Story written by Jishnu Ramesan
=====================
തൃശൂരിൽ നിന്ന് ട്രെയിനിൽ കയറുമ്പോ കൂടെ പ്രായമായ ഒരു സ്ത്രീയും ഒരു പെൺകുട്ടിയും കൂടെ കയറി..
ഞാനിരുന്ന സീറ്റിന് എതിർ വശത്ത് അവരും ഇരുന്നു… ആ പെൺകുട്ടിയുടെ അമ്മയാണെന്ന് മനസിലായി.. ആ അമ്മയുടെ മുഖത്ത് ഒരു തരം ഭീതിയായിരുന്നൂ..
“മോളെ സൂക്ഷിച്ച് പോകണം, അവിടെ ചെന്നിറങ്ങിയാൽ എന്നെ വിളിക്കണം.. ഉറങ്ങി പോകരുത്, കേട്ടല്ലോ…! ഒരു സമാധാനവും ഇല്ലല്ലോ ന്റെ കൃഷ്ണാ..;”
അയ്യോ എന്റെ അമ്മേ ഞാനിത് ആദ്യമായിട്ടൊന്നും അല്ലാലോ പോകുന്നത്..! എന്ന് ലീവ് കഴിഞ്ഞ് കോളേജിൽ പോകുമ്പോഴും അമ്മ ഇത് തന്നെയല്ലേ പറയുന്നത്..!
“ന്നാലും അമ്മയ്ക്ക് പേടിയാ കുട്ടീ..!”
ന്തിനാ അമ്മ പേടിക്കുന്നത്..? ഞാൻ അടുത്ത മാസം വരില്ലേ..!
അവരുടെ സംഭാഷണം ഞാൻ ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു…ട്രെയിൻ എടുക്കാറായപ്പോ അവര് കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ടുകൾ അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് ഇറങ്ങാൻ തുടങ്ങി..ആ അമ്മയുടെ പുറകെ ഞാനും ചെന്നു..നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് അവരെ ഇറങ്ങാൻ ഞാൻ സഹായിച്ചു..
ട്രെയിനിന്റെ ഒപ്പം നടന്ന് ആ അമ്മ എന്നോട് പറഞ്ഞു, “മോനെ എനിക്കറിയില്ല, അത് ന്റെ മോളാ, ഒറ്റക്കെ ഉള്ളൂ ഒന്ന് നോക്കണേ..; മോനെ ഞാൻ വിശ്വസിക്കാട്ടോ..!”
“അമ്മ പേടിക്കണ്ട ഞാൻ ഉണ്ടല്ലോ:” എന്ന് ആഗ്യം കാണിച്ചു ഞാൻ.. അവരുടെ ആ വെപ്രാളവും മകളോടുള്ള കരുതലും എന്റെ നെഞ്ചിൽ തന്നെയാണ് കൊണ്ടത്…
ഇപ്പൊ നിങ്ങള് വിചാരിക്കും “കള്ളന്റെ കയ്യിലാണല്ലോ ആ അമ്മ താക്കോൽ കൊടുത്തതെന്ന്..” പക്ഷേ അങ്ങനെയല്ല, ഇതേ പ്രായത്തിലുള്ള ഒരു കുഞ്ഞനിയത്തി കുട്ടി എനിക്കുമുണ്ട്…
ഞാൻ തിരികെ സീറ്റിലേക്ക് വന്നിരുന്നതിന് ശേഷം അവളോട് ചോദിച്ചു, ” അല്ല ഇയാള് എവിടെയാ ഇറങ്ങുന്നത്..? ഏതു കോളേജിലാ പഠിക്കുന്നത്..?”
ഓഹോ അമ്മ എന്നെ നോക്കാൻ പറഞ്ഞിട്ടുണ്ടാകും അല്ലേ..! അമ്മ എന്നും ഇങ്ങനെയാ, ആരെയെങ്കിലും എന്നെ നോക്കാൻ എൽപ്പിച്ചിട്ടെ പോവൂ…
“അത് അമ്മയ്ക്ക് പേടി ആയത് കൊണ്ടല്ലേ..!”
എന്നാലും ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലാലോ മാഷേ..; ഞാൻ നാഗർകോവിൽ ആണ് പഠിക്കുന്നത്.. വിൻസ് ക്രിസ്റ്റ്യൻ കോളേജിൽ എം ബി എ ആണ് പഠിക്കുന്നത്…അല്ല ഇയാള് എവിടെ പോകുന്നു മാഷേ..?
“എം ബി എ നാഗർകോവിൽ പഠിക്കുന്ന ഒരു കുട്ടിയാണെന്ന് കണ്ടാൽ പറയില്ല…വേറൊന്നും കൊണ്ടല്ല, ഈ പട്ടു പാവാടയും, നീട്ടി എഴുതിയ കണ്ണും, പിന്നെ ഈ തലയിൽ ചൂടിയ തുളസി കതിരും ഒക്കെ ഉള്ള ഈ അമ്പലവാസി കുട്ടി ഇത്രയും ദൂരം പോയി ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു, എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല അതാ…!”
അതിനു മറുപടിയായി ഒരു ചിരി മാത്രമാണ് അവള് തന്നത്.. പുറത്തേക്ക് നോക്കിയിരുന്ന് അവള് എന്നോട് ചോദിച്ചു, “അല്ല ഇയാള് എവിടെ പോവാണെന്ന് പറഞ്ഞില്ല..?”
ഞാനോ, കാത്തിരുന്ന് ഒരു ജോലി കിട്ടി..അതോ അങ്ങ് ദൂരെ നാഗർകോവിലും…നാളെ ജോയിൻ ചെയ്യണം.. അല്ല ഈ വിൻസ് കോളേജ് വിമൻസ് കോളേജ് അല്ലേ..?
“ആ അതേലോ.. ഫസ്റ്റ് ഇയർ റാഗിംഗ് ഒക്കെ കിട്ടി..ഇപ്പൊ ഞങ്ങളാ സീനിയർ, അവിടെ അടിച്ചു പൊളിക്കാ ഇപ്പൊ…;”
അവളുടെ സംസാര ശൈലി കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്..”എന്നാലും ഈശ്വരാ, ഈ കുട്ടി എന്ത് ധൈര്യത്തിലാ ഇത്രയും ദൂരം പോയി പഠിക്കുന്നത്..!”
അല്ല തന്റെ പേര് പറഞ്ഞില്ല..?
“എന്റെ മിഥ്യ എന്നാ..ചേട്ടന്റെ പേരെന്താ..?”
ഞാൻ അനൂപ്, തന്റെ നല്ല യമണ്ടൻ പേരാണല്ലോ..!
പിന്നീടവൾ പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു..ആലപ്പുഴ അടുക്കാറായപ്പോ തന്റെ ചെറിയ ബാഗും എടുത്ത് അവള് നടന്നു.. എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, പിന്നെ വേണ്ടെന്ന് വെച്ചു…
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഒരു പെൺകുട്ടി എന്റെ മുന്നിലെ സീറ്റിൽ വന്നിരുന്നു..നോക്കിയപ്പോ വേറാരുമല്ല മിഥ്യ തന്നെയാണ്…എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..കുറച്ച് മുമ്പ് വരെ ഒരു പട്ടു പാവാടയും ഇട്ട് ചീകി ഒതുക്കിയ എണ്ണ മെഴുക്കുള്ള മുടിയുമായി ഇരുന്നവൾ ദേ ഇപ്പൊ മോഡേൺ എന്നതിന്റെ അങ്ങേ അറ്റം ഒരുങ്ങി വന്നിരിക്കുന്നു..ജീൻസും ഒരു ടി ഷർട്ടും ആണ് വേഷം..മുടിയൊക്കെ പറത്തി ഇട്ടിരിക്കുന്നു..
എന്റെ നോട്ടം കണ്ടത് കൊണ്ട് അവള് ചോദിച്ചു, “എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്..! ഇത് ഞാൻ തന്നെയാണ് മിഥ്യ..”
എനിക്ക് അവളുടെ ആ പാവം അമ്മയുടെ മുഖമാണ് മനസ്സിലേക്ക് കടന്നു വന്നത്..
“അല്ല മിഥ്യാ ഇതെന്താ ഇങ്ങനെ..! അപ്പൊ ആ പഴയ വേഷം തന്റെ അമ്മയെ കാണിക്കാൻ വേണ്ടി ആണല്ലേ..?”
അത് പിന്നെ ചേട്ടാ അമ്മയ്ക്ക് ഇതൊന്നും ഇഷ്ടല്യ..അതാ ഞാൻ, എനിക്ക് ഇപ്പൊ ജീൻസും ടോപ്പും ഒന്നും ഇല്ലെങ്കിൽ എന്തോ പോലെയാ..! നാടൻ രീതി മടുത്തു…
“ഓഹോ അപ്പൊ തന്റെ അമ്മയും നാടൻ അല്ലേ..?”
അതിനുള്ള മറുപടി മുഖം ചുളിക്കൽ ആയിരുന്നു..പിന്നീട് ഞാൻ അവളോട് അതികം സംസാരിച്ചില്ല..ഇന്നത്തെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് എനിക്ക് മനസിലായി..അവളാണെങ്കി എന്നോട് എന്തൊക്കെയോ ചിലക്കുന്നുണ്ട്…ഞാൻ ബാഗിൽ നിന്നൊരു പുസ്തകം എടുത്ത് അതിലേക്ക് ശ്രദ്ധ തിരിച്ചു..
കൊല്ലം ആയപ്പോ അവള് അമ്മ കൊടുത്തു വിട്ട പൊതിച്ചോറ് എടുത്തു..ഞാൻ മനസ്സിലോർത്തു, ” ഈശ്വരാ ഇനി ഇതും നാടൻ ആണെന്ന് പറഞ്ഞ് ആ പാവം ഉണ്ടാക്കിയ ഭക്ഷണം കളയോ ഇവള്..!”
പക്ഷേ വിശപ്പ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല..അതവൾ തട്ടി കേറ്റുന്നുണ്ടായിരുന്നു..പിന്നെയാണ് ഞാനത് ശ്രദ്ധിച്ചത്.. ഇലയുടെ പകുതി കീറി അതിൽ എനിക്കുള്ള ചോറ് എനിക്ക് നേരെ വെച്ചത്…
” എന്റെ മാഷേ എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത് കഴിക്കടോ…! ന്റെ അമ്മയുടെ സ്പെഷ്യൽ ആണ്…”
എനിക്ക് ചിരിയാണ് വന്നത്..പിന്നെ ഞാനത് കഴിച്ചു..ടേസ്റ്റ് അസാധ്യം…;
തിരുവനന്തപുരം എത്തിയപ്പോ ട്രെയിനിലെ ചൂട് വടയും ചായയും എന്റെ വക ആയിരുന്നു..
നാഗർകോവിൽ അടുക്കാറായി.. മിഥ്യ ബാഗും മറ്റും എടുത്ത് ഇറങ്ങാൻ റെഡിയായി. ഞാനും പതിയെ എണീറ്റു..ഇറങ്ങി കഴിഞ്ഞ് അവള് എന്നോട് വന്നിട്ട് പറഞ്ഞു,
” ചേട്ടാ എന്നാ ഞാൻ പോട്ടെ..! ഒത്തിരി നന്ദി കേട്ടോ എനിക്ക് ഇവിടെ വരെ കമ്പനി തന്നതിന്… ആ പിന്നെ ചേട്ടന്റെ നമ്പർ തായോ..?”
അതൊക്കെ അവിടെ നിൽക്കട്ടെ..താൻ ആദ്യം അമ്മയെ വിളിച്ച് പറയ് ഇവിടെ എത്തിയെന്ന്..; പിന്നെ എന്റെ നമ്പർ എന്തിനാ..? നമ്മൾ ഇനിയും കാണാനുള്ളതല്ലെ…!
“ഇനിയും കാണാനോ..! നല്ല കാര്യായി, ഈ വലിയ നഗരത്തിൽ എങ്ങനെ കാണാനാ..?”
ചിലപ്പോ ട്രെയിനിൽ വെച്ച് കണ്ടാലോ..! അത് കൊണ്ട് നമ്പർ ഒക്കെ എന്തിനാ, അതൊക്കെ ബോറാവും..!
“എന്നാ പിന്നെ ശരി ചേട്ടാ…;” എന്നും പറഞ്ഞവൾ നടന്നു..ഞാൻ നോക്കുമ്പോ ഒരു കാറ് ലക്ഷ്യം വെച്ചാണ് അവള് പോകുന്നത്.. അതിനുള്ളിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ട്..വിമൻസ് കോളേജിൽ പഠിക്കുന്ന ഇവൾക്ക് ആൺകുട്ടികളുമായി ഇവിടെ എങ്ങനെ പരിചയം..! ആ പാവം സ്ത്രീ അവളുടെ അമ്മ…!
അപ്പോഴേക്കും എന്റെ സുഹൃത്ത് എന്നെ കൂട്ടാനായി വന്നിരുന്നു..പിന്നെ ഞാൻ റൂമിൽ ചെന്ന് ഡ്രസ്സ് മാറ്റി കിടന്നു..മനസ്സ് മുഴുവൻ മിഥ്യയുടെ അമ്മയുടെ മുഖമായിരുന്നു..നാളെ രാവിലെ ജോലിക്ക് പോകണം, എണീറ്റ് കഴിച്ച് ഞാൻ ഉറങ്ങാൻ കിടന്നു..
പിറ്റേന്ന് രാവിലെ തന്നെ ഞാൻ റെഡിയായി.. നാട്ടിലെ ഒന്നര വർഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് ജോലി കിട്ടിയത് ഇത്ര ദൂരം ആയത് കൊണ്ട് ചെറിയ ടെൻഷൻ ഉണ്ട്..
ജോലി വേറൊന്നും അല്ല, “മിഥ്യ പഠിക്കുന്ന വിൻസ് ക്രിസ്റ്റ്യൻ വിമൻസ് കോളേജിൽ പിള്ളേരെ പഠിപ്പിക്കുന്ന ജോലി തന്നെ, അതായത് അധ്യാപകൻ…”
ട്രെയിനിൽ വെച്ച് അവളോട് പറയണം എന്നുണ്ടായിരുന്നു..പിന്നെ വേണ്ടെന്ന് വെച്ചു..ക്ലാസ്സിൽ വെച്ച് കാണട്ടെ അവള്..
വലിയ കോളേജ് ആണ്..അവള് എന്റെ ക്ലാസ്സിൽ തന്നെ ആയാൽ മതിയായിരുന്നു..
പ്രിൻസിപ്പാൾ സ്റ്റാഫ് റൂമിലേക്ക് ഒരു ലെറ്റർ കൊടുത്തു വിട്ടു.. ” അനൂപ് എം ബി എ ഫസ്റ്റ് പിരീഡ്, ക്ലാസ്സ് നമ്പർ ഡി വൺ..” അത് കണ്ടപ്പോ സമാധാനമായി..
ക്ലാസിലേക്ക് ഒരു ചിരിയോടെ ആണ് കയറി ചെന്നത്.. പത്ത് നാൽപത് പെൺകുട്ടികൾക്കിടയിൽ നിന്നും മിഥ്യയെ കണ്ടു പിടിക്കാൻ ഒട്ടും ബുദ്ധിമുട്ടിയില്ല…കാരണം, അത്ര രസകരമായിരുന്നു അവളുടെ മുഖ ഭാവം..ചമ്മലോ പേടിയോ അങ്ങനെ എന്തോ ഒരു ഇത് അവളിൽ ഉണ്ടായിരുന്നു…
എല്ലാരേയും പരിചയപ്പെട്ടു…എല്ലാരേയും ചിരിപ്പിക്കുന്ന വിത്യസ്തമായ ഒരു പരിചയപ്പെടൽ ആയിരുന്നു അവളുടേത്..ക്ലാസ്സ് കഴിഞ്ഞ് ഞാൻ കോളേജിൽ നിന്നിറങ്ങി..കോളേജ് ബസിൽ കയറാതെ സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് അവള് എന്റെ പുറകെ വന്നു..
“മാഷേ ഒന്ന് നിൽക്കോ..?”
ആ വരവ് പ്രതീക്ഷിച്ച് കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു, ” അല്ല ഇപ്പൊ എന്ത് അർഥത്തിലാണ് മാഷേ എന്ന് വിളിച്ചത്..?”
അയ്യോ ഞാൻ അങ്ങനെയല്ല, സാർ എന്ന് തന്നെയാണ് ഉദ്ദേശിച്ചത്…എന്നോട് ക്ഷമിക്കണം, ഞാൻ ഇന്നലെ..!
“ഇന്നലെ എന്താ…?”
അല്ല ഞാൻ എന്തൊക്കെയോ..!
“കുട്ടീ ഞാനൊരു കാര്യം പറയാലോ..! ഇന്നലെ തന്റെ അമ്മയെ ട്രെയിനിൽ നിന്ന് കൈ പിടിച്ച് ഇറക്കാൻ സഹായിക്കുമ്പോ ആ പാവത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു..വീഴുമോ എന്നുള്ള പേടിയല്ല, നിന്നെ ഓർത്താണ്…എന്നെ ദയനീയമായി അവരോന്ന് നോക്കി..”എന്റെ മോള് ഒറ്റയ്ക്ക് ഉള്ളൂ” എന്ന അർഥമാണ് ആ നോട്ടം..പക്ഷേ മിഥ്യ തിരിച്ച് ആ അമ്മയോട് കാണിക്കുന്നത് എന്താ…! തന്റെ മോൾടെ ഈ ഭാവമാറ്റം അറിഞ്ഞാൽ ചിലപ്പോ അവര്…;”
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
സാർ എന്നോട് ക്ഷമിക്കണം..അത് ഞാൻ ഇവിടെ വന്നപ്പോ ഞാൻ പോലും അറിയാതെ മാറിപ്പോയി..
“അതൊക്കെ പോട്ടെ, ഇന്നലെ തന്നെ കൂട്ടാൻ വന്നത് ആരാ..? ബോയ്ഫ്രണ്ട് ആവും അല്ലേ..!”
അയ്യോ അല്ലാ, എന്റെ കൂട്ടുകാരിയുടെ ബോയ്ഫ്രണ്ട് ആണ്..
“മിഥ്യാ നിനക്ക് അറിയാഞ്ഞിട്ടല്ല ഇന്നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, അതും അന്യ നാട്ടിലാണ് നീ.. വേഷവും മറ്റും നിന്റെ ഇഷ്ടമാണ്..പക്ഷേ നിന്റെ അമ്മയെ നീ ഓരോ നിമിഷവും പറ്റിക്കാണ്.. എന്തായാലും ഞാൻ പ്രിൻസിപ്പാളിനോട് പറഞ്ഞ് ഒരു പാരന്റ്സ് മീറ്റിംഗ് വെക്കുന്നുണ്ട്..നിന്റെ അമ്മയും വരണം. “
മാഷേ സത്യമായിട്ടും ഞാനിനി അമ്മയിൽ നിന്ന് ഒന്നും ഒളിക്കില്ല..ഇതൊക്കെ ഞാൻ തുറന്ന് പറയും അമ്മയോട്, ഒരു തമാശ പോലെ… പിന്നെ ഈ വർഷം കൂടിയല്ലേ ഉള്ളൂ..ഇനി അമ്മയുടെ അനുവാദം ഇല്ലാതെ ഈ ഡ്രസ്സ് ഇടില്ല ഞാൻ..
എനിക്ക് ചിരിയാണ് വന്നത്..ഞാൻ കടിച്ചു പിടിച്ച് നിന്നു എന്ന് പറഞ്ഞാ മതിയല്ലോ..;
അവളോട് പൊക്കോ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോ അവള് ചോദിച്ചു,
“അല്ല സാറേ ഇനി ലീവിന് പോകുമ്പോ നമുക്ക് ഒരുമിച്ച് പോകാം.. എന്റെ അമ്മയ്ക്ക് അത്രയും സമാധാനം ആവൂലോ.. ഇന്ന് തന്നെ അമ്മയെ വിളിച്ച് പറയും ഞാൻ എന്നെ പഠിപ്പിക്കാൻ വന്ന സാറാണ് ഇതെന്ന്…”
ഇതെല്ലാം കേട്ട് ഞാൻ മറുപടിയായി പറഞ്ഞു, “ലീവിന് പോകുമ്പോഴും തിരിച്ച് വരുമ്പോഴും ഞാൻ ഇന്നലെ കണ്ട ആ അമ്പലവാസി കുട്ടി ആയിരിക്കണം മിഥ്യ, കേട്ടല്ലോ…!പിന്നെ വേറൊരു കാര്യം, ഇവിടെ കോളേജിൽ നമ്മുടെ ഈ ചെറിയ പരിചയം വേണ്ട…ട്രെയിനിൽ വെച്ചുള്ള പരിചയം ട്രെയിനിൽ മതി..വെറുതെ എന്റെ ജോലി കളയിക്കരുത്.. ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായല്ലോ അല്ലേ..!”
“ഓ മനസിലായി എന്റെ മാഷേ” എന്നും പറഞ്ഞ് അവൾ ഹോസ്റ്റലിലേക്ക് ഓടി..
ഒരു അധ്യാപകന്റെ കണ്ണിലൂടെ നോക്കിക്കണ്ട എനിക്ക് തെറ്റായ രീതിയിലേക്ക് പോകാൻ തുടങ്ങിയ അവളെ പിടിച്ചു നിർത്താനായി…
~ജിഷ്ണു രമേശൻ
( ട്രെയിനിൽ വെച്ച് കണ്ടു മുട്ടിയ ഒരു ദിവസത്തെ പരിചയം കൊണ്ട് പ്രോപോസ് ചെയ്ത് അവളെ വിവാഹം കഴിക്കും എന്ന് നിങ്ങൾ കരുതിയെങ്കിൽ ക്ഷമിക്കണം.. ഒരു അധ്യാപകന്റെ ചിന്താഗതി മാത്രമേ ഉദ്ദേശിച്ചുള്ളൂ…തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…)