എവിടെയിറങ്ങുമ്പോഴും ദൂരയാത്ര  പോകുമ്പോഴും ചെറുതോ വലുതോ ആയി എപ്പോഴും ഒരു പൊതി ബാഗിൽ ഉണ്ടാവും…

എഴുത്ത്: ലച്ചൂട്ടി ലച്ചു

==================

അമ്മയുടെ മണം അമ്മ  കെട്ടിപൊതിഞ്ഞു നൽകുന്ന ഓരോ  ഇലച്ചോറിലും ഉണ്ട്….

തുളസി ഇലയാറ്റുന്ന ചെറു ചൂടുവെള്ളം  പോലും സൂക്ഷിച്ചു വച്ചു ഓരോ ദിവസമായി അൽപ്പാൽപ്പം കുടിച്ചു  തുടങ്ങിയിരിക്കുന്നു ഞാൻ…

രാവിലെ എൽ പി  സ്കൂളിലേക്ക്  വഴക്കിട്ടിറങ്ങുമ്പോൾ എത്ര  ദേഷ്യപ്പെട്ടാലും  മറക്കാതെ ഒന്ന് മാത്രം പറയും..

“ചോറു മുഴുവൻ കഴിച്ചേക്കണം ഇല്ലെങ്കിൽ  ടീച്ചറിനെ ഞാൻ വിളിച്ചു ചോദിക്കും “

അന്നൊക്കെ പേടിച്ചു എല്ലാം വാരിക്കഴിക്കുമായിരുന്നു…അമ്മയുട സ്ഥിരം വിഭവം എപ്പോഴും മല്ലിയരച്ചെടുത്ത ചമ്മന്തിയാവും…

ഏതെങ്കിലും ഒരച്ചാറും  ഉപ്പുമാങ്ങയും  ഇല്ലെങ്കിലും ഇഞ്ചിക്കറി ഇല്ലെങ്കിൽ പിണങ്ങുന്നത് എന്റെ സ്വഭാവം തന്നേ ആയിരുന്നു…

എവിടെയിറങ്ങുമ്പോഴും ദൂരയാത്ര  പോകുമ്പോഴും ചെറുതോ വലുതോ ആയി എപ്പോഴും ഒരു പൊതി ബാഗിൽ ഉണ്ടാവും…

അമ്മയുമായി വഴക്കിടുന്നതും ആ ഒരു കാര്യത്തിനാണ്..

“കൂടെപഠിക്കുന്നവരൊക്കെ കളിയാക്കുന്നു…എവിടെപ്പോയാലും  പൊതി….ഞങ്ങൾ വെളീന്നു ഭക്ഷണം കഴിയ്ക്കൂല്ലേ…”

അമ്മയുടെ മുഖം കെറുവിക്കും…

“പിന്നെ ഞാൻ എന്തിനാണ് രാവിലെ നാല് മണിയ്ക്ക് എണീറ്റു അടുക്കളയിൽ കയറുന്നത് ??”

സ്ഥിരം പല്ലവിയാണ്…അതും പറഞ്ഞു കൊണ്ട് പിന്നെയും അടുക്കളയിൽ തന്നെ കയറും ആശാട്ടി…

ഇടയ്ക്കൊരു ദിവസം സ്കൂളിൽ നിന്നും നിനച്ചിരിക്കാതെ ഒൺ ഡേ ക്യാമ്പിന് പോയപ്പോഴായിരുന്നു വലഞ്ഞുപോയത്..രാവിലെയുള്ള  ഓട്ടതിന്റിടയ്ക് പൊതി ബാഗിലാക്കാൻ  മറന്നുപോയിരുന്നു…

ക്യാമ്പിൽ വേറേ സ്കൂളിലെ കുട്ടികളാണ് അധികവും..വോളന്റിയർ ആയതുകൊണ്ട് തന്നെ ടീച്ചർമാർക്ക് നമ്മുടെ കഴിപ്പിനോട് വലിയ താല്പര്യം ഇല്ല…വിശന്നു പൊരിഞ്ഞിട്ടും ബാഗ്  വയറിൽ അടക്കിപ്പിടിച്ചിരിന്നിട്ടുണ്ട്…

ബാഗിന്റെ അടിഭാഗം മടിയിൽ തട്ടിയപ്പോൾ ചെറിയ ചൂടുപോലെ ഒന്ന്…

ആർത്തിയോടെ സിബ്ബ് പൊട്ടിച്ചു ചോറുപൊതി വലിച്ചെടുക്കുമ്പോഴേക്കും മനസ്സ് കൊണ്ട് അത് മുഴുവൻ കഴിച്ചിരുന്നു…

അവസാനത്തെ വറ്റും ഇഞ്ചിക്കറി  കൂട്ടിയുരുട്ടിയപ്പോൾ എരിവ് കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണ് വല്ലാതെ നിറഞ്ഞു….

അമ്മ ഒരിക്കലും എന്നോട് പരീക്ഷകൾക്ക് മാർക്ക് എത്രയുണ്ടെന്നോ…

ഏറ്റവും കൂടുതൽ മാർക്ക് ആർക്കായിരുന്നെന്നോ…

ഇത്രയും മാർക്ക് എന്താ കുറഞ്ഞുപോയീന്നോ ചോദിച്ചിട്ടുണ്ടോ..??

ഒരിക്കലുമില്ല…

വൈകിട്ട് ചെന്നുകയറുമ്പോഴേ അമ്മയുടെ ചോദ്യങ്ങൾ പലതാണ്

“വാഴയില അമ്മ പൊതിഞ്ഞപ്പോൾ സ്വൽപ്പം കീറിപ്പോയി മോളെ..അതോണ്ട്  രണ്ടില വച്ചു പൊതിഞ്ഞിട്ടുണ്ടായിരുന്നു…പൊതി പൊട്ടി പുസ്തകത്തിൽ വല്ലതും ആയായിരുന്നോ??”

“നിന്റെ കൂട്ടുകാരെന്തു പറഞ്ഞു…മീൻ  വറുത്തത് ഇഷ്ടപ്പെട്ടോ..?? വെളുത്തുള്ളിയിട്ടു മൂപ്പിച്ചിട്ടുണ്ടായിരുന്നു… “

“നാളെ ഏലക്ക യിട്ട് വെള്ളം തിളപ്പിക്കാം എന്നും തുളസി അല്ലെ?? “

“നാളെ രാവിലെ എന്താ വേണ്ടേ നിനക്ക്?? “

ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നിര….

കോളേജിലേക്ക് പോയപ്പോഴായിരുന്നു അമ്മ ആദ്യമായി ഒന്നും മിണ്ടാതെ തന്നെ ഒരുക്കിവിട്ടത്..

ഈ ടോപ്പിന്റെ കൂടെ ഏത് ഷാളാണ് ചേരുന്നത്… ??

ആദ്യത്തെ ദിവസം പോയപ്പോൾ ഒരുക്കത്തിനിടെ ചോദിച്ചതാണ്..അമ്മ അപ്പോഴും ചിന്തയിലാണ്..

“എണ്ണ കൂടുതലുള്ള ആഹാരം ഒന്നും കഴിക്കണ്ട..ഹോസ്റ്റൽ അല്ലെ തലേന്ന് പപ്പടം വറുത്ത എണ്ണയാവും അവർ പിറ്റേന്ന് ഉള്ളിക്കറിക്ക് എടുക്കുന്നെ… “

അമ്മയുടെ മറുപടി അതാണ്‌…

ഓർമ്മയിലെപ്പോഴും അമ്മയോടൊപ്പം അടുക്കളയും സ്ഥാനം പിടിച്ചിരിക്കും..

സ്കൂൾ വിട്ടുവന്നാൽ അമ്മ അടുക്കളയിൽ തന്നെ കാണുമെന്നു എന്തായിരുന്നു ഇത്ര ഉറപ്പെന്ന് എനിക്കറിയില്ല…

അമ്മയ്ക്കെപ്പോഴും അന്നന്നു കഴിക്കുന്ന ആഹാരങ്ങളിലെ കൂട്ടുകളുടെ മണമായിരിക്കും…

ഇതുവരെയും ഞാൻ ഗുരുവായൂർ  പോയിട്ടില്ല…അന്നൊരിക്കൽ ആരോ പോയതറിഞ്ഞു ഞാൻ വിഷമിച്ചു പറഞ്ഞപ്പോൾ അമ്മ എന്നെനോക്കി  ചിരിച്ചു..

ഞാനും പോയിട്ടില്ലടി എന്ന്  പറഞ്ഞപ്പോൾ…ആദ്യ മായിട്ടാണ്  ചിന്തിച്ചു നോക്കിയത്…അമ്മ ഈ  അടുക്കളയും മാർക്കറ്റും ക്ഷണിക്കുന്ന കല്യാണത്തിന് പോകുന്ന സ്ഥലങ്ങളും അല്ലാതെ വേറെ എവിടെപോയിട്ടുണ്ടെന്ന്…

മണിക്കൂറുകൾ മുഷിഞ്ഞു നിന്ന് നോക്കിയിട്ടും കിട്ടാത്ത ബാഗും കുടയും പൌഡർ ടിന്നും വാച്ചുമെല്ലാം അമ്മ ഏതൊക്കെ ഗർത്തങ്ങളിൽ നിന്നാണ്  കണ്ടുപിടിച്ചുകൊണ്ടു  വരുന്നത്??

അമ്മാ ഞാൻ പഠിക്കാനാണോ കഴിക്കാനാണോ പോകുന്നത്…വലിയ  ടിഫിൻ ബോക്സ് കയറ്റാൻ വേണ്ടി പുസ്തകങ്ങൾ അകത്തോട്ടു ഒതുക്കിവയ്ക്കുന്ന അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്…

കഴിച്ചാലേ പഠിക്കാൻ പറ്റൂ…നീ പഠിക്കും എന്നെനിക്ക് ഉറപ്പുണ്ട് പക്ഷെ കഴിക്കും എന്നതിലില്ല….

എപ്പോഴും ഞാൻ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള ചിന്ത…

ഞാൻ കുടിക്കുന്ന വെള്ളം  ചൂടുള്ളതാണോന്ന് നോക്കുന്നതായിരുന്നു…

വയറു നിറഞ്ഞോ എന്ന് കാണുന്നതിലായിരുന്നു…

എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം  വിളമ്പുന്നതിലായിരുന്നു അമ്മയ്ക്കെപ്പോഴും സംശയങ്ങളും ആശങ്കയും….

നിന്റെ അമ്മ എത്ര ടേസ്റ്റ് ആയിട്ടാണ് കറി ഒക്കെ ഉണ്ടാക്കുന്നെ….

ഷെയർ ചെയ്തുകഴിക്കുമ്പോൾ കൂട്ടുകാർ കയ്യിട്ടുവാരുന്നത് കണ്ടു അന്തിച്ചു നിന്നിട്ടുണ്ട്

അത്രക്കെന്താണ്..എനിക്കൊന്നും  തോന്നിയിട്ടില്ല എന്നും ഇതല്ലേ കഴിക്കുന്നേ…

അത് എന്നും കഴിക്കുന്നത് കൊണ്ട് തോന്നുന്നതാണ് വല്ലപ്പോഴും  കഴിക്കണം അപ്പോഴേ വിലയറിയൂ….

കുറച്ചു നാൾ മുൻപ് ആരോ പറഞ്ഞ വാക്കുകളാണ്…

ആർക്കൊക്കെയോ വേണ്ടി ആരൊക്കെയോ ഉണ്ടാക്കുന്ന  ഭക്ഷണത്തിന്റെ പങ്കു പറ്റുമ്പോഴാണ് മനസ്സിലാവുന്നത്

അമ്മയുടെ കൈപ്പുണ്യം ആയിരുന്നു എന്റെ പുണ്യം എന്ന്…..

“നമുക്കൊരു ദിവസം ഗുരുവായൂർ പോണം അമ്മേ…എനിക്കൊരു  ജോലി  ആയിട്ട് ഞാൻ കൊണ്ട്  പോകും….നമുക്ക് രണ്ടാൾക്കും പോയിട്ടു വരാം “

രാവിലെ അമ്മയോട് പറഞ്ഞപ്പോഴും അമ്മയുടെ മറുപടി ഇതായിരുന്നു..

അപ്പോപ്പിന്നെ വീട്ടിൽ ആരാടി…?? അച്ഛനും മുത്തശ്ശിക്കും ആഹാരം കൊടുക്കണ്ടേ.. !!