പെട്ടെന്ന് തന്നെ അവർ തിരിഞ്ഞ് എന്റെ അടുത്തേക്ക് വന്നു. ശേഷം എന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു…

Story written by Anjana Pn

===================

ഒരിക്കൽ ഒരു പരീക്ഷ കാലം. പരീക്ഷയുടെ രണ്ടുദിവസം മുന്നേ മാത്രം പുസ്തകം തുറക്കുന്ന ഒരു പ്രത്യേക അസുഖമുള്ളവരായിരുന്നു ആ ഹോസ്റ്റലിലുള്ള ഞങ്ങൾ എല്ലാവരും. വീട്ടിൽ പോലും പോവാതെ രാവും പകലും ഇല്ലാതെ പഠിക്കണം എന്നാ തന്നെ സപ്ലിമെന്ററി ഇല്ലാതെ പാസാവാൻ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അവിടേക്ക് ഒരു കൈനോട്ടക്കാരി വരുന്നു. ഇരു നിറമായി മുടി മുകളിലേക്ക് വാരി കെട്ടി ചുമന്ന വലിയ പൊട്ടുതൊട്ട് ഒരു സ്ത്രീ. അവരുടെ മുഖത്തേക്ക് നോക്കിയാൽ തന്നെ അറിയാം മുഖം നിറയെ ഗൗരവമാണ്. അവർ ആരോടും അനുവാദം ചോദിക്കാതെ ഞങ്ങളുടെ ഹോസ്റ്റലിന്റെ (ഒരു വീട്ടിലായിരുന്നു അന്ന് ഞങ്ങൾ നിന്നിട്ടുണ്ടായിരുന്നത് ) ഗേറ്റ് തള്ളിത്തുറന്ന് ചുറ്റുപാടും ഒന്ന് നോക്കിയതിനുശേഷം മെല്ലെ മുറ്റത്തേക്ക് നടന്നു. എല്ലാവരും ഓരോ ഭാഗത്ത് കൂട്ടംകൂട്ടമായിരുന്നു ആണ് പഠിക്കുന്നത്.ആ വീടിന് വലിയ ഒരു മുറ്റമായിരുന്നു ഉണ്ടായിരുന്നത് നിറയെ മാവും പേരക്കയും എല്ലാം നട്ടുപിടിപ്പിച്ച നല്ല പൂന്തോട്ടത്തോടുകൂടിയ ഒരു മുറ്റം. അപരിചിതയായ അവരെ കണ്ടതും ഞങ്ങളുടെ സീനിയറായ ഒരു ചേച്ചി ഓടി വന്നു എന്താണ് കാര്യം എന്ന് ചോദിച്ചു.

കൈ നോക്കാൻ വന്നതാ എന്നുഅവർ ഞങ്ങളോട് പറഞ്ഞു. അതൊന്നും പറ്റില്ല എത്രയും പെട്ടെന്ന് എവിടെ നിന്ന് പുറത്തു പോകണമെന്ന് ആ ചേച്ചി പറഞ്ഞപ്പോൾ കുറച്ചുനേരം അവരുടെ മുഖത്തേക്ക് നോക്കി അവരുടെ അവരുടെ കഴിഞ്ഞ കാലത്തിലെ എന്തൊക്കെയോ സംഭവങ്ങൾ അവരോട് പറഞ്ഞു. അതുകേട്ടതും ചേച്ചി ഫ്ലാറ്റ്.

പിന്നെ അവർ ഓരോരുത്തരുടെയും കൈ നോക്കാൻ തുടങ്ങി. ഇതെല്ലാം ഞാൻ വേറൊരു മറച്ചുവട്ടിൽ നിന്ന് കാണുന്നുണ്ടായിരുന്നു. എങ്കിലും ആ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നില്ല കാര്യം കൈനോട്ടം ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.ഞാൻ അതിന്റെ ബുക്കുകൾ ഒക്കെ എല്ലാം വാങ്ങി പഠിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഓരോ തവണ കൈ നോക്കുമ്പോഴും അവർ aമ്പത് രൂപയാണ് വാങ്ങുന്നത് എന്റെ കയ്യിൽ അത്രയൊന്നും എടുക്കാനില്ല. ( കഥ നടക്കുന്നത് 2004 ലാണ് കേട്ടോ അന്ന് 50 രൂപ ഒക്കെ കുറച്ചു വലിയ സംഖ്യയാണ് ) മാത്രവുമല്ല പരീക്ഷ അടുപ്പിച്ച് കാടാമ്പുഴ ക്ഷേത്രത്തിൽ ഒന്നും പോവാൻ പ്ലാൻ ഉണ്ട് അപ്പോൾ കയ്യിലുള്ള ക്യാഷ് ഇവർക്ക് കൊടുത്താൽ പിന്നെ കാടാമ്പുഴ പോക്ക് നടക്കില്ല അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി ആ മൂലയിൽ തന്നെ ഇരുന്ന് പുസ്തകം മറച്ചു കൊണ്ടിരുന്നു.

അവർ ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്. അവസാനം പോകാൻ നേരം അവർ എല്ലാവരോടും യാത്ര ചോദിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് തന്നെ അവർ തിരിഞ്ഞ് എന്റെ അടുത്തേക്ക് വന്നു. ശേഷം എന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി ഞാൻ ഇരുന്ന ഇരിപ്പിൽ തന്നെ അവരുടെ മുഖത്തേക്കും തുറിച്ചുനോക്കി( എന്റെ കണ്ണാണെങ്കിൽ രണ്ട് നല്ല ഉരുണ്ട കണ്ണുകളാണ് എന്റെ തുറിച്ചു നോക്കൽ കണ്ട് ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്തോ അവർ വേഗം മുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു)

അച്ഛന് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടും അതോർത്ത് സങ്കടപ്പെടേണ്ട എന്ന് പറയു…. ഇത് കേട്ടതും ഞാനാകെ സ്തംഭിച്ചു പോയി കാരണം അന്ന് അച്ഛൻ ഒരാൾക്ക്ക്യാഷ് കടം കൊടുത്തിരുന്നു. കാലാവധി കഴിഞ്ഞിട്ടും അയാൾ തിരിച്ചു തന്നില്ല. അതോർത്തു അച്ഛനും ഭയങ്കര വിഷമമായിരുന്നു.

അയ്യോ ചേച്ചി എന്റെ കൈയും മുഖവും നോക്കി ഒന്നും പറയണ്ട എന്റെ കയ്യിൽ നിങ്ങൾക്ക് തരാൻ പൈസ ഒന്നുമില്ല. പെട്ടെന്ന് തന്നെ അവർ എന്റെ അടുത്തായി ഇരുന്നു. ബാക്കിയുള്ള പിള്ളേരെല്ലാം അപ്പോൾ പഠിത്തത്തിലേക്ക് തിരിഞ്ഞിരുന്നു കാരണം അവർ നോട്ടം നോക്കാൻ തുടങ്ങിയിട്ട് കുറെ സമയം ആയിട്ടുണ്ട് എല്ലാവരുടെയും കഥകൾ കേട്ട് ഒട്ടുമിക്ക ബാക്കിയുള്ളവർക്കെല്ലാം ബോറടിച്ചിരുന്നു അതുകൊണ്ടുതന്നെ എന്റെ അടുത്തേക്ക് പ്രത്യേകിച്ച് ആരും വന്നിരുന്നില്ല. നീ കരുതിവച്ച എന്ത് ചെറിയ പൈസ തന്നാലും മതി ഇത് ഞാൻ പറയാം. എന്റെ മുഖത്തുനോക്കി ഇങ്ങനെ പറഞ്ഞു.

നിന്റെ കൂടെ നിന്റെ സങ്കടത്തിൽ നിന്നെ സഹായിക്കാനായി എന്നും ഒരു ആത്മാവ് ഉണ്ട് അവരെ പറഞ്ഞു വിടരുത്. ( അത് എന്റെ അച്ഛമ്മയാണെന്ന് എനിക്ക് അന്ന് ഉറപ്പായിരുന്നു ആ കഥ ഞാൻ ഈ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് ). ശേഷം അവർ ഓരോന്നായി പറയാൻ തുടങ്ങി കല്യാണം കഴിക്കാൻ പോകുന്നവനെ കുറിച്ചും, അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും എല്ലാം. അവസാനം അവർ പറഞ്ഞ കാര്യമായിരുന്നു എനിക്ക് വളരെ ആശ്ചര്യമായി തോന്നിയത്. ഇന്നേക്ക് 41 ദിവസത്തിനുള്ളിൽ നീ നിന്നെ കല്യാണം കഴിക്കാൻ പോകുന്നവനെ കണ്ടുമുട്ടു എന്നും എന്നാൽ നിങ്ങൾക്ക്പരസ്പരം സംസാരിക്കാനോ ഒന്നും പറ്റില്ല എന്നും.

അതിനുശേഷം ഞാൻ ദിനങ്ങൾ എണ്ണി കാത്തിരിപ്പായി എന്നാണ് ഈ കണവനെ കാണുന്നത് എന്ന് അറിയില്ലല്ലോ? നാട്ടിൽ പോകുമ്പോൾ എല്ലാം ബസ്സിലും ചുറ്റുപാടും ഞാൻ നോക്കും ആരായിരിക്കും എന്റെ കല്യാണ ചെക്കൻ?( അറിയാനുള്ള അത്യാഗ്രഹം കൊണ്ടാണ് കേട്ടോ അല്ലാണ്ട് വായ് നോട്ടം ഒന്നുമല്ല 😄)

പിന്നീട് ഒരിക്കൽ ഒരു ഓണക്കാലത്ത് ഞങ്ങളെല്ലാവരും ബസ് കാത്തു നിൽക്കുകയാണ്. ഞങ്ങൾ കുട്ടികളെ കണ്ടിട്ടാണെന്ന് തോന്നുന്നു ബസ് ഒന്നും നിർത്തുന്നില്ല. ഞങ്ങളുടെ കോളേജിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്. കുറെ നേരം ബസ് കാത്തു നിന്നിട്ടും ആരെയും കാണുന്നില്ല പെട്ടെന്നാണ് ഒരുകൂട്ടം ചെറുപ്പക്കാർ ഞങ്ങളുടെ മുന്നിലേക്ക് വന്നത്.

കുറെ നേരമായല്ലോ ഈ നിൽപ്പ് നിൽക്കുന്നത് കൂട്ടത്തിലെ ഒരു ചെക്കൻ ഞങ്ങളുടെ എല്ലാവരോടുമായി ചോദിച്ചു!!!ഞങ്ങൾ ബസ്സ് പിടിച്ചു തരാം അവർ പിന്നാലെ വന്ന ബസ്സിന് നേരെ കൂട്ടമായി കൈ കാണിച്ചു. ആ പയ്യന്മാരെ കണ്ടിട്ടാണോ എന്തോ ബസ് അവിടെ നിർത്തി. അവർ പെട്ടെന്ന് തന്നെ ഞങ്ങളോട് കേറാൻ പറഞ്ഞു. ഞങ്ങളുടെ കൂടെ തന്നെ ആ പയ്യന്മാരും കേറി. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്ന ഉണ്ടാവും ആ പയ്യനാണ് എന്റെ കല്യാണ ചെക്കൻ എന്ന്. എന്നാൽ അതല്ല…

അന്നൊന്നും കോളേജ് കുട്ടികൾക്കൊന്നും സീറ്റിൽ ഇരിക്കാൻ അനുവാദമില്ല ഈ ചേട്ടൻമാർ എല്ലാം സീറ്റിൽ ഇരിക്കുക യാണ്. ഞാൻ എന്റെ കയ്യിലുള്ള ബാഗും ബുക്കും എല്ലാം കൂടിയിരിക്കുന്ന പയ്യന്മാരുടെ അടുത്ത് കൊടുത്തു സുഖമായി ബസ്സിൽ നിന്നു. അവസാനം ഇറങ്ങാൻ നേരം എന്റെ ബാഗ് ചോദിച്ചപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു നീ ഇറങ്ങിക്കോ ഞാൻ ജനുവാതിൽ കൂടെ താഴേക്ക് ഇട്ടു തരാം. ബസ് സ്റ്റാൻഡിൽ എത്തിയതും ഞാൻ ഇറങ്ങി ഈ പയ്യൻ മുകളിലൂടെ ബാഗു താഴത്തേക്ക് ഇട്ടു തന്നു. പക്ഷേ ഒരു ബുക്ക് മാത്രം അയാളുടെ കയ്യിൽ ആയി. അവസാനം ബസ് എടുക്കാൻ നേരം അയാൾ ഉറക്കെ എന്റെ പേര് വിളിച്ചു ഇതാ ബുക്ക് എന്ന് പറഞ്ഞു ജനവാതിന്‍റെ പുറത്തൂടെ നീട്ടി. ഞാൻ ഓടിച്ചെന്ന് അത് വാങ്ങി താങ്ക്യൂ എന്നു പറഞ്ഞു തിരികെ നടന്നു പക്ഷേ അപ്പോഴും ഞാൻ ആ മുഖം ശ്രദ്ധിച്ചിരുന്നില്ല.

തിരിച്ചു വീട്ടിലെത്തി രാത്രി കിടക്കാൻ നേരമാണ് ഞാൻ കലണ്ടറിലേക്ക് നോക്കിയത് ഇന്നായിരുന്നു ആ 41 ദിവസം കഴിയുന്നത്. ( കലണ്ടറിൽ കൃത്യമായി 41 ദിവസം ഞാൻ അടയാളപ്പെടുത്തിയിരുന്നു)ഇത്രയായിട്ടും ഞാനെന്റെ കല്യാണ ചെക്കനെ കണ്ടില്ലല്ലോ മനസ്സ് വെറുതെ ആകുലപ്പെട്ടു.

അതുകഴിഞ്ഞ് കുറെ കാലത്തിനുശേഷം ഞാൻ ആ കൈ നോട്ടക്കാരിയെ ഒന്നുകൂടെ കണ്ടു. വെറുതെ അവരുടെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിച്ചു അവർ എന്റെ അടുത്ത് വന്ന് ഒന്ന് പുഞ്ചിരിച്ചു.

എന്നാലും ന്റെ ചേച്ചിയെ നിങ്ങൾ പറഞ്ഞാൽ 41 ദിവസം ഒക്കെ കഴിഞ്ഞു ഞാൻ എന്റെ ചെക്കനെ ഒന്ന് കണ്ടത് പോലുമില്ല. ഉള്ളിലുള്ള വിഷമം എല്ലാം പുറത്തെടുത്ത് ഞാൻ പറഞ്ഞു

ആരു പറഞ്ഞു?

നീ കണ്ടിട്ടുണ്ട് അവനോട് നീ സംസാരിച്ചിട്ട് ഉണ്ട്

41ആം ദിവസം

അത്രയും പറഞ്ഞ് അവർ മുന്നോട്ടു നോക്കി ഒറ്റ നടത്തം ആയിരുന്നു …..

എന്തു പറയണം എന്നറിയാതെ ഞാൻ ആ നിൽപ്പ് നിന്നു . എത്ര ആലോചിച്ചിട്ടും 41 ആം ദിവസം കണ്ട പയ്യന്റെ മുഖം മാത്രം എന്റെ മനസ്സിൽ ഇല്ല….

കാലം പിന്നെയും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. എന്റെ കല്യാണം കഴിഞ്ഞു.ഒരിക്കൽ ഞാൻ എന്റെ ബുക്ക്‌ എല്ലാം അടിക്ക് പെറുക്കി ഇരിക്കുയാണ്. എന്റെ അടുത്തുവന്നിരുന്ന കെട്ടിയോൻ അതെല്ലാം നോക്കുകയാണ്. പെട്ടെന്ന് തന്നെ ഒരു ബുക്ക് എടുത്ത് അങ്ങേര് എന്റെ നേരെ നോക്കി ഇങ്ങനെ പറഞ്ഞു. അഞ്ജന ഈ ബുക്ക് എടുക്കാൻ നീ മറന്നു…. ഞാൻ അങ്ങേരെ തിരിഞ്ഞുനോക്കി എന്തോന്ന് എന്ന അർത്ഥത്തിൽ….

അപ്പോൾ അങ്ങേര് പറഞ്ഞ കാര്യമാണ് എന്നെ ഞെട്ടിച്ചത് അന്ന് ബസ്സിൽ കണ്ട് എനിക്ക് നേരെ ബുക്ക് നീട്ടിയ ആ പയ്യൻ തന്നെയാണ് ഈ പയ്യൻ… അന്ന് ആ ബുക്കിന്റെ മുകളിൽ ഞാൻ എന്റെ പേര് ഒരു പ്രത്യേക ആകൃതിയിലാണ് എഴുതിയിട്ടുണ്ടായിരുന്നത്.അതിന്റെ താഴെയായി മഹാത്മാഗാന്ധിയുടെ എന്തോ ഒരു വാചകവും എഴുതിവെച്ചിട്ടുണ്ടായിരുന്നു അത്ഇപ്പോൾ കണ്ടപ്പോഴാണ് പെട്ടെന്ന് അങ്ങേർക്ക് ആ സംഭവം ഓർമ്മ വന്നത്.

ഏതായാലും ആ കൈ നോട്ടക്കാരി പറഞ്ഞത് അച്ചട്ടായി. പിന്നെ ഒരിക്കലും ഇതുപോലെ സത്യങ്ങൾ പറഞ്ഞ ഒരു കൈനോട്ടക്കാരിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴും കൈ നോക്കാൻ വരുന്നവരുടെ മുഖം ഞാൻ സൂക്ഷിച്ചു നോക്കാറുണ്ട് അവരുടെ മുഖത്ത് ചുമന്ന വലിയ പൊട്ടുണ്ടോ മൂക്കിൽ ചുവന്ന കൽ മൂക്കുത്തി ഉണ്ടോ എന്നൊക്കെ…..പക്ഷേ അവരെ പിന്നെ ഞാൻ കണ്ടതേയില്ല……