അങ്ങനെയൊരു ചോദ്യത്തിന് മുൻപിൽ നിന്ന് ഉറക്കെ നിലവിളിക്കാൻ മാത്രമുള്ള കരുത്തേ ഇന്നീ നിമിഷം എനിക്കുള്ളൂ…..

പ്രിയപ്പെട്ടവൻ 💛

Story written by Athira Sivadas

===================

“എനിക്കൊന്ന് കാണണം രവി…” നീണ്ട നേരത്തെ നിശബ്ദതയെ മുറിച്ചുകൊണ്ട് ഞാനത് പറയുമ്പോൾ രവിയുടെ മുഖത്ത് ഒരുതരം നിസ്സംഗതയായിരുന്നു. അത്രയും തകർന്നൊരവസ്ഥയിൽ അയാളെ ഞാൻ കാണുന്നത് അതാദ്യമായിരുന്നു.

എനിക്ക് മറുപടിയൊന്നും പറയാതെ ഫോൺ എടുത്ത് രവി മുറിക്ക് പുറത്തേക്ക് നടന്നു. കട്ടിലിനോട് ചേർന്നുള്ള ഭിത്തിയിൽ കണ്ണുകളടച്ച് ചാരിയിരിക്കുമ്പോൾ നെഞ്ചിന്റെ ഇടത് ഭാഗത്ത് വല്ലാത്ത വേദന തോന്നുന്നുണ്ടായിരുന്നു. കണ്ണും മൂക്കും മുഖവുമൊക്കെ വല്ലാതെ പുകയുന്നു. നോവത്രയും കണ്ണുകളിലൂടെ ഉരുകിയൊലിക്കുന്നു.

ഉടലിൽ നിന്നും ഉയിരടർന്ന് പോകും പോലെ വിറങ്ങലിച്ചുകൊണ്ട് ഞാനതേ ഇരുപ്പിരുന്നു. എനിക്കെതിരായുള്ള ഭിത്തിയിൽ അവനാ വെള്ളാരം കണ്ണുകളിലൊന്നിറുക്കി ചിരിക്കുന്നൊരു ഫോട്ടോ ഉണ്ടായിരുന്നു. അതിലേക്ക് നോക്കി, മിഴികൾ ചിമ്മാതെ, ദൃഷ്ടി നീക്കാതെ ഞാനതേ ഇരുപ്പിരുന്നു.

മുറിയ്ക്ക് പുറത്തെ ചെറിയ പിറുപിറുക്കലുകൾ വണ്ടുകളുടെ മൂളൽ പോലെ കാതിലേക്ക് വീണുകൊണ്ടിരുന്നു.

“ഡീ ഒരു പത്ത് വർഷം കഴിയുമ്പോൾ ഇതേ ദിവസം നമുക്ക് ഇവിടെ വരണം കേട്ടോ…ഒക്കത്ത് അന്ന് രണ്ട് പിള്ളേര് കൂടി കാണും. നമുക്ക് അവരേം കൊണ്ട് ഇതിലൂടെ ഒക്കെ നടക്കണം. എന്നിട്ട് അവരോട് പറയണം ഐ.വി ആണെന്ന്  വീട്ടിൽ കള്ളം പറഞ്ഞ് പപ്പ മമ്മയെം കൊണ്ട് കറങ്ങിയ സ്ഥലം ആണെന്ന്. അത്‌ പൊളിക്കും അല്ലിയോടി…” ഹംപിയുടെ പടികളിറങ്ങുമ്പോഴായിരുന്നു പതിവ് കുസൃതിയോടെ അവനത് പറഞ്ഞത്.

“നല്ല ബെസ്റ്റ് അപ്പൻ. പിള്ളേർക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ കഥ.”

“ഡാഡി കൂൾ…എപ്പിടി.” ഒരു കൈ എന്റെ തോളിലൂടെയിട്ട് മറുകൈകൊണ്ട് കോളറിൽ പിടിച്ചുയർത്തിക്കൊണ്ടവൻ ചോദിച്ചപ്പോൾ ഞാനാ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു.

“വട്ട് ചെക്കൻ…” അതിന്റെ ബാക്കിയെന്നോണം അവന്റെ ഹൈലൈറ്റ് ചിരി. അതോർക്കവേ കാതുകളിപ്പോൾ പൊട്ടിത്തെറിക്കുമെന്നും അവിടെ നിന്നും രക്തം ഒഴുകുമെന്നും തോന്നി.

“അഞ്ജലി…” അവന്റെ ഫോട്ടോ മറച്ചുകൊണ്ട് രവി എനിക്ക് മുൻപിൽ വന്നു നിന്നു.

“റെഡി ആവ്…” അത്രയും പറഞ്ഞയാൾ മുറിവിട്ട് പോകുമ്പോൾ എഴുന്നേൽക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കി. തലയ്ക്കുള്ളിൽ വല്ലാത്ത പെരുപ്പ്. ദേഹമാസകലം രക്തം തിരിച്ചൊഴുകുകയാണെന്ന് തോന്നി. കയ്യും കാലുമൊക്കെ മരവിച്ച അവസ്ഥയിലാണ്.

മേശപ്പുറത്തിരുന്ന ഞങ്ങളുടെ വിവാഹഫോട്ടോയിലേക്ക് മനഃപൂർവം നോക്കാതെ ഞാനെണീറ്റ് ബാത്ത്റൂമിലേക്ക് നടന്നു. തണുത്തവെള്ളം മുഖത്തൊഴിച്ചപ്പോൾ മുഖത്ത് മാത്രം ഒട്ടൊരു തണുപ്പ് തോന്നി. ഉള്ളിലത്രയും ചൂടാണ്. ചുട്ടുപൊള്ളിക്കുന്ന ചൂട്.

വെള്ളയിൽ സിൽവർ സ്റ്റോൺസുള്ള കുർത്തിയാണ് ഇട്ടത്. അവന്റെ ഫേവ്റൈറ്റ്.

“കോട്ടയത്തെ ക്രിസ്ത്യാനി പെൺപിള്ളേര് പള്ളീല് വെള്ളയും വെള്ളയുമിട്ട് മെഴുകുതിരിയും പിടിച്ചൊരു നിൽപ്പുണ്ട്…ന്റെ പൊന്നോ…” പരിഭവം നിറച്ച് ഞാനൊന്ന് നോക്കിയതും ഏറ്റെന്ന മട്ടിലൊരു കുസൃതിച്ചിരിയായിരുന്നു മറുപടി.

“പിണങ്ങിയോടി…”

മറുപടിയൊന്നും കിട്ടാഞ്ഞിട്ട് ആവണം മൂക്കും ചുണ്ടും ചുളിച്ചു പോക്കറ്റിൽ നിന്നും കയ്യെടുത്ത് എന്റെ തോളിൽ പിടിച്ചു നേരെ നിർത്തി.

“പക്ഷേ എനിക്ക് ദേ ഈ പരിഷ്കാരി പട്ടത്തിയോട് അല്ലിയോ പ്രേമം.” അതത്രയ്ക്ക് അങ്ങ് സുഖിച്ചെങ്കിലും പരിഭവം വിട്ടുമാറാത്തത് പോലെ ഞാനതേ നിൽപ്പ് തുടർന്നു.

മുറി വീട്ടിറങ്ങുമ്പോൾ ഹാളിൽ ആരൊക്കെയാണ്‌ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കാതെ രവിയ്ക്ക് പിന്നാലെ നടന്നു. രവിയ്ക്കും എനിക്കുമിടയിൽ അപരിചിതമായ മൗനം സ്ഥാനം പിടിച്ചു. കൂട്ടത്തിലെ സംസാരപ്രിയനായ മൂന്നാമന്റെ അഭാവം ഞങ്ങളുടെ യാത്രയെ അതിഭീകരമായിത്തന്നെ ബാധിക്കുന്നുണ്ടായിരുന്നു.

“പപ്പയും മമ്മയും ഒരു പട്ടത്തിയെ വീട്ടിൽ കേറ്റുവോന്നാ…”

“അവര് കേറ്റണ്ട. ഞാൻ കേറിക്കോളാം…”

“അഹ് അതാണ്‌…” ട്രേഡ് മാർക്ക് ചിരിയോടെ ഹൈ ഫൈവ് അടിച്ചവന്റെ ചിത്രം ഹൃദയത്തിന് മേൽ ചാട്ടവാട്ടവാറ് കൊണ്ടുള്ള പ്രഹരം പോലെ നോവിക്കുന്നു.

“ഞാൻ കാരണം വല്ലാതെ ടെൻഷൻ അടിക്കുന്നുണ്ട്. ഇല്ലിയോഡീ…”

“എന്താടാ സെന്റി അടിച്ച് നശിപ്പിക്കുവോ നീയ്…”

“ഇതാ കാർന്നോന്മാര് പറേന്നെ സെയിം ഏജിലുള്ള ചെക്കന്മാരെ പ്രേമിക്കരുതെന്ന്.”

“അതേത് കാർന്നൊരാടാ അങ്ങനെ പറഞ്ഞേ. എനിക്കൊന്ന് കാണണല്ലോ ആ മൂപ്പീന്നിനെ…”

“അതെന്നാത്തിനാ…”

“തനിക്ക് ഞാൻ കൂടെ കേൾക്കാൻ പാകത്തിന് പറഞ്ഞൂടാരുന്നോ കള്ളക്കിളവാന്ന് ചോദിക്കാൻ…”

“സമപ്രായത്തിലുള്ള പെൺപിള്ളേരെ പ്രേമിച്ചവസാനം അവളുമ്മാർടെ കല്യാണത്തിന് പായസം വിളമ്പിയ കാർന്നോന്മാര് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ സാരോപദേശാ…നിനക്ക് വൈകീട്ടില്ലാ. സമയം ഉണ്ട്. പോണേൽ ദാ ഇപ്പൊ പൊക്കോ. പിടിച്ചു വെക്കില്ല ഞാൻ… ” അവസാനം ഇടറിയ ശബ്ദത്തിൽ മുറിഞ്ഞു പോയ വാക്കുകളെന്റെ കണ്ണിലേക്കാണോ തെറിച്ചു വീണതെന്ന് തോന്നി. കൺപീലികളിൽ തട്ടിയൊരു നനവ് കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ അത്‌ തുടയ്ക്കാൻ മിനക്കെടാതെ ഞാനവന്റെ പുറത്തെന്റെ കവിളുകൾ ചേർത്തു നിന്നു.

“ഒരു തമാശ പറയാൻ പറ്റൂല്ല ഈ ചെക്കനോട്… “

“ഞാൻ കാര്യായിട്ട് പറഞ്ഞതാടി. ഒരു തേപ്പ്കാരീടെ പട്ടം ഞാൻ നിനക്കൊരിക്കലും ചാർത്തി തരില്ല. നീ ദേ ക്യാമ്പസ്‌ സെലെക്ഷൻ കിട്ടി പണിക്ക് പോവാൻ റെഡി ആയി നിൽക്കുന്നു. ഞാൻ ഇപ്പോഴും സീറോ ആണ്. പൊക്കോഡീ. പോകുന്നതാ നിനക്കും എനിക്കും നല്ലത്. ഞാൻ കൂടെ ഉള്ളത് നിനക്കും ഒരു ഭാരവാ. വീട്ടിൽ കല്യാണോലചന വരുമ്പോൾ ജോലീം കൂലീം ഇല്ലത്ത ഒരുത്തന് വേണ്ടിയല്ലേ കളവ് പറഞ്ഞ് പാട് പെട്ട് നീ പിടിച്ചു നിൽക്കണേ. നീ ഉണ്ടെങ്കിൽ എനിക്കും എന്റെ സ്വപ്നങ്ങളെ ഫോളോ ചെയ്യാൻ പറ്റില്ല. നിന്നെ കെട്ടാൻ വേണ്ടി എന്തെങ്കിലുമൊരു ജോലി അതിപ്പോ ഇഷ്ടപ്പെട്ടതാണെങ്കിലും അല്ലെങ്കിലും കിട്ടാൻ വേണ്ടിയല്ലേ ഞാൻ ഈ അലയുന്നെ. നീ പോയി കഴിഞ്ഞാൽ പിന്നെ കുറച്ചു നാളുടെ പപ്പേടെ ചിലവിൽ സുഖായിട്ട് ജീവിച്ചു പതുക്കെ ഒരു ജോലി നോക്കിയാൽ മതി. ഈ ഒടുക്കത്തെ തലവേദനയും ടെൻഷനും ഒക്കെ നീ പോകുന്ന അന്ന് തീർന്ന് കിട്ടുവല്ലോ.”

“എന്നെ ഒന്ന് മെയിൽ റോഡിലോട്ട് വിട്ടേര്.”

“അതെന്നതിനാ…”

“അവിടുന്ന് ഓട്ടോ പിടിച്ചോളാം. അല്ലെങ്കിൽ ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചോളാം..”

“ഹോസ്റ്റലിൽ പോകാനല്ലേ. ഞാൻ കൊണ്ട് വിടാം.”

“വേണ്ട. അത്ര നേരം കൂടി നീ ഈ ഒടുക്കത്തെ ടെൻഷനും തലവേദനയും  സഹിക്കണ്ട.”

“എന്നാൽ ശെരി വാ എണീക്ക്…” എനിക്കും മുൻപേ നടക്കാനൊരുങ്ങിയവനെ നോക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞിരുന്നു.

“കണ്ടോ, നീ ദേ ഇത്രേയുള്ളൂ. മോൾക്ക് ഏത് കാർന്നോരെയാ കാണണംന്ന് പറഞ്ഞേ.”

“ഓ അതിനാരുന്നോ…ക ള്ളപ്പ ന്നി…”

“അല്ല രക്ഷപ്പെട്ടെന്ന് കരുതിയോടാ കുട്ടാ നീ…”

“നേര് പറയാല്ലോ. ഒരു നിമിഷം കൊണ്ട് ഗുരുവായൂരൂപ്പന് ഒരു വെണ്ണ നിവേദ്ധ്യം നേർന്നു, എന്നേ ഇത്ര പെട്ടന്ന് രക്ഷിച്ചേന് കണ്ണന് ഒരു കാക്കത്തൊള്ളായിരം നന്ദിയും പറഞ്ഞു. എന്നാലും എന്റെ കള്ളക്കണ്ണാ ഒക്കെ തിരിച്ചെടുത്തൂട്ടാ… “

“ടാ…”

“എന്താടി..”

“എവിടെ ചെന്നാൽ കാണാൻ പറ്റും…”

“ആരെ…”

“മറ്റേ കാർന്നോരെ…”

“നി ന്റ മ്മൂ മ്മേ ടെ നാ യ ര്…” അതും പറഞ്ഞവനെന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് നേരിയ വേദന നൽകിക്കൊണ്ട് അവിടെ പല്ലുകളമർത്തുമ്പോൾ ഒരു കുഞ്ഞു പിണക്കത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മയായി ഞാനതിനെ ഏറ്റുവാങ്ങി.

കഴുത്തിന്റെ ഇടത് വശത്ത് മെല്ലെ കൈ ചേർത്ത് നോക്കി. പ്രണയസല്ലാപങ്ങളുടെ ബാക്കിപത്രമായൊരു കുളിര് പോലും അവിടെയിന്നില്ല. തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയാതെ പെട്ട് കിടക്കുന്ന തേങ്ങലുകൾ മാത്രം ഒരു പൊട്ടിക്കരച്ചിലുനപ്പുറം കാത്തുനിൽക്കുന്നുണ്ട്.

“അഞ്ജലി…വെള്ളം വേണോ.”

“വേണ്ട രവി…”

ക്ഷീണം ഉണ്ടോ…. “

“ഇല്ല,

നാളെ എപ്പോഴാ…”

“പുലർച്ചയ്ക്ക്…”

പുറത്തേക്ക് വരാതിരിക്കാൻ പണിപ്പെട്ട് തടഞ്ഞുനിർത്തിയൊരേങ്ങൽ അറിയാതെ പുറത്ത് വന്നിരുന്നു. കണ്ണുകളിറുക്കിയടച്ചു കണ്ണുനീരിനെ തടഞ്ഞു നിർത്തുമ്പോൾ ഇടനെഞ്ചിലൊരസ്ത്രം തറഞ്ഞു കയറിയ വേദനയായിരുന്നു എനിക്ക്.

“ഡാ…അപ്പാ രണ്ടും കല്പിച്ചാ കേട്ടോ ഇത്തവണ. പയ്യൻസ് യൂ കെയിൽ സോഷ്യൽ വർക്കറാണ്. അയാളുടെ വീട്ടുകാർക്ക്  കാണാൻ വേണ്ടി ഒന്ന് ചെല്ലാൻ പറഞ്ഞേക്കാ എന്നോട്…”

“നീ പോയിട്ട് വാടി…”

“പോയിട്ട് എങ്ങോട്ട് വരാൻ. എന്നേ ആ വഴി അങ്ങ് കെട്ടിച്ചു വിട്ടാലോ. മനുഷ്യൻ ഇവിടെ മുള്ളുമ്മേലാ ചെക്കന് അപ്പോഴും കളി.”

“ഡീ…”

“എന്തോന്നാ…”

“ദോ…അങ്ങോട്ട് നോക്ക്യേ…” കായലിന്റെ ഇങ്ങേക്കരയിലൂടെ ചെറുതോണി തുഴഞ്ഞോരാൾ വരുന്നു.

“ആ തോണിയാണോ…”

“വോ തന്നെ. അതൊന്ന് തുഴയാൻ പഠിക്കണം. എന്നിട്ട് കെട്ടും കഴിഞ്ഞ് ഒരു ദിവസം നമ്മള് രണ്ടാൾക്കും കൂടി രാത്രി നേരത്ത് ഈ കായലിൽ കൂടി തുഴഞ്ഞു നടക്കണം. അത്‌ ഒരൊന്നൊന്നര പൊളി ആയിരിക്കും അല്ലിയോഡീ.”

“നിന്നെ ഞാനീ കായലിൽ മുക്കിക്കൊ ല്ലും പ ന്നി. എന്റെ കല്യാണം ഉറപ്പിക്കാനാ അപ്പ എന്നേ വിളിക്കണേ…”

“നീ ചെല്ല്. ന്നിട്ട് ഈ കല്യാണം ഇഷ്ടല്ലന്ന് പറ. ന്നിട്ട് ഇനി വരുന്ന ആലോചന സമ്മതിച്ചോളാന്ന് പറ.”

“നിനക്ക് വട്ടാ ചെക്കാ…”

“അടുത്ത ആഴ്ച പപ്പയേം മാമ്മയേം കൂട്ടി ഞാൻ വര്ണ്ട്…നീ ചെന്ന് റെഡി ആയി നിക്കടി…” എന്താണ് പറയുന്നതിനെ പറ്റി എനിക്കൊരു ധാരണയെത്തും മുൻപേ കയ്യിൽ പിടിച്ച് വലിച്ച് അവനാ ശരീരത്തെക്കെന്നെ ചേർത്തിരുന്നു.

“രണ്ട് ആഴ്ച കഴിഞ്ഞാൽ ജോയിൻ ചെയ്യണം, ജമ്മുവിലാ…”

“ന്താന്ന്…”

“ഒരു പട്ടാളക്കാരന്റെ ഭാര്യയാവാൻ ന്താ വിരോധം വല്ലതും ണ്ടാ…ണ്ടേൽ നീ ഇപ്പൊ പറഞ്ഞൊ…” കഴുത്തിലൂടെ വട്ടം പിടിച്ചവനെ ചേർത്ത്‌ പിടിച്ച് പെരുവിരലിൽ പൊങ്ങി ആ കവിളത്ത്‌ അമർത്തി തന്നെയൊരു കടി കൊടുത്തു.

അന്നത്തെ പൊട്ടിച്ചിരികൾക്കിന്ന് പൊള്ളുന്ന കനലിന്റെ വേവാണ്. ഓർമ്മകളേൽപ്പിച്ച മുറിവിൽ നിന്ന് രക്തം കിനിയുന്നുണ്ട്. അത്‌ പുറത്തേക്ക് പൊട്ടിയൊലിക്കുന്നതത്രയും കണ്ണീരിന്റെ രൂപത്തിലാണെന്ന് മാത്രം.

“അഞ്ജലി…”

“മ്മ്…” കണ്ണുകളടച്ച് സീറ്റിൽ ചാരിയിരുന്നുകൊണ്ട് തന്നെ മൂളി.

“എങ്ങനെ പിടിച്ചു നിൽക്കുന്നു നീ.”

അങ്ങനെയൊരു ചോദ്യത്തിന് മുൻപിൽ നിന്ന് ഉറക്കെ നിലവിളിക്കാൻ മാത്രമുള്ള കരുത്തേ ഇന്നീ നിമിഷം എനിക്കുള്ളൂ. മറുപടിയായി പുറത്ത് വരുന്നതൊരു കരച്ചിലാകുമോ എന്നൊരു ഭയമുണ്ടായിരുന്നു. ഒട്ടിയിരുന്ന ചുണ്ടുകളെ വേർപ്പെടുത്താൻ തുടങ്ങുമ്പോൾ നെഞ്ചിൽ നിന്നുമെന്തോ മുകളിലേക്ക് ഉയർന്നു വരും പോലെയാണ് തോന്നിയത്.

“അറിയില്ല രവി…നാളെ പുലരുവോളം അവനിവിടെ തന്നെയുണ്ടല്ലോ എന്ന സമാധാനമാണ്. അത്‌ കഴിഞ്ഞാൽ എനിക്കറിയില്ല.”

മറുപടിയൊരു മൂളലിലൊതുക്കി രവി ഡ്രൈവിംഗ് തുടർന്നു. പുറത്ത് വരാനൊരുങ്ങി നിൽക്കുന്ന ഗദ്ഗദങ്ങളെ അയാളും തടയിട്ട് നിർത്തിയിരിക്കുകയാണവണം. അത്രത്തോളം അയാൾക്കവൻ പ്രിയപ്പെട്ടതായിരുന്നു.

“എന്ത് തോന്നുന്നെടി ഇപ്പോൾ. ദാ ഇവിടുത്തെ ഭാരം അങ്ങ് ഒഴിഞ്ഞു പോയോ.” എന്റെ നെഞ്ചിൽ കൈ വച്ചാണവൻ ചോദിച്ചത്.

“ഞാൻ നിന്നെ ഒന്ന് ഉമ്മ വച്ചോട്ടെടാ…”

“മാതാവേ…ഇവിടെ വച്ചോ…”

“മ്മ്..ന്താ വിരോധം ണ്ടോ…”

“ആൾക്കാര് കാണുവെടി പോ ത്തേ…”

ന്നാ ദാ ഇപ്പൊ ഇവിടോട്ട് ഒരെണ്ണം തന്നോ.” ഞാൻ പിണങ്ങിയെന്ന് തോന്നിയിട്ടാവണം, കൈകൾ രണ്ടും പുറകിൽ കെട്ടി മുഖം കുനിച്ച് കവിള് നീട്ടിക്കൊണ്ട് പറഞ്ഞു.

“അയ്യാ…അത്ര ഡിമാൻഡ് ഉള്ളോർക്കൊന്നും ഞാൻ ഉമ്മ കൊടുക്കൂല്ല.”

കുറച്ച് നേരം കൂടി ഓരോന്ന് പറഞ്ഞ് പിണക്കം മാറ്റാൻ എന്റെ പിന്നാലെ നടന്നു. ഉമ്മ നിരസിച്ചതിന്റെ പ്രതികാരമെന്നോണം രണ്ട് കവിളും കേറ്റിപ്പിടിച്ച് മുഖത്ത് പോലും നോക്കാതെ ഉയർന്ന് താണ് വരുന്ന തിരമാലകളെ നോക്കി ഞാൻ നിന്നു.

സൂര്യൻ കടലിനക്കരെ ഏതോ ആഴങ്ങളിലേക്ക് മറഞ്ഞുപോയിരിക്കുന്നു. സന്ധ്യയുടെ മറവ് പറ്റി രാത്രി കടന്ന് വരുമ്പോൾ ധൃതിയുണ്ടെന്ന് കാണിക്കും പോലെ ഞാനിടയ്ക്കിടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു.

“ഡീ കപ്പലണ്ടി വേണോ നിനക്ക്…”

“മ്മ്…” പിണക്കം പതിയെ ഉരുകിപ്പോകാനൊരുങ്ങുന്നതിന്റെ തെളിവ് എന്നോണം ചുണ്ടിൽ നേർത്തൊരു ചിരിയോടെ ഞാൻ മൂളി.

കപ്പലണ്ടി വാങ്ങി കൊറിച്ചുകൊണ്ട് അവന്റെയൊപ്പം ഉപ്പു വെള്ളത്തിൽ കാൽനനച്ചു തിരികെ കയറുമ്പോൾ ബീച്ചിലെ തിരക്ക് കുറഞ്ഞു വരുന്നുണ്ടായിരുന്നു.

“ഓരോ ചായ കൂടി ആയാലോ.”

“കട്ടൻ മതി. ചെറിയ മഴക്കോളുണ്ട് ഇപ്പൊ അതാ ബെസ്റ്റ്.

“അഹ് എന്നാ വാ…” ബീച്ച് റോഡിനരികിലുള്ള ചെറിയ ചായക്കടയിൽ നിന്ന് കട്ടൻ ഊതിക്കുടിച്ചു നിൽക്കുമ്പോൾ അടുത്തുള്ള  റെസ്റ്റോറന്റിൽ നിന്നും ഏതോ ഒരു മെലടി കേൾക്കുന്നുണ്ടായിരുന്നു.

ചാറ്റൽമഴ പൊടിഞ്ഞു തുടങ്ങിയതും അടുത്തുള്ളൊരു മരത്തിന്റെ കീഴിലേക്ക് അവനെന്നെയും കൊണ്ട് നടന്നു.

“അപ്പേം അമ്മേം ഇത്ര പെട്ടന്ന് സമ്മതിക്കുംന്ന് ഞാൻ വിചാരിച്ചില്ലടാ.”

“അത്ര പെട്ടന്ന് ഒന്നും അല്ലല്ലോ. സാമാന്യം നല്ലത് പോലെ കഷ്ടപ്പെട്ടില്ലേ നമ്മൾ. ഇതിനിടയിൽ നീയും കുറെ കേട്ടുകാണുമല്ലോ. ന്റെ പ്രായം ആരുന്നോ പ്രശ്നം. അതോ മതമോ…”

“ഏയ്…ഇരുപത്തി മൂന്ന്. കല്യാണം ആലോചിക്കാൻ നല്ല ബെസ്റ്റ് പ്രായാല്ലേ. കാര്യം ന്റെ അപ്പ ഒരു ഓൾഡ് പട്ടര് ഫാമിലിയിലാണ് ജനിച്ചതെങ്കിലും കുറച്ച് പ്രോഗ്രസ്സീവ് ആയി ചിന്തിക്കുന്ന ആളാ. അതോണ്ട് മതം ഒരു പ്രശ്നമേ അല്ലാരുന്നു.”

“എന്തായാലും ഇപ്പോ ഒരു മഴ പെയ്ത് തോർന്ന സമാധാനം ണ്ട്. നിന്നെ ഈ പ്രെഷറിന്റെയൊക്കെ നടുവിൽ തനിച്ചാക്കി പോവേണ്ടി വരുമോ എന്നായിരുന്നു എന്റെ ടെൻഷൻ.”

മുക്കാലും നനഞ്ഞെങ്കിലും എരിച്ചിലടിക്കുമ്പോഴൊക്കെ ഞാനവനോട് കൂടുതൽ ചേർന്ന് നിന്നു.

“ഡീ…”

“മ്മ്…”

“രാത്രി, മഴ, ചൂടുള്ളൊരു കട്ടൻ…ജോൺസൻ  മാഷില്ല. പകരം നിന്നെ വച്ച് അഡ്ജസ്റ്റ് ചെയ്യാം. ന്ത്‌ റൊമാന്റിക്കാ അല്ലെ.”

“ആണോ…”

“പിന്നേ…”

“ലിപ്പ്ലോക്ക് ചെയ്യട്ടെ…”

താഴ്ന്ന് പോയ കൺ‌പീലികളുടെ സമ്മതത്തോടെ അവൻ മുഖം കുനിച്ചെന്റെ ചുണ്ടുകളെ കവർന്നെടുക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയും ഇരുട്ടും ഞങ്ങൾക്ക് മറയൊരുക്കി. എന്റെ ഇടുപ്പിലവന്റെ കയ്യമരുമ്പോൾ അവന്റെ ഷർട്ടിൽ കൈകൾ മുറുക്കിപ്പിടിച്ചിരുന്നു ഞാൻ…വീര്യമേറെയുള്ളൊരു ല ഹ രി ശരീരത്തിലേക്ക് കത്തിക്കയറും പോലെ ആ ചുംബനമെന്നിൽ ചൂടേറ്റിക്കൊണ്ടിരുന്നു.

“എ കിസ്സ് ഓൺ ദി ബീച്ച് വെൻ ധെയർ ഈസ്‌ എ ഫുൾമൂൺ ഈസ്‌ ദി ക്ലോസെസ്റ്റ് തിങ് ടു ഹെവൻ.

ഫുൾ മൂൺ ഇല്ലടി…എന്നാലും ഓക്കേ അല്ലാരുന്നോ…”

പന്ത്രണ്ട് മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഒടുവിൽ ഞങ്ങളവിടെ എത്തിയിരിക്കുന്നു. നീണ്ട നേരത്തെ ഫ്ലൈറ്റ് യാത്രയും ശേഷമുള്ള ടാക്സി യാത്രയും എന്നെയാകെ തളർത്തിയിരുന്നു. രവിയായിരുന്നു കാര്യങ്ങളൊക്കെ സംസാരിച്ചത്. അപരിചിതവും ഭീതി ഉണർത്തുന്നതുമായ അവിടം ഒരു നിരപരാധിയുടെ കല്ലറയാണെന്ന് തോന്നി എനിക്ക്.

ജീവിതത്തിന്റെ അങ്ങേയറ്റത്താണ് ഞാൻ നൽക്കുന്നതെന്ന് തോന്നി. മുന്നോട്ടുള്ള ഒരടിയ്ക്കപ്പുറം ചെന്ന് വീഴാനിരിക്കുന്നത് വേദനയുടെയും വിരഹത്തിന്റെയും തീ ചൂളയിലേക്കാണ്. അതിനുള്ളിൽ കിടന്ന് കത്തിയമരുമ്പോഴും ആയുസ്സൊടുങ്ങാത്ത ഓർമ്മകളെന്നിൽ ജീവവായു നിറച്ചുകൊണ്ടേയിരിക്കും. ദേഹി എരിഞ്ഞു തീരുന്നയാ വേദനയിലും ദേഹം ജീവനോടെയിരിക്കുന്ന ആ ദിനങ്ങളാകുമെന്റെ ശാപവും.

ദൂരെനിന്നും ഹിന്ദിയിലൊരാക്രോശം കേട്ടതും രവിയുടെ കണ്ണുകൾ വീണുകിടന്നിടത്തേക്ക് ഞാനുമെന്റെ നോട്ടത്തെ തൊടുത്തുവിട്ടു.

ചുറ്റിനും വീണ കറുപ്പും, ആഴങ്ങളിലെ ശൂന്യതയും ആ വെള്ളാരം കണ്ണുകളുടെ തിളക്കം കെടുത്തിയിരിക്കുന്നു. മറന്ന് പോയ എന്തോ ഒന്നിനെ ഓർത്തെടുത്തു ചുണ്ടിൽ ചേർത്ത് വെക്കാൻ ശ്രമിക്കുന്ന വണ്ണം പാട്പെട്ടൊരു ചിരിവരുത്താനവൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അടുത്തേക്ക് വരുംന്തോറും ഹൃദയം രണ്ടായി പിളർത്തിക്കൊണ്ടൊരു ഇടിമിന്നൽ ശരീരത്തെയാകെ ഉലച്ചിരുന്നു. നിറഞ്ഞു തുളുമ്പാറായ അവന്റെ കണ്ണുകൾ എന്റെ കണ്ണുകളെ പുണർന്ന് മൂക്കിൽ തൊട്ട് ചുണ്ടിൽ തഴുകി മാറിൽ മുത്തമിട്ട് വയറിലെത്തി നിന്നു.

മുന്നിൽ തടസ്സമായി നിന്ന കമ്പികളെയും മറികടന്നാ കണ്ണുകൾ വീർത്തുനിന്ന എന്റെ വയറിനെ പുൽകിക്കൊണ്ടിരുന്നു.

“സുഖാണോടി…” പതിവ് ചിരിക്ക് പഴയ തിളക്കമില്ല. അഭിനയിക്കാനറിയാത്ത കണ്ണുകളാ നെഞ്ചിലെ നോവിനെ ഒരൊ നിമിഷവും എനിക്ക് പകർന്നുതന്നുകൊണ്ടിരുന്നു.

“എന്തിനാഡി നീ വിഷമിക്കുന്നെ. ഞാൻ തെറ്റൊന്നും ചെയ്തില്ലന്ന് നിനക്കുറപ്പല്ലേ. മിലിറ്ററി ഇന്റലിജിൻസിന്റെ രഹസ്യങ്ങൾ ഞാൻ തീ വ്ര വാ ദികൾക്ക് ചോർത്തി കൊടുക്കോ…അതിനാണോ ആഗ്രഹിച്ച പോസ്റ്റിൽ തന്നെ ഞാൻ കയറിയെ. ഞാനൊന്നും ചെയ്തിട്ടില്ലഡീ. തെറ്റ് പറ്റിയത് അവർക്കാ…എനിക്കീ കൊ ല ക്ക യർ വിധിച്ചവർക്ക്. നിനക്കറിയാല്ലോ..ഇവനറിയാല്ലോ…പിന്നെന്താ…നമ്മള് ജീവിച്ചില്ലെടി ഒന്നിച്ച്. ദേ ജൂനിയർ ജെറി അല്ലെങ്കിൽ ജൂനിയർ അഞ്ജലി ലോഡിങ്ങും ആണ്. പിന്നേ ന്താടി….ചിരിച്ചോണ്ട് നിക്കണം ഇവിടെ നിക്കുന്ന നേരമത്രയും.”

പുറത്തേക്ക് വാരാനൊരുങ്ങി നിൽക്കുന്നൊരലർച്ച അവന്റെ നോവിന്റെ ആക്കം കൂട്ടരുതെന്ന ശകാരം കേട്ട് ഭയം പൂണ്ട് തൊണ്ടക്കുഴിയിൽ നിന്നും അകത്തേക്ക് വലിഞ്ഞു.

“അടുത്ത മാസം എട്ടിനാ ഡേറ്റ്.” പാട് പെട്ടൊരു ചിരി ഞാനും വരുത്തി.

ആ നിമിഷം എന്റെ വയറിലൊന്ന് തഴുകണമെന്നും അവിടെ മുഖം ചേർക്കണമെന്നും ചുണ്ട് അമർത്തണമെന്നും അവനേറെ ആശിച്ചിരുന്നിരിക്കാം. കൊതിയോടെ ആ കണ്ണുകൾ വിടരുന്നതും നിറയുന്നതൊന്നും ഹൃദയം പൊള്ളി ചുവക്കുന്ന വേദനയോടെ ഞാൻ നോക്കി നിന്നു.

“രവി… നീ ഉണ്ടാവണം കേട്ടോ ഏറ്റവും നല്ല സുഹൃത്തായി. ഏൽപ്പിച്ചു പോകാൻ നീയേ ഉള്ളെടാ എനിക്ക്. ” രവി നിശബ്ദമായി തലയാട്ടിയിട്ടുണ്ടാവണം, ഞാനത് നോക്കിയിരുന്നില്ല.

“ഡീ…നീയെന്താ മിണ്ടാതെ നിൽക്കുന്നത്. ഇന്നും കൂടെ പറ്റത്തൊള്ളെഡീ…” ഇടറിപ്പോയ സ്വരത്തിലൊരായുസ്സിന്റെ സ്വപ്നം കൂടി ഒഴുകിപൊയ്ക്കോണ്ടിരുന്നു.

“ഡീ നീ നമ്മുടെ കുഞ്ഞിനേം കൊണ്ട് പോകണം കേട്ടോ നമ്മൾ ഒന്നിച്ച് പോയിടത്തൊക്കെ. ന്നിട്ട് പറയണം പപ്പ ഒരിക്കൽ ഇവിടെയിരുണ്ടായിരുന്നെന്ന്…ആകാശത്തിന്റെ ഒത്ത നടുക്ക് ഒരു നക്ഷത്രമുണ്ടാകും. അത്‌ കണ്ണ് ചിമ്മുമ്പോഴൊക്കെ നീ മ്മടെ കുഞ്ഞിനോട് പറയണം പപ്പ ആണെന്ന്.
മ്മടെ കുഞ്ഞിന് പേരൊക്കെ നിനക്ക് ഇഷ്ടമുള്ളത് ഇടണം. വേറെ ആരെയും നോക്കണ്ട. കേട്ടോഡീ…”

ഒന്നിനും മറുപടി പറയാതെ ഞാനവനെ നോക്കി നിന്നു. അഴികൾക്കപ്പുറം നിന്ന് എന്നെ കൊതിയോടെ നോക്കുന്നവന്റെ ചിത്രം ഇനിയുള്ള നാളുകളിലെ വീർപ്പുമുട്ടിക്കുന്ന സ്വപ്നമാണെന്ന തിരിച്ചറിവിൽ ഉള്ളൊന്ന് പിടഞ്ഞു.

ആരോ എന്തോ പറയുന്നതും രവിയോട് മാത്രമവൻ യാത്ര ചോദിക്കുന്നതും ഒരു സ്വപ്നത്തിലെന്ന പോലെ ഞാൻ നോക്കി നിന്നു…

“കരഞ്ഞൂടെ അഞ്ജലി നിനക്കൊന്ന്… ” തിരികെയുള്ള യാത്രയിൽ രവി എന്നോട് ആകെ ചോദിച്ചത് അത്‌ മാത്രമായിരുന്നു.

******************

ആരെയോ തിരഞ്ഞു കൊണ്ട് ഇടത് വശത്തേക്ക് നീളുന്ന കുഞ്ഞിക്കൈകളിൽ ഞാൻ മൃദുവായി ചുണ്ട് ചേർത്തു.  കയ്യും കാലുമിട്ടടിച്ച് അവൻ കളിയാണ്. നോക്കിയിരിക്കാനും കളിപ്പിക്കാനും കൂട്ടിനാരും വേണമെന്നില്ല.

“പപ്പേടെ മോൻ തന്നെ. ആള് സംസാരപ്രിയനാണല്ലേ. തന്നെ കിടന്ന് എന്തൊക്കെയോ പറയുന്നല്ലോ…” കയ്യിലൊരു കവർ നിറയെ കളിപ്പാട്ടങ്ങളുമായി മുറിയിലേക്ക് കയറുന്നതിനൊപ്പം രവി പറഞ്ഞു. ഞാനൊന്ന് ചിരിച്ചു.

“എന്നിട്ട് കെട്ടും കഴിഞ്ഞ് ഒരു ദിവസം നമ്മള് രണ്ടാൾക്കും കൂടി രാത്രി നേരത്ത് ഈ കായലിൽ കൂടി തുഴഞ്ഞു നടക്കണം. അത്‌ ഒരൊന്നൊന്നര പൊളി ആയിരിക്കും അല്ലിയോഡീ.”

ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോയിലെ വെള്ളാരം കണ്ണുകളിലേക്ക് ഞാൻ നോക്കി.

“മുറിഞ്ഞു പോയ നമ്മുടെ ആഗ്രഹങ്ങൾ നേടാൻ ഞാനിന്നിവിടെയുണ്ട് ജെറി. പക്ഷേ നീ…” ആ കണ്ണുകൾക്കിന്നും പഴയ അതെ തിളക്കം. കണ്ണിലും കരളിലും സദാസമയം നിറഞ്ഞു നിൽക്കുന്ന ചിരിയ്ക്ക് ഓർമ്മയിൽ മാറ്റ് കൂടിക്കൂടി വരുന്നു.

ഓർമ്മകളൊരു തടവറയാണ്. പുറത്ത് കടക്കാനാകാത്ത വിധം വരിഞ്ഞു മുറുകി സ്നേഹം കൊണ്ട് രാകി മിനുക്കിയ കത്തിയുടെ അഗ്രം കൊണ്ട് ഉയിരുള്ള നാൾവരേയ്ക്കും അവയങ്ങനെ നോവിച്ചുകൊണ്ടേയിരിക്കും. സ്വാർത്ഥതയുടെയും വഞ്ചനയുടെയും ഇന്നലെകളിൽ ഞാൻ കണ്ട ഏറ്റവും നിഷ്കളങ്കനായ മനുഷ്യനായിരുന്നവൻ. സദാ ചുണ്ടിലൊരു ചിരിയുള്ള എപ്പോഴും സംസാരിക്കാറുള്ള ഉള്ളമാകെ ഒരു കുന്നോളം സ്നേഹം നിറച്ച ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള മനുഷ്യൻ.

നീ പോയെന്നെനിക്ക് അറിയാടാ. പക്ഷേ കഴുമരത്തിന് മുൻപിൽ നിൽക്കുമ്പോൾ എന്നെയോർത്ത്‌ നിറഞ്ഞ നിന്റെ കണ്ണുകളെ ഞാനിപ്പോൾ മനഃപൂർവം ഓർക്കാറില്ല. കാരണം നീ ഇന്നും ജീവിക്കുന്നുണ്ട്. എന്റെ ആത്മാവിലൂടെ…