Story written by Sumayya Beegum T A
========================
എന്തിനാണ് നീ പറയാതെ ഇറങ്ങിപ്പോയത് ?പറയെടി ?
എന്നോട് ഒന്നും ചോദിക്കണ്ട എനിക്ക് ഈ ബന്ധം തുടരാൻ താല്പര്യമില്ല.
കാരണം ?
കാരണം എന്റേത് തന്നെ. അതിനെപ്പറ്റിയും ഇനിയൊന്നും ഞാൻ സംസാരിക്കില്ല.
സംസാരിക്കണമല്ലോ ചങ്കിൽ കൊണ്ട് നടന്നിട്ടു ചുമ്മാ ഇറങ്ങി പോയാൽ പുറകെ വരില്ലെന്ന് ഓർത്തോ ?
ദയവു ചെയ്തു എന്നെ ഉപദ്രവിക്കരുത് എന്നുപറഞ്ഞു റൂമിലേക്ക് കയറി വാതിലടക്കാൻ പോയ അവളെ അവൻ പിടിച്ചു നിർത്തി.
എന്നെ വെറുതെ വിട്, തനിക്കു എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും ഞാൻ ചീത്തയാണ്.
അതും പറഞ്ഞു കുതറി മാറിയവളുടെ കവിളിൽ ആഞ്ഞടിച്ചവൻ.
സത്യം പറയെടി.
ബയോപ്സി റിസൾട്ട് വന്നോ ?
അതുകേട്ട് അവൾ ഞെട്ടിത്തരിച്ചു.
പുറകിൽ നിന്ന അവളുടെ മാതാപിതാക്കളും. കല്യാണം കഴിഞ്ഞു അഞ്ചു മാസമയതേയുള്ളു തങ്ങൾ മനഃപൂർവം അവനെ ചതിച്ചു എന്നോർത്താണോ കുട്ടിയെ അവൻ ഉപദ്രവിച്ചത്.
പറയെടി.
പതിനഞ്ചു ദിവസം മുമ്പ് രാവിലെ എഴുന്നേറ്റപ്പോൾ വയറ്റുവേദന കൊണ്ട് നീ പുളയുന്നതു ഞാൻ കണ്ടതാണ്. ഹോസ്പിറ്റലിൽ പോകാൻ പോയപ്പോൾ സമ്മതിച്ചില്ല ഞാൻ അറിയാതെ നീ ഒറ്റയ്ക്ക് പോയി പിന്നെ ഇതുവരെ ആയിട്ടും നീ വീട്ടിലോട്ട് തിരിച്ചുവന്നില്ല. എന്റെ അമ്മയെ വിളിച്ചു കുറച്ചു ദിവസം വീട്ടിൽ നിൽക്കണം എന്നുപറഞ്ഞു ഫോൺ സ്വിച്ച് ഓഫ് ആക്കി. ശരിയല്ലേ ?
ഇനി പറ റിസൾട്ട് വന്നോ.
അവനിതെങ്ങനെ അറിഞ്ഞു എന്നൊരു ആശങ്ക തോന്നിയെങ്കിലും അവൾ പറഞ്ഞു.
വന്നു.
എനിക്ക് കാൻസർ ആണ് യൂട്രസ്സ് റിമൂവ് ചെയ്യണം. ഞാൻ ഒരിക്കലും ഒരു അമ്മ ആവില്ല. അവൾ പറയുക ആയിരുന്നില്ല അലറുക ആയിരുന്നു.
പക്ഷേ ഞങ്ങൾ മനഃപൂർവം ചതിച്ചതല്ല. ഫസ്റ്റ് സ്റ്റേജ് ആണ്. ഇപ്പോഴാണ് അറിഞ്ഞത്. എന്ത് ശിക്ഷയും തരാം. ഡിവോഴ്സ് പേപ്പർ റെഡി ആക്കിക്കോ ഞാൻ ഒപ്പിടാം.
പുന്നാരമോളെ എന്നിട്ട് ഒരു ഒപ്പും ഇട്ടു നീ അങ്ങ് പോകും അല്ലെ ?
എന്നിട്ട് ഞാൻ വേറെ കെട്ടും ഇല്ലേ ?
ഡി അഞ്ചു മാസത്തെ വേണ്ട ഒരു ദിവസം കൂടെക്കഴിഞ്ഞ ഓർമ മതിയല്ലോടി, നിനക്കു എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ വിളിച്ചുകൂവാൻ.
അവളുടെ കൈപിടിച്ച് നെഞ്ചിൽ വെച്ചിട്ട് അവൻ ചോദിച്ചു കേക്കടി എന്റെ ഹൃദയമിടിപ്പ് അത് പൊട്ടുവാണ്.
ഇന്ന് കിട്ടിയ റിസൾട്ട് നിന്റെ വായിൽ നിന്നും കേൾക്കുന്ന വരെ ഞാൻ രാപകലില്ലാതെ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. അതുപോട്ടെ എന്തെങ്കിലുമാവട്ടെ.
എന്റെ കരളുപറിച്ചോണ്ടു പോയിട്ട് ഒറ്റയ്ക്ക്നീ സഹിച്ചോളാമെന്നു അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.
എനിക്ക് പിള്ളേര് വേണ്ടടി നിന്നെ മതി. ജീവിതം ഒന്നേയുള്ളു അത് നിന്റെ കൂടെ തന്നെ.
ഞാൻ കൂടെ ഉണ്ടാവും ഏതറ്റം വരെയും അല്ലെങ്കിൽ പിന്നെ എന്തിനാടി ഞാൻ അഗ്നിസാക്ഷിയായി ഒരു താലി നിന്റെ കഴുത്തിൽ കെട്ടിയതു. ആ മാലപോലെ ഞാൻ നിന്നോട് കൂടെയുണ്ട് നീ എന്നോടും.
വേഗം ഇറങ്ങു നമുക്കു വീട്ടിലോട്ടു പോകാം പോകുന്ന വഴി ബീച്ചിൽ പോണം എന്നാലേ നിന്നോടുള്ള എന്റെ കലി തീരത്തുള്ളു.
പൊട്ടിക്കരയുന്ന അച്ഛനെയും അമ്മയെയും അവൾ ചേർത്തണച്ചു. അച്ഛാ അമ്മേ എന്റെ ദൈവം എന്റെ കൂടെയുണ്ട്.
അവരിൽ നിന്നും അവളെ അടർത്തി ദേഹത്തോട് ചേർത്തവൻ പറഞ്ഞു ഇനി നമ്മളാരും കരയില്ല പകരം അങ്ങ് പൊരുതും.
വാതിൽക്കൽ എല്ലാം കണ്ടു നിറയുന്ന മിഴികളുമായി നിൽക്കുന്ന അവളുടെ ആങ്ങളയെ തോളിൽ തട്ടി അവൻ പറഞ്ഞു.
അപ്പൊ താങ്ക്സ് അളിയാ വിവരങ്ങൾ ഏറെക്കുറെ അന്നന്ന് വിളിച്ചു പറഞ്ഞതിന്.
അമ്മേ അച്ഛാ ഒറ്റ മണിക്കൂര് കൊണ്ട് ഞാൻ ഇവളെ പഴയപോലാക്കും നോക്കിക്കോ.
അകത്തേക്ക് മുഖം കഴുകാൻ പോയ അവളെ പിറകിൽ നിന്നും ചേർത്തുപിടിച്ചു പടർന്നു കിടന്ന മുടി കൈകൊണ്ടവൻ മാടിയൊതുക്കി എന്നിട്ട് തിരിച്ചു നിർത്തി ചുണ്ടിലൊരുമ്മ.
ഇനി മേക്കപ്പ് ഒന്നും വേണ്ട സുന്ദരിയായിട്ടുണ്ട് അപ്പൊ പോകാം അല്ലെടി.
മ്മ്.
എന്തോന്ന്.
ഇന്ന് കടിക്കുന്നില്ലേ സ്നേഹം കൂടുമ്പോൾ സ്ഥിരം എനിക്കിട്ടു തരുന്നത്.
അവന്റെ തോളിൽ ഒരു കടികൊടുത്തവൾ.
എന്റമ്മോ എന്ന് പറഞ്ഞു കാറികൊണ്ട് തിരിച്ചു കടിക്കാൻ വന്നവനെ തള്ളിമാറ്റി പൊട്ടിചിരിച്ചു കാറിൽ കേറുമ്പോൾ കാൻസർ ഒക്കെ എല്ലാരുടെയും മനസ്സിൽ നിന്നും ഉഗാണ്ട കടന്നു.
അല്ല പിന്നെ, അസുഖം എന്നുകേൾക്കുമ്പോൾ ചേർത്ത് പിടിക്കാതെ ആട്ടിയോടിക്കുന്ന നാ യ്ക്ക ൾ അല്ല യഥാർത്ഥ പുരുഷൻ അവൻ ഒരാളിലൂടെ ആണ് ഒരു കുടുംബം മൊത്തം വേദന മറക്കുന്നത്.
വേദനിക്കുന്ന പങ്കാളികളെ ചേർത്തുപിടിക്കുന്ന എല്ലാ നല്ലപാതിക്കും സല്യൂട്ട്.അല്ലാത്തവരോട് പുച്ഛം മാത്രം. നിങ്ങൾ നഷ്ടപെടുത്തുന്നതിനേക്കാൾ വലുതൊന്നും നിങ്ങൾക്ക് ഇനി നേടാൻ ഉണ്ടാവില്ല.