ഉയർന്ന നെഞ്ചിടിപ്പോടെ രഘുവും ശാന്തിയും തുറന്നു കിടക്കുന്ന വാതിലിനടുത്തേക്ക് നോക്കി…

പെണ്ണ്

Story written by Rajitha Jayan

=================

ഇളംനീല സാരിയുടുത്ത് ഒരു നേർത്ത ചിരിയുമായ് തങ്ങൾക്ക് നേരെ നടന്നു വരുന്ന സ്ത്രീ രൂപത്തെ ഭയത്തോടെ നോക്കി നിൽക്കുകയായിരുന്നു രഘുരാമനും ഭാര്യ ശാന്തിയും…

കഴിഞ്ഞ കുറെ ദിവസങ്ങളായി തങ്ങളെ തങ്ങളറിയാതെ പിൻതുടർന്നതിവളായിരുന്നോ??

ഒരാൾ കാണാൻ വന്നിട്ടുണ്ടെന്ന് വാച്ച്മാൻ വന്നുപറഞ്ഞപ്പോൾ അതിവളായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോ ഈശ്വരൻമാരെ. ….

ഭയന്ന മുഖത്തോടെ രഘുരാമൻ ശാന്തിയെ നോക്കി. .

മുന്നിൽ ഒരു പ്രേ ത ത്തെ കണ്ടതുപോലെ ശാന്തിയുടെ മുഖമാകെ വിളറി വെളുത്തിരുന്നപ്പോൾ!!

ഇരുപത് വർഷങ്ങൾക്കുമുമ്പുള്ള കനത്ത മഴയുള്ളൊരു രാത്രിയും ഒരു ഹോട്ടൽ മുറിയും അവിടെ ഞെരിഞ്ഞമർന്ന് പോയൊരു പെണ്ണിന്റെ ദയനീയമായ നിലവിളിയും വർഷങ്ങൾക്കിപ്പുറവും ചെവിയിൽ മുഴങ്ങുന്നതായ് രഘുവിനും ശാന്തിക്കും തോന്നി..

നാദിറ. ..!!

അവരിരുവരും ഒന്നിച്ചാപേരു പറഞ്ഞപ്പോൾ മുന്നിലെ സ്ത്രീയൊന്ന് ചിരിച്ചു. ..

അതേ നാദിറ തന്നെ..!!

അപ്പോൾ എന്നെയോ എന്റെ പേരോ മറന്നിട്ടില്ല നിങ്ങൾ…

അല്ലാഹുവിന്റ്റെ കാരുണ്യം തന്നെ. …!!

ഉയർന്ന നെഞ്ചിടിപ്പോടെ രഘുവും ശാന്തിയും തുറന്നു കിടക്കുന്ന വാതിലിനടുത്തേക്ക് നോക്കി. …

ഓ..നമ്മളെ .ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നാവുമല്ലേ. …??

എനിക്കറിയാം എന്റ്റെ ഈ വരവ് നിങ്ങൾ തീരെ പ്രതീക്ഷിച്ചിട്ടില്ലാന്ന് പ്രത്യേകിച്ചും ഇന്ന്. .

ഇന്നലെ നിങ്ങളുടെ ഏക മകന്റ്റെ വിവാഹമായിരുന്നില്ലേ..

മണവാളനും മണവാട്ടിയും ഇന്നിവിടെയുളള ഈ ദിവസം തന്നെയാവണം എന്റ്റെ വരവെന്ന് അളളാ കരുതിയിട്ട് ഉണ്ടാവും അതോണ്ടാണല്ലോ നിങ്ങളെ കാണാൻ ഈ ദിവസം തിരഞ്ഞെടുക്കാൻ എനിക്ക് തോന്നിയത്…

നാദിറ ഞങ്ങൾ നിന്റ്റെ കാലുപിടിക്കാം…

ദയവുചെയ്യതിവിടെ നിന്നിപ്പോൾ പോണം

…എന്റെ മകനും കുടുംബക്കാരും പോയ് കഴിഞ്ഞിട്ട് നമ്മുക്ക് തമ്മിൽ കാണാം…

നീ വിളിക്കുന്നിടത്തേക്ക് ഞങ്ങൾ വരാം..

ഈശ്വരനെ വിചാരിച്ച് ഇപ്പോൾ നീയിവിടെ നിന്ന് പോണം. .!!

കൈകൾ കൂപ്പി തൊഴുത് ശാന്തിയത് പറയുപ്പോൾ ഒരുപരിഹാസചിരിയോടെ നാദിറ അവിടെയുളള സോഫയിൽ ഇരുന്നു, .

“”ഇല്ല ശാന്തി …!! ഇന്നീദിവസം എനിക്ക് പടച്ചവൻ ഒരുക്കിതന്നതാണ്..

എല്ലാവരും അറിയട്ടേ ,,,നിന്റ്റെ മകനും കുടുംബക്കാരും എല്ലാവരും അറിയട്ടേ…കോടീശ്വരനായ രഘുരാമന്റ്റെയും ഭാര്യയുടെയും ചീഞ്ഞളിഞ്ഞ പഴയകാലം. ..ഇന്നീ കാണുന്ന സമ്പത്ത് മുഴുവൻ നിങ്ങളെങ്ങനെയുണ്ടാക്കിയെന്ന് അറിയട്ടേ എല്ലാവരും..!!

നാദിറ ദയവായി ഞങ്ങൾ പറയുന്നത് ….

“”ഇല്ല. “!!

.വേണ്ട. ..!!

ആരും എന്നെ തടയാൻ നോക്കണ്ട !!

ഒരാളുടെയും ഒരു യാചനയും എനിക്ക് കേൾക്കണ്ട !! കാരണം ഇതിനെക്കാളെല്ലാം വലുതായിട്ട് ഞാൻ യാചിച്ചിരുന്നു നിങ്ങളുടെ മുമ്പിൽ എന്റെ മാനത്തിനു വേണ്ടി !!

അന്നത് കേൾക്കാത്ത, നിങ്ങളുടെ ഒരു യാചനയും ഇന്നെനിക്കും കേൾക്കണ്ടാ ..!!

പിന്നെ എന്നെ ഉപദ്രവിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അതും മാറ്റിവെച്ചേക്ക്….കാരണം പഴയ ആ നാദിറ അല്ല ഞാനിന്ന്…!!

തീപാറുന്ന നാദിറയുടെ കണ്ണുകൾക്കും വാക്കുകൾക്കും മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോൾ രഘുവിന്റെ മനസ്സിൽ ആ മഴയുളള പഴയ രാത്രിയായിരുന്നു..

ജിത്തുവും താനും ആത്മസുഹൃത്തുക്കളായിരുന്നു

കോളേജിൽ വച്ചുളള ആ സൗഹൃദം പഠനശേഷമൊരു ബിസിനസ് ,,ബാങ്ക് ലോണെടുത്ത് ഒന്നിച്ച് തുടങ്ങുന്നതിൽ തങ്ങളെ കൊണ്ടെത്തിച്ചു ..

ഇതിനിടയിൽ താൻ ശാന്തിയെ വിവാഹം കഴിച്ചിരുന്നു

കോളേജിൽ പഠിക്കുമ്പോഴേ ജിത്തു സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു നാദിറ…!!

അന്യ മതക്കാരിയായതിനാൽ അവരുടെ വിവാഹം വീട്ടുകാർ എതിർത്തു. .

ജിത്തുവും നാദിറയും വിവാഹം രജിസ്റ്റർ ചെയ്യ്ത് ഒന്നിച്ച് ജീവിക്കാൻ തുടങ്ങി.

ഇരു വീട്ടുകാരും അവരെ തള്ളി കളഞ്ഞു .. പക്ഷേ താനും ശാന്തിയും അവർക്കൊപ്പം നിന്നു. ..

ബിസിനസ് കാര്യങ്ങളിൽ തന്നെക്കാൾ കേമൻ ജിത്തുവായിരുന്നു ..

നല്ല രീതിയിൽ ബിസിനസ് മുന്നോട്ട് പോകുന്നതിനിടയിൽ ആണ് ഒരു അപകടത്തിൽ ജിത്തു മരിക്കുന്നത്..

അവന്റെ മരണം തങ്ങളെല്ലാവരെയും തളർത്തി ആ സമയം നാദിറ നാലുമാസം ഗർഭിണി ആയിരുന്നു…

ജിത്തുവിന്റ്റെ മരണത്തോടെ നാദിറ എല്ലായിടത്തും ഒറ്റപ്പെട്ടു..

ചെന്നു കയറാൻ സ്വന്തമായൊരു ഒരുവീടുപോലുമില്ലാത്ത അവളെ തങ്ങൾ കൂടെ കൂട്ടി

ഇതിനിടയിൽ ജിത്തുവിന്റ്റെ മരണം ബിസിനസിനെയും വല്ലാതെ ബാധിച്ചിരുന്നു.. ലാഭകരമായി പോയിരുന്ന ബിസിനസ് നഷ്ടത്തിലായത്തോടെ ബാങ്കു ലോണടവുകൾ പലതും മുടങ്ങി. .

ഒടുവിൽ സ്ഥാപനം ജപ്തിയുടെ വക്കിലെത്തിയപ്പോഴാണ് താനും നാദിറയും ബാങ്ക് മാനേജരെ കാണാൻ ബാങ്കിൽ പോയത്. ..

ജിത്തുവിന്റ്റെ ഭാഗത്തുനിന്നുളള ആൾ എന്നനിലയ്ക്കായിരുന്നു നാദിറയെ കൂടെകൂട്ടിയത്..

എന്നാൽ അന്നവിടെ വെച്ചുള്ള സംസാരത്തിൽ ലോൺ കുടിശ്ശിക മുഴുവൻ അടയ്ക്കാതെവന്നാൽ തീർച്ചയായും ജപ്തി നടന്നിരിക്കുമെന്ന് മാനേജർ പറഞ്ഞപ്പോൾ എല്ലാം തകർന്നാണ് തങ്ങൾ വീട്ടിൽ തിരിച്ചെത്തിയത്…

പക്ഷേ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ മാനേജർ തന്നെ വിളിക്കുകയും കുടിശ്ശിക എല്ലാം ഒഴിവാക്കി തരാം താനൊന്ന് കനിഞ്ഞാൽ എന്നുപറഞ്ഞ് അയാൾ തന്നോടാവശ്യപ്പെട്ടത് നാദിറയെ ആയിരുന്നു. ..!!

നാദിറയുടെ ഉടലഴക്കിൽ അയാൾ ഭ്രമിച്ചിരുന്നു

ഒന്നും പറയാതെ ഫോൺ വെച്ചപ്പോൾ പോലും നാദിറയെ അയാൾക്കെറിഞ്ഞുകൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല…

.എന്നാൽ വീണ്ടും അയാൾ വിളിച്ച് കുടിശ്ശികയ്ക്കൊപ്പം ലോൺ മുഴുവൻ ഒഴിവാക്കി തരാം എന്നു പറഞ്ഞപ്പോൾ ,, ബിസിനസ് വലുതാക്കുന്നതിന് പുതിയ ലോണുകൾ നൽകാമെന്ന് പറഞ്ഞപ്പോൾ ശാന്തിയും തന്നോട് പറഞ്ഞു അവരുടെ നിർദ്ദേശം സ്വീകരിക്കാൻ. ..

കാര്യങ്ങൾ ഒന്നും പറയാതെ കുറച്ചു പണം ഒരാളിൽ നിന്നും കടംവാങ്ങി ലോൺ തീർക്കാനാണെന്നും പറഞ്ഞാണ് തങ്ങൾ നാദിറയുമൊന്നിച്ച് മാനേജർ പറഞ്ഞ ഹോട്ടലിൽ എത്തിയത് !!

മുന്നോട്ടുളള ജീവിതത്തിന് ആ ബിസിനസ് വേണമെന്നുളളത് നാദിറയെ തന്റ്റെ കൂടെ വരാൻ പ്രേരിപ്പിച്ചു ..പിന്നെ ശാന്തി കൂടെയുളളതും.

തങ്ങളിലുളള അവളുടെ വിശ്വാസം താനും ശാന്തിയും മുതലെടുത്തു

അന്നാ മാനേജരുടെ മുറിയിലേക്ക് അവളെ വലിച്ചെറിഞ്ഞു കൊടുത്തപ്പോൾ വയറ്റിലുളള കുഞ്ഞിനെ ഓർത്തെങ്കിലും തന്നെ വെറുതെ വിടണമെന്ന് പറഞ്ഞുളള നാദിറയുടെ യാചന…മാനത്തിനുവേണ്ടിയുളള കരച്ചിൽ ഒന്നും തങ്ങളെ തളർത്തിയില്ല…

അന്നവിടെ പെയ്യ്ത ശക്തമായ മഴയിൽ അമർന്നുപോയി അവളുടെ രോദനങ്ങളെല്ലാം…

അന്നാമുറിയിലേക്ക് മാനേജരെ കൂടാതെ വേറെയും ആരൊക്കെയോ കയറിയിറങ്ങി പോയി. ..

ഒടുവിലെല്ലാവരും പോയ് കഴിഞ്ഞപ്പോൾ ആ മുറിയിലേക്ക് കയറിയ തങ്ങൾ കണ്ടത് രക്തത്തിൽ മുങ്ങിയ നാദിറയെ ആയിരുന്നു…

ഒടുവിലൊരാശുപത്രിയിലവളെ എത്തിച്ചാരോടും ഒന്നും പറയാതെ പോരുമ്പോൾ ഒന്നുറപ്പായിരുന്നു അവൾ രക്ഷപ്പെട്ടാലും അവളുടെ വയറ്റിലുളള ജീവൻ നഷ്ടപ്പെട്ടിരിക്കുമെന്നത്…

പിന്നീടേത് നിമിഷവും നാദിറയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചാണ് താങ്ങളിരുന്നത് എന്നാൽ മാസമൊന്ന് കഴിഞ്ഞിട്ടും അവളെക്കുറിച്ചൊരു വിവരവുമില്ലാതെയായപ്പോൾ താനവിടെ ചെന്ന് നോക്കി പക്ഷേ അവിടെ അങ്ങനെയൊരു സ്ത്രീയുടെ ഓർമ്മകൾ പോലും അവശേഷിച്ചിരുന്നില്ല..

പിന്നീടങ്ങോട്ട് തന്റ്റെ വളർച്ചയുടെ നാളുകൾ ആയിരുന്നു. ..അതിനിടയിൽ നാദിറ എപ്പോഴോ മറവിയുടെ കയത്തിലാണ്ടുപോയിരുന്നു.

പക്ഷേ ഇപ്പോഴിതാ അവൾ തങ്ങൾക്ക് മുന്നിൽ ഫണംവിരിച്ചാടുന്നൊരു കരിമൂർഖനെപ്പോലെ…

തകരുകയാണിവിടെ എല്ലാം ഇതുവരെ നേടിയതും വെട്ടിപിടിച്ചതുമെല്ലാം….!!

“””എന്താ രഘുാരാമ താൻ പഴയ കാലത്തിലേക്ക് തിരിച്ചു പോയോ.??

പരിഹാസത്തിലുളള നാദിറയുടെ ചോദ്യം ശിവരാമനെ ഞെട്ടിച്ചു. ..

താനും ഇവളുമെന്താടോ കരുതിയത് ??

ഞാനന്നവിടെ മരിച്ചു പോയിട്ടുണ്ടാവുമെന്നോ…??

ഇല്ലെടാ എനിക്ക് പടച്ചവൻ ജീവൻ തിരികെ തന്നപ്പോൾ ഞാനാദ്യം തൊട്ടു നോക്കിയത് എന്റ്റെ വയറിൻമേലെയാണ്..

മരണത്തിനുമുമ്പ് എന്റ്റെ ജിത്തു എനിക്ക് തന്നിട്ടുപോയ എന്റ്റെ കുഞ്ഞിപ്പോഴും അവിടെ തന്നെ ഉണ്ടോന്ന്…!!

ഉണ്ടായിരുന്നെടോ ,,അതവിടെ തന്നെ ഉണ്ടായിരുന്നു. താനെന്നെ കൂട്ടികൊടുത്ത പിശാചുകളുടെ പീഡനങ്ങളെല്ലാം ഏറ്റുവാങ്ങിയിട്ടും എന്നിൽ നിന്നടർന്നു പോവാതെ അതവിടെ എന്റെ ഗർഭപാത്രത്തിൽ പറ്റിപിടിച്ചിരുന്നിരുന്നു….അപ്പോൾ ആണ് എനിക്ക് മനസ്സിലായത് എനിക്കിനിയും ഇവിടെ ജീവിതം ആവശ്യമുണ്ടെന്ന്.. !!

ക്രൂ ര. മായി പീ . ഡി പ്പിക്കപ്പെട്ട് ആരും കൂട്ടിനില്ലാതൊരു പെണ്ണ് ഈ സമൂഹത്തിൽ ഒറ്റപ്പെട്ടാൽ അവൾക്ക് ചുറ്റും ഒരുപാടാളുകൾ ഉണ്ടാവും അവളുടെ ശരീരവും നോക്കി….!!

എനിക്കും ആവശ്യക്കാരുണ്ടായിരുന്നു ഒരുപാട്. ..മരിക്കാൻ പോലും എന്നെ അനുവദിക്കാതെഅവർ എനിക്കായ് കാവൽ നിന്നു…

അവരോടെല്ലാം ഞാനാവശ്യപ്പെട്ടത് എന്റ്റെ കുഞ്ഞിനെ പ്രസവിക്കാനുളള അനുവാദമായിരുന്നു …

എനിക്ക് അതിനെ വേണമായിരുന്നു ,,എന്റ്റെ ജിത്തു എന്നിലവശേഷിപ്പിച്ച ആ കുരുന്നിനെ….!!

പിറന്നു കഴിഞ്ഞപ്പോൾ അതൊരു പെൺ കുഞ്ഞായപ്പോൾ ഞാൻ പേടിച്ചു കാരണം ഒരു വേ .ശ്യ യുടെ മകൾ അവളുടെ ജീവിതം ….!!

ആ ഭയമാണവളെ ഒരനാഥാലയത്തിലാക്കാൻ എന്നെ പ്രേരിപ്പിച്ചത്…

മനസ്സിലായോ നിങ്ങൾക്ക് ഞാൻ പറയുന്നത്. …

പകച്ച മുഖത്തോടെ ശ്വാസം പോലും വിടാതെ നാദിറയെ നോക്കി നിന്ന ശാന്തിയുടെയും രഘു രാമന്റ്റെയും ഹൃദയമിടിപ്പപ്പോൾ ആ മുറിയിലൊന്നാകെ നിറയുന്നതായ് നാദിറയ്ക് തോന്നി. ..

മുഖമൊന്ന് വക്രിച്ചവരെ നോക്കി അവൾ തുടർന്നു.

അന്ന് ഞാനവിടെ ഏൽപ്പിച്ച എന്റെ മകളെയാണ് ഇന്നലെ നിങ്ങളുടെ മകൻ പ്രണയം സാഫല്ല്യത്തിനൊടുവിൽ നിങ്ങളുടേതാക്കിയത്…

ഈ ലോകം മുഴുവൻ തങ്ങൾക്ക് ചുറ്റും വട്ടം കറങ്ങുന്ന ഒരു വല്ലാത്തവസ്ഥയിലായിരുന്നു രഘുവും ഭാര്യയും അപ്പോൾ…

ചെവി രണ്ടും കൊട്ടിയടച്ചിരിക്കുന്നപ്പോലെ!!

അത്…അവൾ…നാദിറയുടെ മകളോ. ….. ??

അതേ രഘു അതെന്റ്റെ അല്ല ഞങ്ങളുടെ മകളായിരുന്നു.

പടച്ചവനെത്ര കാരുണ്യവാനാണ് അല്ലേ.??

…എന്റെ മകൾ നിങ്ങൾക്കൊപ്പം…നിങ്ങളുടെ എല്ലാ സ്വത്തിനും സമ്പാദ്യത്തിനും അവകാശിയായ നിങ്ങളുടെ മകന്റെ കുഞ്ഞിനെ പെറ്റുപോറ്റി നിങ്ങളുടെ തലമുറ മുന്നോട്ട് കൊണ്ടു പോവാൻ ഒരു വേശ്യയുടെ മകൾ…

നാദിറ. ..നീ പറഞ്ഞത് ശരിയാണ്. ..ഞങൾക്കുളളതെല്ലാം അവൾക്കാണ്.. തകർക്കരുതതൊന്നും …അവളെ ഞങ്ങൾക്ക് വേണം…ഞങ്ങളുടെ മോളായ്….ഞങ്ങൾ നിന്റ്റെ കാലുകൾ പിടിക്കാം….

കഴിഞ്ഞുപോയതൊന്നും ഇനിയൊരാളും അറിയരുത് ഞങ്ങളുടെ മകനൊരിക്കലും അറിയരുത്….. പൊറുക്കില്ല അവൻ ഞങ്ങളോട്..അവനെ ഞങ്ങൾക്ക് നഷ്ടമാവും. .

തന്റെ കാൽചുവട്ടിലേക്ക് കുനിയുന്ന അവരെ വെറുപ്പോടെ നോക്കി നാദിറ ഉറക്കെ വിളിച്ചു. ..

മോളെ….ദേവപ്രിയാ…..

ഞെട്ടി പകച്ച് വാതിൽക്കലേക്ക് നോക്കിയരഘു കണ്ടു ഒരു വിടർന്ന ചിരിയോടെ നാദിറയ്ക്കരികിലേക്ക് ഓടിവന്നവളെ കെട്ടി പിടിക്കുന്ന സ്വന്തം മരുമകളെ…അവൾക്ക് പിന്നിലായ് തീപന്തം പോലെ ആളിക്കത്തുന്ന മകന്റെ മുഖവും. .. !!

നഷ്ടപ്പെടുകയാണെല്ലാംപെറ്റു പോറ്റിവളർത്തിയമകനെയും നേടിയെടുത്തസൽപേരുകളും

പകച്ചു നോക്കണ്ടടോ…. നിന്റ്റെ മകനോട് ഇവളെല്ലാം പറഞ്ഞിരുന്നു..അവനിലവശേഷിച്ച സംശയങ്ങളും ഇപ്പോൾ തീർന്നിരിക്കുന്നു

ഇനി നിന്നിലൊന്നും അവശേഷിക്കുന്നില്ല രഘു. ..നിന്റ്റെ സമ്പാദ്യമോ നിന്റ്റെ മകനോ ഒന്നും. ..

ഈ കഥയെല്ലാം നിങ്ങളെ ഓർമ്മിപ്പിക്കണമെന്നേയുണ്ടായിരുന്നുളളു… ഇനി ഞാൻ പോട്ടെ

ഉറച്ച കാൽവെപ്പുകളോടെ നാദിറ നടന്നു നീങ്ങിയപ്പോൾ അവൾക്കൊപ്പം തങ്ങളെ ഉപേക്ഷിച്ച് മകനും കൂടി പോവുന്നത് കണ്ടപ്പോൾഈ ലോകത്തിലെ ഏറ്റവും വലിയൊരു പരാജിതനായ് രഘു ആ മുറിയിൽ തളർന്നിരുന്നു….

ശുഭം

~രജിത ജയൻ