ഋഷിക്ക് അരികിൽ നിന്ന് ഒരു ചുവട് മുന്നിലേക്ക് നീങ്ങി നീണ്ട വരാന്തയിലേക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു….

Story written by Sarath Krishna

===================

കോളേജിന്റെ ഗേറ്റു കടന്ന് ഇന്ദു വാച്ചിൽ നോക്കുമ്പോള് സമയം അഞ്ചരയോട് അടുത്തിരുന്നു…. അതുവരെ സമയത്തിന്റെ വ്യഗ്രതയിൽ ചാലിച്ചിരുന്ന അവളുടെ കാലുകൾക്ക് പതിയെ വേഗത കുറഞ്ഞു താൻ ഇനി മുന്നോട്ട് വെയ്ക്കുന്ന ഒരോ ചുവടും പഴയ ഓർമ്മകളുടേതാണ്

കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപാണ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് താൻ ഈ കലാലയത്തിന്റെ പടിക്കെട്ടുകൾ അവസാനമായി ഇറങ്ങുന്നത്….അന്ന് തിരിച്ചറിഞ്ഞില്ല ഇനിയുള്ള ജീവിതത്തിൽ ഉടനീളം ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു പിടിയോർമകളും തന്റെ നിറഞ്ഞ കണ്ണുകൾക്കൊപ്പം പടി ഇറങ്ങുന്നുണ്ട് എന്ന്…

ഇന്ന് ഈ കലാലയം ഏറെ മാറിയിരിക്കുന്നു ആ മാറ്റങ്ങളെ വിലയിരുത്താൻ ഉള്ള അർഹത എനിക്ക് ഇന്ന് ഇല്ല കാരണം താനും ഏറെ മാറി… ഇന്ന് ഇവിടേയ്ക്കുള്ള തിരിച്ചു വരവ് അത് ഋഷിയെ കാണാൻ വേണ്ടി മാത്രമാണ്… പകലുകളിൽ വലിയ ബഹളാരവത്തിന് ഭാഗമാകുന്ന കലാലയങ്ങളും സ്കൂളുകളും ഇതു പോലെയുള്ള സന്ധ്യകളിൽ ഒരു നിശബ്ദതയ്ക്കൊപ്പം ഒതുങ്ങികൂടും ആ ഒരു നിശബ്ദതയിൽ നിന്ന് വേണം എനിക്ക് ഇന്ന് ഋഷിയോട് സംസാരിക്കാൻ… അതും ഈ കോളേജിൽ ഇന്നും തങ്ങി നിൽക്കുന്ന ഞങ്ങളുടെ ഓർമ്മകളെ പതിയെ കൂട്ടിനായി വിളിക്കണം ആ ഓർമ്മകളുടെ സാക്ഷ്യത്തിൽ എല്ലാം അവസാനിപ്പിച്ച് ഒരു യാത്ര മൊഴിക്കൊപ്പം നിറഞ്ഞകണ്ണുകളോടെ മടങ്ങുമ്പോള് ഈ സന്ധ്യ പോലെ ഋഷിയുടെ മനസ്സിൽ നിന്ന് താൻ എന്നേക്കുമായി മായണം..

ഓര്മ്മകൾക്കൊപ്പം പതിയെ നീങ്ങികൊണ്ട് അവൾ ഋഷിക്ക് അരികിലേക്ക് നടന്നു

ഒരു കാലത്ത് ഞങ്ങളുടെ കണ്ടുമുട്ടലുകൾക്ക് ഒരുപാട് സാക്ഷ്യം വഹിച്ച ആ പഴയ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ തന്നെയും പ്രതീക്ഷിച്ച് നിൽക്കുന്ന ഋഷിയെ കുറച്ചു ദൂരെ നിന്ന് തന്നെ എനിക്ക് കാണാമായിരുന്നു… തനിക്ക് വേണ്ടിയുള്ള ഏറെ നേരത്തെ കാത്തിരിപ്പിന്റെ വിരസത ആണോ അതോ ഒരു ദിവസം നീണ്ട അധ്യാപനത്തിന്റെ ക്ഷീണം ആണോ എന്ന് വ്യക്തമല്ല പക്ഷെ ആ മുഖം ആകെ വാടിയിരുന്നു…. അവളെ കണ്ട നിമിഷം നിറഞ്ഞ പുഞ്ചിരിയോടെ ഋഷി പറഞ്ഞു…

നീണ്ട 10 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എന്റെ പ്രിയ സഖിക്ക് വീണ്ടും പഴയ ആ ഇലഞ്ഞി മരച്ചോട്ടിലേക്ക് സ്വാഗതം ….

ഒരു ദീർഘ നിശ്വാസത്തോടെ അവൾ ചോദിച്ചു

നമ്മുടെ കോളേജ് ആകെ മാറിയല്ലേ ഋഷി …?

അന്നും ഇന്നും എന്റെ ലോകം ഈ കോളേജ് ആയ കാരണം ഇവിടെ സംഭവിക്കുന്ന മാറ്റങ്ങളെ എനിക്ക് പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല ഇന്ദു …

ഇതേ പോലെ നമുക്കൊപ്പം പഠിച്ചിരുന്ന ആരെങ്കിലും ഒക്കെ ഇടയ്ക്ക് വരും .. അവരുടെ വാക്കുകളിൽ നിന്നാണ് ഇവിടെ സംഭവിച്ച പല മാറ്റങ്ങളെക്കുറിച്ചും ഞാൻ മനസിലാക്കാറുള്ളത്.. ഒരു വിദ്യാർത്ഥിയിൽ നിന്ന് ഒരു അസിസ്റ്റന്റ് പ്രൊഫസറിലേക്ക് ഉള്ള ദൂരം മാത്രമേ കഴിഞ്ഞ 10 വർഷം കൊണ്ട് ഈ കോളേജിൽ നിന്ന് എന്റെ ജീവിതത്തിൽ ആകെ സംഭവിച്ചത് … എങ്കിലും ഇന്ദു പറയു മാറിയോ നമ്മുടെ ആ പഴയ ക്യാമ്പസ്

ഉം ഒരുപാട് മാറി …

ഋഷി ഏറെ നേരം ആയോ ഈ കാത്തു നില്ക്കാൻ തുടങ്ങിയിട്ട്….

ഹേയ് ഇല്ല… ഇത്ര നേരവും ലൈബ്രറിയിൽ നാരായണേട്ടന് അടുത്തായിരുന്നു ..

അവിടുന്ന് തിരിച്ചു ഇറങ്ങുമ്പോള് മാധവിക്കുട്ടിയുടെ നീർമാതളവും കൂടെ ഇങ്ങു പോന്നു

ചിരിമായ്ക്കാതെ അവൾ ചോദിച്ചു വര്ഷങ്ങളായിട്ടും കഴിഞ്ഞില്ലേ ഋഷിയ്ക്ക് നീർമാതളത്തോടുള്ള പ്രണയം…

വെറും കൈയോടെ ലൈബ്രറിയില് നിന്ന് ഇറങ്ങാനുള്ള മടി കൊണ്ട് മാത്രം എടുത്തതാടോ. ഇന്ന് പുസ്തകത്തിലെ പല വാചകങ്ങളും എനിക്ക് കാണാപ്പാഠമാണ്..

നമ്മുടെ നാരായണേട്ടന് സുഖമാണോ ഋഷി,…….??

വയ്യ പാവത്തിന് പക്ഷെ പുസ്തകങ്ങളോടുള്ള അടങ്ങാത്ത അധിനിവേശം കാരണം എന്നും ആ കോണി കയറി ലൈബ്രറിയിലേക്ക് വരും …

ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് നാരായണേട്ടന് ബുക്സ് വീട്ടിൽ കൊണ്ട് പോയി വായിച്ചാൽ പോരെ എന്ന് ..

അതിന് ഉത്തരമായി ആ മുഖത്തെ കണ്ണട ഉയർത്തി ഒന്ന് ചിരിച്ചിട്ടു പറയും പുസ്തകങ്ങൾ വായിക്കുന്നെങ്കിൽ ലൈബ്രറിയിലെ ദ്രവിച്ചു തുടങ്ങുന്ന പുസ്തകങ്ങളുടെ മണത്തോടൊപ്പം ഈ പഴയ ബഞ്ചിൽ ഇരുന്ന് വായിക്കണം എന്ന് .. അങ്ങനെ വായിക്കുമ്പോ എം.ടിയേയും ഓ.വി യേയും എല്ലാം അവരുടെ പുസ്തകത്തിന്റെ താളുകളിൽ നമുക്ക് കാണാൻ കഴിയുമത്രേ.

ഇന്ന് ഈ കോളേജിൽ കാലങ്ങളുടെ മാറ്റങ്ങൾക്ക് പിടികൊടുക്കാതെ ജീവിക്കുന്ന ഏക വ്യക്തി നാരായണേട്ടൻ മാത്രമാണ്…

ഇന്ദു ഇന്ന് കോളജിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ തന്നെ അനേഷിച്ചതായി പറയാൻ എന്നെ ഏല്പിച്ചിട്ടാണ് പോയത് ..

എന്താ ഇന്ദു കാണണം എന്ന് പറഞ്ഞത്…

ഋഷിക്ക് അരികിൽ നിന്ന് ഒരു ചുവട് മുന്നിലേക്ക് നീങ്ങി നീണ്ട വരാന്തയിലേക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു

നമുക്ക് ഒന്ന് നടന്നാലോ ഋഷി… നമ്മൾ പഠിച്ച ആ ക്ലാസ് മുറിയുടെ മുന്നിലെ വരാന്തയിലൂടെ…

ഓ നടക്കാലോ ഇന്ദു വരൂ….

അങ്ങനെ ആ സന്ധ്യയിലെ മങ്ങിയ വെളിച്ചത്തിൽ ഋഷിക്ക് ഒപ്പം ഒഴിഞ്ഞു കിടന്ന ക്ലാസ് മുറികളിലേക്ക് നോക്കി അവൾ ആ വരാന്തയിലൂടെ നടന്നു..

ആ നടത്തത്തിന്റെ അല്പനേരത്തെ നിശ്ശബ്ധതയ്ക്കു ശേഷം ഋഷി അവളോട് ചോദിച്ചു….

മോളും മോനും എന്ത് പറയുന്നു ഇന്ദു…

സുഖം… നാളെ അവർ പോകും ഋഷി.. മോനെയും മോളെയും കൊണ്ട് പോകാൻ ദേവേട്ടൻ വരുന്നു…

ഋഷി ഇന്ദുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു….

നമ്മൾ സ്വപ്നം കണ്ട ഒരുമിച്ചുള്ള ഒരു ജീവിതത്തിലേക്ക് ഇനി അധികം ദൂരം ഇല്ല അല്ലെ ഇന്ദു….

ഋഷിയുടെ കൈപ്പിടിയിൽ നിന്ന് കൈ പതിയെ പിൻവലിച്ച് അവൾ പറഞ്ഞു….

ചിലപ്പോൾ അവർക്കൊപ്പം എനിക്കും പോകേണ്ടി വരും… ഋഷി

അങ്ങനെ പോകേണ്ടി വന്നാൽ ഈ നാട്ടിലേക്ക് ഇനി ഒരു തിരിച്ചു വരവ് ഉണ്ടായെന്ന് വരില്ല … ഋഷി കഴിഞ്ഞതെല്ലാം മറക്കണം

താൻ എന്തൊക്കെയാണ് ഇന്ദു ഈ പറയുന്നെ…. മറക്കണം എന്നോ….?? ഇത്രയും കാലം ഞാൻ കാത്തിരുന്നത് നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതത്തിന് വേണ്ടി ആയിരുന്നില്ലേ … എന്റെ ഇന്ദുവിന് മറക്കാൻ കഴിയോ ആ പഴയ ഋഷിയെ … ?

എനിക്ക് അറിയാം ഋഷി താൻ എനിക്ക് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നതെന്ന് … പക്ഷേ ഋഷിയെ സ്നേഹിക്കുന്ന ആ പഴയ ഇന്ദുവാകാൻ ഇനി എനിക്ക് കഴിഞ്ഞുവെന്ന് വരില്ല …..

മറിച്ച് കാലം എനിക്ക് മുന്നിൽ കരുതി വെച്ചിരുന്നത് ഞാൻ പ്രസവികാത്ത 2 മക്കളുടെ അമ്മ എന്ന സ്ഥാനമാണ് …

ഋഷിക്ക് അറിയാലോ ….. എനിക്ക് എന്റെ അമ്മയെ കണ്ട ഓർമ്മയില്ല .. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അമ്മയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട് ഋഷി..

ഒരു അമ്മയുടെ സ്നേഹവും കരുതലും എന്തെന്ന് ഞാൻ അറിഞ്ഞത് എന്റെ ചേച്ചിയിൽ നിന്നാണ് …

വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ ഒരു സന്ധ്യയിൽ ആണ്… ദേവേട്ടന്റെ കൈ പിടിച്ച് ശോഭചേച്ചി വീട്ടിലേക്ക് കയറി വരുന്നത്….. ദേവേട്ടൻ ജന്മനാ അനാഥൻ ആയതുകൊണ്ട് അച്ഛന് അവരുടെ ബന്ധത്തെ എതിർക്കാൻ അധികം കാരണം തേടേണ്ടി വന്നിരുന്നില്ല .. അന്ന് അവർക്ക് മുന്നിൽ അച്ഛൻ കൊട്ടി അടച്ച വാതിൽ പിന്നെ തുറന്നത്… 4 വർഷങ്ങൾ കഴിഞ്ഞ് എന്റെ ശോഭചേച്ചിയുടെ ചേതനയറ്റ ശരീരം കൊണ്ട് വന്നപ്പോഴാണ്… ഒരു കാർ ആക്സിഡെന്റിന്െറ മറവിൽ വിധി ചേച്ചിയെ തട്ടിയെടുത്തപ്പോള് അവിടെ അനാഥയാകപ്പെട്ടത് അനു മോനും… മാളുവും ആയിരുന്നു…

എന്റെ മാറത്തെ ചൂടേറ്റ് വളർന്ന അവർക്ക് ഞാൻ ആരെന്ന ചോദ്യത്തിന് അമ്മ എന്നാ ഉത്തരം മാത്രമേ എനിക്ക് നൽകാൻ ആയുള്ളൂ .. എല്ലാം തിരിച്ചറിയുന്ന കാലം വരെ അവരുടെ അമ്മയായി ജീവിക്കാൻ വേണ്ടി ആണ് ഞാൻ എന്റെ കരിയർ പോലും ഉപേക്ഷിച്ചു എന്നേക്കുമായി കോളേജു വിട്ട് ഇറങ്ങിയത്… അന്ന് പോകുമ്പോള് ഞാൻ അവസാനമായി ഋഷിക്ക് തന്ന വാക്കായിരുന്നു ഞാൻ ഋഷിയുടെ പെണ്ണാണെന്നും കാത്തിരിക്കാം എങ്കിൽ ഈ ജീവിതത്തിൽ ഒരിക്കൽ മടങ്ങി എത്തും എന്നും .

ഇന്ന് ഞാൻ തന്ന വാക്ക് എനിക്ക് മടക്കി വേണം ഋഷി കഴിയില്ല ഇനിയും എനിക്ക് ആ പഴയ ഇന്ദു ആവാൻ..

ഇപ്പോ ഞാൻ നമ്മുടെ പ്രണയത്തെക്കാളും ഏറെ സ്നേഹിക്കുന്നുണ്ട് അവരുടെ അമ്മ എന്നാ സ്ഥാനത്തെ ആ വിളിയെ… ഇന്ന് ഞാൻ ആഗ്രഹിക്കുന്ന പോലെ ഇനിയും അവരുടെ അമ്മയായി ദേവേട്ടന്റെ ജീവിതത്തിലേക്ക് എന്നെ ക്ഷണിക്കുമെങ്കിൽ എനിക്ക് മറിച്ചൊന്നും പറയുവാൻ കഴിഞ്ഞു എന്ന് വരില്ല….

രണ്ട് വർഷങ്ങൾക്ക് മുൻപ് അച്ഛനും ഈ ലോകത്തോട് വിട പറഞ്ഞപ്പോ എനിക്ക്

ആകെ സ്വന്തമെന്ന് പറയാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു….

ആ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെടുത്തി എന്റെ സുഖങ്ങൾക്കു വേണ്ടി ഒരു ജീവിതം എനിക്ക് ഇനി കഴിയില്ല… ഒരു പക്ഷെ എന്നെ അമ്മയെ പോലെ സ്നേഹിച്ച എന്റെ ചേച്ചിയുടെ ആത്മാവിനോട് ആകെ ചെയ്യാൻ പറ്റുന്ന ഏക കാര്യം ഇതായിരിക്കും….

കണ്ണുനീരിൽ നനഞ്ഞ കണ്ണടയുടെ ചില്ലുകൾ ജൂബയിൽ തുടച്ചു കൊണ്ട് ഋഷി പറഞ്ഞു….

അല്ലെങ്കിലും എനിക്ക് അവകാശപ്പെടാനും മാത്രം പ്രണയം ഒന്നും നമുക്ക് ഇടയിൽ ഉണ്ടായിരുന്നില്ലലോ അല്ലെ ഇന്ദു… പരസ്പരം ഇഷ്ടമാണ് എന്ന് കൂടെ പറഞ്ഞു കാണില്ല ചിലപ്പോൾ… എന്നിട്ടും ഒരുകാലത്ത് നമുക്കിടയിൽ ഉണ്ടായ ആ നല്ല സൗഹൃദം എന്റെ ജീവന്റെ പകുതിയായി എന്റെ കൂടെ ഉണ്ടാകും എന്നാ പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു

അത് മറ്റൊന്നും കൊണ്ടായിരുന്നില്ല എനിക്ക് ഉറപ്പായിരുന്നു ഒരിക്കലും തന്നെക്കാൾ ഏറെ എന്നെ മറ്റൊരാൾക്കും മനസിലാക്കാൻ കഴിയില്ല എന്ന് ..

കോളേജിൽ ജനിക്കുന പല പ്രണയങ്ങളും അങ്ങനെ തന്നെ അല്ലെ… അഗാധമായ സൗഹൃദം മറ്റുള്ളവർക്ക് മനസ്സിൽ മറ്റൊന്നായി തോന്നുമ്പോ..അതിന് സ്വയം നല്കുന്ന ഒരു മനോഹരമായ പേര് മാത്രമാണ് പ്രണയം എന്നത്…. എനിക്ക് മനസിലാകും ഇന്ദു തന്നെ… ഇയാൾ പറഞ്ഞത് തന്നെ ആണ് ശരി ആ കുഞ്ഞു മനസുകൾ വേദനിപ്പിച്ചുകൊണ്ട് നമ്മക്ക് ഒന്നും നേടേണ്ട…. പണ്ടേ മാറ്റങ്ങളോട് അത്ര പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയാത്ത ഒരാൾ ആണ് ഞാൻ …. അതിന്റെ ഏറ്റവും വലിയ ഉദാഹരണം അല്ലെ ഇപ്പോഴും ഈ കോളേജ് വിട്ട് പോകാൻ മടിക്കുന്ന എന്റെ മനസ് … ഇപ്പോ നിറഞ്ഞ എന്റെ കണ്ണുകളും അതുകൊണ്ട് മാത്രമാണ് എന്ന് വിചാരിച്ചു ഇന്ദു നിറഞ്ഞ മനസോടെ നാളെ അവർക്ക് ഒപ്പം പോകണം….

അടർന്ന് വീണ 2 കണ്ണുനീർ തുള്ളിയോടെ അവൾ പറഞ്ഞു…

മാപ്പ് എന്നാ വാക്കുകൊണ്ട് വിലയിട്ട് അളക്കാൻ കഴിയാത്ത തെറ്റാണ് എനിക്ക് ഋഷിയോട് ചെയ്യേണ്ടിവരുന്നത് … നെറുകയിൽ പുരളുന്ന ഒരു നുള്ള് സിന്ധൂരത്തിന്റെയോ മാറിൽ വീഴുന്ന താലിച്ചരടിന്റെയോ ഉറപ്പ് വേണമെന്നില്ല എനിക്ക് ഋഷിയെ എന്റെ മനസുകൊണ്ട് സ്നേഹിക്കാന്….

കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു

ഞാൻ പോകുന്നു ഋഷി…നിങ്ങൾ ഒരിക്കൽ എനിക്ക് സമ്മാനിച്ച ഒരുപാട് നല്ല ഓർമകളുമായി……

ഇത്രയും പറഞ്ഞ് ഈറനണിഞ്ഞ മിഴികളോടെ ഇന്ദു ഋഷിക്ക് അരികിൽ നിന്ന് നടന്നകന്നു…

പിറ്റേന്ന് രാവിലെ…

ആ പഴയ വീടിന്റെ തുളസ്സിതറയ്ക്കും അപ്പുറം പടിപ്പുര വാതിലിൽ ഒരു കാറിന്റെ ശബ്ദത്തിനായി അവൾ കാതോർത്തു മോനേയും മോളെയും ഒരു യാത്രയ്ക്കായി ഒരുക്കി…

മോന്റെ മുടി ചീകി ഒതുക്കുന്നതിനിടയിൽ ഇന്ദു മോനോടായി പറഞ്ഞു….

മോൻ മാളുവിനെയും കൂട്ടി അമ്മയുടെ ആസ്തി തറയിൽ പോയി പ്രാർത്ഥിക്കണം..

ഇന്ദു പറഞ്ഞത് അനുസരിച്ച് … ആസ്തി തറയിലെ ചിരാതിൽ ഒറ്റതിരി ഇട്ട് മോൻ വിളക്ക്കൊളുത്തുന്നത് ഇന്ദു ആ വീടിന്റെ കോലായിൽ കണ്ടു നിന്നു ….

ആ ആസ്തി തറയ്ക്കു മുന്നിലെ കുഞ്ഞുകൈകൾ കൂപ്പിയുള്ള അവരുടെ പ്രാർത്ഥന അവസാനിച്ചത്… ദേവൻ വന്ന കാറിന്റെ ശബ്ദത്തിൽ നിന്നാണ് …

ആ നിമിഷത്തിൽ വീശിയ ആ നേർത്ത കാറ്റിൽ ആ ചിരാതിലെ തീനാളം പതിയ ആളി കത്തിയപ്പോ മക്കളെ ചേർത്ത് പിടിച്ചു കൊണ്ട് ദേവൻ ആ തറയ്ക്ക് മുന്നിൽ ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ നിന്നു….

അടർന്ന് വീഴാൻ വെമ്പുന്ന മിഴിനീരിനെ തുടച്ചു മാറ്റി ദേവൻ മക്കൾക്ക് ഒപ്പം ആ വീടിന്റെ പടികൾ കയറുമ്പോ .. .. ഏറെ കാലത്തിന് ശേഷം കടന്ന് വരുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് എന്ന പോലെ നാണവും പരവേശവും ഇന്ദുവിന്റെ മുഖത്ത് പ്രകടമായിരുന്നു….

മുറിക്കകത്ത് സാരി തലപ്പിന്റെ നൂലുകൾ പതിയെ തലോടി തെല്ല് നാണത്തോടെ മുഖം താഴ്ത്തി നിൽക്കുന്ന ഇന്ദുവിന്റെ അരികിലേക്കു ദേവൻ കടന്ന് വന്നു

എന്നിട്ട് അവളോടായി ചോദിച്ചു…..

വരുന്നോ ഇന്ദു ഞങ്ങൾക്ക് ഒപ്പം…

ഏറെ കേൾക്കാൻ കൊതിച്ച വാക്കുകൾക്ക് അവൾ വിടർന്ന പുഞ്ചിരിയോടെ സമ്മതം അറിയിച്ചു….

എന്നാൽ ഇന്ദു ഒരുങ്ങിക്കോളൂ ഒരു നവ വധുവിന്റെ എല്ലാ അലങ്കാരത്തോടെയും നമ്മൾ ഇവിടെ നിന്ന് നേരെ രജിസ്റ്റർ ഓഫീസിലേക്കാണ് പോകുന്നത്…

അവളുടെ പ്രതീക്ഷ യാഥാർത്ഥികമാകുന്ന ഈ ഒരു നിമിഷത്തേയ്ക്കായി മാറ്റി വെച്ച ചേച്ചിയുടെ പഴയ മംഗല്യ സാരി ചുറ്റി ഒരു നവ വധുവിന്റെ എല്ലാ പ്രസരിപ്പോടെയും അവൾ ഒരുങ്ങി…

തുടർന്ന് ദേവനും മക്കൾക്കും ഒപ്പം ആ വീട്ടിൽ നിന്ന് എന്നേക്കുമായി അവൾ ഇറങ്ങുന്ന നേരത്ത് ഇന്ദു അവസാനമായി ആ ആസ്തി തറയ്ക്ക് അരികിൽ ചെന്നു ചേച്ചിയുടെ ആത്മാവിനോട് മനസുകൊണ്ട് യാത്ര പറഞ്ഞു നീങ്ങുന്ന മാത്രയിൽ ആ ചിരാതിലെ തീനാളം ഒരു കാറ്റിന്റെയും ആവരണമില്ലാതെ പെട്ടെന്ന് അണഞ്ഞിരുന്നു…..

അല്പസമയത്തിനുള്ളിൽ അവരുടെ കാർ അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ എത്തി

അവിടെ അവരുടെ വരവും പ്രതീക്ഷിച്ച് ദേവന്റെ ചില സുഹൃത്തുക്കൾ കാത്തുനിന്നിരുന്നു ….. കാറിൽ നിന്ന് ഇറങ്ങി അധികം വൈകാതെ തന്നെ ഇന്ദു ദേവനൊപ്പം വിവാഹ ചടങ്ങുകൾക്കായി ഓഫീസ്ന്റെ അകത്തെ റജിസ്റ്റർഓഫീസറുടെ മേശയ്ക്കു അരികിൽ എത്തി

വിവാഹ പത്രിക നിവർത്തി നോക്കുന്നതിനിടയിൽ റജിസ്റ്റർഓഫീസർ ഇന്ദുവിനോടായി ചോദിച്ചു…

ഇന്ദു c. v. താൻ ആണോ..

അവൾ ആ ചോദ്യത്തിന് പതിയെ ഒന്ന് മൂളി…

ഓഫീസർ ദേവനും സുഹൃത്തുക്കൾക്കും ഇടയിലേക്ക് മുഖമുയർത്തി ചോദിച്ചു

ഇതിൽ ആരാ ഋഷി കുമാർ

വരന്റെ സ്ഥാനത് ഋഷി എന്നാ പേര് വിളിച്ചു കേട്ടപ്പോൾ അവൾ ദേവന്റെ മുഖത്തേക്കു നോക്കിയ ആ നോട്ടത്തിന് ഒരുവല്ലാത്ത ദയനീയതയായിരുന്നു..

ദേവൻ അവളുടെ ആ നോട്ടത്തിന് പിടി നൽകാതെ. ആ ഓഫീസ് വാതിലിന്റെ പുറത്തേക്ക് നോക്കി ഋഷി എന്നാ പേര് കുറച്ച് ഉച്ചത്തിൽ വിളിച്ചു…

പുറത്ത് നിന്ന് നാരായണേട്ടന് ഒപ്പം ഒരു വരന്റെ ഒരുക്കങ്ങളോടെ ഋഷി ഓഫീസിന് അകത്തേയ്ക്ക് വന്നപ്പോൾ ദേവൻ ഋഷിയുടെ കൈകൾ പിടിച്ച് ഇന്ദുവിന്റെ അരികിലേക്കു ചേർത്ത് നിർത്തി….

എന്നാ ചടങ്ങുകൾ തുടങ്ങാം എന്നാ ഓഫീസറുടെ നിർദ്ദേശ പ്രകാരം…

ഋഷി ആ വിവാഹ പത്രികയിൽ ഒപ്പ് വെച്ചു….

അടുത്തത് ഇന്ദുവിന്റെ ഊഴത്തിനായി പേന ഇന്ദുവിന് കൈമാറി… ഋഷി കുറച്ച് അകലെയായി മാറി നിന്നു..

ഒപ്പിടാൻ മടിച്ചു നിൽക്കുന്ന ഇന്ദുവിന്റെ അരികിലേയ്ക്കു വന്ന് ദേവൻ അവളോടായി പറഞ്ഞു

ഇന്ദു ഒപ്പിടൂ…

വിറയാർന്ന കൈകളോടെ അവളും ഒപ്പു വെച്ചു.. തുടർന്ന് കൈ മാറിയണിഞ്ഞ പൂമാലയുമായി നിന്നിരുന്ന ഇന്ദുവിന്റെ കൈകൾ പിടിച്ച് ഋഷിയെ ഏൽപ്പിച്ചു കൊണ്ട് ദേവൻ പറഞ്ഞു.

ഒരിക്കൽ ഈ ഒരു മുഹൂർത്തത്തിനു വേണ്ടി ഏറെ കൊതിച്ച ഒരാളായിരുന്നു എന്റെ ശോഭാ… ഇന്ന് അവൾ മറ്റൊരു ലോകത്തുനിന്ന് എല്ലാം കാണുന്നുണ്ടാകും….

തുടർന്ന് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ദേവൻ മുഖം താഴ്ത്തി നിൽക്കുന്ന ഇന്ദുവിന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു

മോളെ .. ഇന്ദു… എന്റെ മോനും മോളും ജനിക്കുന്നതിനു മുൻപേ നിനക്ക് എന്റെ മനസ്സിൽ ഒരു അനിയത്തിയുടെ സ്ഥാനമാണ് ..

ഇന്ന് എന്റെ മക്കൾ നിന്നെ അമ്മ എന്ന് വിളിക്കുന്നു എന്ന് കരുതി എന്റെ ശോഭയുടെ സ്ഥാനത്ത് ഒരിക്കലും നിന്നെ എനിക്ക് കാണാൻ കഴിയില്ല മോളെ ..

ഇന്നും ജീവിതത്തിലെ ചില ബന്ധങ്ങളെ വിധിക്കു തിരുത്തി എഴുതാൻ കഴിയാറില്ല… ചിലപ്പോൾ ഈ വിവാഹം കൊണ്ട് എന്റെ മക്കൾക്ക് ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും നഷ്ടപ്പെട്ടേക്കാം ..

ആ ജീവിതത്തോട് അവർ പതിയെ പതിയെ പൊരുത്തപ്പെട്ടോളും…. ഇത്രയും വർഷങ്ങൾ നിനക്ക് വേണ്ടി മാത്രം കാത്തിരുന്ന ഋഷിയുടെ സ്നേഹം കണ്ടില്ലെന്നു നടിച്ച് എന്റെ മക്കൾക്ക് ഒരു അമ്മയെ നേടി കൊടുത്താൽ ശോഭയുടെ ആത്മാവ് ഒരിക്കലും എന്നോട് പൊറുത്തു എന്ന് വരില്ല….

ഋഷിയുടെയും ഇന്ദുവിന്റെയും നെറുകയിൽ കൈ വെച്ചു കൊണ്ട് ദേവൻ പറഞ്ഞു

വരനും വധുവിനും ഈ ഏട്ടന്റെ എല്ലാ അനുഗ്രഹങ്ങളും….

പെങ്ങൾക്കു വേണ്ടി ഒരു ഏട്ടന് ചെയ്യാൻ കഴിയുന്ന എല്ലാ കടമകളും എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്ന നിർവൃതിയിൽ ഞാൻ പോകുന്നു….

ദേവനുമായി പതിയെ നീങ്ങി തുടങ്ങിയ കാറിൽ നിന്ന് രണ്ട് കുഞ്ഞു കൈകൾ വീശി അനിരുദ്ദും മാളവിക യാത്ര മൊഴിചൊല്ലി…..

By Sarath Krishna