സ്വപ്നക്കൂട്….
Story written by Sindhu Manoj
===================
നീയെന്താ ഉച്ചക്ക് വിളിച്ചപ്പോൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്.
അതു കേട്ടതും രാധികഅവനിൽ നിന്നും മുഖം തിരിച്ച് അപ്പുവിനെ കെട്ടിപിടിച്ചു.പിന്നെ കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല.
പരിഭവമായിരിക്കും പ്രിയതമക്ക്. എടി പോത്തേ ഇവിടെ എപ്പോഴാ ഡ്യൂട്ടി വരുന്നേ എന്നറിയില്ല. വിളിച്ചാൽ അപ്പൊ പോണം. ഇതെത്ര തവണ പറഞ്ഞിട്ടുള്ളതാ നിന്നോട്.
ഉം.. ഇനി പറ എന്താ പറയാനുള്ളെ കണ്ണന്റെ രാധക്ക്.
അവന്റെയാ സ്നേഹവായ്പ്പിൽ ഒരു നിമിഷം കൊണ്ട് അവളുടെ പരിഭവം അലിഞ്ഞു പോയി
അതേയ്…കണ്ണാ… ഇന്നൊരു സംഭവമുണ്ടായിട്ടോ..രാവിലെ ആരോ മുറ്റമടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്. അടുത്ത വീട്ടിലായിരിക്കും എന്നോർത്ത് അപ്പുവിനെ ചുറ്റിപ്പിടിച്ച് ഒന്നൂടെ ഉറങ്ങാൻ ശ്രമിക്കുമ്പോഴാണ്, ജനലിന് തൊട്ടടുത്തു ചൂല് ഉരയുന്നത് വ്യക്തമായി കേട്ടത്. ഉള്ളിൽ പേടിതോന്നിയെങ്കിലും ജനൽ തുറന്നുനോക്കി.
പഞ്ഞിപോലെ നരച്ച മുടി ഉച്ചിയിൽ കെട്ടിവെച്ച് കുനിഞ്ഞു നിന്ന് ഒരു സ്ത്രീ മുറ്റമടിക്കുന്നു. അയഞ്ഞു തൂങ്ങികിടക്കുന്ന ഒരു ഷർട്ടും അതിനു മീതെവെച്ചുടുത്ത കള്ളിമുണ്ടുമാണ് വേഷം.
എന്റെ കൃഷ്ണാ, ഗുരുവയുരപ്പാ… സത്യായിട്ടും പേടിച്ചു ഞാൻ.
ഇന്നലെ ഇങ്ങോട്ട് വന്നു കയറിയതേയുള്ളൂ. രാവിലെ തന്നെ ടെൻഷനാണല്ലോ ഭഗവാനേ.ഇനി രമേശൻ ആരെയെങ്കിലും പറഞ്ഞേപ്പിച്ചതാകുമോ. അങ്ങനെയാണെങ്കിൽ അവനത് ഇന്നലെയെ പറയുമായിരുന്നല്ലോ.എന്നൊക്കെ ചിന്തിച്ച് ഞാൻ ഫോണെടുത്തു രമേശന്റെ നമ്പർ ഡയൽ ചെയ്തെങ്കിലും കുറെ നേരം റിംഗ് ചെയ്തതല്ലാതെ അവൻ കാൾ എടുത്തില്ല.
പിന്നെ രണ്ടും കല്പ്പിച്ചു വാതിൽ തുറന്നു. ആരാ എന്താ എന്നൊക്കെ ചോദിച്ചിട്ടും അവരൊരക്ഷരം മിണ്ടുന്നില്ല.
മുറ്റം മുഴുവൻ അടിച്ചുതീർത്ത് അവരടുക്കള വരാന്തയിൽ കയറി ഇരിപ്പായി. അപ്പൊ എനിക്കു തോന്നി എന്തെങ്കിലും കഴിക്കാൻ വേണ്ടിയുള്ള ഇരിപ്പായിരിക്കുമെന്ന്. എന്താന്ന് അറിയില്ല, എനിക്കവരോട് ദേഷ്യമൊന്നും തോന്നിയില്ലട്ടോ ഒത്തിരി നാളായി പരിചയമുള്ള ഒരാളെപ്പോലെ തോന്നി ആ നേരത്ത്.
“എന്നിട്ട് നീ വല്ലതും കൊടുത്തോ അവർക്ക് “
ഉവ്വ് കണ്ണാ. ഞാൻ വേഗം കുറച്ചു പഴമെടുത്ത് പുഴുങ്ങാൻ വെച്ചു ചായയും ഉണ്ടാക്കി. പിന്നെ അവരോട് പറഞ്ഞു ചായ ദാ ഇപ്പൊ റെഡിയാകൂട്ടോ ന്ന്.
അന്നേരം അവരൊന്നും മിണ്ടാതെ എന്നെയൊന്നു നോക്കിയിട്ട്, അതിരിൽ നിൽക്കുന്ന വേലിച്ചീര നുള്ളിയെടുക്കാൻ തുടങ്ങി. പിന്നെ കാന്താരി മുളക്,വഴുതനങ്ങ എല്ലാം പറിച്ചു. അവർക്ക് വീട്ടിൽ കൊണ്ടോവാനാവും എന്നോർത്തപ്പോ എനിക്കിച്ചിരി ദേഷ്യം വന്നു. ഒന്നാമത്തെ വല്ലവരുടെയും വീട്. ആരാ ഇതൊക്കെ വെച്ചുപിടിപ്പിച്ചേ എന്നൊന്നും അറിയില്ല. ഹൗസ് ഓണർ വന്നു ചോദിച്ചാ എന്ത് സമാധാനം പറയും.
പക്ഷേ കണ്ണാ, അവരതെല്ലാം എന്റെ കയ്യിൽ കൊണ്ട് തന്നു. പിന്നെ ചെടികൾക്കെല്ലാം വെള്ളവുമൊഴിച്ചു.
ചായ കുടിച്ചോണ്ടിരിക്കുമ്പോ ഞാൻ ഓരോന്നൊക്കെ ചോദിച്ചു. ഒന്നിനും മറുപടിയില്ല.
അപ്പോഴാ മീൻകാരി ചേച്ചി കയറി വന്നത്. അവരോട് അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞുത്രേ ഇവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ടെന്ന്.
ആ.. എന്നിട്ട്
എന്നിട്ടെന്താ അവരാ പറഞ്ഞത് കമലമ്മയുടെ കഥ.
ഇത് കമലമ്മയുടെ വീടായിരുന്നുത്രെ. കോളേജിൽ പഠിക്കുമ്പോ കൂടെ പഠിച്ച ആരോ ആയി ഒരു പ്രണയം ഉണ്ടായി. വീട്ടുകാരൊക്കെ എതിർത്തപ്പോ അയാള് കമലമ്മയെ വിളിച്ചിറക്കി കൊണ്ട് പോന്നു ന്ന്.
“എടി മണ്ടൂസേ, ഇത് നമ്മുടെ കഥയുമായ് നല്ല സാമ്യമുണ്ടല്ലോടി”
അതേടാ കണ്ണാ. പക്ഷേ കമലമ്മയെ വിധി ഒരുപാട് തോൽപ്പിച്ചു കളഞ്ഞു.
കല്യാണം കഴിഞ്ഞു ഇവിടെ വന്നു കയറിയതിന്റെ പിറ്റേന്ന് അവരുടെ മുന്നിലിട്ടു തന്നെ ആരോ അയാളെ കൊലപ്പെടുത്തി.രാഷ്ട്രീയ കൊലപാതകമായിരുന്നുത്രേ. അയാളുടെ പാർട്ടിക്കാർ തന്നെ വെട്ടിയും കുത്തിയും ആ ജീവനെടുത്തു.
പിന്നെ സമനില തെറ്റിയ കമലമ്മ കുറെ നാൾ ട്രീറ്റ്മെന്റിലായിരുന്നു. അവിടുന്ന് ഇറങ്ങിയപ്പോ ഇങ്ങോട്ടാ വന്നത്. പിന്നെ അടുക്കളമുറ്റത്തു നിറയെ ഓരോ തൈകൾ വെച്ചു പിടിപ്പിച്ചു. നല്ലൊരു പച്ചക്കറിത്തോട്ടമാക്കി. പിന്നെ ദാ മുറ്റം മുഴുവൻ പൂച്ചെടികളാ.
കണ്ണാ.. അന്ന് രമേശന്റെ കൂടെ ഈ വീട് നോക്കാൻ വന്നപ്പോൾ എനിക്കേറ്റവും ഇഷ്ടായത് ഈ മുറ്റമായിരുന്നു. എത്ര റോസാച്ചെടികളാന്നറിയോ നിറയെ പൂക്കളുമായി.
” രമേശൻ പറഞ്ഞത് അവന്റെ കൂട്ടുകാരന്റെ വീട് എന്നാണല്ലോ. ഈ കമലമ്മയെപ്പറ്റി അവനൊന്നും പറഞ്ഞുമില്ല. “
അതുണ്ടല്ലോ കണ്ണാ, കമലമ്മക്ക് ഇടയ്ക്കിടെ വയ്യാതാകും അപ്പൊ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോകും. പിന്നെ പെട്ടെന്ന് ഒരു ദിവസം എവിടുന്നോ കയറി വരും. അതായിരുന്നു ത്രേ അവരുടെ രീതി.
ഒരിക്കെ, അതുപോലെ വയ്യാതിരിക്കുന്ന നേരത്ത് കമലമ്മയുടെ സഹോദരന്റെ മോൻ ബലമായി ഒപ്പിടുവിച്ച് ഈ വീടും സ്ഥലവും അയാളുടെ പേരിലാക്കിയെടുത്തു. അവരുടെ പശുത്തൊഴുത്തിലാത്രെ ഇപ്പൊ കമലമ്മയുടെ കിടപ്പ്.
“കണ്ണാ ഇതൊക്കെ കേട്ടിട്ട് എനിക്ക് വല്ലാത്ത വിഷമം. നീയിങ്ങു പോരേ. നമുക്കിവിടെ ഉള്ളതും കൊണ്ട് കഴിഞ്ഞു പോകാം.
“ഓ,പിന്നെ ഇവിടുന്ന് കുറ്റിയും പറിച്ച് അങ്ങ് വന്നാലേ എന്നും ഈ വാടക വീട്ടിൽ തന്നെ കിടക്കേണ്ടി വരും. നിന്റെ അച്ഛൻ സമ്പാദിച്ചത് മുഴുവൻ,പെങ്ങൾ ഒരുത്തന്റെ കൂടെ ഇറങ്ങി പോയത് കൊണ്ട് എന്റെ അളിയൻമാർ പിടിച്ചു വെച്ചേക്കുവല്ലേ.ഇനി നിനക്കും മോനും കഞ്ഞി കുടിക്കണോങ്കി ഞാനീ മരുഭൂമിയിൽ കിടന്നലയ്ക്കണം.
“തുടങ്ങി പിന്നേം കരച്ചിൽ “
“സങ്കടം വന്നാൽ പിന്നെ കരയണ്ടേ”
ഓ..എന്നാ നീയവിടെയിരുന്നു കരയ് എനിക്കിവിടെ വേറെ പണിയുണ്ട്.
അയ്യോ വെക്കല്ലേടാ.. ഒരു കാര്യം കൂടി ചോദിക്കട്ടെ.
ഉം..
കമലമ്മയെ ഞാൻ ഇവിടെ നിർത്തട്ടെ. എന്റെ കൂടെ.
അത് ശരിയാകുമോ.അയാൾ സമ്മതിക്കോ
ഞാനൊന്ന് സംസാരിച്ചു നോക്കിക്കോട്ടെ അവരോട്.
ആ..നിന്റെ ഇഷ്ടം പോലെ ചെയ്യ്. വെറുതെ തലവേദനയാകരുത് ഒടുക്കം.
ഉം..
എന്നാ നീ കിടന്നോ .എന്റെ ഡ്യൂട്ടി കഴിഞ്ഞില്ല.. രാവിലെ വിളിക്കാം.
അവന്റെ സ്നേഹചുംബനങ്ങൾ വീണ്ടുമവളുടെ കൺകോണുകളിൽ കണ്ണീര് നിറയ്ക്കുന്നത് കണ്ടതും, വല്ലാത്തൊരു വിങ്ങലോടെ അവൻ കാൾ അവസാനിപ്പിച്ചു.
പിറ്റേന്ന് അടുക്കളത്തിണ്ണയിൽ ചായക്കായ് കാത്തിരിക്കവേ കമലമ്മയോട് രാധിക പറഞ്ഞു
“കമലമ്മേ,ഇനി ഇവിടുന്ന് എങ്ങോട്ടും പോണ്ടാട്ടോ. ഇന്ന്മുതൽ ഇവിടെ താമസിച്ചോളൂ ഞങ്ങളുടെ കൂടെ”
ചുണ്ടോടടുപ്പിച്ച ചായ ഗ്ലാസ് തിരികെ തിണ്ണയിൽ വെച്ചിട്ട് കമലമ്മ മെല്ലെ മുറ്റത്തെക്കിറങ്ങി. കണ്ണിൽ നിന്നും തുള്ളികളടർന്ന് അവരുടെ കാൽപാദങ്ങളിൽ വീണ് ചിതറുന്നത് കണ്ടതും രാധിക അവർക്കുപിന്നാലെ മുറ്റത്തേക്ക് ഓടിയിറങ്ങി. പിന്നെ അവരുടെ കൈകൾ രണ്ടും ചേർത്ത് പിടിച്ചു.
വരൂ കമലമ്മേ..ഇനി മുതൽ കമലമ്മയുടേം കൂടി വീടാ ഇത്.
അവർ,അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും അവൾ പിടിവിട്ടില്ല.
നിറകണ്ണുകളോടെ അൽപനേരം അവളെ നോക്കിനിന്നിട്ട് പതിയെ അവർ അവളുടെ തോളിലേക്ക് മുഖം ചേർത്ത് ഉറക്കെ പൊട്ടിക്കരയാൻ തുടങ്ങി.
ഉള്ളിലൊളിപ്പിച്ച കാർമേഘങ്ങൾ പെയ്തു തോരുന്നതും കാത്ത് രാധിക അവരെ രണ്ടു കൈ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു. ഇനിയെവിടേക്കും പറഞ്ഞുവിടില്ല എന്ന ഉറപ്പോടെ.
~സിന്ധു മനോജ്…