അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ, ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്…

വിശേഷം….

Story written by Bindhya Balan

====================

“അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “

കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. ആ ചോദ്യമങ് കേട്ടതും എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല. പൊതു സദസുകളിൽ എനിക്കിപ്പോ ഈ ചോദ്യം പതിവായത് കൊണ്ടാവാം.

അമ്മായിയെ നോക്കി ഞാനൊന്ന് ചിരിച്ചു. ഉടൻ വന്നു അടുത്ത ചോദ്യം

“കുഴപ്പം വല്ലതുമുണ്ടോ… അതോ ഇപ്പൊ വേണ്ടാന്ന് വെച്ചേക്കുവാണോ…. അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ.. കുറച്ചു കാലം കൂടി അടിച്ച് പൊളിച്ച് നടന്നിട്ട് മതി കുട്ടികൾ എന്ന മട്ടുകാരല്ലേ…. “

ചോദ്യവും പറച്ചിലും കഴിഞ്ഞ് ഒരു പൊട്ടിച്ചിരി കൂടി പാസാക്കി അമ്മായി നിർവൃതിയടയുമ്പോൾ എന്ത് പറയണമെന്നറിയാതെ ഞാനുരുകി. മറുപടിയൊന്നും പറയാൻ കഴിയാതെ കണ്ണുകൾ നിറയ്ക്കുമ്പോഴാണ്

“എന്നാതാന്നെ ഇവിടൊരു പൊട്ടിച്ചിരി കയ്യടി ബഹളം…. ” എന്ന് ചോദിച്ച് ഇച്ചായൻ വന്നത്.കണ്ണ് നിറഞ്ഞത് ഇച്ചായൻ കാണാതെ തുടച്ചിട്ട് ഞാൻ മെല്ലെയൊന്നു ചിരിച്ചു.

“ഓഹ്… ഒന്നുമില്ല രഘൂട്ടാ, ഞാൻ ഇവളോട് ചോദിക്കുവാരുന്നു ഇത്രേം നാളായിട്ടും വിശേഷം ഒന്നുമായില്ലേന്ന്…. “

ഇച്ചായൻ എന്നെയൊന്നു നോക്കി. എന്റെ ചിരിയുടെയുള്ളിൽ നിറഞ്ഞു നിന്നിരുന്ന സങ്കടത്തിലേക്ക്, നിസ്സഹായതയിലേക്ക് ഒരു നിമിഷമൊന്ന് കണ്ണെടുക്കാതെ നോക്കിയിട്ട്, ചിരിച്ചു കൊണ്ട് അമ്മായിയോട് പറഞ്ഞു

“അപ്പൊ ഇവള് പറഞ്ഞില്ലേ… വിശേഷം ഉണ്ട് ആന്റി… ഇന്നലെയാണ് കൺഫോം ആയത് .. കുറച്ചു ദിവസമായിട്ട് ഞാൻ നോക്കുവാരുന്നു.. ഇന്നലെ സംഗതി ഞാൻ കയ്യടിച്ചു പാസാക്കി…” അമ്മായി, ആകെ മിഴിച്ച് നിൽക്കുന്ന എന്നെയൊന്നു നോക്കിയിട്ട് പറഞ്ഞു

“ചുമ്മായിരി ചെറുക്കാ.. വിശേഷമുള്ള പെണ്ണിനെ കണ്ടാൽ എനിക്കറിഞ്ഞൂടെ… ഞാനും രണ്ടു മൂന്നെണ്ണത്തിനെ പെറ്റതല്ലേ… നീയിത് ഏത് വിശേഷത്തിന്റെ കാര്യമാണ് പറയണത്? “

ഒന്ന് പൊട്ടിചിരിച്ചിട്ട് എന്നെ ചേർത്ത് പിടിച്ച് ഇച്ചായൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി

“അതോ… എന്റെ കുഞ്ഞാന്റീ, ഇവള് എന്റെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നായെങ്കിലും ദേ ഇന്നലെയാണ് കോട്ടയം സ്റ്റൈലിൽ മീൻ കറി ഉണ്ടാക്കാൻ പഠിച്ചത്… കൊച്ചിക്കാരിപെണ്ണു കോട്ടയംസ്റ്റൈലിൽ മീൻ കറി ഉണ്ടാക്കാൻ പഠിച്ചത് ചെറിയ കാര്യമാണോ. എന്നെ സംബന്ധിച്ച് ഇപ്പൊ അത്‌ തന്നെയാണ് വലിയ വിശേഷം.ആ വിശേഷത്തിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. “

“നീയെന്താടാ എന്നെ കളിയാക്കിയതാണോ. കല്യാണം കഴിഞ്ഞാൽ പെണ്ണ് പ്രസവിക്കും… നാള് കഴിഞ്ഞിട്ടും പെറ്റില്ലേ ആളോള് ചോദിക്കും… അതിന് കളിയാക്കുവാണോ വേണ്ടത്… അവളെ വെല്ല ഡോക്ടറെയും കൊണ്ട് കാണിക്കണം.. അല്ല പിന്ന”

അമ്മായി ദേഷ്യത്തോടെ പറഞ്ഞു.

“കല്യാണം കഴിഞ്ഞാൽ ഒരു കൊല്ലം ആകുമ്പോ തന്നെ പെണ്ണ് പ്രസവിക്കണമെന്ന് നിയമമൊന്നുമില്ലല്ലോ. പിന്നെ ആന്റി എന്ത് അടിസ്ഥാനത്തിലാ ഇവളെ ഡോക്ടറെ കാണിക്കാൻ പറഞ്ഞത്. ഇവൾക്കാണ് കുഴപ്പമെന്ന് ആന്റിയോട് ആരെങ്കിലും പറഞ്ഞോ? ” ഇച്ചായനും ദേഷ്യം വരുന്നുണ്ടായിരുന്നു.

“രഘൂട്ടാ നമ്മുടെ കുടുംബത്ത് കുട്ടികൾ ഉണ്ടാവാതെ നിക്കണ ആരുമില്ല. അപ്പൊ കുഴപ്പം ഇവളുടെ ആയിരിക്കില്ലേ? “

അമ്മായിയുടെ ചോദ്യങ്ങൾക്കും കുത്തുവാക്കുകൾക്കും മുന്നിൽ കണ്ണുകൾ നിറച്ച് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. എന്റെ നിറഞ്ഞ കണ്ണുകൾ ഇച്ചായനെ ഒത്തിരി നോവിച്ചു. അത്‌ ദേഷ്യമായാണ് പുറത്തേക്ക് വന്നതെന്ന് മാത്രം. ഒരു അലർച്ചയായിരുന്നു എന്നോട്

“എന്നാത്തിനാടി നിന്ന് മോങ്ങണത്. പിള്ളേരാവാത്തതിന് ഇന്നേ വരെ ഇച്ചായൻ നിന്നെ വെല്ലോം പറഞ്ഞിട്ടുണ്ടോ..പിന്നേ എന്നാ കോപ്പിനാ വല്ലവരും വല്ലതും പറയണത് കേട്ട് ചങ്ക് പൊട്ടിക്കണത് നീ.. കണ്ണ് തുടയ്ക്കെടി”.

ഞാൻ മെല്ലെ കണ്ണ് തുടച്ചു.

“വാ… ഒരു റൈഡ് പോയേച്ചും വരാം നമുക്ക്.. ഇനിയിവിടെ ഒറ്റയ്ക്ക് നിക്കണ്ട “

അത്രയും പറഞ്ഞിട്ട് എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവിടെ നിന്ന് പോകുമ്പോൾ, തിരിഞ്ഞു നിന്ന് ബാക്കി കൂടി ഇച്ചായൻ പറഞ്ഞു

“എന്റെ പെണ്ണ് കൺസീവ് ആവാത്തതിൽ ഈ എനിക്കില്ലാത്ത ദെണ്ണമൊന്നും ഇവിടെ ആർക്കും വേണ്ട. എന്റെ കുഞ്ഞ്, ഈ ഭൂമീലോട്ട് വരണമെന്ന് അവന് തോന്നുന്ന കാലത്ത് ഇങ്ങ് വന്നോളും..അപ്പൊ കാണാൻ സൗകര്യം ഉണ്ടെങ്കിൽ എല്ലാവരും വന്നാ മതി.
കരയിക്കില്ല എന്ന് വാക്ക് കൊടുത്ത് വിളിച്ചോണ്ട് വന്നതാ ഞാനിവളെ. കരയിക്കാതെ നോവിക്കാതെ കൊണ്ട് നടക്കുമ്പോ ഒരു കുഞ്ഞില്ലാത്തത് വേദനയായി തോന്നിയിട്ടില്ല . കുഞ്ഞില്ലേലും എനിക്ക് ഇവളും ഇവൾക്ക് ഞാനും ഉണ്ട്. അത്‌ മതി. അതിനെടേലോട്ട് ഇവളെപ്പോ പെറുമെന്ന് നോക്കാൻ ഒറ്റയെണ്ണം വന്ന് പോകരുത്.”

കടിച്ചു പിടിച്ച സങ്കടത്തിനിടയിലും എനിക്ക് സന്തോഷിക്കാൻ സമാധാനിക്കാൻ ഇച്ഛന്റെ ആ വാക്കുകളും ചേർത്ത് പിടിക്കലും മതിയായിരുന്നു.

Nb : കുഞ്ഞുങ്ങൾ ഈശ്വരന്റെ സമ്മാനമാണ്. സമയമാകുമ്പോൾ നമുക്കിടയിലേക്ക് അവർ വരും…..

~ബിന്ധ്യ ബാലൻ