മേലെ വീട്ടിൽ അച്ഛന്റെ കാർക്കശ്യത്തിൽ വളർന്നു വന്നതിനു ശേഷം കിട്ടിയ സ്വാതന്ത്ര്യം ശരിക്കും ആഘോഷിച്ചു…

മേലേ വീട്ടിലെ പെൺമക്കൾ

എഴുത്ത്: ഷാജി മല്ലൻ

================

പാലക്കാടൻ വരണ്ട കാറ്റ് മുഖത്തടിച്ചപ്പോഴാണ് കണ്ണ് ഉറക്കത്തിന്റെ ഹാങ്ങ് ഓവർ മാറ്റി വെച്ച് വരൾച്ചയുടെ കാണാക്കാഴ്ച്ചകൾക്കായി തുറന്നത്. അത്യുഷ്ണത്തിന്റെ മാസങ്ങൾ  വരുന്നതേയുള്ളുവെങ്കിലും കൽപാത്തി വറ്റിവരണ്ടിരിക്കുന്നു!!. പൊടിപടലം പടർത്തുന്ന തരിശുപാടങ്ങൾ താണ്ടി വണ്ടി ഷൊർണ്ണൂരെ മൂന്നാം നമ്പർ പ്ലാറ്റ്ഫോറത്തിലേയ്ക്ക് കിതച്ചു നിന്നതും മൊബൈലിൽ വാസുവിന്റെ നമ്പർ തെളിഞ്ഞു.

ബാംഗ്ലൂർ വിട്ട് ഇത് എട്ടോ പത്തോ തവണയായി വിളി. കോവിഡ് മാറിയില്ലെന്നും മാസ്ക്ക് വെക്കണമെന്നുമൊക്കെയാണ് വിളിയുടെ സാരാംശമെങ്കിലും വാസുവിന്റെ ഒരു തരം പൊസസ്സീവ് സ്വഭാവത്തിന്റെ ബഹിർ സ്ഫുരണത്തിന്റെ ആകെ തുകയാണത്. കല്യാണം കഴിഞ്ഞ നാൾ മുതൽ തനിക്ക് കുറേശ്ശേ ഫീൽ ചെയ്തിരുന്നു. ആദ്യമൊക്കെ അതൊരു പ്രതികാരവാഞ്ജയോടെ ആസ്വദിച്ചിരുന്നു.

മേലെ വീട്ടിൽ അച്ഛന്റെ കാർക്കശ്യത്തിൽ വളർന്നു വന്നതിനു ശേഷം കിട്ടിയ സ്വാതന്ത്ര്യം ശരിക്കും ആഘോഷിച്ചു. വാസുവിന്റെ കുടുംബം അങ്ങു പൊന്നാനിയിലാണ്. കുടുംബത്ത് വാസുവിന്റെ അമ്മ ആയാലും അവധിക്ക് എത്തുമ്പോൾ ഇതേ കെയറിംഗ് തന്നെ. വീട്ടിൽ കല്യാണം കഴിച്ചുവിട്ടതിനു ശേഷം തനിക്കോ വാസുവിനോ ഒരു പ്രത്യേക പ്രിവിലേജ് അച്ഛൻ തന്നതായി ഇതുവരെ തോന്നീട്ടുമില്ല. നീണ്ട പന്ത്രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു കല്യാണം കഴിഞ്ഞിട്ടും ഒരു ബാംഗ്ലൂർകാരി ആയിട്ടും!!. ഇതിനിടെ മൂന്നോ നാലോ തവണ മാത്രമാണ് അച്ഛൻ അങ്ങോട്ടേക്ക് വന്നിട്ടുള്ളത്. മോളുടെ ചെറുപ്പത്തിൽ കുറച്ചു നാൾ  അമ്മ വന്ന് നിന്നിട്ടുണ്ട്. പെൺകുട്ടികളോട് അങ്ങനൊക്കെ മതിയെന്നാകും അവർ കരുതിയിരിക്കുന്നത്.

ഞാൻ നെടുവീർപ്പിട്ടത് എതിരെ ഇരുന്ന ആന്റി ശ്രദ്ധിച്ചപോലെ…

പ്രായമുണ്ടെന്ന് കണ്ടിട്ട് തോന്നുന്നു. നിങ്ങളുടെ തലമുറയുടെ കാര്യമോർത്തതാ ആന്റി എന്ന് മനസിൽ ആത്മഗതം ചെയ്തു ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തി.

“എവിടേയ്ക്കാ” ആന്റിയ്ക്ക് മറുപടി കൊടുത്തപ്പോഴേക്കു മേലെ ബെർത്തിൽ ഉറങ്ങികിടന്നിരുന്ന അനുകുട്ടി താഴേക്ക് ഇറങ്ങുന്നത് കണ്ടു

“അമ്മാ എന്തൊരു ചൂട്, ഇനിയും കുറേ സമയമെടുക്കില്ലേ അവിടേക്ക് എത്താൻ?”

എസി ടിക്കറ്റ് ലഭിക്കാത്തതു കൊണ്ട് യാത്ര തന്നെ മാറ്റി വെക്കാൻ വാസു തീരുമാനിച്ചതാണ്. ആറുമാസത്തോളമായി നാട്ടിൽ പോയിട്ട്. അതുകൊണ്ട് എസി അല്ലേലും പോയെ പറ്റു എന്ന നിലപാടെടുത്തതു കൊണ്ട് മാത്രമാണ് യാത്ര തിരിക്കാൻ പറ്റിയത്. ദീപാവലിയുടെ അവധി കൂടി ചേർന്നു വരുന്നതു കൊണ്ടാണ് അനുകുട്ടി വരാൻ തന്നെ കൂട്ടാക്കിയത്.

“എന്റെ ക്ലാസ് നഷ്ടപ്പെടുത്തി നാട്ടിലേയ്ക്കില്ല” എന്ന അവളുടെ നിലപാട് കാരണമാണ് ഒന്നുരണ്ടു തവണ നാട്ടിലേക്കുള്ള യാത്ര മാറ്റി വെച്ചത്.

“ഓണത്തിന് വല്ലോം പോയാ പോരാരുന്നോ…ഇതിപ്പോ ശരീരം മൊത്തം ചൂടുകുരു വന്നതു തന്നെ”

അവളുടെ വേവലാതി കണ്ട് എനിക്കതിശയം തോന്നിയില്ല..ബാംഗലൂർ വിടാൻ അത്രയ്ക്കു മടിയായിരുന്നു!!.

ഫോണിന്റെ സ്ക്രീനിൽ അമ്മയുടെ നമ്പർ തെളിഞ്ഞു വന്നു. അമ്മ കഴിഞ്ഞയാഴ്ച്ച വിളിച്ചപ്പോഴും വീട്ടിലേക്ക് ചെല്ലുന്ന കാര്യമെന്നും പറഞ്ഞിരുന്നില്ല. മോള് ഫോണെടുക്കാൻ വന്നെങ്കിലും വിലക്കിയതു കണ്ട് പിണങ്ങി.

“അമ്മമ്മയ്ക്ക് നമുക്ക് സർപ്രൈസ് കൊടുക്കേണ്ടെ പൊന്നേ”. അവളതു വിശ്വസിച്ചതെങ്കിലും വീണ്ടും അമ്മയുടെ വിളി ഞാൻ കൊതിച്ചിരുന്നു.

പണ്ടൊക്കെ അമ്മ ഒരു ദിവസം പലയാവർത്തി വിളിച്ച് വിശേഷം തിരക്കുന്നതായിരുന്നു. പിന്നെ പിന്നെ അത് ദിവസത്തിലൊന്നും രണ്ടു ദിവസം കൂടുമ്പോഴുമായി മാറി. കണ്ണകലുമ്പോൾ കരളകലുമെന്ന പഴമൊഴിയൊക്കെ അനുഭവങ്ങളിൽ നിന്ന് എടുത്തതാവും. അമ്മ ഇനി വിളിച്ചാൽ എടുത്ത് ചെങ്ങന്നൂ ർക്ക് ഞങ്ങൾ രാത്രിയോടെ എത്തുമെന്ന് പറയണമെന്ന് വിചാരിച്ചെങ്കിലും വിളി വന്നില്ല.

ചെറിയ ശുണ്ഠി എന്റെ മൂക്കിൻ തുമ്പത്തു വന്നെങ്കിലും ഒരർത്ഥത്തിൽ ഫോൺ എടുക്കാതിരുന്നത് നന്നായെന്ന് തോന്നുന്നു. പുതിയ ദത്തുപുത്രിയുടെ വിശേഷം വല്ലതു പറയാനായിരിക്കും. തനിയ്ക്കതു കേൾക്കാനുള്ള ക്ഷമയൊന്നും ഇല്ലതാനും!!.

സാധാരണ വീട്ടിൽ തന്റെ ഇഷ്ടാനിഷ്ടങ്ങളിൽ അച്ഛനോട് പടവെട്ടുന്ന അമ്മ ഇതിനൊക്കെ സമ്മതിക്കുമോന്ന് നല്ല സന്ദേഹമുണ്ടായിരുന്നു.

ചെറുപ്പത്തിൽ അച്ഛനുമായി വീട്ടിൽ  കലഹിക്കുമ്പോൾ ഇങ്ങനെയായാൽ ആരെയെങ്കിലും ദത്തെടുത്ത് വീട്ടിൽ കൊണ്ടു വരുമെന്ന് പറയുന്നതും അവസാനം തന്റെ കരച്ചിൽ അസഹനീയമാകുമ്പോൾ അമ്മ അച്ഛനോട് കയർക്കുന്നതുമെല്ലാം ഇന്നലെ പോലെ ഓർമ്മ വരുന്നു. കാലം എത്ര മാറിയാലും തന്റെ അവകാശത്തിൻമേൽ മറ്റൊരാൾ  കൈകടത്തുന്നത് ഏത് മകളാണ് സഹിക്കുന്നത്. അതെല്ലാം ഓർമ്മയുളള അമ്മയാണോ വീട്ടിൽ ഒരു കൊച്ചു കുട്ടിയെ ലാളിക്കുന്നതിന്റെ വർണ്ണന തന്നോട് പറയുന്നത്!!. അമ്മ പുതിയ അംഗത്തിന്റെ വിശേഷങ്ങൾ പറയുമ്പോൾ തന്നെ എന്തോ മറച്ചുവെയ്ക്കുന്നതുപോലെ…അയൽ വീടുകളിലൊ ബന്ധുവീടുകളിലോ വിളിക്കാമെന്നു വെച്ചാൽ വലിയൊരു കമ്മ്യുണിക്കേഷൻ ഗ്യാപ്പ് കാരണം അഭിമാനം സമ്മതിക്കുന്നുമില്ല.

കഴിഞ്ഞ ആഴ്ച അമ്മ വിളിച്ചപ്പോൾ നാട്ടിലേക്ക് വരുന്ന കാര്യം എടുത്തു ചോദിച്ചതു മുതലാണ് പോകണമെന്ന് തോന്നിയതു തന്നെ. അച്ഛൻ വിളിച്ചിട്ട് ഏതാണ്ട് ആറുമാസമായി കാണണം. അച്ഛന്റെ വാശി തനിക്കുമുള്ളതുകൊണ്ട് അമ്മയോട് അവിടെല്ലാവർക്കും സുഖമല്ലേ എന്ന ഔപചാരിക അന്വേഷണത്തിൽ എന്റെ കുശലാന്വേഷണവും തീരാറാണ് പതിവ്.

ചെങ്ങന്നൂർ ട്രെയിൻ ഇറങ്ങി വീട്ടിൽ എത്തിയപ്പോൾ മണി ഒൻപതായി. വീടാകെ ഇരുട്ടിന്റെ കരിമ്പടം വാരി പുതച്ച പോലെ നിൽക്കുന്നു. ഗേറ്റിനു പുറത്തെ വഴിവിളക്കിൽ വിരിഞ്ഞ LED ലൈറ്റ് വെളിച്ചത്തിൽ കാർപോർച്ച് കാണാമെനു മാത്രം!!!.പണ്ടൊക്കെ ടി വിയിലെ പതിനൊന്നു മണി ന്യൂസ് വരെ വീട് പ്രകാശ പൂരിതമാകുന്നതാണ്.

അച്ഛൻ നേരത്തെ കിടന്നോ ആവോ? ഓട്ടോയിറങ്ങി അനു കുട്ടിയുമായി കാർ പോർച്ചിനോട് ചേർന്ന സിറ്റൗട്ടിലേക്ക് കാലടികൾ ചലിക്കുമ്പോൾ കിഴക്കേ പുറത്തെ മാവിൽ ഊഞ്ഞാൽ കണ്ടു. പുതിയ അംഗത്തിനാകും അച്ഛൻ ഊഞ്ഞാലയൊക്കെ ഒരുക്കിയിരിക്കുന്നത്. പണ്ടൊരു പാവാടക്കാരിക്കുവേണ്ടി മുറ്റത്ത് അച്ഛൻ ഒരു പാട് ഊഞ്ഞാലകൾ കെട്ടിയിട്ടുള്ളതാണ്.

അനുകുട്ടി കോളിംഗ് ബെല്ലിനടുത്ത് എത്തിയെങ്കിലും മുറ്റത്തെ കാൽപ്പെരുമാറ്റം കേട്ടിട്ടോ യെന്തോ അമ്മ വാതിൽ തുറന്നിറങ്ങി.

“മോള് മെസേജ് ഇട്ടതു മുതൽ ഞാൻ കാത്തിരിക്കുകയായിരുന്നു. എന്താ അമ്മാമെടെ മോൾ വൈകിയത്”. അമ്മ അനുകുട്ടിയുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി.”

“അച്ഛൻ നേരത്തെ കിടക്കും. നിങ്ങളു വരുന്ന കാര്യം പറഞ്ഞിരുന്നു, ഇനിയിപ്പോൾ രാവിലെ കാണാം”

കണ്ണുകൾ അച്ഛന്റെ റൂമിന്റെ ഇരുട്ടിലേക്ക് നീണ്ടതു കണ്ടു പറഞ്ഞു.

പണ്ടൊക്കെ എത്ര വൈകി വന്നാലും എഴുനേറ്റു വരുന്ന ആളാണ്, ഞാൻ വിളിക്കാത്തതിന്റെ പിണക്കമായിരിക്കും, എന്റെ നിറഞ്ഞ കണ്ണ് അമ്മയിൽ നിന്ന് മറച്ചു പിടിച്ച് റൂമിലേക്ക് പോയി.

അമ്മ റൂമൊക്കെ വെടിപ്പായി സൂക്ഷിച്ചിരിക്കുന്നു. പണ്ടത്തെ സ്റ്റഡി മേശമേൽ അച്ഛന്റെ കൂടെ ഊഞ്ഞാലാടുന്ന ഫോട്ടോ വെള്ളി ഫ്രെയിമിൽ ഇരിക്കുന്നു. യാത്രയിലെ ക്ഷീണം ഉണ്ടെങ്കിലും മാനസിക അസ്വസതകൾ ഉറക്കത്തെ വലിച്ചു നീട്ടി.

വെന്റിലിറ്റേറിൽ നിന്ന് അരിച്ചിറങ്ങുന്ന വെളിച്ചം നേരം അല്പം ആയിരിക്കുന്നുവെന്ന സിഗ്നൽ തന്നുവെങ്കിലും വീണ്ടും മടിച്ചു അല്പ നേരം മെലേ വീട്ടിലെ പട്ടുമെത്തയിൽ കിടന്നു. വൈകിയുണരുന്ന അനു വെളിയിലാണെന്നു തോന്നുന്നു. അടുക്കള ഭാഗത്തു നിന്നു അമ്മയുടെ സംസാരവും കേൾക്കുന്നു. അച്ഛൻ എഴുനേറ്റു കാണും. അനുകുട്ടിയെ കൂടി വിളിച്ചിട്ട് അച്ഛന്റെ അടുത്തേക്ക് ചെല്ലാം..മഞ്ഞുരുകട്ടെ!!!.

എനിക്ക് അച്ഛനോടു കപട ദേഷ്യമാണെന്ന് അച്ഛനോടൊപ്പുള്ള ഫോട്ടോ വീണ്ടും വീണ്ടും കാണുമ്പോൾ  ഉള്ളിലിരുന്നു ആരോ മന്ത്രിക്കുന്ന പോലെ തോന്നി. താനും വാസുവും തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചവരാണ്. അച്ഛന് അത് അത്ര ഇഷ്ടമല്ലാതിരുന്നിട്ടും തന്നോടുള്ള വാത്സല്യം കണക്കിലെടുത്ത് അവസാനം സമ്മതിച്ചതാണ്. അമ്മയുടെ സ്വാധീനവും ആ തീരുമാനത്തിലുണ്ട്. ഏതു പ്രായത്തിലുള്ളതാണോ അമ്മേടെ പുതിയ വളർത്തുമകൾ, അമ്മയുടെ റൂമിലേക്ക് എന്റെ കണ്ണുകൾ ഓട്ട പ്രദക്ഷിണം നടത്തി. കുഞ്ഞുടുപ്പുകൾ ഒന്നും കാണാത്തത് കൊണ്ട് മനസ്സിലൊരു ആശ്വാസം തോന്നി.

“എവിടെ അമ്മേടെ വളർത്തു പുത്രി?” അൽപം ജിജ്ഞാസ കലർന്ന പരിഹാസം അതിൽ കലർനിരുന്നു

“കുഞ്ഞി അവൾ പ്രസവിക്കാൻ പോയിരിക്കുകയാ”

ഇത്തവണ ഞാൻ ശരിക്കും ഞെട്ടി.

അമ്മയും അച്ഛനും ഇതെന്തു ഭാവിച്ചാണ്.

“അമ്മാമെ ഇവറ്റകൾ പാലു കുടിക്കുന്നില്ല” പുറത്തു നിന്ന് അനുകുട്ടിയുടെ വിളിച്ചു കൂവൽ കേട്ടു.

“അവർക്കു വയറു നിറഞ്ഞു കാണും മോളെ”

തൊടിയിലേക്ക് എന്നോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ അമ്മ സമാധാനിപ്പിക്കും പോലെ പറയുന്നതു കേട്ടു.

രണ്ടു പൂച്ച കുട്ടികൾ ഒരു പാത്രത്തിലെ പാൽ നുണഞ്ഞ് അനുവിനെ ചുറ്റിപറ്റി നിൽക്കുന്നു. പണ്ട് ഇവറ്റകളുമായി ചങ്ങാത്തം കൂടുന്നതിന് അച്ഛന്റെ അടി കിട്ടുന്ന കാര്യം ഓർത്തു.

“അനു, നോക്ക് അവറ്റകളുടെ അടുത്തു നിന്ന് കടിയും മാന്തലും ഒന്നും വാങ്ങാതെ” ഞാൻ ഒരു ചെറിയ വടി , പൂച്ചക്കുട്ടികളെ ഓടിക്കാൻ നോക്കി.

“ഹേയ് ആരാത്?” അച്ഛന്റെ ജനാലയ്ക്കൽ നിന്ന് ഒരു ഗാംഭീര്യം ചോർന്ന ശബ്ദം കേട്ടു.

“അച്ഛൻ ഉണർന്നെന്ന് തോന്നുന്നു”, ധൃതി പിടിച്ച് അച്ഛന്റെ റൂമിലേക്ക് നീങ്ങിയ അമ്മയുടെ പുറകിൽ മോളെയുമായി ചെന്നു. അച്ഛന്റെ രൂപത്തിന് സ്വരത്തിലുണ്ടായ പോലത്തെ ഒരു തളർച്ച തോന്നി എനിക്ക്.

“ആരാതെന്ന് മനസ്സിലായോ?” സാകൂതം എന്നെ നോക്കിയിരുന്ന അച്ഛനോട് ഒരു നിമിഷം അമ്മ എന്നെ ചൂണ്ടികാണിച്ചു ചോദിക്കുന്നത് കണ്ടപ്പോൾ എന്റെ മുഖത്ത് അമ്പരപ്പാണുണ്ടായത്.

അമ്മ എന്റെ റൂമിൽ മേശപ്പുറത്തിരുന്ന ഊഞ്ഞാൽ ഫോട്ടോ കാണിച്ചു മേധാക്ഷയം ബാധിച്ച അച്ഛന് എന്നെ പരിചയപ്പെടുത്തുന്നത് കണ്ട് ചങ്ക് പിടഞ്ഞു. അച്ഛന്റെ മുഖത്ത് ഓർമ്മചെപ്പിന്റെ ചെറു കിലുക്കം പോലെ ഒരു മങ്ങിയ ചിരി വിടരുന്നപോലെ തോന്നി.

കഴിഞ്ഞ ആറു മാസമായി കൊവിഡ് ബാധയ്ക്കു ശേഷം അച്ഛനുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അമ്മ വിശദീകരിച്ചു

“ആകെ അച്ഛൻ അറിയുന്നതും സന്തോഷിക്കുന്നതും കുഞ്ഞിയും മക്കളും വരുമ്പോഴാണ്. അവർക്കും അങ്ങനാണ്. അച്ഛന്റെ കൂടെ തന്നെ എപ്പോഴും…”

എനിക്ക് സത്യത്തിൽ കുശുമ്പ് തോന്നി, അച്ഛനെ ഇടക്കിടക്ക് വന്നു കാണാനും കൂടെ നിൽക്കാനും തനിക്കു സാധിച്ചില്ല..ഇവിടെ താമസിക്കുന്നതുകൊണ്ട് അവർക്ക് അത് സാധിക്കുന്നു. വെളിയിലൊരു  കോലഹലം കേട്ട് പുറത്തേക്ക് ദൃഷ്ടി പായിച്ചിരുന്ന അച്ഛൻ കൈ പൊക്കി എന്തൊക്കെയോ ബഹളങ്ങൾ വെക്കുന്നത് കണ്ടു

“ദേണ്ടെ സുമ തിരക്കിയ ആളുകൾ, കുഞ്ഞിയും പെൺമക്കളും”.

വളർത്തച്‌ഛന്റെ മകളെ കണ്ട് കുഞ്ഞിയും മക്കളും കരഞ്ഞു, ആ മ്യാവു കരച്ചിൽ സന്തോഷത്തിന്റെ യാണെന്ന് എനിക്ക് മനസ്സിലായി.

കുഞ്ഞിയുടെ മക്കൾ അച്ഛനോട് ചേർന്ന് മേലുരസി കളിക്കുന്നത് കണ്ടപ്പോൾ അച്ഛന്റെ മുഖത്തു വിരിഞ്ഞ സന്തോഷം എന്റെ കണ്ണുകളെ നിറച്ചിരുന്നു.

~ഷാജി മല്ലൻ