Story written by Saran Prakash
================
“നമ്പൂരി ചെക്കൻ…”
അങ്ങനെയാണവനെ കുട്ടപ്പായി വിളിക്കാറ്.. കുട്ടപ്പായി മാത്രമല്ല.. ആ പള്ളിക്കൂടത്തിൽ അവനെ അറിയുന്നോരെല്ലാം…
ഇളം ഗോതമ്പിന്റെ നിറമാണ് അവന്റെ മുഖത്തിന്.. അതിനു മാറ്റേകും വിധം നെറ്റിത്തടത്തിൽ ചന്ദനക്കുറിയുണ്ടാകും.. ഇളം ചുവപ്പു നിറമാർന്ന വിടർന്ന തെച്ചിപ്പൂവിതളുകൾ അവന്റെ കാതോരം ചേർന്നിരിക്കും.. കാതുകളോട് കിന്നാരം ചൊല്ലാനെന്ന പോലെ… ആ പള്ളിക്കൂടത്തിൽ ഇന്നുവരെയാർക്കുമില്ലാത്തൊരു അഴക്…
വല്ല്യമ്പൂരി പൂജ കഴിഞ്ഞിറങ്ങുമ്പോൾ ചെവിയിൽ വെച്ചുതരുന്നതാണെത്രെ ആ പൂവിതളുകൾ…
പക്ഷേ പള്ളിക്കൂടത്തിലുള്ളോര് പറയണത് മറ്റൊന്നാ…
മന്ത്രിച്ചെടുത്ത ആ തെച്ചിപ്പൂക്കൾക്ക് ഒരത്ഭുത ശക്തിയുണ്ടത്രേ.. ഏതൊരാപത്തിലും അവനു അവർ തുണയായുണ്ടാകും… അതുകൊണ്ട് തന്നെ പള്ളിക്കൂടത്തിലുള്ളോർക്ക് അവനോടൊരൽപ്പം ഭയവും തോന്നിയിരുന്നു..
പക്ഷേ മുത്ത്യമ്മ കാതിലോതിയ നമ്പൂരിമാർ ആട്ടിയോടിച്ച കോരന്മാരുടെ പഴങ്കഥകൾ കേട്ടുവളർന്ന കുട്ടപ്പായിക്ക് നമ്പൂരി ചെക്കൻ ശത്രുവായിമാറി…പറഞ്ഞുവരുമ്പോൾ, കുട്ടപ്പായിയും ഒരു കോരൻകുടുംബമാണ്….
അതുകൊണ്ടുതന്നെ കുട്ടപ്പായി മാത്രം അവനെ പേടിച്ചില്ല… അല്ലേലും കുട്ടപ്പായിക്ക് ആരെയാ പേടി…!!!
അങ്ങാടി ഭരിക്കണത് കൊമ്പൻ ഭാർഗവാനാണെങ്കിൽ, പള്ളിക്കൂടം ഭരിച്ചിരുന്നത് കുട്ടപ്പായിയാണ്..
മാഷുമാർടെ മുൻപിലൂടേം മുണ്ടു മടക്കിക്കുത്തി നടക്കുന്ന തന്റേടി…
ഗുണ്ടയെന്നാ അവിടുള്ളോരെല്ലാം കുട്ടപ്പായിയെ വിശേഷിപ്പിച്ചത്.. ഒരാളൊഴികെ….
കണക്ക് പഠിപ്പിക്കുന്ന ചാത്തൻ മാഷ്….!!!! ചാത്തുണ്ണിന്നാ പേര്… പക്ഷേ കുട്ടപ്പായി ചാത്തനെന്നാക്കി….
ചാത്തൻ മാഷിന് നമ്പൂരിചെക്കനേം പേടിയില്ലാർന്നു…. നിത്യപൂജയും കഴിഞ്ഞു പള്ളിക്കൂടത്തിലേക്ക് ഓടിക്കിതച്ചെത്തുന്ന ചെക്കനെ മാഷ് ഒരുപാട് പരിഹസിച്ചിരുന്നു… ഒന്നും മിണ്ടാതെ അവൻ തലകുനിച്ചതെല്ലാം കേൾക്കും….പള്ളിക്കൂടത്തിലെ മുഴുവോൻപേരും മാഷിനൊപ്പം ചിരിക്കും… കുട്ടപ്പായിയും… പക്ഷേ എനിക്ക് മാത്രം ചിരി വരാറില്ല…
ചാത്തൻ മാഷിന് ദൈവത്തിൽ പേടിയില്ലാത്തോണ്ടത്രേ നമ്പൂരിച്ചെക്കനെ പേടിക്കാത്തെ… മൂപ്പര്, ചോന്ന കൊടിപിടിക്കണ ആളാ… ചോന്ന കൊടിപിടിക്കണോര് അമ്പലത്തിലും പോവില്ല… ദൈവത്തേയും വിളിക്കില്ല്യ….
പക്ഷേ കുട്ടപ്പായി കണ്ടെത്തിയത് മറ്റാരുമറിയാത്ത രഹസ്യമായിരുന്നു….
ചാത്തന്മാഷ് പ്രേമിച്ച പെണ്ണിനെ വല്ല്യമ്പൂരി കെട്ടിക്കൊണ്ട് പോയതിന്റെ അമർഷമാണെന്ന്…. അതോണ്ടത്രേ ചാത്തന്മാഷ് കൊടിപിടിക്കണതും,,, വേറെ പെണ്ണ് കേട്ടാത്തതും….
കേട്ടവരെല്ലാം മൂക്കത്തുവിരൽ വെച്ചു…
കുട്ടപ്പായി അങ്ങനെയാണ്… പറഞ്ഞുകൂട്ടുന്ന കഥകൾക്കൊക്കെയും അവന്റേല് തെളിവുകളുമുണ്ടാകും… കേട്ടിരിക്കുന്നവരെ ഒന്നടങ്കം വിശ്വസിപ്പിക്കുംപോലെ…
പക്ഷേ കുട്ടപ്പായിയുടെ ചെയ്തികൾക്ക് ഒരു തെളിവുപോലുമുണ്ടാകാറില്ല… അതുകൊണ്ടു മാത്രമല്ലേ അന്നവൻ രക്ഷപെട്ടത്….
മുന്നേ ഗുണം നാല് എത്രയെന്ന ചാത്തന്മാഷിന്റെ ചോദ്യത്തിന്, കുട്ടപ്പായിക്ക് മറുപടിയില്ലാത്തതിൽ ചൂരൽ പ്രഹരം അപ്പാടെ ഏറ്റുവാങ്ങുമ്പോൾ, മാഷും വിചാരിച്ചുകാണില്ല…. ആ ഗുണന ചിഹ്നം തന്റെ നെറ്റിയിലും കവിളത്തും തുന്നികെട്ടേണ്ടി വരുമെന്ന്….
പള്ളിക്കൂടത്തീന്ന് പോണവഴി ആരോ കല്ലെടുത്തെറിഞ്ഞത്രേ… സൈക്കിളും മാഷും കൂടി ദാ കിടക്കുന്നു കണ്ടത്തിൽ… കണ്ണിൽ പതിഞ്ഞ ചെളി മാറ്റി നോക്കിയപ്പോഴേക്കും, എറിഞ്ഞവൻ മാഞ്ഞുപോയിരുന്നു…
പക്ഷേ മാഷിന് ഉറപ്പായിരുന്നു.. ചെയ്തത് കുട്ടപ്പായിയാണെന്ന്…. പിറ്റേന്ന് പള്ളിക്കൂടത്തിലേക്ക് മാഷെത്തിയത് രണ്ടുചൂരല് ഒരുമിച്ചുകെട്ടിവെച്ചുകൊണ്ടായിരുന്നു…
പക്ഷേ അടിയേറ്റുവാങ്ങാൻ കുട്ടപ്പായി ച ന്തി കാണിച്ചില്ല… പകരം ചൂരലേറ്റുവാങ്ങി നാലാക്കി നുറുക്കി…
കുട്ടപ്പായിയുടെ ആ ധിക്കാരത്തിൽ മാഷുമാരെല്ലാം ഒത്തുകൂടി… ചാത്തൻമാഷിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ… പോലീസേമാനെ വിളിക്കണം…
പള്ളിക്കൂടം ഒന്നടങ്കം മുഖത്തോടു മുഖം നോക്കി… അകലങ്ങളിൽ മാത്രം കണ്ടുശീലമുള്ള ആ കാക്കിധാരികളോട് മുത്തശ്ശി കഥകളിലെ ഭൂ തങ്ങളേക്കാൾ പേടിയുണ്ടായിരുന്നു ഞങ്ങൾക്ക്…
പറഞ്ഞുകേട്ടിടത്തോളം, തെറ്റുചെയ്യുന്നവരെ തൂക്കികൊല്ലാൻ കെൽപ്പുള്ളവർ….
പോലീസു പറമ്പിലെ പേരമരത്തിൽ തൂങ്ങിയാടുന്ന കുട്ടപ്പായിയെ ഓർത്തനേരം നെഞ്ചോന്നു വിങ്ങി…
അപ്പോഴും കുട്ടപ്പായിയുടെ മുഖത്തൊരു ഭാവമാറ്റവും ഞാനറിഞ്ഞില്ല….
കാക്കിയുടുപ്പിട്ട പോലീസേമാന്മാർ തെളിവ് ചോദിച്ചപ്പോ മാഷിന് പറയാൻ ഒന്നേയുണ്ടായിരുന്നുള്ളു…
”ച ത്തത് കീചകനെങ്കിൽ, കൊ ന്നത് ഭീമൻ തന്നെ….”
പക്ഷേ കാക്കിധാരികൾക്ക് അതൊരു തെളിവാക്കാൻ പറ്റില്ലത്രേ… നിയമത്തിൽ അങ്ങനെയൊന്നില്ലെന്ന്…. അവർ മാഷിനെ നോക്കി കണ്ണുരുട്ടി യാത്ര തിരിച്ചു…
കുട്ടപ്പായി അട്ടഹസിച്ചു… പള്ളിക്കൂടം മുഴങ്ങും വിധത്തിൽ….
അതിൽപിന്നെ കുട്ടപ്പായിയെ എല്ലാവരും ഭയന്നു തുടങ്ങി… അടുത്ത ചങ്ങാതിയായ ഈ ഞാൻ പോലും…
”ഡാ മ്പൂരിച്ചെക്കാ, എറച്ചി വേണാ…??”
കുട്ടപ്പായിടെ അച്ഛന് കൊഴിപ്പീടികേലെ പണിയായതുകൊണ്ട്, ഇടക്കിടക്ക് പൊതിച്ചോറിൽ കോഴിക്കറിയുണ്ടാകും… അവൻ കോഴിക്കാലൊക്കെ കടിച്ചുപറിക്കുമ്പോ ചുറ്റിലുള്ളോരും അവനെനോക്കി വെള്ളമിറക്കും..
പക്ഷേ നമ്പൂരി ചെക്കൻ മാത്രം, ഓക്കാനം വന്ന് പുറത്തേക്കോടും… നമ്പൂരിമാർക്ക് മാംസം പിടിക്കില്ലത്രേ…. കുട്ടാപ്പായിക്ക് അതൊരു ഹരമാണ്… അവൻ കുറെ ചിരിക്കും.. കൂടെ ചിരിക്കുന്നോർക്ക് അവൻ ഇറച്ചി ചാറ് കൊടുക്കും… ചാറ് കിട്ടാൻ വേണ്ടി മാത്രം ഞാനും ചിരിക്കാറുണ്ട്….
നമ്പൂരിച്ചെക്കന്റെലെന്നും നേദ്യചോറും പച്ചക്കറിയുമാണ്… സാമ്പാർ, അവിയൽ, പയറു തോരൻ… അങ്ങനെ അങ്ങനെ… അതെല്ലാം കൂട്ടികുഴച്ചുണ്ണുമ്പോ എനിക്കും കൊതിതോന്നാറുണ്ട്… അതിലേറെ കൊതിയുണ്ട്, വാഴയിലയിൽ അവൻ പൊതിഞ്ഞുകൊണ്ടുവരുന്ന ആ കടുംപായസത്തിന്…
ഉഷപൂജ കഴിഞ്ഞിറങ്ങുമ്പോൾ വല്ല്യമ്പൂരി പൊതിഞ്ഞുകൊടുക്കുന്നതാത്രേ… അതിലും കാണാം, ഇളം ചുവപ്പുള്ള തെച്ചിപ്പൂക്കൾ…
പക്ഷേ കൊതിമൂത്ത് ഒരു തുണ്ട് ചോദിച്ചെന്നറിഞ്ഞാൽ, കുട്ടപ്പായി കൂട്ടുവെട്ടും… ശത്രുവിന്റെ മിത്രം കുട്ടപ്പായിക്ക് ശത്രു തന്നെയാണ്…
ഒരാഴ്ചത്തെ അവധിക്ക് ശേഷം ചാത്തന്മാഷ് തിരിച്ചെത്തി… തുന്നികെട്ടിയതെല്ലാം അഴിച്ചെടുത്തെങ്കിലും, മുറിപ്പാടുകൾ മുഖത്തവശേഷിച്ചിരുന്നു…
പള്ളിക്കൂടത്തിലുള്ളൊരെല്ലാം ആ മുറിപ്പാടിലേക്കും, കുട്ടപ്പായിയേയും മാറിമാറി നോക്കി അതിശയംപൂണ്ടു… അവർ കുട്ടപ്പായിയെ കൂടുതൽ ഭയന്നു…
ഭാർഗ്ഗവന്റെ കൊമ്പൻ മീശയിൽ, കൊമ്പൻ ഭാർഗ്ഗവനെന്ന പേര് പിറന്നതുപോലെ, അന്നുമുതൽ കുട്ടപ്പായി ഗുണനം കുട്ടപ്പായിയായിമാറി…
”ടാ… മ്പൂരിച്ചെക്കാ… ഇന്നാടാ തിന്നോടാ….”
അന്നും കുട്ടപ്പായി ഇറച്ചി കാല് നമ്പൂരിചെക്കനുനേരെ നീട്ടി… അസഹ്യമായ ഗന്ധമെന്നോണം മൂക്കുപൊത്തിക്കൊണ്ടവൻ ഓക്കാനിച്ച് പുറത്തേക്കോടി…
കുട്ടപ്പായിക്ക് ഹരമേറി… പൊതിയഴിച്ചുവെച്ച നമ്പൂരിച്ചെക്കന്റെ നേദ്യച്ചോറിലേക്ക് അവൻ ഇ റ ച്ചിച്ചാറ് തൂകി… കോരന്മാരുടെ അന്നം മുടക്കിയ നമ്പൂരിമാരോടുള്ള
കുടിപ്പകയാണത്രേ….
വേണ്ടെന്നു പറയാൻ എന്റെ മനസ്സ് വെമ്പൽകൊള്ളുന്നുണ്ട്… ആ കാലങ്ങൾ കടന്നുപോയെന്നവനെ ഓർമ്മിപ്പിക്കണമെന്നുണ്ട്… പക്ഷേ ഗുണനം കുട്ടപ്പായി…..!!!!!
ജനലഴികൾക്കപ്പുറത്ത്, നമ്പൂരി ചെക്കൻ അതുകണ്ട് കണ്ണീർ പൊഴിച്ചു…
അന്ന്, കുട്ടപ്പായിക്കൊപ്പം ചിരിച്ചവർക്ക് അവൻ ഇ റച്ചി കഷ്ണങ്ങൾ പങ്കുവെച്ചു… കൊതിയേറെയുണ്ടായിരുന്നെങ്കിലും, ആ ഇ റച്ചി കഷ്ണത്തിന് വേണ്ടി ഞാനന്ന് ചിരിച്ചില്ല….
പക്ഷേ കുട്ടപ്പായിയുടെ ചിരിക്കും, നാളതുവരെയുള്ള കെട്ടുകഥൾക്കും അന്നത്തോടെ തിരശീലവീണു….
പിറ്റേന്ന് പള്ളിക്കൂടത്തിന്റെ വരാന്തയിലൂടെ പടികയറിവന്ന കുട്ടപ്പായിയെ ജനലഴികൾക്കുള്ളിലൂടെ ഏവരും മിഴിച്ചുനോക്കികൊണ്ടിരുന്നു…
അവരുടെ പിളർന്ന വായ്ക്കകത്തേക്ക് ഈച്ചക്കുഞ്ഞുങ്ങൾ പറന്നുകയറി…
മാഷുന്മാർ ആശ്ചര്യത്തോടെ മുഖത്തോടുമുഖം നോക്കി… പിന്നെ പുഞ്ചിരിച്ചുകൊണ്ട് ചാത്തന്മാഷിലേക്കും…
ഞാനല്ലെന്ന അർത്ഥത്തിൽ ചാത്തന്മാഷ് കണ്ണിറുക്കി…
തലതാഴ്ത്തി കുട്ടപ്പായി എനിക്കരികിൽ വന്നിരുന്നു… അവന്റെ നെറ്റിയിൽ ചോര തുള്ളികൾ അപ്പോഴും പൊടിഞ്ഞിരുന്നു… വലതുകൈക്ക് ക്ഷതമേറ്റിട്ടുണ്ട്… കവിളിൽ ചാത്തൻമാഷിന്റേതുപോലെ ഗുണന ചിഹ്നത്തിൽ തുന്നികെട്ടുണ്ട്…
തലേന്നാൾ പള്ളിക്കൂടത്തിൽനിന്നും മടങ്ങുംവഴി, ആരോ ചെളിപൂണ്ട പാടത്തേക്ക് മുഖം പൂഴ്ത്തിയത്രേ…. എതിർക്കാൻ ഉയർന്ന ആ വലതുകൈ ചവിട്ടി ഞെരിച്ചത്രേ…. ചാടിപിടഞ്ഞെഴുന്നേറ്റെങ്കിലും, ചെയ്തവൻ മാഞ്ഞുപോയിരുന്നു….
കെട്ടവരെല്ലാം മൂക്കത്തുവിരൽ വെച്ചു… അതിൽ ചാത്തന്മാഷുമുണ്ടായിരുന്നു…
പള്ളിക്കൂടം ഒന്നടങ്കം ചിന്തയിലാഴ്ന്നു… ചെയ്തവനാര്….???
അന്നും, നമ്പൂരി ചെക്കൻ ഓടിക്കിതച്ചെത്തി… പക്ഷേ ചാത്തന്മാഷ് അവനെ നോക്കി പുലമ്പിയില്ല… കുട്ടപ്പായി അവനെ നോക്കി അട്ടഹസിച്ചില്ല….
പകരം തേടി നടന്നൊരുത്തരമെന്നപോലെ പള്ളിക്കൂടം ഒന്നടങ്കം മന്ത്രിച്ചു…
”ചുവന്ന തെച്ചിപൂക്കൾ…”
മന്ത്രിച്ചെടുത്ത ആ തെച്ചിപ്പൂക്കളായിരുന്നത്രേ ആ അജ്ഞാത ശക്തി… ആദ്യം വാക്കുകൊണ്ട് വേദനിപ്പിച്ച ചാത്തൻമാഷിനെ…. പിന്നെ ചെയ്തികൊണ്ടു വേദനിപ്പിച്ച കുട്ടപ്പായിയെ….!!!
പള്ളിക്കൂടം കഥകൾ മെനഞ്ഞുകൊണ്ടേയിരുന്നു…
പക്ഷേ തെളിവ്….!!!
ചാത്തന്മാഷിന്റെയും കുട്ടപ്പായിയുടെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി… ആ മുഖങ്ങളിലെ മുറിപ്പാടുകൾക്കന്നേരം ഗുണനചിഹ്നമായിരുന്നില്ല… പകരം നാലിതളുള്ള ചുവന്ന തെച്ചിപ്പൂക്കൾ….
കവലപ്രസംഗത്തിലെ ചാത്തന്മാഷുടെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…
”യഥാർത്ഥ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും അടിച്ചമർത്തപ്പെടുന്നവരിൽനിന്നുമാണ്…!!!”