അവളെ കണ്ടതും അത് വരെ പിടിച്ചു നിർത്തിയിരുന്ന നിലവിളി അണപൊട്ടി

ഒരാൾ മാത്രം ❤❤ പാർട്ട്‌ – 2

Story written by Bindhya Balan

=====================

തോളിൽ അമർന്ന കൈ സ്പർശമേറ്റ് തലയുയർത്തി നോക്കുമ്പോൾ നേഹയാണ്…അവളെ കണ്ടതും അത് വരെ പിടിച്ചു നിർത്തിയിരുന്ന നിലവിളി അണപൊട്ടി.

അവളെ കെട്ടിപ്പിടിച്ചു ആർത്തലച്ചു കരയുമ്പോൾ കാര്യമെന്താണെന്നറിയാതെ അവൾ പകച്ചു പോയെങ്കിലും എന്നെ കൂടുതൽ ചേർത്ത് പിടിച്ച് അവൾ എന്നെ തലോടിക്കൊണ്ടിരുന്നു. ഒടുക്കം എന്റെ നിലവിളി കുറച്ചൊന്നു ശമിച്ചപ്പോൾ അവൾ കാര്യങ്ങൾ തിരക്കി.

ഞാൻ പറഞ്ഞു പറഞ്ഞ് ഹരനെ നേരിൽ കണ്ടത് പോലെ അറിയാവുന്ന അവൾക്കും ഹരന്റെ ആ അവസ്ഥ വലിയൊരു ഷോക്ക് ആയിരുന്നു.

“ധരിത്രി… പ്ലീസ് റിലാക്സ് മോളെ… നീയിങ്ങനെ കരയാതെ? “

“ഹൗ കാൻ ഐ റിലാക്സ് നേഹ..? നീയൊന്നു പറഞ്ഞു താ… ഹൗ കാൻ ഐ?

ദാ.. അതിനകത്തു കിടക്കുന്നത് ഈ ധരിത്രിയുടെ പ്രാണൻ ആണ് നേഹ…ഈ കൂടൊഴിഞ്ഞു പോകാൻ ഞാൻ സമ്മതിക്കില്ല ഹരനെ… ഒന്നും വേണ്ട എനിക്ക്, ഹരൻ റിക്കവർ ആയി അവന്റെ ഒരു ചിരി കണ്ടു വേണം എനിക്ക് വീണ്ടും അവനെ അവളെ ഏൽപ്പിക്കാൻ…. പത്തു വർഷം മുമ്പ് ഞാൻ കണ്ടു പിരിഞ്ഞ ആ ഹരനെ എനിക്ക് കാണണം നേഹാ.. അത് മാത്രം മതി.. “

അവളുടെ മടിയിലേക്ക് ചാഞ്ഞു കിടന്നൊരു കുഞ്ഞിനെപ്പോലെ കരയുമ്പോൾ, ഒരു വക്കീലാണ് ഞാനെന്നു മറന്നു ഞാൻ..പത്തു കൊല്ലം മുൻപത്തെ ആ പഴയ ഇരുപത് വയസുകാരിയായ ധരിത്രിയായി ഞാൻ.. ഹരൻ എന്ന നെഞ്ചിടിപ്പിന്റെ താളം പേറുന്നവൾ മാത്രമായി .

നേഹയുടെ മടിയിൽ ഒരു ജീവച്ഛവം പോലെ തളർന്നു കിടന്ന് ഹരന്റെ പ്രാണന് വേണ്ടി പ്രപഞ്ചത്തിലെ മുഴുവൻ ശക്തിയോടും ഞാൻ കേണു.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞു, ഐ സി യുവിന്റെ വാതിലുകൾ തുറന്നിറങ്ങി വന്ന ആ ഡോക്ടറോട് എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതാണ് ഡോക്ടർക്ക് പറയാനുള്ളതെങ്കിൽ, അതിനപ്പുറം ഒരു നിമിഷം പോലും അതിജീവിക്കാൻ എനിക്ക് ആവില്ല. എന്റെ മനസ് തൊട്ടറിഞ്ഞു നേഹയാണ് ഡോക്ടറോട് വിവരം തിരക്കിയത്. കേട്ടപാതി കേൾക്കാത്ത പാതി അവളോടി വന്നെന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു

“ധരിത്രി.. നിന്റെ ഹരൻ ജീവിതത്തിലേക്ക് തിരികെ വന്നു മോളെ.. നൗ ഹി ഈസ് കംപ്ലീറ്റ്‌ലി ഓൾറൈറ് മൈ ഗേൾ… നാളെ രാവിലെ ഹരനെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യും “

അത് കേട്ട് ഒരു പൊട്ടിക്കരച്ചിലോടെ ഊർന്ന് താഴേക്കു വീണ് പോയി ഞാൻ.

വിളിച്ചു കേണ എല്ലാവരോടും ഉള്ളിൽ നന്ദിയോടെ ഹരന്റെ ചിരിക്കുന്ന മുഖം ഓർത്തങ്ങനെ ഇരിക്കുമ്പോൾ ആണ് നേഹ വീണ്ടും വന്നത്

“ധരിത്രി, ഒരു വിധത്തിൽ ഞാൻ ഹരന്റെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.. ഹരന്റെ അച്ഛനും അമ്മയും വരുന്നുണ്ട്… “

ഞാൻ വെറുതെ ഒന്ന് മൂളി .

“ധരിത്രി.. ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ.. കുറെ ആയി ചോദിക്കണമെന്ന് കരുതിയിട്ടു.. “

അവളെന്നെ നോക്കി ചോദ്യഭാവത്തിൽ പറഞ്ഞു.

“നീ ചോദിക്ക്.. “

“ഹരനെ നിനക്ക് ജീവൻ ആണെന്ന് നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെ എനിക്ക് മനസിലായിട്ടുണ്ട്. പക്ഷെ അവനോടു നിനക്കുള്ള സ്നേഹം ഇത്രത്തോളം ഭ്രാന്തമാണ്‌.. ആഴത്തിൽ ഉള്ളതാണെന്നു എനിക്ക് ഇന്നാ മനസിലായത്. ഇത്ര ഇഷ്ടം ആയിരുന്നെങ്കിൽ നീയെന്തിനാ ധരിത്രി ഹരനെ വിട്ട് കൊടുത്തത്… ഡ്യൂ യൂ നോ സംതിങ് ഇഡിയറ്റ്… ഹരനെ നീ സ്നേഹിക്കുന്നത് പോലെ ഈ ലോകത്തു മറ്റാരും സ്നേഹിക്കില്ല.. “

ഞാൻ മെല്ലെ ചിരിച്ചു…

“ശരിയാണ് നേഹാ നീ പറഞ്ഞത്.. എന്നോളം ഹരനെ സ്നേഹിക്കാൻ ആർക്കും കഴിയില്ല.. പിന്നെ എന്തിന് വിട്ടു കൊടുത്തു ഞാൻ. ? കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചവളുടെ കണ്ണീരിനു മുന്നിൽ തോറ്റു കൊടുത്തതാണ് ഞാൻ.. അവളുടെ ചാകും എന്ന ഭീഷണിയിൽ അറിയാതെ വഴങ്ങികൊടുത്തതാണ് ഞാൻ.. ഇല്ലാതാവുന്നത് എന്റെ ജീവിതവും സന്തോഷവുമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ.പക്ഷേ ഹരനെ മറന്നു ജീവിക്കാൻ മാത്രം എനിക്ക് മനസ് വന്നില്ല.. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ പത്തു വർഷമായി തനിച്ചിങ്ങനെ…. അതും ഒരു സുഖം..”

“നിനക്ക് ഭ്രാന്താണ് ധരിത്രി.. മുഴുത്ത ഭ്രാന്ത് “

അസ്വസ്ഥതയോടെ തലയാട്ടിക്കൊണ്ട് നേഹയത് പറയുമ്പോൾ ഒരു ചിരിയോടെ ഞാൻ പറഞ്ഞു

“ആ ഭ്രാന്തിന്റെ പേരാണ് നേഹാ ഹരൻ…ഈ ധരിത്രിക്ക് ലോകത്ത് ആകെയുള്ള ഭ്രാന്ത്… ആ ഭ്രാന്തിങ്ങനെ ഒട്ടും കുറയാതെ ഉളിലുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്.. “

അവളോടത് പറഞ്ഞു കൊണ്ട് ഭിത്തിയിലേക്ക് ചാരുമ്പോൾ ആണ് കണ്ടത് കരഞ്ഞു തളർന്നു വരുന്നൊരു പാവം അച്ഛനെയും അമ്മയെയും കണ്ടത്..

“നേഹാ, ദേ ഹരന്റെ അച്ഛനും അമ്മയും.. “

തൊണ്ടയിടറി വാക്കുകൾ മുറിഞ്ഞു പോയി. നേഹ ഓടിച്ചെന്നു അമ്മയെ താങ്ങി പിടിച്ചു കൊണ്ട് വന്ന് എനിക്കരികിലേക്കിരുത്തി.

“ധരിത്രി മോളല്ലേ.. “

എങ്ങലോടെയാണ് ആ അമ്മ ചോദിച്ചത്. ഞാൻ മെല്ലെ തലയാട്ടി.

“മോന്റെ ഡയറിയിൽ മോൾടെ ഒരു ഫോട്ടോ ഇപ്പോഴും ഉണ്ട്.. അതാ വേഗം തിരിച്ചറിഞ്ഞത്.. ” അമ്മ പറഞ്ഞത് കേട്ട് ഉള്ളം കലങ്ങിപ്പോയി എന്റെ.

“നന്ദന.. അവൾ.. അവൾ എവിടെ അമ്മേ…..”

ഞാൻ ചോദിച്ചു.

ആ അമ്മയുടെ മുഖം പിന്നെയും വാടി.. കണ്ണുകൾ അനുസരണയില്ലാതെ പെയ്തു.

“അവൾ ഒറ്റ ഒരുത്തിയാണ് എന്റെ മോന്റെ ജീവിതം തകർത്തത്… “

“എന്താ അമ്മേ ഉണ്ടായത്.. നന്ദന.. അവൾ എവിടെ ? കോളേജിൽ നിന്ന് പോന്നതിൽ പിന്നെ ഹരനെയും നന്ദനയേയും ഞാൻ കണ്ടിട്ടില്ല.. കാണാൻ ശ്രമിച്ചില്ല..എന്താ ഉണ്ടായത് അമ്മേ,? “

വിക്കിയും വിറച്ചുമാണ് ഞാൻ ചോദിച്ചത്

“കല്യാണം കഴിഞ്ഞയന്ന് മുതൽ അവൾക്ക് സംശയം ആയിരുന്നു അവനെ. വഴക്കുണ്ടാക്കാതെ അവൻ ഒഴിഞ്ഞു മാറിയാലും സ്വൈര്യം കൊടുക്കാതെ അവളവനെ ഭ്രാന്ത് പിടിപ്പിച്ചു. ഒരു പെണ്ണിനോട് പോലും അവൻ മിണ്ടുന്നത് അവൾക്ക് ഇഷ്ടം അല്ലായിരുന്നു. എന്തിന്, അവന്റെ അമ്മയോട് അവൻ മിണ്ടുന്നതു പോലും അവൾക്ക്…

ജീവിതത്തിലേ പ്രശ്നം കാരണം അവന് ഏറ്റെടുക്കുന്ന കേസിലൊന്നും ശ്രദ്ധിക്കാൻ പറ്റാതായി…കോടതിയിൽ പോകാതെയായി. ഡിപ്രെഷൻ ആയി. പിന്നെയും സഹിക്കാൻ കഴിയില്ല എന്നായപ്പോ അവസാനം അവൻ തന്നെയാണ് ബന്ധം പിരിയാൻ മുൻകൈ എടുത്തത്. ഇന്ന് രാവിലെ ആണ് ഡിവോഴ്സ് ആയിക്കൊണ്ടുള്ള വിധി വന്നത്. കോടതിയിൽ നിന്ന് വണ്ടിയെടുത്തു പാഞ്ഞു പോകുന്നത് മാത്രേ ഞങ്ങൾ കണ്ടുള്ളൂ മോളെ.. ഫോൺ സ്വിച്ച് ഓഫ്‌ ആക്കി അവൻ എങ്ങോട്ട് പോയെന്നു ഓർത്ത് ഉള്ളുരുകി ഇരിക്കുവായിരുന്നു ഇത്രയും നേരം.അവൻ പോകാറുള്ളിടത്തൊക്കെ ഞങ്ങൾ തിരക്കി ചെന്നു. എന്റെ കുഞ്ഞിനെന്തോ ആപത്ത് ഉണ്ടായി എന്നൊരു തോന്നൽ മനസ്സിൽ വന്ന നേരത്താ ഈ മോളുടെ ഫോൺ വന്നത്… “

ആ അമ്മ പറഞ്ഞതൊക്കെ കേട്ട് മരവിച്ചിരുന്നു പോയി ഞാൻ..എന്തോ വലിയൊരു തെറ്റ് ചെയ്തത് പോലൊരു കുറ്റബോധം ഉള്ളിൽ നിറയാൻ തുടങ്ങി.

“മോളെ ഞങ്ങൾക്ക് അവനെയൊന്നു കാണണം.. ആ ഡോക്ടറോടൊന്നു പറയോ മോള് “

തേങ്ങലോടെ ആ അമ്മ ചോദിക്കുന്നത് കേട്ട് ഞാൻ നേഹയെ നോക്കി. അവളെഴുന്നേറ്റ് ചെന്ന് ഡ്യൂട്ടി നഴ്സിനോട് പെർമിഷൻ ചോദിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവർ പെർമിഷൻ കൊടുത്തു. മരണത്തിന്റെ വക്കോളം ചെന്നു ജീവിതത്തിലേക്ക് തിരിച്ചു വന്ന മകനെ കാണാൻ ആ അച്ഛനും അമ്മയും പോകുന്നതും നോക്കി ചത്തവളെപ്പോലെ ഞാൻ ഇരുന്നു.

“തെറ്റ് ചെയ്തല്ലേ നേഹാ ഞാൻ എന്റെ ഹരനോട്.. “

വാക്കുകൾ മരവിച്ചിരുന്നു അപ്പോഴേക്കും

“നീ ഹരനോട് മാത്രമല്ല ധരിത്രി തെറ്റ് ചെയ്തത്.. നിന്നോടും നീ തെറ്റ് ചെയ്തു. ദൈവം നിനക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ഒരാളെ നീ മറ്റൊരാൾക്ക് കൊടുത്തു. നിന്നെക്കാൾ നന്നായി ആ ആൾ നിന്റെ പ്രാണനെ നോക്കും എന്ന പൊള്ളയായ വിശ്വാസത്തിൽ… നിന്റെ ഏറ്റവും വലിയ തെറ്റ്… അത് തിരുത്താൻ ഉള്ള സമയമാണിത്…അത് നീ തിരുത്തിയെ പറ്റൂ… “

ശാന്തമായാണ് അവളത് പറഞ്ഞത്

ഞാൻ വെറുതെ തലയാട്ടി.

“നീയെഴുന്നേറ്റെ ധരിത്രി.. ആദ്യം നീയൊന്ന് ഫ്രഷ് ആവ് .. രാവിലെ മുതൽ ഈ ഇരുപ്പ് ഇരിക്കുന്നതല്ലേ … ഇവിടെ ഇനിയും ഇങ്ങനെ.. ലുക്ക്‌, ഹരൻ ഈസ് ഓൾറൈറ്.. ഹി ഈസ് ഔട്ട്‌ ഓഫ് ഡേഞ്ചർ… നിനക്ക് സമാധാനിക്കാം. കുറച്ചു നേരം വന്ന് ഉറങ്ങു നീ.. അതിന് മുൻപ് എന്തെങ്കിലും കഴിക്ക്.. വാ “

എന്റെ കയ്യിൽ പിടിച്ചു വലിച്ച് നേഹ പറഞ്ഞു.

“വേണ്ട നേഹാ.. ഹരനെ കാണാതെ, അവന്റെ സ്വരം കേൾക്കാതെ എനിക്കൊന്നും കഴിയില്ല.. പ്ലീസ് ഞാൻ.. ഞാൻ ഇവിടെ ഇരുന്നോളാം.. “

ഞാൻ പറഞ്ഞു.

“പറ്റില്ല ധരിത്രി.. ദേ നോക്ക്, നാളെ ഹരനെ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്യും അവൻ കണ്ണ് തുറക്കുമ്പോൾ നീ ഇങ്ങനെ ക്ഷീണിച്ചു തളർന്നു കരഞ്ഞു കലങ്ങി ഇരിക്കുന്നത് കണ്ടാൽ നിന്റെ ഹരൻ സങ്കടപെടില്ലേ.. ഇനി അതും കൂടി നിനക്ക് കാണണോ.. അവന്റെ സങ്കടം… എങ്കിൽ ഓക്കേ.. നീ ഇവിടെ ഇങ്ങനെ തന്നെ ഇരുന്നോ..ഞാനൊന്നും ഇനി പറയില്ല. “

ഒരല്പം ദേഷ്യത്തോടെ നേഹയത് പറഞ്ഞതും പിന്നെ എനിക്ക് അവളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല

ഹരനെ കണ്ട് ഇറങ്ങി വന്ന അച്ഛനും അമ്മയും കൂടി അങ്ങനെ പറഞ്ഞപ്പോൾ പിന്നെ എനിക്കാരെയും എതിർക്കാൻ കഴിഞ്ഞില്ല. എന്തുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞ് എന്റെ നമ്പറും കൊടുത്തു മനസില്ലാ മനസോടെ ആണെങ്കിലും ഞാൻ നേഹയ്‌ക്കൊപ്പം റൂമിലേക്ക്‌ പോയി. എന്തോ കഴിച്ചെന്ന്‌ വരുത്തി ഉറങ്ങാൻ കിടക്കുമ്പോഴും എത്രയും പെട്ടന്നൊന്നു നേരം വെളുക്കണേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന.

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വാൽക്കഷ്ണം : ഒരു സാധാരണ കഥയാണ്.. വലിയ ട്വിസ്റ്റ്‌ ഒന്നും ആരും പ്രതീക്ഷിക്കല്ലെട്ടോ