ആളെ ഉറപ്പുവരുത്താൻ അമ്മച്ചി തിരിച്ചൊരു ചോദ്യമാണ് തൊടുത്തത്. അതല്ലേലും കോട്ടയംകാരുടെ….

സൂസന്ന

Story written by Anu George Anchani

==================

സൗദിയിൽ ജോലിക്ക് പോയതിനു ശേഷം ആദ്യമായി നാട്ടിൽ വന്നതാണ്‌. അതിന്റെ ആഘോഷമാണ് ചുറ്റിലും, അമ്മയും വല്ലിമ്മച്ചിയും കുഞ്ഞാന്റിയും അടുക്കളയിൽ ചെറിയൊരു സദ്യവട്ടത്തിനുള്ള ഒരുക്കത്തിലാണ്. തേങ്ങ ചിരകിയും ഇ റച്ചിനുറുക്കിയും അപ്പയും അനിയനും അവരുടെ കൂടെത്തന്നെയുണ്ട്, കുഞ്ഞുപപ്പായാണേൽ കുപ്പി പൊട്ടിക്കാനുള്ള തകൃതപ്പാടിലാണ്. ബോണിമോനും റിയാമോളും ചോക്ലേറ്റ്നു വേണ്ടി ഞാൻ വന്നപ്പോൾ മുതൽ എന്റെ പുറകെ തന്നെയാണ്.

ശരിക്കും പറഞ്ഞാൽ പള്ളിപെരുന്നാളിനുള്ള വീട് കൂടലുപോലെയായി ഇന്നേ ദിവസം. ഇനിയും ഒരാൾ എത്താനുണ്ട് എന്റെ കുഞ്ഞേച്ചി സിസ്റ്റർ അനീറ്റ മരിയ. ഞങ്ങൾ തമ്മിൽ കണ്ടിട്ടിപ്പോൾ കൊല്ലം അഞ്ചാകുന്നു. പ്രേഷിത പ്രവർത്തനവും പഠിപ്പിരുമൊക്കെയായി ആളു ഇത്തിരെ ദൂരെയാണ്, ഇന്ത്യയുടെ വടക്കു – കിഴക്ക് ഭാഗത്ത്‌, ജാർഖണ്ടിൽ. ഇന്ന് വൈകുന്നേരത്തെ ട്രെയിനിനു കുഞ്ഞേച്ചിയിങ്ങു എത്തും.

അല്ലേലും ഈ ഇടത്തരം മലയോരക്രിസ്ത്യൻ കുടുംബങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. പെണ്മക്കൾ രണ്ടെണ്ണം ഉണ്ടേൽ അതിലൊന്ന് കന്യാസ്ത്രീ ആയിരിക്കും മറ്റൊന്ന് നഴ്സും. അതിൽ ഇച്ചിരി മാറ്റം ഉണ്ടേൽ പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് മാറിയിട്ട് അവിടൊരു ടീച്ചർ ഉണ്ടാവും, പള്ളിവക സ്കൂളിൽ പഠിപ്പീരും.

ഞങ്ങളുടെ കാര്യത്തിൽ കുഞ്ഞിലെ മുതൽ പ്രാർത്ഥനയും ദൈവശുശ്രൂഷയും ഒക്കെ കുഞ്ഞേച്ചിയുടെ ഡിപ്പാർട്മെന്റ് ആയിരിന്നു. ഞാനും തോമ്മാച്ചനും മാവേൽ എറിഞ്ഞും, തൊട്ടപ്പുറത്തെ തങ്കച്ചായിടെ പറമ്പിലെ കൊക്കോക്കാ കട്ടുപറിച്ചും കാലം കഴിച്ചവരായിരുന്നു.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടടുത്തിരുന്ന എയ്ഞ്ചൽ മേരിയുടെ ഉടുപ്പിൽ നിന്നും വന്നൊരു സുഗന്ധമാണെന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. മൂക്കുവിടർത്തു മണം മൊത്തത്തോടെ വലിച്ചു കേറ്റുന്ന എന്റെ മുഖത്തൊരു കൊതി വിരിഞ്ഞതു കണ്ടു കൊണ്ടാണവൾ പറഞ്ഞത്.

” ഇതെന്റെ മമ്മി തന്നതാ, ദുബായിൽ നിന്നും വന്നപ്പോൾ “

“എന്തോന്നാ എയ്‌ഞ്ചലെ ഇതിന്റെ പേരെന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞതു ലേശം ചുണ്ട് കോട്ടിയാണോയെന്നു എനിക്ക് ഇപ്പോഴും സംശയമുണ്ട്.

” റോയൽ മിറാജ് “

ചോപ്പും നീലയും കളറിൽ കൊറേ കുപ്പിയിൽ ഇരിപ്പുണ്ട് എന്ന് പറഞ്ഞപ്പോൾ. വളരെ പ്രതീക്ഷയോടെ അവളെ നോക്കിയ എന്റെ സകല പ്രതീക്ഷയും തെറ്റിച്ചുകൊണ്ടാണവൾ മറുപടി തന്നത്.

അതൊക്കെ സോഫിയാന്റിക്കും, ജെയിംസ് അങ്കിളിനുമൊക്കെ കൊടുക്കാൻ ഉള്ളതാണ് പോലും. ചുരുക്കത്തിൽ പറഞ്ഞാൽ കുപ്പിപോയിട്ടു ഒന്ന് വാസനിക്കാൻ പോലും കിട്ടുകയില്ലന്നുറപ്പായി.

അന്നേ ദിവസം പുല്ലേൽ ചവിട്ടിനും വടക്കേമുറി പറമ്പിലെ കുളത്തിലെ നെറ്റിയിൽ പൊട്ടനെ എണ്ണാനുമൊന്നും ഒരു രസവും തോന്നിയില്ല. എങ്ങിനെയും വീട്ടിൽ എത്തിയാൽ മതിയെന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെത്തിയ പാടേ സഞ്ചിയും വലിച്ചൊരു ഓട്ടമായിരുന്നു പെരിയമ്പുറത്തേയ്ക്ക് ( അടുക്കള മുറ്റം )

അമ്മച്ചി ആ നേരത്ത് അവിടെയാണുണ്ടാവുക ശാന്ത ചേച്ചിടെ പശുവിനുള്ള കാടി വെള്ളം എടുത്തു കൊടുത്തിട്ടു ചേച്ചിയുമായി പഞ്ചായത്ത് പറഞ്ഞു നിൽക്കുമായിരിക്കും. ഞങ്ങൾ സ്കൂൾ വിട്ടു വരുന്നതിനും മുന്നേ ആ കർമ്മം നിർവഹിക്കണം എന്നുള്ളത് അമ്മച്ചിക്ക് നിർബന്ധമാണ്. കാരണം മീനും മറ്റും കൂട്ടിയിട്ടു കൈ കഴുകാൻ ഞങ്ങൾ മൂന്നിൽ ഏതേലുമൊന്നു കാടിപാത്രത്തിൽ കൈ മുക്കുമെന്നു അമ്മയ്ക്ക് ഉറപ്പാണ്‌. ഉളുമ്പുമണം ഉണ്ടേൽ പശു കാടി കുടിക്കില്ല പോലും, അമ്മയുടെ ഈ കരുതലിനു ശാന്ത ചേച്ചിയുടെ സന്തോഷമാണ് ദിവസവും മേടിക്കുന്ന പാലിന് പുറമേ കിട്ടുന്ന നല്ല പച്ചമോര്‌ അതും ചേച്ചിടെ മുറ്റത്തെ കറിവേപ്പില അരിഞ്ഞിട്ട നല്ല നെയ്യുള്ള കട്ട മോര്.

” ദോശകല്ലേൽ അട ചുട്ടതു വച്ചിട്ടുണ്ട്, പഞ്ചാര ഇട്ടു തിന്നോ, അതല്ലേൽ ഇന്നലത്തെ ഇറച്ചികറി ചൂടാക്കി വച്ചിട്ടുണ്ട്. അവനും കൂടെ എടുത്തു കൊടുക്ക്‌, കുഞ്ഞേച്ചിക്കും കൂടി വച്ചേക്കണം. “

തലവെട്ടം കണ്ടതേ അമ്മച്ചി പറഞ്ഞു.

കഴിക്കലും കഴിഞ്ഞു, തോട്ടിൽ ചാട്ടവും കഴിഞ്ഞു. സന്ധ്യക്ക് ഇച്ചിരിയൊന്നു മിനുങ്ങിയിട്ടു വന്ന അപ്പന്റെയടുത്തു കുരിശു വരയ്ക്കാൻ ഇരുന്നപ്പോഴും മൂക്കിൻത്തുമ്പിലപ്പോഴും ഏയ്ഞ്ചലിന്റെ ഉടുപ്പിന്റെ മണമായിരുന്നു..അമ്മച്ചിയുടെ ചൂടുപറ്റി കിടക്കുമ്പോൾ എന്റെ വയറിനു മുകളിൽ കയറ്റി വച്ചിരുന്ന തോമ്മാച്ചന്റെ കാലെടുത്തു മാറ്റി കൊണ്ടാണ് ആ മണത്തിന്റെ ഉത്ഭവത്തെക്കുറിച്ചു അമ്മച്ചിയോടു ചോദിച്ചത്.

അമ്മച്ചിയേ ആ ഏയ്ഞ്ചലിന്റെ മമ്മിക്ക് എന്നാ ജോലിയാന്നേ ??

ഏതു കോയിക്കലേ ജോയികുട്ടിടെ കെട്ടിയോൾക്കോ ??

ആളെ ഉറപ്പുവരുത്താൻ അമ്മച്ചി തിരിച്ചൊരു ചോദ്യമാണ് തൊടുത്തത്. അതല്ലേലും കോട്ടയംകാരുടെ പൊതുസ്വഭാവമാണ്. ഉത്തരത്തിനു പകരമൊരു മറുചോദ്യം..

ആം.

ലില്ലിക്കുട്ടി നേഴ്സ് ആണ്.

ഈ നഴ്സുമാർക്ക് എവിടുന്നാ അമ്മച്ചി ഈ മണമുള്ള സെന്റ് ഒക്കെ കിട്ടുന്നേ ??

അവളങ്ങു ദുബായിലാണ് കൊച്ചേ.. അല്ലാ നിനക്കു ഉറക്കമൊന്നുമില്ലേ ? അമ്മച്ചിയുടെ ശബ്ദമിച്ചിരി കനത്തു.

ആഹാ, അപ്പോൾ അതാണ് കാര്യം. ദുബായിൽ പോയാലേ സെന്റ് കുപ്പി കിട്ടൂ. അല്ലേലും ഞാൻ ഓർത്തായിരുന്നു ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന ചേച്ചിമാരൊക്കെ നമ്മുടെ കയ്യിൽ നിന്നും കുപ്പി വാങ്ങിയാണ് മരുന്നു മേടിക്കുന്നത്. അവർക്ക് എവിടന്നാ ഇതുപോലെ മണമുള്ള കുപ്പികളെന്നു. അതും കുറേ നിറമുള്ളതു.

ചോദ്യങ്ങളൊരുപാട് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ” കനത്തിലൊരു ” മറുപടി തുടയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷയുള്ളതിനാൽ അവയെല്ലാം ഉള്ളിലൊതുക്കികിടന്നു.

പത്താംക്ലാസ്സു കഴിഞ്ഞു കുഞ്ഞേച്ചി മഠത്തിൽ പോയപ്പോൾ മനസ്സിൽ ഒരു ഗൂഢസന്തോഷം അലയടിച്ചിരുന്നു. മനസ്സിലെ സന്തോഷം മുഖത്ത് വിടർന്നത് മൂക്കിതുമ്പിലായാണെന്നു മാത്രം, ആ പഴയ മണത്തിന്റെ ഓർമ്മയിൽ.

അങ്ങിനെ ഞാനുമൊരു നേഴ്സ് ആയി. സെന്റു കുപ്പി വാങ്ങാൻ നേഴ്സ് ആയ ആദ്യ വ്യക്തി ഒരുപക്ഷേ ഞാനായിരിക്കും.

അന്നാന്റീയേ..

റിയമോള് ചാടിത്തുള്ളി വരുന്നത് കണ്ടപ്പോളേ റോയൽ മിറാജ് എങ്ങോട്ടെന്നറിയാതെ മാഞ്ഞു പോയി. എക്സ്പ്രസ്സ്‌ വരുന്നപോലെയാണവളുടെ വരവ്. സ്ഥാനം ചേച്ചിയുടെ ആണെങ്കിലും റിയാമോളുടെ വായിലെപ്പോഴും ആന്റി വിളിയാണ്. അതു കേട്ടു ബോണിമോനും ഇപ്പോൾ തുടങ്ങിയിട്ടുണ്ട് ആ വിളി.

ഇനീം മൊട്ടായിയുണ്ടോ കൈയിൽ കൊഞ്ചിയുള്ള ചോദ്യത്തിന് ഒന്നല്ല, ഒരു പെട്ടി മിട്ടായി തന്നെ കൊടുക്കും കേൾക്കുന്നോര്, മുട്ടായി കിട്ടിയ സന്തോഷത്തിൽ പിള്ളാര്‌ പോയപ്പോഴാണ്, ഗൾഫിൽ നിന്നും കൊണ്ടു വന്ന സാധനങ്ങളുടെ ഇടയിലെ ആ പായ്ക്കറ്റ് കണ്ണിലുടക്കിയത്. ഓരോരുത്തര്ക്കും വേണ്ടി പ്രത്യേകമായി പേരെഴുതിയ സമ്മാനപൊതികളുടെ ഇടയിൽ ഉടമയുടെ പേര് ആലേഖനം ചെയ്തിട്ടില്ലാത്തൊരു സമ്മാനപ്പൊതി.,എന്നാലും ആ സമ്മാനമാവും ലോകത്തേറ്റവും സന്തോഷത്തോടെ എന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിക്കപ്പെടുക എന്നെനിക്കു ഉറപ്പുണ്ട്. കാരണം, ഒരു സമ്മാനം പോയിട്ട് ഒരു സ്‌നേഹാന്വേഷണം പോലും എത്തി നോക്കത്തൊരു തുരുത്തിലെ സ്നേഹനിധിയായൊരു നിഷ്ക്കളങ്കജന്മത്തിനു വേണ്ടിയുള്ളതാണത്.

എന്റെ സൂസന്നാമ്മാമയക്ക് വേണ്ടിയുള്ളതാണത് ആദ്യമായി ആ പേര് കേൾക്കുന്നത് നഴ്സറിയിൽ പഠിക്കുമ്പോഴാണ് ,

കളിക്കാനായി നഴ്സറി മുറ്റത്തിറക്കിയപ്പോൾ ഊഞ്ഞാലിനു വേണ്ടി കശപിശയുണ്ടാക്കിയ രണ്ടു മൂന്നു വില്ലത്തിമാരുടെയാരുടെയോ കുഞ്ഞുവായിൽ നിന്നും വീണ വല്യ വർത്തമാനത്തിന്റെ ഇടയിൽ നിന്നും എന്റെ ചെവിയിലോട്ടു ചിന്നി തെറിച്ചു വീണൊരു വാക്ക്,

“ഹും. നിന്നെ കണ്ടാൽ ഇപ്പോൾ സൂസന്റെ മൊകം പോലെയുണ്ടെടി ” അന്നു മുതൽ മനസ്സിൽ കേറിക്കൂടിയ ആഗ്രഹമാണ്, മേൽപ്പറഞ്ഞ സൂസനെന്ന വ്യക്തിയെ ഒന്ന് കാണണമെന്നുള്ളത്.

അതിനും അവസരമൊരുക്കിയത് ആ മുറ്റം തന്നെയാണ്, ഉച്ചയൂണ് കഴിഞ്ഞു ഓരോരുത്തരായി വരി നിന്നു കൈ കഴുകുന്നതിനിടയിലേക്കാണവർ കടന്നു വന്നത്, മിച്ചം വന്ന എച്ചിലുകളെല്ലാം മഠത്തിൽ വളർത്തുന്ന പന്നി കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി വാരികൂട്ടുന്നതിനിടയ്ക്ക് ഞങ്ങളെ നോക്കി അവരൊന്നു പുഞ്ചിരിച്ചു.

പൊള്ളിയുരുകിയ ആ മുഖത്തിന്റെ ഒരു ഭാഗം കണ്ടു ഞാൻ ഞടുങ്ങുകയാണാദ്യമുണ്ടായത്. വലിച്ചന്റെ പള്ളീലെ വലിയ മെഴുകുതിരി തിരി സ്റ്റാൻഡ് പോലെ, തീയുടെ ചൂടേറ്റു മാത്രമല്ല, നല്ല വെയിലത്തും ഉരുകിയൊലിക്കുന്നതു പോലെയായിരുന്നു അതു.

അന്നു വൈകുന്നേരം വീട്ടിലേയ്ക്ക് നടക്കുമ്പോഴും അമ്മയുടെ ചൂടേറ്റ് ഉറങ്ങാൻ കിടന്നപ്പോളും ആ മുഖം മാത്രമായിരുന്നു മനസ്സിൽ. ചിലപ്പോൾ അന്നെന്റെ സ്വപ്നത്തിലും കടന്നു വന്നിരിയ്ക്കാം അവർ. അതിനു തെളിവ് തന്നത് നനഞ്ഞ കിടക്കവിരിയാണ്.

ഇത്രയും നാൾ കാണാൻ വല്ലാതെയാഗ്രഹിച്ച മുഖമൊരിക്കലും കാണല്ലേയെന്ന് പുണ്യാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു നടന്ന കാലത്താണ്, ഉച്ചതിരിഞ്ഞ നേരത്ത് പുറകിൽ വശത്തെ കയ്യാലയുടെ അടിയിൽ നിന്നും മേരിക്കുട്ടീ എന്നൊരു വിളിയും. അതിനകമ്പടിയായി തേക്കിലയിൽ പൊതിഞ്ഞ ഒരു വരിക്ക ചക്കയുടെ നാലിലൊരു മുറിയും, പാതിവെന്ത ആ മുഖവും പൊങ്ങി വന്നത്. അവരെ കണ്ടു അമ്മയുടെ മുഖത്തും പുഞ്ചിരിപടർന്നപ്പോളാണ് അമ്മയ്ക്ക് അവരെ നേരത്തെ അറിയാമായിരുന്നു എന്ന സത്യം ഞാൻ മനസിലാക്കുന്നത്. ആ റബ്ബർ തോട്ടത്തിലെ വെട്ട് പിടിച്ചേക്കുന്നതു അവരാണ് പോലും. നന്നേ മുഷിഞ്ഞ , പഴകിയ റബ്ബർ പാലിന്റെ മണമുള്ള ഒരു മുണ്ടും ചട്ടയുമായിരുന്നു അവരുടെ വേഷം. പ്രായത്തിനും അവരുടെ ശരീരത്തിനും ഒട്ടുമേ യോജിക്കാത്തതാണ് അതെന്നു തോളിറങ്ങിയ ആ കുപ്പായം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കുഞ്ഞേച്ചിയുടെ താടി തുമ്പിലുലച്ചു കൊഞ്ചിച്ചു, അവളെ ചേർത്തു പിടിച്ച അവരെ എന്നിൽ നിന്നും അകറ്റുന്ന കാര്യമെന്താണെന്നു എനിക്ക് പിടി കിട്ടിയതേയില്ല,

അമ്മയോടൊപ്പമിരുന്നു ചക്കച്ചുള അടർത്തുന്ന അവരുടെ കൈകളിലേയ്ക്കായിരുന്നു എന്റെ നോട്ടം മുഴുവനും ചക്ക മുള്ളു അമർന്നതുകൊണ്ട് തിണർത്തു കിടന്ന പാടുകൾ കണ്ടാൽ അറിയാമായിരുന്നു ആ കൈകളുടെ മൃദുത്വം. തേനിറ്റുന്ന ചക്കച്ചുളകളിലൊന്നു എന്റെ നേരെ നീട്ടിയപ്പോഴാണ് ആ മുഖത്തോടു നോക്കി ഞാനൊന്നു പുഞ്ചിരിച്ചത്.

ആരോ വരച്ച മനോഹരമായൊരു എണ്ണഛായ ചിത്രം പോലെയായിരുന്നു അവർ. നിർഭാഗ്യവശാൽ ചിത്രകാരന് പോലും സ്വാർത്ഥത തോന്നിയതിനാലാവാം കഴുത്തിനു മുകളിലേയ്ക്കയാൾ പടർത്തിയ നിറക്കൂട്ടത്തിനു മേലെ ഒന്ന് കൂടി ന ഗ്നമായ തന്റെ കൈവിരലുകളാൽ നിർദാക്ഷിണ്യം അമർത്തിത്തുടച്ചത്.

ചക്കയരക്കു മാറ്റാൻ കൈവെള്ളയിലേയ്ക്ക് മണ്ണണ്ണ പകർന്നു കൊടുത്ത നിമിഷംമുതൽ ചക്കയാരക്കു പോലെ ഒട്ടുകയായിരുന്നു ഞങ്ങളുടെ സൗഹൃദം.

വീട്ടിൽ വരുന്ന വിരുന്നുകാരെല്ലാം വീട്ടിലെ അരുമ സന്താനത്തെ ആദ്യം തിരക്കുമ്പോൾ, അതേ കുടുംബത്തിലെ തല്ലുകൊള്ളിയെ അന്വേഷിക്കാൻ വേണ്ടി മാത്രം വരുന്ന വിരുന്നുകാരിയായവർ.

അമ്മയുണ്ടാക്കുന്ന ചീരത്തോരനും മീൻപീരയ്ക്കും എല്ലും കപ്പയ്ക്കും ഒക്കെ പങ്കു പറ്റാനായി മഠത്തിലെ പറമ്പിലെ ഒറ്റമുറി വീട്ടിൽ നിന്നും ഇടയ്‌ക്കിയക്ക് അവരോടിയെത്തുമായിരുന്നു. ജോക്കുട്ടനെ പ്രസവിച്ചു കിടന്ന നാളിൽ അമ്മയ്ക്ക് തൂണും തുണയും സൂസന്ന അമ്മാമയായിരുന്നു. സ്നേഹോപഹാരമായി അമ്മ ഉടുത്തു പോലും നോക്കാത്ത കോട്ടൺ സാരികൾ കൈപ്പറ്റുമ്പോൾ പുരുകത്തോട് ഒട്ടിയിരിക്കുന്ന ഇടം കണ്ണും, രണ്ടു കണ്ണുകളിലെയും പ്രകാശം നിറഞ്ഞിരിയ്ക്കുന്ന വലം കണ്ണും ഞങ്ങളോട് പറഞ്ഞിരുന്നത് നന്ദി എന്ന വാക്കായിരിക്കണം.

പണ്ടത്തെ റോയൽ മിറാജിന്റ കാര്യവും നേഴ്സ് എന്ന സ്വപ്നവും ഞാൻ ആദ്യമായി പങ്കു വച്ചതും സൂസന്നമ്മാമയോടാണ് അന്നു മുതലിന്നു വരെ ഒരു മെഴുകുതിരി അതിനായി പുണ്യാളന്റെ രൂപക്കൂടിനു മുന്നിലായി എരിയുന്നുണ്ടെന്നെനിക്കറിയാം. അന്നേ ഞാൻ വാക്ക് കൊടുത്തതാണ് ഗൾഫിൽ പോയി ആദ്യ ലീവിന് തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആ സുഗന്ധത്തിന്റെ ഉടമയാക്കാമെന്നു. നാളെ കാണുമ്പോൾ ആള് ശരിക്കും ഒന്ന് ഞെട്ടും പിന്നെ ആ കണ്ണുകൾ നിറഞ്ഞൊഴുകും.

ഒറ്റയ്ക്കിരുന്നു ആലോചിച്ചു കൂട്ടുമ്പോഴാണ് അമ്മ റൂമിലേയ്ക്ക് കടന്നു വന്നത്.

കയ്യിലിരുന്ന പൊതിയിലേക്കു നോക്കിയ അമ്മയുടെ മുഖത്തൊരു ചോദ്യഭാവം നിഴലിച്ചു.

അമ്മേ, സൂസന്നമ്മാമായ്ക്ക് അറിയില്ലേ ഞാൻ ഇന്ന് വരുമെന്ന്.

മം..

പിന്നെന്താ ഇങ്ങോട്ടൊന്നും കാണാഞ്ഞത്… ?

അന്നമോളേ, സൂസന്ന മരിച്ചിട്ടു രണ്ടു മാസം കഴിഞ്ഞു , കഴിഞ്ഞ മഴക്കാലത്ത് വളക്കുഴി എടുക്കാനൊക്കെ പറമ്പായ പറമ്പോക്കെ നടന്നതാ, ഒരു കുഞ്ഞു ജലദോഷപ്പനിയിൽ തുടങ്ങിയതാണ്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചായിരുന്നു. കുറച് നാള് കിടന്നു പിന്നെ അങ്ങ് പോയി, പെരുന്നാളിന് കൊടിയേറുന്നതിന്റെ തലേന്ന്. നീയറിഞ്ഞാൽ വിഷമിക്കും എന്നറിയാവുന്നതുകൊണ്ടാണ് ചാച്ചൻ നിന്നോട് പറയണ്ട എന്ന് പറഞ്ഞതു.

നിർത്തി നിർത്തിയാണ് അമ്മച്ചിയത്രയും പറഞ്ഞതെങ്കിലും ഇടയ്ക്കൊരു ചോദ്യം ചോദിക്കാനോ മറു വാക്ക് മൂളാനോ എനിക്ക് പ്രജ്ഞ ഉണ്ടായിരുന്നില്ല. എനിക്കു വേണ്ടി ഉരുകിതീർന്ന മെഴുകുതിരിയെല്ലാം എന്നെ പൊതിഞ്ഞിരിയ്ക്കുന്ന പ്രതീതിയായിരുന്നു ഉള്ളിൽ.

അന്നാദ്യമായി അമ്മച്ചിയോടു അടങ്ങാത്ത ദേഷ്യം തോന്നി. കുഞ്ഞേച്ചി വന്നിട്ടും അവളോടൊന്നു മനസ് തുറന്നു സംസാരിക്കാൻ പോലും പറ്റാത്ത വിധം എന്റെ മനസ്സ് അടഞ്ഞു പോയിരുന്നു.

എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടാവണം വീട്ടിലാരും, റിയാമോളും ബോണിമോനു പോലും എന്നെ ശല്യപ്പെടുത്താൻ വന്നതേയില്ല..

രാത്രിയിൽ കിടക്കാൻ നേരം ആദ്യ കാഴ്ച്ചയിൽ കണ്ടു മറക്കാൻ ആഗ്രഹിച്ച മുഖത്തിന്റെ അവസാന കാഴചയെ മിഴിവോടെ ഹൃദയത്തിൽ ആഞ്ഞു പതിപ്പിക്കുകയായിരുന്നു ഞാൻ.

പിറ്റേന്ന് രാവിലെ ആദ്യത്തെ കുർബാനയ്ക്ക് ഒറ്റയ്ക്ക് പോകണം എന്ന് പറഞ്ഞപ്പോളും ആരും എന്നെ എതിർത്തില്ല. വിശുദ്ധ കുര്ബാനയിലുടനീളം എന്റെ കണ്ണു അൾത്താരയ്ക്കു മുന്നിലെ മെഴുതിരി നാളങ്ങളിൽ ആയിരുന്നു. പ്രസംഗവേളയിൽ എയ്ഞ്ചലിന്റെ കല്യാണം അച്ചൻ വിളിച്ചു ചൊല്ലിയത് കേട്ടെനിക്കൊരു ആകാംഷയും തോന്നിയില്ല.

പരിചിത മുഖങ്ങളും അവയിലെ ചിരികളെയും മറികടന്നു. വികാരി അച്ചനെയും കാത്തു നിന്നു കൈയിൽ ചുരുട്ടി പിടിച്ച കുർബാനപ്പണം ഏല്പിച്ചപ്പോൾ അച്ചന് അത്ഭുതം.

അതിനു വല്യപ്പച്ചന്റെ ഓർമ്മ ദിവസം ആയില്ലല്ലോ അന്ന മോളേ..

വല്യച്ചാച്ചന് അല്ലച്ചോ, സൂസന്നമ്മാമയ്ക്ക് വേണ്ടിയാണ്.

തിരിഞ്ഞു നടക്കുമ്പോൾ അറിയാമായിരുന്നു, അച്ചൻ എന്നെയും നോക്കി പള്ളി മുറ്റത്തു തന്നെ ഉണ്ടാവുമെന്ന്.

കടും റോസ് നിറത്തിലുള്ള ബോഗെയ്ൻ വില്ല പൂക്കളുടെ ഒരു പരവതാനി തന്നെയുണ്ടായിരുന്നു സെമിത്തേരിയിൽ. എണ്ണം പറഞ്ഞ കല്ലറകൾക്ക് ഇടയിൽ വെറും പച്ചമണ്ണിന്‌ മേലെ പെറുക്കി കൂട്ടിയ റീത്തുകളുടെ അസ്ഥിപഞ്ജരങ്ങൾക്ക് മുന്നിൽ മുട്ടു നിന്നു കണ്ണടച്ചപ്പോൾ ചുറ്റും നിറഞ്ഞതു കുറേ സുഗന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു.

മുഷിഞ്ഞ റബ്ബർ പാലിന്റെ, വിയർപ്പിന്റെ, പഴുത്ത ചക്കയുടെ പിന്നെ ഏറ്റവുമൊടുവിൽ എന്റെ ഇഷ്ട സുഗന്ധത്തിന്റെ.

~അനു ജോർജ് അഞ്ചാനീ