അവളുടെ കണ്ണൊന്നു ഈറൻ കൊണ്ടാൽ തകരുന്നതെന്റെ ഹൃദയമായിരുന്നു….

Story written by Anu George Anchani

=====================

” അമ്മു കണ്ണനുള്ളതാണ്”…

സ്വന്തം പേര് മനസ്സിൽ ഉറയ്ക്കാറായ കാലം തൊട്ടേ ഉള്ളിൽ പതിഞ്ഞതാണീ വാക്കുകൾ.

അമ്മു, കണ്ണേട്ടന്റെ അമ്മൂട്ടീ. അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മോളാണ്. അറ്റു പോകാത്തൊരു സൗഹൃദത്തിന് വേണ്ടി കാലങ്ങൾക്ക് മുന്നേ ഊട്ടിയുറപ്പിച്ചൊരു ബന്ധം. എന്നേക്കാൾ ഒരു വയസ്സ്മാത്രമിളയവൾ. പ്രണയമെന്ന വികാരമെന്തെന്നു അറിയുന്നതിന് മുന്നേ പ്രണയിച്ചു തുടങ്ങിയവരാണ് ഞങ്ങൾ.

എന്റെ, എന്റെ, എന്റേതെന്നു ഒരായിരം വട്ടം മനസ്സിൽ ആഞ്ഞു പതിപ്പിച്ചത് കൊണ്ടാവാം ഒരു നിഴല് പോലെ അവളുടെ ഒപ്പമുണ്ടായിരുന്നു ഞാൻ എപ്പോഴും.
ഭഗോതി കാവിലെ മഞ്ചാടി മരത്തിലെ കാ പെറുക്കാനും, അപ്പൂപ്പൻ താടി മരത്തിന്റെ ചില്ലയുലയ്ക്കാനും, അമ്പലക്കുളത്തിൽ ആമ്പൽ മൊട്ടു പറിക്കാനും ഞാനായിരുന്നു അവളുടെ പങ്കാളി.

അവളുടെ കണ്ണൊന്നു ഈറൻ കൊണ്ടാൽ തകരുന്നതെന്റെ ഹൃദയമായിരുന്നു.

ആദ്യമായ് അവളിത്തിരി പൊന്നണിഞ്ഞ നാളിൽ കാറി കരഞ്ഞത് നാലു മിഴികളായിരുന്നു. കളിക്കളത്തിലെ അക്കു കൊണ്ടവളുടെ ഉള്ളം കാലിലൊരിത്തിരി ചോര പൊടിഞ്ഞപ്പോൾ ഉള്ളു നീറിയതെന്റെയായിരുന്നു. വീട്ടിലും നാട്ടിലും എന്റെ വലം കയ്യിൽ ഇടം കൈ ചേർക്കാതെ അവളെ കാണാൻ പറ്റില്ലെന്നായി.

സ്കൂളിൽ പോക്കു കൂടി തുടങ്ങിയതോടെ ഞങ്ങളുടെ ലോകം കുറേ കൂടി വിശാലമായി. മാനം കാണാത്ത മയിൽപ്പീലി തുണ്ടും, മണക്കുന്ന മായ്ക്കു റബ്ബറും ഒക്കെ ഞങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു. ഒപ്പം ചുറ്റും കുറേ കൂട്ടുകാരും. അവിടെയും എനിക്ക് പുതുമ അമ്മൂട്ടിയുടെ നീട്ടി വളർത്തിയ മുടിയും പാൽ പല്ല് പോയ മോണ കാട്ടിയുള്ള ചിരിയും കൊഞ്ചല് നിറഞ്ഞു നിൽക്കുന്ന കണ്ണേട്ടാ എന്നുള്ള വിളിയുമായിരുന്നു..

തെല്ലു നേരത്തെ ഇടവേളകളിൽ പോലും ഞങ്ങൾ കളിക്കൂട്ടുകാർ ഓടിയിരുന്നത് തൊട്ടടുത്തുള്ള ഭഗോതി കാവിലേക്കാണ്.

നിറയെ പടികളുള്ള അമ്പല കുളവും ഇലഞ്ഞിയും മന്ദാരവും പൂത്തു നിൽക്കുന്ന കാവും അതിന്റെ പരിസരങ്ങളുമായിരുന്നു ഞങ്ങളുടെ കളിത്തട്ടു.

വർഷങ്ങൾ നിമിഷങ്ങളായ് പറന്നു പോയ കാലം, ജീവിതം ബാല്യത്തിന്റെ അവസാന പടിയിലേയ്ക്ക് എത്തി നോക്കുകയാണ്.

അമ്മൂന്റെ ഇളയ ആളുടെ ഒന്നാം പിറന്നാളായിരുന്നു അന്ന്. രണ്ടു തറവാട്ടിലെയും ചെറുതല്ലാതൊരാഘോഷം. കുട്ടികളുടെ കുസൃതിയേറുന്നത് കണ്ടാണ്‌ ചെറിയമ്മാമ പറഞ്ഞതു പുറത്തേയ്ക്കു പോയി കളിക്കാൻ.

തുലാമഴ പെയ്തൊഴിഞ്ഞൊരു വൈകുന്നേരമായിരുന്നു അതു. അമ്പല കുളത്തിലെ നീർക്കോലികൂട്ടങ്ങളെ കല്ലെറിഞ്ഞിരുന്ന നേരത്താണ് കണ്ണു പൊത്തി കളിക്കാമെന്നു അമ്മൂട്ടീ കൊതി പറഞ്ഞത്. എണ്ണിത്തിരിച്ചപ്പോൾ ആദ്യമൂഴവുമായി കുളത്തിന്റെ പൊതിഞ്ഞ മതിലിന്റെ അപ്പുറം മുഖം ചേർത്തുവച്ചു ഞാൻ ഉറക്കെ ചൊല്ലി തുടങ്ങി.

ഒന്നേ..
രണ്ടേ..
മൂന്നേ …

ഒരു കുഞ്ഞി പദസരത്തിന്റെ കിലുക്കമെന്റെ കാതിൽ നിന്നും അകന്നു പോകുന്നത് ഞാനറിയുന്നുണ്ടായിരുന്നു..

അൻപതെണ്ണി കഴിഞ്ഞിട്ടും, കൂടെയുള്ള എല്ലാവരെയും സാറ്റടിച്ചിട്ടും. ആ കിലുക്കക്കാരിയെ മാത്രം കണ്ടെത്താനായില്ല.

വിളികൾ ഏറ്റു വിളികളായി, നിലവിളികളായി. ഒരു നാടുമൊത്തമതിന്റെ അലകളുയർന്നു.

സമയം പൊയ്ക്കൊണ്ടേയിരുന്നു..

ഒരു പകലുറങ്ങിയെഴുന്നേറ്റു .

കുളത്തിലെ നീർക്കോലിക്കൂട്ടങ്ങൾക്കിടയിൽ നിന്നും ഒരു കുഞ്ഞുടുപ്പു പൊങ്ങി വരുന്നത് കണ്ടത് ഞാൻ തന്നെയായിരുന്നു.

ആരൊക്കെയോ ചേർന്നത് കോരിയെടുക്കുമ്പോൾ എന്റെ അമ്മൂന്റെ കുഞ്ഞു ദേഹമതിൽ വെളുത്തു വിളറിയിരുന്നു. കണ്ണുകൾ രണ്ടും മിഴിച്ചിരുന്നു. തൊണ്ടക്കുഴിയിൽ എന്തോ കുടുങ്ങിയ പോലെ,

ഒരു പക്ഷേ കണ്ണേട്ടാ എന്നൊരു വിളിയായിരുന്നുവോ അത്‌. ?

കണ്ണടച്ചു നിന്ന നേരം ആ ഉയർന്ന മതിലിനപ്പുറം എന്റെ പ്രാണൻ പിടിയുന്നുണ്ടായിരുന്ന ചിന്തയിൽ ആ കൗമാരക്കാരൻ,

ഈ ജന്മമവളുപേക്ഷിച്ചു പോയ പാദസര മണികളിൽ താളമടിച്ചു ഉറക്കെയുറക്കെ ചൊല്ലി കൊണ്ടിരുന്നു.

ഒന്നേ..
രണ്ടേ…
മൂന്നേ..

പിന്നെ തെല്ലൊന്നു കാതോര്ക്കും ഒരു നിലവിളി ശബ്ദം കേൾക്കുന്നുണ്ടോയെന്ന്.

അതേ, .ചിലതാളത്തിനൊത്തു എന്റെ മനസ്സിന്റെ താളവും തെറ്റുകയായിരുന്നു…

എന്റെ ഓർമ്മകളുടെ ഭാണ്ഡങ്ങളെല്ലാം പൂട്ടി കെട്ടി എന്റെ വീട്ടുകാർ നാടുപേക്ഷിച്ചു. പക്ഷേ, രാത്രികാലങ്ങളിൽ എന്റെ സ്വപ്നങ്ങളിൽ പലവുരു ഒരു നിശ്വാസം കടന്നു വന്നെന്നെ വീർപ്പുമുട്ടിച്ചുകൊണ്ടേയിരുന്നു..

ദൂരമേറെ സഞ്ചരിച്ചിട്ടും കാതിലലയ്ക്കുന്ന ആ കുഞ്ഞു നിലവിളിയുടെ ഉത്തരം തേടിയാണ് കാലത്തിനിപ്പുറം ഞാനേ കുളപ്പടവിലിരിക്കുന്നതു.

ഏറെമാറ്റങ്ങളൊന്നുമില്ലാത്തൊരു ഭഗോതിക്കാവിനു പക്ഷേ, ഒരു കുറവ് പോലെ. മഞ്ചാടി മരത്തിന്റെ കായ്കൾക്ക് ഭംഗി കുറഞ്ഞിട്ടുണ്ട്.

അപ്പുപ്പൻ താടി മരത്തിനുമുണ്ടൊരു വാട്ടം.

അടയാളം കൊണ്ട് മാത്രമവളുടെ എന്നടയാളപ്പെടുത്തിയ അസ്ഥി തറയിൽ അന്നാ സന്ധ്യയിൽ എന്റെ വലം കൈയാലൊരു വിളക്ക് തെളിഞ്ഞപ്പോൾ ഞാൻകണ്ടു ഭഗോതി കാവിലൂടെയൊരു കാറ്റുവന്നെന്നെ തഴുകുന്നത്.

അതിന്റെ സ്വരമപ്പോൾ ഏങ്ങലടിയായിരുന്നില്ല.

മറിച്ച്,

ഒരു ജന്മനിർവൃതിയുടെ നിശ്വാസമായിരുന്നു. കാത്തിരുന്നതെന്തോ കൈ വന്ന പോലെ. അസ്ഥിതറയിലെ നാളത്തിനപ്പോൾ ശോഭയേറെയായിരുന്നു.

~അനു അഞ്ചാനീ..