എന്നും നിനക്കായി…. ഭാഗം 01
Story written by Sony Abhilash
====================
” കർത്താവേ ഈ പെരുന്നാളും ഇവന്മാരെല്ലാം കൂടി കുളം ആക്കുന്ന ലക്ഷണം ആണല്ലോ കാണുന്നത്..”
ഇത് കുഞ്ഞപ്പൻ ചേട്ടൻ ഈ പള്ളിയിലെ കപ്യാരാണ്…ഇനി ഈ പള്ളി ഏതാണന്നല്ലേ പറയാം..
ഇത് മണിമല എന്നൊരു മലയോര ഗ്രാമം ആണ് അവിടുത്തെ മാതാവിന്റെ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന അടിയേ പറ്റിയാണ് കുഞ്ഞപ്പൻ ചേട്ടൻ പറഞ്ഞത്..ഇനി ആളുകളെ പരിചയപ്പെടാം
ഇവിടുത്തെ ഒരു സാധരണ കർഷകനായ പാലക്കൽ ജോസിന്റെയും എൽസിയുടെയും മക്കൾ ആണ് ജോജിയും ജിനിയും ജിനി കല്യാണം കഴിഞ്ഞു ഭർത്താവ് ടോണിയുടെ വീട്ടിലാണ് പിന്നേ ഉള്ളത് മകൻ ജോജി ഡിഗ്രി വച്ചു പഠിപ്പും നിർത്തി വീടിനോടു ചേർന്നുള്ള രണ്ട് ഏക്കർ പുരയിടത്തിൽ കൃഷി ചെയ്തു അപ്പനെ സഹായിക്കുന്നു..വീട്ടിലേക്ക് ആവശ്യത്തിനുള്ള അരിക്കുള്ള നെല്ല് കുറച്ചു സ്ഥലത്തു കൃഷി ചെയ്തിട്ട് ബാക്കി മുഴുവനും പലവിധ പച്ചക്കറികളാൽ സമ്പുഷ്ടമാണ് ആ ഭൂമി.
കാര്യം കൃഷി ഒക്കെ ആണെങ്കിലും ആ ഗ്രാമത്തിലെ സാമൂഹിക സാംസ്‌കാരിക പരിപാടികളിൽ എല്ലാം ജോജിയും കൂട്ടുകാരും ഉണ്ടാകും എല്ലാവർക്കും
സർവ്വസമ്മതനായ ഒരു ചെറുപ്പക്കാരൻ..അവന്റെ അടുത്ത കൂട്ടുകാരാണ് ലിനുവും മോനിച്ചനും
കുറച്ചു വർഷങ്ങൾ മുൻപ് മാത്രം ആ നാട്ടിലേക്ക് താമസം മാറി വന്നതാണ് ഇല്ലിക്കൽ ഈപ്പച്ചനും ഭാര്യാ സാറയും മക്കളായ സാമും ശ്രുതിയും..വിദേശത്തുപോയി ഉണ്ടാക്കിയ കാശുകൊണ്ട് പലസ്ഥലങ്ങളിലായി എസ്റ്റേറ്റും ഒക്കെ ഉള്ള ഒരു പ്രമാണി..
അതിന്റെ അഹങ്കാരം ആ വീട്ടിൽ എല്ലാവർക്കും ഉണ്ട് മകൻ സാം ആണെങ്കിൽ നല്ലൊരു തല്ലുകൊള്ളി ആണ് അപ്പന്റെ കാശിന്റെ അഹങ്കാരത്തിൽ കഴിയുന്നവൻ മകൾ ശ്രുതി ചെന്നൈയിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്നു..
സാമിനെ അവിടെ ഉള്ള ചെറുപ്പക്കാർക്ക് ആർക്കും കണ്ടുകൂടാ എവിടെ എന്ത് പരിപാടി ഉണ്ടായാലും അവിടെ എല്ലാം പ്രശനം ഉണ്ടാക്കാൻ അവൻ മുൻപന്തിയിൽ ഉണ്ടാകും..
രണ്ടാഴ്ച മുന്പ് ഇവിടുത്തെ അമ്പലത്തിലേ ഉത്സവത്തിന്റെ അന്ന് ഉണ്ടായ അടിപിടി പോലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു..അതിന്റെ ബാക്കി ആണ് ഇപ്പോ പള്ളിയിൽ നടക്കുന്നത്.
” എന്താ ഇവിടെ..”
കുഞ്ഞപ്പൻ അങ്ങോട്ട് വന്നു ചോദിച്ചു
” എന്താടാ ജോജി കാര്യം..? ” അയാൾ തിരക്കി.
“ഒന്നുമില്ല ചേട്ടാ..ലോ ലെവൻ ഒന്ന് കേറി ചൊറിയാൻ വന്നതാ..”
അപ്പുറത്തെ സൈഡിൽ മാറി അവനെ നോക്കി നിൽക്കുന്ന സാമിനെ ചൂണ്ടി ജോജി പറഞ്ഞു..
അതുകേട്ട് സാം ” എടാ..” എന്നും അലറിക്കൊണ്ട് ജോജിയുടെ നേരെ ചെന്നു.അപ്പോഴേക്കും വിവരം അറിഞ്ഞു ബാക്കി കമ്മറ്റിക്കാരും വികാരി
ഇമ്മാനുവൽ അച്ഛനും ആളുകളും അവിടേക്ക് ചെന്നു അതിൽ ജോസും ഉണ്ടായിരുന്നു..
” എന്താ എന്താ ഇവിടെ പ്രശനം..? ” അച്ഛൻ ചോദിച്ചു.
” അത് അമ്പലത്തിലെ ഉത്സവത്തിന്റെ ബാക്കി ആണ് അച്ചോ..” കുഞ്ഞപ്പൻ പറഞ്ഞു.
അതുകേട്ട് അച്ഛൻ ദേഷ്യത്തോടെ അവർക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..
” നിനക്ക് ഒന്നും വേറെ പണിയില്ലേടാ..ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം..പെരുനാൾ തീരാൻ ഇനിയും രണ്ട് ദിവസം കൂടി ഉണ്ട്..വെറുതെ എന്നെ കൊണ്ട് പോലീസിനെ വിളിപ്പിക്കരുത്..രണ്ട് പേരോടും കൂടിയാ പറയുന്നത്..”
ഇത് കേട്ട് വന്ന ഈപ്പച്ചൻ സാമിനോട് കാര്യം തിരക്കി അയാൾ അച്ഛന് നേരെ ദേഷ്യപ്പെട്ടു
“അത് എന്താ അച്ചോ എന്റെ മോൻ മാത്രമാണോ തല്ലിപ്പൊളി..ഈ നിക്കുന്ന ഇവനോ..നല്ലവനാണോ..അച്ഛൻ വെറുതെ ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കല്ലേ..അങ്ങിനെ പോലീസ് ഇവനെ പിടിച്ചാൽ ഞാൻ ഇറക്കികൊള്ളാം..”
ഇതും പറഞ്ഞയാൾ സാമിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു
” വാടാ..വീട്ടിൽ പോകാം..”
അതുകേട്ട് സാം തിരിഞ്ഞു ജോജിയെ ഒന്ന് നോക്കി അയാൾക്ക് പിറകെ നടന്നു ഒപ്പം സാറയും ശ്രുതിയും ഈപ്പച്ചനെ സപ്പോർട്ട് ചെയ്യുന്ന കുറച്ചു ആളുകളും..
പോകുന്നതിനിടയിൽ ശ്രുതി ഒന്ന് തിരിഞ്ഞു എന്നിട്ട് ജോജിക്ക് നേരെ പുച്ഛത്തോടെ ഒരു നോട്ടം നോക്കി
അവളുടെ ആ ഭാവം കണ്ട് ജോജിക്ക് ശരീരം അകെ വിറഞ്ഞു കയറി.
പിറ്റേദിവസം രാവിലെ ഉറക്കമുണർന്ന ശ്രുതി കാണുന്നത് ബാൽക്കണിയിൽ എന്തോ വലിയ ആലോചനയിൽ ഇരിക്കുന്ന സാമിനെ ആണ്..ആ ഇരിപ്പ് കണ്ട് അവൾ അവന്റെ അടുത്തെത്തി ചോദിച്ചു
” ചേട്ടായിയെ ഇത് എന്ത് പറ്റി..? “
സാം അവളെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു..
” ഞാൻ ആ ജോജിയെ പറ്റി ഓർക്കുകയായിരുന്നു…എവിടെ പ്രശനങ്ങൾ ഉണ്ടാക്കിയാലും ജയം അവന്റെ കൂടെ ആയിരിക്കും..”
അതുകേട്ട് അവൾക്കും അങ്ങിനെ തന്നെ തോന്നി..എന്നിട്ട് സാമിനെ ആശ്വസിപ്പിക്കാനായി പറഞ്ഞു..
” ഇനി അതൊന്നും ആലോചിക്കേണ്ട അവനെ തളക്കാൻ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല..”
അന്നും വൈകിട്ട് പള്ളിയിൽ പരസപരം കണ്ടെങ്കിലും സാമും ജോജിയും ദേഷ്യം ഉള്ളിൽ അടക്കി നിന്നു..ശ്രുതിയും അവനെ കണ്ടപ്പോൾ പ്രതികാരത്തോടെ നോക്കി..അവനത് കണ്ടങ്കിലും മനഃപൂർവം അവഗണിച്ചു..
വലിയ പ്രശനങ്ങൾ ഒന്നും ഇല്ലാതെ പള്ളിപെരുന്നാൽ തീർന്നെങ്കിലും ശ്രുതിയും സാമും പകയോടെ കാത്തിരുന്നു ഒരു അവസരത്തിനായി.
ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം പതിവുപോലെ കവലയിലേക്ക് ഇറങ്ങിയതായിരുന്നു ജോജി..പെട്ടന്ന് ആണ് ദൂരെ നിന്നും പാഞ്ഞു വരുന്നൊരു കാർ കണ്ണിൽപെട്ടത് അവനുതൊട്ടുമുന്നിലായി ചെവിയിൽ ഹെഡ്സെറ്റും വച്ചു ഫോണിൽ സംസാരിച്ചു കൊണ്ട് ശ്രുതിയും പോകുന്നുണ്ടായിരുന്നു മുന്നിൽ പോകുന്ന ആളെ ജോജിക്ക് മനസിലായില്ലായിരുന്നു ആ കാറിന്റെ വരവിൽ എന്തോ പന്തികേട് അവനു തോന്നി
ജോജി നടപ്പിന് സ്പീഡ് കൂട്ടി ആ പെൺകുട്ടിയുടെ അടുത്തെത്തിയതും കാർ അവൾക്ക് അടുത്തേക്ക് എത്തിയതും ഒന്നിച്ചായിരുന്നു അതിലെ ഡ്രൈവറുടെ വെപ്രാളം ജോജി നേരത്തെ ശ്രെധിച്ചിരുന്നു അതുകൊണ്ട് തന്നെ മുന്നിലെ പെൺകുട്ടിയുടെ കൈയിൽ പിടിച്ചവൻ വലിച്ചു മാറ്റി കാർ അവരെ കടന്നുപോയി..
പെട്ടന്നാണ് “എടാ നീ എന്റെ കൈയിൽ കേറി പിടിക്കാറായോ” എന്നൊരു അലർച്ച അവിടെ മുഴങ്ങിയത്..
അത് കേട്ട ജോജി അപ്പോൾ ആണ് പെൺകുട്ടിയെ ശ്രെധിച്ചത് ശ്രുതിയെക്കണ്ട ജോജി വേഗം അവളുടെ കൈ വിട്ടു അപ്പോഴേക്കും ആളുകൾ കൂടി..
“എന്താ എന്താ ഇവിടെ പ്രശനം ? ” വന്നവർ ചോദിച്ചു
അവൻ കാര്യം പറയുന്നതിന് മുൻപ് ശ്രുതി പറഞ്ഞു തുടെങ്ങി
” ചേട്ടാ..ദേ ആ പോയ കാർ എന്റെ അടുത്തെത്തിയപ്പോൾ അതിന്റെ മറവിൽ ഇവൻ എന്റെ കൈയിൽ കയറി പിടിച്ചു “
ക്രോധത്തോടെ അവൾ പറയുന്നത് കേട്ട് ജോജി അന്തംവിട്ടു നിന്നു..പെട്ടന്ന് തന്നെ അവൻ കൂടിയവർക്ക് മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രെമിച്ചു
” ചേട്ടമ്മാരേ ഇവൾ പറയുന്നത് വിശ്വസിക്കല്ലേ ഞാൻ ഈ കുട്ടിയെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രെമിച്ചത് ആണ് “
പക്ഷേ ആ കൂട്ടത്തിലെ ഈപ്പച്ചൻ അനുകൂലികൾ അതൊരു വലിയ പ്രശനം ആക്കാൻ തുടെങ്ങി അതിലൊരാൾ ഈപ്പച്ചനെ ഫോൺ ചെയിതു വരാൻ പറഞ്ഞു..പക്ഷേ ജോജിയെ അറിയാവുന്നവർ അവന്റെ പക്ഷം ചേർന്ന് സംസാരിച്ചു ആരിൽ നിന്നോ വിവരം അറിഞ്ഞു ജോസും കവലയിലേക്ക് ഓടി..
കുറച്ചു കഴിഞ്ഞപ്പോൾ ഈപ്പച്ചന്റെ കാർ അവിടെ എത്തി..അതിൽ നിന്നും സാമും ഈപ്പച്ചനും ഇറങ്ങി അങ്ങോട്ട് ചെന്നു..
“എന്താടാ ഇവിടെ പ്രശനം..” ക്രോധത്തോടെ സാം അലറി..ശ്രുതി ഓടിച്ചെന്ന് ഈപ്പച്ചനെ കെട്ടിപിടിച്ചു..
സാം നേരെ ജോജിയുടെ അടുത്തെത്തി..അവന്റെ ഭാവം കണ്ട് ജോജി അവനെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കുന്നതിനു മുമ്പ് തന്നെ സാമിന്റെ കൈ അവന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു.
എന്താ സംഭവിക്കുന്നത് എന്ന് മനസിലാകും മുന്നേ സാം മുട്ടുകാല് കൊണ്ട് അവന്റെ അടിവയറ്റിൽ ആഞ്ഞിടിച്ചു..ഒപ്പം കൈമുട്ട് കൊണ്ട് മുതുകിലും ഇടിച്ചു..
അപ്രതീക്ഷിത നീക്കം ആയതുകൊണ്ട് ജോജി താഴേക്ക് വീണുപോയി..അവിടെ കൂടി നിന്നവർക്ക് ഒന്നും മനസിലായില്ല..ആൾക്കൂട്ടത്തെ നോക്കി സാം ആക്രോശിച്ചു
” ഇനി എന്റെ പെങ്ങളെ ആരെങ്കിലും ഒന്ന് നോക്കി എന്ന് ഞാൻ അറിഞ്ഞാൽ ഇത്
തന്നെ ആയിരിക്കും അവന്റെയും ഗതി..”
അതും പറഞ്ഞുകൊണ്ട് അവൻ ശ്രുതിയുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു അപ്പോൾ ആ ചേട്ടന്റെയും അനിയത്തിയുടെയും ചുണ്ടിൽ പ്രതികാരത്തിന്റെ ഒരു വിജയ ചിരി ഉണ്ടായിരുന്നു..
വണ്ടിയിലേക്ക് കയറുന്നതിനു മുൻപ് അവരൊന്നു തിരിഞ്ഞു നോക്കി അപ്പോൾ കണ്ടത് ആളുകൾ എല്ലാം ചേർന്ന് പിടിച്ചുയർത്തുന്ന ജോജിയെ ആണ് .
വണ്ടിയിൽ കയറിയ ഉടനെ സാം അവളോട് കാര്യം തിരക്കി ഉണ്ടായതെല്ലാം പറഞ്ഞിട്ട് അവൾ ഒന്ന് പൊട്ടിചിരിച്ചു ഒപ്പം ആ അപ്പനും മോനും..
” കുറെ നാളായി അവനിട്ട് ഞാൻ ഒരെണ്ണം ഓങ്ങി വച്ചിട്ട് എന്തായാലും ആ കൈ തരിപ്പ് മാറി കിട്ടി..” സാം പറഞ്ഞു
“ചേട്ടായി..ഇതിനൊക്കെ ചില്ലറ ചെലവാക്കേണ്ടി വരും ” ശ്രുതി പറഞ്ഞു
” അതൊക്കെ താരാടി..ഇന്ന് ശരിക്കും ഒന്നുറങ്ങണം..” അവന്റെ മറുപടി വന്നു.
ഇതേ സമയം ജോജിയുടെ അടുത്ത് എല്ലാവരും വിഷമത്തോടെ നിന്നു. അവരോട് അവൻ ഉണ്ടായത് എന്താന്ന് പറഞ്ഞു മുന്നിൽ പോയ പെൺകുട്ടി ശ്രുതി ആണെന്ന് അവൾ ഒച്ച വച്ചപ്പോൾ ആണ് മനസിലായത് എന്നും പറഞ്ഞു.
” എന്തായാലും സംഭവിച്ചത് സംഭവിച്ചു നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു പരാതിയും കൊടുത്തിട്ട് ഇവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാം..” അവിടെ നിന്ന ഒരാൾ അഭിപ്രായപ്പെട്ടു..
” അതൊന്നും വേണ്ടാ..പരാതി കൊടുത്താൽ അത് വീണ്ടും പൊല്ലാപ്പ് ആകും ഇത് ഇങ്ങനെ അങ്ങ് തീരട്ടെ..എടാ ലിനുവേ നീ ഒരു ഓട്ടോ വിളിക്ക് ഇവനെ നമുക്ക് ആ വൈദ്യരെ ഒന്ന് കാണിക്കാം..” ജോസ് പറഞ്ഞു.
ലിനു വേഗം വണ്ടിയുമായി വന്ന് ജോജിയെയും കൊണ്ടവർ വൈദ്യരുടെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു..
വൈദ്യർ അവനെ മൊത്തം ഒന്ന് പരിശോധിച്ചു നോക്കിട്ട് പറഞ്ഞു.
” ജോസ് വലിയ കാര്യമായ പരിക്കൊന്നും ഇവനില്ല..പറമ്പിൽ പണിയെടുക്കുന്നവൻ അല്ലേ..പെട്ടന്ന് ഒന്നും അവൻ ചേമ്പിൻ താളുപോലെ വാടില്ല..ഞാൻ കുറച്ചു മരുന്ന് തരാം അത് കൊടുക്ക്..ഇത് കൊണ്ട് മാറും അല്ലങ്കിൽ ഒരുവട്ടം കൂടി ഒന്ന് കൊണ്ടുവന്നാൽ മതി..”
മരുന്നും വാങ്ങി വൈദ്യരോട് യാത്രയും പറഞ്ഞു അതേ ഓട്ടോയിൽ തന്നെ അവർ വീട്ടിലേക്ക് പോയി..വീടിന്റെ മുറ്റത്തു വണ്ടി വന്ന് നിൽക്കുന്ന സൗണ്ട് കേട്ട് എൽസി പുറത്തേക്കിറങ്ങി ജോജിയെ ലിനവും ജോസും കൂടി താങ്ങി പുറത്തു ഇറങ്ങുന്ന കാഴ്ചയാണ് അവർ കണ്ടത്..
” അയ്യോ..ഇത് എന്നാ പറ്റി ഇച്ഛയാ എന്റെ മോന്..? ” കരഞ്ഞുകൊണ്ടവർ ചോദിച്ചു..
” ഒന്നുമില്ല എന്റെ എൽസി..നീ ഒന്ന് കരയാതെ അവനെ പിടിച്ചു അകത്തേക്ക് കേറ്റ് ഞാൻ ഈ വണ്ടി ഒന്ന് പറഞ്ഞു വിടട്ടെ..”
ലിനുവും എൽസിയും കൂടെ ജോജിയെ പിടിച്ചു അവന്റെ മുറിയിൽ കൊണ്ടു പോയി കിടത്തി..അപ്പോഴേക്കും ജോസും വന്നു അയാൾ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു.എൽസി വേഗം ജോജിക്ക് കഞ്ഞിയും കൊടുത്തു മരുന്നും കഴിപ്പിച്ചു അവനെ കിടത്തി..
കിടന്നപ്പോഴും ജോജി ചിന്തിച്ചത് ശ്രുതിയെ കുറിച്ചായിരുന്നു. പെൺകുട്ടികൾക്ക് ഇങ്ങനെയും കാര്യങ്ങൾ വളച്ചൊടിക്കാൻ കഴിയുമല്ലോ എന്നോർത്ത് അവനു അത്ഭുതം തോന്നി..ഓരോന്നോർത്തു കിടന്നു അവൻ പതിയെ ഉറക്കമായി.
വൈകുന്നേരം എൽസി ചായ കുടിക്കാൻ വിളിച്ചപ്പോൾ ആണ് ജോജി കണ്ണ് തുറന്നത്..എഴുന്നേറ്റ് ഇരിക്കാൻ ശ്രെമിച്ച ജോജി അടിവയറിലെ വേദന കാരണം അവിടെ തന്നെ ഇരുന്നുപോയി..അപ്പോഴാണ് ലിനുവും മോനിച്ചനും കൂടി വന്നത്..
അവര് അകത്തേക്ക് വരുമ്പോൾ ആണ് ഈ കാഴ്ച്ച കാണുന്നത്..
എടാ എന്ത്പറ്റിയെടാ…? ലിനവും മോനിച്ചനും ജോജിയെ രണ്ട് വശത്തുനിന്നും താങ്ങി പിടിച്ചു
” ചെറിയ ഒരു വേദന..” അതും പറഞ്ഞുകൊണ്ട് ജോജി അടുത്തുള്ള കസേരയിലേക്ക് ഇരുന്നു..
” അമ്മച്ചി ഇവർക്ക് കൂടെ ചായ എടുക്ക്..” അവൻ പറഞ്ഞത് കേട്ട് എൽസി പുറത്തേക്കിറങ്ങി..
“എടാ..അവനെ ആ സാമിനെ വെറുതെ വിടരുത്..അനാവശ്യ കാര്യത്തിനാണ് അവൻ നിന്റെമേൽ കൈവച്ചത് അതിനുപകരം അവനും കൊടുക്കണം..” ലിനു രോഷം കൊണ്ടു.
” അതൊന്നും വേണ്ടാ..അപ്പച്ചൻ പറഞ്ഞത് കേട്ടില്ലേ ഇത് ഇങ്ങനെ തീരട്ടെ..ഇനി ഒരു പ്രശനവും വേണ്ടാ..” ജോജി അവരെ നിരുത്സാഹപ്പെടുത്തി..
കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് അവര് യാത്ര പറഞ്ഞിറങ്ങി..വൈകിട്ട് ജിനിയും ടോണിയും എത്തി..വന്നയുടനെ അവൾ ഓടി ജോജിയുടെ മുറിയിലെത്തി കണ്ണടച്ചുള്ള അവന്റെ കിടപ്പുകണ്ട ജിനി അവിടെ നിന്നും കരഞ്ഞു തുടെങ്ങി.
കരച്ചിലിന്റെ ഒച്ച കേട്ടു കണ്ണുതുറന ജോജി കാണുന്നത് ജിനിയെ ആണ്…
“എടി നീ എന്തിനാ കരയുന്നത്..? “
” പിന്നേ നിന്നെ ഇങ്ങനെ കണ്ടാൽ ഞാൻ ചിരിക്കണോ…? ” അവളത് പറയുന്നത് കേട്ടുകൊണ്ടാണ് ടോണി അകത്തേക്ക് വന്നത്..
” ആഹാ..അളിയനും ഉണ്ടായിരുന്നോ…എന്തിനാ അളിയാ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നത്…? ” ജോജി ചോദിച്ചു
” എന്ത് പറയാനാ ഇത് അറിഞ്ഞപ്പോൾ മുതൽ ഇവൾ ഒറ്റക്കാലിൽ നില്പായിരുന്നു അളിയനെ കാണൻ വേണ്ടി..അവസാനം സഹികെട്ട് കെണ്ടുവന്നതാണ്..” ടോണി മറുപടി പറഞ്ഞു..
രാത്രി കുറച്ചു കഞ്ഞിയും കുടിച്ചു വൈദ്യര് കൊടുത്ത മരുന്നും കഴിച്ചു അവൻ കിടന്നു..കുറച്ചു വേദന തോന്നിയെങ്കിലും വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ അവൻ അതെല്ലാം കടിച്ചമർത്തി..
ദിവസങ്ങൾ കടന്നുപോയി എൽസിക്ക് ജിനിയെ സഹായത്തിനായി നിർത്തിയിട്ട് ടോണി തിരിച്ചുപോയി..വൈദ്യര് പറഞ്ഞത് പോലെ ജോജി രണ്ടാഴ്ച വിശ്രമം എടുത്തു അതു കഴിഞ്ഞുള്ള ഞായറഴ്ച ജോജി കുടുംബത്തോടൊപ്പം പള്ളിയിൽ എത്തി..
പലരും അവനോട് വിശേഷങ്ങൾ ചോദിച്ചു ..ഈപ്പച്ചനും കുടുംബവും അവനെ പുച്ഛത്തോടെ നോക്കി ചിരിച്ചു..അവരുടെ പരിഹാസം അവനെ ചുട്ടു പൊള്ളിച്ചുവെങ്കിലും വീട്ടുകാരെ ഓർത്തു അവൻ അതെല്ലാം സഹിച്ചു..അന്ന് വൈകുന്നേരം ടോണി വന്ന് ജിനിയെ കൂട്ടികൊണ്ടുപോയി..
ജോജി വീണ്ടും പറമ്പിലേക്കിറങ്ങി.
ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി കടന്നുപോയി ഒരു ദിവസം വൈകുന്നേരംപണിയെല്ലാം കഴിഞ്ഞു അവർ മൂന്നുപേരും കൂടി ചായ കുടിച്ചിരിക്കുകയായിരുന്നു ..കപ്പയും മുളകു ചമ്മന്തിയും ആയിരുന്നു വിഭവങ്ങൾ.
” ഈ പ്രവശ്യം മഴ നേരത്തെ ഉണ്ടാകും എന്ന് തോന്നുന്നല്ലേ ഇച്ഛയാ..” എൽസി ചോദിച്ചു
” ലക്ഷണം കണ്ടിട്ട്bഅങ്ങിനെയ തോന്നുന്നത്..”
അപ്പച്ചാ എനിക്ക് ഒരു ഐഡിയ ഉണ്ട്..”
ജോജി പറയുന്നത് കേട്ട് ജോസു എൽസിയും അവനെ നോക്കി..
” നമ്മുടെ കുളം ഒന്നും കൂടി വലുതാക്കിയാലോ…? “
എന്തിന്..? ജോസ് ചോദിച്ചു
” അതിൽ നമ്മുക്ക് മീൻ വളർത്തൽ തുടെങ്ങിയാലോ…എന്റെ ഒരു കൂട്ടുകാരൻ കരിമീൻ കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട്..നല്ല ബിസിനസ് ആണ് സർക്കാരിന്റെ സബ്‌സിഡിയും അതുപോലെ ആനുകൂല്യങ്ങളും ഉണ്ടെന്നാ കേട്ടത്..”
ജോസ് ഒന്ന് ആലോചിച്ചു..എന്നിട്ട് പറഞ്ഞു
” അതിൽ നിന്നും അല്ലേ നമ്മൾ ഇപ്പോൾ നനക്കാൻ വെള്ളം എടുക്കുന്നത്..”
” അത് സാരമില്ല അപ്പച്ചാ..മീനിന്റെ ഭക്ഷണവും വിസർജ്യവും എല്ലാം കലർന്ന വെള്ളം വളവും ആകും..”
” നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ നോക്കൂ..ഒരുപാട് പൈസ ഒന്നും മുടക്കേണ്ട..ചെറിയ രീതിയിൽ തുടെങ്ങിയിട്ട് മെച്ചം ആണെങ്കിൽ നല്ല രീതിയിൽ തുടുങ്ങാം എന്തേ..”
” അത് മതി അപ്പച്ചാ..നാളെ തന്നെ രണ്ടു പണിക്കാരെ നിർത്തി കുളം ഒന്ന് തേകിക്കണം..അവനെ വിളിച്ചു കാര്യങ്ങൾ സംസാരിക്കാം..” ജോജി പറഞ്ഞു
പിറ്റേദിവസം ദിവസം തന്നെ അതിനുവേണ്ട കാര്യങ്ങളുമായി ജോജി മുന്നോട്ട് പോയി ഒരാഴ്ചക്കുള്ളിൽ അവൻ കുളത്തിൽ കരിമീൻ കുഞ്ഞുങ്ങളെ കൊണ്ടുവന്നിട്ടു..കൃഷിക്കൊപ്പം മീൻ പരിപാലനവും അവന്റെ ജോലി ആയി..
ചൂടുകാലം പതുക്കെ പിൻവാങ്ങി തുടെങ്ങി..മഴക്കാലത്തിന്റെ വരവ് പ്രകൃതി അറിയിച്ചു തുടെങ്ങി അതിനിടയിൽ വിളവെടുക്കാനുള്ള പച്ചക്കറികളും പഴങ്ങളും അവർ ചന്തയിൽ കൊടുത്തു പൈസയാക്കി വളരെ അധ്വാനികൾ ആയിരുന്നു ആ അപ്പനും മോനും.
പതിവുപോലെ ജൂൺ ഒന്നിന് തന്നെ മഴക്കാലം തുടെങ്ങി..യാതൊരു തടസവും ഇല്ലാതെ പെയ്തിറങ്ങുന്ന മഴ അവന്റെ ജീവിതത്തിൽ വരുത്താനിരിക്കുന്ന മാറ്റങ്ങൾ അറിയാതെ അവന്റെ ദിവസങ്ങൾ കടന്നുപോയി..
ഓരോ ദിവസവും മഴയുടെ ശക്തി കൂടി വന്ന് കൊണ്ടിരുന്നു…അങ്ങിനെ ഇരിക്കെ ഒരു ദിവസം ശ്രുതിക്ക് ഒന്ന് പുറത്തേക്ക് പോകേണ്ട ആവശ്യം.ഉണ്ടായി..അവളുടെ ഒരു കൂട്ടുകാരിയെ കണ്ട് ഒരു ബുക്ക് വാങ്ങാൻ പോയതായിരുന്നു തിരിച്ചു പോരുന്ന വഴിക്ക് മഴയുടെ ശക്തിയും കൂടി..
ദൈവമേ ഇത് എന്ത് മഴയാ..എന്ന് ചിന്തിച്ചുകൊണ്ട് അവൾ ഓടിച്ചിരുന്ന സ്കൂട്ടിയുടെ സ്പീഡ് കൂട്ടി എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റുകളും മഴയുടെ ശക്തിയും പലപ്പോഴും അവളുടെ ബാലൻസ് തെറ്റിച്ചു..
പെട്ടന്ന് ഓവർ ടേക്ക് ചെയിതു വന്നൊരു ബൈക്ക് കാരണം ശ്രുതിയുടെ വണ്ടിയിൽ മേലുള്ള നിയന്ത്രണം തെറ്റി. വണ്ടി മറിഞ്ഞു റോഡിലേക്ക് വീണ ശ്രുതിയുടെ തല റോഡിൽ ശക്തിയായി ഇടിച്ചു അവളുടെ ബോധം മറഞ്ഞു ഒപ്പം മഴവെള്ളവും ചോരയും ഒന്നായി ചേർന്നൊഴുകി..
കുറച്ചു നേരം ആ കിടപ്പ് കിടക്കേണ്ടി വന്നു അവൾക്ക് പിന്നീട് വിവരം അറിഞ്ഞു എത്തിയ ആളുകൾ കിട്ടിയ വണ്ടിയിൽ ശ്രുതിയെ ഹോസ്പിറ്റലിൽ എത്തിച്ചു..വിവരമറിഞ്ഞു എത്തിയ ജോജിയും കൂട്ടുകാരും എല്ലാ സഹായവും ചെയിതു..
” എടാ ജോജി ആ ഈപ്പച്ചന്റെ അഹങ്കാരി മോൾക് ആണ് ആക്സിഡന്റ് ആയത്..” ലിനു അമർഷത്തോടെ പറഞ്ഞു..
പെട്ടന്ന് അകത്തുനിന്നും ഒരു സിസ്റ്റർ പുറത്തേക്ക് വന്നു ജോജിയെ വിളിച്ചു
” നിങ്ങളിൽ ആർക്കെങ്കിലും ബി പോസിറ്റീവ് ബ്ലഡ് ഗ്രുപ് ഉണ്ടോ..? “
ഉടനെ ജോജി പറഞ്ഞു ” എന്റെ ഗ്രുപ് അതാണ്..എന്താ സിസ്റ്റർ..”
” എന്താ ജോജി നിന്റെ ഗ്രുപ് ബി പോസറ്റീവ് അല്ലേ..” അങ്ങോട്ട് വന്ന ഫാദർ ചോദിച്ചു
” അതേ ഫാദർ.”
” എന്താ സിസ്റ്റർ ഒരു പേടി പോലെ .? ” ഫാദർ ചോദിച്ചു
” ഈപ്പച്ചനും മോനും അറിഞ്ഞാൽ പ്രശനം ആകോ..” സിസ്റ്റെർ മറുപടി പറഞ്ഞു.
” ഇപ്പോ കാര്യം നടത്താൻ നോക്ക്..പിന്നേ വരുന്ന കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം..” അച്ഛൻ പറഞ്ഞു…
തുടരും….