രണ്ടു ദേഹങ്ങളും രണ്ടു ജോഡി മിഴികളും രണ്ടു ചുണ്ടുകളും എല്ലാം പരസ്പരം അമരും…

പുനർജന്മം

എഴുത്ത് : ലച്ചൂട്ടി ലച്ചു

==================

“കുറച്ചു വെള്ളം തരുമോ ?”

ഇടുപ്പിലൂടെ കൈകൾ കടത്തി ആരോ പിറകിലേയ്ക്ക് വലിച്ചിട്ടപ്പോഴായിരുന്നു കണ്ണുകൾ തുറന്നത്…

മനസ്സിനെ അതിന്റെ പാരമ്യതയിൽ ബലപ്പെടുത്തി തയ്യാറായതായിരുന്നു …

അവസാനനിമിഷങ്ങളെ എണ്ണിയെണ്ണി സൂയിസൈഡ് പോയിന്റിൽ നിന്നും ജനിപ്പിച്ചവരോടും ജീവിച്ച നിമിഷങ്ങളോടും മാപ്പിരന്നുകൊണ്ടു അവസാന ശ്വാസമെടുക്കാൻ തയ്യാറായതായിരുന്നു….

അതിനിടയ്ക്കാണ് പിറകിലേയ്ക്കാരോ ബലമായി വലിച്ചിട്ടത്….

മരണത്തിന്റെ പടിക്കെട്ടിൽ നിന്നും ജീവിതത്തിലേക്ക് വീണ്ടും തന്നെ വഴിതിരിച്ചു വീഴിച്ച അയാളെ ഞാൻ ക്രുദ്ധമായി നോക്കി ….

കിതച്ചുകൊണ്ടു അയാൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്….

“താനാരാടോ ….?എന്നെയെന്തിനാ രക്ഷിച്ചേ ….?”

ദേഷ്യം കൊണ്ടു എനിയ്ക്ക് സ്വയം നിയന്ത്രിയ്ക്കാൻ കഴിയുന്നില്ലായിരുന്നു ….

“കുറച്ചു വെള്ളം തരുമോ…..?”

ഞാൻ അനങ്ങിയില്ല….

മറുസമീപനം ഉണ്ടാകാത്തത് കൊണ്ടു തന്നെ അയാൾ എന്റെ അരികിലായി കിടന്ന ഹാൻഡ് ബാഗ് വലിച്ചെടുത്തു…..

” ഞാൻ എത്ര പ്രാവശ്യം പുറകിൽ നിന്നു വിളിച്ചു …താൻ വിളി കേൾക്കാത്തതുകൊണ്ടാണ് പിറകിലേയ്ക്ക് വലിച്ചിട്ടേ….എവിടെയെങ്കിലും തട്ടിയാരുന്നോ….?”

‘ എന്തെന്ന്…?”

ഞാൻ അന്തിച്ചു കൊണ്ടു അയാളെ നോക്കി …

“അല്ല ….അവയവങ്ങൾക്ക് വല്ല കോട്ടവും വന്നിട്ടുണ്ടോ…..? ഒടിവൊ ചതവോ അങ്ങനെ എന്തെങ്കിലും….?”

അയാൾ ചിരിയോടെ ബാഗിന്റെ സിബ്ബ് വലിച്ചു തുറന്നു …..

ഇതുവരെ അനുഭവിച്ചത്‌ പോരാഞ്ഞത് കൊണ്ടാകും അടുത്തത് ഒന്നൊന്നായി വരുന്നത് ….!

കലിയോടെ ഞാൻ മനസ്സിലോർത്തു …..

വെള്ളത്തിന്റെ ബോട്ടിൽ കിട്ടാതെ അയാൾ ബാഗ് തട്ടിക്കുടയുന്നുണ്ടായിരുന്നു …..

“നീ ചാകാൻ തന്നെ വന്നതാണോടി….!! മയ്ബിലിന്റെ ലിപ്പ്ബാം …..എയേറ്റക്സിന്റെ ഐലീനർ….ലെവൽ താഴ്ന്നു താഴ്ന്നു വരുവാണല്ലോ കൊച്ചേ….ദേ കിടക്കുന്നു കുട്ടിക്കൂറ പൗഡർ …”

കളിയാക്കിക്കൊണ്ടു അയാൾ ബാഗിന്റെ അടുത്ത സിബ്ബും വലിച്ചു തുറന്നു…..

” ഇതൊക്കെ അമ്മച്ചി എപ്പഴും ബാഗിലെടുത്തു വച്ചുതരുന്നതായിരിക്കും….. അല്ലിയോ…?”

തുറന്നപ്പോഴേ പൊട്ടിവെളിയിൽ വീണ ഡ്രൈ ഫ്രൂട്‌സ് കൊറിച്ചു കൊണ്ടായിരുന്നു അയാളുടെ ചോദ്യം …..

ഇരമ്പി വന്ന കോപം പിടിച്ചമർത്തുകൊണ്ടു അയാളുടെ കയ്യിൽ നിന്നും ബാഗ് തിരിച്ചു മേടിച്ചു വീണ്ടും സൂയി സൈഡ് പോയിന്റിലേയ്ക്ക് നടക്കവെയാണ് ആണ് അയാൾ പിന്നിൽ നിന്നു വിളിച്ചത്…..

“അഞ്ചുമിനിറ്റിനകം സെക്യൂരിറ്റി ചെക്കിങ്ങ് ഉണ്ട് ഇവിടെ ആ ഭാഗത്തെങ്ങാനും നിൽക്കുന്നത് കണ്ടാൽ പിന്നെ മരിച്ചാലും കൊച്ചിനിവിടെ ആ ത്മഹ ത്യ ചെയ്യാൻ പറ്റൂല്ല ….!!”

പതിയെ നടത്തം നിന്നു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അവിടെ തന്നെ നിന്നു ചിരിയ്ക്കുന്നുണ്ടായിരുന്നു…..

” ഉള്ളതാണ് കൊച്ചേ….ഞാൻ ആഴ്ചയിലൊരിക്കൽ ഇവിടെ വരാറുണ്ട് അതുകൊണ്ടു കാര്യങ്ങളൊക്കെ അറിയാം….”

” താനെന്തിനാണിവിടെ വരുന്നേ….??”

ഞാൻ ആകാംഷയോടെ തെല്ലും ഗൗരവം കുറയ്ക്കാതെ തന്നെ ചോദിച്ചു…..

” ഞാൻ കഴിഞ്ഞ ആണ്ടിൽ ഇവിടെ അഞ്ചാറു കപ്പ നട്ടായിരുന്നു….അതു മുളച്ചോ അതോ വല്ലവരും കൊത്തിക്കൊണ്ടു പോയോ എന്നു നോക്കാൻ വരുന്നതാ…”

അവസാനത്തെ കശുവണ്ടി പരിപ്പും വായിലേയ്ക്കേറിഞ്ഞു അയാൾ എന്നെനോക്കി….

“താൻ എന്താ ആളെ പൊട്ടനാക്കുവാണോ … ?”

“പൊട്ടിയല്ലാതെ നീ പിന്നെയാരാ സുക്കർബർഗിന്റെ പെങ്ങളോ …??

ആ ത്മ ഹ ത്യമുനമ്പിൽ വന്നിട്ട് ഞാൻ ഇത്രേം പറഞ്ഞതു ഒരു സെക്കൻഡ് നീ വിശ്വസിച്ചെങ്കിൽ അടുത്ത മാസം വരുമ്പോൾ വിളവെടുത്ത കപ്പ വെന്തോ ചേട്ടാ എന്നു ചോദിയ്ക്കുന്ന ടൈപ്പ് ആണ് നീ …”

” ചേട്ടൻ എന്നു വിളിയ്ക്കാൻ പറ്റിയ സാധനം….!!”

ഞാൻ പിറുപിറുത്തു …

“നീ വേണമെങ്കിൽ അനിയൻ എന്നു വിളിച്ചോ…എനിയ്ക്ക് പ്രശ്നം ഒന്നുമില്ല…..നിനക്ക് വിഷമം ആകരുതല്ലോ എന്നു കരുതിയാണ് … “

അയാൾ അത്രയും പറഞ്ഞ് വീണ്ടും എന്റെ ബാഗ് പിടിച്ചു വാങ്ങി തറയിൽ ചമ്രം പിണഞ്ഞിരുന്നു….

എന്തു ചെയ്യണം എന്നറിയാൻ വയ്യാതെ കുഴഞ്ഞു നിന്നപ്പോഴായിരുന്നു അയാൾ ഇരുന്നിടത്തു നിന്നും ഒരറ്റം വൃത്തിയാക്കുന്നത് കണ്ടത് …..

“ഞാൻ തന്റെ അടുത്ത് ഇരിക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിയ്ക്കണ്ട …”

പുച്ഛത്തോടെ എന്നെയൊന്നു നോക്കി അയാൾ ബാഗിൽ നിന്നും കർച്ചീഫ് വലിച്ചെടുത്ത് അവിടെ വിരിച്ചു ബാക്കിയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ തട്ടിവിരിയ്ക്കുന്നുണ്ടായിരുന്നു …..

“ചാടാൻ ഒരു ഊർജ്ജമൊക്കെ വേണ്ടേ പെണ്ണേ….വേണമങ്കിൽ വന്നിരുന്നു കഴിയ്ക്ക്…”

ആദ്യമൊന്നും ശ്രദ്ധിയ്ക്കാൻ പോയില്ലെങ്കിലും നിന്നു കാലു കഴച്ചപ്പോൾ എനിയ്ക്ക് അവിടെ തന്നെ ഇരിയ്ക്കേണ്ടി വന്നു….

” പാർക്ക് ഗേറ്റ് ആറു മണിയ്ക്കെ അടയ്ക്കുള്ളു….ഇപ്പോൾ സമയം മൂന്നു മണി….നിനക്കിഷ്ടംപോലെ സമയമുണ്ട്….ഒളിമ്പിക്‌സ് ജമ്പിംഗ്ഒന്നുമലല്ലോ… ചുമ്മാ ആ മലേടെ മണ്ടേന്നു എടുത്തങ്ങു ചാടിയാൽ പോരെ…. “

ഞാൻ മൗനം ഭജിച്ചു….

” എന്താ കൊച്ചിന്റെ പേര് …??”

“പേരയ്ക്ക..!!”

” നശിപ്പിച്ചു…..!! നിങ്ങളീ പെണ്ണുങ്ങൾക്ക് പേരു ചോദിക്കുമ്പോൾ ഈയൊരു പഴത്തിന്റെ പേരേ അറിയത്തുള്ളോ …

വേറെ എന്തോരം പഴങ്ങളുണ്ട്….ഉദാഹരണത്തിന് ചാമ്പയ്ക്ക…. നെല്ലിക്ക… സപ്പോട്ട … “

പറയുന്നതോടൊപ്പം അയാൾ ഒരു പലഹാര പാത്രം വറ്റിച്ചിരുന്നു..

” ബാലനന്ദ …!!”

സഹിയ്ക്കവയ്യാതെ ഞാൻ പേരു പറഞ്ഞു….

” ആഹാ… നല്ല ഭാരമുള്ള പേരാണല്ലോ..!! ഈ ഝാൻസി റാണി……ആനിബസന്ത് ….കുന്നിന്മേൽ ശാന്ത…..എന്നൊക്കെ പറയും പോലെ …”

“താനെന്താ ആളെ കളിയാക്കുവാണോ…??”

എനിയ്ക്ക് വിറഞ്ഞു കയറുന്നുണ്ടായിരുന്നു…

” ദേഷ്യപ്പെടാതെ ബാലനന്ദേ ….ഇനി പറയ് എന്താ തന്റെ പ്രശ്നം…?? ടെന്ഷനടിക്കണ്ട ഓപ്ഷൻസ് ഉണ്ട്…

ഒന്ന് ഭർത്താവിന്റെ പരസ്ത്രീ ബന്ധം…

രണ്ടു കാമുകന്റെ വഞ്ചന….

മൂന്ന് വെറുതെ ഒരു നേരം പോക്ക്….

ഈ മൂന്നു ഓപ്ഷൻസിൽ നിന്റെ ആ ത്മ ഹ ത്യയ്ക്ക് കാരണമാകുന്നത് ഏതാണ്…??”

ഞാൻ വെറുതെ തല താഴ്ത്തി നിന്നു….

നീയിങ്ങനെ ഒന്നും മിണ്ടാതെ നിന്നാൽ മണിക്കുട്ടി ഓടിയോടി അങ്ങു കാശ്മീരിൽ ചെല്ലും….വെറുതെ അതിനെകൊണ്ടു വെടിവയ്പ്പിയ്ക്കാതെ നീയെതെങ്കിലും ഒന്നു പറയ് …”

“എനിയ്ക്കൊരു പ്രണയമുണ്ടായിരുന്നു …”

അര നിമിഷത്തിനു ശേഷം ഞാൻ പറഞ്ഞു …

“വയറ്റിലൊണ്ടോ … ??”

ഒട്ടും താമസിയാതെയായിരുന്നു ആ ചോദ്യം …

“വൃത്തികേട് പറയുന്നോടോ…??”

ഞാൻ ഇരുന്ന ഇരുപ്പിൽ നിന്നെഴുന്നേറ്റു…

” അതു കൊള്ളാം …കല്യാണം കഴിഞ്ഞു ആരെങ്കിലും ഈ ചോദ്യം ചോദിച്ചാൽ നിന്റെ വർഗ്ഗത്തിനു ഇതൊക്കെ ഭയങ്കര നാണമാണല്ലോ….കല്യാണത്തിന് മുന്നേ ചോദിച്ചാൽ ഭയങ്കര പാതകം….

സാധാരണ പ്രണയം പൊട്ടുന്നവർ ആ ത്മഹത്യക്ക് മുതിരണമെങ്കിൽ ഒന്നുകിൽ ആ ആൾ മറ്റേയാളെ ജീവന് തുല്യം സ്നേഹിച്ചിരിക്കണം ….അല്ലെങ്കിൽ ഇരിയ്ക്കുന്നതിനു മുന്നേ കാലു നീട്ടിയിരിക്കണം …അതാണ് ചോദിച്ചേ വല്ല അബദ്ധവും പറ്റിയതാണോ എന്നു….ഇനി ഞാൻ ചോദിച്ചത് അബദ്ധമായെങ്കിൽ തിരിച്ചെടുത്തു … “

“അലോഷിയെ ഞാൻ സ്നേഹിച്ചിരുന്നു….ജീവന് തുല്യം…..അല്ല എന്റെ ജീവനേക്കാളേറെ….പക്ഷെ അവന്റെ അപ്പച്ചനും അമ്മച്ചിയ്ക്കും ഈ ബന്ധം സ്വീകാര്യമല്ലായിരുന്നു..ഞങ്ങൾ രണ്ടു മതക്കാരാണ് പോരാത്തതിന് എന്റെ കുടുംബം വളരെ സാധാരണവും…ഒരു പ്രണയം തകരാൻ ഇതൊക്കെ തന്നെ ധാരാളം … “

“ഇതൊന്നും അത്ര ധാരളമല്ലല്ലോ മോളെ…അവന്റെ പേരെന്നതാന്ന പറഞ്ഞേ …??

ലോഷനോ… ഡെറ്റോളോ.??”

“അലോഷി…”

” ആഹ്… അവനു തണ്ടെല്ലോണ്ടായിരുന്നേൽ നീയിപ്പോൾ ഈ ആ ത്മഹ ത്യ മുനമ്പിന് പകരം അവന്റെ വീടിന്റെ ബാൽക്കണീൽ പോയി നിന്നേനെ …

ഈ പെങ്കൊച്ചുങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് ഒരു റോയൽ എൻഫീൽഡും നെഞ്ചത്തുവലിച്ചു കേറ്റിയ സിക്സ് പാക്കും നാലു ഡയറി മിൽക്കും കൂടിയായാൽ അവനാണ് മാന്യനെന്നു…

നീ ദിവസവും അവനെ കാണാൻ പോകുന്ന ബസ്സിലെ ഡ്രൈവറെ പ്രേമിച്ചിരുന്നെങ്കിലും നിനക്കീ ഗതി വരത്തില്ലായിരുന്നു കൊച്ചേ …”

മറന്നു തുടങ്ങിയ ഓർമ്മകൾ ഓർമ്മപ്പെടുത്തലുകളായി മാറിയപ്പോഴേയ്ക്കും എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….

അതു കണ്ടതുകൊണ്ടാകും അൽപ്പ നേരം അയാൾ നിശ്ശബ്ദനായിരുന്നു …

“താനെന്തിനാ ഇവിടേയ്ക്ക് വന്നേ..??”

എന്റെ ചോദ്യം കേട്ട് അയാൾ ചിരിയ്ക്കുന്നുണ്ടായിരുന്നു നേരത്തെ ഈ ചോദ്യത്തിനുള്ള മറുപടിയോർത്താവാം…

” നീ വന്നതെന്തിനോ അതിനു തന്നെ …

“ആ ത്മഹത്യ ചെയ്യാനൊ …??”

“ആഹ്… വേണമെങ്കിൽ അങ്ങനെയും പറയാം…അല്ലാതെ ചെന്നു നിൽക്കുമ്പം ആരും പിറകേന്ന് തള്ളി സഹായിക്കില്ലല്ലോ …”

അയാൾ ചിരിയ്ക്കുന്നുണ്ടായിരുന്നു…

” ആ താനാണോ എന്നെ ഉപദേശിയ്ക്കാൻ വരുന്നേ..??

എന്താണ് പ്രശ്നം….. എന്നെപോലെ പ്രേമ നൈരാശ്യം ആണോ …??”

എന്റെ ഉദ്വേഗത്തോടെയുള്ള ചോദ്യം കേട്ട് അയാളുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു…

“തകരാൻ മാത്രം വിധമുള്ളൊരു പ്രണയം എനിയ്ക്കുണ്ടായിട്ടില്ല …കാരണം എന്റെ പ്രണയം തകർന്നിട്ടില്ല…

ഇപ്പോഴും ഞാനതിനെ ശ്വസിയ്ക്കുന്നുണ്ട്നിശ്വസിയ്ക്കുന്ന ഒന്നിനെ എങ്ങനെ കല്ലറയിൽ അടക്കാനാകും …?? എന്റെ പ്രണയിനിയ്ക്ക് ലില്ലിപ്പൂക്കളുടെ നിറമാണ് … അവളെന്നെ കെട്ടിപ്പിടിയ്ക്കുമ്പോൾ…. ചുംബിയ്ക്കുമ്പോൾ…. ഒക്കെ മഴ പെയ്യാറുണ്ട്….”

കളിതമാശയിൽ നിന്നും കാര്യഗൗരവത്തിലേയ്ക്കുള്ള അയാളുടെ ഭാവമാറ്റം എനിയ്ക്ക് അതിശയകരമായിരുന്നു …

എങ്കിലും എന്റെ നിരാശ പൂണ്ട മുഖത്തിനു ഭാവഭേദമില്ലായിരുന്നു അതു മനസ്സിലാക്കിയെന്നത് പോലെ അയാൾ തുടർന്നു ….

“മരിയ്ക്കാനാഗ്രഹിയ്ക്കാതെ മരിച്ച ഒരാളോട് നീ സംസാരിച്ചിട്ടുണ്ടോ…? അതിലും വലിയ നിരാശ കലർന്ന സ്വരം ഒരു പക്ഷെ നീ കേൾക്കാനിടയുണ്ടാവില്ല…. !!”

ഞാൻ അയാളെ തന്നെ ഒരു നിമിഷം നോക്കി നിന്നു……

“എന്റെ കാര്യം അവിടെ നിൽക്കട്ടെ…ഇനി നിന്റെ കാര്യം പറയാം ….എന്റെ ഒരു സർവ്വവിജ്ഞാന വീക്ഷണത്തിൽ നിനക്കിപ്പോൾ ആ ത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ല….മറിച്ച് ജീവിയ്ക്കാനുള്ള സാഹചര്യം ഉണ്ട് താനും…നഷ്ടപ്പെട്ടത്തിനെയോർത്തു വിലപിയ്ക്കുകഎന്നാൽ സ്വയം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചോർത്ത് വിലപിയ്ക്കാൻ അവകാശമില്ല ആർക്കും…

മനസ്സിലായില്ല അല്ലെ …??”

അയാൾ മുഖം ചരിച്ചു നോക്കി…

ഇല്ല എന്ന അർഥത്തിൽ ഞാനും…

” നിന്റെ പ്രണയം നിനക്ക് നഷ്ടമായതാണ്….തിരിച്ചു പിടിയ്ക്കുവാൻ നീ പരമാവധി ശ്രമിച്ചിട്ടും നഷ്ടമായ ഒന്ന് കൈക്കുമ്പിളിലെ ഭാരം വിരലുകളെ മുറിവേല്പിച്ചു തുടങ്ങിയാൽ അതിനെ വിട്ടുകളയുക ….അതിൽ നിന്റെ തെറ്റ് എന്താണ്…? ഓർത്തു വിഷമിയ്ക്കുക എന്ന ഒരു കടമ മാത്രമേ അതിൽ നിനക്ക് ചെയ്യേണ്ടതുള്ളു …

എന്നാൽ നീ സ്വയം നഷ്ടപ്പെടുത്തുവാനായി ഒരുങ്ങിയത് നിന്റെ ജീവനാണ് …നിന്റെ ജീവിതമാണ്…പിന്നീട് അത് നഷ്ടപ്പെട്ടതോർത്ത് വിലപിയ്ക്കുവാൻ നിനക്കെന്താവകാശം..?? മറിച്ചു നിനക്ക് ജന്മം തന്നവർ അതോർത്ത് നീറും…ആ നീറ്റൽ നിന്റെ ശവ ശരീരത്തിൽ പോറലുകൾ വീഴുത്തും …അതിന്റെ വേവിൽ നിന്റെ ദേഹം ചുട്ടുപഴുക്കും…”

വല്ലാത്തൊരു ക്രൗര്യത്തോടെ അയാൾ പറഞ്ഞു നിർത്തി മനസ്സിന്റെ ഭാരം അല്പമൊന്നു കുറഞ്ഞപ്പോൾ ഞാൻ അയാളെ നോക്കി സരസമായി ചോദിച്ചു…

” സാഹിത്യകാരനാണല്ലേ …?”

അയാൾ ഉറക്കെ അട്ടഹസിച്ചു …

“അല്ല ഭ്രാന്തനാണ് … “

അതു കണ്ടു എനിയ്ക്കും ചിരി വന്നുപോയി…

” ഭ്രാന്തന്റെ റെക്കോർഡിക്കൽ നാമം എന്താണ്..??”

അയാൾ ഒരു നിമിഷം മൗനം അവലംബിച്ചു…

ചോദിച്ചത് ഇഷ്ടമായില്ലെന്നു തോന്നി വിഷയം മാറ്റനെന്ന രൂപേണ ഞാൻ അതിൽ നിന്നും വ്യതിചലിച്ചു…

“ഞാൻ ആത്മ ഹത്യ ചെയ്യരുത് എന്നാണോ പറഞ്ഞു വരുന്നത്..??”

“ഞാൻ പറഞ്ഞാലും നിനക്ക് അതു ചെയ്യണമെന്നുണ്ടെങ്കിൽ നീയത് ചെയ്തിരിക്കും…”

എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ നിന്നു

“ബിറ്റുമി ലവ് എന്താണെന്നറിയോ നിനക്ക്..??”

അയാൾ വിദൂരതയിലേക്ക് നോക്കി എന്നോട് ചോദിച്ചു …

“മാൻ ആൻഡ് വുമൻ എന്നു പേരിട്ട രണ്ടു പ്രണയിതാക്കളുടെ പ്രണയം…

വേർപിരിയലിന്റെ കാഠിന്യം എന്തെന്നറിയണമെങ്കിൽ ജീവനില്ലാത്ത ആ പ്രതിമയുടെ ജീവനുള്ള പ്രണയത്തിന്റെ വേർപിരിയൽ കാണണം..സം വൻ ഓഫ് സേക്രഡ് ഡീസന്റ് ഹു ഹാസ് ബീൻ സാക്രിഫൈസ്ഡ് എന്ന നോവലിന്റെ ആധാരത്തിൽ നിർമ്മിയ്ക്കപ്പെട്ട ശില്പങ്ങൾ…..!! ജോർജിയൻ രാജകുമാരി നിനോയും മുസ്ലിം യുവാവ് അലിയും തമ്മിലുള്ള പരിശുദ്ധ പ്രണയം…എല്ലാ സായഹ്നങ്ങളിലും ഇവർ അടുക്കും..

രണ്ടു ദേഹങ്ങളും രണ്ടു ജോഡി മിഴികളും രണ്ടു ചുണ്ടുകളും എല്ലാം പരസ്പരം അമരും…ദിവസവും പത്തുമിനിറ്റ് മാത്രം പ്രണയിക്കാൻ വിധിയ്ക്കപ്പെട്ട രണ്ടു ശില്പങ്ങൾ അത്രയും ദുർവിധി ഏതു പ്രണയിതാക്കൾക്കാണ് കുട്ടി ഉണ്ടാവുക…

ഒത്തു ചേരാൻ കഴിയാത്ത അങ്ങനെ ചില പ്രണയങ്ങളുണ്ട്… പക്ഷെ ഞാൻ ഭാഗ്യവാനാണ് എന്റെ പ്രണയം എന്റെ കൂടെയുണ്ട് ..അവളിലെ ലില്ലിപ്പൂക്കളുടെ മണവും ഞങ്ങളുടെ ആലിംഗനത്തിൽ ഞെരിയുന്ന മഴത്തുള്ളികളും .. എല്ലാം…”

അയാൾ പ്രണയത്തിന്റെ സ്വാദ് രുചിയ്ക്കുന്നുണ്ടായിരുന്നു ..ഒരു നിമിഷം എനിക്കയാളോട് അസൂയ തോന്നി…

“നീ ഈഫൽ ടവർ കണ്ടിട്ടുണ്ടോ…??”

” ഇല്ല…”

” ബിഗ് ബെൻ ….മാച്ചുപിച്ചു …ഗോൾഡൻ ഗ്രെറ്റ് ബ്രിഡ്ജ്…. ഫ്ലോറിഡ കീസ്‌ ….??”

“അതൊക്കെ…??”

ഞാൻ സംശയത്തോടെ ചോദിച്ചു …

“പോട്ടെ കുറഞ്ഞത് താജ്മഹലെങ്കിലും കണ്ടിട്ടുണ്ടോ…”

ഞാൻ ജാള്യതയോടെ തല താഴ്ത്തി…

” നിന്റെ പഞ്ചായത്ത് എവിടാന്ന് നിനക്ക് അറിയോ ..??”

ഞാൻ ദേഷ്യത്തോടെ അയാളെ നോക്കി…

” നോക്കി ദഹിപ്പിയ്ക്കണ്ട ഇതൊന്നും കാണാൻ നിൽക്കാതെ മുകളിലോട്ട് ഫ്ലൈറ്റ് പിടിച്ചു പോകാനൊരുങ്ങിയ നിന്റെ തൊലിക്കട്ടി ഉണ്ടല്ലോ കാ ണ്ടാമൃ ഗം നിന്റെ മുന്നിൽ വന്നു വാലു ചുരുട്ടി നിൽക്കും ….”

“അത്രയ്ക്ക് നീളമൊന്നും അതിന്റെ വാലിനില്ല …”

തിരിച്ചെന്തെങ്കിലും ഞാനും പറയണമല്ലോ എന്ന് കരുതി പറഞ്ഞതാണ് പൊട്ടിച്ചിരിച്ചുകൊണ്ടു അയാൾ എന്നെ നോക്കി ….

“തമാശക്കാരിയാണല്ലോ എന്റെ അടുത്തെടുക്കുന്ന പകുതി വീറോടെ അവനിട്ടൊന്നു പൊട്ടിച്ചൂടായിരുന്നോ….!!” എന്റെ മുഖം മങ്ങിയിരുന്നു

അയാൾ നടന്നു നടന്നു എനിയ്ക്കഭിമുഖമായി തിരിഞ്ഞു നിന്നു…

“ആത്മ ഹ ത്യ ചെയ്യരുത് അതു പാപമാണെന്നൊക്കെ ചില ഡിവൈൻ കോട്സിലോക്ക കണ്ടിട്ടില്ലേ…പരമാർത്ഥം അതല്ല…

മനുഷ്യനൊഴികെ ദൈവത്തിന്റെ ഏതൊരു സൃഷ്ടിക്കും കുറവുകളുണ്ട് അവ സംസാര ശേഷിയാകാം ശ്രവണ ശക്തിയാകാം വികാരങ്ങളാകാം എന്നാൽ ഇവയൊക്കെയുണ്ടായിട്ടും മനസ്സാലെ മരണത്തിനു അടിപ്പെടുന്നവൻ പാപിയല്ല സ്വാർഥനാണ്…

ഇത്രയും സൗഭാഗ്യങ്ങളും അവനു പോരാതെ വരുന്നു അത്ര തന്നെ …”

“പ്രീസ്റ്റ് ആണല്ലേ … ??”

“വെള്ള ലോഹയോ കയ്യിലൊരു ബൈബിളോ കുരിശോ കൊന്തമാലയോ ഒന്നുമില്ലാത്ത വെറുമൊരു അഡിഡാസ് ടി ഷർട്ടുമിട്ട്‌ നിൽക്കുന്ന അധികമായി സംസാരിച്ചു വെറുപ്പിയ്ക്കുന്ന എന്നെ നീ പ്രീസ്റ്റ് എന്നു കരുതിയാൽ അതു നിന്റെ കുറ്റമല്ല…വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ …”

വീണ്ടും വീണ്ടും അയാൾ എന്റെ ക്ഷമയെ പരീക്ഷിക്കയാണ്…

” എന്റെ ദുഃഖങ്ങൾ ആർക്കും മനസ്സിലാവില്ല… ഉപദേശിയ്ക്കാൻ എളുപ്പമാണ് ഉപദേശികൾ അനുഭവസ്ഥരല്ലാതിടത്തോളം …”

“നിന്റെ അച്ഛൻ അരയ്ക്ക് കീഴ്‌പ്പോട്ടു തളർന്നു കിടക്കയാണോ ..??”

ഞാൻ നിഷേധാർഥത്തിൽ തലയാട്ടി..

” നിന്നെ സാക്ഷിയാക്കി നിന്റെ അമ്മ അച്ഛനല്ലാതെ മറ്റു പുരുഷന്മാർക്ക് കിടക്ക വിരിയ്ക്കാറുണ്ടോ..??”

” അസംബദ്ധം പറയരുത്..”

” പിന്നെ നിനക്കു എന്താടി ഇത്ര വലിയ ദുഃഖഭാരം ..!! ഏതോ ഒരുത്തൻ ഒരു റോസാപ്പൂ നീട്ടി..നീയതിന്റെ നിറം മാത്രം നോക്കി കയ്യും നീട്ടി സ്വീകരിച്ചു ..അവസാനം കയ്യിലിരുന്ന റോസാമുള്ളു തന്നെ നിന്നെ ചെറുതായിട്ടൊന്നു കുത്തി …

കൈ നീട്ടി വാങ്ങിച്ചപ്പോഴേ മുള്ളിന്റെ എണ്ണമെടുത്തിരുന്നെങ്കിൽ നീയിപ്പോഴും സന്തോഷവതിയായി തന്നെയിരുന്നേനെ…”

ഞാൻ സ്തബ്ധയായി നിന്നു പോയി…

” അലോഷി നല്ലവനാണ്.. ഒന്നുമല്ലെങ്കിലും അച്ഛനോടും അമ്മയോടും സ്നേഹമുണ്ടായത് കൊണ്ടാണല്ലോ എന്നിൽ നിന്നൊഴിഞ്ഞത്..”

” ആഹ് ബെസ്റ്റ് ..എനിയ്ക്ക് ഒരു കൂട്ടുകാരനുണ്ടാരുന്നു വിളമ്പിയ കൂട്ടുകറിയ്ക്ക് ഉപ്പുകൂടിയെന്നും പറഞ്ഞു ഭാര്യയെ തേങ്ങാപ്പാരയ്ക്ക് തലയ്ക്കടിച്ചു…ഇപ്പോൾ ജയിലിലാണ് പക്ഷെ ആള് നല്ലവനാണ്..

വേറൊരുത്തനുണ്ട്…

ആറു വർഷം പ്രേമിച്ച ഒരുത്തിയ അവൻ തന്നെ നന്നായിട്ടങ്ങു ഇസ്തിരിയിട്ടു… എന്നിട്ട് വൈറലാവാൻ വേണ്ടി അവൾ ചതിച്ചെന്നും പറഞ്ഞു അവളെ തന്നെ ചുട്ടു കൊ ന്നു…
ഇപ്പോൾ പരോളിലൊണ്ടു …

പക്ഷെ ആള് ശുദ്ധനാണ് ..

“താനിതെന്തൊക്കെയാണ് പറയുന്നത് എന്നു തനിയ്ക്കൊരു ബോധമുണ്ടോ…??”

” അതായത് ബാലനന്ദേ ..ജനിയ്ക്കുമ്പോൾ ആരും ബിൻലാദനും ഹിറ്റ്ലറും വടിവാൾ വാസുവുമായിട്ടൊന്നുമല്ല ജനിയ്ക്കുന്നെ …സാഹചര്യം ..വെറും സാഹചര്യം ..!!”

അയാൾ കുപ്പിയിലെ വെള്ളം മൊത്തിക്കുടിച്ചു…

“ചികഞ്ഞു നോക്കിയാൽ ഇവന്മാരും പാവങ്ങളാണ് … നമ്മളെപോലൊക്കെ തന്നെ…ഡൈനിങ്ങ് റൂമും ബാത്റൂമും ഒക്കെ നമ്മളെ പോലെ തന്നെയാണ് ഇവരും ഉപയോഗിക്കുന്നെ …”

“എന്നുവച്ചാൽ..?”

” നീയതങ്ങു മലയാളീകരിക്കു പെണ്ണേ… ഇന്ന് വെള്ളിയാഴ്ചയാണോ അതോ നീ ഗുളിക കഴിയ്ക്കാത്തതാണോ..”

” എനിയ്ക്ക് ചിരി വന്നുപോയി…”

” എന്തൊക്കെ പറഞ്ഞാലും തന്റെ സംസാരം കേൾക്കാൻ രസമുണ്ട് സമയം പോകുന്നത് അറിയില്ല… “

“കൊച്ചിലെ മുതലേ ഞാൻ ഇങ്ങനെയാ …പള്ളിയിലൊക്കെ അച്ചനു തൊണ്ട കഴയ്ക്കുമ്പം ഞാനാ കേറി പ്രസംഗിക്കാറു …അച്ചനെ മാറ്റി എന്നെ അവിടുത്തെ വികാരിയാക്കാൻ വരെ അവിടെ സമരം നടന്നിട്ടുണ്ട് …”

” ഞാൻ തനിയെ ചാടിക്കോളാം താനിങ്ങനെ തള്ളിതാഴെയിടണം എന്നില്ല…”

ഞാൻ മുഖം കൂർപ്പിച്ചു…

” ആഹ് അപ്പോൾ നിനക്ക് നെല്ലും പതിരും തിരിച്ചറിയാം.. നീയെന്തിനാ പഠിയ്ക്കുന്നെ..??”

” എം സി എ “

“വലിയ പഠിപ്പാ അല്ലിയോ…??”

” അത്രയ്ക്കൊന്നുമില്ല..”

“അത്രയ്ക്കൊന്നുമില്ലെങ്കിൽ നീയൊരു കാര്യം ചെയ്യ് …പഠിപ്പ് നിർത്തി എന്റെ കൂടെ കൂട്.. നമുക്കിങ്ങനെ ഒരു പാത്രത്തിലുറങ്ങിയും ഒരു പായിലുണ്ടുമൊക്കെ അങ്ങു ജീവിയ്ക്കാം …”

“എനിയ്ക്കെങ്ങും വേണ്ട തന്റെ കൂട്ട് അമ്മയും പെങ്ങളും തിർച്ചറിയുന്നവന്മാരോടെയെ ഞാൻ കൂട്ടു കൂടാറുള്ളൂ ..”

“എനിയ്ക്ക് ആകെ ഒരേയൊരു അമ്മയും ഒരേയൊരു അച്ഛനുമേയുള്ളൂ …ഈ പറഞ്ഞ ആലോഷിയ്ക്ക് ഓരോന്നും ഈരണ്ടു വീതം കാണും അല്ലിയോ..??”

ഞാൻ മിണ്ടിയില്ല …

“ആറു മണിയാകാൻ ഇനി അര മണിക്കൂറും കൂടിയേ ഉള്ളു നിന്റെ തീരുമാനം അറിഞ്ഞിട്ടു വേണം എനിയ്ക്ക് വന്ന വഴി പോകാൻ..”

” താൻ പൊയ്ക്കോ നിർബന്ധിച്ചു ഇരുത്തിയതൊന്നുമല്ലല്ലോ..”

” ഹഹ ..ഞാൻ പോകുന്നു ബാലനന്ദേ… ഇനിയൊരിക്കലും ഇവിടെ വച്ചൊരു കൂടിക്കാഴ്ച്ച ഉണ്ടാകാതിരിക്കട്ടെ …പക്ഷെ ഒന്നു നീയോർക്കുക ..

നാശത്തിലേക്കുള്ള പാത വീതിയുള്ളതും വിശാലവും ആകുന്നു അതിലൂടെ പോകുന്നവർ അനേകരത്രെ എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതുമാകുന്നു അതു കണ്ടെത്തുന്നവർ ചുരുക്കമത്രെ…!!”

” ഒരേ സമയം ഒരു വികാരിയെപ്പോലെയും കോമാളിയെപ്പോലെയും സംസാരിയ്ക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു..??”

അതിനു മറുപടി ഒരു മന്ദസ്മിതമായിരുന്നു ..

“എന്നാൽ ഒരു പ്രവാചകനെ പോലെയും കൈനോട്ടക്കാരനെയും പോലെയും സംസാരിക്കട്ടെ.. നിന്റെ ഹൃദയം മാത്രമല്ല നിന്റെ ശരീരവും നശിച്ചിരുന്നു അവൻ മൂലം ശരിയല്ലേ ..??”

എന്റെ തല താഴ്ന്നു …

“മറ്റൊരാളിൽ നിന്റെ ഉപയോഗിക്കപ്പെട്ട ദേഹവും മനസ്സും കെട്ടിവെക്കാൻ നിനക്ക് കഴിയുന്നില്ല കുറ്റബോധം മരണത്തിലേക്ക് വഴിവെയ്ക്കും …ഇനി ഞാനൊരു പ്രവാചകനാകാം നീയും ജീവിയ്ക്കും…. ഇവയൊക്കെയും മറന്ന്… നിന്റെ ശരീരത്തിൽ മറ്റൊരാളുടെ വിയർപ്പ് ഇനിയും പടരും ആ വിയർപ്പിന്റെ സുഗന്ധം അലോഷിയുടെ വിയർപ്പിന്റെ ദുർഗന്ധത്തിനെ തുടച്ചു നീക്കും …നിനക്ക് ജീവിയ്ക്കാൻ ഇനിയും കാരണങ്ങൾ ബാക്കിയാണ് പെണ്ണേ….നീ ഭാഗ്യവതിയാണ് കാരണം നീയവന്റെ കാമുകി മാത്രമായിരുന്നു… ഭാര്യയായിരുന്നില്ല..!!

നിർഭാഗ്യവതി അവളാണ് ആരാണോ അവന്റെ മന്ത്രകോടിയാണിയുന്നവൾ …”

ഞാൻ ഒന്ന് ഞെട്ടി…

“മടങ്ങിപ്പോ പെണ്ണേ… നിന്റെ ഭാഗ്യം അവൾക്കു കൂടി നീ പങ്കിട്ടു നൽക്…നീ ഗീതയിൽ ജനിച്ചവളായാലും ഞാൻ ബൈബിളിൽ ജനിച്ചവനായാലും നല്ലത് പ്രവർത്തിയ്ക്കുന്നവർക്ക് സ്വർഗ്ഗരാജ്യം ഉറപ്പാണ് …അതു നിങ്ങൾ കരുതുന്നതുപോലെ മേഖങ്ങൾക്കിടയിലെ പേരറിയാത്തഏതോ ഇടങ്ങളിലല്ല ….

ആ സ്വർഗ്ഗവും നരകവും ജീവിച്ചു തീർക്കുന്നത് പേരറിയുന്ന ഈ ഭൂമിയിലെ ഇടങ്ങളിൽ തന്നെയാണ്…

നിന്റെ ഗതി മറ്റൊരുവൾക്ക് വരാതിരിക്കുവാനായി ശ്രമിയ്ക്കാതെ നീ മരിച്ചാൽ ദൈവം നിനക്ക് മാപ്പ് നൽകില്ല സ്വയം രക്ഷപ്പെട്ട ഒരു സ്വാർഥയായി നീ മാറും…

ഒരുപാട് ചിരിയ്ക്കുന്നതിനെക്കാൾ ഒരുപാട് കരയുമ്പോൾ നമുക്ക് ആശ്വാസം കിട്ടാറുണ്ട് …

നീ നഷ്ടപ്പെടുത്തിയ ജീവിതത്തിനെ ഓർക്കാതെ നഷ്ടപ്പെടുത്താൻ പോകുന്ന നിമിഷങ്ങളെ കുറിച്ചോർക്ക് നീ കരയും ആ കരച്ചിൽ നിനക്ക് പുതിയൊരു ചിന്ത നൽകും …ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ..!!”

ഞാൻ പതിയെ മുട്ടുകുത്തി നിലത്തിരുന്നു കണ്ണുനീർ കൊണ്ടു എന്റെ കാഴ്‌ച മറഞ്ഞിരുന്നു…

എത്രത്തോളം ഞാൻ കരഞ്ഞുവെന്നറിയില്ല

“അലോഷിയെ പ്രണയിച്ചവൾ എന്ന എന്നെക്കാളും അവനു വേണ്ടി ആത്മ ഹത്യക്കു മുതിർന്നവർ എന്ന എന്നെ ഞാൻ വെറുത്തു… അച്ഛനിന്നും എനിയ്ക്കായി പലഹാരപ്പൊതി കൊണ്ടു വന്നിരിയ്ക്കും അമ്മ എനിയ്ക്കതു വാരിത്തരാനായി കൈ നനച്ചിരിയ്ക്കും ജീവിയ്ക്കാനുള്ള എന്റെ രണ്ടു ജീവനുള്ള കാരണങ്ങൾ അവരെ ഞാൻ എങ്ങനെ മറന്നു…. നിങ്ങൾ നല്ലവനാണ് എനിക്ക് ജീവിക്കാനുള്ള കാരണങ്ങളെ തമാശയിലൂടെയെങ്കിലും തുറന്നു കാട്ടിയവൻ …. !!”

പള്ളിയിൽ മണി മുഴങ്ങി…

കരഞ്ഞുകൊണ്ടടച്ച ഇമകളെ പുഞ്ചിരിയോടെ തുറക്കുമ്പോഴേയ്ക്കും അയാൾ അവിടെ നിന്നു പോയിരുന്നു …

ഒരു നിമിഷത്തേക്ക് അയാളുടെ അഭാവത്തിൽ ഞാൻ അസ്വസ്ഥയായി നിന്നു പോയി….

“യൂ ഷുഡ് ക്ലിയർ ദിസ് സ്പോട്ട് സഡൻലി.. ടൈം അപ് … “

സെക്യൂരിറ്റിയുടെ വാക്കുകൾ കേട്ടുകൊണ്ടാണ് വാരിവലിച്ചിട്ടിരുന്ന പായ്ക്കറ്റുകൾ ഓരോന്നായി ബാഗിലേക്ക് തിരിച്ചുവയ്ക്കാനൊരുങ്ങിയത് ..

തുറന്നു കിടന്ന നോട്പാഡിൽ പുതിയൊരു അക്ഷരം കണ്ട വ്യഗ്രതയിൽ പെട്ടെന്നാണ് അതു തുറന്നു നോക്കിയത് …

“മരണത്തിൽ നിന്നും നിനക്ക് വിട ജീവിതത്തിലേയ്ക്ക് …മിഖായേൽ …. “

മിഖായേൽ… ദൈവത്തിന്റെ മാലാഖ ….!!

അശ്വം കണക്കെ പായുകയായിരുന്നു എന്റെ കാലുകൾ…. കുമ്പസാരിയ്ക്കണം എനിയ്ക്ക് … ഒരു വികാരിയുടെയും മുന്പിലല്ല എനിയ്ക്ക് ജന്മം തന്നവർക്ക് മുൻപിൽ… അവരുടെ ക്ഷമയിൽ എന്റെ രഹസ്യങ്ങളെ ചുടണം …ആ വെന്തെരിയുന്ന കനൽക്കട്ടകളിൽ അല്പമെങ്കിലും തീ നാളമുണ്ടെങ്കിൽ അതാണ് ഇനിയെന്റെ ജീവിതത്തിന്റെ വെളിച്ചം … ഇനിയൊരു പെണ്കുട്ടിയുടെയും ജീവിതം തകരാൻ എന്റെ പുനർജന്മത്തിൽ അനുവദിച്ചുകൂടാ…

പള്ളിയിൽ അപ്പോഴും മണി മുഴങ്ങുന്നുണ്ടായിരുന്നു ആരുടെയോ മരണമൊഴി പോലെ ….

പെയ്തിറങ്ങിച്ചോരിയുന്ന മഴയിൽ സെമിത്തേരിയിലെ അനേകം കറുത്ത കാലൻകുടകളെയും തേങ്ങലുകളെയും ശ്രദ്ധ വയ്ക്കാതെ ഞാൻ ജീവിതത്തിലേയ്ക്ക് കുതിയ്ക്കുമ്പോൾ പുതുതായി കെട്ടിപ്പൊക്കിയ കല്ലറയിൽ ചാറ്റൽ മഴയോടൊപ്പം വെളുത്ത ലില്ലിപ്പൂക്കൾ തെറിച്ചു വീഴുന്നുണ്ടായിരുന്നു…..

‘ മിഖായേൽ’

ജനനം: 13 ഫെബ്രുവരി 1990

മരണം: 19 ഏപ്രിൽ 2019

******************

(ഈ കഥ എത്രത്തോളം ഭംഗിയായി എന്നു അറിയില്ല എന്നിരുന്നാലും അഭിപ്രായങ്ങൾ തുറന്നു പറയുക കാത്തിരിക്കുന്നു.. ലച്ചു😊💫)