കാതിലലയടിച്ച അവളുടെ ആ വാക്കുകളിൽ, കാലങ്ങൾക്ക് ശേഷം ഒരു പെണ്ണിന് നേരെ എന്റെ മുഖമുയർന്നു….

Story written by Saran Prakash

====================

”ഇന്ന് നീ എനിക്ക് വഴങ്ങിയേ പറ്റൂ..”

പതിയെ പതിയെ ഞാനവളിലേക്കടുത്തു…

കാലുകൾ പുറകിലേക്ക് വെച്ചവൾ എന്നിൽ നിന്നും അകന്നുകൊണ്ടേയിരുന്നു…

”ആർക്ക് വേണ്ടിയാണ് നിന്റെ ഈ കാത്തിരിപ്പ്…”

മറുപടിയെന്നോണം അവൾ പുറത്തെ പടിപ്പുരയിലേക്ക് എത്തിനോക്കി…

”നോക്കേണ്ട… സമയം ഏറേയായി.. ഇനി അയാൾ വരുമെന്ന് തോന്നുന്നില്ല…”

ഞാൻ പതിയേ കൈകൾ അവളിലേക്കുയർത്തി… കുതറിമാറിക്കൊണ്ട് അവളും….

”നീയൊരു പെണ്ണാണ്… വെറും പെണ്ണ്… അത് മറക്കണ്ട….”

എന്നിൽ അരിശം പൂണ്ടു കയറി….

പതിയേ ഞാനവൾക്കരികിൽ ഇരിപ്പുറപ്പിച്ചു… കൈകളുയർത്തി ഞാനവളുടെ അകിടിൽ സ്പർശിച്ചതും, പിൻകാലുകൊണ്ടവൾ എന്നെ തട്ടിയെറിഞ്ഞതും നിമിഷങ്ങൾ കൊണ്ടായിരുന്നു….

ആ കാഴ്ച കണ്ടാവണം, അടുക്കളപ്പുറത്തുനിന്നും കുപ്പിവളച്ചില്ലുകൾ ചിതറുമ്പോലെ അവളുടെ ചിരിയുയർന്നു….

ഒരുപക്ഷേ അയലത്തെ വാടക വീട്ടിൽ പുതുതായി താമസിക്കാൻ എത്തിയതിനാലാവണം അവൾക്കിതൊരു പുതുമയായി തോന്നിയത്…

പക്ഷേ പാലിനുവേണ്ടി കാത്തുനിൽക്കുന്ന ബാക്കിയുള്ളവരുടെ നിർവികാരത തുളുമ്പുന്ന മുഖത്തുനിന്നുമറിയാം, ഇതൊരു പഴങ്കഥയായിട്ട് നാളുകളേറെയായെന്നു…

കറവക്കാരൻ ഗോപാലേട്ടൻ അവധിയെടുക്കുമ്പോഴെല്ലാം, പാലെടുക്കാനായി ഞാനവൾക്കരികിലെത്തും… പക്ഷേ തൊഴിയേറ്റുവാങ്ങി പിൻവാങ്ങുകയായിരുന്നു ഞാനെന്നും….

“ഇന്നും ആർക്കും പാലില്ല…”

കാത്തുനിന്നവരുടെ മുഖത്തുനോക്കാതെ തൊഴികിട്ടിയിടം തടവിക്കൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നകന്നു…

പതിവുപോലെ പരസ്പരം മുറുമുറുത്തുകൊണ്ട് അവരും അകലങ്ങളിലേക്ക്….

പക്ഷേ അവളുടെ പാദസര കിലുക്കം മാത്രം എന്നെ പിന്തുടർന്ന് ഉമ്മറത്തേക്കെത്തി…

”പാലിന് വേണ്ടിയാണെങ്കിൽ നിക്കണമെന്നില്ല… അവളത് ആ പൈക്കിടാവിനു മാത്രമേ ചുരത്തൂ….”

ചാര് കസേരയിൽ മലർക്കെ വീണുകൊണ്ട് ഞാൻ കണ്ണുകളടച്ചു…

“അറിയാം.. ആ കഥ ഇവിടുത്തെ പുൽക്കൊടികൾക്കുപോലും സുപരിചതമല്ലേ…”

അവൾ പിന്നെയും ചിരിച്ചു…. കണ്ണുകൾ ഇറുക്കിയടച്ച് ഞാനും…

“വീടന്വേഷിക്കുന്ന കൂട്ടത്തിൽ പലരും പറഞ്ഞുകേട്ടിരുന്നു.. അയലത്ത് ഒരു മുരടനുണ്ടെന്ന്.. ഇത്രയും പ്രതീക്ഷിച്ചില്ല..”

അലക്ഷ്യമായവൾ ദൂരേക്ക് നോക്കി..

മറുപടി നൽകാതെ ഞാനും…

“മുരടിക്കുന്നതിനു മുൻപൊരു വസന്തം എല്ലാവരിലുമുണ്ടാകും… ഈ ചെമ്പരത്തി ചെടി പോലെ..”

മുറ്റത്തെ പാതി മുരടിച്ച ആ ചെമ്പരത്തിയിലേക്ക് ഞാൻ എത്തിനോക്കി.. ശരിയാണ്.. വസന്തത്തിൽ പൂത്തുലഞ്ഞതിന്റെ അവശേഷിപ്പുകൾ അപ്പോഴും മറുഭാഗത്തുണങ്ങി നിന്നിരുന്നു..

അവൾ പതിയെ നടന്നകന്നു..

കാലങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഒരാളുടെ ആശ്വാസവാക്കുകൾ…

അന്നുവരെ കാണുന്നവരും കേൾക്കുന്നവരും എന്നെ നോക്കി ഒന്നു മാത്രമേ പറഞ്ഞിട്ടുള്ളു..

“മുരടൻ..”

ഒരിക്കൽ പോലും അവരാരും ഓർത്തെടുത്തില്ല..

കളിയും ചിരിയും തമാശകളുമുള്ളൊരു കാലം എനിക്കുമുണ്ടായിരുന്നെന്ന്..

സ്നേഹത്തേക്കാൾ പവിത്രമായതൊന്നും ഭൂമിയിലില്ലെന്ന് അവരെപ്പോലെ ഞാനും ചിന്തിച്ചിരുന്നെന്ന്..

തൊഴുത്തിനകത്തെ വെച്ചൂരി പശു, തന്റെ പൈക്കിടാവിന്‌ പാൽ ചുരത്തുന്നത് പതിവില്ലാതെ ഞാൻ നോക്കിയിരുന്നു..

ഓർമ്മകളിലെന്നോ കൊതിച്ചൊരു ബാല്യം..

പക്ഷെ അതിനധികം ആയുസ്സുണ്ടായിരുന്നില്ല..

മറ്റൊരുത്തനൊപ്പം ഇറങ്ങിപോകുമ്പോൾ, അടുക്കളയിലെ മല്ലിചെപ്പിൽ എനിക്കായ് അമ്മ കുറിച്ചിട്ടതിൽ അമ്മയുടെ പ്രണയത്തേക്കാൾ കൂടുതലും വില്ലനായ അച്ഛനെ കുറിച്ചായിരുന്നു.. പഴനിയിലെ അച്ഛന്റെ രണ്ടാം ഭാര്യയെ കുറിച്ചായിരുന്നു..

അമ്മക്കുപുറകേ മല്ലിപ്പൂവിന്റെ ചൂടും ചൂരും തേടി അച്ഛനും പോയതോടെ എനിക്ക് കൂട്ട്‌ മുറ്റത്തെ ചെമ്പരത്തി ചെടി മാത്രമായി..

എന്നുമോരോ ചുവന്ന ചെമ്പരത്തിപ്പൂവ് എനിക്കായ് അതിൽ വിരിഞ്ഞുകൊണ്ടേയിരുന്നു… ഒറ്റപ്പെടുന്നവർക്ക് കൂട്ടെന്ന പോലെ..

പരിഹാസങ്ങളും സഹതാപങ്ങളും ഭാരമായി ഏറിയതോടെ സ്കൂൾ ജീവിതമവസാനിച്ചു..

തോറ്റുകൊടുക്കാൻ മടിയായതുകൊണ്ട്, കിട്ടുന്ന ജോലികളെല്ലാം ചെയ്തു..

സഹതാപത്തോടെ തലോടാൻ നീളുന്ന കൈകളെ വീറോടെ തട്ടി മാറ്റാൻ തുടങ്ങിയപ്പോൾ പണി നൽകിയ ഗൗണ്ടറുടെ ഭാര്യയായിരുന്നു ആദ്യമായെന്നെ വിശേഷിപ്പിച്ചത്…

“മുരടൻ..”

പിന്നീടേവരും അതേറ്റുപിടിച്ചു..

കാലങ്ങൾ പിന്നിടുംതോറും അതിന്റെ തീവ്രതയേറിവന്നു… ഒപ്പം ലോകത്തെ തോൽപ്പിച്ചുകൊണ്ട് മുന്നേറാനുള്ള ആവേശവും..

നഷ്ടപെടുമെന്ന് കരുതിയവർ നോക്കി നിൽക്കെ ജീവിതം പടുത്തുയർത്തുമ്പോൾ പലരും പലവുരു ഉരുവിട്ടുകൊണ്ടേയിരുന്നു..

“ഇനിയൊരു കൂട്ട്‌ വേണ്ടേ..”

അന്നും ഇന്നും അതിനു മറുപടി മൗനം മാത്രം..

ഇട്ടെറിഞ്ഞ് പോയൊരമ്മയും… അവശേഷിച്ചതിനെ തട്ടിയെടുത്തൊരു തമിഴത്തിയും..

അറിഞ്ഞിടത്തോളം പെണ്ണെന്നാൽ എനിക്ക് അർത്ഥം ഒന്നുതന്നെ..

“ഈ പാവം മിണ്ടാപ്രാണി എന്ത് പിഴച്ചു..”

അന്നും പാൽ കറന്നെടുക്കാനുള്ള മല്പിടുത്തത്തിനിടയിലേക്ക് കലിപൂണ്ടവൾ കടന്നുകയറി..

എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന പോലെ..

“ഇവളും ഒരു പെണ്ണാണ്‌..”

അറപ്പോടെ പറഞ്ഞുകൊണ്ട് തൊഴുത്തിൽ നിന്നും കാലിപാത്രവുമായി ഇറങ്ങുമ്പോൾ കാത്തുനിന്നവർ പതിവുപോലെ മുറുമുറുത്തുകൊണ്ട് നടന്നകന്നു..

“അതുകൊണ്ട്..?? എല്ലാ പെണ്ണും ഒരുപോലെയാകുമോ..?”

അവളുടെ കാലിലെ പാദസരങ്ങൾ കലിയേറിക്കൊണ്ട് എന്നെ പിൻതുടർന്നു..

”നഷ്ടപെട്ടിടത്തുനിന്നും ജീവിതം തിരികെപ്പിടിക്കാമെങ്കിൽ, എന്തുകൊണ്ട് സ്നേഹവുമായിക്കൂടാ..??”

എന്റെ മൂകതയെ അവൾ പിന്നെയും പിന്നെയും ചോദ്യം ചെയ്തുകൊണ്ടേയിരുന്നു…

മുറ്റത്തെ ചെമ്പരത്തിച്ചെടിയിൽ കാലങ്ങൾക്ക് ശേഷം ചുവന്ന ചെമ്പരത്തിപ്പൂ വിരിഞ്ഞിരുന്നു… വീണ്ടുമെന്നെ ഭ്രാന്തനാക്കാനെന്ന പോലെ….

”നഷ്ട്ടപ്പെടുന്ന സ്നേഹത്തിനെന്നും വേദനതന്നെയാണ്… നിങ്ങൾക്കായാലും… നിങ്ങളിൽനിന്നുമായാലും….”

പാദസരകിലുക്കം പതിയെ നിശ്ചലമായി… കാതിലലയടിച്ച അവളുടെ ആ വാക്കുകളിൽ, കാലങ്ങൾക്ക് ശേഷം ഒരു പെണ്ണിന് നേരെ എന്റെ മുഖമുയർന്നു…

”ഈ ലോകത്തെന്തിനേയും തോൽപ്പിക്കാൻ, പറ്റിയ ആയുധം സ്നേഹമാണ്..”

ഒരു ചെറു പുഞ്ചിരിയോടെ അവൾ പിന്തിരിഞ്ഞു…

”സ്നേഹത്തോടെ ചോദിച്ചു നോക്കിയാൽ ഒരുപക്ഷെ അവളും പാൽ ചുരത്തും…”

തൊഴുത്തിലേക്ക് നോക്കി ആരോടെന്നില്ലാതെ വിളിച്ചുകൂവിക്കൊണ്ടവൾ അകലങ്ങളിലേക്ക് മറഞ്ഞു…

കയ്യിലെ ഒഴിഞ്ഞ പാത്രത്തിലേക്ക് കിണറ്റിൽ നിന്നും തണുത്ത വെള്ളം കോരിയെടുത്തു ഞാൻ വീണ്ടും തൊഴുത്തിലേക്ക് കയറി…

പതിയെ അവളുടെ നെറുകയിലൊന്നു തലോടി… മറന്നുപോയ പുഞ്ചിരിയെ പൊടിതട്ടിയെടുത്തു…

പെണ്ണായിപ്പോയതിൽ നാളിതുവരെ മുഖം ചുവപ്പിച്ചിട്ടേയുള്ളു അവൾക്ക് മുൻപിൽ… ആദ്യമായെന്റെ ഭാവ മാറ്റം കണ്ടിട്ടാകണം അവളുടെ മുഖത്തുമൊരു ആകാംക്ഷ നിഴലടിച്ചിരുന്നു…

പാത്രത്തിലെ തണുത്തുറഞ്ഞ വെള്ളം അവളുടെ അകിടിൽ തളിച്ച്, പതിയെ ഞാൻ കറന്നെടുക്കുമ്പോൾ, പാദസരകിലുക്കം കാതിലോതിയതുപോലെ അവൾ സ്നേഹം ചുരത്തിക്കൊണ്ടേയിരുന്നു.. പാത്രം നിറയേ….

ഒരുപക്ഷേ അവളുടെ വാശിയെ എന്റെ സ്നേഹം തോൽപ്പിച്ചിരിക്കാം….

തന്റേത് മാത്രമായത് കറന്നെടുക്കുന്നത് കണ്ടിട്ടാകാം മുറ്റത്തെ തെങ്ങിൻ ചുവട്ടിൽ മൂരിക്കിടാവ് മുഖം കറുപ്പിച്ചു…

പണ്ട്.. ഞാനെന്ന മുരടൻ ജനിച്ചതുപോലെ….

പക്ഷേ അവന്റെ വയറുനിറക്കാനുള്ളത് മാറ്റിവെച്ചിരുന്നെന്നറിഞ്ഞപ്പോൾ ആ മുഖത്തും തെളിച്ചമേറി….

കറന്നെടുത്ത പാലുമേന്തി ഞാൻ അയലത്തെ വീടുകളിൽ കയറിയിറങ്ങി…

പാലുകിട്ടാതെ പഴിച്ചുകൊണ്ടിരുന്നവർ ആകാംക്ഷയോടെ മിഴിച്ചു നോക്കി… പിന്നെ പുഞ്ചിരിച്ചു… മനം നിറഞ്ഞ പുഞ്ചിരി….

എന്റെ സ്നേഹം അവരേയും തോൽപ്പിച്ചിരിക്കുന്നു…

ഒടുവിൽ ആ പാദസരക്കാരിയുടെ അടുത്തേക്ക്….

എന്റെ വരവും പ്രതീക്ഷിച്ചെന്ന പോലെ, ഉമ്മറത്തൊരു ഒഴിഞ്ഞ പാത്രവുമായി അവൾ…

“എല്ലാരേം തോൽപ്പിച്ചു ലേ….??”

നിഷ്കളങ്കമായ ആ ചോദ്യത്തിന് മറുപടിയെന്നോണം ഞാനൊന്നു പുഞ്ചിരിച്ചു..

ഒഴിഞ്ഞ കാലി പാത്രം നിറയേ പാല് പകരുമ്പോൾ, എന്റെ കണ്ണുകൾ അവളുടെ കണ്ണുകളോട് പങ്കുവെക്കുന്നുണ്ടായിരുന്നു…

എന്നിലെ വാശിയെ തോൽപ്പിച്ചുകൊണ്ട് ഈ മാറ്റത്തിന് തുടക്കമിട്ടത് ആ കണ്ണുകളിലെ സ്നേഹമായിരുന്നെന്ന്…