പിറ്റെ ദിവസം മുഴുവനും ഞങൾ എല്ലാരും കാവേരിയുടെ വീട്ടിലായിരുന്നു..ഭക്ഷണവും അവിടുന്ന് തന്നെ..വർഷങ്ങൾക്ക് ശേഷം….

_upscale

Story written by Jishnu Ramesan

==================

തിരുവനന്തുരത്തുനിന്നും ഡൽഹിയിലേക്ക് സ്ഥലമാറ്റം കിട്ടി അമ്മയെയും കൊണ്ട് പോകുന്നതിനു മുൻപ് അമ്മയൊരു ആഗ്രഹം പറഞ്ഞു….!

“മോനെ എനിക്ക് ഞാൻ ജനിച്ചു വളർന്ന ആ വീടും നാടും ഒന്നുകൂടി കാണണം, ഇനി ചിലപ്പോ അതിനു ഭാഗ്യം ഉണ്ടായില്ലെങ്കിൽ…..!”

അമ്മയുടെ ആ വാക്കുകൾ എന്റെ മനസ്സിൽ കൊളുത്തി.. ഡൽഹിയിലേക്കാണ് പോകുന്നത്, അവിടെ ലീവ് എപ്പോ കിട്ടും, ജോലിയുടെ തിരക്ക് എങ്ങനെ എന്നൊന്നും അറിയില്ല, അത് കൊണ്ട് അമ്മയുടെ ആഗ്രഹ പ്രകാരം നാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു..

തൃശൂർ ജില്ലയിലെ ചേലക്കരയ്ക്കടുത്തുള്ള ഒരു ഉൾഗ്രാമമാണ്‌ അമ്മയുടെ തറവാട്ട് സ്ഥലം..അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് “കണ്ണിനും മനസ്സിനും കുളിർമ കൊണ്ട് പ്രാന്ത് പിടിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് അവിടെയെന്ന്..”

“നമുക്ക് കാറിലൊന്നും പോകണ്ട വിഷ്ണു, ട്രെയിനിലോ ബസിലോ പോവാം..” എന്ന അമ്മയുടെ വാദം ഞാൻ ശരിവെച്ചു..

യാത്ര ട്രെയിനിൽ ആയിരുന്നത് കൊണ്ട് വലിയ ക്ഷീണം ഇല്ലായിരുന്നു.. തൃശിവപേരൂര് എന്ന റെയ്ൽവേ സ്റ്റേഷനിലെ ബോർഡ് കണ്ടതോടെ അമ്മയുടെ മുഖത്ത് തെളിഞ്ഞു വരുന്ന സന്തോഷം ഞാൻ ശ്രദ്ധിച്ചിരുന്നു…

ഞങ്ങൾക്ക് രണ്ടാൾക്കും നല്ല വിശപ്പുണ്ട്, തൃശൂർക്കാരനായ എന്റെയൊരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട് തൃശൂർ ടൗണിലെ “ഭാരത്” ഹോട്ടലിലെ ഊണിനെ പറ്റി…പിന്നെയൊന്നും നോക്കിയില്ല, കുറച്ച് നേരം നിന്നിട്ടാണെങ്കിലും ഊണ് കഴിച്ച് കഴിഞ്ഞപ്പോ ഒരു സമാധാനം…

പിന്നെ അവിടുന്നുള്ള യാത്രയുടെ മേൽനോട്ടം അമ്മയ്ക്കായിരുന്നൂ…എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന അച്ഛന് സ്ഥലം മാറ്റം കിട്ടി പോയതാ തിരുവനന്തപുരം..ഒരു ദിവസം രാവിലെ ഏണീക്കുമ്പോ അച്ഛന്റെ കാലുകൾ ചലിക്കുന്നില്ല..പിന്നീട് വീൽ ചെയറിൽ ആയിരുന്നു..ഞാൻ സ്കൂളിൽ പോകുമ്പോ അച്ഛനെയും കൊണ്ടു പോകും..എട്ട് വർഷമെ അച്ഛനെ ഞങ്ങൾക്ക് കിട്ടിയുള്ളൂ….അങ്ങനെ അമ്മയും സ്വന്തം നാടും വീട്ടുകാരെയും മനഃപൂർവം മറന്നു എന്ന് പറയാം…അച്ഛൻ മരിച്ചപ്പോ രുഗ്മണി അമ്മായി വന്നിരുന്നു..പിന്നീട് എല്ലാർക്കും തിരക്കല്ലെ..! ആരും തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോയതുമില്ല..

ഒറ്റപ്പാലം ബസിൽ കയറി ഇരുന്നു ഞങൾ..പോകുന്ന വഴി കാണുന്ന ഓരോ സ്ഥലത്തെയും കാലത്തെയും കുറിച്ച് അമ്മ വിടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു..ആരും കാണാൻ കൊതിക്കുന്ന നമ്മുടെ കേരള കലാമണ്ഡലം എത്തിയപ്പോ ഞാനൊന്നു ബസിൽ നിന്ന് എത്തി നോക്കി..

കണ്ടക്ടർ പോലിസ് സ്റ്റേഷൻ, പോലിസ് സ്റ്റേഷൻ എന്ന് വിളിച്ചു പറഞ്ഞപ്പോ “വിഷ്ണു നമുക്ക് ഇവിടെയാണ് ഇറങ്ങേണ്ടത്” എന്നും പറഞ്ഞ് എണീറ്റു..

അവിടുന്ന് വാഴാലികാവ് ബസിൽ ആണ് കയറേണ്ടത്..”ഇനി ബസിലൊന്നും കയറാൻ വയ്യ” എന്ന് അമ്മ പറഞ്ഞത് കൊണ്ട് കുറച്ച് ദൂരമുണ്ടെങ്കിലും ഒരു ഓട്ടോ പിടിച്ചു..പോകും വഴി ഓട്ടോക്കാരൻ ചേട്ടനോട് വാ തോരാതെ അമ്മ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..

ഒരു ദേവി ക്ഷേത്രത്തിന്റെ മുന്നിൽ കൂടി വേണം പോകാൻ..പറയാതിരിക്കാൻ കഴിയില്ല, അത്രക്ക് മനോഹരമാണ് ഈ സ്ഥലം.. ആ അമ്പലം കണ്ടാൽ കണ്ണെടുക്കാൻ കഴിയുന്നില്ല..പത്തു പതിമൂന്ന് വയസ്സുവരെ ഇവിടെ കളിച്ചു നടന്നിട്ടും അമ്മയുടെ വീട് കണ്ടപ്പോ ആദ്യം കണ്ടൊരു ഫീൽ ആയിരുന്നു..ശരിക്കും പറഞ്ഞാല് നാലുകെട്ട് വീട് ഒരു ഹരമാണ്..കുറച്ച് പഴക്കം ചെന്നതാണ്, എങ്കിലും അതിന്റെ പഴമയ്ക്കാണ് ഭംഗി..

ഞങ്ങളെ കണ്ടതും രുഗ്മണി അമ്മായി കണ്ണീർ പൊഴിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു..അമ്മായിക്ക് രണ്ടു ആൺകുട്ടികൾ ആണ്..അതും ഇരട്ടക്കുട്ടികൾ, ഡിഗ്രിക്ക് പഠിക്കുന്ന രണ്ടു പയ്യന്മാർ..പക്ഷേ ദൈവം അവർക്ക് സംസാരിക്കാനുള്ള കഴിവ് കൊടുത്തില്ല..അമ്മായിയുടെ ഭർത്താവ്, എൻ്റെ മാമൻ മരിച്ചതിൽ പിന്നെ അമ്പലത്തിൽ ജോലിക്കും മറ്റും പോയിട്ടാണ് അവരെ അമ്മായി വളർത്തുന്നത്..പഠിക്കാനും മിടുക്കന്മാർ..

പക്ഷേ എന്തിനും ഏതിനും ഇവർക്ക് സഹായത്തിനായി തൊട്ടപ്പുറത്ത് അമ്മ പറഞ്ഞു കേട്ടിട്ടുള്ള അശോകൻ മാമന്റെ വീടുണ്ട്..വിശേഷം പറഞ്ഞിരിക്കുമ്പോഴാണ് അശോകൻ മാമന്റെ ഏക പുത്രി “കാവേരി” കയറി വരുന്നത്..അമ്മായിയുടെ മക്കൾ അച്ചുവിനും കിച്ചുവിനും ഉള്ള ഏക കൂട്ട് അവളാണ്..ഇവന്മാരുടെ വഴികാട്ടി എന്ന് വേണമെങ്കിൽ പറയാം..

വന്നപ്പോ മുതൽ അവന്മാർ എന്റെ കൂളിംഗ് ഗ്ലാസ് നോട്ടമിട്ടിട്ടുണ്ട്…പിന്നെ ഞാനത് കൊടുത്തു, എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്… ആഗ്യ ഭാഷ ആയത് കൊണ്ട് ഒന്നും തന്നെ മനസ്സിലായില്ല..അമ്മയും അമ്മായിയും അടുക്കളയിൽ കൊല്ലങ്ങൾക്ക് മുൻപുള്ള വിശേഷം പറഞ്ഞു തുടങ്ങിയിട്ടുണ്ട്..

അന്ന് വൈകീട്ട് വാഴാലികാവ് ദേവി ക്ഷേത്രത്തിൽ പോകാൻ ഇറങ്ങി, കൂടെ അവന്മാരും പിന്നെ കാവേരിയും ഉണ്ട്..നല്ല പക്വത നിറഞ്ഞ പ്രകൃതമാണ് അവളുടേത്..കാവേരി അങ്ങനെ ആരോടും അടുക്കുന്ന പെണ്ണല്ല എന്നെനിക്ക് മനസ്സിലായി..നടക്കുന്ന വഴിക്ക് അവന്മാരിൽ നിന്നെനിക്ക്‌ മനസിലായി കാവേരി അച്ചുവിന്റെ പെണ്ണാണെന്ന്..രണ്ടു വർഷമായി രണ്ടാളും സ്നേഹത്തിൽ ആയിട്ട്, വീട്ടിലും അറിയാവുന്ന കാര്യമാണ്..അതോടെ ഒരു കാര്യമെനിക്ക്‌ മനസിലായി, ഈ ലോകത്ത് സംസാരിക്കാൻ കഴിയാത്തതൊന്നും ഒരു കുറവല്ല എന്ന്…

തൊഴുതു ഇറങ്ങിയിട്ട് അമ്പലത്തിനു അടുത്തുള്ള ആൽമരച്ചുവട്ടിൽ കുറച്ച് നേരം ഇരുന്നു..തിരിച്ച് വീട്ടിലെത്തിയപ്പോ അത്താഴത്തിന് കാര്യമായിട്ട് ഒരുക്കുന്നുണ്ട്..കൂട്ടിന് കാവേരിയുടെ അമ്മയും ഉണ്ട്..പച്ചക്കറി അരിയുന്നതിന്റെ ഇടയിൽ സംസാരം അച്ചുവിന്റെയും കാവേരിയുടെയും വിവാഹകാര്യമാണ്..കാവേരിയുടെ അനിയത്തി കുട്ടിയുടെ കാര്യം അടുക്കളയിൽ ചർച്ച ചെയ്യുന്നത് ഞാൻ കാതോർത്തു..കോയമ്പത്തൂരിൽ നഴ്സിംഗ് പഠിക്കുകയാണ് അവള്..പക്ഷേ എനിക്ക് ചെറുപ്പത്തിൽ കണ്ട ഓർമപോലും ഇല്ല..

പിറ്റെ ദിവസം മുഴുവനും ഞങൾ എല്ലാരും കാവേരിയുടെ വീട്ടിലായിരുന്നു..ഭക്ഷണവും അവിടുന്ന് തന്നെ..വർഷങ്ങൾക്ക് ശേഷം വന്നതല്ലേ ഞങൾ, അത് കൊണ്ട് തന്നെ വല്ല്യ കാര്യാണ് എല്ലാർക്കും..അനുഭവത്തിൽ നിന്നാണ് നമ്മളൊക്കെ ഓരോന്നും പഠിക്കുക എന്ന് പറയുന്നത് വളരെ ശരിയാണെന്ന് എനിക്ക് മനസ്സിലായി..വേറൊന്നും അല്ല, എത്ര വലിയ ബന്ധങ്ങൾ ആയാലും അകന്നു നിൽക്കുന്നത് സ്നേഹം കൂടാനെ ഉപകരിക്കൂ…

അമ്മ എന്റെ പേരിൽ നേർന്ന അമ്പലത്തിലെ ചുറ്റു വിളക്ക്‌ കത്തിക്കാൻ ഇന്ന് വൈകീട്ട് പോകണം..അതിനും ചുക്കാൻ പിടിക്കുന്നത് കാവേരി തന്നെ..വന്ന ദിവസം എന്നെ മൈൻഡ് ചെയ്യാത്ത അവള് ഇപ്പൊ നല്ല കൂട്ടാണ്..

വൈകീട്ട് വാഴാലികാവ് ദേവീ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുമ്പോ തെറ്റും ശരിയും പറഞ്ഞു തരാൻ ആ അമ്പലവാസി കുട്ടി എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു..എന്തിനേറെ പറയുന്നു അച്ചു കാവേരിയുടെ പുറകിൽ നിന്ന് മാറുന്നെ ഇല്ല, അവരുടെ പ്രണയം ഈ ഗ്രാമം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്..

എല്ലാം കഴിഞ്ഞ് ഇറങ്ങിയ ഞാൻ അച്ചുവിനെയും കാവേരിയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ട്, ഞാനും കിച്ചുവും കൂടി അവന്റെ ബൈക്കിൽ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോയി..അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോ മനസ്സിൽ വല്ലാത്തൊരു വിങ്ങലായിരുന്നു..ഇതൊന്നും അനുഭവിക്കാൻ എനിക്ക് ഭാഗ്യമില്ല, അമ്മയുടെ വാക്കുകളിലൂടെ കളിച്ചു വളർന്ന ഈ വീടും നടു മുറ്റവും ഓർമ മാത്രമായി..

മനസ്സിൽ ഒന്ന് ഉറപ്പിച്ചിരുന്നു, അടുത്ത ഓണത്തിന് ഒരു മാസം എങ്കിലും ഇവിടെ അടിച്ചു പൊളിക്കണം..പിന്നെ നാളെ രാത്രി എട്ടരയ്ക്ക് ആണ് തൃശൂരിൽ നിന്ന് ട്രെയിൻ..ഈ ഒരു രാത്രിയും നാളത്തെ പകലും എനിക്ക് ഉണ്ട്..ഒന്നിനും തോന്നുന്നില്ല, ഉറങ്ങാൻ പോലും കഴിയുന്നില്ല..

അമ്മയ്ക്ക് ഇങ്ങോട്ടേക്കു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചില്ലായിരുന്നൂ എങ്കിൽ ചിലപ്പോ ഈ ജന്മത്തിൽ തന്നെ ഞാനീ ജനിച്ച നാടും വീടും എന്നെന്നേക്കും മറന്നേനെ..പിറ്റേന്ന് രാവിലെ തന്നെ ഒരു തോർത്തും എടുത്ത് അവന്മാരെയും കൂട്ടികൊണ്ട് ഇറങ്ങി, തൊട്ടടുത്ത് തന്നെയാണ് ഭാരതപ്പുഴ.. വെള്ളം നന്നേ കുറവാണ്, എന്നിരുന്നാലും ചാടി കുളിക്കാനുള്ള വെള്ളം ഉണ്ട്..

ഇന്ന് തിരിച്ചു പോകണം എന്ന ചിന്ത ഉള്ളതു കൊണ്ടാവണം എനിക്ക് ഉച്ചക്ക് കഴിക്കാൻ ഇരുന്നിട്ട്‌ ഒന്നും ഇറങ്ങുന്നില്ല..അമ്മയ്ക്കും അതെ അവസ്ഥ തന്നെ..

അവരുടെ പരിചയത്തിൽ ഉള്ളൊരു ടാക്സി വിളിച്ചാണ് ഞങൾ പോകുന്നത്..പാവം അമ്മായി തലേന്ന് രാത്രി ഉറക്കമുളച്ച് എന്തൊക്കെയോ ഉണ്ടാക്കിയിട്ടുണ്ട്..ആറര ആയപ്പോ ഞങൾ ഇറങ്ങി..അയൽക്കാരും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു യാത്ര പറയാൻ..കിച്ചുവും അച്ചുവും ബൈക്കിൽ റെയ്ൽവേ സ്റ്റേഷനിലേക്ക്‌ തിരിച്ചു..അമ്മായിയും കാവേരിയും ഞങ്ങളുടെ കൂടെ ടാക്സിയിലും..രാത്രി വരണ്ട എന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ല..

ട്രെയിനിൽ കയറുന്നതിന് മുമ്പ് അമ്മ കിച്ചുവിനോട് പറഞ്ഞു, “ഡാ കിച്ചു നീ ഇവരുടെ കൂടെ ടാക്സിയിൽ കേറണം..”

ട്രെയിൻ വരാൻ കാത്തു നിൽക്കുമ്പോ, ഓണത്തിന് വരുന്നതിനെ പറ്റി ചർച്ച ആയിരുന്നു…ട്രെയിൻ വിടാൻ മൂന്ന് മിനിറ്റ് ഉണ്ട്.. അമ്മായി എന്നോട് വന്നിട്ട് പറഞ്ഞു, “വിഷ്ണു മോനെ കാവേരിയുടെ അനിയത്തിയെ മാത്രം നിങ്ങള് കണ്ടില്ല അല്ലേ..! സാരമില്ല, ഓണത്തിന് വരുമ്പോ അവളും അവധിക്ക് വരും..അപ്പൊ നമുക്ക് അടിച്ചു പൊളിക്കാം…’

“ശരി” എന്ന അർഥത്തിൽ ഞാനും തലയാട്ടി..

ട്രെയിൻ പോകാനുള്ള അനൗൺസ്മെൻറ് വന്നപ്പോ കാവേരി ഓടി ജനാലക്ക്‌ അരികിൽ വന്നിട്ട് പറഞ്ഞു,

“വിഷ്ണു ചേട്ടാ, ഉറപ്പായിട്ടും ഓണത്തിന് വരൂലോ അല്ലേ, അന്ന് ഞങൾ ചേട്ടനൊരു അടിപൊളി സർപ്രൈസ് തരാം..”

സർപ്രൈസോ അതെന്താ..? എന്ന് ചോദിക്കും മുമ്പേ ട്രെയിൻ ഓടി തുടങ്ങി..മനസ്സിലൊരു നൂറു കൂട്ടം സംശയം കടന്നു വന്നു..അങ്ങനെ ആ സംശയങ്ങളും ചിന്തകളും ആയി അടുത്ത ഓണം വരെയുള്ള എന്റെ സമാധാനം പോയികിട്ടി…..

അതിലുപരി അമ്മ എന്നോട് പറഞ്ഞൊരു ആഗ്രഹം നടത്തി കൊടുത്തതിന്റെ സന്തോഷവും എനിക്കേറെ ആയിരുന്നു…..

~ജിഷ്ണു രമേശൻ