ഭാനുവമ്മ
എഴുത്ത്: സിന്ധു മനോജ്
=================
ഭാനുവമ്മക്ക് അമ്പലത്തിൽ മുറ്റമടിക്കലും, കിണ്ടികളും വിളക്കുകളും, നെയ്പ്പായസം വെച്ച ഉരുളികളും വൃത്തിയാക്കലുമായിരുന്നു ജോലി.ഒരിക്കൽ അവർ വീട്ടിൽ വന്നപ്പോൾ, കുളിക്കാതെയും നനക്കാതെയും നടക്കുന്ന ഇവർക്ക് ആരാ അമ്പലത്തിൽ ജോലി കൊടുത്തേ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
വിവാഹം കഴിഞ്ഞു വന്നതിന്റെ പിറ്റേ ദിവസം “ജാനുവേടത്ത്യേ കുഞ്ഞു മണവാട്ടിപ്പെണ്ണെവിടെ. ഒന്നിങ്ങട് വിളിക്ക്യാ…കാണട്ടെ…യെന്ന്മുത്തശ്ശിയോട് പറയുന്ന കേട്ടാണ് ഞാൻ അടുക്കളമുറ്റത്തെക്കിറങ്ങി ചെന്നത്.
എന്നെ കണ്ടതും ഒരു നിമിഷം ആ മിഴികൾ പകച്ചു പോകുന്നതും പിന്നെയവിടെ നീർത്തുള്ളികൾ ഉരുണ്ടു കൂടുന്നതും കണ്ട് ഞാൻ മുത്തശ്ശിയേ ചോദ്യഭാവത്തിൽ ഒന്ന് നോക്കി. ഒന്നുമില്ലയെന്ന് മുത്തശ്ശി എനിക്ക് നേരെ കണ്ണടച്ചു കാണിച്ചു ഭാനുവമ്മ കാണാതെ.
ഭാനുവമ്മക്ക് ഒരു മോളുണ്ടായിരുന്നു. അവളുടെ തനിച്ഛായതന്നെ കുട്ടിക്ക്.
മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണുകൾ അമർത്തിത്തുടച്ചു നടന്നു പോകുന്ന അവരെ നോക്കി മുത്തശ്ശി എന്നോട് പറഞ്ഞു.
എന്റെ കുട്ടീ, താനിവിടെ വന്നു കയറിയപ്പോ എന്റെ നെഞ്ചും ഒന്ന് പിടച്ചുട്ടോ…ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നാ പറയണെ. ന്നാലും ത്രേം സാമ്യം ഞാൻ ആദ്യായിട്ടാ കാണണെ…
ആ കുട്ടീടെ ചെറുപ്പത്തിലേ മരിച്ചതാ ഭാനുവമ്മയുടെ ഭർത്താവ്. പിന്നെ അമ്മക്ക് മോളും മോൾക്ക് അമ്മേം മാത്രം.
എന്ത് സുന്ദരിയായിരുന്നുന്നോ ഭാനു. നീണ്ട മുടിയും, ഭംഗിയുള്ള കണ്ണുകളുമൊക്കെയായി അതി സുന്ദരി തന്നെ. ഭർത്താവ് മരിച്ചേപ്പിന്നെ ഒരുപാടാളുകൾ സംബന്ധം കൂടാൻ വന്നു. പക്ഷേ ഭാനു അതീനൊന്നും സമ്മതിച്ചില്ല. മോൾക്ക് വേണ്ടി ജീവിച്ചു.
ആ കുട്ടിയും നല്ല സുന്ദരിയായിരുന്നു. അന്നൊക്കെ ഞാനടക്കം ഇന്നാട്ടിലുള്ള എല്ലാരും പുഴയിലാ അലക്കും കുളിയും.
ഇല്ലത്തെ തമ്പ്രാട്ടിമാർക്ക് മാത്രായിട്ട് ഒരു കടവുണ്ട്. സ്ഥിരം കുളിക്കുന്ന കടവിൽ തിരക്കാണെങ്കിൽ ഞാനും ഭാനുവും മോളും കൂടി ആ കടവിൽ പോയി കുളിക്കും. അതിന് ആർക്കും പരാതി ഇല്ലായിരുന്നു.
ഒരു ദിവസം തനിയെ കുളിക്കാൻ പോയതാ ആ കുട്ടി..അതിനും രണ്ടു ദിവസം മുന്നേയായിരുന്നു അവളുടെ കല്യാണനിശ്ചയം. ഭാനുവമ്മ സന്തോഷം കൊണ്ട് നിലത്തൊന്നും അല്ലായിരുന്നു ന്റെ കുട്ടീടെ കല്യാണായിട്ടോ ന്ന് കാണുന്നവരോടെക്കെ പറഞ്ഞു.
കുളിക്കാൻ പോയ കുട്ടിയെ നേരമേറെയായിട്ടും കാണാതായപ്പോ അന്വേഷിച്ചു ഇറങ്ങിതാ ഭാനുവമ്മ. ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ചയോ ഉടുവസ്ത്രമൊന്നുമില്ലാതെ കൽപ്പടവിൽ ചോ ര.യിൽ കുളിച്ചു കിടക്കുന്ന മോളേ. അന്ന് സമനില തെറ്റിയതാ ഭാനുവമ്മക്ക്…
പിന്നെപ്പിന്നെ അതിരാവിലെ ആരോ മുറ്റമടിക്കുന്നതും, അസമയത്തു അടുക്കളപാത്രങ്ങൾ കലമ്പൽകൂട്ടുന്നതുമൊക്കെ കേട്ട് തുടങ്ങീത്രേ. ഇടയ്ക്കിടെ തേങ്ങിത്തേങ്ങിയുള്ള കരച്ചിലും. അതോടെ ഭാനുവമ്മ മുഴുഭ്രാന്തിടെ കണക്കായി.
ആരാ മുത്തശ്ശി ആ കുട്ടിയെ ഉപദ്രവിച്ചേ?
ആകാംഷയോടെ ഞാൻ മുത്തശ്ശിയോട് ചേർന്നിരുന്നു
ഇല്ലത്തെ തിരുമേനിയ്ക്ക് ഒരു മോനുണ്ട്. അല്പം മനോവിഭ്രാന്തിയുള്ളൊരു കുട്ടി. ചില നേരത്തതിന് കാട്ടാളന്റെ സ്വാഭാവാ..അവനാ അതിനെ കൊ ന്നേ എന്ന് നാട്ടാര് മൊത്തം പറഞ്ഞു നടന്നു. സത്യമാണോ എന്നൊന്നും എനിക്കറീല്യ മോളേ…എനിക്കിപ്പഴും അതിന്റെ മുന്നിൽ ചെന്ന് പെട്ടാൽ ദേഹം വിറക്കും. പോലീസും പട്ടാളോമൊക്കെ കൊറേ കയറിയിറങ്ങി നടന്നു. പിന്നെയത് തേഞ്ഞു മാഞ്ഞു പോയി. ചോദിക്കാനും പറയാനും ആരൂല്ലാത്തൊരുടെ ഗതി ഇതൊക്കെ തന്നെയാ…
ഭാനുവമ്മയ്ക്ക് ഇപ്പോ സൂക്കേട് ഒന്നൂല്യ..എന്നാലും അതിങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും രാവും പകലുമില്ലാതെ. ഇപ്പോ ആങ്ങളയുടെ മോനാ വീട്ടു ഭരണം. അവനും അവന്റെ പെണ്ണും കൂടി അതിനെ ദ്രോഹിക്കുന്നെന് കണക്കില്ല. ഭർത്താവ് മരിച്ചെങ്കിലും അയാളുടെ സ്വത്തുവകകളെല്ലാം ഭാനുവമ്മയുടെ പേരിലാ. അതിലാ ആ ചെക്കന്റേം പെണ്ണിന്റേം കണ്ണ്.
പിറ്റേന്ന്…
അമ്പലത്തിലെ ഉച്ചപ്പൂജ കഴിഞ്ഞു നടയടച്ചപ്പോൾ ഭാനുവമ്മ ഓടി അടുക്കളപ്പുറത്ത് വന്നു.
സാത്രീ എന്ന വിളി കേട്ട് ആദ്യം ഞാനൊന്ന് പകച്ചു. പിന്നെയോർത്തു അവരുടെ മകളുടെ പേരതാകാമെന്ന്.
“മോളൂട്ടീ, ഭാനുവമ്മ ഇന്നലെ പേര് ചോദിക്കാൻമറന്നൂട്ട..നാവിൽ വന്നത് ന്റെ സാത്രിക്കുട്ടിടെ പേരാ”. നിഷ്കളങ്കമായ ചിരിയോടെ അവരത് പറയുമ്പോൾ എനിക്കവരോട് പാവം തോന്നി.
ഭാനുവമ്മ അങ്ങനെ തന്നെ വിളിച്ചോളൂട്ടോ. എനിക്കും അതാ ഇഷ്ടം.
എന്റെ മറുപടി കേട്ട് ആ മിഴികൾ നിറഞ്ഞു തുളുമ്പി. പിന്നെ മടിയിൽ നിന്നും ഒരു വാഴയിലപ്പൊതിയെടുത്ത് എനിക്ക് നേരെ നീട്ടി.
“നെയ്പ്പായസാ..സാത്രിക്കുട്ടിക്ക് വല്യ ഇഷ്ടായിരുന്നു അമ്പലത്തിലെ പായസം. ഇത് മോള് കഴിച്ചോ”
അത് കൈ നീട്ടിവാങ്ങിയെങ്കിലും, മുഷിഞ്ഞ മുണ്ടും വൃത്തിയില്ലാത്ത കൈകളും കണ്ടപ്പോ എനിക്ക് മനംപിരട്ടി.
ഞാൻ കഴിക്കുന്നത് കാത്ത് നിൽക്കാതെ അവർ പടി കടന്നു പോയത് എനിക്കു ആശ്വാസമായി.
മുത്തശ്ശി കാണാതെ ഞാനത് പറമ്പിന്റെ മൂലയിലുള്ള തെങ്ങിൻ ചോട്ടിൽ കൊണ്ടിട്ടു.
പിന്നെപ്പിന്നെ, ഉച്ച നേരങ്ങളിൽ സാത്രിക്കുട്ടീ എന്ന വിളിയിലേക്ക് ഇറങ്ങി ചെല്ലുന്നത് എനിക്കൊരുപതിവായി.
തെങ്ങിൻ ചുവട്ടിലെ നിവേദ്യ പായസം ആരും കാണരുതേയെന്ന് മൗനമായ് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു.
ഭഗവാന്റെ നിവേദ്യം വലിച്ചെറിഞ്ഞു കളഞ്ഞോയെന്ന് മുത്തശ്ശി ദേഷ്യപ്പെടും എന്നെനിക്കറിയാമായിരുന്നു.
ഒരാഴ്ച അമ്മയ്ക്കൊപ്പം നിൽക്കാനുള്ള അനുമതി കിട്ടി പോകാനിറങ്ങിയ ദിവസവും ഭാനുവമ്മ ഒരു പായസപ്പൊതി എന്റെ കയ്യിൽ വെച്ചു തന്നു. കളയാൻ ഒരു വഴിയും കാണാതെ ഞാനത് ബാഗിൽ വെച്ചു.
രണ്ടു ദിവസങ്ങൾക്ക് ശേഷം അതിരാവിലെ ഉണ്ണിയേട്ടന്റെ കാൾ വന്നപ്പോൾ, തിരിച്ചു ചെല്ലാനാകും എന്നോർത്തു ഉള്ളിൽ ഒരു ചിരി പൊട്ടി. രണ്ടു ദിവസമേ ആയിട്ടുള്ളെങ്കിലും കാണാതിരിക്കുന്നതിന്റെ വിഷമം അത്രക്കും ഉണ്ടായിരുന്നു എനിക്ക്. ഉണ്ണിയേട്ടന്റെ അവസ്ഥയും അതാകും എന്ന ഓർമ്മയിൽ, ചുണ്ടിൽ വിരിഞ്ഞ കുസൃതിച്ചിരിയോടെ ഫോൺ ചെവിയിൽ ചേർക്കുമ്പോൾ വിഹ്വലതയോടെ ഏട്ടൻ.
“ഇന്ദൂ, നമ്മുടെ ഭാനുവമ്മ മരിച്ചു”. താൻ വേഗം റെഡിയായിക്കോളൂ. ഞാൻ വണ്ടിയുമായി വരാം. തൊട്ടടുത്ത് ഒരു മരണം നടക്കുമ്പോൾ മാറി നിൽക്കുന്നത് ശരിയല്ല.
ബാഗിൽകിടക്കുന്ന ഇലച്ചീന്തിനുള്ളിലെ പായസത്തേക്കുറിച്ച് അപ്പോഴാണ് ഞാൻ ഓർത്തത്. അലമാരയിൽ നിന്ന് ബാഗെടുത്ത് തുറക്കുമ്പോൾ, പായസമധുരം ഒഴുകിയിറങ്ങി വൃത്തികേടായ ബാഗിൽ, ഉണങ്ങി, തൊലിയപ്പാടെ ചുരുണ്ട് ശുഷ്കിച്ചു പോയ ഭാനുവമ്മയുടെ കൈകൾ പോലെ ഒരു വാഴയിലക്കീറ് എന്നെ നോക്കി പുഞ്ചിരിക്കും പോലെ തോന്നി.
പുഞ്ചിരി എന്റെ തോന്നലായിരുന്നോ, അതൊരു കരച്ചിലായിരുന്നില്ലേ എന്ന് വേർതിരിച്ചെടുക്കാനാകാതെ ഞാനും കരഞ്ഞു പോയി. എന്തിനെന്നറിയാതെ…
~സിന്ധു മനോജ്