മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഗുരുവായൂരപ്പൻറെ നടയിൽ നിന്ന് മാലതി മനസ്സുരുകി പ്രാർത്ഥിച്ചു… മനസ്സ് ശാന്തമായിരുന്നു മൂന്നുദിവസം പോയതറിഞ്ഞില്ല…
എല്ലാവർക്കും മനസ്സിന് സന്തോഷകരമായ ദിവസങ്ങളായിരുന്നു കടന്നുപോയത്.
തിരികെയുള്ള യാത്രയിൽ തന്റെ വീട്ടിൽ കൂടി കയറിയിട്ട് പോകാമെന്നു രാജേഷ് എല്ലാവരോടുമായി പറഞ്ഞു.. അമ്മ ഇതുവരെ എൻറെ വീട് കണ്ടിട്ടില്ലല്ലോ.. നേരത്തെ പ്ലാൻ ചെയ്തത് ആയതുകൊണ്ട് വിവേകവും അവന്റെ അഭിപ്രായത്തിനെ പിൻ താങ്ങി..
എങ്കിൽ അങ്ങോട്ടേക്കാവാം യാത്ര… മഹാദേവൻ പറഞ്ഞു… രാജിക്കൊഴികെ മറ്റെല്ലാവർക്കും അത് സന്തോഷമായിരുന്നു..
മോനെ നമ്മൾ ഇത്രയും പേരും കൂടെ ചെല്ലുന്നത് മോന്റെ വീട്ടുകാർക്ക് ഒരു ബുദ്ധിമുട്ടായിരിക്കും
അങ്ങനെ ഒരു ബുദ്ധിമുട്ടുമില്ല ഞാൻ എപ്പോഴേ വിളിച്ചു പറഞ്ഞു കഴിഞ്ഞു എന്റെത് ഒരു വലിയ തറവാടാണ്… അവിടെ ധാരാളം ആളുകളുമുണ്ട്
കാർ മെല്ലെ നീങ്ങി തുടങ്ങി… രാജേഷിന്റെ ശ്രദ്ധ ഡ്രൈവിംങ്ങിൽ മാത്രമായി… അങ്ങനെ അരമണിക്കൂറിനുള്ളിൽ നമ്മൾ എന്റെ വീട്ടിലെത്തും.. രാജേഷ് പറഞ്ഞു
അൽപ്പദൂരം കൂടെ കാർ ഓടിയപ്പോൾ റോഡിൽ കുറച്ചു ആൾകൂട്ടം ഒന്നു രണ്ടുപേർ കാറിന്റെ മുന്നിലേയ്ക്ക് വന്നു കൈ നീട്ടി നിന്നു…
രാജേഷ് കാർ നിർത്തി സൈഡ് ഗ്ലാസ്സ് താഴ്ത്തി… അളിയാ കുറെകാലമായല്ലോ കണ്ടിട്ട്.. ഇപ്പൊ നമ്മളെയും ഈ നാടിനെയുമൊന്നും വേണ്ടല്ലോ ഇല്ലേ.. അതിലൊരാൾ ചോദിച്ചു…
അങ്ങനെയൊന്നുമില്ലെടാ.. ജോലി അവടെയായി പോയില്ലേ…
എന്നാൽ എന്റെ പൊന്നുമോൻ ഇവിടെ ഇറങ്ങി ഇനി ചടങ്ങ് കഴിഞ്ഞിട്ട് പോയാൽ മതി.. നിന്റെ അമ്മാവൻ മാണിക്കോത്ത് ദേവൻ സാറിന്റെ പുസ്തക പ്രകാശനവും ആദരിക്കൽ ചടങ്ങും നടക്കുന്നുണ്ട്..
അതു കാണാൻ നിൽക്കാതെ മരുമകൻ അങ്ങ് പോയാലോ ഇറങ്ങി വാടാ കൂട്ടുകാരിലൊരാൾ,.. ഡ്രൈവിംഗ് സീറ്റിന്റെ സൈഡ് ഡോർ തുറന്നു അവനെ പുറത്തേക് വിളിച്ചു…
അമ്മേ അച്ഛാ നമുക്ക് ഇവിടെ ഒന്ന് ഇറങ്ങിയിട്ട് പോകാം അല്ലാതെ ഇവന്മാരെ വിടുന്ന ലക്ഷണം ഇല്ല..
അതിനെന്താ മോനേ അങ്ങനെ ആയിക്കോട്ടെ.. നന്ദൻ പറഞ്ഞു
എന്നാൽ നിങ്ങൾ ഇറങ്ങിക്കോ ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം.. ഡോർ തുറന്ന് നന്ദനും, മാലതിയും, രാജിയും കുഞ്ഞും പുറത്തേക്കിറങ്ങി….
പിന്നാലെ അടുത്ത കാറിൽ നിന്നും മഹാദേവനും, മീനാക്ഷിയും രാഖിയും ഇറങ്ങി… എന്താ നന്ദാ ഇവിടെ വണ്ടി നിർത്തിയത്… മഹാദേവൻ ആകാംക്ഷയോടെ ചോദിച്ചു
അത് രാജേഷിന്റെ ഫ്രണ്ട്സാ അവർ .. തടഞ്ഞുനിർത്തിയതാ രാജേഷ് പഠിച്ച സ്കൂളാണെന്ന് പറയുന്നു.. ഇവിടെ വാർഷികവും ആരുടെയോ പുസ്തക പ്രകാശന ചടങ്ങുമുണ്ട് അത് കഴിഞ്ഞു പോയാൽ മതി എന്നാണ് അവർ പറയുന്നത് ഞങ്ങളും അതിനോട് അനുകൂലിച്ചു
എന്നാൽ ശരി അതും കൂടി കഴിഞ്ഞിട്ട് പോകാം..
ഇരുവരും കാർ പാർക്ക് ചെയ്ത് വന്നപ്പോഴേക്കും രാജേഷിനെ കൂട്ടുകാർ അവരെ സ്വീകരിക്കാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു..
ആവശ്യത്തിലധികം ബഹുമാനം രാജേഷിന് അവർ കൊടുക്കുന്നുവെന്ന് എല്ലാവർക്കും തോന്നി… രാജേഷ് എല്ലാവർക്കും ഫാമിലിയെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു എല്ലാവരും ബഹുമാനത്തോടെ… അവരെ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുപോയി
സ്കൂളിന്റെ ആ വലിയ ഹാളിൽ ഏറെക്കുറെ.. സീറ്റുകളും ആളുകൾ നിറഞ്ഞിരിക്കുന്നു. സദസ്സിലെ ഏറ്റവും മുൻപിലായി നിരത്തിയിട്ട ഒഴിഞ്ഞ കസേരകളിലെയ്‌ക്കാണ് അവർ ആനയിക്കപ്പെട്ടത്…
എല്ലാവരും… അവരവരുടെ കസേരകളിൽ ഇരുന്നു സ്റ്റേജിൽ സമ്മാനവിതരണമായിരുന്നു നടന്നു കൊണ്ടിരുന്നത്… അത് പൂർത്തിയായതോടെ.. ഒരാൾ മൈക്കിനു മുന്നിൽ വന്നു നിന്നു കൊണ്ട് പറഞ്ഞു
അടുത്തത് പുസ്തകപ്രകാശന ചടങ്ങാണ്.. പ്രശസ്ത എഴുത്തുകാരൻ മാണിക്കോത്ത് ദേവൻ അവർകളുടെ ഏറ്റവും പുതിയ പുസ്തകം ഇന്ന് ഇവിടെ ഈ സദസ്സിനു മുന്നിൽ പ്രദർശിപ്പിക്കുന്നതാണ്.
ദേവൻ.. അവർകളെ കുറിച്ച് പറയുകയാണെങ്കിൽ ഈ സ്കൂളിന്റെ നിലനിൽപ്പിന്… ആ തറവാട്ടിലെ സഹായസഹകരണങ്ങൾ ഏറ്റവും എടുത്തുപറയത്തക്കതാണ്…
ഈ സ്കൂളിന്റെ സ്ഥാപകരും ആ തറവാട്ടുകാരായിരുന്നു… ആ തറവാട്ടിലെ ഒരു അംഗവും.. ഈ സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായിരുന്നു ശ്രീ മാണിക്കോത്ത് ദേവൻ…… അദ്ദേഹത്തെ ഈ വേദിയിലേക്ക് ഞാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു…
പ്രാസംഗികൻ പറഞ്ഞു നിർത്തിയതും സദസ്സിൽ നിർത്താത്ത കരഘോഷങ്ങൾ മുഴങ്ങി.. സ്റ്റേജിലെ ഒരു വശത്തുനിന്നും ഒരാൾ ഊന്നുവടിയുടെ സഹായത്തോടെ സ്റ്റേജിലേക്ക് വരുന്നുണ്ടായിരുന്നു…
സ്റ്റേജിന് മുന്നിലേക്ക് വരുന്തോറും ആ മുഖം കണ്ട മാലതി ഒന്നു ഞെട്ടി..മഹാദേവനും ദേവേട്ടൻ അവളുടെ മനസ്സും നാവും അറിയാതെ പിറുപിറുത്തു അവൾ ഒരു ആന്തലുണ്ടായി.. ദേവൻ സദസ്സിനു നേരെ നോക്കി കൈകൾ കൂപ്പി…
ആ മിഴികൾ.. മുന്നിലിരിക്കുന്ന മാലതിയുടെ മുഖത്തു തങ്ങി… ഇരു മിഴികളും ഒരു നിമിഷം നിശ്ചലമായി… ഉള്ളിലെവിടെയോ ഒരു നൊമ്പര കടൽ തിരയടിക്കുന്നത് മാലതിയറിഞ്ഞു അവൾ പെട്ടെന്ന് മിഴികൾ മാറ്റി…
ദേവൻ അയാൾക്കായി ഒരുക്കിയ ചെയറിൽ ഇരുന്നു.. ഒരു ചെറിയ പെൺകുട്ടി സ്റ്റേജിലേക്ക് കയറിവന്നു അയാൾക്കൊരു റോസാപുഷ്പം നൽകി മടങ്ങി…
ദേവൻ സാറിന് ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാൽ എത്രയും വേഗം ഈ ചടങ്ങ് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ് അതിനാൽ.. എത്രയും വേഗം തന്നെ പുസ്തകപ്രകാശന ചടങ്ങിലെയ്ക്ക് നമ്മൾ കടക്കുകയാണ്…
ആദ്യമായി പുസ്തകത്തെക്കുറിച്ച് ദേവൻ സാറിന്റെ വാക്കുകളിലൂടെ ഒന്നു പോകാം..
അയാൾ മൈക്ക് ദേവന്റെ സീറ്റിലേക്ക് ചായ്ച്ചു വെച്ചു..
ദേവൻ മെല്ലെ സംസാരിച്ചുതുടങ്ങി.
എന്റെ മാലതിയെ കുറിച്ച് പറയുകയാണെങ്കിൽ അവൾ മകളായി… സഹോദരിയായി… കൂട്ടുകാരിയായി… കാമുകിയായി… ഭാര്യയായി… അമ്മയായി സംഹാര രുദ്രയായി… സർവംസഹയായ… കാരുണ്യ മൂർത്തിയായി ഇന്നും ജീവിക്കുന്നു
ഈ പുസ്തകം ജീവിച്ചിരിക്കുന്ന രണ്ടുപേരുടെ യാഥാർത്ഥ്യമായ കഥയുടെ ആവിഷ്കാരമാണ്.. പ്രണയിച്ചു കൊതി തീരും മുൻപേ വിധി വേർപെടുത്തിയ രണ്ട് ആത്മാക്കളുടെ.. പിന്നീടുള്ള അവരുടെ ജീവിതാനുഭവങ്ങളുമാണ്
ഇതിലെ കഥാപാത്രങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്… ദേവൻ എങ്ങനെ ഇങ്ങനെയായി എന്നുള്ളതിന് ഉത്തരമാണ് ഈ പുസ്തകം…
പലരും ചോദിച്ച ചോദ്യം ദേവന്റെ പ്രണയിനി ആരാണെന്ന്.. അതിനുള്ള ഉത്തരമാണ് ഈ പുസ്തകം…
പലരും മണ്ടൻ എന്ന് വിശേഷിപ്പിച്ച എന്റെ അമ്മ കഴിഞ്ഞാൽ ഈ ദേവൻ മാണിക്കോത്തിന്റെ മനസ്സ് കീഴടക്കിയ ഒരേയൊരു സ്ത്രീയെ എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളൂ…
അവളോളം മഹത്വംമുള്ള ഒന്നിനെയും ഞാൻ പിന്നീട് കണ്ടിട്ടില്ല… അവളോളം… അത്രയും ഹൃദ്യമായി എന്റെ ഹൃദയത്തെ പ്രണയാർദ്രക്കാൻ മറ്റൊരു സ്ത്രീയ്ക്കും കഴിഞ്ഞിട്ടില്ല.. എന്റെ മരണം വരെയും ഞാൻ നെഞ്ചിലേറ്റുന്ന എന്റെ പ്രണയം അതാണ് ഈ പുസ്തകം എന്റെ മാലതി…
മാലതിക്കു ദേവന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ മുറിപ്പെടുത്തും പോലെയാണ് തോന്നിയത്….ഒന്നുറക്കെ കരയാൻ
അവളുടെ ഉള്ളം വല്ലാതെ കൊതിച്ചു..
അപ്പോഴാണ് അടുത്തിരുന്ന നന്ദന്റെ കൈകൾ അവളുടെ തോളിലൂടെ അമർന്നത്…
അവൾ തല തിരിച്ചു നന്ദനയെ ഒന്നു നോക്കി നന്ദൻ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.. മാലതിക്ക് തെല്ല് ആശ്വാസം തോന്നി…. നന്ദൻ അവളെ സമാധാനിപ്പിക്കും പോലെ ഒന്ന് പുഞ്ചിരിച്ചു
സ്റ്റേജിൽ ദേവൻ തന്നെ പ്രസംഗം തുടരുകയായിരുന്നു.. ഇതിലെ ഓരോ വരികളും എന്റെ ഹൃദയത്തിൽ നിന്നും ഞാൻ എഴുതിയവയാണ്,,…. അതുകൊണ്ട് .. ഇതിലെ വരികൾ നിങ്ങളെ നൊമ്പരപ്പെടുത്തിയെക്കാം…
ഒരു പക്ഷേ തെറ്റുകളും കുറ്റങ്ങളും ഉണ്ടായെന്നും വരാം… എന്റെ അക്ഷരങ്ങളെ പ്രണയിക്കുന്ന പ്രിയ വായനക്കാർ അതെല്ലാം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ എന്റെ മാലതിയെ ഞാൻ നിങ്ങളുടെ കരങ്ങളിലേക്ക് സമർപ്പിക്കുകയാണ്
ഇത് പ്രകാശനം ചെയ്യുവാൻ ഏറ്റവും അർഹതപ്പെട്ട കരങ്ങൾ എന്റെ മാലതിയുടെ തന്നെയാണ്.. ആ കരങ്ങളിലൂടെ ഇത് നിങ്ങളിലേക്ക് എത്തണമെന്നതാണ് എന്റെ ആഗ്രഹവും ..അയാൾ പ്രതീക്ഷയോടെ മാലതിക്ക് നേരെ നോക്കി..
മാലതിയിലൊരു അന്ധാളിപ്പുണ്ടായി അവൾ നന്ദന്റെ നേരെ മുഖം തിരിച്ചു.. പക്ഷേ ആ മുഖത്ത് അവൾ നേരത്തെ കണ്ട് പുഞ്ചിരി തന്നെയായിരുന്നു….
അയാൾ അവളുടെ കൈയിൽ മെല്ലെ അമർത്തികൊണ്ട് പറഞ്ഞു… ചെല്ലും മാലു ആ.. മനുഷ്യൻ നിനക്കായി അയാളുടെ ജന്മം മുഴുവൻ ഹോമിച്ചു… അയാൾക്കായി ഈ ജന്മം നിനക്കിനി ഒന്നും ചെയ്യാൻ കഴിയില്ല അതുകൊണ്ട് അയാളുടെ ഈ ആഗ്രഹം നീ നടത്തി കൊടുക്കണം…
മാലതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
രാജേഷ് മെല്ലെ എഴുന്നേറ്റ് മാലതിക്ക് മുന്നിൽ വന്നു നിന്നു മാലതി മുഖമുയർത്തി അവനെ നോക്കി….
രാജേഷ് അവന്റെ കൈകൾ മെല്ലെ മാലതിക്കു നേരെ നീട്ടി അവൾ അറിയാതെ കൈകൾ അവന്റെ കൈകളിൽ വെച്ചു രാജേഷ് അവളെ എഴുന്നേൽപ്പിച്ചു സ്റ്റേജിലേക്കു നടന്നു… എല്ലാം മിഴികളും മാലതിയെ പിന്തുടർന്നു.. സ്റ്റേജിൽ കരഘോഷം മുഴങ്ങി…
രാജേഷ് മാലതിയെ സ്റ്റേജിൽ കൊണ്ടുവന്നു നിർത്തി.. ദേവന്റെ ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു രാജേഷ് അയാളെയും എഴുന്നേൽപ്പിച്ചു നിർത്തി…
അടുത്ത് നിന്നിരുന്ന ഒരാൾ.. ഒരു പുസ്തകമെടുത്ത്… രാജേഷിനെ കൈയിൽ കൊടുത്തു.. അവനത് ദേവന്റെ കൈകളിലും… ദേവൻ ഒരു നിമിഷം ആ പുസ്തകം തന്റെ നെഞ്ചോട് ചേർത്തു..
എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു ഇതാ എന്റെ പുസ്തകം…ഇത് ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു…
ദേവനത് മാലതിക്കു നേരെ നീട്ടി മാലതിയുടെ കൈകൾ അവളറിയാതെതന്നെ ഉയർന്നു അവൾ ആ പുസ്തകം ഏറ്റുവാങ്ങി…,,,
ക്യാമറ കണ്ണുകൾ മിന്നിമാഞ്ഞു അങ്ങനെ ആ ചടങ്ങ് അവസാനിച്ചു.. മാലതി പുസ്തകവുമായി പിന്തിരിയാൻ ഭാവിച്ചപ്പോൾ രാജേഷ് അവളുടെ
കൈയിൽ പിടിച്ചുനിർത്തി…. എന്നിട്ട് മൈക്കിനു മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു…
പ്രിയപ്പെട്ടവരെ ഇന്ന് മറ്റൊരു പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ കൂടി ഈ വേദിയിൽ സാക്ഷ്യം വഹിക്കുന്നു… എന്റെ പ്രിയപ്പെട്ട ഈ മാലതിയമ്മയുടെ…. ആരും കാണാതെ പോയ കുറച്ച് എഴുത്തുകൾ..
ഞങ്ങൾ മക്കളുടെ വക അമ്മയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ്.. മാലതി ആശ്ചര്യത്തോടെ രാജേഷിന്റെ മുഖത്തേക്ക് നോക്കി…. അമ്മ പോലും മറിയാതെയാണ് ഞങ്ങളിത് പുസ്തകമാക്കിയത്…
ഈ കവിതകൾ വീണ്ടെടുക്കാൻ സഹായിച്ചത് അമ്മയുടെ പ്രിയ സുഹൃത്ത് ജമീല ആന്റിയും… പിന്നെ അമ്മയുടെ ഏട്ടത്തി മീനാക്ഷിയും അവരുടെ മകൻ വിവേകും കൂടിയാണ്…
അവരാണ് ആരും കാണാതെ മുറിയിൽ പൊടിപിടിച്ചു കിടന്ന ഡയറിക്കുറിപ്പുകൾ എനിക്ക് എടുത്തു തന്നത്..
പിന്നെ ഇത് പുസ്തകമാക്കാൻ സഹായിച്ച എന്റെ ദേവൻ മാമയ്ക്കും ഒരുപാട് നന്ദി
മാലതി വിശ്വാസം വരാതെ മീനാക്ഷിയെയും… വിവേകിനേയും നോക്കി..ഒടുവിൽ ദേവനെയും…. അവൾ വിശ്വാസം വരാതെ വീണ്ടും രാജേഷിന്റെ മുഖത്തേക്കു നോക്കി…
രാജേഷ് ഒരു ചെറുചിരിയോടെ വീണ്ടും പറഞ്ഞു എന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഈ പുസ്തകം ഇന്ന് ഈ വേദിയിൽ പ്രദർശിപ്പിക്കപ്പെടുന്നു…
സംഘാടകരിൽ ഒരാൾ ഏൽപ്പിച്ച പുസ്തകം രാജേഷ് ദേവന്റെ കൈകളിലേക്ക് കൊടുത്തു ദേവൻ അത് മാലതിക്കു നൽകി….
ദേവന്റെ കൈയിൽ നിന്നും പുസ്തകമേറ്റു വാങ്ങിയ മാലതി അതിന്റെ പുറം ചട്ടയിൽ കൂടെ വെറുതെ വിരലുകൾ ഓടിച്ചു… തന്റെ മുഖത്തോടെ ഒപ്പം എഴുതപ്പെട്ട അക്ഷരങ്ങളിലൂടെ അവളുടെ മിഴികളൊഴുകി നടന്നു എന്റെ ഓർമ കുറിപ്പുകൾ….. അവളുടെ മിഴിയിൽ നിന്നും മിഴിനീർ പുസ്തകത്തിൽ ഇറ്റു വീണു….
ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു.. സംഘാടകരും.. .ഏതാനും കുറച്ചു പേരും അവിടെ അവശേഷിച്ചു
രാജേഷ് നീണ്ട യാത്ര കഴിഞ്ഞു വന്നതല്ലേ ഇവരുമായി വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ.. എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നു ദേവൻ, അവനോടു പറഞ്ഞു…
ശരി മാമ..അപ്പോൾ മാമ നോ.. ഞാൻ എന്റെ കാറിൽ വന്നോളാം അത് പുറത്തുണ്ട്…
മഹാദേവൻ മുന്നോട്ടുവന്നത് ദേവന്റെ കൈ കവർന്നു… ദേവാ മാപ്പ് എല്ലാത്തിനും.. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളെ മഹിയും അതൊന്നും ഓർത്ത് വിഷമിക്കേണ്ട..
ദേവന്റെ മരുമകനാണ് രാജേഷ് എന്ന് ഞാൻ ഇപ്പോഴാണ് ശരിക്കും അറിയുന്നത്… അതെ അത് ഞങ്ങൾ ബോധപൂർവ്വം മറച്ചു വച്ചതാണ്..
എന്റെ മാലതിയുടെ കുട്ടികൾക്ക് ഒരു ആപത്ത് വരുമ്പോൾ അവൾ ഇല്ലാത്ത സമയത്ത് ഞാനല്ലേ സഹായിക്കേണ്ടത്… അതുകൊണ്ടാണ് ഇവനെ കൊണ്ട് രാജി മോളെ വിവാഹം കഴിച്ചത് അത് എന്റെ കടമ അങ്ങനെ കണ്ടാൽ മതി
ഒരു വലിയ മനുഷ്യനു വേണ്ടിയാ ഞാൻ നിന്നെ കല്യാണം കഴിച്ചതെന്ന് രാജേഷ് എപ്പോഴും പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്..
ഇനി നമുക്ക് തറവാട്ടിലെത്തിട്ട് സംസാരിക്കാം എല്ലാവരും കാറിൽ കയറിക്കോളൂ…
എല്ലാവരും കാറിനടുത്തേക്ക് നടന്നു അപ്പോൾ പിന്നിൽ നിന്നും ദേവൻ… നന്ദനെ വിളിച്ചു….നന്ദാ
നന്ദൻ തിരിഞ്ഞുനിന്നു.. എന്താ ദേവാ
അയാൾ മെല്ലെ ദേവന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു,…
എന്നോട് ദേഷ്യം ഉണ്ടോ സ്വന്തം ഭാര്യയെ കുറിച്ച്..
എയ്. . ഇല്ല ദേവൻ പറഞ്ഞു തീരുന്നതിനു മുമ്പ് നന്ദൻ….ഇടയിൽ കയറി പറഞ്ഞു…. ഇനി അത്തരം ക്ഷമ ചോദിക്കേണ്ട ഒന്നും ആവശ്യമില്ല.
എന്നോട് വിരോധം ഇല്ലെങ്കിൽ… നന്ദനും മാലതിയും എന്റെ ഒപ്പം എന്റെ കാറിൽ വരണം ……. നന്ദൻ സ്നേഹത്തോടെ ആ ക്ഷണം സ്വീകരിച്ചു
മടക്കയാത്രയിൽ… നന്ദനും മാലതിയും ദേവന്റെ കാറിൻറെ പിൻ സീറ്റിലിരുന്ന് മാലതി തൻറെ കയ്യിലിരുന്ന പുസ്തകങ്ങൾ മെല്ലെ മറിച്ചുനോക്കി…. സ്നേഹ പൂർവ്വം എൻറെ മാലതിക്ക് എന്ന പുസ്തകത്തിലെ ആദ്യത്തെ പേജിൽ എഴുതിയിട്ടുണ്ടായിരുന്നു
അവൾ ആ പുസ്തകം അടച്ചുവെച്ചു നന്ദൻ മാലതിയുടെ കൈയിൽ നിന്നും പുസ്തകങ്ങൾ വാങ്ങി തുറന്നു നോക്കി അയാൾ ഓർക്കുകയായിരുന്നു എത്ര മനോഹരമായിട്ടാണ് ദേവൻ അവളെ സ്നേഹിക്കുന്നത്…. ഒരു പക്ഷേ താൻ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഇവർ ഒരുമിച്ചു നന്നായി ജീവിക്കുമായിരുന്നേനെ
ദേവൻ അവളെ ദേവിയെ പോലെയാണ് മനസ്സിൽ പൂജിക്കുന്നത് അതേ സമയം തന്റെ വീട്ടിൽ അവൾ അനുഭവിച്ച യാതനകളും, ദുരന്തങ്ങളുമോർത്തപ്പോൾ അയാൾക്കു സ്വയം പുച്ഛം തോന്നി
മടക്കയാത്രയിൽ രാജേഷും രാജിയും മാത്രമായിരുന്നു ആ കാറിലുണ്ടായിരുന്നത് രാജിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…
മാലതി ജയിലിൽ നിന്നും തന്നെ കാണാൻ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ഓരോന്നായി അവളുടെ മനസ്സിലൂടെ കടന്നുപോയി….
എന്തിനാ നീ കരയുന്നത്…. ഒന്നുമില്ല രാജേഷേട്ടാ….
വെറുതെ കരയാൻ നിനക്കെന്താ വട്ടാണോ …
ഞാൻ അമ്മയെ കുറിച്ചോർത്ത് കരഞ്ഞതാ .. ഏട്ടൻ അന്ന് പറഞ്ഞില്ലേ എൻറെ അമ്മയെ ഞാൻ മനസ്സിലാക്കിയിട്ടില്ലെന്ന്
ശരിയാണ് ഞാൻ മനസ്സിലാക്കാനേറെ വൈകി പോയി രാജേഷ് ഏട്ടൻ മനസ്സിലാക്കിയത്ര പോലും. ഞാൻ എൻറെ സ്വന്തം അമ്മയെ മനസ്സിലാക്കിയല്ലല്ലോ…
മതി പഴയതെല്ലാം കഴിഞ്ഞു ഇന്ന് നീ അമ്മയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നില്ലേ അതുമതി
ഇതുവരെ ചെയ്ത എല്ലാ തെറ്റുകളും ക്ഷമിക്കാൻ
അവൾ മുഖമമർത്തി പൊട്ടിക്കരഞ്ഞു രാജേഷ് കരുതി അവൾ ഉള്ളിലെ സങ്കടം കരഞ്ഞു തീർക്കട്ടെ അവൻറെ അശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമായി
മൂന്നു കാറും തറവാട്ട് മുറ്റത്തു വന്നു നിന്നു
ഹൃദ്യമായ സ്വീകരണമാണ് രാജേഷിന്റെ വീട്ടിൽ അവർക്ക് ലഭിച്ചത് സ്കൂളിൽ നടന്ന ചടങ്ങിന്റെ കാര്യം ആരിൽ നിന്നൊക്കെ വീട്ടിൽ അറിഞ്ഞിരുന്നു അതുകൊണ്ടുതന്നെ മാലതിയെ കാണാൻ എല്ലാ അംഗങ്ങൾക്കും ആകാംക്ഷയായിരുന്നു
അവളെ കണ്ട എല്ലാവരുടെയും മുഖം വിടർന്നു ചുമ്മാതല്ല ദേവൻ ഇത്രയും നാളും മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാതെ ജീവിച്ചതെന്ന് എല്ലാവരും മനസ്സിലോർത്തു
മാലതിക്ക് ആ വീട് ഒരുപാട് ഇഷ്ടമായി ഒരിക്കൽ താൻ വലതുകാൽ വച്ചു കേറി വരുമായിരുന്ന വീടായിരുന്നില്ലെ
സഫലമാകാതെ പോയ ഒരു പ്രണയത്തിൻറെ ബാക്കിപത്രം പോലെ അവളിൽ ആ തറവാട് തെളിഞ്ഞു നിന്നു..
എല്ലാവരുടെയും ഹൃദ്യമായ പെരുമാറ്റം കൊണ്ടുതന്നെ അവരുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് അറിയാൻ കഴിഞ്ഞു
സ്വന്തം അച്ഛന്റെ ചില പ്രവർത്തികൾ ഇഷ്ടം ഇല്ലാഞ്ഞിട്ടാണ്.. ഇത്രയും വലിയ തറവാടും ആൾക്കാരും ഉണ്ടായിട്ടും തന്റെ നാട്ടിൽ വന്ന് എന്തിനാണ് ആരും ഇല്ലാത്തവനെ പോലെ കഴിഞ്ഞ എന്നതിനുള്ള ഉത്തരം രാജേഷിന്റെ അമ്മയിൽനിന്നും മാലതി അറിഞ്ഞിരുന്നു
രാജി അതുവരെയുള്ള അഹങ്കാരമെല്ലാം ഉപേക്ഷിച്ചു ഒരിക്കൽ തന്റെ അമ്മ വലതുകാൽ വെച്ച് കേറേണ്ടിയിരുന്ന ആ
വീടിനെ മനസ്സിൽ നിറച്ചു ആ വീടിൻറെ നല്ല മരുമകളാകാൻ അവൾ കഴിവതും ശ്രമിച്ചുകൊണ്ടേയിരുന്നു…
എല്ലാവരുടെയും ആവശ്യങ്ങളറിഞ്ഞു ഓടിനടന്ന് പെരുമാറി അവളുടെ ആ മാറ്റം രാജേഷിന്റെ വീട്ടുകാരെ തെല്ലൊന്നമ്പരപ്പിച്ചു എല്ലാവർക്കും അവളിൽ നന്മ തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു
ഒരു ദിവസം അവിടെ താമസിച്ചു യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ മാലതിക്കു വല്ലാത്ത സങ്കടം തോന്നി . കാറിലേയ്ക്ക് കയറാൻന്നേരം അവൾ വെറുതെ മുകളിലേക്ക് നോക്കി അവിടെ തന്നെ മാത്രം നോക്കി നിൽക്കുന്ന ദേവനെ കണ്ടു…
ഉള്ള് പിടയുന്ന ഒരു വേദനയോടെ അവൾ കാറിൽ കയറി… ഒരു നിമിഷം കൂടി അവളുടെ കണ്ണുകൾ ആ തറവാട് നേർക്കുനീണ്ടു.. മനസ്സുകൊണ്ട് ആ തറവാടിനോടും , ദേവനോടും അവൾ മൗനമായി യാത്രപറഞ്ഞു…
കാറുകൾ നീങ്ങിത്തുടങ്ങി ആ കാറുകൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ദേവൻ നോക്കി നിന്നും അയാളുടെ ഉള്ളിൽ വീണ്ടും എവിടെയൊക്കയോ ഒരു നഷ്ടബോധം നിഴലിച്ചു…
ഒരു ദിവസമെങ്കിൽ ഒരു ദിവസം അവൾ ഈ തറവാട്ടിൽ ജീവിച്ചല്ലോ അതുമതി എൻറെ ജീവിതത്തിൽ ഇതുവരെയുള്ള ജീവിതം ധന്യമാക്കാൻ… നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അയാൾ തൻറെ മുറിയിലേക്ക് കയറിപ്പോയി
രാജേഷിന്റെ വീട്ടിൽ നിന്നും തിരിച്ചുവന്ന മാലതി നല്ല സന്തോഷത്തിൽ ആയിരുന്നു കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു സന്തോഷ വാർത്തകൂടി അവരെ തേടിയെത്തി…
രാഖി അമ്മയാകാൻ പോകുന്നു… മധുരം വിളമ്പി ആണ് മാലതി ആ സന്തോഷം എല്ലാവരുമൊത്താഘോഷിച്ചത്
മാലതിയുടെ മടിയിൽ കിടക്കുകയായിരുന്ന രാഖിയുടെ മുടിഴയിലൂടെ അവളുടെ വിരലുകൾ പരതി നടന്നു…
നന്ദൻ മാലതിയുടെ എൻറെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് രാജേഷും വിവേകും അങ്ങോട്ട് വന്നത്
അമ്മ ഇങ്ങനെയിരുന്നാൽ മതിയോ ഇപ്പോൾ.. അമ്മ സാധാരണ ഒരു വീട്ടമ്മയല്ല ഒരു എഴുത്തുകാരിയാണ്. അടുത്ത പുസ്തകം നമുക്കിറക്കണ്ടേ… അമ്മയുടെ ബുക്കിനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്,,, എഴുത്തിനെക്കുറിച്ച് ഇനി കുറച്ച് ഗൗരവമായി കാണണം…
അതൊന്നും ഇനി ഇല്ല മോനെ എനിക്ക് ഇപ്പോൾ ഒരുപാട് ജോലികൾ ഇല്ലേ ഞാൻ ഇപ്പോൾ ഒരു അമ്മയാണ്…മുത്തശ്ശിയാണ് എൻറെ രണ്ടു മക്കളുടെയും കുഞ്ഞുങ്ങളെ നോക്കി ഞാൻ ഇനിയുള്ള എൻറെ ജീവിതം ഇങ്ങനെ തീർത്തു കൊള്ളാം
അങ്ങനെയൊന്നും പറ്റില്ല ഇനിയും എഴുതണം ഇത്രയും കഴിവ് കിട്ടിട്ട് അതു പാഴാക്കരുത് അമ്മയ്ക്ക് എഴുതാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒക്കെ ഞങ്ങൾ ചെയ്യുന്നുണ്ട്
അതൊക്കെ ഇപ്പോൾ വിട് മോനെ.. ഇപ്പോൾ അമ്മയ്ക്ക് എൻറെ മക്കളോടൊത്ത് ഉള്ള സന്തോഷ നിമിഷങ്ങൾ ആസ്വദിക്കണം.. അപ്പോഴാണ് മഹാദേവൻ അങ്ങോട്ട് വന്നത് അയാളുടെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു
എന്താ ചേട്ടാ അത്
അയാൾ ഒരു നിമിഷം മടിച്ചു നിന്നു എന്നിട്ട് ആ പൊതി മെല്ലെ അഴിച്ചു.. അതിൽ രണ്ട് ചിലങ്കകളായിരുന്നു…
ഇത് എൻറെ ചിലങ്കകൾ അല്ലേ…
അതെ അന്നു ഞാൻ കാരണം നീ ഉപേക്ഷിച്ചുപോയ ചിലങ്കകൾ നിൻറെ ഓർമ്മകൾക്കൊപ്പം ഞാൻ ഇതും സൂക്ഷിച്ചു.. പൂജാമുറിയിൽ വിളക്കിനു മുന്നിൽ വെച്ചു
..
മാലതിക്ക് കണ്ണുകൾ നിറഞ്ഞു എത്രയോ കാലം തന്റെ കാലിൽ ചിലമ്പൊലി തീർത്ത ചിലങ്കകളാണിത്…എന്നെയും ദേവേട്ടനെയും തമ്മിൽ അടുപ്പിച്ചത് തന്നെ ഈ ചിലങ്കകളായിരുന്നു…
ഒടുവിൽ തന്റെ പ്രണയത്തോടെ ഒപ്പം ഈ ചിലങ്കകളും ഇവിടെ ഉപേക്ഷിച്ചിട്ടാണ് നന്ദേട്ടന്റെ വീട്ടിലേയ്ക്കു പോയത്…
മോളെയേട്ടൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ….
എന്താ യേട്ടാ ..
ഞാൻ കാരണമല്ലേ മോളേ നിനക്കിത് ഉപേക്ഷിക്കേണ്ടി വന്നത്… അതുകൊണ്ട് ചേട്ടനോട് ക്ഷമിക്കുമെങ്കിൽ ഒരിക്കൽകൂടി മോളീ ചിലങ്ക നിന്റെ കാലിലണിയുന്നത് ഈ ഏട്ടന് കാണണം…
ഏട്ടാ ഞാനോ ഇപ്പോഴോ… ഈ പ്രായത്തിലോ.. ഞാൻ ഏട്ടന്റെ ആ പഴയ പതിനെട്ടുകാരി മാലു അല്ല..ഇന്ന് ഞാനൊരു അമ്മയാണ്… മുത്തശ്ശിയാണ്.. തന്നെയും അല്ല ഒരുപാട് നാളുകളായി ഞാൻ നൃത്തം ചെയ്തിട്ട് ഇപ്പോൾ എല്ലാം മറന്നു കാണും
നീ ജന്മസിദ്ധിയുള്ള കുട്ടിയാണ് അങ്ങനെയുള്ളവർ എത്ര കാലം കഴിഞ്ഞാലും പഴയതൊന്നും മറക്കുകയില്ല
“അപ്പോൾ അമ്മയ്ക്ക് നൃത്തം അറിയാമോ രാജേഷിന് അത്ഭുതമായി
അറിയാം മോനെ നൃത്തവും പാട്ടും എല്ലാം അറിയാം എല്ലാം തച്ചുടച്ചത് ഈ പാപിയായ ഞാനാണ് ..
മതിയേട്ടാ ഏട്ടന് വേണ്ടി ഞാൻ ചെയ്യാം…
എങ്കിൽ ഈ ചിലങ്ക ഏട്ടൻ തന്നെ എൻറെ മോളുടെ കാലിൽ കെട്ടി തരാം
മഹാദേവൻ നിലത്തിരുന്ന് അവളുടെ കാലെടുത്തു തന്നെ മടിയിൽ വെച്ചിട്ട് ചിലങ്ക കെട്ടി കൊടുത്തു മാലതിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇരു കാലിലും മഹാദേവൻ ചിലങ്കകെട്ടി അവൾ മെല്ലെ എഴുന്നേറ്റു നിന്നു..
മോനെ വിവേകേ ആ പാട്ടിടാ മഹാദേവൻ ആവേശത്തോടെ പറഞ്ഞു..വിവേക് മൊബൈലിൽ സോങ് പ്ലേയ് ചെയ്യ്തു വെച്ചു
തന്നിലേക്ക് എന്തോ ഒരു ശക്തി ആവാഹിക്കും പോലെ മാലതിക്ക് തോന്നി അവൾ സ്വയം മറന്നാടിത്തുടങ്ങി മനസ്സുകൊണ്ട് അവൾ വീണ്ടും ആ പതിനെട്ടുകാരി ആയിരിക്കുന്നു
മനസ്സിനൊപ്പം മെയ്യും വഴങ്ങിയപ്പോൾ മനോഹരമായ ഒരു നൃത്തം അവൾ അടി തുടങ്ങി… അവളുടെ കാലിലെ ചിലങ്കകൾ കിലുങ്ങി ചിരിച്ചു കൊണ്ടേയിരുന്നു…
രാഖിയും, രാജിയും, നന്ദനും രാജേഷും വിസ്മയത്തോടെ മാലതിയെ തന്നെ നോക്കി നിന്നു
മാലതിയുടെ മെയ്യും, മനസും തൻറെ ഇനിയുള്ള ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിലേയ്ക്ക് പാദങ്ങൾ വെച്ചു സ്വയം മറന്നാടി തുടങ്ങുകയായിരുന്നു..
ശുഭം
ബിജി അനിൽ