ദേ കിച്ചൂ നിന്റെ ഈ സ്വഭാവം വെച്ച് എനിക്കിത് തുടരാൻ താല്പര്യമില്ല..ഞാനൊരു പെൺകുട്ടിയാ…

Story written by Jishnu Ramesan

=======================

“ദേ കിച്ചൂ നിന്റെ ഈ സ്വഭാവം വെച്ച് എനിക്കിത് തുടരാൻ താല്പര്യമില്ല..ഞാനൊരു പെൺകുട്ടിയാ, എനിക്ക് എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്..;”

അയ്യടി മോളെ നീ ഇതൊന്നും അല്ലാലോ നമ്മള് ഇഷ്ടം തുറന്നു പറഞ്ഞപ്പോ പറഞ്ഞത്…! നീ എന്തു പറഞ്ഞാലും ഞാൻ കേൾക്കും, നീ ഇല്ലാതെ എനിക്ക് പറ്റില്ല, എന്തൊക്കെ ആയിരുന്നു..!

“ഓഹോ എന്ന് വെച്ച് ഞാൻ നിന്റെ അടിമയായി ജീവിക്കണം എന്നാണോ…! ഞാൻ വാട്സ്ആപ്പ് ‌‍ഡി പി ഇട്ടു എന്ന് വെച്ച് എന്താ ഇത്രയ്ക്ക് കുഴപ്പം…?”

ഡീ പി ഇട്ടു എന്ന് വെച്ച് ഒരു കുഴപ്പവും ഇല്ല..പക്ഷേ ഇടണ്ട എന്ന് പറഞ്ഞിട്ട് അത് കേട്ടാൽ എന്താ കുഴപ്പം…!ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ നമ്മുടെ കല്യാണം കഴിഞ്ഞാൽ എന്താവും അവസ്ഥ…!

“ആ ബെസ്റ്റ് ഈ സ്വഭാവവും കൊണ്ട് നിന്നെ കെട്ടിയാൽ എന്റെ ജീവിതം പോവൂടാ മോനെ…;”

ഓഹോ ഇപ്പൊ അങ്ങനെ ആയോ..; ഡീ ശാലൂ നീ നോക്കിക്കോ ഇതിന് നിനക്ക് പകരം ഒരു പണി തന്നിരിക്കും…നീ നിന്റെ കൂട്ടുകാരികളുടെ കൂടെ നിൽക്കുമ്പോ ഞാൻ വന്നു എല്ലാരുടെയും മുന്നിൽ വെച്ച് നിന്നെ നാണം കെടുത്തും…അങ്ങനെ എങ്കിലും നിന്റെ അഹങ്കാരം മാറ്റും ഞാൻ…

“നീ പോടാ ചെക്കാ..; നിന്റെ അച്ഛനെ കാണണം എനിക്ക്, നിന്റെ ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ ശരിയാവില്ല..ഇല്ലെങ്കിൽ നിന്നെ കെട്ടി കഴിഞ്ഞ് ഞാൻ വെള്ളം കുടിക്കും…”

അതും പറഞ്ഞ് അവനെ ചിരിച്ച് കൊണ്ട് തള്ളി മാറ്റിയിട്ട് അവള് ബസ് സ്റ്റോപ്പിലേക്ക്‌ ഓടി..അന്ന് രാത്രി കിച്ചുവിനെ ദേഷ്യം പിടിപ്പിക്കാൻ അവള് ഫോട്ടോ ‌‍ഡി പി ഇട്ടു…

“ഓഹോ നീ ഫോട്ടോ ഇട്ടു അല്ലേടി…; നാളെ ഞാൻ പെട്രോളും കൊണ്ട് വരൂടി..” ആ മെസ്സേജിന്റെ കൂടെ ഒരു ചിരിയുടെ സ്മൈലിയും ഉണ്ടായിരുന്നു..അവളുടെ റീപ്ലേ അവനെ ചിരിപ്പിച്ചു..

എന്നാ നീ വാടാ ചെക്കാ, നിന്നെ ശരിയാക്കും ഞാൻ…!

“നീ പോടി ഉണ്ടക്കണ്ണി, ഞാൻ ഉറങ്ങാൻ പോവാ എനിക്ക് ഇഷ്ടല്ല നിന്നെ…!”

എനിക്കും ഇഷ്ടല്ല നിന്നെ, പോടാ ചെക്കാ…!

അതിനൊരു ലൗവിന്റെ സ്മൈലിയും അയച്ചു അവൻ ഉറങ്ങാൻ കിടന്നു…

പത്താം ക്ലാസ്സ് മുതലേ തുടങ്ങിയതാണ് അവരുടെ പ്രണയബന്ധം…പ്ലസ് ടൂ പഠിക്കുന്ന സമയത്ത് രണ്ടു പേരുടെയും വീട്ടിൽ അറിഞ്ഞു ആകെ പ്രശ്നമായി..എന്നാല് അവരുടെ ബന്ധം അകറ്റാൻ ആർക്കും കഴിഞ്ഞില്ല..ഇന്ന് ഡിഗ്രീ കഴിയാറായി..ഇതിനിടക്ക് കിച്ചുവിന്റെ അച്ഛൻ ശാലുവിന്റെ വീട്ടിൽ ചെന്ന് സംസാരിച്ച് അവരുടെ ബന്ധം കല്യാണം വരെ എത്തിച്ചു…പക്ഷേ പഠനം അതിന്റെ വഴിയിൽ നല്ല രീതിക്ക് തന്നെ വേണം എന്നൊരു നിബന്ധനയും ഉണ്ടായിരുന്നു…ഇടക്ക് ഇടക്ക് ഇതേ പോലത്തെ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിരുന്നു..

പിറ്റേന്ന് രാവിലത്തെ ഗുഡ് മോണിംഗ് മെസ്സേജ് മുതൽ തുടങ്ങി അവരുടെ പതിവ് വഴക്ക്.. അന്ന് കിച്ചു കോളേജിൽ പോയില്ല.. വൈകീട്ട് അവള് ബസ് കാത്തു നിൽക്കുന്ന സ്ഥലത്ത് അവൻ ബൈക്കുമായി ചെന്നു..അവളുടെ കൂട്ടുകാരികളുടെ മുന്നിൽ വെച്ച് അവളെ ദേഷ്യത്തോടെ കുറെ ഉപദേശവും പിന്നെ, നിന്നെ എനിക്കിനി വേണ്ട എന്ന ഡയലോഗും..

ഇതൊക്കെ കേട്ട് ശാലു പതിയെ അവനെ നോക്കിയോന്ന് ചിരിച്ചു..തന്നെ കൊച്ചാക്കാൻ വേണ്ടിയാണ് അവനാ ഷോ കാണിച്ചതെന്ന് അവൾക്ക് അറിയാമായിരുന്നു..കിച്ചു കാര്യം പതുക്കെ ആണ് പറഞ്ഞതെങ്കിലും അവളുടെ ഒരു കൂട്ടുകാരി അതിനു മറുപടി എന്നോണം ഉറക്കെ അവനോട് കയർത്തു സംസാരിച്ചു..ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയപ്പോ ശാലു കൂട്ടുകാരിയോട് കാര്യം പറഞ്ഞു..

“ദേ കിച്ചൂ ഇനി നിന്നെ എനിക്ക് കാണണം എന്നില്ല..നിർത്തിക്കോ എല്ലാം..; എന്നെ ഇവരുടെ മുന്നിൽ വെച്ച് നാണം കെടുത്തിയ നിന്നെ ഇനി കാണണ്ട എനിക്ക്..”

നീ പോയാ എനിക്ക് ഒന്നൂല്ല, അപ്പൊ ഗുഡ് ബൈ ശാലു…എന്നും പറഞ്ഞ് അവൻ വലിയ ഷോ കാണിച്ച് ബൈക്കിൽ കയറി കിക്കർ അടിച്ചതും ഒരു ചെറിയ ശബ്ദത്തോടെ കിക്കർ ദേ കിടക്കുന്നു റോഡിൽ..ആകെ നാണം കെട്ടു എന്ന് പറഞ്ഞാ മതിയല്ലോ..

“എന്റെ ദേവീ സെൽഫ് പോലും വർക്ക് ചെയ്യുന്നില്ലല്ലോ…വരുന്ന തിരക്കിൽ പേഴ്സ് പോലും എടുത്തില്ല..”

അവിടെ കൂടി നിന്ന എല്ലാരും ചിരിയോട് ചിരി.. കിച്ചു പതിയെ ഒരു ചമ്മിയ ചിരിയോടെ അവളെ നോക്കി..പോക്കറ്റ് തപ്പുന്നത് കണ്ട ശാലുവിന് കാര്യം മനസ്സിലായി..അപ്പോഴേക്കും ബസ് വന്നു..ബസിലേക്ക് കയറാൻ പോകുന്നതിന് മുമ്പ് ശാലു ഒരു അമ്പത് രൂപ അവന്റെ കയ്യിൽ ദേഷ്യത്തോടെ കൊടുത്തിട്ട് പോയി…

വേറെ വഴി ഇല്ലാത്തത് കൊണ്ട് അവനത് ഒരു ഇളിഞ്ഞ ചിരിയോടെ വാങ്ങി. വീട്ടിലെത്തിയ കിച്ചു അവളുടെ മെസ്സേജ് നോക്കി..

“ഡാ കിച്ചു മര്യാദക്ക് എന്റെ പൈസ തിരിച്ച് തരണം കേട്ടല്ലോ..; നിർത്തി എല്ലാം, “

“ഒക്കെ” എന്നൊരു മറുപടിയും കൊടുത്ത് അവൻ ഫോൺ ഓഫ് ചെയ്തു..

അന്ന് രാത്രി ഒമ്പത് മണിയോടെ കിച്ചു അവളുടെ വീട്ടിലെത്തി…അവളുടെ അച്ഛൻ വരാൻ വൈകുന്നത് കൊണ്ട് വാതിൽ അടക്കാൻ വൈകും…പിന്നെ ചുറ്റും വീടുകൾ ഉണ്ട്.. അമ്മ അടുക്കളയിൽ ജോലിയിൽ ആണ്, അനിയൻ ചെക്കൻ ഫോണിൽ തന്നെ ആണ് എപ്പോഴും.. പിന്നെ കണ്ണ് കാണാത്ത അവളുടെ മുത്തശ്ശി അകത്ത് ഇരിക്കുന്നുണ്ട്.. ആ പാവത്തിന് കവിളത്ത് തൊടാതെ ഒരുമ്മയും കൊടുത്ത് ആരും കാണാതെ അവളുടെ മുറിയിൽ കയറി..

അവനെ കണ്ടതും ശബ്ദം താഴ്ത്തി “ഇറങ്ങി പോടാ ചെക്കാ, അമ്മ കണ്ടാ തീർന്നു…കല്യാണവും നിൽക്കും എല്ലാം നിൽക്കും..”

അയ്യടി മോളെ അതിനു ഞാൻ നിന്നെ കാണാൻ വന്നതല്ല, ദേ നിന്റെ അമ്പത് രൂപ..ഇനി വല്ലതുമുണ്ടോ കടം…?

“ഓഹോ മോൻ കടം തിരിച്ചു തരാൻ വന്നതാണോ..? എങ്കി കഴിഞ്ഞ ആഴ്ച തന്ന ആ ഇത് ഇങ്ങ് തിരിച്ച് താ…;”

ങ്ങേ അതെന്താ കഴിഞ്ഞ ആഴ്ച തന്നത്…?

“അയ്യോ പൊന്നു മോന് ഓർമയില്ല അല്ലേ..! അതിന്റെ വേദന ഇപ്പോഴും നിന്റെ കവിളത്ത് ഉണ്ടാവൂലോടാ ചെക്കാ..”

അത് കേട്ടതും കിച്ചു വാ പൊത്തി നിർത്താതെ ചിരിച്ചു.. എന്നിട്ട് ഒന്നു കൂടി അവളുടെ കവിളത്ത് ഒരു കടി കൂടി കൊടുത്തു..

അപ്പോഴേക്കും അമ്മ ‘ ശാലൂ’ എന്ന് വിളിച്ചു കൊണ്ട് വന്നു… കിച്ചു നേരെ കട്ടിലിന്റെ അടിയിലേക്ക് കയറി..

“ഈ പെണ്ണ് ചായ കുടിച്ചാ ഗ്ലാസ്സ് ഇവിടെ തന്നെ വെക്കും” എന്നും പറഞ്ഞു ചായ ഗ്ലാസ്സ് എടുത്തോണ്ട് പോയി..അവള് പതിയെ വാതിൽ അടച്ചു..

അവൻ കട്ടിലിന്റെ താഴെ നിന്നും എണീറ്റ് വന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ എടുത്തു..ദേവിയുടെ രൂപം ആയിരുന്നു അത്..

“ശാലൂ ദേ ദേവിയുടെ മുന്നിൽ വെച്ച് പറയാ ഞാൻ , ഇനി ഒരിക്കലും നിന്നോട് വെറുതെ വഴക്ക് കൂടില്ല..ഞാൻ നിന്നോട് ഇങ്ങനെയൊക്കെ ഉടക്കുമ്പോ നിനക്ക് എന്നോടുള്ള ഇഷ്ടം കുറയാ അല്ലേടി…; അങ്ങനെ നീ എന്നെ വിട്ട് പോയാ പിന്നെ ഞാൻ..!”

അവന്റെ വായ പൊത്തി കൊണ്ട് ശാലു പറഞ്ഞു,

അയ്യടാ ചെക്കാ അങ്ങനെ നിന്നെ കളഞ്ഞിട്ട് എനിക്ക് ഒരു ജീവിതം ഇല്ലാ… ഇപ്പൊ ദേവിയുടെ ഫോട്ടോയിൽ തൊട്ട് പറഞ്ഞത് പോലെ എന്നോട് വെറുതെ വഴക്ക് കൂടല്ലേടാ ചെക്കാ…; നീ എന്‍റെയാ എന്നും എന്‍റെയാ…!

അതും പറഞ്ഞ് ശാലു അവന്റെ വയറിൽ ഒരു പിച്ച് കൊടുത്തു..പിന്നെ അവൻ പോവാനുള്ള വഴി നോക്കി…അമ്മ അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് പോയ സമയത്ത് അവൻ അടുക്കള വഴി പുറത്തിറങ്ങി..വീടിന് സൈഡിലൂടെ റോഡിലേക്ക് പോവുമ്പോ അവന്റെ നെഞ്ച് ഇടിക്കുന്നുണ്ടായിരുന്നൂ…ആരെങ്കിലും കണ്ടാ കല്യാണം ഉറപ്പിച്ചത് ആണെങ്കിൽ കൂടി അതൊരു വലിയ നാണക്കേട് ആണ്.. പെട്ടന്നാണ് അവളുടെ അച്ഛൻ വന്നു കയറിയത്…

അച്ഛൻ അകത്തേക്ക് കയറി വാതിൽ അടച്ചു…അവൻ പതിയെ ഉമ്മറത്ത് ചെന്ന് ബെൽ അടിച്ചു..വാതിൽ തുറന്ന അച്ഛൻ അവനെ കണ്ടതും ചോദിച്ചു, “അല്ല കിച്ചു എന്താ ഈ സമയത്ത്…?”

അച്ഛാ ഞാൻ ഇവിടെ അടുത്ത് വരെ വന്നതാ..ദേ ആ വളവിൽ വെച്ച് വണ്ടി നിന്ന് പോയി..സ്റ്റാർട്ട് ആവുന്നില്ല..

“അയ്യോ മോൻ എന്റെ സ്കൂട്ടർ കൊണ്ട് പൊക്കോ..; നാളെ കാലത്ത് ഞാൻ ഓട്ടോ പിടിച്ച് ജോലിക്ക് പോവാം.. അല്ലാ നീ എന്തെങ്കിലും കഴിച്ചോ..! വാടാ കഴിച്ചിട്ട് പോവാം…”

ഇതൊക്കെ കേട്ട് അമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, “ഡീ ശാലൂ ദേ കിച്ചു…!”

ഒരു നാണം കലർന്ന മുഖത്തോടെ അവള് വാതിലിനു പിന്നിൽ നിന്നു..

“വാടാ കിച്ചു ചോറ് കഴിച്ചിട്ട് പോവാം..”

അയ്യോ വേണ്ട അച്ഛാ…അമ്മ എന്നെ നോക്കി ഇരിക്കാ വീട്ടിൽ…എന്നാ ഞാൻ ഇറങ്ങട്ടെ…;

അച്ഛന്റെ സ്കൂട്ടറും എടുത്ത് കിച്ചു വീട്ടിലേക്ക് തിരിച്ചു..പോകുന്ന വഴി വളവിൽ വെച്ചിരുന്ന അവന്റെ വണ്ടി ഒരു കടയിലേക്ക് കയറ്റി വെച്ച് ലോക് ചെയ്തു..

വീട്ടിൽ ചെന്ന് കഴിക്കാൻ ഇരുന്നപ്പോ അവൻ കാര്യങ്ങള് അച്ഛനോടും അമ്മയോടും പറഞ്ഞു.. കാര്യങ്ങള് എന്ന് പറഞ്ഞാല് അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞത് തന്നെ..

ഉറങ്ങാൻ കിടന്നപ്പോ ശാലുവിന്റെ മെസ്സേജ്.. “ഡാ ചെക്കാ നീ എന്തിനാ പിന്നെ വീട്ടിലേക്ക് വന്നത്..ഞാനാകെ പേടിച്ചു പോയി..”

എന്റെ ശാലൂ ഞാൻ പോകുന്ന വഴി ആരെങ്കിലും കണ്ടാൽ പിന്നെ അറിയാലോ..! ഇനിയിപ്പോ ആരെങ്കിലും നിന്റെ അച്ഛനോട് ഞാൻ രാത്രി അവിടെ വന്നു എന്ന് പറഞ്ഞാലും നിന്റെ അച്ഛന് അവരുടെ മുഖത്ത് നോക്കി പറയാലോ, അന്തസോടെ വീട്ടിൽ എല്ലാരും ഉളളപ്പോ മുൻവാതിൽ മുട്ടിയാണ് അവൻ വന്നതെന്ന്…

ഇത് കേട്ട് അവള് കിച്ചുവിന് ഒരു വോയ്സ് മെസ്സേജ് അയച്ചു.. “ഹൊ അന്തസ്സ്..എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട… ഡാ ചെക്കാ ഇനി ഇത് പോലത്തെ മണ്ടത്തരം കാണിക്കല്ലേട്ടാ..!”

ഓ ഇല്ലേ…!

“എന്നാ ഞാൻ ഉറങ്ങട്ടെ ചെക്കാ, ഗുഡ് നൈറ്റ്..;”

ഒക്കെ ഡീ… ഗുഡ് നൈറ്റ്..;

ചിരിയും തമാശകളും ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി അവരുടെ ജീവിതം അങ്ങനെ അങ്ങനെ ഇപ്പോഴും മുന്നോട്ട് പോകുന്നു..

( രണ്ടിന്റെയും കല്യാണം അടുത്ത കൊല്ലം ഏപ്രിൽ വിഷുവിന്റെ അന്ന് ആണുട്ടോ…തൃശൂരുള്ള ഒരു അമ്പലത്തിൽ ആണ് കെട്ട്.. അമ്പലം ഏതാണെന്ന് ഇപ്പൊ പറയുന്നില്ല..)

~ജിഷ്ണു രമേശൻ