ആദ്യ രണ്ടു ആൺ തരികൾക്ക് ശേഷം വീണ്ടുമൊരു മകനെ കിട്ടിയപ്പോഴും നിരാശ ആകാതെ ആ അമ്മ അവനെ കണ്ണെഴുതി…

അവൾ…

Story written by Anu George Anchani

===============

“അന്നത്തെ ജോലിയും കഴിഞ്ഞു

ആ തിരക്കേറിയ ചെരുവിലെ ഒഴിഞ്ഞ കോണിലെ മുറിയിലേയ്ക്കു നടക്കുമ്പോൾ എന്നത്തേയും പോലെ മനസ്സ് നിർവികാരം ആയിരുന്നു. ജോലി എന്ന് പറയാൻ പറ്റുമോന്നു അറിയില്ല. തിരക്കേറിയ തെരുവോരത്തിന്റെ അങ്ങേയറ്റത്ത് കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ കീഴിൽ രാപകൽ ഇല്ലാതെ ല ഹ രി ആസ്വദിക്കുന്നവർക്ക് മുൻപിൽ മറ്റൊരു ല.ഹ രിയായി നിറഞ്ഞാടണം. കഴിഞ്ഞ രണ്ടു വർഷമായി അവിടെയാണ്. ശാന്തശീലയും അനുസരണക്കേട്‌ കാട്ടാത്തവളുമായതു കൊണ്ടു ഇന്ന് കുറച്ചു നേരത്തെ ഇറങ്ങിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ ബാർ മാനേജർ മറുത്തൊന്നും പറഞ്ഞില്ല. ശരീരമാകാശകലം വേദനിക്കുന്നുണ്ട്. തല പൊട്ടി പിളരുന്ന വേദനയും

രാത്രിയിലേയ്ക്ക് ഇനി ഭക്ഷണം ഒന്നും ഉണ്ടാക്കാൻ വയ്യ. മുറിയുടെ താഴെയുള്ള റോഡിൽ ഒരു ഫാസ്റ്റ് ഫുഡ്‌ സെന്റർ ഉണ്ട്. പാവ് ബജ്ജിയും ഗോൽഗപ്പയും, ചായ സഞ്ചിയുടെ പുളിപ്പ് കലർന്ന ചായയും ഒക്കെ അവിടെ കിട്ടാറുണ്ട്.

തെരുവിൽ പണിയെടുക്കുന്നവരും മാർവാഡികളുടെ തുണി കടയിലെ ജോലിക്കാരും മാത്രമാണ് അവിടുത്തെ സന്ദർശകർ. പിന്നെ എന്നെ പോലുള്ള ചിലരും. പഴയൊരു പത്രകടലാസിന്റെ ചീന്തിൽ പൊതിഞ്ഞെടുത്ത ആഹാരവും കൊണ്ടു സാദാ കരഞ്ഞു, ഇപ്പോൾ ഇടിഞ്ഞു വീഴും എന്നമട്ടിൽ നിലവിളിയ്ക്കുന്ന കോണി പടിയിലേയ്ക്ക് കാലെടുത്തു വച്ചപ്പോഴാണ്

“മീരാ നിനക്കൊരു കത്തുണ്ട് “എന്ന് പലഹാര കട നടത്തുന്ന വാസുവേട്ടൻ വിളിച്ചു പറഞ്ഞത്.

വാസുവേട്ടൻ ഇവിടുത്തുകാർക്ക് ബാസു ഭായ് ആണ്‌. വർഷങ്ങൾക്കു മുന്നേ മുബൈ നഗരത്തിന്റെ തിളക്കമാർന്ന പ്രതിച്ഛായ മോഹിച്ചു നാട്ടിൽ നിന്നും കരമാർഗവും കടൽ മാർഗവും എത്തിയ അനേകരിൽ ഒരാൾ. നഗരത്തിന്റെ തിളക്കത്തിൽ പിടിച്ചു നിൽക്കാൻ പറ്റാതെ വീണു പോയി. എങ്കിലും, ഇപ്പോഴീ തെരുവോരത്തു മധുരം വിറ്റു ജീവിയ്ക്കുന്നു. ജീവിതം അത്ര മധുരം നിറഞ്ഞത് അല്ലെങ്കിലും…

********************

കയ്യിൽ കിട്ടിയ കത്ത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇച്ചിരി പഴക്കം ചെന്നതാണ്. ഈ കത്തിടപാടുകൾ തന്നെ ഏറെ പഴക്കം ചെന്നതാണെന്നറിയാം പക്ഷെ മറ്റൊരു നിവൃത്തിയും ഇല്ലല്ലോ. അഡ്രെസ്സ് നാട്ടിലെയാണ് അമ്മയാവും. വേറെ ആര് എന്നൊരു ചോദ്യം ഉയർന്നു മനസ്സിൽ. ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് കത്ത് വിടർത്തി.

അഭിസംബോധന “മോനേ “എന്ന് വിളിച്ചാകും എന്നൊരു മുൻവിധി ഉണ്ട്. കാരണം, മറ്റുള്ളവർക്ക് മുൻപിൽ ഞാനൊരു സ്ത്രീ വേഷം ആണെങ്കിലും ജന്മം തന്ന അമ്മയ്ക്ക് ഇന്നും എന്നെ പുരുഷനായി കാണാൻ ആണ് ആഗ്രഹിക്കുന്നത്.

***********************

“അമ്മ മരിച്ചു. കർമ്മങ്ങൾ ഒക്കെയും കഴിഞ്ഞു. നീ ഇനി വരേണ്ടതില്ല. നീ മാത്രം അല്ല നിന്റെ വിശേഷങ്ങൾ നിറഞ്ഞ കത്തുകളും ഇനിയിവിടെ ആർക്കും ആവിശ്യം ഇല്ല. “

വല്യഏട്ടന്റെ കൈപ്പടയിലൂടെന്റെ കണ്ണു നീർ പാഞ്ഞു കൊണ്ടിരുന്നു. കോണി പടി ഓടിക്കേറി മുറിയിലെത്തി. പഴയ ട്രങ്ക് പെട്ടിയുടെ അകത്തു നിന്നും കടുത്ത നിറമുള്ള കുപ്പായങ്ങൾക്കും മത്തു പിടിയ്പ്പിക്കുന്ന അത്തറ് കുപ്പികൾക്കും ഇടയിൽ ചിരിയ്ക്കുന്നൊരു കളർ മങ്ങി തുടങ്ങിയ പഴയ ഫോട്ടോ.

നൂലുപൊട്ടിയ പട്ടം പോലെ മനസ്സു പാഞ്ഞു കൊണ്ടിരുന്നു.

കാതങ്ങൾ താണ്ടി നെൽപ്പാടങ്ങൾ അതിരു വിരിച്ച തറവാട്ട് മുറ്റത്തേയ്ക്ക്. അവിടെ ഒരമ്മയുടെ അണിവയറിൽ മുഖമര്ത്തി മാനത്തു മിന്നിമറിയുന്ന കൊള്ളിയാന്റെ നേരെ ഒളികണ്ണെറിഞ്ഞു നോക്കുന്നൊരു മൂന്നു വയസു കാരനും.

ആദ്യ രണ്ടു ആൺ തരികൾക്ക് ശേഷം വീണ്ടുമൊരു മകനെ കിട്ടിയപ്പോഴും നിരാശ ആകാതെ ആ അമ്മ അവനെ കണ്ണെഴുതി പൊട്ടുതൊടുവിച്ചു, വളർത്തി ഏട്ടന്മാരും അച്ഛനുമാവട്ടെ ഉണ്ണിയെന്നതിനൊപ്പം മോളേ എന്ന് കൂട്ടി വിളിച്ചു. അവൻ വളരുന്നതിനൊപ്പം അവന്റെ ഉള്ളിലെ അവളും വളരുന്നത്. വേറെ ആരും അറിഞ്ഞിരുന്നില്ല.

ഒടുവിലാ പത്താം ക്ലാസ്സുകാരന്റെ സൂക്ഷിപ്പ് വസ്തുക്കളിൽ പൊട്ടിയുടഞ്ഞ കുപ്പിവളകൾ തുടങ്ങി സകലത്തിലും സ്ത്രീത്വം നിറഞ്ഞു നിന്നപ്പോൾ വീട് ഒരു യുദ്ധ ഭൂമിയായി. പിടിച്ചു നിൽക്കാൻ കഴിയാത്ത പടയാളിയെ പോലെ അച്ഛൻ തളര്ന്നു വീണപ്പോൾ, രാജ്യം നഷ്ടപെട്ട രാജാവിന്റെ അവസ്ഥ ആയിരുന്നു എനിക്ക്.

************************

എന്തും തുറന്ന മനസ്സോടെ സ്വീകരിയ്ക്കുന്ന മുബൈ നഗരം എന്നെയും സ്വീകരിച്ചു. എന്നിലെ സ്ത്രീത്വത്തെയും. അങ്ങിനെ ഉണ്ണി മീര ആയി . കൃഷ്ണ ഭക്തയായ മീര. രാവും പകലും ഇല്ലാത്ത പോലെ പലരുമെന്നിലെ സ്ത്രീത്വത്തിനു വില പറഞ്ഞു..പങ്കിട്ടെടുത്തു, തട്ടിപ്പറിച്ചു. ഒടുവിൽ വേദന മാത്രം ബാക്കി നിൽക്കുന്ന, വിശപ്പു പോലും എന്നോട് കരുണ കാണിക്കുന്ന രാവുകളിൽ ദൂരെയൊരു താരാട്ടു ഒഴുകി വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

എത്ര അകലെ ആണെങ്കിലും എനിക്കായി കാത്തിരിക്കുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു കുറച്ചു നാൾ മുൻപ് വരെ. അവസാന പ്രതീക്ഷയും അസ്തമിച്ച ഞാൻ ആ മുഷിഞ്ഞ മുറിയിൽ നിന്നും തെരുവിലേക്കിറങ്ങുമ്പോൾ മനസ്സിലുറപ്പിച്ചിരുന്നു. ഇനി ഒരു പാഴ് വസ്തു ആയി, ഒരു മേൽവിലാസം പോലും ഇല്ലാതെ. എല്ലാറ്റിനും ഉപരിയായി മനുഷ്യനെന്ന് പരിഗണന പോലും നൽകാത്തവരുടെ ഇടയിൽ എന്റേതായ ഒരടയാളവും അവശേഷിക്കാൻ പാടില്ല.

***************************

തെരുവോരത്തിനു അതിരിടുന്ന കടൽ തീരം ശാന്തമായിരുന്നു. എന്തിനെയോ സ്വീകരിയ്ക്കാൻ തയ്യാറെടുപ്പു നടത്തുന്ന പോലെയത് ഇടയ്ക്കിടെ എന്റെ പദങ്ങളെ തഴുകി കൊണ്ടിരിക്കുന്നു. കാതിൽ അലയ്ക്കുന്ന കാറ്റു പറഞ്ഞു.

“” ഇനിയുമൊരു വലിയ തിര വരുവാനുണ്ട് കാത്തിരിയ്ക്കു.. “

പൊടുന്നെനെയാണ് ദിശമാറിയ കാറ്റിൽ ഞാനൊരു കരച്ചിൽ കേട്ടത്. ഒരു കുഞ്ഞു സ്വരം. ഞാനിരിക്കുന്നതിൽ നിന്നും തെല്ലൊന്നു മാറി പഴകിയ മറാഠി പത്രകടലാസ്സിൽ കൈകാലുകൾ ഇളക്കി കരയുന്ന ഒരു പിഞ്ചു കുഞ്ഞു. പഞ്ചാര മണൽ പുരണ്ട പൊക്കിൾ കൊടിയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. കടൽ കാറ്റേറ്റ് ആ കുഞ്ഞു ചുണ്ടുകൾ വരണ്ടിരുന്നു. വാരി മാറോടണച്ചു പിടിച്ചപ്പോൾ ഒരു മാത്ര നേരത്തേയ്ക്കതു കരച്ചിൽ നിർത്തി എന്റെ മാറിൽ മുഖം പരതിയപ്പോൾ. ഉള്ളിലുണർന്നത് സ്ത്രീത്വത്തിന്റെ മറ്റൊരു മൂർദ്ധ ഭാവമായിരുന്നു. ജീവിതത്തിന്റെ മറ്റൊരു അർത്ഥം ആയിരുന്നു.

ആ കുഞ്ഞു ജീവനെ മാറോടഞ്ഞച്ചു .നനഞ്ഞ മണ്ണിലൂടെ ഉറച്ച കാൽവയ്പുകളോടെ തിരികെ നടന്നപ്പോൾ, കാറ്റു പറഞ്ഞ ആ വലിയ തിരയെന്റെ കാലുകളെ പുൽകി. അതിനു പക്ഷെ ഭയമുണർത്തുന്ന ഗാംഭീര്യത്തിനു പകരം എന്നിലുണർന്ന മാതൃത്വ ഭാവം ആയിരുന്നു.

~അനു അഞ്ചാനീ