അമ്മയുടെ ദിനം….
Story written by Sheena Pillai Singh
===================
രാവിലെ പതിവു പോലെ മുറ്റത്തുനിന്ന് ദിനപത്രം എടുത്തുകൊണ്ട് സാവിത്രിയമ്മ ഉമ്മറത്തേക്ക് കയറി.. കസേരയിൽ ഇരിക്കാൻ തുടങ്ങിയതേ ഉള്ളൂ… അകത്തുനിന്ന് മകൾ രാധയുടെ ശബ്ദം ..
“അമ്മേ .. ആ പത്രം ഇങ്ങു തന്നേ .. ചേട്ടന് ബാത്‌റൂമിൽ പോകണമെന്ന്..”
അകത്തേക്ക് കയറാൻ തുടങ്ങിയതും കൊച്ചുമകൾ ഉമ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ട് അകത്തേക്കോടി…
” അച്ഛാ.. ദാ പത്രം . .”
അടുക്കളയിൽ കയറി ചായ ഉണ്ടാക്കാമെന്ന് കരുതി സാവിത്രിയമ്മ ഫ്രിഡ്ജ് തുറന്നു പാൽക്കവർ എടുത്തതും പിന്നെയും രാധയുടെ ശബ്ദം..
” അമ്മേ കുറച്ചു സമയം കഴിഞ്ഞുമതി ചായയിടൽ.. ചേട്ടനും കൂടെ ഫ്രഷായി വരട്ടെ ..അല്ലെങ്കിൽ ചായ ആറിപ്പോകും..”
ഒന്നും മിണ്ടാതെ സാവിത്രിയമ്മ തന്റെ ചായിപ്പിലേക്കു കയറി… എന്നാൽ പിന്നെ അങ്ങു കിടന്നേക്കാം… കട്ടിലിൽ ഇരിക്കാനായി തുടങ്ങിയതും എന്തോ ഒരു ശബ്ദം . ഇരുണ്ട ചായിപ്പിൽ ടോർച്ചെടുത്തവർ കട്ടിലിനടിയിലേക്ക് തെളിച്ചു .
മൂന്നു ദിവസം മുൻപ് ഉമയ്ക്ക് കളിക്കാൻ അവളുടെ അച്ഛൻ വാങ്ങിക്കൊണ്ടു വന്ന പട്ടിക്കുട്ടി…എന്താ അതിന്റെ പേര്… സാവിത്രിയമ്മ ഓർക്കാൻ ശ്രമിച്ചു.
” ഹാ . ബെയ്ലി.. .. എന്താണാവോ അതിന്റെ അർഥം… “
ബെയ്ലി മ ല മൂ ത്ര വിസർജ്ജനം കഴിഞ്ഞു മൂളിയതാണപ്പോൾ കാര്യം .സാവിത്രിയമ്മ മെല്ലെ ജനാലപ്പടിയിൽ വെച്ചിരുന്ന പഴയ പത്രം എടുത്തു വന്നതു വൃത്തിയാക്കി… കട്ടിലിനടുത്തുള്ള മേശയിൽ നിന്നും ലോഷനെടുത്തു തറയിൽ തുടച്ചു കഴിഞ്ഞപ്പോളേക്കും അവരുടെ പുറവും കൈയും ഒക്കെ വേദനിച്ചു തുടങ്ങി..ഒന്നു മേലു ചായിച്ചതും കതകു തള്ളിത്തുറന്നു കൊണ്ട് രാധ അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു .
“എന്താ ഒരു നാറ്റം.. എന്നും ഭവാനി വന്നു തൂത്തുതുടക്കുന്നതല്ലേ അമ്മേ …ഒന്നു വൃത്തിയായി മുറി സൂക്ഷിച്ചുകൂടെ… “
അമ്മയുടെ ഉത്തരം പ്രതീക്ഷിക്കാതെ ബെയ്‌ലിയിയെ ഒക്കത്തെടുത്തു കൊഞ്ചിച്ചു കൊണ്ട് രാധ പോയി.
സാവിത്രിയമ്മ കണ്ണിറുക്കി അടച്ചു … എണ്പത്തിയാറു വയസ്സായി … ഇന്നും മകളുടെ വീട്ടിലെ ഒരുമാതിരി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്.. എന്നാലും മകൾ എപ്പോഴും കുറവ് കണ്ടുപിടിക്കാറേയുള്ളൂ..
രാധയുടെ അച്ഛൻ മരിച്ചശേഷം ‘അമ്മ ഒറ്റക്കായിപ്പോകും എന്ന് പറഞ്ഞു നിർബന്ധം പിടിച്ചു രാധ തന്നെയാണ് ഭർത്താവിനോടും കൊച്ചുമകളോടുമൊപ്പം അമ്മയുടെ വീട്ടിൽ താമസമാക്കിയതും..
സർക്കാർ സ്കൂളിലെ ടീച്ചർ ആയി റിട്ടയർ ചെയ്ത സാവിത്രിയമ്മക്ക് അത്യാവശ്യം കഴിഞ്ഞുകൂടാൻ തന്റെ പെൻഷനും സർക്കാർ അനുവദിച്ച വിധവാപെൻഷനും ധാരാളമായിരുന്നു.. പ്രൈവറ്റ് ബാങ്കിലെ ക്ലർക്കായ രാധയ്ക്ക് കിട്ടുന്ന ശമ്പളം അവളതുപോലെ ഭർത്താവിനെ ഏൽപ്പിക്കും ..ഉമയുടെ പഠിത്തത്തിനു വേണ്ടി സേവ് ചെയ്യണമത്രെ….
അടിച്ചുതളിക്കാരി ഭവാനിയുടെ ശമ്പളം സാവിത്രിയമ്മയാണ് കൊടുക്കേണ്ടത്.. അമ്മയുടെ വസ്ത്രം അവൾ കൈകൊണ്ടു നനക്കുന്നതല്ലേ.. മുറി തൂത്തുവാരുന്നു… വാഷിംഗ് മെഷീനിൽ അമ്മയുടെ വസ്ത്രം ഇടണ്ടായെന്ന് തീരുമാനിച്ചത് മരുമകനാണ്… ഉമയുടെ വസ്ത്രങ്ങളുടെയൊപ്പം അത് വേണ്ടായെന്ന് അയാൾ രാധയെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു…
ഗ്യാസ് , കറന്റ് ചാർജ്, പത്രം, കേബിൾ ഇതെല്ലാം പ്രത്ത്യേകം ചെലവ് സാവിത്രിയമ്മയുടെ വക . വൈകുന്നേരം സീരിയൽ കാണാൻ അമ്മയ്ക്കല്ലേ അത്യാവശ്യം. .
മുപ്പതു സെന്റും വീടും രാധയുടെ പേരിൽ എഴുതിക്കും മുൻപ് എന്തോരു സ്നേഹമായിരുന്നു മകൾക്കും മരുമകനും . അമ്മയെ കൊണ്ടൊരു ജോലി പോലും ചെയ്യിപ്പിക്കാതെ എടുത്തുകൊണ്ടു നടന്ന ആ സമയം…
” അമ്മേ മഴ നനയണ്ട ജലദോഷം പിടിക്കും”.
” അമ്മക്കു ചായ കൊടുത്തോ രാധേ”
മരുമകന്റെ പഴയ വാക്കുകൾ ഓർത്തോർത്തു പുഞ്ചിരിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ സാവിത്രിയമ്മ തിരിഞ്ഞു കിടന്നു.
ചുവരിലെ ക്ലോക്ക് ഒൻപതുപ്രാവശ്യം അടിച്ചപ്പോൾ അവർ നാവ് കൊണ്ട് ചുണ്ടു നനച്ചു.. തലേദിവസം തിളപ്പിച്ചു വച്ച ജീരകവെള്ളമെടുത്തവർ തൽക്കാലം ദാഹം ശമിപ്പിച്ചു..
തല വേദന സഹിക്കാതെയായപ്പോൾ മെല്ലെ അവർ ഹാളിലേക്ക് നടന്നു ..സോഫയിൽ ബെയ്‌ലിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ഉമ.. അവളെ വാത്സല്യത്തോടെ നോക്കി ചായ ഊതിക്കുടിച്ചു അടുത്തിരിക്കുന്ന രാധ ..പത്രം വായിച്ചു കൊണ്ടിരിക്കുന്ന മരുമകൻ… ഡൈനിങ്ങ് ടേബിളിന്റെ കോണിൽ പിടിച്ചുനിന്ന അമ്മയെ കണ്ടു രാധ ഒന്നു മുരടനക്കി..
” അമ്മേ ദാ ചായ പാതകത്തിൽ അടച്ചു വെച്ചിരിക്കിന്നു.. എടുത്തു കുടിച്ചേക്കൂ.. “
ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മകളുടെ ശബ്ദം പിന്നെയും…
” ആഹ്.. അമ്മേ… ബെയ്ലി രാവിലെ അപ്പിയിട്ടത് ‘അമ്മ കോരിക്കളഞ്ഞല്ലോ അല്ലെ.. അത് പിന്നെ എന്നാലെ ഭവാനി മുറിയിലേക്ക് കയറു എന്നു പറയുന്നു.. “
മെല്ലെ തലകുലുക്കികൊണ്ടു സാവിത്രിയമ്മ അടച്ചു വച്ചിരുന്ന തണുത്ത ചായ ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് തന്റെ ചായിപ്പിലേക്കു കയറി..
ഫോണിലെന്തോ കണ്ടു പിന്നിൽ മൂവരുടെയും പൊട്ടിച്ചിരി…
” അമ്മുമ്മേ .. ഇത് കണ്ടോ… അമ്മ പോസ്റ്റ് ചെയ്ത പടം ..ദാ നോക്കിക്കേ..”
” ഉമാ . അവിടെ നിന്നെ.. അമ്മുമ്മ ഹാസ് നോട് ടേക്കൺ ഹെർ ബാത്ത്.. ഞാൻ കാണിക്കാം… നീ ഇങ്ങു വന്നേ..”
തന്റെ പിന്നാലെ ഓടി വന്ന ഉമയുടെ കൈയിൽനിന്നും ഫോൺ തട്ടിപ്പറിച്ചു കൊണ്ട് രാധ ചായിപ്പിലേക്കു കയറി..
” ദാ അമ്മേ.. ഇന്ന് മദർസ് ഡേ ആണ് .. ഞാൻ നമ്മുടെ ഫാമിലി ഗ്രൂപ്പിൽ അമ്മയുടെ കോളേജ് ഗ്രാജുയേഷൻ പടം ഇട്ടപ്പോ കണ്ടോ എത്രപേരാ അന്വേഷണം പറഞ്ഞിരിക്കുന്നെ.. നോക്കിക്കേ .”
കണ്ണടയെടുത്തുവെച്ചു അവർ മകൾ കാട്ടിയ പടങ്ങൾ കണ്ടു…. കണ്ണട ഒന്ന് മങ്ങിയോ… .
ഓസ്ട്രേലിയയിൽ നിന്നും ആങ്ങളയുടെ മകൾ വീണയുടെ മെസ്സേജ് രാധ വായിച്ചു കേൾപ്പിച്ചപ്പോൾ അവർ ഒന്നു വിങ്ങി…
” അമ്മേ… ഒന്ന് കുളിച്ചുവേഗം വന്നേ .. ഓണത്തിന് ചേട്ടൻ വാങ്ങിച്ചുതന്ന സെറ്റ് സാരി ഉടുക്കണേ .സെല്ഫിയിടാമെന്ന് ഞാൻ എല്ലാരോടും പറഞ്ഞതാ…”
പറഞ്ഞു കൊണ്ട് രാധ പുറത്തേക്കിറങ്ങി…
“അപ്പോൾ ഇന്ന് മദർസ് ഡേ .. എല്ലാരും സുഖമായി ഇരിക്കട്ടെ…ഭഗവാനെ.. “
തന്നോട് തന്നെ പിറുപിറുത്തുകൊണ്ട് സാവിത്രിയമ്മ കട്ടിലിലേക്ക് ചാഞ്ഞു.
പഴകിയ തലയിണ കവർ വൃത്താകൃതിയിൽ നനഞ്ഞു കുതിർന്നു.
-dedicated to all mothers