ലീവിന് വന്നാൽ അവളുടെ ഭർത്താവ് ഏത് സമയവും അവളോടൊപ്പം ആണത്രെ….

എന്നും എപ്പോഴും…

Story written by Neethu Parameswar

===================

ഉച്ചക്ക് ഉറക്കം വരാതെ കിടക്കുമ്പോഴാണ് കുറച്ചുനാൾ മുൻപ് സൽമ പറഞ്ഞ വാക്കുകൾ ഓർമ്മയിലേക്ക് വീണ്ടും വന്നത്..

“രണ്ട് വർഷത്തിന് ശേഷം ലീവിന് വന്നിട്ടും കെട്ട്യോൻ ഉച്ചനേരത്ത് വല്ല കൊച്ചുവാർത്താനോം പറഞ്ഞിരിക്കാതെ പുറത്തേക്ക് പോയോ.. മെസ്സേജിലൂടെ അവളത് ചോദിക്കുമ്പോൾ ദേഷ്യം വന്നു എനിക്ക്..എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല…

“രണ്ട് മാസത്തെ ലീവല്ലേ ഉള്ളൂ ഇവിടെ അടുത്ത് കൂട്ടുകാരോടൊപ്പം ഇരിക്കാൻ പോയതാ..കല്ല്യാണം കഴിഞ്ഞെന്ന് കരുതി എന്റെ കെട്ട്യോനെ പൂർണ്ണമായും വീട്ട് തടങ്കലിൽ ആക്കാൻ എനിക്കിഷ്ടമല്ല..ആൾക്കും വേണ്ടേ സ്വാതന്ത്ര്യം..എന്ന് പറഞ്ഞ് ഞാൻ സൽമയുടെ മുൻപിൽ ഉത്തമ ഭാര്യയായി…

ലീവിന് വന്നാൽ അവളുടെ ഭർത്താവ് ഏത് സമയവും അവളോടൊപ്പം ആണത്രെ…”ഹും പെങ്കോന്തൻ തന്നെ” ഞാൻ മനസ്സിൽ പറഞ്ഞു..

എന്നാലും അവളത് പറഞ്ഞതിന് ശേഷം എന്തോ മനസ്സിലൊരു അസ്വസ്ഥത..രണ്ട് മാസത്തെ ലീവേ ഉള്ളൂ അവൾ പറഞ്ഞതിലും കാര്യമുണ്ട്..ഭക്ഷണം കഴിച്ചാലുടനെ കൂട്ടുകാരുടെ അടുത്തേക്ക് ഒരോട്ടം..കുറെയെണ്ണം ഒരു പണിയുമില്ലാതെ വീടിന് കുറച്ചകലെയുള്ള കലിങ്കിൽ ഇരിക്കുന്നുണ്ടാവും..വെറുതെയല്ല ഈ നാട് നന്നാവാത്തെ ഇവർക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേ.. എന്ന് മനസ്സിൽ പറഞ്ഞു.. അങ്ങേരുടെ കൂട്ടുകാരുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ മോശമല്ലാത്ത രീതിയിൽ ഒന്ന് ശപിച്ചു..അല്ല പിന്നെ..

ഏട്ടന് നാട്ടിൽ ഉള്ളപ്പോഴെങ്കിലും എന്നോടൊപ്പം ഇരുന്നൂടെ..ഒരു റൊമാന്റിക് ഇല്ലാത്ത മനുഷ്യനെയാണല്ലോ ദേവി എനിക്ക് കിട്ടിയത്.. അങ്ങനെ ഓരോന്ന് ചിന്തിച്ച് മുകളിലേക്ക് നോക്കി കിടന്നു…ഇനി വേണേൽ ഓടുകളെണ്ണാം അല്ലാതെന്താ..ഒരു വീട് വെക്കാനാണ് ഗൾഫിലേക്ക് പോയത് ഇത് വരെ അത് മാത്രം നടന്നില്ല..

മനുവേട്ടൻ വന്നതിന് ശേഷമാണെങ്കിൽ ഫോണിൽ സ്ഥിരമായി നെറ്റ് കേറ്റാറില്ല.. കഴിഞ്ഞാൽ അതും പറഞ്ഞ് പുറകെ നടക്കണം..അല്ലേൽ അങ്ങനെയെങ്കിലും നേരം പോയേനെ..

അങ്ങനെ ആലോചിച്ച് കിടക്കുമ്പോഴാണ് ഏട്ടന്റെ പണ്ടത്തെ “നോക്കിയ” ഫോണിനെ കുറിച്ചോർത്തത് ആദ്യമായി ഗൾഫിൽ പോയപ്പോൾ ആ ഫോണാണ് പുള്ളി കൊണ്ട് പോയത്…എനിക്ക് അന്ന് ടച്ച് ഫോൺ തന്നെ വാങ്ങി തന്നിരുന്നു..അല്ലെങ്കിലും സ്നേഹമുള്ള ഭർത്താക്കന്മാർ അങ്ങനെയല്ലേ ഭാര്യയെ ബുദ്ധിമുട്ടൊന്നും അറിയിക്കില്ല…അതൊക്കെ ഓർത്തപ്പോൾ മിഥുനം സിനിമയും ഓർമ്മ വന്നു..അതിലെ മോഹൻലാൽ പറയുന്നത് “ഒരു ചായ കുടിക്കാൻ കാശില്ലാതെ വാച്ച് ഊരി പണയം വാക്കുന്നവന്റെ മനസ്സിലെങ്ങനെയാടി പ്രേമം ഉണ്ടാവുക” അത് തന്നെ.. പാവം പ്രാരാപ്തങ്ങൾക്കിടയിൽ പെട്ട് റൊമാൻസ് കുറഞ്ഞതാവും..അല്ലാതെ സ്നേഹമില്ലാതെ ഒന്നുമല്ല..അപ്പോൾ എന്റെ മനസിൽ വീണ്ടും ഭർത്താവിനെ പറ്റി ഒരു മതിപ്പൊക്കെ വന്നു…

എന്തായാലും ഗൾഫിൽ പോയതിന് ശേഷം ഏട്ടൻ വേറെ ഫോൺ ഒന്ന് വാങ്ങി..എന്നാലും പഴയ ഫോൺ ഉപേക്ഷിച്ചില്ല എപ്പോഴും സ്വിച്ച് ഓഫ്‌ ആണ് എന്നാലും ഇടക്ക് എടുക്കുന്നത് കാണാം..തിരികെ പോകുമ്പോഴും കൊണ്ട് പോവും..ഞാൻ കാര്യമായൊന്ന് അന്വേഷിച്ചതിന് ശേഷം മേശ വലിപ്പിൽ നിന്ന് “ഫോൺ ” കിട്ടി…

പാമ്പ് ആപ്പിൾ വിഴുങ്ങുന്ന ഗെയ്യിം അതിൽ ഉണ്ടായിരുന്നു അതായിരുന്നു എന്റെ ഉദ്ദേശവും…ഇപ്പോഴല്ലേ നെറ്റ് ഒക്കെ ഉണ്ടായത് പണ്ടൊക്കെ ഇത് തന്നെ ശരണം..അല്ലെങ്കിലും വന്ന വഴി മറക്കരുതല്ലോ..ഫോണെടുത്ത് ഓൺ ചെയ്തു..

പാമ്പ് ആപ്പിൾ വിഴുങ്ങുംതോറും അത് വലുതായി വന്നു..അതിൽ ആവേശം കൂടിയപ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നത്..ശരത്ത് എന്ന് സേവ് ചെയ്തിരിക്കുന്നു…എടുത്തപ്പോൾ ഒരു സ്ത്രീ ശബ്ദമാണ് ഞാൻ ഹലോ എന്ന് പറഞ്ഞതും അപ്പുറത്ത് കോൾ കട്ടായി..

വീണ്ടും വിളിക്കണോ എന്ന് ഒരു നിമിഷം ചിന്തിച്ചു..വേണം വിളിക്കണം എന്ന് മനസ്സ് പറഞ്ഞു..ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ് മോൻ എന്റെ അരികിൽ തൊട്ടിലിൽ ഉറങ്ങി കിടക്കുന്നുണ്ട്..പല ചിന്തകൾ മനസ്സിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു…ഫോണെടുത്ത് തിരികെ വിളിച്ചു..വീണ്ടും അതേ സ്ത്രീ ശബ്ദം..

ഹലോ ആരാ നേരത്തെ ഇങ്ങോട്ട് വിളിച്ചല്ലോ..പിന്നീട് ഒന്നും മിണ്ടിയില്ല..ഞാൻ പറഞ്ഞു..

അത് നമ്പർ മാറിപോയതാ…അവൾ പറഞ്ഞു..

അപ്പോൾ നിങ്ങൾ മനുവിനെ അറിയില്ലേ ഞാൻ വീണ്ടും ചോദിച്ചു…

ഇല്ല എന്ന് പറഞ്ഞവർ വീണ്ടും ഫോൺ കട്ട് ചെയ്തു…

പേര് സേവ് ചെയ്തിട്ടിട്ടും അറിയില്ലെന്നോ…ഏതൊരു ഭാര്യയെ പോലെയും എന്റെയുള്ളും ഒന്ന് പിടഞ്ഞു…ചോദ്യം ചെയ്യുന്നതിന് മുൻപേ കൃത്യമായ തെളുവുകൾ ശേഖരിക്കണം..അല്ലേൽ എന്തെങ്കിലും കള്ളം പറഞ്ഞ് ഒഴിയും..അല്ലെങ്കിലും എന്തെങ്കിലും കണ്ടു പിടിക്കുന്നതിൽ എനിക്ക് പ്രത്യാക കഴിവുണ്ടെന്ന് ആരൊക്കെയോ പറഞ്ഞത് ഓർമ്മ വന്നു..വീണ്ടും എന്നിലെ സി. ഐ. ഡി സട കുടഞ്ഞെണീറ്റു…ഭർത്താവിന് മേൽ ഇത് വരെ യാതൊരു സംശയവും തോന്നിയിട്ടില്ല..അത്രമേൽ അദ്ദേഹം എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു..

പക്ഷേ ഞാൻ വെറും മണ്ടിയാവരുതല്ലോ..ഫോണിലെ മെസ്സേജുകൾ ഓരോന്നായി എടുത്ത് നോക്കി..”ഹാപ്പി ബർത്ത് ഡേ മൈ സ്വീറ്റ് ഹസ്ബൻഡ്”ആ മെസ്സേജിൽ കണ്ണുടക്കി നിന്നു..കുറച്ചു ദിവസം മുൻപത്തേതാണ്..ഞാൻ നമ്പർ നോട്ട് ചെയ്തു…നേരത്തെ കോൾ വന്ന നമ്പർ തന്നെ..ഇനി എന്റെ നമ്പറെങ്ങാനും ആണോ ഇത്.. എനിക്ക് തോന്നുന്നതാണോ.. വിശ്വാസം വരാത്ത പോലെ കണ്ണ് തിരുമ്മി വീണ്ടും നോക്കി..അത് തന്നെ..അതുപോലെ പ്രണയദിനത്തിൽ അയച്ച മറ്റൊരു മെസ്സേജും കണ്ടു..കുറച്ചു കോളുകളും അങ്ങനെ കിടക്കുന്നുണ്ടായിരുന്നു..കണ്ണ് അറിയാതെ തന്നെ നിറഞ്ഞൊഴുകി…വേറെ മെസേജോന്നും കണ്ടില്ല..ആൾ അങ്ങോട്ടും ഒന്നും തന്നെ അയച്ചിട്ടില്ല..എന്തായാലും ഇത് ഡിലീറ്റ് ചെയ്യാൻ മറന്നതാവും ഞാൻ മനസ്സിലോർത്തു..

സീതദേവി ഭൂമി പിളർന്ന് താഴേക്ക് പോയപോലെ എനിക്കും അപ്പോൾ പോവണമെന്ന് തോന്നി…മനസ്സൊക്കെ വല്ലാതെ തളർന്നു..തിരികെ പോയാലും ദിവസത്തിൽ ഒരു പത്ത് തവണയെങ്കിലും ഏട്ടൻ എന്നെ വിളിക്കുമായിരുന്നു..അത് കണ്ട് “ഇന്നലെ കല്ല്യാണം കഴിഞ്ഞല്ലേയുള്ളൂ” എന്ന് പറഞ്ഞ് അപ്പുറത്തെ വീട്ടിലെ ചേച്ചി കളിയാക്കുമായിരുന്നു…നിങ്ങൾക്കെന്താ ഇതിനുമാത്രം സംസാരിക്കാൻ എന്ന് വീട്ടിൽ ചെന്നാൽ അനിയത്തിയും അത്ഭുതപ്പെടും..

ശരിക്കും സുഹൃത്തുക്കളെ പോലെയായിരുന്നു ഞങ്ങളുടെ ഇതുവരെയുള്ള ജീവിതം..ചെറിയൊരു കാര്യം പോലും രണ്ട് പേരും തുറന്ന് പറയുമായിരുന്നു..അതൊക്കെ ഓർത്തപ്പോൾ കണ്ണുനീർ മഴ പോലെ പെയ്തിറങ്ങി…മുട്ടുകാലിൽ മുഖമമർത്തി കരഞ്ഞു..ക്രിസ്ത്യൻ കോളേജിൽ പഠിച്ചത് കൊണ്ട് വിവാഹത്തിന് മുൻപ് അച്ചൻ കുടുംബജീതത്തെ പറ്റി ക്ലാസ്സ് എടുത്ത് തന്നിരുന്നു…”ആണുങ്ങൾക്ക്‌ ഒരേ സമയം മൂന്ന് പെണ്ണുങ്ങളെ ഒരു കുറവും കൂടാതെ സ്നേഹിക്കാൻ കഴിയും ” എന്ന് പറഞ്ഞത് മനസ്സിലേക്ക് വന്നപ്പോൾ ഞാൻ ഉറപ്പിച്ചു..അവിഹിതം തന്നെ…

അങ്ങനെ എന്നെ പറ്റിക്കാൻ നോക്കണ്ട..ആ ത്മ ഹ ത്യ ചെയ്യണോ..ഞാനാലോചിച്ചു..ഏയ്‌ വേണ്ട അത് ഭീരുക്കളെ ചെയ്യൂ..എല്ലാ തുണികളും വാരികെട്ടി വീട്ടിലേക്ക് പോയാലോ…വേണ്ട ഇനി ഒരു പക്ഷേ മനുവേട്ടൻ നിരപരാധിയാണെങ്കിൽ ഞാൻ ക്ഷമിച്ചാലും വീട്ടുകാരുടെ മനസ്സിൽ നിന്ന് ആ നോവ് ഒരിക്കലും മായില്ല..

എന്തായാലും എന്റെ സ്നേഹം പകുത്ത് മറ്റൊരുവൾക്ക് കൊടുത്തതല്ലേ…എങ്ങനെ ഇനി ഒരുമിച്ച് ജീവിക്കും..അത്യാവശ്യം വിദ്യാഭ്യാസമില്ലേ ജോലിയെടുത്ത് മോനെയും നോക്കി ജീവിക്കാം..ചിന്തകൾ അങ്ങനെ ഒരുപാട് ഉയരത്തിൽ പോയി..

എന്തായാലും സത്യം എന്താണെന്ന് എനിക്കറിയണം കാരണം ഒരിക്കലും മനുവേട്ടനെ വിട്ട് പോവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല..ഒരു കാരണമെങ്കിലും എന്നെ ഇവിടെ പിടിച്ചു നിർത്താൻ ഉണ്ടാവണെ എന്ന് ഞാൻ പ്രാർത്ഥിച്ചു..എന്നിട്ട് ആ ഫോണിൽ നിന്ന് തന്നെ മനുവേട്ടനെ വിളിച്ചു..

“ഈ നിമിഷം തന്നെ വീട്ടിലേക്ക് വരണം എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..” ഞാൻ പറഞ്ഞു..എന്റെ ശബ്ദം വല്ലാതിരുന്നത് കൊണ്ട് ആളുടെ ശബ്ദവും എന്തോ ഇടറിയിരുന്നു..

പെട്ടന്ന് തന്നെ മനുവേട്ടൻ എത്തി..

ആര് അയച്ചതാ ഈ മെസ്സേജ്..ഞാൻ അങ്ങേയറ്റം സങ്കടത്തിലും ദേഷ്യത്തിലും ചോദിച്ചു…

ഏത് മെസ്സേജ്.. ഒന്നും അറിയാത്തതുപോലെ അത് ചോദിച്ചെങ്കിലും വാക്കുകൾ ഇടറിയിരുന്നു..

ഞാൻ ഫോൺ ആൾക്ക് നേരെ നീട്ടി കാണിച്ചു…

എനിക്കറിയില്ല..എന്ന് പറഞ്ഞതും എനിക്ക് ദേഷ്യം കൂടി…ആ ഫോൺ ഒറ്റ എറിന് നിലത്തുവീണ് ചിന്നി ചിതറി..ഞാൻ കരഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു..കുറച്ചുനേരം ഏട്ടൻ ഒന്നും മിണ്ടിയില്ല..

“ഞാൻ നിന്നെയും മോനെയും ഒരിക്കലും മറന്നിട്ടില്ല അഞ്ജന…ഇനി മറക്കുകയുമില്ല..”അതൊക്കെ പറഞ്ഞ് സകല ദൈവങ്ങളെയും മോനെയും പിടിച്ച് ആള് സത്യമിട്ടു..ഇത്രയും നാൾ മണ്ടിയായി ഇനിയും..പക്ഷേ ആളുടെ കണ്ണൊക്കെ ചുവന്നിരിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി.. എന്നാലും അങ്ങോട്ട് അധികം ശ്രദ്ധിച്ചില്ല…

രണ്ട് ദിവസങ്ങൾ കഴിഞ്ഞു…ഞങ്ങളെ ആകെമാനം മൗനം വന്ന് മൂടി…മനസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളെക്കാളും വേദന പ്രിയപ്പെട്ടവരുടെ മൗനത്തിന് ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു..എങ്കിലും ഏട്ടനോട് തുറന്ന് സംസാരിച്ചത് കൊണ്ട് ആ വാക്കുകളിലും നിറഞ്ഞ ആ കണ്ണുകളിലും ആത്മാർത്ഥ ഉണ്ടെന്ന് എനിക്ക് തോന്നി..എന്നാലും ഇതുവരെയില്ലാത്ത ഒരു സംശയം മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു..ഏട്ടന്റെ പല പ്രവൃത്തികളും ഓർത്തെടുത്തപ്പോൾ എല്ലാത്തിലും ഓരോ അർത്ഥങ്ങൾ ഉള്ളത് പോലെ തോന്നി..ഞാൻ പറ്റിക്കപ്പെടുകയായിരുന്നോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടമായി..

ഞാൻ എന്റെ ഫോണിൽ നിന്ന് അവളെ വീണ്ടും വിളിച്ചു…”ഞാൻ മനുവിന്റെ ഭാര്യയാണ്..നിങ്ങൾ എന്റെ ഭർത്താവുമായി എന്തോ അടുപ്പത്തിലാണെന്ന് അദ്ദേഹത്തിന്റെ ഫോണിലെ മെസ്സേജിൽ നിന്ന് മനസ്സിലായി..നിങ്ങൾക്ക് വിട്ട് പിരിയാൻ കഴിയില്ലെങ്കിൽ ഞാൻ മാറിത്തരാം..പറ്റിക്കപ്പെട്ട് ജീവിക്കുന്നതിനേക്കാളും നല്ലത് അതല്ലേ..അവൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു..

പിറ്റേ ദിവസം വീടിന് മുൻപിൽ ഒരു കാർ വന്ന് നിന്ന ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് വന്നത്..കാറിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി..വാട്സ്ആപ്പിൽ കണ്ട അതേ മുഖം..അവൾ തന്നെ ഞാൻ ഉറപ്പിച്ചു..ഫ്രണ്ട് ഡോർ തുറന്ന് ഏട്ടനും ഇറങ്ങി..

ഭഗവാനേ പറഞ്ഞപ്പോഴേക്കും ഇങ്ങ് പോന്നോ..ഞാൻ ശിലയായി അവിടെ തന്നെ നിന്നു..അപ്പോഴേക്കും ഒരു ചെരുപ്പക്കാരൻ കൂടി കാറിൽ നിന്നറങ്ങി…

ചേച്ചി എന്റെ പേര് രാഹുൽ അർച്ചനയുടെ ഫിയാൻസി ആണ് അവളെ നോക്കി അയാൾ പറഞ്ഞു..ഞങ്ങൾക്ക് കവലയിൽ നിന്നാട്ടോ മനുവേട്ടനെ കിട്ടിയത് ഞാൻ ഏട്ടനെ നോക്കുന്നത് കണ്ട് ചിരിച്ചുകൊണ്ട് രാഹുൽ പറഞ്ഞു..

എന്റെയും അർച്ചനയുടെയും വിവാഹം ഈ മാസം ഇരുപതാം തിയതി ആണ്..ദേ ഇവൾക്ക് കോളേജിൽ പഠിക്കുമ്പോൾ മനുവേട്ടനോടൊരു ഇഷ്ടമുണ്ടായിരുന്നു..മനുവേട്ടൻ അന്ന് അവിടെ ഓഫീസ് സ്റ്റാഫ് ആയിരുന്നല്ലോ..ഞാനും അവിടെ ഇവളുടെ സീനിയർ ആയിരുന്നു ..പക്ഷേ മനുവേട്ടൻ ഇവളെ തീരെ മൈൻഡ് ചെയ്തില്ല..അന്നൊക്കെ ഇവൾക്ക് വല്യ വിഷമം ആയിരുന്നു..എങ്കിലും ഇങ്ങനെയൊരു കുരുത്തക്കേടിവൾ ഒപ്പിക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല..ഞങ്ങളുടെ കല്യാണം ക്ഷണിക്കാൻ ഞാൻ പലരോടും അന്വേഷിച്ച് വാങ്ങിയതാ മനുവേട്ടന്റെ നമ്പർ..

ഇവൾ ചേച്ചി വിളിച്ചതിന് ശേഷമാണ് എന്നോടെല്ലാം തുറന്ന് പറയുന്നത്…

ചേച്ചി എന്നോട് ക്ഷമിക്കണം…എന്റെ ഇഷ്ടം നിരസിച്ചതിനും പിറകെ നടന്നിട്ടും എന്നോട് ഒരു വാക്ക് പോലും മിണ്ടാത്തതിനും ഞാൻ ഒരു ചെറിയ മധുരപ്രതികാരം ചെയ്തതാ പക്ഷേ അത് നിങ്ങളെ ഇത്രത്തോളം ബാധിക്കുമെന്ന് കരുതിയില്ല..ആളെയൊന്ന് പറ്റിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ..അവൾ പറഞ്ഞു കഴിഞ്ഞതും ഞാനവളുടെ മുഖത്ത് ആഞ്ഞടിച്ചു..എല്ലാവരും സ്തംഭിച്ച് നിന്നു…

ഇതിന്റെ പേരിൽ എത്ര ദിവസം ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് നിനക്കറിയാമോ..എന്തുമാത്രം ഞാൻ കരഞ്ഞെന്ന് അറിയാമോ…ദാമ്പത്യ ജീവിതത്തിൽ ഏറ്റവും വേണ്ടതാണ് സ്നേഹവും പരസ്പരവിശ്വാസവും..ആ വിശ്വാസം നഷ്ട്ടപ്പെട്ടാൽ അത് ഒരിക്കലും ചിലപ്പോൾ തിരിച്ചുവരില്ല..നീയൊക്കെ കളിയായി ഇങ്ങനെ ചെയ്യുമ്പോൾ തകരുന്നത് ഓരോ കുടുംബങ്ങളുമാണ്..തെറ്റിനേക്കാളേറെ തെറ്റിധാരണയുടെ പേരിലാണ് കുറെപേരും പരസ്പരം പിരിയുന്നത്..അവിടെ അനാഥമാകുന്നത് ഒന്നുമറിയാത്ത കുട്ടികളാണ്..

അന്ന് രാത്രി ശാന്തമായിരുന്നു മനസ്സ്..മനുവേട്ടന്റെ നെഞ്ചിൽ തല ചായ്ച്ച് ഞാൻ കിടന്നു..

എന്നാലും നീയവളെ തല്ലേണ്ടായിരുന്നു..മനുവേട്ടൻ പതുക്കെ പറഞ്ഞു..

എന്താ പറഞ്ഞേ…ഞാൻ തലയുയർത്തി ചോദിച്ചു…

അല്ല നീയവൾക്കിട്ട് ഒന്ന് കൊടുത്തത് നന്നായി..അല്ലേൽ പെണ്ണിനെ തല്ലിയെന്ന പേര് ഞാൻ കേൾക്കേണ്ടി വന്നേനെ..

ഉവ്വ്..ഇത് ആദ്യമേ അങ്ങ് തുറന്ന് പറഞ്ഞാൽ ഇങ്ങനെ വല്ലതും ഉണ്ടാവുമായിരുന്നോ..എന്ത്മാത്രം വിഷമിച്ചു..

അത് പിന്നെ എനിക്കറിയുമോ ആ പെണ്ണിന്റെ ഉദ്ദേശം എന്താണെന്ന്..ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കും..നീ അത് എങ്ങനെ എടുക്കുമെന്ന് അറിയാത്തതുകൊണ്ടാ പറയാതിരുന്നതും പേര് മാറ്റി സേവ് ചെയ്തതും പക്ഷേ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി…

ഏട്ടാ..മനസ്സ് പലപ്പോഴും എങ്ങോട്ടെങ്കിലുമൊക്കെ സഞ്ചരിക്കും..ചിലപ്പോൾ ആരോടെങ്കിലും ഇഷ്ടം തോന്നിയെന്നും വരാം..പക്ഷേ എന്ത് തന്നെയായാലും എന്നോടത് തുറന്ന് പറയണം..ഒന്നും ഒളിച്ചുവക്കരുത്..എന്നെ മടുത്തെങ്കിൽ അതുംപറയാം ഒന്നും മിണ്ടാതെ ഞാൻ മാറി തരാം..പക്ഷേ സ്നേഹം അഭിനയിച്ച് ചതിക്കരുത്.. ഒരിക്കലും എനിക്കത് താങ്ങാൻ കഴിയില്ല..

അഞ്ജന എന്റെ മനസ്സിൽ നീയും മോനും മാത്രമേ ഉള്ളൂ..നമ്മൾ കൂടുമ്പോഴുള്ള സന്തോഷത്തിന്റെ ലഹരിയോളം മറ്റൊന്നിലും ഇത് വരെ ഞാൻ കണ്ടിട്ടില്ല..എന്നും എപ്പോഴും അത് അങ്ങനെ തന്നെയായിരിക്കും..അത് പറഞ്ഞ് സിന്ദൂരം പടർന്ന എന്റെ നെറ്റിയിൽ മനുവേട്ടൻ അമർത്തി ചുംബിച്ചു..അപ്പോൾ ഞാൻ താലി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..ഈ ബന്ധത്തിന് ഒരിക്കലും കളങ്കം തട്ടല്ലേ എന്ന പ്രാർത്ഥനയോടെ..

” എന്നാലും ആ ഗെയ്യിം കണ്ടുപിടിച്ചവനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ..” എന്ന് ഏട്ടൻ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു കൂടെ മനുവേട്ടനും..അരികെ കിടക്കുന്ന ഞങ്ങളുടെ മോന്റെയും ചുണ്ടുകളിൽ അറിയാതെ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു..

~NeethuParameswar