എടുക്കണ്ട എന്നുവെച്ചു തിരിഞ്ഞു പോകാൻ തുടങ്ങുമ്പോൾ മൊബൈലിൽ വീണ്ടും കാൾ വന്നുകൊണ്ടിരിക്കുന്നു…

Story written by Sumayya Beegum T A

===================

ഒരുപാട് നാളായില്ലേ, ഇന്ന് ഞാനും കൂടി വരട്ടെ അനിൽ അമ്പലത്തിൽ. നിത ഒരുപാട് പ്രതീക്ഷയോടെ അവനോട് ചോദിച്ചു.

എന്നിട്ട് എന്തിനാ? നാട്ടുകാരുടെ മുമ്പിൽ എഴുന്നള്ളിക്കാനോ? അല്ലാതെ തന്നെ ഓരോ നിമിഷവും നാണം കെട്ടുകൊണ്ടിരിക്കുക ആണ്. അത് പോരാഞ്ഞിട്ടാണോ?

കുറെ നാളായി സഹിക്കുന്നു അനിൽ ഇനിയും സഹിക്കാം പക്ഷേ ഇതിനൊരു അവസാനം എന്ന് ഉണ്ടാകുമെന്നു അനിൽ തന്നെ പറ .

ഈശ്വരനെ ഓർത്തു എന്നെ രാവിലെ തന്നെ ഭ്രാന്ത്‌ പിടിപ്പിക്കരുത്. എന്നും എന്റെ നിന്നോടുള്ള സമീപനം ഇങ്ങനെ തന്നെയായിരിക്കും.

അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറേണ്ടഅനിൽ . ഞാൻ മാത്രല്ല നീയും ഒരുപോലെ കുറ്റക്കാരാണ്. അതിന്റെ ഫലമാണ് നമ്മുടെ ജീവിതവും. ഇനി മുമ്പോട്ട് ജീവിക്കുക എന്നല്ലാതെ ചുമ്മാ വഴക്കടിച്ചു ദിവസങ്ങൾ കളയുന്നതെന്തിന്?

പിന്നെ ജീവിക്കാനുള്ള കൊതി ഒക്കെ ഒരു കൊല്ലം മുമ്പേ കഴിഞ്ഞു അതുകൊണ്ട് അത് ഒന്നും പറഞ്ഞു കാടുകയറേണ്ട ഞാൻ പോകുന്നു.

അനിൽ ദേഷ്യപ്പെട്ടു ബൈക്ക് എടുത്തു പുറത്തേക്ക് പോകുമ്പോൾ നിത വെറുതെ അവനെ നോക്കി വാതിൽക്കൽ നിന്നു.

കുറച്ചു സമയം കഴിഞ്ഞു മേശപ്പുറത്തിരുന്ന മൊബൈൽ തുടരെ തുടരെ ബെൽ അടിക്കുന്നത് കേട്ടാണ് അരിഞ്ഞുകൊണ്ടിരുന്ന പാവയ്ക്ക പാത്രത്തിൽ വെച്ച് ഹാളിലേക്ക് നിത വന്നത്.

അനിലിന്റെ മൊബൈൽ ആണ്. അനിലിന്റെ അമ്മ വിളിക്കുന്നു.

എടുക്കണ്ട എന്നുവെച്ചു തിരിഞ്ഞു പോകാൻ തുടങ്ങുമ്പോൾ മൊബൈലിൽ വീണ്ടും കാൾ വന്നുകൊണ്ടിരിക്കുന്നു.

എന്തെങ്കിലും അത്യാവശ്യകാര്യമാണെങ്കിലോ എന്നോർത്ത് അവൾ മടിച്ചു മടിച്ചു ഫോൺ എടുത്തു.

നിതയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മയുടെ സ്വരത്തിൽ വെറുപ്പ് കലർന്നു.

അനിലെവിടെ? നിന്നോട് ആര് പറഞ്ഞു ഫോൺ എടുക്കാൻ അവന്റെ കയ്യിൽ ഫോൺ കൊടുക്ക്‌.

അനിൽ ഇവിടില്ല. ഫോൺ കൊണ്ടുപോകാൻ മറന്നുപോയി.

വരുമ്പോൾ ഞാൻ വിളിച്ചെന്നു പറയണം വൈകുന്നേരം ഇവിടെ വരെ വരാൻ പറയണം അത്യാവശ്യമാണ്. കാര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് ഒരു കൂട്ടർ ഇന്നു വാക്ക് ഉറപ്പിക്കാൻ വരുന്നുണ്ട് ആനന്ദിന് വേണ്ടി. പിന്നെ ദൈവത്തെ ഓർത്തു നീ വരരുത്. അപേക്ഷയാണ്. അവനെ പെറ്റു എന്നൊരു പാപം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു അതിന്റെ പേരിൽ എന്നെ ഉപദ്രവിക്കരുത്.

ഒന്നും മിണ്ടാതെ കാൾ കട്ട്‌ ചെയ്തു പാവയ്ക്ക അരിഞ്ഞുകൊണ്ടിരിക്കുമ്പോൾ അനിലിന്റെ അമ്മയുടെ വാക്കുകൾ കാതുകളെ പൊള്ളിച്ചു നെഞ്ചിൽ ഒരു വിമ്മിഷ്ടമായി.

അരിഞ്ഞുകൊണ്ടിരിക്കുന്ന പാവയ്ക്കയെക്കാൾ കയ്പ്പുള്ള ജീവിതം ഒരു ചോദ്യ ചിന്ഹമായി.

ഒരല്പം കഴിഞ്ഞപ്പോൾ കൂട്ടുകാരനൊപ്പം വന്ന അനിൽ മൊബൈൽ എടുക്കാനായി ഹാളിലേക്ക് കയറി.

ഞാൻ പുറത്തോട്ട് കൊണ്ടു തരുമായിരുന്നു വിളിച്ചാൽ പോരായിരുന്നോ? നിത അവനോട് ചോദിച്ചു.

കൂടെ സുധിഷ് ഉണ്ട് അവൻ കെട്ടിയതല്ല ഇനി നീ പുറത്തോട്ട് വന്നു അവന്റെ ഭാവി കൂടി നശിക്കണ്ടല്ലോ?

അനാവശ്യം പറയരുത്. അങ്ങനെ കാണുന്ന എല്ലാരേം വശീകരിക്കാൻ മാത്രം കാമ ഭ്രാന്ത്‌ പിടിച്ചവൾ അല്ല ഞാൻ.

അയ്യോ പതിവ്രത ആണല്ലോ മറന്നു. ക്ഷമിക്ക്.

നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി അവൾ അവനോട് പറഞ്ഞു വൈകുന്നേരം അനിലിനോട് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അമ്മ മൊബൈലിൽ വിളിച്ചിരുന്നു.

ആ അവിടേം പോയി കൂട്ടുകാർക്കൊപ്പം കൂടി പാതിരാത്രിയെ ഞാൻ വരൂ. കണ്ടില്ല എന്നുപറഞ്ഞു ഫോണിലേക്ക് നീ തുടരെ തുടരെ വിളിക്കണ്ട.

അതും പറഞ്ഞു യാതൊരു ദയയുമില്ലാതെ അനിൽ പോകുമ്പോൾ എപ്പോഴത്തെയും പോലെ നിർവികാരമായി അവൾ നോക്കി നിന്നു .

മരിക്കാൻ പേടിയില്ല ജീവിക്കാൻ കൊതിയും പിന്നെ എന്ത്‌ കൊണ്ടു ആത്മഹത്യ ചെയ്യുന്നില്ല എന്ന് ചോദിച്ചാൽ തോറ്റു കൊടുക്കാൻ മനസില്ല അതുകൊണ്ട് മാത്രം ഇത്രയും നാളും പിടിച്ചുനിന്നു. ഇനി വയ്യ.

ഒരു ഭ്രാന്തിയെപ്പോലെ അവൾ അലറി കരഞ്ഞു.

പഴകിയ ആ വാടകവീടിന്റെ ചുമരുകൾ പോലും അവളെ നോക്കി പുച്ഛിച്ചു. ആർക്കും അവളോട് സഹതാപം തോന്നിയില്ല.

പതിനെട്ടാമത്തെ വയസ്സിൽ സർവ്വ ഐശ്വര്യങ്ങളിലേക്കും വലതുകാൽ വെച്ച് കയറിയവൾ മുപ്പത്തഞ്ചാം വയസ്സിൽ തെരുവിൽ ആയതിനു കാരണം മറ്റൊന്നുമായിരുന്നില്ല. സ്വന്തം കുഴി സ്വയം തോണ്ടി.

തിരിഞ്ഞു നോക്കുമ്പോൾ എന്ത്‌ നേടി. ഒരു സമൂഹത്തിന്റെ മൊത്തം ശാപവാക്കുകളും പുച്ഛവുമല്ലാതെ.

പുതുതായി വീട്ടിൽ പണിക്ക് വന്ന ചെറിയ പയ്യനോട് തോന്നിയ സൗഹൃദം എങ്ങനെ ആണ് കിടപ്പുമുറിയിൽ വരെ എത്തിക്കാൻ തന്നെക്കൊണ്ട് പറ്റിയത്?

ശരീരം ഇത്രത്തോളം കാമാർത്തി കാണിച്ചപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ തനിക്കു കഴിയാഞ്ഞത് എന്തുകൊണ്ടാണ്?

ഒരുത്തന്റെ താലി കഴുത്തിൽ കിടക്കുമ്പോൾ മറ്റൊരുത്തന്റെ മാറിലേക്ക് ചായാൻ ഉടൽ വിറയ്ക്കാതിരുന്നത് എന്തുകൊണ്ട്?

ഒന്നും ഒന്നും അറിയില്ല.

ഒരുപാട് സംസാരിക്കുന്ന എപ്പോളും ചിരിക്കുന്ന അനിൽ പതിയെ പതിയെ മനസിലേക്ക് കടന്നപ്പോൾ താനൊരു ഭാര്യ ആണെന്നത് പോലും മറന്നു.

അവന്റെ സ്വരത്തിനായി സാമിപ്യത്തിനായി ഓരോ വട്ടവും കാത്തിരുന്നു.

പിന്നെ എപ്പോളോ അവനെ നഷ്ടപ്പെടാതിരിക്കാൻ ആ ബന്ധത്തെ തന്റെയും ഭർത്താവിന്റെയും മാത്രമാകേണ്ടിയിരുന്ന കിടക്കയിൽ വരെ പലതവണ കൊണ്ടു ചെന്നെത്തിച്ചു.

അപ്പോഴൊക്കെ താനോ അനിലോ പരസ്പരം പ്രണയിച്ചിരുന്നോ?

ഒരിക്കലുമില്ല ചുമ്മാ ശരീരത്തിന്റെ സുഖത്തിനു വേണ്ടി ആരാണ് എന്താണ് എന്നുപോലും മറന്നു ഒന്നായി കൊണ്ടിരുന്നു.

കട്ട് തിന്നുന്നവന്റെ സുഖം വിളമ്പി വെച്ച ഭക്ഷണത്തെ ഭോജിക്കുന്നവന്റെ തൃപ്തിയെക്കാൾ വലുതാണെന്നത് ഓരോ കൂടിച്ചേരലിനെയും മത്തു പിടിപ്പിച്ചു.

അന്ന് ചേട്ടൻ പുറത്തു പോയ സമയം ഞങ്ങൾ ആവോളം ആസ്വദിക്കുമ്പോൾ അതിന്റെ പാരമ്യത്തിൽ തന്നെ ഏട്ടനത് കയ്യോടെ പിടികൂടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.

അങ്ങനെ ഒരു നിമിഷം ജീവിതത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല ഞാനും അനിലും.

ഭർത്താവിന്റെ മറവിലുള്ള ഒരു നേരംപോക്ക് മാത്രമായിരുന്നു തനിക്കു അനിൽ, അനിലിന് ഇടയ്ക്കിടെ ആനന്ദിക്കാനുള്ള ഒരു കുറുക്കു വഴി മാത്രമായിരുന്നു താനും.

പക്ഷേ ഞങ്ങളെ ഒരുമിച്ചു ആളെക്കൂട്ടി ഇറക്കിവിടുമ്പോൾ ജയിച്ചത് ഏട്ടനായിരുന്നു.

അന്ന് തൊട്ട് ഇന്നുവരെ ജീവിതത്തിൽ സന്തോഷം എന്നതറഞ്ഞിട്ടില്ല.

എന്നേക്കാൾ ഒൻപതു വയസ്സ് മാത്രം കൂടുതലുള്ള അനിലിന്റെ അമ്മയുടെ മുമ്പിലേക്ക് മകൻ ഞാനുമായി ചെന്നപ്പോൾ കിട്ടിയത് ആട്ടും കരണം പുകച്ചൊരു അടിയുമായിരുന്നു.

ചൂലെടുത്തു ആ സ്ത്രീ ഞങ്ങളെ അവിടുന്ന് ഓടിക്കുമ്പോൾ തീമഴ പോലെ ശപിച്ചുകൊണ്ടിരുന്നു.

അന്ന് വന്ന് കയറിയതാണ് കാറ്റും വെളിച്ചവും കേറാത്ത ഈ വാടക വീട്ടിൽ.

പിന്നെ ഒരിക്കൽ പോലും പണ്ടുണ്ടായിരുന്ന ആവേശം എനിക്കോ അനിലിനോ ഇടയിൽ ഉണ്ടായിട്ടില്ല.

ആത്മഹത്യാ ഭീഷണി മുഴക്കി അനിലിന്റെ ജീവിതത്തിൽ ഇത്തിൾ കണ്ണിപോലെ കടിച്ചു തൂങ്ങി കിടക്കുന്ന എന്നെ അവൻ പുഴുത്ത പട്ടിയെപ്പോലെ വെറുത്തു.

കണ്ണാടിയിൽ നോക്കി നിൽക്കെ തെളിഞ്ഞ മുടിയിലെ രണ്ട് വെള്ളി നൂലുകൾ താൻ ഒരുപാട് വൃദ്ധയായത് പോലെ നിതയെ നിരാശയാക്കി.

അനിൽ തീരെ ചെറുപ്പമാണ്. താൻ ഒഴിഞ്ഞുകൊടുത്താൽ അവന്റെ ജീവിതം വീണ്ടും തളിർക്കും. പിന്നെ പിന്നെ ഇനിയും എന്തിനു വിലങ്ങു തടിയായി നിൽക്കണം?

പിറ്റേന്ന് അനിൽ പണി കഴിഞ്ഞുവരുമ്പോൾ കുളിച്ചു നെറുകയിൽ സിന്ദൂരം ചാർത്തി കണ്ണെഴുതി അവൾ നിന്നു.

തൊടിയിൽ നിന്നും പറിച്ച കുറച്ചു മുല്ലമൊട്ടുകൾ മേശമേൽ വെറുതെ വെച്ചു. എന്നോ നഷ്ടപ്പെട്ട ജീവിത സുഗന്ധത്തെ തേടി മുല്ലപ്പൂ മണം ആ മുറിയിൽ നിറഞ്ഞു.

എന്താടി പതിവില്ലാതെ ഒരു വേഷം കെട്ടൽ? ഇതൊന്നും കണ്ട് അനിൽ മോഹിക്കില്ല.

ഈ ഒരു രാത്രി അനിലിനൊപ്പം കഴിയാൻ എനിക്ക് ആഗ്രഹമുണ്ട്. ഞാൻ ഒരു തീരുമാനം എടുത്തു നാളെ ഞാൻ പോകുകയാണ് ഇവിടെ നിന്നും എന്നെന്നേയ്ക്കുമായി.

അനിലുമായുള്ള വിവാഹ മോചനത്തിന് എനിക്ക് സമ്മതമാണ്. അടുത്തുള്ള സുശീല ചേച്ചി വഴി ദൂരെ ഒരു തുണിക്കടയിൽ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്.

ഇനി ഒരിക്കലും ഞാൻ നിനക്കൊരു തടസ്സമാകില്ല.

അതും പറഞ്ഞവൾ അവനെ തന്നിലേക്ക് ചേർത്തണച്ചു.

തീയിൽ തൊട്ട പോലെ അവൻ അവളെ തട്ടിമാറ്റി. പോകുന്നെങ്കിൽ നീ പോ. ഒരു കോടി പുണ്യം കിട്ടും പക്ഷേ അതും പറഞ്ഞു പ്രലോഭിപ്പിച്ചു വീണ്ടും കൂടെ കിടക്കാൻ എന്റെ പട്ടി വരും.

നീ വെറുമൊരു ശവംആണ് എനിക്കിന്ന് . പോടീ അത്രയ്ക്ക് പറ്റുന്നില്ല എങ്കിൽ റോഡിലോട്ട് ഇറങ്ങിനിൽക്ക് ഏതേലും ഒരുത്തൻ കൊണ്ടുപോകാതിരിക്കില്ല.

അതും പറഞ്ഞവൻ വരാന്തയിൽ ചെന്നു കുപ്പി പൊട്ടിച്ചു മൊത്തം കുടിച്ചു ഉറക്കത്തിലേക്ക് വീണു.

കരയാൻ കണ്ണ് നീരില്ലാതെ അനക്കമറ്റ്‌ നിൽക്കുന്ന അവൾക്ക് സ്വയം വിളിക്കാൻ തോന്നി “ശവം “.

പിറ്റേന്ന് ബാഗുമായി യാത്ര പുറപ്പെടും മുമ്പ് അവളൊരു പേപ്പർ ബോധം കെട്ടു ഉറങ്ങുന്ന അവന്റെ അരികിലായി വെച്ചു.

അനിൽ, ഞാൻ തെറ്റുകാരിയാണ്. നീ വിളിച്ചപോലെ തന്നെ ഒരു ശവം. പക്ഷേ കല്യാണം കഴിഞ്ഞൊരു പെണ്ണിന്റെ കിടക്കയിൽ കിടക്കാൻ തുനിഞ്ഞ നിന്നെ ആണാണ് എന്ന ഒറ്റ പേരിൽ സമൂഹം വെറുതെ വിട്ടിരിക്കാം. പക്ഷേ നീയും നല്ലവനാണെന്നു കരുതണ്ട. ചെളി കണ്ടാൽ ചവിട്ടാനും വെള്ളം കണ്ടാൽ കഴുകാനും അറിയാവുന്ന ചില പുരുഷ കേസരികളിൽ ഒരുവനാണ് നീയും. അന്ന് പിടിക്കപെട്ടില്ലായിരുന്നുവെങ്കിൽ ഇന്നും നീ എന്റെ ശരീരത്തെ കൊതിച്ചു എനിക്ക് ചുറ്റും ഒരു പട്ടിയെപ്പോലെ വാലാട്ടി നടന്നേനെ? എന്റെ ജീവിതം ഏറെക്കുറെ കഴിഞ്ഞു. നിനക്കൊരു ഭാവിയുണ്ട്. ഒരുവൾ നിന്റെ ഭാര്യയായി ഇനിയും വരും. അപ്പോഴും നീ പണിക്കു പോകുന്ന വീട്ടിൽ എന്നെപ്പോലുള്ള പെണ്ണുങ്ങൾ ഉണ്ടാവും.ഇനിയൊരു തെറ്റ് ഉണ്ടാവാതിരിക്കട്ടെ. എന്റെ ഭർത്താവിനെപോലെ ഒരാൾ ആയിരിക്കണം എന്നില്ല ചിലപ്പോൾ അവിടെ വെച്ചുതന്നെ നീ പല കഷ്ണങ്ങളായി തീരാനും സാധ്യത ഇല്ലാതില്ല.

അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം. ആശംസകളോടെ നീ എന്നും വിളിക്കുന്ന ശവം…

പുലർ മഞ്ഞു പൊതിഞ്ഞു പിടിച്ച നാട്ടുവഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ കുറെ കാലത്തിനു ശേഷം അവളുടെ മുഖത്ത് കുളിർ കാറ്റ് വീശി, ഇനിയൊരിക്കലും ഇടറാതിരിക്കാൻ മനസ്സിനെ പാകപ്പെടുത്തി അവൾ യാത്ര തുടർന്നു….

(പല കാരണങ്ങളാൽ ജീവിക്കുന്ന ജീവിതം പലർക്കും വീർപ്പുമുട്ടലുകൾ നിറഞ്ഞതാവാം. പക്ഷേ നിസാര കുറവുകളുടെ പേരിൽ വലിയ ദുരന്തങ്ങളിലേക്ക് എടുത്തു ചാടുന്നതിനു മുമ്പ് ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കുക ഒരിക്കൽ ഉടഞ്ഞാൽ പിന്നെ ഒരിക്കലും കൂട്ടിച്ചേർക്കാൻ പറ്റാത്തവണ്ണം പൊട്ടി തകർന്നു തരിപ്പണമാകും നമ്മുടെ ജീവിതം. )