Story written by Sarath Krishna
====================
നാളെ അമ്പലത്തിലേക് ഉടുക്കുവാൻ ആയി ഉണ്ണിക്ക് ഏറെ ഇഷ്ട്ടമുള്ള കുങ്കുമ ചുമപ്പ് കരയുള്ള സെറ്റ് മുണ്ട് ഇസ്തിരി ഇടുന്നതിനിടെ വേണി ഓർത്തു.
സ്വതവേ ഉള്ള ദിവസങ്ങളും ദിവസങ്ങളുടെ പ്രത്യേകതളും ഓർമയിൽ സൂക്ഷിക്കാത്ത ആളെ ആണ് ഉണ്ണിയേട്ടൻ.. നാളെ ഉണ്ണിയേട്ടന്റെ പിറന്നാൾ ആണ് എന്നാ കാര്യവും ഉണ്ണിയേട്ടന്റെ ഓർമയിൽ ഉണ്ടാവാൻ വഴിയില്ല…
താൻ ഒരാഴ്ചക്ക് മുമ്പുതന്നെ മനസ്സിൽ ഓർത്തു വെക്കാൻ തുടങ്ങിയതാണ് നാളെതേദിവസം….
പിറന്നാളിന്റെ കാര്യം മനഃപൂർവം തന്നെ ആണ് ഉണ്ണിയേട്ടനോട് ഞാൻ പറയാഞ്ഞത് …
നാളെ രാവിലെ നേരത്തെ എണീറ്റ് കുളിച് വന്നു ഉണ്ണിയേട്ടനെ ഈറൻ അണിഞ്ഞ തന്റെ കൈകൊണ്ട് ഒന്ന് പതിയെ തലോടി എഴുന്നേല്പിക്കണം എന്നിട്ട് പിറന്നാൾ ആണ് എന്നാ കാര്യത്തോടപ്പം ഉണ്ണിയേട്ടൻ ഒരു അച്ഛൻ ആകാൻ പൂവാണ് എന്നാ കാര്യംകൂടി പറയണം… ആ വാർത്ത കേൾക്കുന്ന സന്തോഷത്തോടെ ആകണം ഉണ്ണിയേട്ടന്റെ പുതിയ വയസ് തുടങ്ങേടത് ….
വേണി നാണത്തോടെ ആ നിമിഷങ്ങളെ ഓർക്കുന്നതിനടക്കാണ് പുറത്ത് ഉണ്ണിയുടെ ബൈക്കിന്റെ സൗണ്ട് കേൾക്കുന്നത്… അയേൺ ബോക്സിന്റെ സ്റ്റിച് ഓഫ് ആക്കി അവൾ ഉമ്മറത്തേക് നടന്നു…..
അന്നത്തെ രാത്രി…… അവർ കിടക്കുന്ന നേരത്ത്….
ബെഡിൽ പുസ്തകം വായിച്ചു കൊണ്ട് അടുത്തിരിക്കുന്ന ഉണ്ണിയെ അവൾ കിടന്നു കൊണ്ട് ഇടം കണ്ണ് ഇട്ട് ഒന്ന് നോക്കി…. വീണ്ടും തിരിഞ്ഞു കിടന്നു കൊണ്ട് ആലോചിച്ചു നാളെത്തേക്കായി കരുതി വെച്ച ആ രഹസ്യം ഉണ്ണിയേട്ടനെ അറിയിക്കാതെ മനസ്സിൽ എന്തോ പോലെ.
കല്യണം കഴിഞ്ഞു ഒരു വര്ഷം ആയിട്ടുള്ളു എങ്കിലും തന്റെ ജീവിതത്തിലെ എല്ലാം ഞാൻ ഉണ്ണിയേട്ടനോട് പറഞ്ഞിട്ടുണ്ട് ഇത് മാത്രം ആണ് ആദ്യമായ് മറച്ചു വെക്കുന്നത് ഇത് കേൾക്കുമ്പോ ഉണ്ണിയേട്ടന്റെ മുഖത്ത് ഉണ്ടാകാൻ പോകുന്ന സന്തോഷം കാണാൻ ഉള്ള കൊതിയും ഏറെ ആണ്….
എങ്കിലും ഇന്നാണ് താനും ഒരു അമ്മയാകാൻ പോകുന്നു എന്നാ കാര്യം ഡോക്ടർനെ കണ്ട് ഉറപ്പിച്ചത്.. ഉണ്ണിയേട്ടനോട് പറഞ്ഞില്ലെങ്കിൽ തനിക്ക് ഇന്നത്തെ രാത്രി ഉറങ്ങാൻ കഴിയില്ലെന്നു ഉറപ്പായി…
അവൾ ചെറു നാണത്തോടെ ഉണ്ണിക്കൊപ്പം ആ ബെഡിൽ എണീറ്റ് ഇരുന്നു…
(ഉണ്ണിയുടെ കൈയിലെ പുസ്തകം ബലമായി വാങ്ങി വേണി പറഞ്ഞു.. )
ഉണ്ണിയേട്ട മതി വായിച്ചത്…..
എന്നും ഉണ്ട് കിടക്കാൻ നേരത്ത് ഒരു വായന ഇങ്ങനെ കുതിപ്പിടിച് ഇരുന്ന് വായിച്ചട്ടാണ് ഇങ്ങനെ ചെറുപ്പത്തിൽ തന്നെ കണ്ണട വെച്ച് നടക്കേണ്ടി വരുന്നത്..
(ഉണ്ണി ചെറിയ ചിരിയോട് കൂടി കണ്ണടയുടെ കാലുകൾ മടക്കി വേണിയുടെ മുഖത്ത്) നോക്കി
പറ അമ്മു … എന്തോ തനിക്ക് എന്നോട് പറയാൻഉണ്ടല്ലോ…
അമ്മു എന്നാ വിളി കേട്ടപ്പോഴേ വേണിയുടെ മുഖം വാടി ഉണ്ണിയേട്ടനോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് .. ആ പേര് എന്നെ വിളികരുതെന്നു….
ക്ഷമിക്ക് മോളെ അറിയാതെ വിളിച്ചതല്ലേ…
അല്ല അറിയാതെ അല്ല… എന്നെ കല്യണം കഴിഞ്ഞു കൊണ്ട് വന്ന അന്നു തുടങ്ങിയ വിളി അല്ലെ ഇത്… എന്താണ് ഉണ്ണിയേട്ട എന്നിൽ നിന്നും മറച്ചു വെക്കാൻ മാത്രം ഉള്ള രഹസ്യം… ആരാ ഈ അമ്മു..
ന്റെ വേണി … അറിയാതെ പെട്ടന്ന് വായെ വീണു പോയ പേര് ആണ് അത് അല്ലാതെ…..
അല്ല അപ്പൊ മുൻപ് ഒകെ വിളിച്ചതോ അന്നും ഇതേ കുറിച്ച് ചോദിച്ചപ്പോ ചിരികെ മാത്രം ചെയ്തു… ഇനി പഴയെ പ്രണയമോ മറ്റോ ആണെങ്കിൽ എന്നോട് പറഞ്ഞുടെ ഉണ്ണിയേട്ടന്……
ഒന്നും ഇല്ല വേണി താൻ കിടാനൊള്ളു…
(ഇതും പറഞ്ഞു ഉണ്ണി അപ്പുറത്തേക് ചെരിഞ്ഞു കിടന്നു…. )
ഈ ചെറിയ കാലത്തിന് ഇടയിൽ ഒന്നും മറച്ചു വെക്കാതെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ച എല്ല സംഭവങ്ങളെ കുറിച്ചും ഈ ഉണ്ണിയേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട് …
ഈ കാര്യത്തിൽ മാത്രം എന്തിനാ എന്നോട് ഈ അവഗണന .. എന്നേക്കാൾ വലുതാണോ ഉണ്ണിയേട്ടന് ആ പേരും അവളും…. എത്ര പ്രതീക്ഷകളോടെ ആണ് താൻ അമ്മയാകുവാൻ പോകുന്ന കാര്യം ഉണ്ണിയേട്ടനോട് പറയാൻ വന്നത്… എന്നിട്ടും തുടങ്ങിയത് ആ പേര് വിളിച്ചാണ്…
ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിറ കണ്ണുകളുമായി അവൾ ഉണ്ണിക്ക് മുന്നിൽ മുഖം തിരിച്ചു കിടന്നു…. ഒരുപ്പാട് കരഞ്ഞു അത് കൊണ്ട് ആ രാത്രി ഏറെ വൈകി ആണ് അവൾ ഉറങ്ങിയത്ത്…
അവൾ പിറ്റേന്ന് രാവിലെ എഴുന്നേറ്റു clock ലേക്ക് നോക്കിയപ്പോ സമയം 9 യോട് അടുത്തിരുന്നു… ഉണ്ണിയേട്ടൻ ഓഫിലേക്ക് പോയി കണ്ണും എന്നാ കാര്യം ഉറപ്പായിരുന്നു.. തിടുക്കത്തിൽ പുതച്ചിരുന്ന പുതപ്പ് വേഗത്തിൽ നീക്കി … അഴിഞ്ഞ മുടി ഇഴകൾ കെട്ടുനത്തിന് ഇടക്കാണ് മേശ പുറത്ത് ഇസ്തിരി ഇട്ട് വെച്ച തന്റെ സെറ്റ് മുണ്ടിന്റെ അരികിൽ ഒരു പഴയ ഡയറിയും വാഴയില ചിന്തിൽ പ്രസാദവും കണ്ടത്…..
അവൾ പതിയെ ആ ഡയറി എടുത്ത് പേജുകൾ ഒന്നൊന്നായി മറച്ചു കൊണ്ട് വീണ്ടും ബെഡിൽ വന്നിരുന്നു…..
അവൾ മറച്ച ആ പഴയ ഡയറിയിലെ ചില പേജുകൾക് ഇടയിൽ അവൾ തേടിയ അമ്മു എന്നാ പേരും അവൾ കണ്ടു….
ഒരു ദീർഘ ശ്വാസത്തോടെയും അതിലേറെ ആകാംഷയോടെയും അവൾ ഉണ്ണിയുടെ അമ്മു എന്നാ തലകേട്ടോടുകൂടിയ ആ പഴ ഡയറി കുറിപ്പുകൾ വേണി വായിക്കാൻ തുടങ്ങി…
അമ്മു….
ഞാൻ അഞ്ചിൽ പഠിക്കുന്ന സമയത്തെ ഒരു വേനൽ അവധികാലത്താണ് വാരിയർ മുത്തച്ഛന്റെയും ജാനകി മുത്തശ്ശിയുടെയും വീട്ടിൽ വളരെ യാദർശികമായി അവളെ ഞാൻ ആദ്യമായ് കാണുന്നത്… അവരുടെ മകന്റെ മകൾ ആയിരുന്നു അവൾ… മുത്തശ്ശനും മുത്തശ്ശിയും മാത്രം ഉണ്ടായിരുന്നുള്ളു ആ വീട്ടിൽ
അന്ന് അവളെ ആദ്യമായി കാണുന്ന ദിവസം… അടുക്കളയിൽ അവൾ മുത്തശ്ശിയുടെ മുണ്ടിന്റെ നേരിയത്തിന്റെ അറ്റം പിടിച്ച് മുത്തശ്ശിയെ ചേർന്ന് നിൽക്കുകയായിരുന്നു അവൾ
അതിരു കവിഞ്ഞ അടുപ്പതോടെ അവൾ മുത്തശിയെ തൊട്ട് ഉരുമി നിൽക്കുന്ന കണ്ടപ്പോ ഞാൻ മുത്തശ്ശിയോട് ചോദിച്ചു ….
ആരാ മുത്തശ്ശി ഇത്…
ആകസ്മികമായി അടുക്കളയിൽ എന്നെ കണ്ട മുത്തശി ചോദിച്ചു
ആ ഈതാര ഉണ്ണികുട്ടനോ…….
വീണ്ടും അവൾ ആരാണ് എന്നാ എന്റെ ചോദ്യം ആവർത്തിച്ചപ്പോൾ …. മുത്തശി എന്റെ കവിൾ തലോടി കൊണ്ട് പറഞ്ഞു…
മുത്തശി ഉണ്ണിയോട് പറയാറില്ലേ ഒരു അമ്മുവിന്റെ കാര്യം… ആ അമ്മുവാ ഇത്…
ഇത് കേട്ടതും അവൾ അവളുടെ നുണ കുഴി കാണിച്ചു എന്നെ നോക്കി ഒന്ന് ചിരിച്ചു…..
ഉണ്ണികുട്ടൻ വാ നിനക്ക് ഇഷ്ട്ടമുള്ള നെയ്യപ്പം ഉണ്ടാക്കിട്ടുണ്ട്… നിന്നെ പോലെ അമ്മുനും നെയ്യപ്പം വലിയ ഇഷ്ടമാ…
വാടിയ മുഖത്തോടെ ഞാൻ പറഞ്ഞു ഇന്ന് മുത്തശിയുടെ അമ്മുന് വേണ്ടി ഉണ്ടാക്കിയതല്ലേ അവൾക് കൊടുത്തോ… എനിക്ക് വേണ്ട ഞാൻ പോണു…
മുത്തശിയുടെ പിന്നിൽ നിന്നുള്ള ഉണ്ണിക്കുട്ടൻ എന്ന വിളി പോലും ഞാൻ അവഗണിച്ചു കൊണ്ട് അടുക്കളപുറത്തെ പടികൾ ഇറങ്ങി.. കിഴേക്കെ ഭാഗത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വന്നിരുന്നു….
പലപ്പോഴും മുത്തശി നെയ്യപ്പം ഉണ്ടാക്കിട്ടുള്ളത് എനിക് വേണ്ടി മാത്രമായിരുന്നു… അത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ എന്റെ കവിള് പിടിച്ചു വലിച്ചു കൊണ്ട് പറയും ഉണ്ണിക്കുട്ടൻ ഇടക്കിടെ ഇവിടെ വരാൻ വേണ്ടി ആണ് എന്ന്…. ഇന്ന് അമ്മു മതി മുത്തശിക്ക്
ഇത്തലോചിച്ചു കണ്ണ് നിറഞ്ഞു ചുണ്ടു ഒന്ന് ഇടറിയപോഴാണ് മാവിന്റെ ഒരു തളിരില എന്റെ കാലിലേക് വീണത്… മാവിലേക് നോക്കി പല്ലു ഇറുമ്മി… താഴെ നോക്കിയപ്പോ ദ.. നിൽകാണു ഒരു കിണ്ണത്തിൽ നെയ്യപ്പവുമായി അവൾ…. ദേഷ്യതോടെയും പരിഭത്തോടെയും ഞാൻ മുഖം തിരിച്ചു… അവൾ എന്റെ അരികിൽ വന്നു ആ കിണ്ണം എനിക്ക് നേരെ നീട്ടി…
ഞാൻ അവളോട് പറഞ്ഞു
എനിക്ക് വേണ്ട….. നിങളുടെ നെയ്യപ്പം.. എനിക്കെ എന്റെ അമ്മ ഇണ്ടാക്കി തരും… അല്പസമായത്തിന് ശേഷം അവൾ വീണ്ടും ആ കിണ്ണം എനിക്ക് നേരെ നീട്ടി…
കാര്യം എത്ര ഒകെ ആയാലും അമ്മ എങ്ങനെ ഉണ്ടാക്കിയാലും മുത്തശി ഉണ്ടാക്കുന്ന നെയ്യപ്പത്തിന്റെ രൂചി കിട്ടില്ലയിരുന്നു…. അത് ഓർത്തപ്പോ എന്റെ കൈ അറിയാതെ കിണ്ണത്തിൽക് നീണ്ടു…
ആ നിമിഷവും അവൾ അവളുടെ ആ നുണ കുഴിയോട് കൂടെയുള്ള ചിരി എനിക്ക് സമ്മാനിച്ചു… അവളുടെ ചിരി കണ്ടപ്പോ എനിക്കും ചിരി വന്നു … നെയ്യപ്പം പാതി കടിച്ചു കൊണ്ട് ഞാൻ ചോദിച്ചു എന്താ അമ്മുന്റെ കവിളത് രണ്ട് കുഴികൾ …
അവൾ ചിരി മറച്ചു എന്നോട് പറഞ്ഞു ആവ്വോ അറിയില്ല… ഞാൻ ജനികുമ്പോഴേ മുഖത്ത് കുഴി ഉണ്ടായിരുന്നു എന്നാ അമ്മ പറഞ്ഞെ…
കുഴി പോകണം എങ്കിലേ കവിൾ പിടിച്ചു വലിച്ച മതി…
അമ്മു എത്രാല പഠിക്കുനെ
ആറിൽ..
ആറിലോ….????
ആ ആറിൽ ..
ചാവച്ച നെയ്യപ്പവുമായി വാ പൊളിച്ചു ഞാൻ ചോദിച്ചു അപ്പൊ എന്റെ ചേച്ചി ആണോ ??ഞാൻ അഞ്ചിൽ ആയിട്ടുള്ളു…
ഹെയ് ഉണ്ണിക്കുട്ടൻ എന്നെ ചേച്ചി എന്നൊന്നും വിളികണ്ട അമ്മു എന്ന് വിളിച്ച മതി….
ആ സമയം മാവിൻ കൊമ്പിൽ ഇരുന്ന് കാക്ക ആർത്തു വിളിക്കുന്നത് കേട്ട് ഞാനും അവളും മുകളിലേക്ക് നോക്കി
അവൾ ആകാംഷയോടെ എന്നോട് ചോദിച്ചു ഇതെന്താ കാക്ക ഇങ്ങനെ കരയുന്നത്…
ആ … അതറിയില്ലേ നെയ്യപ്പത്തിന്റെ മണം കേട്ട കാക്ക എവിടെ നിന്ന് ഇല്ലാതെ വരും ..
അപ്പൊ അമ്മുന്റെ വീട് എവിടെയാ…
സിറ്റില്
സിറ്റിയോ… അതെന്താ
പട്ടണം…
ആ പട്ടണം ..
ഉണ്ണിക്കുട്ടൻ വന്നാട്ടുണ്ടോ അവിടെ
ഓണത്തിന് കോടി എടുക്കാൻ രണ്ട് മൂന്ന് തവണ വന്നിട്ടുണ്ട് അച്ഛന് ഒപ്പം ….
ബാക്കി വന്ന നെയ്യപ്പത്തിന്റെ ഒരു കഷണം നീട്ടി എറിഞ്ഞപ്പോ ആർത്തിയോടെ അത് കൊതി തിന്നുന്ന കാക്കയെ അവൾ കൗതുകത്തോടെ നോക്കി നിന്നത് ഇന്നും എന്റെ ഓർമയിൽ ഉണ്ട്… അവളിലൂടെ ആണ് ഞാൻ പലതും അറിഞ്ഞത് അവൾ ജനിച്ചു വളർന്ന ആ നഗരവും അവിടെത്തെ കാഴ്ചകളും എല്ലാം… എന്റെ ഈ നാടും ഇവിടെത്തെ കാഴ്ചകളും അവൾക്കും അത്ഭുതങ്ങൾ ആയിരുന്നു…. അമ്പല കുളവും പരൽ മീനുകളെയും … പാടവും നാഗകാവും എല്ലാം അവൾ എന്റെ കൈ കോർത്തു പിടിച്ചു നടന്നാണ് കണ്ടത് …
ഒരിക്കൽ ഒരു തൃസന്ധിയാക്ക് നാഗകാവിൽ വിളക്ക് വെച്ച് വരുന്ന വഴിയിൽ കാവിനു മുന്നിൽ നിൽക്കുന്ന മഞ്ചാടി മരത്തിന്റെ ചുവട്ടിൽ നിന്ന് രണ്ടു മൂന്ന് മഞ്ചാടി കുരുക്കൾ അവൾ അത്ഭുതത്തോടെ അവളുടെ കുഞ്ഞു കൈകളിൽ പെറുക്കി എടുത്തു എന്നിട്ട് എനിക്ക് നേരെ നീട്ടിയിട്ട് എന്നോട്
ചോദിച്ചു ഇതെന്താ??
ഇതോ ഇത് മഞ്ചാടികുരു ….
ഇത് കുറെ കിട്ടാൻ എന്താ ചെയ്യാ….
അതിനു കാറ്റ് കാലം വരണം
അതിന് ഇനി എന്നാ കാറ്റ് കാലം വരിക..
ഞാൻ പറഞ്ഞു…
പാടവരമ്പത്തെ അയ്യപ്പന്റെ അമ്പലത്തിലെ പൂരം കഴിഞ്ഞ പിന്നെ കാറ്റു കാലം ആയി… അപ്പൊ കുറെ മഞ്ചാടി വീഴും…
അമ്മുന് എത്രണം വേണം….
എനിക്കോ… എനിക്ക്….. എനിക്ക് എന്നും ഓരോന്ന് മതി…എനിക്ക് വേണ്ടി ഉണ്ണിക്കുട്ടൻ എന്നും ഓരോ മഞ്ചാടികുരുവും പെറുക്കി ഒരു ചെപ്പിൽ ഇട്ടു വെക്കോ ഞാൻ അടുത്ത വേനൽ അവധിക്കു വരുമ്പോ എനിക്ക് തന്ന മതി…. അതിന് സമതമാണോ എന്ന് ചോദിച്ചു അവൾ അവളുടെ കുഞ്ഞു കൈകൾ എന്റെ നേർക്ക് നീട്ടി…….
അവളുടെ കൈ വെളയിൽ തൊട്ട് ഞാൻ പറഞ്ഞു
സമ്മതം…. ഞാൻ എന്നും സ്കൂൾ വിട്ട് വരുന്നത് ഈ വഴിക്കാണ് അമ്മുന് വേണ്ടി ഞാൻ എന്നും ഓരോ മഞ്ചാടികുരു എടുത്തു വെച്ചോളം … അതും പറഞ്ഞു അവൾക്കൊപ്പം ആ പാടവരമ്പിലൂടെ ഞാൻ വീട്ടിലേക്ക് നടന്നു……
പിറ്റേന്ന് എന്റെ പിറന്നാൾ ആയിരുന്നു….
ആ കുറിയും മുത്തശിയുടെ വക ആയിരുന്നു എന്റെ പിറന്നാൾ പുടവ….
ആ ദിവസം അമ്പലത്തിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങാൻ എനിക്ക് ഏറെ ധൃതി ആയിരുന്നു…..
വീട്ടിൽ എത്തി അടുക്കളയിൽ നിന്നിരുന്ന അമ്മയുടെ അടുത്തേക്ക് ഓടി….
അമ്മെ പായസം ആയോ…
ഇല്ലാലോ ഉണ്ണിക്കുട്ട…
കുറച്ച് വിഷമത്തോടെ അമ്മയോട് ഞാൻ ചോദിച്ചു
ഇനി എപ്പോഴാ ആവ….
ഇതൊന്നു വേവട്ടെ എന്റെ ഉണ്ണി … എന്താ ഇന്ന് പായസം കുടിക്കാണ്ട് ഇത്ര തിടുക്കം….
അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു….
എനിക്ക് കുടിക്കാൻ അല്ല അമ്മുന് കൊണ്ട് കൊടുക്കാനാ….
അമ്മ എന്റെ മൂക്കിൽ തോണ്ടി കൊണ്ട് പറഞ്ഞു പായസം ആകുമ്പോ അമ്മ വിളികട്ടോ ഉണ്ണി ഇപ്പോ അകത്തു പോയി ഇരിക്ക്…..
അകത്തെ കസേരയിൽ ഞാൻ അമ്മയുടെ വിളിയും പ്രതീക്ഷിച്ചു അടുകളയിലേക്ക് കണ്ണും നാട്ടു ഇരുന്നു…
അല്പസമായത്തിനുള്ളിൽ ഒരു തൂക്കു പാത്രം പായസവുമായി അമ്മ വന്നു
അത് എന്റെ കൈയിൽ കിട്ടേണ്ട താമസം ഞാൻ അതും കൊണ്ട് മുത്തശിയുടെ വീട്ടിലേക്ക് ഓടി…
വീടിന്റെ ഉമ്മറത്തെ ചാരു കസേരയിൽ മുത്തശ്ശൻ ഇരിക്കുണ്ടയിരുന്നു…
അല്ല പിറന്നാൾക്കാരൻ വന്നോ…ഇതെന്താ കൈയില്
ഞാൻ പറഞ്ഞു……
(ഓടി എത്തിയ കിത്തപ്പോടെ ഞാൻ പറഞ്ഞു….. )
പായസം… അമ്മുന് കൊടുക്കാൻ…. അമ്മു എവിടെ….
അകത്തുണ്ട് ….
ഞാൻ അകത്തേക്കു എത്തിയപ്പോ .. പുത്തൻ ഉടുപ്പും ഇട്ട് പിറന്നാൾ സദ്യ കഴിക്കുന്ന അമ്മുനെ ആണ് ഞാൻ അവിടെ കണ്ടത്.. അടുത്ത് മുത്തശിയും ഇരിപ്പുണ്ട്… ആ കാഴ്ചയിൽ നിന്ന് കണ്ണെടുക്കാതെ.. ഞാൻ തൂക്കു പാത്രം മുത്തശിക്ക് നേരെ നീട്ടി… എന്നിട്ട് ഞാൻ മുത്തശിയോട് ചോദിച്ചു….
ഇന്ന് അമ്മുന്റെയും പിറനാളാണോ
അതെല്ലൊ ഉണ്ണിക്കുട്ട… ഉണ്ണിക്കുട്ടൻ വിളക്കിന്റെ മുന്നിൽ ചെന്ന് ഇരിക്ക് മുത്തശി സദ്യ വിളമ്പാം
ഇത് കേട്ടപ്പോ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി സദ്യ കഴിക്കുന്നതിനിടയിൽ അവൾ ആ നുണ കുഴി കാണിച്ചു ഒന്ന് ചിരിച്ചു….. ഞാനും പതിയെ ഒന്ന് ചിരിച്ചു… എന്നിട്ട് അവൾക് അരികിൽ ചെന്ന് ഇരുന്നു…. ആ പിറന്നാളിന് സാമ്പാറിന് പകരം മുത്തശി ഉണ്ടാക്കിയത് എനിക്ക് ഒരുപ്പാട് ഇഷ്ട്ടം ഉള്ള മാമ്പഴ പുളിശ്ശേരി ആയിരിന്നു… അമ്മുന്റെ ഇലയിൽ കിടന്നിരുന്ന വലിയ മൂവാണ്ടൻ മാങ്ങ അവൾ എടുത്ത് കഴിക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടപ്പോ എനിക്ക് എന്റെ ചിരി അടക്കാൻ ആയില്ല….. എന്റെ ചിരി കണ്ടപ്പോ അവളുടെ നുണ കുഴി വിടർത്തി കൊണ്ട് അവൾ പറഞ്ഞു
ഇന്ന് സന്ധ്യക്ക് ഞാൻ പൂവുംട്ടോ ഉണ്ണി…
ഞാൻ ചോദിച്ചു… എങ്ങോട്ട്
എന്റെ അച്ഛന്റെ അമ്മയുടെയും അടുത്തേക്ക്…
അപ്പൊ ഇനി എന്നാ വരിക….
ഇനി അടുത്ത കൊല്ലം …. ആ മഞ്ചാടി ചെപ്പിൽ മഞ്ചാടിക്കുരുക്കൾ നിറയുമ്പോ…
ഇത് കേട്ടതും എന്റെ മുഖം ആകെ വാടി വിളമ്പിയ സദ്യയിൽ കൈ കുടഞ്ഞു ഞാൻ എണീറ്റു…
ആ മാവിൻ ചുവട്ടിൽ പോയിരുന്നു….. കുറച്ചു നേരത്തിനുള്ളിൽ അവളും എന്റെ അടുത്ത് വന്നു… എന്നിട്ട് ചോദിച്ചു…
ഉണ്ണിക്കുട്ടൻ പിണകമാണോ
തുളുമ്പി നിന്ന തുള്ളികൾ എന്റെ കവിളിലൂടെ ഊർന്നു വീഴ്ത്തി കൊണ്ട് ഞാൻ ചോദിച്ചു…
ഇടയ്ക്കു വെച്ച് പോകാൻ ആണെങ്കിൽ എന്തിനാ വന്നേ… ഇവിടെ നിന്നുടെ മുത്തശ്ശനും മുത്തശ്ശിയും തനിച്ചല്ല…..
അവൾ എന്റെ കവിൾ തുടച്ചു കൊണ്ട് പറഞ്ഞു എനിക്ക് സ്കൂളിൽ പോണ്ട ഉണ്ണിക്കുട്ട…. സ്കൂൾ പൂട്ടുമ്പോ ഞാൻ വരം ഉണ്ണികുട്ടന്റെ അടുത്തേക്ക്….
അല്പസമയത്തെ ഞങ്ങൾക്ക് ഇടയിലെ നിശ്ശബ്ദതക്കു ശേഷം ഞാൻ വീണ്ടും അവളോട് ചോദിച്ചു…
മരം കേറുന്ന കേശു മാമനെ വിളിച്ച് മഞ്ചാടി മരത്തിന്റെ കൊമ്പ് ഞാൻ കുലുക്കാൻ പറയാം അപ്പൊ നിറയെ മഞ്ചാടികുരു കിട്ടും ആ ചെപ്പു നിറയെ അപ്പൊ ഇവിടെ നിൽകാവോ…..
അവൾ അതിന് മറുപ്പടി ഒന്നും പറയാതെ പതിയെ ഒന്ന് ചിരിക്കാ മാത്രം ചെയ്തു. പക്ഷെ ആ ചിരിയിൽ മാത്രം എപ്പോഴും വിടരാറുള്ള നുണ കുഴി എനിക്ക് കാണാൻ കഴിഞ്ഞില്ല……
ഞാൻ ഒന്നും മിണ്ടാതെ അവളെ ഒന്ന് തിരിഞ്ഞു പോലും ആ വീടിന്റെ പടിപ്പുര ഇറങ്ങി എന്റെ വീട്ടിലേക്ക് നടന്നു… വരുന്ന വഴിയിലും എന്റെ ഷർട്ടിന്റെ
കീശയിൽ ഒരു മഞ്ചാടിക്കുരു പെറു ക്കിയിടൻ ഞാൻ മറനിരുന്നില്ല
ആ കാത്തിരിപ്പ് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീണ്ടു … ഒരു ദിവസം അമ്മ പതിവില്ലാതെ എന്നെയും കൂട്ടി പുഴകടവിലേക് നടന്നു ….
അവിടെ കാടവിന്റെ പടിയിൽ നനഞ്ഞു തണുത്തു നിറഞ്ഞ. കണ്ണുകളോടെ മുത്തശ്ശനും മുത്തശ്ശിയും നില്കുണ്ട് കൂടെ ആരൊക്കെയോ വേറെയും ഉണ്ട്….
ഒരു കടവിന്റെ പടിയിൽ ഇരുന്ന് തന്ത്രി ഒരു വാഴയില ചിന്തിൽ എന്തൊക്കെയോ ചെയ്യുന്നു…. പെട്ടന്നു എന്റെ കവിളിലേക്ക് ഒരു തുള്ളി വെള്ളം വീണു … ഞാൻ കൈ കൊണ്ട് കവിൾ തുടച് മുകളിലേക്ക് നോക്കി… നിറഞ്ഞ ഒഴുകുന്ന കണ്ണുകളും ആയി എന്റെ പിറകിൽ നിൽക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്…..
ഞാൻ അമ്മയോട് കടവിലേക് വിരൽ ചൂണ്ടി ചോദിച്ചു
എന്താ അമ്മേ അവിടെ എന്തിനാ മുത്തശ്ശനും മുത്തശ്ശിയും നനഞ്ഞു നില്കുന്നത്…..
അമ്മ എന്റെ കവിൾ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു ഇനി
അമ്മു ഇനി വരില്ല ഉണ്ണിയുടെ ഒപ്പം കളിക്കാൻ….
സംശയത്തോടെ ഞാൻ ചോദിച്ചു വരില്ലേ….
അമ്മ എന്നെ ചേർത്ത് പിടിച്ചു… ആ സമയം കടവത് ഞാൻ ശേഖരിച്ചു വെച്ച മഞ്ചാടി ചെപ്പിന്റെ അത്രയും വലിപ്പത്തിൽ ഒരു കുഞ്ഞു കുടം മുത്തച്ഛൻ കെട്ടഴിച്ചു വെള്ളത്തിൽ ഒഴുകുന്നത് കണ്ടു….
അമ്മയുടെ പിടി വിട്ട് നിറഞ്ഞ കണ്ണുകളുമായി ഞാൻ വീട്ടിലേക്ക് ഓടി… അമ്മയുടെ പുറകെ നിന്നുള്ള വിളി പോലും ഞാൻ ശ്രദ്ധിച്ചില്ല…. ഓടി വീട്ടിൽ എത്തി കട്ടിലിന്റെ താഴെ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ മഞ്ചാടിചെപ്പുമായി ഞാൻ കടവത്തേക് ഓടി… അവിടെ ഞാൻ കടവിന്റെ പടികൾ ഇറങ്ങും മുൻപ് എന്റെ കുഞ്ഞു കൈകൾ അമ്മ ബലമായി പിടിച്ചു….. എന്റെ കൈയിലെ ചെപ്പ് ബലമായി വാങ്ങി എന്നെ മുറുകെ പിടിച്ചു എങ്ങി കരഞ്ഞു കൊണ്ട് അമ്മയുടെ തോളിൽ ഞാൻ കിടന്നു…. തോളിൽ കിടക്കുന്ന എന്റെ മുടികൾ തലോടി അമ്മ പറഞ്ഞു ഇനി ഉണ്ണി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പോകണ്ടട്ടോ ട്ടോ… ഉണ്ണിയെ കണ്ട മുത്തശി വിഷമവും……
പിന്നീട് ആ മഞ്ചാടി മണികൾ നിറഞ്ഞ ആ ചെപ്പ് അമ്മ തട്ടിൻപുറത്ത് എവിടെയോ ഒളിപ്പിച്ചു… ഒരിക്കലും ഞാൻ അതെ കുറിച്ച് അമ്മയോട് ചോദിച്ചട്ടില്ല…
എന്റെ പിറന്നാൾദിവസം ഇന്നും ആ വീട്ടിൽ ഒരു സദ്യ വട്ടം ഒരുങ്ങും … ഒരു മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒരു വർഷത്തെയും കാത്തിരിപിനൊടുവിൽ പുത്തൻ ഉടുപ്പിട്ടു ആ പഴയ ഉണ്ണികുട്ടനും അമ്മുവും ഇന്നും ആ സദ്യ ഉണ്ണാൻ ആ വീട്ടിൽ വരുണ്ടാക്കും … അവളുടെ വരവും കാത്ത് ആ മഞ്ചാടി മരം ഇന്നും ഓരോ മണി പൊഴികാറുണ്ട്…..
വേണി ആ ഡയറി കുറിപ്പ് നിറഞ്ഞ കണ്ണുകളോടെ വായിച്ചു നിർത്തിയപ്പോ…
തോട്ടപുറത്തെ പേജിൽ പുതിയ മഷിയിൽ ഉണ്ണി എഴുതി ചേർത്ത ചില വാചകങ്ങൾ കൂടെ അവൾ കണ്ടു….
ഇന്നും അമ്മു എന്റെ ജീവിതത്തിൽ ആരാണ് എന്ന് എനിക്കറിയില്ല… എന്റെ ഒരു വയസ്സിന്റെ ചെറുപ്പത്തിൽ അവൾ എനിക്ക് ചേച്ചിയാക്കാം… ഞങ്ങളുടെ വയസുകളുടെ ഇടയിലെ ആ ഒരു വർഷം മറന്നാൽ എനിക്കിവൾ എന്റെ പ്രണയിനി ആയേക്കാം… അതും അല്ലങ്കിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി… ജീവിതത്തിൽ സ്ഥാനമാനങ്ങൾ ഒപ്പം പേരിട്ടു വിളിക്കാൻ ഉള്ള തിരിച്ചറിവ് ഉണ്ടാക്കുന്നതിന് മുമ്പ് അവൾ എനിക്ക് നഷ്ടപ്പെട്ടത് കൊണ്ട് ഇന്നും അറിയില്ല അവൾ എനിക്ക് ആരായിരുന്നു എന്ന്…
ഏതോ ഒരു ലോകത്ത് ഇന്നും ഒരു 12 വയസുകാരിയായി അവൾ ഉണ്ട് … ഒരു പക്ഷെ ഇന്ന് എനിക്ക് അവളോടുള്ള വികാരം വാത്സല്യമാകാം … തീവ്ര പ്രണയത്തെ പോലും തോൽപ്പിക്കാൻ കഴിവുള്ള വാത്സല്യം .. .. അറിയാതെ ആണെങ്കിലും എന്റെ മനസ് വേണിയുടെ ചില സമയത്തെ സമീപിയത്തിൽ നിന്നും ഇന്നും അമ്മുനെ തിരായറുണ്ട്…
എങ്കിലും അവൾ ആരാണ് എന്നാ ചോദ്യത്തിന് ഒരു ഉത്തരം ഇട്ട് .. ഇന്നും വേണിയോട് അവളെ എനിക്ക് പരിചയപ്പെടുത്താൻ കഴിയുന്നില്ല … ചില സത്യങ്ങളെ കലാം തെളികട്ടെ ആ കാത്തിരിപ്പിൽ ആണ് ഞാൻ…. .. …
ഊർന്നു വീണ 2 തുള്ളി കണ്ണുനീരോട് കൂടി വേണി ആ ഡയറിയുടെ താളുകൾ അടച്ചു…
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും.. ഇന്നും ഉണ്ണിയേട്ടന്റെ മനസ്സിൽ അമ്മു ജീവിക്കുന്നു .. അതെ മനസോട് കൂടി ഇടക്ക് ആണെങ്കിൽ കൂടി അറിയാതെ എന്നെ വിളിച്ചു പോകുന്ന ആ പേരിലൂടെ ഞാൻ മനസിലാക്കുന്നു ആ സ്നേഹവും വാത്സല്യം എനിക്ക് മുഴുവനായി കിട്ടുന്നുണ്ട് എന്ന്…..
കണ്ണുകൾ തുടച് അവൾ മാറാത് കിടന്നിരുന്ന താലിയിൽ പതിയെ ഒന്ന് ചുംബിച്ചു….
തട്ടിൻപുറത് നിന്ന് തേടി പിടിച്ച മഞ്ചാടി ചെപ്പുമായി അവൾ… മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പടിപുര വാതിൽ കടന്ന്.. ഉള്ളിലേക് നടക്കുമ്പോ അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഈ വീടിന് പണ്ടൊരിക്കൽ നഷ്ട്ടപ്പെട്ട അവരുടെ കൊച്ചുമകൾ ഈ നിമിഷം തനിലൂടെ പുനർജനികയായിരുന്നു എന്ന്…. അപ്പോഴേക്കും ഒരുപ്പാട് തീരാ വേദനകളുടെയും ഓർമക്കളുടെയും ഭാരം പേറി ആ വീട് ചിതലെടുത്തിരുന്നു… കിഴക്കേ കോലായിൽ നിന്നിരുന്ന ആ മൂവാണ്ടൻ മാവിന്റെ ചോട്ടിലെ രണ്ട് ആസ്തി തറകൾക്കു മുന്നിൽ നിറഞ്ഞ കണ്ണുകളോടെ ആ മഞ്ചാടിചെപ്പ് അർപ്പിച്ചു അവൾ തിരിച്ചു നടന്നു…..
==================
ഇടക്ക് വെച്ച് ഈ ലോകത്തോട് വിട പറയുന്ന ചിലർ മറ്റുള്ളവരുടെ മനസ്സിൽ ഒരുപ്പാട് കാലം ഓർമയായി ജീവികുമെങ്കിൽ കാലം അവരെ മറ്റുചിലരുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടതിച്ചേക്കാം………..
~by Sarath Krishna