നിന്നെ പൂട്ടാൻ അതേ ഒരു വഴിയുള്ളു. അതോടെ നിന്റെയീ കറക്കമൊക്കെയങ്ങു തീരും….

മൗനനൊമ്പരം

എഴുത്ത്: സിന്ധു മനോജ്

===================

അമ്പിളീ, നിനക്കീ വണ്ടിയൊന്നു പതുക്കെ ഓടിച്ചൂടേ പെണ്ണേ.. ഇന്നലെ സൂപ്പർമാർക്കറ്റിന്ന് ഇറങ്ങുമ്പോൾ ഞാൻ കണ്ടാരുന്നു നിന്റെ മരണപ്പാച്ചിൽ. പെണ്ണാണെന്ന ഒരു ബോധം പോലുമില്ല നിനക്ക്.

അതെന്താ പീപ്പി….പെണ്ണുങ്ങൾക്ക്‌ സ്പീഡിൽ വണ്ടിയോടിച്ചുകൂടാ എന്ന് നിയമം വല്ലതും ഉണ്ടോ.

“അതല്ല..

ആണിനോളം ആവണ്ട ഒരു പെണ്ണും എന്ന് വിളിച്ചു പറയുന്ന എന്റെ അൽപത്തമോർത്തു ഞാനൊന്നു വിക്കി. പിന്നെ ജാള്യം മറയ്ക്കാനായി ഇങ്ങനെ പറഞ്ഞു

ഈ പെണ്ണിനോട് ഒന്നും പറയാൻ വയ്യല്ലോ. അപ്പോഴേക്കും തർക്കുത്തരം.ഇനി ഞാനൊന്നും പറയുന്നില്ലേ. നീയായി നിന്റെ പാടായി.

“പെണ്ണോ…ചേച്ചിയെന്ന് വിളിയെടി. നിന്നെക്കാൾ പത്തു പിറന്നാൾ കൂടുതൽ ഉണ്ടതാ ഞാൻ.”

“അതെന്തോ ആകട്ടെ. ഞാൻ ഇനിയും ഇങ്ങനെയേ വിളിക്കൂ.”

“ഉം….അതേയ്,ഇന്നലെ ഒന്നിരിക്കാൻ നേരം കിട്ടിയില്ല പീപ്പി മോളെ. ഓട്ടമായിരുന്നു നിലം തൊടാതെ.

“അതെന്തേ ?

രാവിലെ ഒരു മണവാട്ടിപെണ്ണിനേ ഒരുക്കാനുണ്ടായിരുന്നു. അതും കഴിഞ്ഞു വീട്ടിൽ വന്ന് പെട്ടന്നൊരു ചോറും കറിയും ഉണ്ടാക്കി.അമ്മക്ക് കണ്ണിനു ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നകൊണ്ട് അടുക്കളയിൽ ഒന്നും ചെയ്യാൻ വയ്യ.

അച്ഛനും അമ്മയ്ക്കും കഞ്ഞി കൊടുത്ത് ഷോപ്പിലേക്കു പോകാൻ ഇറങ്ങുമ്പോഴാ ദേവി വിളിച്ചത്.കുഞ്ഞ് തൊട്ടിലിൽ നിന്ന് വീണ് തലപൊട്ടിയത്രേ. കുഞ്ഞിനെക്കാൾ വലിയ കരച്ചിൽ അവള്.

ഞാനൊരു ഓട്ടോ പറഞ്ഞുവിട്ടു ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു. അപ്പൊ ഞാൻ കൂടെ ചെല്ലണം എന്നായി. തനിയെ പോയാ മതി ഞാൻ ബിസിയാന്നു പറഞ്ഞപ്പോ,അവിടെ ചിറ്റ തനിച്ചല്ലേ. ഒന്നങ്ങോട്ട്ശ്രദ്ധിച്ചേക്കണേ എന്നും പറഞ്ഞാ അവള് പോയേ .

ഷോപ്പിലെ കാര്യങ്ങൾ സ്മിതയെ ഏൽപ്പിച്ചു ഞാൻ ചിറ്റയുടെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോ അടുക്കളയിൽ ഒരു ഗ്ലാസ്‌ കാപ്പി പോലും തിളപ്പിച്ചിട്ടില്ല.

കീമോ കഴിഞ്ഞു കിടക്കുന്നതല്ലേ ചിറ്റ. ദേവിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല. നേരം വെളുത്താൽ എപ്പോഴെങ്കിലും എണീറ്റ് വല്ലതും ഉണ്ടാക്കി കൊടുക്കും. നേരത്തെ എണീക്കണം എന്നൊക്കെ എത്ര പറഞ്ഞാലും അനുസരിക്കില്ല.കെട്ട്യോൻ ഗൾഫിൽ കിടന്നു സമ്പാദിക്കുന്നതിന്റെ അഹങ്കാരം. അല്ലാതെന്താ പറയാ. പെറ്റ തള്ളയോട് ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും കഴിയോ.അതും ഇമ്മാതിരി വേദന തിന്നു കിടക്കുമ്പോ.

ഞാൻ പിന്നെ ഒരിത്തിരി പൊടിയരിക്കഞ്ഞിയുണ്ടാക്കി അത് കോരി കൊടുക്കുന്ന നേരത്താ അടുത്തവീട്ടിലെ സുകുച്ചേട്ടൻ വിളിച്ചത്. അച്ഛൻ ഇറങ്ങിപ്പോയീന്ന്. കഞ്ഞിയും കുടിച്ച് ഉറങ്ങാൻ കിടക്കുന്ന കണ്ടോണ്ടാ ഞാൻ ഇറങ്ങിയെ. തിരക്കിനിടയിൽ പതിവുപോലെ ഗേറ്റും പൂട്ടിയില്ല.

പിന്നെയൊരു ഓട്ടമായിരുന്നു. ആ പോക്കായിരിക്കും എന്റെ പീപ്പി മോള് കണ്ടത്.

“അയ്യോ….എന്നിട്ട് അച്ഛനെ എവിടെ പോയി കണ്ടുപിടിച്ചു. “

അച്ഛൻ പുളിക്കക്കടവ് പാലത്തിന്റെ കൈവിരിയിൽ പിടിച്ച് പുഴയിലേക്ക് നോക്കി ചാടണോ വേണ്ടയോ എന്ന ഭാവത്തിൽ നിൽക്കുവായിരുന്നു. സത്യം പറഞ്ഞാ എനിക്കു കരച്ചിൽ വന്ന് പോയി. അച്ഛനോട് ചേർന്നു നിന്ന് കെട്ടിപിടിച്ചു ഞാൻ കരഞ്ഞു. ആരും കാണാതെ,കണ്ണീരിറ്റാതെ.

പിന്നെ ഒരുതരത്തിലാ അവിടുന്ന് പിടിച്ചു വലിച്ച് വീട്ടിൽ കൊണ്ട് വന്നേ. ഞാൻ ഇത്തിരി കൂടി വൈകിയിരുന്നെങ്കിൽ സത്യായിട്ടും അച്ഛൻ പുഴയിൽ ചാടിയേനേന്ന് ഓർക്കുമ്പോൾ ഒരു പിരുപിരിപ്പാ.

ചിരിയോടെ അവളതു പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളതു കാണാതിരിക്കാൻ ഞാൻ മുഖം വെട്ടിച്ചു.

വീട് മാറിയതിന്റെ പിറ്റേന്ന് ദേവിയുടെ വീട്ടിൽ വെച്ചാണ് ഞാൻ അമ്പിളിയെ ആദ്യമായി കാണുന്നത്.

ആദ്യ കാഴ്ചയിൽ തന്നെ പറഞ്ഞറിയിക്കാനാകാത്ത ഒരു വെറുപ്പ് മനസ്സിൽ തോന്നി. ആണുങ്ങളെപ്പോലെ വേഷം ധരിച്ച് ബോയ് കട്ട്‌ ചെയ്ത മുടിയുമായി ഒരു അഹങ്കാരി ലുക്ക്‌ ആയിരുന്നു അമ്പിളിക്ക് എന്റെ കണ്ണുകളിൽ.

പുതിയ വീട്ടുകാരിയുടെ പേരെന്താ എന്ന ചോദ്യത്തിന് ദീപ്തി എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞു

ദീപ്തി… വിളിക്കാൻ വല്യ പാടാ. നമുക്ക് പീപ്പി എന്ന് വിളിച്ചാലോ ദേവീ. ഉറക്കെ ചിരിച്ചുകൊണ്ടയിരുന്നു അവളത് പറഞ്ഞത്.

ഒച്ചയെടുത്തുള്ള ആ ചിരി എന്റെ വെറുപ്പിനെ അധികരിപ്പിച്ചു.

പിന്നെ ദേവിയിൽ നിന്നാണ് അവളെ കൂടുതൽ അറിഞ്ഞത്.

എന്റെ വല്ല്യമ്മയുടെ മോളാ.വയസ്സ് നാല്പതായി. ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കും ഇവളെ ഉള്ളു.

വല്യച്ഛന് എന്തോ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു അത് മറച്ചു വെച്ചാ അവർ കല്യാണം നടത്തിയത്. വല്യമ്മ അത് മനസ്സിലാക്കിയപ്പോ തിരിച്ചു പോരാനും ശ്രമിച്ചില്ല. മുപ്പതാം വയസ്സിലായിരുന്നു കല്യാണം.എന്റെ അമ്മയടക്കം നാലു അനിയത്തിമാര് പുര നിറഞ്ഞു നിൽക്കുന്നു.തിരികെ വന്നിട്ട് എന്ത് ചെയ്യാൻ.

പിന്നെ വല്യമ്മ ആ ജീവിതവുമായി പൊരുത്തപ്പെട്ടു.ചില നേരത്ത് വല്യച്ചനേപ്പോലെ തന്നെ സമനില തെറ്റിയ പോലെയാകും.

നോർമലായിരിക്കുന്ന സമയത്തു വല്യച്ചന് ഭയങ്കര സ്നേഹാ എല്ലാരോടും. അസുഖം കൂടുമ്പോ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് പറയാൻ പറ്റില്ല.ആരും കാണാതെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോകും.

പാവം അമ്പിളിചേച്ചി ഈ ചിരിയൊക്കെ ചുമ്മാ അഭിനയം ആണെന്നെ. ഉള്ളിൽ കരഞ്ഞോണ്ട് പുറത്ത് ചിരിക്കാൻ എന്ത് മിടുക്കിയാന്നോ.വിവാഹപ്രായം എത്തിയപ്പോഴേക്കും വല്യച്ചനും വല്യമ്മയും പ്രായം കൊണ്ടും അസുഖം കൊണ്ടും ഒരുപാട് തളർന്നു. അവരെ വിട്ടു പോകാൻ പറ്റാത്തതു കൊണ്ട് വിവാഹം വേണ്ടെന്നു വെച്ചു. എന്നാലും എല്ലാം അറിഞ്ഞോണ്ട് ഒരാൾ വരുന്നെങ്കിൽ നോക്കാം എന്നൊക്കെ പറയുമായിരുന്നു. ഇനിയിപ്പോ ആര് വരാൻ. ബ്യൂട്ടി പാർലറും, തയ്യൽ യൂണിറ്റ്മൊക്കെയായി ഹാപ്പിയാണെന്ന പറച്ചിൽ. ആർക്കറിയാം ഉള്ളിൽ കിടന്നു നീറുന്നത് എന്താണെന്ന്.

സാമ്പത്തികമായി എല്ലാരും നല്ല രീതിയിൽ തന്നെയാ. അമ്പിളി ചേച്ചി കിട്ടുന്നതിൽ ഒരു പങ്ക് ചാരിറ്റിക്കും മറ്റുമായി ചിലവാക്കുന്നുണ്ട്. ആര് വന്നു സഹായം ചോദിച്ചാലും വെറും കയ്യോടെ മടക്കി വിടില്ല.

പക്ഷേ എന്തോ ഒരു ശാപം കിട്ടിയ കുടുംബമാ അമ്മയുടേത്.മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ.

എന്റെ കാര്യം തന്നെ നോക്ക്. അച്ഛനെ കണ്ട ഓർമ്മയില്ല. ഇപ്പോ ദാ അമ്മയുടെ അവസ്ഥ ഇങ്ങനെയും.രതീഷേട്ടൻ ജോലി കിട്ടി ഗൾഫിലേക്ക് പോകുന്നുന്ന് പറഞ്ഞപ്പോ ഞാൻ ഒരുപാട് എതിർത്തു.ഉള്ളത് കൊണ്ട് ഇവിടെ തന്നെ കൂടിയാ മതിയെന്ന്. എന്നിട്ടും കേട്ടില്ല. രാവിലെ വിളിക്കുന്ന പതിവ് സമയത്തു കാൾ വരാതിരുന്നാൽ വല്ലാത്തൊരു വെപ്രാളമാ.അന്ന് പിന്നെ വിളി വരും വരെ തളർന്നു നടക്കും ഞാൻ.

മനസ്സിൽ ഒരു നൂറുവട്ടം മാപ്പ് ചോദിച്ചുകൊണ്ടാണ് പിന്നീട് അമ്പിളിയെ കണ്ടപ്പോൾ എവിടെ പോയതാ എന്ന് കുശലം ചോദിച്ചത്.

“തയ്ക്കാനുള്ള തുണികൾ എടുക്കാൻ പോയതാ പീപ്പി മോളേ എന്ന് പറഞ്ഞു കൊണ്ട് അവൾ ഉറക്കെ ചിരിച്ചു.”

“ഇത്രയധികം ചിരിക്കാൻ നീ വല്ല തമാശയും കേട്ടോ?

“ഞാൻ ഇങ്ങനെയാ.. ചിരിച്ചുകൊണ്ടേ എന്തും പറയൂ.എന്നോട് മിണ്ടാൻ വന്നാൽ ഈ ചിരിയും സഹിച്ചോണം.”

ഓ.. ആയിക്കോട്ടെ പിന്നെ നിന്റെയീ പീപ്പി വിളി നിർത്തിക്കോ. എന്റെ കെട്ട്യോൻ അറിഞ്ഞാ നിന്നെ തല്ലിക്കൊല്ലും.

ഹഹഹ… ഇപ്പോഴാ പേരിനൊരു ചന്തം വന്നേ. നിന്റെ കെട്ട്യോന്റെ പേരും കൂടി ചേരുമ്പോൾ എന്തിന് കൊള്ളാം…ദീപ്തിലിജു.. ഒരു ചേർച്ചയുമില്ല.

“പേര് ചേർച്ചയില്ലെങ്കിലും ഞങ്ങളുടെ മനസ്സിന് നൂറിൽ നൂറ് പൊരുത്തമാ.അറിയോ.”

“ഹഹ..അത് പിന്നെ അങ്ങനെയല്ലേ വേണ്ടതും.”

“നിനക്ക് പറ്റിയൊരു പയ്യനെ തപ്പാൻ ലിജുവേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. നിന്നെ പൂട്ടാൻ അതേ ഒരു വഴിയുള്ളു. അതോടെ നിന്റെയീ കറക്കമൊക്കെയങ്ങു തീരും.പിന്നെയീ നരച്ച ജീൻസും, ഷർട്ടുമൊക്കെ മാറ്റി നീ സാരി ഉടുത്തോളും.”

ഹഹഹ.. കൊള്ളാം. ഈ ജന്മത്തിൽ നടക്കാത്ത കാര്യം.

നടന്നാലോ ?

ഉം… അന്ന് കാക്ക മലർന്ന് പറക്കും.

എന്റെ പീപ്പി,സത്യായിട്ടും എനിക്കങ്ങനെയൊക്കെ നടക്കാൻ നല്ല കൊതിയുണ്ട്ട്ടോ.

പെട്ടന്നാണവളുടെ സ്വരം മാറിയത്.

അലക്കാനും, കുളിക്കാനുമുള്ള സമയം ലാഭിക്കാനല്ലേ ഞാനീ ജീൻസ് എന്റെ സ്ഥിരം വേഷമാക്കിയതും മുടിയൊക്കെ മുറിച്ച് ഈ പരുവത്തിൽ ആക്കി വെച്ചതും.

രാവിലെ വീട്ടു ജോലികളൊക്കെ തീർത്ത്, അച്ഛനെയും അമ്മയെയും നിർബന്ധിച്ചു കുളിപ്പിച്ച് ആഹാരം കൊടുത്ത് ഒരോട്ടമാണ്ഷോപ്പിലേക്ക്. അവിടെ ഓരോ തിരക്കിൽ പെടുമ്പോഴും വീടാ മനസ്സിൽ. അച്ഛൻ എന്തെടുക്കുവാ, അമ്മ മരുന്ന് കഴിച്ചോ എന്നിങ്ങനെ ആകുലപ്പെടും മനസ്സ്.

“വീട്ടിൽ സഹായത്തിനു ആരെയെങ്കിലും നിർത്തിക്കൂടെ.”

ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ അച്ഛനെ നോക്കാൻ എനിക്കേ പറ്റൂ.അച്ഛനും അതാ ഇഷ്ടം.

ഇടക്ക് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവൻ വീട്ടിൽ വരുമായിരുന്നു.ചില ദിവസങ്ങളിൽ അച്ഛനേം അമ്മയേം അയാളെ ഏൽപ്പിച്ചാ ഞാൻ ഷോപ്പിലേക്ക് പോയിരുന്നത്. ഒരിക്കൽ പതിവിലും ഇത്തിരി നേരത്തെ വീട്ടിൽ വരാൻ പറ്റി. അമ്മയുടെ കരച്ചിലാണ് എന്നെ വരവേറ്റത്. നെഞ്ചിൽ ഒരു വേവോടെ അകത്തേക്ക് ചെല്ലുമ്പോൾ കാണുന്നത്, തളർന്നു കിടക്കുന്ന അമ്മയുടെ ദേഹത്ത് അയാൾ.. ഒരു തുണിക്കഷ്ണം പോലുമില്ലാതെ….അമ്മ നിസ്സഹായതയോടെ തലയിട്ടുരുട്ടി കരയുന്നു.

പിന്നീടാണ് ഞാൻ അറിഞ്ഞത് അമ്മക്കത് ആദ്യത്തെ അനുഭവം ആയിരുന്നില്ല ന്ന്.അന്നൊക്കെ അമ്മയും അച്ഛനെപ്പോലെ സമനില തെറ്റിയപോലെയായിരുന്നു. എന്നോട് തുറന്നു പറയാനുള്ള ധൈര്യവുമില്ല.

വെട്ടിക്കൊ ല്ലാ നാണ് തോന്നിയത് ആ ചെ റ്റ യെ.പക്ഷേ ഞാൻ ജയിലിലായാൽ അച്ഛനും അമ്മയ്ക്കും ആരുണ്ട് എന്ന ചിന്ത എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

അന്ന് വെറുത്തു പോയതാ ആണിനെ.

എന്നാലും ചില നേരങ്ങളിൽ ഞാൻ അണിഞ്ഞിരിക്കുന്ന ഫെമിനിച്ചി എന്ന പുറംകുപ്പായം വലിച്ചൂരിക്കളയാൻ മനസ്സ് കൊതിക്കും.ഒരാണിന്റെ കൈക്കരുത്തിൽ അലിഞ്ഞു ചേർന്നുറങ്ങാൻ,അവന്റെ കൊച്ചുങ്ങൾടെ അമ്മയാവാൻ,ഈ അലച്ചിൽ ഒന്നവസാനിപ്പിക്കാൻ.എന്നെ സ്നേഹിക്കാൻ, നിനക്ക് ഞാനില്ലേ എന്ന് ഹൃദയത്തിൽ തൊട്ട് പറയാൻ ഒരാളുണ്ടായെങ്കിൽ എന്നാശിക്കും.

പിന്നെ തോന്നും ഒറ്റക്കാ സുഖമെന്ന്.

ഇനിയീ പ്രായത്തിൽ ആര് വരാൻ എന്നെ സ്നേഹിക്കാനും എന്നെ ഇഷ്ടപ്പെടാനും. അതുകൊണ്ട് ഇനിയാ മോഹമൊന്നുമില്ല. അച്ഛനും അമ്മയും ഇല്ലാതായാൽ അവരെപ്പോലുള്ള കുറെ അച്ഛനമ്മമാരെ കൊണ്ട് വരണം. ആരും നോക്കാനില്ലാതെ തെരുവിൽ അലയുന്നവരെ. എന്നിട്ടത് അവരുടെ വീടാക്കണം.അത് നടന്നാൽ ഞാൻ പിന്നെയും ഹാപ്പി. കരഞ്ഞിരിക്കാൻ നേരം കിട്ടൂല ന്നേ.

“നിന്റെ ആഗ്രഹം അതാണെങ്കിൽ അതിനു കൂട്ട് നിൽക്കുന്ന ഒരാൾ വന്നാലോ.

വന്നാൽ ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും.

വലിയൊരു ചിരിയുടെ അകമ്പടിയോടെ അവൾ പെട്ടന്ന് മറുപടി പറഞ്ഞു.

നീ നോക്കിക്കോ.നിന്നെ മനസ്സിലാക്കുന്ന ഒരാൾ വരും. ഉറപ്പ്..

അപ്പൊ എനിക്ക് കാത്തിരിക്കാം.. അല്ലെ?

തീർച്ചയായും കാത്തിരിക്കൂ അമ്പിളി. നിനക്ക് നല്ലതേ വരൂ.

അത് പറയുമ്പോൾ അവളുടെ കണ്ണിലെ നനവ് സന്തോഷത്തിന്റെയാണോ, സങ്കടത്തിന്റെയാണോ എന്ന് തിരിച്ചറിയാനാകാതെ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

കൃഷ്ണാ, ഗുരുവയുരപ്പാ, നീയെന്നും ഈ പാവം പെണ്ണിന് തുണയാകണേ..

— സിന്ധു മനോജ് —