മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
പുറത്തിറങ്ങിയ ജോജി വേഗം ഫോണെ ടുത്തു പള്ളിയിൽ നിന്നും അച്ഛന്റെ കോളാ യിരുന്നു
” ഹലോ അച്ഛാ…”
” എടാ ജോജി നിങ്ങളെവിടെയെത്തി..? “
” ഞങ്ങൾ എയർപോർട്ടിൽ നിന്നും തിരിച്ചതെ ഉള്ളച്ചോ…”
” അതെന്താ ഫ്ലൈറ്റ് വൈകിയോ..? “
” അതല്ലച്ചോ..ഇവിde അടുത്തൊരു റെസ്റ്റോറന്റിൽ നിർത്തി അവർക്ക് ഫുഡ് വാങ്ങി കൊടുത്തേക്കുവാ അതാണ്..”
” ങ്ഹാ അത് നന്നായി..ഇവിടെ വന്ന് കഴിഞ്ഞാൽ പിന്നെ ശ്രുതിയെങ്ങിനെ സഹിക്കുമെന്ന് പറയാൻ പറ്റില്ല..നീ അവളോട് എന്തേലും പറഞ്ഞോ..”
” ഇല്ല..ഞാനൊന്നും പറഞ്ഞില്ല..എല്ലാം അവിടെ വന്നിട്ട് അറിയട്ടെ…അല്ലങ്കിൽ ഇവിടുന്നെ കരച്ചിലും ബഹളവുമാകും “
” മ്മ്മ്…” അച്ഛനൊന്നു മൂളി..
” അവിടെ എന്തായി അച്ചോ..? “
” സാമിന്റെ കാലിൽ രണ്ട് ബുള്ളെറ്റ് ഉണ്ടായിരുന്നു അത് രണ്ടും എടുത്തുമാറ്റി.. അവനി പ്പോഴും ബോധം വീണട്ടില്ല പോലീസുകാർ കാവലുണ്ട്.
പിന്നെ ഇവിടുത്തെ ജില്ലാ ആശുപത്രിയിലെ ഫോറൻസിക് ഡോക്ടർ ലീവാണ് പകരം വേറെ ഡോക്ടർ വന്നാണ് ചെയ്യുന്നത് ഈപ്പച്ചന്റെ പോസ്റ്റ്മോർട്ടം നടക്കുന്നു സാറായുടേത് കൂടിയുണ്ടല്ലോ..”
” എന്നാ ശരിയച്ചോ അവര് കഴിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു പൈസ കൊടുക്കട്ടെ ഞാൻ കട്ട് ചെയ്യുവാണെ” അത് പറഞ്ഞുകൊണ്ട് ജോജി ഫോൺ വച്ചു അകത്തേക്ക് ചെന്നു
” നിങ്ങള് കഴിച്ചു കഴിഞ്ഞോ..? ” ജോജി സിനിയോട് ചോദിച്ചു
” ആം കഴിഞ്ഞു..”
” ബാത്റൂമിലോ മറ്റോ പോണെങ്കിൽ പോയിട്ട് വരൂ ഇനിയും മണിക്കൂറുകൾ യാത്രയുണ്ട്..”
” ശ്രുതി പോയിട്ടുണ്ട് അവൾ വരട്ടെ..”
അവർ സംസാരിച്ചു നിന്നപ്പോഴേക്കും ശ്രുതി വന്നു
” എന്നാലിനി പോയേക്കാം അല്ലേ ” ജോജി ചോദിച്ചു അവർ തലയാട്ടി.
ഒരുകുപ്പി വെള്ളവും വാങ്ങി പൈസയും കൊടുത്തിട്ട് അവർ യാത്ര തുടർന്നു വീണ്ടും വണ്ടിയിൽ മൗനം മാത്രമായി..ഇടക്ക് ശ്രുതിയും സിനിയും പതിയെ മയക്കത്തിലേക്ക് വീണു.
വണ്ടിയോടിക്കുന്നതിനിടയിലും ജോജിയുടെ നോട്ടം ശ്രുതിയിലേക്ക് ചെന്നു.ഒന്നും അറിയാതെ ഉറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്റെ നെഞ്ചൊന്നു പൊള്ളി..
ഒറ്റ രാത്രികൊണ്ട് കുടുംബത്തെ നഷ്ടമായത് ഇവൾ എങ്ങിനെ സഹിക്കും..
സ്വന്തം മാതാപിതാക്കൾ ദാരുണമായി കൊല ചെയ്യപ്പെട്ടു..
ആകെ ഉള്ള ഒരു കൂടപ്പിറപ്പ് കൊലപാതകിയായി പോലീസ് കസ്റ്റഡിയിൽ..അവിടെ ചെല്ലുമ്പോൾ ആ കാഴ്ചകൾ എങ്ങിനെ ശ്രുതിക്ക് താങ്ങാനാവും…ദുഖത്തോടെ ജോജി ആലോചിച്ചു…
ലിനുവിന്റെ ചിന്തകളും ഇതൊക്കെ തന്നെയായിരുന്നു..ശ്രുതിയെകുറിച്ചോർത്ത് അവന്റെ ഉള്ളിലും വല്ലാത്തൊരു വിഷമം തോന്നി..അത് അവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാനും കഴിയുമായിരുന്നു.
ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ജോജി വണ്ടി ഈപ്പച്ചന്റെ വീടിന്റെ മുന്നിൽ നിർത്തി.
വണ്ടി നിന്നതറിഞ്ഞു ശ്രുതിയും സിനിയും കണ്ണ് തുറന്നു..ചുറ്റും നോക്കിയപ്പോൾ അത് തന്റെ വീടാണെന്ന് അവൾക്ക് മനസിലായി.. പക്ഷേ അവിടെ കാണുന്ന ആൾകൂട്ടം മാത്രം എന്താണെന്ന് മനസിലായില്ല അവൾ സിനിയെ നോക്കി പതർച്ചയോടെ ചോദിച്ചു.
” എന്താടി ഇവിടൊരു ആൾകൂട്ടം..? “
” അറിയില്ലല്ലോ..”
സിനിക്കും ആകെ സംശയമായി അപ്പോഴേക്കും ജോജി വന്ന് ഡോർ തുറന്നു കൊടുത്തിട്ട് ഇറങ്ങാൻ പറഞ്ഞു.
അച്ഛനും സാറയുടെ ബന്ധുവായ അച്ഛനും ബാക്കി കമ്മറ്റിക്കാരും ശ്രുതിയുടെ അടുത്തേക്ക് ചെന്നു..അവൾ പകച്ചുകൊണ്ട് അച്ഛനെ നോക്കി അപ്പോഴേക്കും പോലീസുകാരും അങ്ങോട്ട് ചെന്നു..
” എന്താ ഫാദർ ഇവിടെ വലിയ ആൾക്കൂട്ടവും പോലീസുമൊക്കെ..? ” ചുറ്റും നോക്കികൊണ്ട് ശ്രുതി ചോദിച്ചു
” മോള് വാ അങ്കിൾ പറഞ്ഞു തരാം..”
സാറയുടെ ബന്ധുവായ അച്ഛൻ അവരെയും കൂട്ടി സിഐയുടെ അടുത്തേക്ക് ചെന്നു കൂടെ മറ്റുള്ളവരും.
” സാർ ഇതാണ് ഈപ്പച്ചന്റെ മകൾ..”
സി ഐ അനുകമ്പയോടെ അവളെയൊന്നു നോക്കി.
” ആണോ..കുട്ടി ഇവിടെയിരിക്ക്..”
അടുത്തു കിടന്ന കസേര കാണിച്ചിട്ട് സിഐ പറഞ്ഞു
ശ്രുതിയതിൽ ഇരുന്നു.. സിഐ തുടർന്നു
” എനിക്ക് കുറച്ചു കാര്യങ്ങൾ ശ്രുതിയിൽ നിന്ന് അറിയാനുണ്ട്..”
” എന്താ സാർ..” അവൾ പേടിയോടെ ചോദിച്ചു.
” ഈപ്പച്ചനും സാമുമായി എന്തെങ്കിലും പ്രശനങ്ങൾ ഉള്ളതായിട്ട് അറിയാമോ..? “
” ഇല്ല സാർ…ഞങ്ങൾ എല്ലാവരും നല്ല സന്തോഷത്തിൽ ആണ് കഴിഞ്ഞിരുന്നത്.. പപ്പയും ചേട്ടായിയും കൂട്ടുകാരെ പോലെ ആയിരുന്നു..അവധി കഴിഞ്ഞു ഞാൻ പോകുന്നത് വരെ ഒരു പ്രശനവും ഉണ്ടായിട്ടില്ല..”
” മ്മ്..ഞാൻ പറയുന്ന കാര്യങ്ങൾ കുട്ടി സമാധാനമായിട്ട് വേണം കേൾക്കാൻ “
പിന്നെ അവിടെയുണ്ടായതായി അവർ സംശയിക്കുന്ന കാര്യങ്ങൾ അദ്ദേഹം അവളോട് വിശദീകരിച്ചു.
സാമിന് ഇതുവരെ ബോധം വീണിട്ടില്ലെന്നും അവൻ ഉണർന്നാൽ മാത്രമേ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയാൻ പറ്റു എന്നും സിഐ പറഞ്ഞു നിർത്തിയതും ശ്രുതി ബോധരഹിതയായി നിലത്തേക്ക് വീഴാൻ തുടെങ്ങി.
എന്നാൽ അവൾക്ക് അരികിൽ നിന്ന ജോജിയുടെ ബലിഷ്ഠമായ രണ്ട് കരങ്ങൾ അവളെ താങ്ങി നിർത്തി അപ്പോഴേക്കും ലില്ലിയും മോളിയും വേറെ കുറച്ചു പെണ്ണുങ്ങളും കൂടി അങ്ങോട്ട് ചെന്നു..
മുഖത്തു വെള്ളം വീണ ശ്രുതി പതുക്കെ കണ്ണുകൾ തുറന്നു തനിക്ക് ചുറ്റും കൂടിയി രിക്കുന്നവരെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.. ലില്ലിയെ കെട്ടിപിടിച്ചു ശ്രുതി പൊട്ടിക്കരഞ്ഞു എല്ലാവരും കൂടി അവളെ ആശ്വസിപ്പിച്ചു.
അതിൽ പലരും തന്റെ വീട്ടുകാരെ കണ്ടാൽ ദേഷ്യത്തോടെ നോക്കിയിരുന്നവർ ആണെന്ന് അവൾ ആ നിമിഷം തിരിച്ചറിഞ്ഞു..ദൂരെ സിഐയും അച്ചന്മാരും എന്തോ സംസാരിക്കുന്നത് അവൾ കണ്ടു
” ജോജി…”
അച്ഛൻ വിളിക്കുന്നത് കേട്ട് അവൻ അങ്ങോട്ട് ചെന്നു ചോദിച്ചു
” എന്താ അച്ചോ “
” എടാ ഒരു പ്രശനം ഉണ്ട്..സാറയുടെ പോസ്റ്റ്മോർട്ടം ഇന്ന് തീരില്ല..ഇപ്പോ തന്നെ സമയം ഇത്രയും ആയില്ലേ ചെയ്യാൻ തുടെങ്ങാൻ പോയപ്പോൾ അവിടെ കറണ്ടിന്റെ പ്രശനം വന്നൂന്ന്..”
” ആണോ..അപ്പോൾ ഇനി എന്ത് ചെയ്യും.”
” എന്ത് ചെയ്യാനാ..ഈപ്പച്ചന്റെ ബോഡി മോർച്ചറിയിലേക്ക് മാറ്റി രണ്ടുപേരുടെയും ഒന്നിച്ചു നാളെ കൊണ്ടുവരാം.. അപ്പോഴേ ക്കും സാമിനും ബോധം വീഴുമായിരിക്കും..”
ആ വാർത്ത അവിടെ നിന്നവർക്കി ടയിലേക്ക് പടർന്നു അത് ശ്രുതിയുടെ ചെവിയിലും എത്തി അവൾ പൊട്ടിക്കരഞ്ഞു.
ആ ഗ്രാമത്തിലുള്ളവർ മുഴുവനും അവിടെ എത്തിയിരുന്നു. ഈപ്പച്ചനും കുടുംബവും ശത്രുതപുലർത്തിയിരുന്ന പലരും ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് താങ്ങായി അവിടെനിന്നു..രാത്രി ഏറെ നിര്ബന്ധിച്ചിട്ടാണ് അവൾ ഒരു കഷ്ണം ബ്രെഡും ചായയും കുടിച്ചത്..
ലില്ലിയും സിനിയും അവളുടെ അടുത്തുതന്നെയിരുന്നു ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്ന ജോജിയെ ശ്രുതി കാണുന്നുണ്ടായിരുന്നു.
അവൻ മാത്രമല്ല അവളും കുടുംബവും ശത്രുക്കളായി കണ്ട പലമുഖങ്ങളും ആ ആപത്തു നേരത്തു കൂടെയുണ്ടെന്നുള്ള തിരിച്ചറിവ് അവളുടെ കണ്ണുകളെ നീരണിയിച്ചു..
വികാരിയച്ചനും സാറയുടെ ബന്ധുവായ അച്ഛനും മേടയിലേക്ക് പോയി.. അവിടെത്തെ കാര്യങ്ങളെല്ലാം ജോജിയും മറ്റ് ചെറുപ്പക്കാരും ചേർന്ന് ഏറ്റെടുത്തു..
പിറ്റേദിവസം പന്ത്രണ്ട് മണിയോടെ രണ്ടുപേരുടെയും ബോഡിയുമായി ആംബുലൻസുകൾ ആ വീടിന്റെ മുറ്റത്തെത്തി.
എല്ലാവരും ചേർന്നു പെട്ടികൾ മുറ്റത്തൊരുക്കിയിരുന്ന പന്തലിലേക്ക് എടുത്തുകിടത്തി. ശ്രുതി ഭ്രാന്തമായി കരഞ്ഞുകൊണ്ട് അങ്ങോട്ടോടി പക്ഷേ എല്ലാവരും ചേർന്ന് അവളെ തടഞ്ഞു വച്ചു.
എന്നിട്ട് അവരുടെ അരികിലായി ഒരു കസേരയിൽ അവളെയിരുത്തി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പിൽ സാമിനെ അവിടെത്തിച്ചു കാലുകളിൽ മുറിവുള്ളതു കൊണ്ട് വീൽചെയറിൽ ആയിരുന്നു അവനെ കൊണ്ടുവന്നത്.
ശ്രുതിയുടെ അടുത്തേക്കു അവനെയും കൊണ്ട് പോലീസുകാരെത്തി അതുകണ്ട ശ്രുതി ഒരു ഭ്രാന്തിയെ പോലെ അലറി കൊണ്ട് പറഞ്ഞു..
” കൊണ്ടുപോ അവനെ എനിക്കോ എന്റെ പപ്പയ്ക്കോ മമ്മിക്കോ ഇവനെ കാണേണ്ട”
അപ്പോഴും സാമിന്റെ മുഖത്തു യാതൊരു കുറ്റബോധവും ഉണ്ടായില്ല. ആളുകളും അച്ഛമാരും അവന്റെയടുത്തേക്ക് എത്തി
സിഐ അവനോട് യാഥാർഥ്യത്തിൽ അവിടെ എന്താണ് ഉണ്ടായതെന്ന് ചോദിച്ചു..
ഈപ്പച്ചൻ കൂട്ടുകാരെ കുറിച്ചു സംശയത്തോടെ ചോദിച്ചതു മുതൽ ഇന്നലെ സംഭവിച്ച കാര്യങ്ങൾ വരെ അവൻ വിശദമാക്കി..
ഒരു കുറ്റബോധവുമില്ലാതെ അവൻ കാര്യങ്ങൾ വിശദീകരിക്കുന്നത്
കേട്ടവരെല്ലാം മൂക്കത്തു വിരൽ വച്ചു.. ശ്രുതി വാവിട്ട് കരഞ്ഞു.
അവളുടെ സങ്കടം കണ്ട് അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ ജോജിയുടെ ഉള്ളു തുടിച്ചു പക്ഷേ സമയവും സാഹചര്യവും മോശമായതുകൊണ്ട് അവനതെല്ലാം ഉള്ളിൽ ഒതുക്കി.
പോലീസുകാർ അവനെ വീടിന്റെ അകത്തേക്കു കൊണ്ടുപോയി.. തെളിവെടുപ്പ് നടത്തി വാക്കത്തിയും തോക്കും നേരത്തെ തന്നെയവർ കസ്റ്റഡിയിൽ എടുത്തു എല്ലാം കഴിഞ്ഞു സാമുമായി അവർ പുറത്തേക്കിറങ്ങി.
അപ്പോഴേക്കും അച്ചന്മാർ മതപരമായ ചടങ്ങുകൾ തുടെങ്ങിയിരുന്നു. എല്ലാവർക്കും കാണാനായി പൊതുദർശനത്തിനായി കുറച്ചു സമയം കൊടുത്തു.
ശ്രുതി അവർക്ക് അന്ത്യചുംബനം കൊടുത്തു സാം അതിനു ശ്രെമിച്ചപ്പോൾ ശക്തമായി തന്നെ അവളെതിർത്തു. പിന്നെ ബോഡികൾ ആംബുലൻസിൽ വിലാപയാത്രയായി പള്ളിയിലേക്ക് അവിടയെത്തിച്ചു.
അവിടുത്തെ കർമങ്ങൾ കഴിഞ്ഞു വീണ്ടും സെമിത്തേരിയിലേക്ക് അവിടെ ഒരുക്കിയിരുന്ന കല്ലറകളിലേക്ക് ജോജിയും കൂട്ടുകാരും ചേർന്നു പെട്ടികൾ ഇറക്കി രണ്ടുപേരുടെയും കുഴിമാടത്തിൽ ഓരോ പിടി മണ്ണ് വാരിയിട്ടതും ശ്രുതി ബോധരഹിതയായി താഴേക്ക് വീണു.
അച്ഛന്റെ നിർദ്ദേശപ്രകാരം അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ആഹാരവും വെള്ളവും കുടിക്കാതെ അവളാകെ തളർന്നിരുന്നു ഡോക്ടർ വന്ന് ഡ്രിപ് ഇടാൻ പറഞ്ഞു..
പള്ളിയിൽ നിന്നും സാമും ഹോസ്പിറ്റലിൽ വീണ്ടുമെത്തി അവന്റെ കൈയുകൾ പോലീസുകാർ വിലങ്ങുവച്ചു പുറത്തു പോലീസുകാർകാവൽനിന്നു..സെമിത്തേരിയിലെ ചടങ്ങുകൾക്ക് ശേഷം അച്ഛൻ ഇടവക്കാരോട് എല്ലാം പള്ളിയിലേക്ക് വരാൻ നിർദ്ദേശിച്ചു..എല്ലാവരും പള്ളിയിലെത്തി..
പള്ളിയിലേക്ക് വന്ന അച്ഛൻ അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു തുടെങ്ങി.
” ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത് ഒരു സുപ്രധാന കാര്യത്തിൽ തീരുമാനമെടു
ക്കാനായിട്ടാണ്…അത് വേറെയൊന്നുമല്ല ശ്രുതിയുടെ കാര്യമാണ്..കാര്യം സംഭവി
ക്കാനുള്ളത് സംഭവിച്ചു ഈപ്പച്ചന്റെ കുടുംബം നമുക്കാർക്കും ഒരു നന്മയും ചെയ്തിട്ടില്ല പകരം ഉപദ്രവിക്കാവുന്നവരെ എല്ലാം തന്നെ അത് ചെയ്തിട്ടുണ്ട്…”
അച്ഛനൊന്ന് നിർത്തിയിട്ട് എല്ലാവരെയും വീണ്ടും നോക്കി എന്നിട്ട് തുടർന്നു..
” പക്ഷേ ഇനിയതൊന്നും നമ്മൾ ചിന്തിക്കേണ്ട ഇനി നമ്മൾ ചെയ്യെണ്ടത് അനാഥയായ ഒരു പെൺകുട്ടിയുടെ സംരക്ഷണമാണ്. ആ വീട്ടിൽ ശ്രുതിക്ക് താമസിക്കാനാവില്ല അത് പോലീസുകാർ പൂട്ടിയിട്ടു..ഇനി കേസും കാര്യങ്ങളും ഒക്കെ കഴിഞ്ഞു എന്നത് തുറക്കുമെന്ന് പറയാൻ കഴിയില്ല..
ഇവിടെ സാറയുടെ ബന്ധുവായ അച്ഛനുണ്ട് പക്ഷേ ശ്രുതിയെ കൂട്ടികൊണ്ട് പോകാൻ അച്ഛന് പറ്റില്ല.. അച്ഛന്റെ ഇടവകയിൽ ഒരു പെൺകുട്ടിയെ താമസിപ്പിക്കാൻ പറ്റില്ല അതാണ് ഇതേ പറ്റി നിങ്ങളോട് അഭിപ്രായം ചോദിക്കാന്നു തീരുമാനിച്ചത്..”
എല്ലാവരും പരസ്പരം നോക്കി..
” അച്ചോ ഞാനൊരു കാര്യം പറയട്ടെ..” ജോജി അച്ഛന്റെ അനുവാദം ചോദിച്ചു
” എന്താ ജോജി നീ പറഞ്ഞോ..”
” അത് അച്ചോ വേറെയൊന്നുമല്ല നമ്മുടെ പള്ളിക്ക് കന്യാസ്ത്രി മഠവും ഹോസ്റ്റലും ഉണ്ടല്ലോ നമ്മുടെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർ അവിടെ താമസിക്കുന്നുണ്ട് അവിടെ ഒരു മുറി കൊടുത്താൽ പോരെ..”
അത് കേട്ട അച്ഛൻ മറ്റുള്ളവരോട് അഭിപ്രായം ചോദിച്ചു എല്ലാവരും ജോജിയുടെ അഭിപ്രായത്തോട് യോജിച്ചു അച്ഛൻ തുടർന്നു പറഞ്ഞു
” ഇത് മാത്രം പോരാ അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകുന്നത് വരെ നമ്മുടെ സംരക്ഷണത്തിൽ ആയിരിക്കണം അത് സമ്മതമാണോ..”
” സമ്മതമാണ് അച്ചോ ഒരു പെൺകുട്ടിയല്ലേ നമ്മുടെ വീടുകളിൽ ഉണ്ടല്ലോ പെൺകുട്ടികൾ അതുകൊണ്ട് ശ്രുതിയുടെ എല്ലാകാര്യത്തിനും ഞങ്ങൾ ഉണ്ടാകും..ഇന്നത്തെ കാലത്തു പെൺകുട്ടികളെ തനിച്ചാക്കുന്നത് ശരിയല്ലല്ലോ..” ഒരു കമ്മിറ്റിഅംഗം പറഞ്ഞു
എല്ലാവരും കൂടി ഹോസ്പിറ്റലിൽ പോയി ശ്രുതിയെ കണ്ടു തളർന്ന് അവശയായിരുന്നു അവൾ സിനിയും ലില്ലിയും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്..
അച്ഛൻ അവൾക്കരുകിൽ ഇരുന്നു
“എങ്ങിനെയുണ്ട് മോളെ..ആശ്വാസം തോന്നുന്നുണ്ടോ…? “
അവൾ തലയാട്ടി…
” രണ്ടുപേരുടെയും അടക്കം കഴിഞ്ഞു ഇനി ഏഴാം ദിവസം നമുക്ക് ഒരു പ്രാർത്ഥന നടത്താം അത് പോരെ..”
” മതിയച്ചോ..” അവൾ വിങ്ങികൊണ്ട് പറഞ്ഞു.
” ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് സാമിന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം..അവനെ ജാമ്യത്തിൽ ഇറക്കാനുള്ള വക്കീലിനെ കാണണ്ടേ..”
” വേണ്ടച്ചോ…അവനിനി പുറംലോകം കാണരുത് അവനെ രക്ഷിക്കാനായി ഞാൻ ഒന്നും ചെയില്ല. ഇന്ത്യൻ നിയമത്തിലെ ഏറ്റവും വലിയ ശിക്ഷ തന്നെ അവനു കിട്ടണം..അത് തടയാനായി ഞാനൊന്നും ചെയില്ല..അത്രമേൽ ഞങ്ങളെല്ലാം അവനെ സ്നേഹിച്ചിരുന്നു “
” ഓക്കേ..എന്നാൽ അങ്ങിനെയാവട്ടെ നിങ്ങളുടെ പ്രിൻസിപ്പൽ വിളിച്ചിരുന്നു എക്സമിനു ചെല്ലുന്നുണ്ടോന്ന് ചോദിച്ചു..”
” ഞാൻ പോകുന്നില്ല..എനിക്ക് ഇനി അതൊന്നും പറ്റില്ല..”
” മോളെ സിനി നിനക്കുള്ള ടിക്കറ്റ് മറ്റന്നാൾ റെഡിയായിട്ടുണ്ട്..ഇവിടന്ന് തന്നെ എയർപോർട്ടിൽ കൊണ്ടുപോയി വിടാം.. വന്നതിനും ശ്രുതിക്ക് താങ്ങായി നിന്നതിനും സന്തോഷം..ശ്രുതി രണ്ട് ദിവസം കൂടി റസ്റ്റ് എടുക്ക് ഞാൻ പിന്നെ വരാം..”
അതും പറഞ്ഞു അച്ഛനും വന്നവരും പുറത്തേക്ക് നടന്നു കുറച്ചു മുന്നോട്ട് പോയിട്ട് ജോജി തിരിഞ്ഞു നോക്കി അപ്പോൾ അവനെ തന്നെ നോക്കിയിരിക്കുന്ന ശ്രുതിയെ കണ്ടു അവനൊന്ന് പുഞ്ചിരിച്ചു..
സിനിക്ക് പോകാനുള്ള ദിവസം ജോജി വന്നു സിനി റെഡിയായിരുന്നു പോകാൻ അവൾ യാത്ര പറഞ്ഞപ്പോൾ ശ്രുതി പൊട്ടിക്കരഞ്ഞു എക്സമെല്ലാം തീർന്നാൽ ഉടൻ തന്നെ അവളുടെ അടുത്തേക്കു വരാമെന്നും പറഞ്ഞിട്ട് സിനി ജോജിക്കൊപ്പം നടന്നു.
ജോജിക്കൊപ്പം ഈ പ്രാവശ്യം മോനിച്ചൻ ആയിരുന്നു സിനിയോട് പരിചയമായത് കൊണ്ട് അവർ മിണ്ടിയും പറഞ്ഞും യാത്ര തുടർന്നു. എയർപോർട്ടിൽ എത്തിയപ്പോൾ അകത്തു കയറാൻ സമയം ഒരുപാട് ബാക്കി ഉണ്ടായിരുന്നു..മോനിച്ചൻ ചോദിച്ചു
” നമ്മൾ നേരത്തെ എത്തിയല്ലേ ജോജി..”
” മ്മ്…വഴിയിൽ വല്ല ബ്ലോക്കും കിട്ടിയാ ലോന്നു വിചാരിച്ചാ നേരത്തെ ഇറങ്ങിയത് എന്തായാലും സിനി വാ നമുക്ക് എന്തെങ്കിലും കഴിക്കാം..വാടാ മോനിച്ചാ “
” ഞാനില്ലാട നീ സിനിയെ കൊണ്ടുപോയി വല്ലതും വാങ്ങി കൊടുക്ക്.. ഞാനിവിടെ ഇരിക്കാം..”
” വാ സിനി പോയിട്ട് വരാം..” അതും പറഞ്ഞിട്ട് ജോജി വണ്ടിയിൽ കയറി ഒപ്പം സിനിയും അവനൊരു റെസ്റ്റോറെന്റിന്റെ മുന്നിൽ വണ്ടിനിർത്തിയിട്ട് ഇറങ്ങി
കഴിക്കാൻ ഭക്ഷണം പറഞ്ഞിട്ട് അവർ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു
” ജോജി…ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ..? “
” എന്താ സിനി..എന്താ ചോദിക്കാനുള്ളത് “
” ജോജിക്ക് ശ്രുതിയെ ഇഷ്ടമാണോ…? “
” എന്താ ഇപ്പോൾ താൻ ഇങ്ങനെ ചോദിച്ചത് “
ശ്രുതിയുടെ മനസിലുള്ള കാര്യങ്ങൾ സിനി ജോജിയോട് പറഞ്ഞു ലീവ് തീർന്നു തിരിച്ചു പോയപ്പോഴും അവിടെ ചെന്നിട്ടും അവളനുഭവിച്ച മാനസിക വിഷമങ്ങൾ എല്ലാം ജോജി എല്ലാം കേട്ടിരുന്നു…
” ജോജിക്കറിയാലോ എല്ലാം നഷ്ടപെട്ടവൾ ആണ് ഇപ്പോ ശ്രുതി…ജോജി മാത്രമാണ് അവളുടെ ഏക ആശ്വാസം താനവളെ കൈവിടരുത് ജോജി…”
” സിനി ശ്രുതിയുടെ കാര്യമോർത്തു വിഷമിക്കേണ്ട…ശ്രുതിയുടെ എല്ലാ കാര്യങ്ങളും ഇനി ഇടവകകരാണ് നോക്കുന്നത് ഡിസ്ചാർജായാൽ പള്ളി വക ഹോസ്റ്റലിൽ താമസിപ്പിക്കും ഓരോ കാര്യത്തിലും ഞങ്ങളുടെ ശ്രെദ്ധ ഉണ്ടാകും
ബാക്കി കാര്യങ്ങൾ അതെല്ലാം പിന്നീട് ആലോചിക്കാം…”
ഫുഡ് കഴിച്ചിട്ട് തിരിച്ചെത്തിയ സിനി അവരോട് യാത്ര പറഞ്ഞു നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ ശ്രുതിയുടെ അടുത്തു വരുമെന്ന് അവൾ പറഞ്ഞു ഒപ്പം ജോജിയുടെ ഫോൺ നമ്പറും വാങ്ങി അകത്തേക്കു നടന്നു..
ജോജിയും മോനിച്ചനും തിരിച്ചു നാട്ടിലേക്കും ശ്രുതിയെ പിറ്റേദിവസം ഡിസ്ചാർജ് ചെയ്തു ഹോസ്റ്റലിൽ ആക്കി സാമും ഡിസ്ചാർജായി അവനെ പോലീസ് നേരെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വാങ്ങിച്ചു ഈ വിവരങ്ങളെല്ലാം പേപ്പറിലൂടെ ശ്രുതി അറിയുന്നുണ്ടായിരുന്നു.
ഒരു ദിവസം അച്ഛനും സിഐ യും ശ്രുതിയെ കാണാൻ ചെന്നു
” ശ്രുതി സാമിന്റെ റിമാൻഡ് തീരാറായി അവന്റെ കാര്യത്തെ കുറിച്ച് സംസാരിക്കാനാ സാർ വന്നിരിക്കുന്നത് ” അച്ഛൻ പറഞ്ഞു
” കുട്ടി എന്താ സാമിന്റെ കാര്യത്തിൽ തീരുമാനം അവനെ ജാമ്യം എടുക്കാനോ ഒരു വക്കീലിനെ ഏർപെടുത്താനോ പ്ലാൻ ഉണ്ടോ..? ” സിഐ ചോദിച്ചു
അവൾ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു
” ഇല്ല സാർ…സ്വന്തം അപ്പനെയും അമ്മയെയും നിഷ്കരുണം കൊന്ന അവൻ ഇനി പുറംലോകം കാണരുത്.. എന്റെ പപ്പ അത്രയേറെ അവനെ സ്നേഹിച്ചിരുന്നു..എന്നിട്ടും അവൻ ഇത് ചെയ്തില്ലേ..ഒന്നുമില്ലായ്മയിൽ നിന്നും വളർന്നവനാണ് എന്റെ പപ്പ അധ്വാനിച്ചുണ്ടാക്കിയതാണ് ഞങ്ങളുടെ സ്വത്തെല്ലാം അതൊരിക്കലും തെറ്റായ മാർഗത്തിലായിരുന്നില്ല ഒരു ലഹരിയുടെ ബിസിനസ്സും ചെയ്തിരിന്നുമില്ല.
പിന്നേ പൈസയുടെ അഹങ്കാരം ഉണ്ടായിരുന്നു അത് സത്യമാണ്..എന്റെ അഭിപ്രായത്തിൽ കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ അവന് കിട്ടണം എന്നാണ്..” അവളുടെ ഭാഗം ന്യായമാണെന്ന് അറിയാവുന്നത് കൊണ്ട് അവർ പിന്നെ കൂടുതൽ സംസാരിച്ചില്ല..
സാമിന്റെ ജീവിതം ജയിലും കോടതിയു മായി തീർന്നു ഇരട്ട കൊലപാതകവും മയക്കുമരുന്ന് കേസും ആയതുകൊണ്ടും വീട്ടുകാർക്ക് കേസ് നടത്താൻ താല്പര്യം ഇല്ലന്ന് മനസിലായതുകൊണ്ടും മരണം വരെ തൂക്കിലേറ്റുക എന്ന് ശിക്ഷയാണ് കോടതി അവനു വിധിച്ചത്.
ഇതെല്ലാം ശ്രുതി അറിയുന്നുണ്ടായിരുന്നു എപ്പോഴൊക്കെയോ അവളുടെ മനസ് പഴയ കാലങ്ങളോർത്തു തേങ്ങി..പ ള്ളിയിൽ വരുമ്പോൾ ജോജിയും ശ്രുതിയും പരസ്പരം കാണുമെങ്കിലും അവന്റെ ഭാഗത്തുനിന്നും അനുകൂലമായി ഒരു പെരുമാറ്റവും അവൾക്ക് കാണാൻ സാധിച്ചില്ല..
ഒരു ഞായറാഴ്ച്ച ജോജിയും കൂട്ടുകാരും പള്ളിമുറ്റത്ത് ഇരിക്കുമ്പോൾ അപരിചിതനായ ഒരാൾ അങ്ങോട്ട് വന്നു ചോദിച്ചു
” അതേ ഇവിടുത്തെ അച്ഛനെയൊന്നു കാണാൻ പറ്റോ..”
അവർ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി എന്നിട്ട് ചോദിച്ചു
” ചേട്ടൻ ഏതാ..എവിടുന്നാ വരുന്നത് ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ “
” ഞാൻ വയനാട്ടിൽ നിന്നുമാണ് വരുന്നത് ശ്രുതിയെ ഒന്ന് കാണണമായിരുന്നു..”
” അതെന്തിനാ..? ” ജോജി ചോദിച്ചു
” ഞാൻ പീറ്റർ ഈപ്പച്ചൻ മുതലാളിയുടെ തോട്ടത്തിലെ മാനേജറാണ് “
” ശരി ചേട്ടൻ വാ..” അവർ അയാളെയും വിളിച്ചുകൊണ്ട് അച്ഛന്റെയടുത്തു ചെന്നു എന്നിട്ട് കാര്യങ്ങൾ പറഞ്ഞു..
” ജോജി നീ ചെന്ന് ഹോസ്റ്റലിൽ നിന്നും ശ്രുതിയെ വിളിച്ചുകൊണ്ട് വാ..”
അച്ഛൻ പറഞ്ഞത് കേട്ട് ജോജി ഹോസ്റ്റലി ൽ ചെന്ന് അവിടുത്തെ ഇൻചാർജ് സിസ്റ്ററിനോട് കാര്യം പറഞ്ഞിട്ട് ശ്രുതിയെയും കൂട്ടി അച്ഛന്റെയടുത്തേക്ക് നടന്നു. പള്ളിയിലെത്തിയ ശ്രുതി പീറ്ററിനെ കണ്ടു അന്ധാളിപ്പോടെ അടുത്തേക്കു ചെന്ന് ചോദിച്ചു
” എന്താ പീറ്റർ ചേട്ടാ വന്നത് എന്ത്പറ്റി..? “
” അത് പിന്നെ മോളെ ഞാനൊരു കാര്യം പറയാൻ വന്നതാ..ആ രാജനെ കൊണ്ട് ഒരു രക്ഷയുമില്ല..മുതലാളി മരിച്ചതിൽ പിന്നെ അവന്റെയും കൂട്ടുകാരുടെയും ഭരണമാണ് തോട്ടത്തിൽ പെണ്ണുങ്ങൾക്ക് ജോലിക്ക് ഇറങ്ങാൻ വയ്യാത്ത അവസ്ഥയാണ് “
” അയ്യോ അതിനിപ്പോ എന്ത് ചെയ്യും ചേട്ടാ പപ്പ ഉള്ളപ്പോഴെ അയാളൊരു തലവേദനയാ..പോലീസിൽ പരാതി കൊടുത്താലോ..? “
” ആരാ ഈ രാജൻ..? ” അച്ഛൻ ചോദിച്ചു
” അത് അച്ചോ പപ്പയുടെ അപ്പച്ചൻ രണ്ടാമത് കല്ല്യാണം കഴിച്ചപ്പോൾ അവരുടെ കൂടെയുണ്ടായിരുന്ന മോനാണ് പപ്പയുമായി ഒരു ബന്ധവുമില്ല എന്നാലും അവകാശം വേണമെന്നും പറഞ്ഞു എന്നും പ്രശനമാണ്..”
” പോലീസിൽ പരാതി കൊടുത്തൂടെ..”
” കാര്യമില്ലച്ചോ..അവിടെ ഉണ്ടായിരുന്ന എസ് ഐ അയാളുടെ ആളായിരുന്നു ഇപ്പോ അയാളുപോയി പകരം ആരും വന്നിട്ടില്ല.. പീറ്റർ പറഞ്ഞു
” ഇനിയിപ്പോ എന്ത് ചെയ്യും..” അച്ഛൻ പറഞ്ഞിട്ട് ആലോചിച്ചിരുന്നു
” അച്ചോ ഞങ്ങളൊന്നു അവിടെ വരെ പോയി നോക്കിയാലോ..? ” ജോജി ചോദിച്ചു
” ഏയ് വേണ്ടാ അതൊന്നും ശരിയാവില്ല “
ശ്രുതി അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു
” എന്ന് പറഞ്ഞാൽ എങ്ങിനെയാ ശരിയാകുന്നെ മിണ്ടാതിരുന്നാൽ അയാളുടെ ശല്ല്യം കൂടുകയേ ഉള്ളു.. അച്ചോ എന്തായാലും ഞങ്ങൾ കുറച്ചുപേര് അവിടെ വരെ പോയി നോക്കാം..അയാളുമായി ഒന്ന് സംസാരിച്ചു നോക്കാം..”
തുടരും