മാളൂ നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞത് മുതലുള്ള ദേഷ്യമാണ് നിന്റെ അച്ഛന് എന്നോട്…

Story written by Jishnu Ramesan

========================

അമ്മയാകാനുള്ള നിന്റെ മഹത്വത്തെ ഞാനായിട്ട് ഇല്ലാതാക്കി അല്ലേ മാളൂ..!ഒരു നല്ല കുടുംബജീവിതം പ്രതീക്ഷിച്ച് എന്റെ കൈ പിടിച്ച് ജീവിതം തുടങ്ങിയ നിന്നെ ഞാൻ ചതിച്ചു എന്ന് തോന്നുന്നുണ്ടോ..?

“അജയേട്ടാ ദയവു ചെയ്ത് ഇനി ഇങ്ങനെയുള്ള കുത്തു വാക്കുകൾ എന്നോട് പറയരുത്… ഇന്നേ വരെ എന്റെ പെരുമാറ്റത്തിൽ നിന്ന് അങ്ങനെ തോന്നിയിട്ടുണ്ടോ അജയേട്ടന്…!”

എന്നാലും അങ്ങനെയല്ല മാളു, ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലെ നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്റെ കുഴപ്പം കൊണ്ടാണെന്ന്.. അത് കേട്ടപ്പോ മനസ്സുകൊണ്ട് നീയും എന്നെ ഒരു നിമിഷമെങ്കിലും വെറുത്തിട്ടുണ്ടാവില്ലെ…! ഇപ്പൊ തോന്നുന്നു ഡോക്ടറെ കാണാൻ പോകണ്ടായിരുന്നൂ എന്ന്… ദൈവം നമുക്കായി ഒരു കുഞ്ഞിനെ തരുന്നത് വരെ കാത്തിരിക്കാമായിരുന്നു… ഇനി ഈ ഒരു കാരണം കൊണ്ട് എന്നിൽ നിന്ന് മാളു അകന്നു പോകുമോ..?

“ഏട്ടാ മതി നിർത്ത്…; ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ ഞാൻ അജയേട്ടനെ ഇട്ടിട്ട് പോകണമെങ്കിൽ എന്നേ എനിക്ക് പോകാമായിരുന്നു… എന്റെ ഭർത്താവും കുഞ്ഞും എല്ലാം ഈ ഏട്ടനാ..ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും…നമ്മൾ ആർക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല, അജയേട്ടനും പിന്നെ ഏട്ടന്റെ ഈ മാളുവിനും താലോലിക്കാൻ ഒരു മോനെയോ മോളെയോ ഈശ്വരൻ നമുക്ക് തരും…”

മാളൂ നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞത് മുതലുള്ള ദേഷ്യമാണ് നിന്റെ അച്ഛന് എന്നോട്…നിന്റെ നിർബന്ധത്തിനും വാശിക്കും വഴങ്ങി അവര് നമ്മുടെ വിവാഹത്തിന് സമ്മതിച്ചൂ എങ്കിലും നിന്റെ അച്ഛന് ഇപ്പോഴും എന്നെ ഇഷ്ടമല്ല…ഇപ്പൊ ഇതും കൂടി അറിഞ്ഞാൽ….!

“എന്റെ ഏട്ടാ ആരും അറിയില്ല..അച്ഛനോടും അമ്മയോടും എന്താ പറയേണ്ടത് എന്ന് എനിക്കറിയാം.. എന്റെ അജയെട്ടന് ഒരു കുഴപ്പവും ഇല്ല.. കുറച്ച് വൈകിയാണെങ്കിലും നമുക്കൊരു കുഞ്ഞിനെ താലോലിക്കാൻ കഴിയും..”

എന്നെ വിട്ട് നീ പോവോ മാളൂ…? അമ്മ പോയതിൽ പിന്നെ എനിക്ക് നീയേ ഉള്ളൂ..എന്റെ എല്ലാമാണ് നീ..

“ഈ ഏട്ടൻ എന്നേക്കൂടി കരയിക്കൂലോ.. ദേ ഇങ്ങോട്ട് നോക്കിയേ ഏട്ടാ, എനിക്ക് ഒരു കുഞ്ഞിനെ മടിയിൽ വെക്കണം എന്ന് തോന്നുമ്പോ, എന്റെ ഏട്ടനെ മടിയിൽ കിടത്തി താലോലിക്കാം, എന്താ പോരെ…!”

ഇത് കേട്ട് ഒരു ചിരിയോടെ അവൻ അവളുടെ വയറിലേക്ക് തല വെച്ച് കിടന്നിട്ട് പറഞ്ഞു, “അച്ഛാ എന്ന് വിളിക്കാൻ ഒരാളെ നമുക്ക് ഈശ്വരൻ തരും അല്ലേ മാളൂ…!”

പിന്നില്ലാതെ, എന്റെ ഏട്ടൻ എന്തിനാ വിഷമിക്കുന്നത്… അജയെട്ടന് അറിയോ എനിക്ക് എന്ത് മാത്രം വിഷമം ഉണ്ടെന്ന്..; ഏട്ടൻ എന്റെ കൂടെ ഉള്ളപ്പോ ആ വിഷമം എന്റെ ഉള്ളിൽ പോലും വരില്ല…ഇന്ന് ഈ ലോകത്ത് അജയേട്ടനു ഞാൻ മാത്രമേ ഉള്ളൂ.. ആ സ്നേഹം മുഴുവനും എനിക്കായി തരുന്നില്ലെ ഏട്ടൻ…അപ്പോ ഒന്ന് ചിന്തിച്ചു നോക്കു, എന്നെക്കാൾ ഭാഗ്യവതി വേറെ ആരാ ഉള്ളത്..

“എനിക്കത് കേട്ടാ മതിയെന്‍റെ മാളൂ… ഇതു പോലെ നിന്നെ കെട്ടിപ്പിടിച്ച് കിടക്കുമ്പോ ഒരു ഭാര്യയുടെ സാമിപ്യം എന്നതിലുപരി ഒരു അമ്മയുടെ സാമീപ്യം കൂടി എനിക്ക് അറിയാൻ കഴിയുന്നുണ്ട്…സത്യം പറയാമല്ലോ, സ്ത്രീ അമ്മയാണ്, ഭാര്യയാണ് ,ദേവിയാണ് എന്നൊക്കെ സിനിമയിൽ മാത്രമേ ഞാൻ പറഞ്ഞു കേട്ടിട്ടുള്ളൂ…അതിൽ കുറച്ചെങ്കിലും സത്യമുണ്ടെന്ന് മനസ്സിലായത് നീ എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെയാണ്…”

പിന്നീടങ്ങോട്ട് എല്ലാം മറന്നുകൊണ്ടുള്ള ജീവിതമായിരുന്നു അവരുടേത്…അതിനിടയിൽ “കുട്ടികൾ ഒന്നും ആയില്ലേ” എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് പ്രസക്തി ഇല്ലായിരുന്നു…

വഴിപാടും പ്രാർത്ഥനയും ആയി അമ്പലങ്ങൾ കയറിയിറങ്ങി അവർ.. നല്ല ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വേറൊരു ആരോഗ്യപരമായ ജീവിത ശൈലി പിന്തുടർന്നു..അജയന്റെയും മാളുവിന്റെയും സ്നേഹത്തിന് സമ്മാനമായി ഈശ്വരൻ മാളുവിന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടുപ്പിച്ചു…. താനൊരു അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞത് മുതൽ വല്ലാത്തൊരു ആധിയും പേടിയും ആയിരുന്നു അജയന്…ഒരു കുഞ്ഞിനെ പോലെ അവൻ അവളെ പരിചരിച്ചു… കാത്തിരുന്നു കിട്ടിയ കുഞ്ഞായതിനാൽ ആ പത്തു മാസം സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല അവൻ..

അവനു ആവും വിധം എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്തു.. മരുന്നും കുളിക്കാനുള്ള ചൂടു വെള്ളവും അങ്ങനെ എല്ലാം അവൻ തന്നെ നിർബന്ധ പ്രകാരം ചെയ്തു..തന്റെ ശ്രദ്ധ കുറവുകൊണ്ട് അവൾക്കും കുഞ്ഞിനും ഒന്നും വരുത്തരുതെന്ന് ആയിരുന്നു അവന്റെ പ്രാർത്ഥന..

ഇന്ന് ലേബർ വാർഡിന്റെ മുന്നിൽ നിന്നും തന്റെ കുഞ്ഞുമോളെ കയ്യിലേക്ക് വാങ്ങുമ്പോ ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു… മാളുവിനെ കാണണം എന്ന വാശിക്ക് ഡോക്ടർക്ക് വഴങ്ങേണ്ടി വന്നു..അകത്തു കയറി അവളുടെ മുന്നിൽ നിൽക്കുമ്പോ രണ്ടാളും സന്തോഷത്തിന്റെ അതിർവരമ്പത്ത് ആയിരുന്നു..

“അജയെട്ടാ നമ്മുടെ മോളെ കണ്ടോ..?”

ഇതെന്റെ മാളു തന്നെയാ, കുഞ്ഞിമാളു… ഇനി നമ്മുടെ സ്നേഹം പങ്കുവേക്കേണ്ടി വരും അല്ലേ മാളു..?

അത് കേട്ട അവളുടെ ചിരിയിൽ ഉണ്ടായിരുന്നു അതിനുത്തരം…ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഒരു ടാക്സിയിൽ വീട്ടിലേക്ക് തിരിച്ചു അവര്..വീട്ടിലെത്തി അവളെയും കുഞ്ഞിനെയും കൊണ്ട് അവൻ അകത്തേക്ക് കയറി..

അവരുടെ തുണിയും സാധനങ്ങളുമെല്ലാം ടാക്സി ഡ്രൈവർ എടുത്തു കൊണ്ട് വന്ന് ഉമ്മറത്ത് വെച്ചിട്ട് തിരിഞ്ഞു നടക്കാൻ നേരമാണ് വീടിന്റെ വാതിലിൽ എഴുതിയത് കണ്ടത്..!

ആ വീടിന്റെ വാതിലിൽ ഇപ്രകാരം എഴുതിയിരുന്നു,..

“വിധിക്ക് സ്ഥാനം ഈ വീടിനു പുറത്ത്…”

~ജിഷ്ണു രമേശൻ

(വിധി എന്നത് നമ്മൾ മനുഷ്യർ ഉണ്ടാക്കി എടുത്ത വാക്കാണ്…തൊട്ടതിനും പിടിച്ചതിനും നമ്മൾ വിധി എന്നു പറഞ്ഞ് സങ്കടപ്പെട്ടിരുന്നാൽ ജീവിതമേ തോൽവി ആയിപോവും…ഏതൊരു ബുദ്ധിമുട്ടിനും സങ്കടത്തിനും ശേഷം ഒരു സന്തോഷം നമ്മളെ തേടി ഇരിക്കുന്നുണ്ട്…)