കൂടുതൽ മെസ്സേജ് അയച്ച് പഴയതൊന്നും ഓർക്കണ്ട..എനിക്ക് ഒന്ന് കാണണം ബിബിൻ ചേട്ടനെ….

Story written by Jishnu Ramesan

======================

“ഹായ് ബിബിൻ ചേട്ടോ, ഇങ്ങക്കെന്നെ ഓർമയുണ്ടോ..?”

രാത്രി ഉറങ്ങാൻ കിടക്കുമ്പോ പതിവില്ലാതെ വാട്ട്സ്ആപ്പിൽ വന്നൊരു മെസ്സേജ് ആണ്..മെസ്സേജ് തുറന്നു നോക്കി., “വേണി”..

മനഃപൂർവമോ അല്ലാതെയോ മറന്നു തുടങ്ങിയ പേര്..

രണ്ടു വർഷത്തോളം ആയിട്ട് ഒരു മെസ്സേജോ വിളിയോ ഒന്നും തന്നെ ഇല്ലായിരുന്നു..എന്തോ വിരലുകൾ വിറയ്ക്കുന്നുണ്ട്..ഞാനും മറുപടി കൊടുത്തു..

“ഹായ് വേണി…; ഇതെന്താ ഇത്രയും നാളുകൾക്ക് ശേഷം ഇപ്പോ…!”

ഇപ്പൊ അയക്കണം എന്ന് തോന്നി…,ഇന്നലെ അവനുമായി ഉള്ള ഡിവോഴ്‌സ് കേസിന്റെ അവസാന ദിവസം ആയിരുന്നു…പിരിഞ്ഞു ഞങൾ, ഇനിയൊരു ഒത്തുള്ള ജീവിതം വേണ്ട, മടുത്തു…

അവള് പറഞ്ഞതിനുള്ള മറുപടി മനപൂർവ്വം ഞാൻ കൊടുത്തില്ല..

“അല്ല വേണി, നീ ഇപ്പൊ എവിടെയാ…! വീട്ടിലുണ്ടോ, അതോ…!”

ഇല്ല ചേട്ടാ ഞാൻ ഇപ്പൊ നാട്ടിലുണ്ട്..കൂടുതൽ മെസ്സേജ് അയച്ച് പഴയതൊന്നും ഓർക്കണ്ട..എനിക്ക് ഒന്ന് കാണണം ബിബിൻ ചേട്ടനെ, നാളെ പാരിസ് റെസ്റ്റോറണ്ടിൽ വരാൻ പറ്റുമോ..?

“അതിനെന്താ ഞാൻ വരാലോ, തന്നെ കണ്ടിട്ട് വർഷം കുറെ ആയില്ലേ…; “

എന്നാ ഓക്കേ ചേട്ടാ…; പോണെ ഞാൻ, ഗുഡ് നൈറ്റ്..!

അന്ന് രാത്രി ഓർക്കണ്ട എന്ന് വിചാരിച്ചതെല്ലാം മനസ്സിലേക്ക് ഓടി വന്നു..പിറ്റേന്ന് രാവിലെ തന്നെ ഞാൻ റെഡിയായി ഇറങ്ങി..പാരിസ് റെസ്റ്റോറന്റ് ആണ് ലക്ഷ്യം…മഴ ആയത് കൊണ്ട് ബസിൽ ആയിക്കോട്ടെ യാത്ര എന്ന് തീരുമാനിച്ചു..

ബസിലെ സ്കൂൾ കുട്ടികളുടെ കലപില ശബ്ദത്തിനിടയിലും പഴയതൊക്കെ ഓർമ വന്നു..ആറു വർഷങ്ങൾക്ക് മുമ്പാണ് വേണിയെ ഞാൻ പരിചയപ്പെടുന്നത്, അഡ്രസ്സ് മാറി വന്നൊരു ലെറ്റർ ആണ് ഞങ്ങളെ കണ്ടു മുട്ടിച്ചത്..

കൗമാരത്തിന്റെ പക്വത കുറവിൽ കുറച്ച് കൊഴിത്തരം ഉണ്ടായിരുന്നത് കൊണ്ട് ലെറ്റെറിൽ നിന്ന് കിട്ടിയ നമ്പറിൽ നിന്നാണ് തുടക്കം..പറഞ്ഞു വന്നപ്പോ ഞങൾ രണ്ടാളും സാഹിത്യ അക്കാദമിക്‌ കോളേജിൽ പഠിച്ചതാണ്..അവളുടെ സീനിയർ ആയിരുന്നു ഞാൻ..പക്ഷെ പരസ്പരം കണ്ടിട്ടില്ല..

കവിത എഴുതാനും കഥകൾ എഴുതാനും മറ്റും സാഹിത്യപരമായി നല്ല കഴിവായിരുന്നൂ വേണിക്ക്‌.. കോഴിത്തരം എന്നെ പതിയെ അവളുടെ ഒരു ആരാധകൻ ആക്കി മാറ്റി…പ്രേമം എന്ന വികാരത്തിന്റെ അപ്പുറം ഒന്നുമില്ല എന്നായിരുന്നു എൻ്റെ ധാരണ…പക്ഷേ ആണും പെണ്ണും തമ്മിലുള്ള സുഹൃത്ത് ബന്ധം അതൊരു വലിയ നിധിയാണെന്ന് എനിക്ക് മനസ്സിലായി…

അവളുടെ വിരലുകളിൽ വിരിയുന്ന കവിതകൾ അവളുടെ ശബ്ദമായി ഫോണിലൂടെ എന്റെ കാതുകളിൽ എത്തും..ചിലപ്പോ ചെറു കഥകളും ലേഖനങ്ങളും ഫോണെന്ന പതിവ് മാറ്റി നിർത്തി കത്തുകളിലൂടെ എനിക്ക് അയക്കും…

കോളേജിൽ ആയാലും പുറത്തായാലും നേരിട്ടുള്ള സംസാരം കുറവായിരുന്നു…സുഹൃത്ത് ബന്ധങ്ങൾ ചിലപ്പോ പ്രണയത്തിലേക്ക് വഴിമാറി പോകാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..പക്ഷേ എന്തോ, അവളുടെ ചിരിയും കളിയും കുസൃതിയും ഒക്കെയായി കോളേജിലെ മൂന്ന് വർഷം പോയതറിഞ്ഞില്ല…

ക്ലാസ് കഴിയുന്ന അവസാന ദിവസം അവള് പറഞ്ഞു, “ബിബിൻ ചേട്ടാ ചിലപ്പോ അഞ്ചെട്ട്‌ മാസം കഴിഞ്ഞാൽ എന്റെ കല്യാണം ഉണ്ടാവും..അച്ഛൻ വീട്ടിൽ എന്നോട് നിർബന്ധം പിടിക്കുന്നത് കൊണ്ട് എനിക്കൊന്നും പറയാൻ പറ്റുന്നില്ല..അങ്ങനെ വിവാഹം കഴിഞ്ഞു പോയാലും ഞാൻ വരും അക്ഷരങ്ങളിലൂടെ…”

അത് കേട്ടപ്പോ വല്ലാത്തൊരു വിങ്ങൽ മനസ്സിന്..പെട്ടെന്നുണ്ടായ ഒരു തോന്നലിൽ അവളോട് പറഞ്ഞു, “വേണി, എനിക്ക് എനിക്ക് ; ഈ കത്തുകൾ പോസ്റ്റ് വഴി അയക്കുന്നതിനു പകരം ഇനി നമുക്ക് നേരിട്ട് കൈമാറിയാൽ എന്താ കുഴപ്പം..?”

ചേട്ടൻ പറഞ്ഞതിന്റെ സാരം എനിക്ക് മനസ്സിലായി..ഒരിക്കലും അച്ഛൻ സമ്മതിക്കില്ല ചേട്ടാ..; എല്ലാരേയും വെല്ലുവിളിച്ച് നമുക്ക് വേണമെങ്കിൽ ഒന്നിക്കാം..പക്ഷേ, നമുക്കൊരു കുഞ്ഞുണ്ടായാൽ പോലും എന്റെ അച്ഛൻ നമ്മളോട് അടുക്കില്ല..എന്തിനേറെ എന്റെ അമ്മയെ പോലും കാണിക്കില്ല..അത്രക്ക് വാശിക്കാരൻ ആണ്…ചിലപ്പോ ഒരു എടുത്തു ചാട്ടത്തിന്റെ പുറത്ത് ഞാൻ ബിബിൻ ചേട്ടനെ വിവാഹം കഴിച്ചാൽ പിന്നീട് ചിലപ്പോ ഇപ്പൊ ഉള്ള ഈ സുഹൃത്ത് ബന്ധത്തിന്റെ വില പോലും ഉണ്ടാവില്ല…

മനസിലെ വിഷമം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു, “ശരിയാ വേണി, വെറുതെ ഈ നല്ലൊരു കൂട്ട് ഇല്ലാതാക്കണ്ട…എന്നെ കല്യാണം വിളിക്കാൻ മറക്കരുത്.. എവിടെ ആണെങ്കിലും നന്നായി ജീവിച്ചാ മതി നീയ്‌…”

ചേട്ടാ എനിക്കും ആഗ്രഹം ഉണ്ട് ഇനിയുള്ള കാലം ബിബിൻ ചേട്ടന്റെ കൂടെ……; പക്ഷേ അത് വേണ്ട ചേട്ടാ…ഞാൻ ഇപ്പൊ എടുത്ത തീരുമാനം തെറ്റാണോ എന്നൊന്നും എനിക്കറിയില്ല…

അന്ന് പോയ വേണി പിന്നീട് ഒരു മെസ്സേജോ കോളോ ചെയ്തിട്ടില്ല…ഞാൻ ഇടക്ക് ഫോൺ എടുത്ത് നോക്കും ഓൺലൈൻ ഉണ്ട്, പക്ഷേ ടൈപ്പ് ചെയ്യാൻ വിരലുകൾക്ക് കഴിയാത്തത് പോലെ…; ചിലപ്പോ അവളും എന്നെ ഓൺലൈൻ കാണുന്നുണ്ടാവും…ഒരിക്കൽ ഒരു എഴുത്ത് വന്നു, അതിൽ ഇത്ര മാത്രമേ ഉള്ളൂ.., “ബിബിൻ ചേട്ടാ അടുത്ത ഞായർ എന്റെ വിവാഹം ആണ്..ശരിയോ തെറ്റോ എന്നറിയാത്ത ജീവിതത്തിലേക്ക് ഞാൻ പോവുകയാണ്..വരണം എന്ന് പറയുന്നില്ല…ചേട്ടന്റെ മുമ്പിൽ വെച്ച് എനിക്ക് മറ്റൊരാൾക്ക് കഴുത്ത് നീട്ടി കൊടുക്കാൻ വയ്യ…”

ഇനി ഒരിക്കൽ കൂടി ആ വാക്കുകൾ വായിക്കുവാൻ കഴിയാത്തത് കൊണ്ട് ആ കത്തിന്റെ സ്ഥാനം അടുപ്പിൽ എരിയുന്ന തീയിൽ ആയിരുന്നു..

അവളെ വിളിക്കണം എന്നുണ്ട്…പക്ഷേ, എന്താണെന്ന് അറിയില്ല, മനസ്സ് അനുവദിക്കുന്നില്ല.. വേണിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അവളുടെ ഒരു കോൾ വന്നു…

“ചേട്ടാ ഇപ്പൊ ഞങൾ താമസം ചെന്നൈയില് ആണ്..കല്യാണം കഴിഞ്ഞ് ഇത്രയും ദിവസമേ ആയിട്ടുള്ളൂ, എടുത്ത തീരുമാനം തെറ്റാണെന്ന് മനസിലായി…;”

അയ്യോ വേണി നീ എന്തൊക്കെയാ ഈ പറയുന്നത്..?

“അതെ ബിബിൻ ചേട്ടാ, എന്നെ എന്തിനും ഏതിനും സംശയം ആണ്.. എന്റെ വീട്ടിൽ വിളിക്കാൻ പോലും സമ്മതിക്കില്ല…ഇപ്പൊ അദ്ദേഹം എന്തോ ഒരു മീറ്റിംഗിന് പോയി, അതാ ഇപ്പൊ വിളിച്ചത്..കൂടാതെ ഇന്നലെ എനിക്ക് അലമാരയിൽ നിന്നും മ യ ക്കു മരുന്ന് പോലെ എന്തോ ഒന്ന് കിട്ടി…അത് ചോദിച്ചതിന് ഒന്ന് കിട്ടി എനിക്ക്..ഞാൻ കരഞ്ഞു പോയി ചേട്ടാ…”

എനിക്ക് എന്ത് പറയണം എന്നറിയാതെ നിന്നു..പിന്നീട് ആ സംഭാഷണം അവിടെ നിന്നു..ഒരിക്കൽ പോലും ഞാൻ അവൾക്ക് ഫോൺ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല..ഞാൻ കാരണം ഒരിക്കലും അവളുടെ ജീവിതം….;

പിന്നീട് എട്ട് മാസങ്ങൾക്ക് ശേഷം എനിക്കൊരു എഴുത്ത് വന്നു വേണിയുടെ..

“ബിബിൻ ചേട്ടാ, കാര്യങ്ങൾ കൈവിട്ട് പോവുകയാണ്..വീട്ടിൽ നിന്നും അച്ഛനും അമ്മയും വന്നിരുന്നു..ഈ ബന്ധം തുടരാൻ താൽപര്യം ഇല്ല എനിക്ക്…അതിനൊരു തീരുമാനവും എടുത്തു..പിരിയാൻ തന്നെ തീരുമാനിച്ചു..ഇനി ഒരിക്കലും എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുത്…ചേട്ടന്റെ പേരും ചേർത്ത് ആരും ഒന്നും പറയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല..”

പിന്നീട് രണ്ടു വർഷമായി ഒരു കോൺടാക്ടും ഇല്ലായിരുന്നു.. പതിയെ എല്ലാം മറന്ന് തുടങ്ങി…അങ്ങനെ രണ്ടു വർഷത്തിനു ശേഷം ഇന്നലെ രാത്രിയാണ് വേണിയുടെ മെസ്സേജ് വരുന്നത്…ബസിറങ്ങി പാരിസ് റസ്റ്റോറന്റിലേക്ക് നടന്നു..

അവിടെ അറ്റത്തൊരു മേശയിൽ അവള് ഇരിക്കുന്നു…അവളെന്നെ ദൂരെ നിന്നേ കണ്ടു..കഴുത്തിൽ താലിയോ നെറ്റിയിൽ സിന്ദൂരമോ ഇല്ല..എന്നെ കണ്ടതും അവള് പറഞ്ഞു,

“ഹൊ ചേട്ടൻ കുറച്ച് തടിച്ചു കേട്ടോ…; എനിക്ക് വല്ല മാറ്റവും ഉണ്ടോ..?”

ഏയ് ഇല്ല, താൻ ഇപ്പോഴും ആ പഴയ കുസൃതി വേണി തന്നെ…

“രണ്ടു വർഷത്തെ ഡിവോഴ്സ് കേസ് മിനിഞ്ഞാന്ന് ആണ് കഴിഞ്ഞത്…അന്നത്തെ വഴക്കിനും ബഹളത്തിനും ശേഷം ഞാൻ ബാംഗ്ലൂർ പോയി..മാമന്റെ വീട്ടിൽ ആയിരുന്നു..എന്റെ വീട്ടിൽ പോകുന്നത് എന്തോ വെറുപ്പായിരുന്നു..അവിടെ ഒരു കമ്പനിയിൽ ജോലി ഉണ്ട്…”

ഞാനിപ്പോ എന്താ തന്നോട് പറയാ വേണി…; ഒന്നും മനസ്സിൽ വരുന്നില്ല…!

“എന്നാ ഒരു കാര്യം ചെയ്യ് ബിബിൻ ചേട്ടൻ..ഒരു പേപ്പറിൽ പറയാൻ ഉള്ളതൊക്കെ എഴുതി എനിക്ക് അയക്ക്…! പിന്നെ ദേ ഇതും കൂടി പോകുമ്പോ കൊണ്ട് പോക്കോ..; വേറൊന്നും അല്ല, ഇത്രയും നാളും എല്ലാ മാസവും ചേട്ടന് ഒരു കത്ത് എഴുതും, പക്ഷേ അയക്കാൻ എന്തോ കഴിയുന്നില്ല.. ദേ രണ്ടു വർഷം എനിക്ക് പറയാൻ ഉള്ളതൊക്കെ ഇതിലുണ്ട്..”

മനസ്സ് നീറി ആണെങ്കിലും ഞാനത് വാങ്ങിച്ചു..

“പിന്നെ ഞാൻ നമ്മുടെ കോളേജിലെ ഗീത ടീച്ചറെ വിളിച്ചിരുന്നു..വേറൊരു കാര്യം കൂടി ടീച്ചർ പറഞ്ഞു എന്നോട്..; നിന്റെ പഴയ ചങ്ങാതി ബിബിന്റെ കല്യാണം ഉറപ്പിക്കാൻ പോകുന്നു എന്ന്, ടീച്ചറുടെ ബന്ധു ആണെന്നാ പറഞ്ഞത്…;”

ശരിയാ, ഒറ്റ മോനല്ലെ, അമ്മയ്ക്ക് നിർബന്ധം ഞാൻ വിവാഹം കഴിക്കാൻ..അങ്ങനെ സമ്മതിച്ചു, അടുത്ത ആഴ്‍ച്ച ആണ് ഉറപ്പിക്കൽ.. വേണി എന്ത് തീരുമാനിച്ചു…; ഇനിയും തിരിച്ച് പോവാണോ…?

“പിന്നല്ലാതെ, ഇപ്പൊ നല്ലൊരു ജോലി ഉണ്ട്..എന്താ പറയാ എല്ലാം മറന്ന് നല്ലൊരു ജീവിതം തന്നെയാണ്..ഒറ്റയ്ക്ക് ആണെന്ന് ഉള്ളൂ, പക്ഷേ അതൊരു വല്ലാത്ത അനുഭവം ആണ്… ഇനിയൊരു വിവാഹം ഇല്ല, ഒറ്റയ്ക്ക് ആണ് എപ്പോഴും നല്ലത്..മുമ്പൊരു തീരുമാനം എടുത്തത് തെറ്റായിരുന്നു..ഇനി അത് തിരുത്താൻ വേണ്ടി ജീവിതം നൽകിയ പാഠങ്ങൾ മറക്കില്ല…”

എനിക്ക് അവളുടെ വാക്കുകൾക്ക് മുന്നിൽ മറുപടി കിട്ടിയില്ല…

“നാളെ കഴിഞ്ഞ് ഞാൻ തിരിച്ചു പോവും..കേസിന്റെ കാര്യത്തിന് വന്നതാണ്.. കല്യാണത്തിന് ഒരാഴ്ച മുമ്പ് ഞാൻ അയച്ചത് പോലൊരു എഴുത്ത് അയച്ചാൽ മതി…ഞാൻ വരും എന്റെ ചങ്ങാതിയുടെ കല്യാണത്തിന്… വിവാഹത്തിന് ശേഷം കുറെ അനുഭവിച്ചു ഞാൻ, പക്ഷേ ഇപ്പോ ഞാൻ നല്ലൊരു നിലയിൽ ആണ്..ആരെയും ആശ്രയിക്കാതെ ജീവിക്കാം…”

അത്രയും പറഞ്ഞ് വേണി എഴുന്നേറ്റ് നടന്നു..അവള് എനിക്ക് തന്ന എഴുത്തുകൾ എന്റെ കയ്യിൽ ഞാൻ ഇറുക്കി പിടിച്ചു..അവള് തന്ന ബാംഗ്ലൂരിലെ അഡ്രസിൽ വിവാഹം ക്ഷണിച്ചു കൊണ്ട് ഞാൻ എഴുതി…പക്ഷേ അവൾ വന്നില്ല…ഇന്നേക്ക് എന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം കഴിഞ്ഞു.. തിരക്കു പിടിച്ച ദാമ്പത്യ ജീവിതത്തിനിടക്ക് വല്ലപ്പോഴും ഓർമ വരുന്നൊരു മുഖം മാത്രമായി വേണി..

എന്റെ സുഹൃത്ത് വേണിയുടെ കാര്യങ്ങളെല്ലാം ആദ്യരാത്രിയിൽ തന്നെ കെട്ടിയ പെണ്ണിനോട് പറഞ്ഞിരുന്നു.. അവള് എഴുതിയ കത്തുകളെല്ലാം ഒരു കൗതുകത്തോടെ എന്റെ പെണ്ണ് വായിച്ചു തീർത്തു…ഒരിടത്തും മോശമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല…അത് തന്നെയായിരുന്നു വേണിയുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴവും…

ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഇരുപതാം വാർഷികത്തിന്റെ അന്ന് സക്കറിയ സാർ എനിക്കൊരു ലെറ്റർ കവർ തന്നിട്ട് പറഞ്ഞു, “ഇതൊരു പ്രമോഷൻ ആണ്, സ്ഥലമാറ്റം ഉണ്ട്, പക്ഷേ പ്രമോഷനോട് കൂടിയൊരു സ്ഥലമാറ്റം..പിന്നെ പുതിയ ഓഫീസ് കുറച്ച് ദൂരെയാണ് ബിബിൻ..”

വീട്ടിൽ ചെന്ന് അവളും ഞാനും കൂടിയാണ് അപ്പോയിൻമെന്റ് ലെറ്റർ വായിച്ചത്…ഫാമിലി അക്കോമഡേഷൻ ഉൾപ്പെടെ ആണ്…ഏറ്റവും താഴെ മാനേജിംഗ് ഡയറക്ടറുടെ പേര് എന്നെ ഞെട്ടിച്ചു “കൃഷ്ണവേണി…”

പെട്ടന്ന് ഫോണിലോരു മെസേജും, “ബിബിൻ ചേട്ടനും പ്രിയ പത്നിക്കും സുഖമാണെന്ന് കരുതുന്നു…അടുത്ത ആഴ്‍ച്ച തന്നെ ജോയിൻ ചെയ്യണം.. ഇല്ലെങ്കിൽ, അറിയാലോ മാനേജരുടെ സ്വഭാവം എടുപ്പിക്കരുത്…” കൂടെ ഒരു ചിരിയുടെ സ്മൈലിയും…

അപ്പോഴും എനിക്ക് അത്ഭുതമായി തോന്നിയത് എന്റെ തെറ്റും ശരിയും കണ്ട് എന്തിനും ഏതിനും കൂടെ കട്ടക്ക് നിൽക്കുന്ന ഒരു ഭാര്യയെ കിട്ടി എന്നുള്ളതാണ്…അതിലുപരി പെണ്ണെന്നും പറഞ്ഞ് ഒതുങ്ങി കൂടാതെ തന്റേതായ കഴിവുകൾ കണ്ടെത്തി സമൂഹത്തിൽ ഉയർന്ന തന്റെ സ്ഥാനം കണ്ടെത്തിയ വേണിയെക്കുറിച്ച് ഓർക്കുമ്പോ അഭിമാനം തോന്നുന്നു…….

~ജിഷ്ണു രമേശൻ