എന്നും നിനക്കായ് ~ ഭാഗം 02, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അച്ഛൻ പറഞ്ഞത് കേട്ട സിസ്റ്റർ ജോജിയുമായി അകത്തേക്ക് പോയി..പോകുന്ന പോക്കിൽ വാർഡിൽ തലയിൽ കെട്ടുമായി കണ്ണടച്ച് കിടക്കുന്ന ശ്രുതിയെ അവൻ ഒന്ന് നോക്കി.

“”കിടക്കണത് കണ്ടോ ജോജി.. അന്ന് നിന്നോട് കാണിച്ചത് ഓർത്താൽ ഒരു കാര്യവും ചെയ്യരുത്..” സിസ്റ്റർ അവരുടെ അമർഷം മറച്ചുവച്ചില്ല

” ഓ അതൊന്നും സാരമില്ല എന്റെ റാണി സിസ്റ്ററെ..അതൊക്കെ കഴിഞ്ഞില്ലേ.. പിന്നേ ആപത്തിൽ സഹായിച്ചില്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാണോ..”

സംസാരിച്ചുകൊണ്ട് അവർ ലാബിലെത്തി പള്ളിയുടെ തന്നെ ആയിരുന്നു ആ ഹോസ്പിറ്റൽ അത്യാവശ്യം എല്ലാ സൗകര്യവും ഉണ്ടായിരുന്നു എന്നാൽ സിസേറിയൻ പോലുള്ള വലിയ ഓപ്പറേഷൻ എല്ലാത്തിനും അവർക്ക് ടൗണിൽ തന്നെ പോകണമായിരുന്നു..

” ആഹാ ജോജി അന്നോ ബ്ലഡ് കൊടുക്കാൻ വന്നത്..? “

ലാബിലെ ടെക്‌നിഷ്യൻ മിനി ചോദിച്ചു

” അതെന്നാടി മിനി എന്റെ ബ്ലഡ് നീ എടുക്കത്തില്ലയോ..അതോ നിന്റെ കെട്ടിയോൻ തോമയുടെ മാത്രമേ എടുക്കു..” ജോജി അവളോട് തട്ടി കേറി..

ജോജിയും മിനിയും ബന്ധുക്കളും കളികൂട്ടുകാരും ആണ്..അതുകൊണ്ട് തന്നെ തമ്മിൽ കാണുമ്പോൾ രണ്ടുപേരും തമ്മിൽ സ്നേഹം പ്രകടിപ്പിക്കുന്ന രീതി ഇങ്ങനെയാണ് അത് എല്ലാവർക്കും അറിയാം..

” എന്നാ ജോജി സാർ ഇങ്ങോട്ട് കിടന്നാട്ടെ..” അടുത്തുള്ള കട്ടിൽ കാണിച്ചു മിനി പറഞ്ഞു.

അവൻ അതിൽ കിടന്നു..നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളും പറഞ്ഞു മിനി ബ്ലഡ് എടുക്കാനുള്ള ബാഗ് എല്ലാം കണക്ട് ചെയിതു..കൈയിൽ നിന്നും ബാഗിലേക്ക് രക്തം തുള്ളിയായി വീഴുന്നതും നോക്കി ജോജി കണ്ണടച്ചു പിന്നേ മിനി വന്ന് വിളിച്ചപ്പോൾ ആണ് കണ്ണുതുറന്നത്..

” കഴിഞ്ഞോ ഡി മരമാക്രി..”

“മ്മ് കഴിഞ്ഞു കഴിഞ്ഞു..ആ പിന്നേ അച്ഛൻ പള്ളി മേടയിൽ നിന്നും കഴിക്കാൻ ജ്യൂസും ഫ്രൂട്സ് ഒക്കെ കൊടുത്തുവിട്ടിട്ടുണ്ട് അതൊക്കെ കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കാൻ നോക്ക്..”

” ഓ..ശരി രാജാവേ..എടി മിനി നമ്മുടെ രോഗിക്ക് എങ്ങിനെ ഉണ്ട്..ബന്ധുജനങ്ങൾ ആരെങ്കിലും എത്തിയോ..? “

” ഓ..സാറ വന്നിട്ടുണ്ട്..ഈപ്പച്ചനും മോനും സ്ഥലത്തില്ല എന്നാ കേട്ടത്..കുറച്ചു ദിവസം ഇവിടെ തന്നെ കിടത്തണം എന്നാ ജെയിംസ് ഡോക്ടർ പറഞ്ഞത് ” അങ്ങോട്ട് വന്ന റാണി സിസ്റ്റർ പറഞ്ഞു

” മിനിയെ ബ്ലഡ് റെഡി ആണോ..? “

” ആണ് സിസ്റ്ററെ..”

” എന്നാ അതിങ്ങു തന്നേക്ക് ഡോക്ടർ ഇനി വരുമ്പോഴേക്കും കൊടുത്തില്ലേ അതിയാന് ബഹളത്തിന് വേറെ ഒന്നും വേണ്ടാ..”

” അതുപിന്നെ ഈപ്പച്ചന്റെ മോളല്ലയോ സിസ്റ്റർ അതിന്റെ കൂറ് ജെയിംസ് ഡോക്ടർ കാണിക്കും “ജോജി പറഞ്ഞു

” അത് ശരിയാ..പിന്നേ നീ നിന്നു വാചകമടിക്കാതെ ആ ഇരിക്കുന്നതെല്ലാം കഴിച്ചിട്ട് പോയാൽ മതി ” അതും പറഞ്ഞു സിസ്റ്റർ ബ്ലഡും കൊണ്ടുപോയി..

കുറച്ചു നേരം കൂടി മിനിയോട് വാചകമടിച്ചിട്ട് ജോജി അവിടെ നിന്നും ഇറങ്ങി..പോകുന്ന വഴിക്ക് അവന്റെ കണ്ണുകൾ വാർഡിലേക്ക് നീണ്ടു അവിടെ കൈയിൽ കുത്തിയ ക്യാനുലയിലൂടെ അവന്റെ ബ്ലഡ് അവളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്നത് കണ്ട് ഒരു പുഞ്ചിരിയോടെ അവൻ നടന്നു

” ഈ മഴക്ക് ഒരു ശമനവും ഇല്ലല്ലോ അപ്പച്ചാ ഇങ്ങനെ പോയാൽ ഈ പ്രാവശ്യത്തെ വിളവൊക്കെ കണക്കായിരിക്കും “

“നിന്നോട് ഞാൻ എത്രയോ തവണ പറഞ്ഞതാണ് ഡിഗ്രി വരെ പഠിച്ചതല്ലേ നീ വേറെ എന്തെങ്കിലും ജോലി നോക്കാൻ”
ജോസ് അവനെ കുറ്റപ്പെടുത്തി..

” ഇതിനിപ്പോ എന്താ കുഴപ്പം..അവൻ അവന്റ പറമ്പിൽ അധ്വാനിച്ചാ ജീവിക്കുന്നത് വിഷം ഇല്ലാത്ത പച്ചക്കറിയും ഒക്കെ അല്ലേ കഴിക്കുന്നത്.. “
അതിലെ വന്ന എൽസി ജോജിയെ സപ്പോർട്ട് ചെയിതു

“ആഹാ നിന്റെ ഉപദേശത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളു..അത് പൂർത്തിയായി..”

എൽസിയുടെ കൈയിൽ നിന്നും കാപ്പി വാങ്ങി കുടിച്ചുകൊണ്ട് ജോസ് പറഞ്ഞു..

ഒരു ദിവസം മോനിച്ചൻ ജോജിയെ തിരക്കി വന്നു..

” എന്താടാ..”

`”എടാ ലിനുവിന് നല്ല പനിയാണ് അവനെ ഒന്ന് ഹോസ്പ്പിറ്റലിൽ കൊണ്ടുപോകണം നീ കൂടി പോരാമോ..”

” അതിനെന്താടാ ദേ വരുന്നു..അമ്മേ ഞാൻ ഇപ്പോ വരാട്ടോ..”

അതും വിളിച്ചു പറഞ്ഞിട്ട് അവർ ലിനുവിന്റെ വീട്ടിലേക്ക് നടന്നു തീരെ അവശനായ ലിനുവിനെ ഓട്ടോയിൽ കയറ്റി അവർ ആശുപത്രിയിൽ എത്തി.

ക്യാഷുവാലിറ്റിയിൽ കാണിച്ചപ്പോൾ വാർഡിലേക്ക് മാറ്റി ഡ്രിപ് ഇടണമെന്ന് ഡോക്ടർ പറഞ്ഞു അതനുസരിച്ചു വീൽ ചെയറിൽ അവർ അവനുമായി വാർഡിൽ എത്തി..

ജോജി ചുറ്റും നോക്കി..

” ആരെയും കാണുന്നില്ലല്ലോടാ..നീ ഇവിടെ നിക്ക് ഞാൻ നോക്കിയിട്ട് വരാം..”

മോനിച്ചനോട് അതും പറഞ്ഞിട്ട് ജോജി വാർഡിന്റെ അകത്തേക്ക് ചെന്നു..ദൂരെ ഒരു പേഷ്യന്റ്ന്റെ അടുത്തു സിസ്റ്റർ നിക്കുന്നത് കണ്ട്‌ അങ്ങോട്ട് നടന്നു..

അടുത്തെത്തിയപ്പോൾ ആണ് റാണി സിസ്റ്റർ ആണെന്ന് അവൻ കണ്ടത്.

” റാണിസിസ്റ്ററെ..” എന്നും വിളിച്ചുകൊണ്ട് അവൻ അങ്ങോട്ട് ചെന്നു വിളികേട്ട് സിസ്റ്റർ തിരിഞ്ഞു നോക്കി

“എന്താടാ ജോജി എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ? “

” അത് പിന്നേ ലിനുവിനെ പനിയായിട്ട് കൊണ്ടുവന്നിട്ടുണ്ട് വീൽ ചെയറിൽ ഇരുത്തിയേക്കുവാ..”

” ആണോ നീ അവനെ ആ ആണുങ്ങളുടെ വാർഡിലെ ഒരു ബെഡിലേക്ക് കിടത്തു ഞാൻ ഈ പേഷ്യന്റിനു ഇൻജെക്ഷൻ ഇട്ടിട്ട് വരാം..”

” ഓ ശരി സിസ്റ്ററെ..” അതുംപറഞ്ഞു തിരിഞ്ഞു നടക്കാൻ നേരം ആണ് കട്ടിലിൽ കിടക്കുന്ന ആളെ അവൻ കണ്ടത് അത് ശ്രുതിയായിരുന്നു..അവനെ കണ്ടതും അവൾ വെറുപ്പോടെ തലതിരിച്ചു ഇതെല്ലം സിസ്റ്റർ കണ്ണുന്നുണ്ടയിരുന്നു..

“എന്നതാ കൊച്ചെ നീ ജോജിയകണ്ടപ്പോൾ തലതിരിച്ചത്..” സിസ്റ്റർ ചോദിച്ചു

” എനിക്ക് അവനെ കാണുന്നതു തന്നെ വെറുപ്പാണ്. അവനെ പോലൊരു ആഭാസനെ ഞാൻ കണ്ടിട്ടില്ല..” അവൾ പകയോടെ പറഞ്ഞു

“മോളെ എന്നാ നീ ഒരു കാര്യം കൂടി അറിഞ്ഞോ…അന്ന് തലയും പൊട്ടി ചോരയും
പോയി ഇവിടെ വന്ന് കിടന്നപ്പോൾ കൊമ്പത്തെ അപ്പച്ചനോ അവനെക്കാൾ ആഭാസനായ ആങ്ങളയോ അല്ല ബ്ലഡ് തന്നു സഹായിച്ചത്. ആ പോയ ആഭാസനാ.. ചുരുക്കി പറഞ്ഞാൽ അവന്റെ ചോരയാ മോളുടെ ശരീരത്തിൽ കൂടി ഇപ്പോ ഓടുന്നത്‌ എന്നർത്ഥം..”

അത്രയും പറഞ്ഞിട്ട് സിസ്റ്റർ പോയി

കേട്ട വാക്കുകളുടെ ആഘാതത്തിൽ ശ്രുതി തരിച്ചിരുന്നുപോയി…അവൾ ശരീരമാസകലം നോക്കി..ജോജിയുടെ ബ്ലഡ് തന്റെ ശരീരത്തിൽ…അപ്പോൾ അവൻ ബ്ലഡ് കൊടുത്തില്ലായിരുനെങ്കിൽ തന്റെ അവസ്‌ഥ എന്താകുമായിരുന്നു.. എല്ലാം കൂടി ആലോചിച്ചിട്ട് അവളുടെ തലപെരുത്തു.

മനസിൽ നിറയുന്ന വികാരത്തെ എന്തുപേരിട്ട് വിളിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു. പുച്ഛമെന്നോ അവജ്ഞ എന്നോ അതോ കുറ്റബോധം എന്നോ..കഴിഞ്ഞുപോയ സംഭവങ്ങൾ ഓരോന്നായി അവളുടെ മനസിലേക്കെത്തി.

…പള്ളിയിൽ കണ്ടപ്പോൾ എല്ലാം എത്ര തവണ താനും വീട്ടുകാരും അവനെ പുച്ഛിച്ചിരിക്കുന്നു..അതിലുപരി അന്ന് നടന്ന സംഭവം ശരിക്കും അന്ന് ജോജി രക്ഷിച്ചില്ലായിരുന്നുവെങ്കിൽ അന്നേ തന്റെ കാര്യത്തിൽ തീരുമാനം ആയേനെ..

രക്ഷിച്ചതാണെന്ന് അറിഞ്ഞിട്ടും ആ അവസരം പോലും താനും വീട്ടുകാരും അവനോടുള്ള പ്രതീകരത്തിനായാണ് ഉപയോഗിച്ചത്…അന്ന് തന്റെ ചേട്ടൻ അവനെ എത്രമാത്രം ദ്രോഹിച്ചു എന്നിട്ടും അതൊന്നും ഓർക്കാതെ ആപത്തിൽ സഹായിച്ചിരിക്കുന്നു ….എന്തോ എല്ലാം കൂടി ഓർത്തപ്പോൾ കുറ്റബോധം കൊണ്ട് അവളുടെ തല താന്നുപോയി..

ജോജി തിരികെ പോകുന്നുണ്ടോ എന്ന് അവൾ പുറത്തേക്ക് നോക്കിയിരുന്നു.. എന്തോ ഇതിനുമുൻപ് ഇല്ലാതിരുന്നൊരു ആഗ്രഹം ശ്രുതിയുടെ മനസിൽ ഉണ്ടാകാൻ തുടങ്ങുന്നത് അവൾ അറിയുകയായിരുന്നു…ശരീരമാകമാനം ഒരു തരിപ്പ് പോലെ തോന്നി ശ്രുതിക്ക്.

കുറെ നേരമായിട്ടും ജോജി തിരിച്ചുപോകുന്നത് ശ്രുതിക്ക് കാണാനായില്ല അപ്പോഴേക്കും അവളുടെ അടുത്തേക്ക് ഒരു സിസ്റ്റർ വന്നു.

” ഇൻജെക്ഷൻ തീർന്നല്ലോ..ഇനി അടുത്തത് ഇടാനുണ്ട് ഫർമസിയിൽ നിന്നും വന്നട്ടില്ല..” കാലിയായ ബോട്ടിൽ മാറ്റിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.

” സിസ്റ്ററെ എനിക്ക്‌ എന്ന് വീട്ടിൽ പോകാൻ പറ്റും..? “

“അത് പിന്നേ ആന്റിബയോട്ടിക്‌സ് ഇൻജെക്ഷൻ എല്ലാം ഇന്നും കൂടിയേ ഉള്ളു ഇപ്പോൾ പനി ഒന്നുമില്ലല്ലോ..അന്ന് പിന്നേ വന്നപ്പോൾ കുറച്ചു പ്രശനങ്ങൾ ആയിരുന്നല്ലോ ബ്ലഡ് ഉം പോയി പിന്നേ പനി ആയി..ഇനി നാളെ റൗണ്ട്സിനു വരുമ്പോൾ ഡോക്ടർ പറയുമായിരിക്കും “

“ആ സിസ്റ്ററെ ഇപ്പോ പനിയായിട്ട് ഒരാളെ കൊണ്ടുവന്നില്ലേ.. എങ്ങിനെ ഉണ്ട്..”ആകാംഷയോടെ അവൾ ചോദിച്ചു..

” ഇത് എങ്ങനെ ഇയാൾ അറിഞ്ഞു..? “

” അത് പിന്നേ കൊണ്ടുവന്നയാൾ ഇവിടെ വന്ന് സിസ്റ്ററിനോട് പറയുന്നത് കേട്ടത് ആണ്..” അവൾ പരുങ്ങികൊണ്ട് പറഞ്ഞു

” ലിനുവിനെ അഡ്മിറ്റ് ആക്കി..”

” ആണോ..അപ്പോൾ കൊണ്ടുവന്നവരാണോ കൂടെ നിൽക്കുന്നത്..? “

“അല്ല അവരൊക്കെ ലിനുവിന്റെ.അമ്മ വന്നപ്പോഴേ പോയി..”

” അപ്പോൾ പുറത്തേക്ക് പോകാൻ ഇതല്ലാതെ വേറെ വഴിയുണ്ടോ !!!! ” അവൾ അമ്പരപ്പോടെ ചോദിച്ചു.

” വേറെ വഴിയൊന്നുമില്ല…പക്ഷേ അതിലെ പോയാൽ അച്ഛന്റെ മേടയുടെ അടുത്തു ചെല്ലാം..ജോജിയും മോനിച്ചനും അതിലെ പോയി..”

” ആണോ…” ശ്രുതി നിരാശയോടെ ചോദിച്ചു

” എന്താ കുട്ടി..എന്തെങ്കിലും പ്രശനം ഉണ്ടോ..? “

“ഇല്ല സിസ്റ്റർ ഒന്നുമില്ല..”

അവളെ നോക്കി ഒന്ന് മൂളിയിട്ട് സിസ്റ്റർ തിരിച്ചു നടന്നു…ശ്രുതിയുടെ കണ്ണുകളിൽ എന്തിനെന്നറിയാതെ ഒരു നിരാശ ഭാവം ഉണ്ടായി…എന്തൊക്കയോ പുതിയ വികാരങ്ങൾ മനസിൽ വന്ന് നിറയുന്നത് ആശ്ചര്യത്തോടെ അവളറിഞ്ഞു..

അച്ഛന്റെ മേടയിൽ നിന്നും കാപ്പിയും കുടിച്ചു അച്ഛനോട് സംസാരിക്കുകയായിരുന്നു അവർ

“എടാ ജോജി നിങ്ങളുടെ കൃഷി ഒക്കെ എങ്ങിനെ പോകുന്നു ഈ മഴയത്ത്…” അച്ഛൻ ചോദിച്ചു

“അങ്ങിനെ പോകുന്നു അച്ചോ..മഴയാണെങ്കിലും വലിയ കുഴപ്പമില്ല..”

” നിന്റെ മീൻ കൃഷി എങ്ങിനെ ഉണ്ട്..? “

” തരക്കേടില്ല ഇപ്പോൾ എല്ലാം ഒരുവിധം വലുതായി..എന്നാലും കുറച്ചൊക്കെ ചത്തുപോയി..”

” ഇവന്റെ കരിമീൻ വലുതായിട്ട് വേണം ഫ്രഷ് ആയി പിടിച്ചുകൊണ്ട് വന്നു കറിവച്ചും വറുത്തും ഒക്കെ കഴിക്കാൻ അല്ലേടാ മോനിച്ച..”

” അതേ അച്ചോ..” മോനിച്ചൻ മറുപടി നൽകി.

” ഇനി എന്താ നിങ്ങളുടെ പരിപാടി…? ” വീണ്ടും അച്ഛന്റെ ചോദ്യം..

” ഒന്നൂടി ലിനുവിനെ കാണണം എന്തെങ്കിലും ആവശ്യം ഉണ്ടോന്ന് അറിയണം എന്നിട്ട് വീട്ടിലേക്ക്… ഞങ്ങൾ എന്നാൽ അങ്ങോട്ടിറങ്ങിക്കോട്ടെ അച്ചോ..”

” എന്നാൽ നിങ്ങൾ ഇറങ്ങിക്കോ..എനിക്ക് ഇന്നൊരു മീറ്റിംഗ് ഉണ്ട്..”

വന്ന വാതിലിൽ കൂടി തന്നെ അവർ അകത്തു കയറി ലിനുവിന്റെ അടുത്തെത്തി..

” എങ്ങിനെ ഉണ്ടെടാ ഇപ്പോൾ..” മോനിച്ചൻ ചോദിച്ചു

“കുറവുണ്ട്..”

” ഭക്ഷണം വല്ലതും വാങ്ങിക്കണോ അമ്മേ..” ജോജി ചോദിച്ചു

വേണ്ടാ വീട്ടിൽ നിന്നും കൊണ്ടുവരാമെന്നു പറഞ്ഞിട്ടുണ്ട്

കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് നാളെ വരാം എന്നുംപറഞ്ഞു അവരിറങ്ങി.പ്രതീക്ഷയറ്റ ശ്രുതി വെറുതെ ആ ഇടനാഴിയിലേക്ക് നോക്കികൊണ്ട് കട്ടിലിൽ ചാരിയിരിക്കുക യായിരുന്നു..

അപ്പോഴാണ് ജോജിയും മോനിച്ചനും അങ്ങോട്ട് വന്നത് സംസാരിച്ചുകൊണ്ട് വരുന്ന ജോജിയിൽ ശ്രുതിയുടെ കണ്ണുകൾ ഉടക്കിനിന്നു… എന്നാൽ അവൾ കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അവർ അവളെ കടന്നുപോയി..

അവൻ മനഃപൂർവം തന്നെ അവഗണിച്ചത് പോലെ ആണ് അവൾക്ക് തോന്നിയത് അത് വീണ്ടും ശ്രുതിയിൽ ഒരു നിരാശയായി എന്തിനെന്നറിയാതെ അവളുടെ കൺകോണിൽ ഒരു നീർതുള്ളി തങ്ങി നിന്നു.

തുടരും….