ഒരനുഭൂതിയായി തന്നെ വലയം ചെയ്യുന്നതവൾ അറിഞ്ഞു.

അവനോടുള്ള സ്നേഹം മുഴുവൻ കണ്ണുകളിൽ നിറച്ച് അവളവന്റെ കണ്ണുകളിലേക്കുറ്റുനോക്കി. ഹൃദയത്തിൽ ചെന്നു തറക്കുന്ന ആർദ്രതയോടെ.

“ഞാനുണ്ട് കൂടെ.തനിച്ചാകാൻ ഞാൻ സമ്മതിക്കില്ലട്ടോ. വിഷമിക്കണ്ട.”

അവൻ അവളുടെ കൈകൾ തന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ച് ഒരു മന്ത്രണം പോലെ പറഞ്ഞു.

ആലിലകളെ തഴുകി കടന്നു പോയ കാറ്റ് ഒരു നിമിഷം ഒരു കുഞ്ഞു കുളിരിനെ അവർക്കും സമ്മാനിച്ചു.നന്ദിനിക്കും സീതക്കും കൂട്ടായ് എന്നും നിങ്ങളുമുണ്ടാകണേ എന്ന മർമ്മരമുതിർത്ത്.