കനൽ പൂവ് ~ ഭാഗം – 01, എഴുത്ത് : ബിജി അനിൽ

🥀 കനൽ പൂവ് 🥀 ഭാഗം ~ 01

എഴുത്ത് : ബിജി അനിൽ

===============

ജയിലിന്റെ കനത്ത മതിൽ കെട്ടിലൂടെ ജമീല വേഗം നടന്നു.. ഇടയ്ക്കിടലേക്ക് നോക്കുന്നുണ്ട്

പതിവ് പോലെ ഇന്നും ഒരുപാട് താമസിച്ചാണ് വരുന്നത് സൂപ്രണ്ടിന്റെ മുന്നിലെത്തുമ്പോൾഎന്തുപറയുമെന്നുള്ള..ഒരുആകാംക്ഷയായിരുന്നു
പൊതുവേ പേരുപോലെ തന്നെ .. ശാന്ത സ്വഭാവക്കാരി ആണെങ്കിലും… ഡ്യൂട്ടി കാര്യത്തിൽ..അവർവളരെകർക്കശക്കാരിയാണ്…..

ഓടിയും നടന്നും ഒരുവിധം അവർ ഓഫീസിലെത്തി.. ബാഗ് ടേബിൾ വെച്ചിട്ട് ഒപ്പിടാനായി സൂപ്രണ്ടിന്റെ റൂമിലേയ് ക്ക് നടന്നു

“ഓ… ഭാഗ്യം മുഖത്ത് പതിവ് ഗൗരവം ഇന്നില്ലചുണ്ടിലൊരു പുഞ്ചിരിയുണ്ട്. .
ഇന്നെന്തോ സന്തോഷം ഉണ്ടെന്നു തോന്നുന്നു. അതിന്റെ പ്രതിഫലനം ആ മുഖത്തു കാണാനുണ്ട്

ആ.. എത്തിയോ.. എന്നത്തേയും പോലെ ഇന്നും ലേറ്റ് ആണല്ലോ..

അതും മാഡം.. മാഡത്തിന് അറിയാമല്ലോ ഈ നഗരത്തിൽ ട്രാഫിക്…

ആ മതി മതി.. ഇതുതന്നെയല്ലേ എന്നും കാരണം.

എന്നും നഗരത്തിനും, ട്രാഫിക്കിനും കുറ്റം ഇതറിയുന്ന നമ്മൾ കുറച്ചു നേരത്തെ ഇറങ്ങട്ടെ

എന്ത് ചെയ്യാനാ മാഡം.. എത്രയൊക്കെ നേരത്തെ എഴുന്നേറ്റാലും ജോലിതീരില്ല..
ഒരു സെർവന്റ് ഉള്ളത് അവരുടെ വീട്ടിൽ പോയിട്ടു തിരിച്ചു വന്നില്ല…

പുതിയ ഒരാളെ നോക്കിട്ട്ഒന്നും
അങ്ങോട്ട്ശരിയാകുന്നുമില്ല…
അവർ കൈയ്യിലിരുന്ന പേന തുറന്ന് ഒപ്പിട്ടു രജിസ്റ്റർ അവർക്ക് നേരെ നീട്ടി

ഇന്ന് അതിനെക്കുറിച്ചൊന്നും ഞാൻ സംസാരിക്കുന്നില്ല… ഇന്നെനിക്ക് വളരെ സന്തോഷമുള്ള ഒരു ദിവസമാണ്

അത് മേഡത്തിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് തോന്നി

അതെ… എനിക്ക് ഒരു സന്തോഷവാർത്ത തന്നെയാണ് ജമീലയുടെ പറയാനുള്ളത്

എന്താണ് മാഡം മോൾ പ്രഗ്നന്റ് ആയോ

ആരു.. പറഞ്ഞു ജമീലയോട് ഇക്കാര്യം.. അവർ അത്ഭുതത്തോടെ ചോദിച്ചു

ആരുംപറയേണ്ടല്ലോ..മേടത്തിനെഏറെക്കാലമായി അലട്ടിയിരുന്നത് ഈ ഒരു സങ്കടം മാത്രം ആയിരുന്നല്ലോ..

അതുകൊണ്ടുതന്നെ മാഡം ചിരിച്ചു കാണുന്നതും അപൂർവ്വമായിരുന്നു.. ഇന്ന് ഈ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഞാൻ വെറുതെ ഊഹിച്ചതാ…

വളരെ ശരിയാണ് ജമീലാ… ഈശ്വരൻ സഹായിച്ചാൽ ഇനി കുറച്ചു മാസങ്ങളുടെ കാത്തിരിപ്പ് ഉള്ളൂ ഞാൻ ഒരു മുത്തശ്ശി ആവാൻ

പക്ഷെ ഇന്ന് എന്റെ സന്തോഷത്തിന് രണ്ടു കാരണങ്ങളാണുള്ളത്..

വേറെ എന്താണ് മാഡം… ആ സന്തോഷവാർത്ത

അത്… ഞാൻ പറഞ്ഞല്ല അറിയേണ്ടത്

ജമീലാ സ്വയം വായിച്ചറിഞ്ഞോളൂ..
അവർ മുന്നിലെ മേശപ്പുറത്തു നിന്നും ഒരു ലെറ്റർ എടുത്ത് ജമീലക്ക് നേരെ നീട്ടി.

എന്താ മാഡം എനിക്ക് ട്രാൻസ്ഫർ വല്ലതും ആയോ..

ആ സന്തോഷവാർത്ത കൈയിലല്ലേ ഇരിക്കുന്നത് അത് തുറന്നു വായിക്കൂ..

ജമീല ആകാംഷയോടെ ലെറ്റർ പൊട്ടിച്ച് അതിലെ അക്ഷരങ്ങളിലൂടെ മിഴികൾ പായിച്ചു…വായിക്കും തോറും അവരുടെ മുഖത്തെ ആശ്ചര്യം സന്തോഷത്തിന് വഴിമാറുന്നത് കണ്ടു…

സത്യമാണോ മാഡം ഇത്…

അതെ സത്യമാണ്…

എനിക്ക്… എനിക്ക്.വിശ്വസിക്കാൻ പറ്റുന്നില്ല മാഡം.എത്രയോ കാലം കൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്

ഇന്നേവരെ എന്റെ ഈ സർവീസിനിടയ്ക്ക് ഒരു പ്രതികളും ഇങ്ങനെ എന്റെ മനസ്സിനെ ആകർഷിച്ചിട്ടില്ല….

അതുകൊണ്ടുതന്നെ ആരും പുറത്തു പോകുന്നതിൽ ഞാൻ സന്തോഷിക്കാറുമില്ല

പക്ഷേ “മാലതി..”.

അവൾ ആദ്യം ഇവിടെ വന്നപ്പോൾ… ഏതൊരു കുറ്റവാളിയും പോലെ തന്നെയാണ് ഞാൻ അവളോട് പെരുമാറിയത്..

പക്ഷേ അവളുടെ മേൽ ചാർത്തപ്പെട്ട കുറ്റത്തിന് കാരണങ്ങൾ അറിഞ്ഞപ്പോൾ…എനിക്ക് അവളോട് ബഹുമാനമാണ് തോന്നിയത്

ഇന്ന് അവൾ എനിക്ക് എന്റെ കൂടെപ്പിറപ്പ് പോലെയാണ്.. മാഡം..ജമീല പറഞ്ഞു നിർത്തി…

അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വാർത്ത ജമീലയെ തന്നെ ആദ്യം അറിയിച്ചത്…

അവൾ അറിഞ്ഞോ മാഡം..

ഇല്ല അവളെ അറിയിക്കാനുള്ള അവകാശം ജമീലക്ക് തരുന്നു

ഞാൻ ഈ സന്തോഷവാർത്ത അവളോട് പോയി പറഞ്ഞിട്ട് വരാം…

ശരി… ജമീല പോയി വരും..

ജമീല ആഹ്ലാദത്തോടെ പുറത്തേക്ക് പോയി… ജയിൽ അറകളുടെ മുന്നിലൂടെ നടക്കുമ്പോൾ… ജമീല, മാലതിയുടെ മുഖം ചുറ്റും പരതുകയായിരുന്നു.

കല്യാണി… മാലതി.. എവിടെ…അവിടെ കണ്ട മറ്റൊരു തടവ് കാരിയോട് അവർ ചോദിച്ചു

അവൾ ആ തോട്ടത്തിലുണ്ട് മാഡം..

ശരി.. ഞാൻ അവളെ ഒന്നു നോക്കിയിട്ട് വരാം.. ജമീല നേരെ തോട്ടത്തിലേക്ക് നടന്നു

ഒരു നിമിഷം പോലും മാലതി വെറുതെ ഇരിക്കുകയില്ലെന്ന് ജമീലക്കറിയാം…എല്ലാവരിൽ നിന്നും ഓടിയൊളിക്കാനാണോ .. അതോ കഴിഞ്ഞകാല വേദനകൾ മറക്കാനാണോ എന്നറിയില്ല…. അവൾ എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടേയിരിക്കും..

മാലതി.. ആരോ വിളിക്കുന്നതു കേട്ട് പച്ചക്കറി ചെടികൾകിടയിൽ നിന്നും മാലതി പെട്ടെന്ന് തിരിഞ്ഞു നോക്കി..പിന്നീൽ നിൽക്കുന്ന ജമീലയെ നോക്കി അവൾ ഒന്ന് മന്ദഹസിച്ചു

ആകെ മാലതിയുടെ മുഖത്ത് ഒരു ചിരി വിടുന്നത് ജമീല കാണുമ്പോൾ മാത്രമാണ്

7വർഷങ്ങളാകുന്നു ഈ ജയിലിൽ അഴികൾക്കുള്ളിൽ ഇവൾ എത്തിപ്പെട്ടിട്ട്

ഏഴു കൊല്ലത്തെ ജയിൽ ജീവിതം കൊണ്ടു ആ സൗന്ദര്യത്തിന് ഇന്നും ഒരു മാറ്റം വന്നിട്ടില്ല.ഐശ്വര്യം നിറഞ്ഞ ആ മുഖത്ത് നോക്കി ജമീലാ കുറച്ചുനേരം നിന്നു

ഈ പ്രായത്തിലും ഇങ്ങനെയെങ്കിൽ അവളുടെ നല്ല പ്രായത്തിൽ എന്ത് സൗന്ദര്യമുണ്ടായിരിക്കും.

എന്തു മോഹങ്ങളും സ്വപ്നങ്ങളും പേറി ആയിരിക്കും ഇവളൊരു ജീവിതം തുടങ്ങിയത്..

ഇന്ന് ഈ ജയിലറക്കുള്ളിലും കല്ലിച്ച ആ മുഖഭാവത്തിനപ്പുറം… മനസ്സ് കൊണ്ട് ഉരുകിത്തീരുന്ന ഒരു സ്ത്രീ ജന്മം..

എന്താ മാഡം…ഇങ്ങനെ നോക്കുന്നത്

ഒന്നുമില്ല നീ ഇങ്ങ് വന്നേ ..

കുറച്ചുകൂടെ ജോലിയുണ്ട് മാഡം അത് കഴിഞ്ഞു ഞാൻ വരാം

അതെല്ലാം അവിടെകിടക്കട്ടെ ഇനി നീ അതൊന്നും ചെയ്യേണ്ട..

മാലതി വേഗം കയ്യിലിരുന്ന
കത്തി താഴെ ഇട്ട് അവരുടെ അടുത്തേക്ക് വന്നു..

ജമീല തൻറെ പിന്നീട് ഒളിപ്പിച്ചു വച്ചിരുന്ന ആ കവർ അവളുടെ നേർക്ക് നീട്ടി..

ഇതെന്താ മാഡം..

നീ തുറന്നു നോക്കൂ..

എൻറെ കൈയിൽ മൊത്തം അഴുക്കാണ് ഞാൻ കൈ കഴുകിയിട്ട് വരാം..

അവൾ കൈ കഴുകാനായി പോയി..

തിരിച്ചുവന്ന അവളുടെ കൈയിലേയ്ക്ക് ആ ലെറ്റർ വെച്ച് കൊടുത്ത ശേഷം ഇരു കൈകളും മാറിൽ കെട്ടിക്കൊണ്ടു…ഒരു പുഞ്ചിരിയോടെ ജമീല അവളെ തന്നെ നോക്കി നിന്നു,..

മാലതി അത് വാങ്ങിയിട്ട്.. ജമീലയ്ക്ക് നേരെ സംശയത്തോടെ നോക്കി..

നോക്കിനിൽക്കാതെ അത് തുറന്നു വായിക്ക് പെണ്ണെ… തുറന്ന് അവൾ വായിച്ചു..

അതിലെ അക്ഷരങ്ങൾ കണ്ട് അവളൊന്നു ഞെട്ടി..

കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ അവൾ അന്തംവിട്ടു ജമീല നോക്കി..

ഇത് ഇത് എങ്ങനെ എന്റെ ശിക്ഷയുടെ കാലാവധി കഴിഞ്ഞില്ലല്ലോ

ഈ ലെറ്റർ ഇന്ന് ഞാൻ വന്നപ്പോൾ ശാന്ത മാഡം എന്റെ കൈയിൽ തന്നു…

ഒഫീഷ്യൽ ലെറ്റർ ആയതുകൊണ്ട് ആദ്യം ഞാനൊന്ന് ഞെട്ടി

എനിക്ക് ട്രാൻസ്ഫർ ആണെന്ന് കരുതി,…

പിന്നെ വായിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് നിനക്കുള്ള റിലീസിംഗ് ഓർഡർ ആണെന്ന്

ഞാൻ തന്നെ ഈ വാർത്ത നിന്നോട് പറയാമെന്നു കരുതി നിന്നെ തിരക്കി വന്നത്..

ഇത് എങ്ങനെ മാഡം…

ഇതെങ്ങനെ സാധിച്ചു.. ആരാ എനിക്കുവേണ്ടി ഇതിനു പിന്നിൽ പ്രവർത്തിച്ചു.. മാലതി സംശയത്തോടെ ചോദിച്ചു..

അന്ന് നിന്നെ കാണാൻ കുറച്ച് സോഷ്യൽ വർക്കേഴ്സ് വന്നില്ലേ…

അവരുടെ ഇടപെടലാണെന്നു..
തോന്നുന്നു..

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ..
മാലാതിയുടെ മുഖത്തെ സന്തോഷം മാഞ്ഞു.കണ്ണുകൾ നിറഞ്ഞു..

അത് കണ്ടപ്പോൾ ജമീലയുടെയും സന്തോഷം മാഞ്ഞു..

എന്താ പെട്ടെന്ന് നിന്റെ മുഖം വാടിയെ ഇത്രയും സന്തോഷമുള്ള ഒരു വാർത്ത അറിഞ്ഞിട്ട് നിനക്ക് മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ…

ഇതിൽ എന്ത് സന്തോഷമാണ് മാഡം എനിക്ക് കിട്ടുക..

ഇന്നുവരെ ഈ നാലു ചുവരുകളുടെ സംരക്ഷണം എനിക്കുണ്ട്..

നാളെ ഇതിന് വെളിയിൽ ഇറങ്ങിയാൽ ഞാൻ എവിടെ പോകാൻ…

ഇന്നേവരെ ആരും എന്നെ ഒന്ന് കാണാൻ പോലും വന്നിട്ടില്ല..

മക്കളോ ഭർത്താവോ എൻറെ വീട്ടുകാരോ.. ആരും ഞാൻ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും തിരക്കിയില്ല..

ആരോടും ഞാൻ എന്നെ കാണാൻ വരരുതെന്ന് വിലക്കിയിരുന്നു …എങ്കിലും എന്നെ തിരക്കി നാല് വരി കുറിച്ചൊരു ലെറ്റർ പോലും വന്നില്ലാലോ മാഡം..

ഒരുപക്ഷേ അവരെല്ലാം എന്നെ മറന്നിട്ട് ഉണ്ടാവാം.. ഒരു ജയി ൽ പുള്ളിയെ കുടുംബാംഗമായി അംഗീകരിക്കാൻ.. അവർക്ക് കഴിയില്ലായിരിക്കാം..

നീയിപ്പോൾ അതൊന്നും ഓർക്കണ്ട അവരുടെ സാഹചര്യം എന്തെന്ന് നമുക്കറിയില്ലല്ലോ..

എന്ത് സാഹചര്യം ആയാലും മാഡം
ഒരു ജയിൽപ്പുള്ളി എന്നും ജയിൽപ്പുള്ളി തന്നെയാണ്…മാഡം

അവരെ സമൂഹം എന്നും പേടിയോടെ വെറുപ്പോടെയും മാത്രം കാണുകയുള്ളൂ..
ഇനി എത്രയൊക്കെ നല്ലതായി ജീവിക്കാൻ ശ്രമിച്ചാലും.. ആരും അവരെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പോകുന്നില്ല….

അങ്ങനെയുള്ള ഞാൻ എവിടേക്കാണ് പോവുക..

ദയയില്ലാത്ത നീച മനുഷ്യ ജന്മങ്ങളുടെ ഇടയിൽ പെട്ട് ഒരു പക്ഷെ വീണ്ടും എൻറെ മടക്കം ഇങ്ങോട്ടേക്ക് തന്നെയാവും..

ആ ഒരു നിമിഷമാണ് ജമീലക്ക് അവൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് ആഴം മനസ്സിലായത്..

ജമീലാ മാലതിയുടെ തോളിൽ കൈ വെച്ചു..

നിനക്ക് ആരുമില്ല എന്ന്..
ജീവിതം വഴിമുട്ടി.. എങ്ങോട്ടും പോകാൻ ഇടമില്ലെന്ന് തോന്നുമ്പോൾ…
നീ എന്നെ വിളിക്കുക ഞാൻ നീ പോകുമ്പോൾ എൻറെ നമ്പർ..നിനക്കു തരാം…

എനിക്ക് കൂടപ്പിറപ്പുകൾ ഇല്ല.

ആകെയുള്ളത് ഉമ്മയും ബാപ്പയും ആയിരുന്നു അവരുടെ കാലം കഴിഞ്ഞതോടെ ഏക മകളായ ഞാൻ.ഒറ്റപെട്ടു .

ഒരു അന്യ മതസ്ഥനെ വിവാഹം ചെയ്തത് കൊണ്ട് ബന്ധുക്കളും..അടുക്കാറില്ല

ആകെയുള്ളത് ഭർത്താവും മക്കളും അവരുടെ അച്ഛനും അമ്മയും

ഭാഗ്യം കൊണ്ട് അവർ എല്ലാം നല്ല ആൾക്കാരാണ്.. അതുകൊണ്ട് ഇന്നേവരെ അനാഥത്വം എനിക്ക് തൊട്ടു തീണ്ടിയിട്ടില്ല..

നിനക്ക് എൻറെ വീട്ടിൽ കഴിയാ…അവിടെനിന്ന് ആരും നിന്നെ ഇറക്കി വിടില്ല.. നിന്റെ മാനത്തിന് വിലയുമിടില്ല

ഒരു കൂടപ്പിറപ്പിന്റെ ക്ഷണംആണെന്ന് കരുതിക്കോ…. നിനക്ക് ഇഷ്ടമുള്ള കാലത്തോളം എന്റെ വീട്ടിൽ സുരക്ഷിതമായി താമസിക്കാം..

ആരും നിന്നെ ഇറക്കി വിടില്ല… എനിക്ക് ജീവനുള്ളിടത്തോളം എന്റെ കരങ്ങൾ നിനക്കായി താങ്ങായിരിക്കും..

ആ മഹാമനസ്കതയ്ക്ക് മുൻപിൽ മാലതി ഒരു നിമിഷം കൈകൾ കുപ്പി…

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവളാ യി… ജീവിക്കേണ്ടിവരുന്ന അവസ്ഥ ഭയാനകം തന്നെയാണ്…

കരുണ വറ്റിയ ഈ ലോകത്ത് മാഡം എന്നോട് കാണിക്കുന്ന ഈ സ്നേഹം തന്നെ ധാരാളം…

ഞാൻ വരും… ഈ സഹോദരിയുടെ സഹായം ആവശ്യമാകുന്ന ഘട്ടത്തിൽ…

മതി ഇനി ജോലി ഒന്നും ചെയ്യേണ്ട സെല്ലിലേക്ക് പൊയ്ക്കോളൂ..

മാലതി ഇടറിയ കാലുകളോടെ അവളുടെ സെല്ലിലേയ്ക്കു പോയി…

സെല്ലിലേക്കെത്തിയതും അവൾ ആ തണുത്ത നിലത്തേയ് ക്ക് തളർന്നിരുന്നു..

അകവും പുറവും ചുട്ടുനീറ്റുന്ന ഉൾ ചൂടിൽ അവളുടെ ഉടലാകെ ഉരുകി ഒഴുകുന്ന പോലെ തോന്നി..

മാലതി തളർച്ചയോടെ ആ നിലത്തേക്ക്.. മുഖം അമർത്തി കിടന്നു..

ദേഹത്തിന്റെ തളർച്ച മിഴികൾ ഏറ്റുവാങ്ങിയപ്പോൾ അവൾ അറിയാതെ.. മയക്കം അവളുടെ മിഴികളെ കവർന്നു..

ആയിരം നിറക്കൂട്ടുകൾ ചാലിച്ചു തീർത്ത വർണ്ണങ്ങൾക്കു ഇരുണ്ട. നിറമായത് എത്രപെട്ടെന്നാണ്..

ആ ഇരുള്ളിൽ ഒറ്റച്ചിലമ്പണിഞ്ഞ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു..

കുരുതി കളം തീർത്തൊഴുകുന്ന രകത ചാലിനെ നീണ്ടു ചുവന്ന നാവിനാൽ നക്കി എടുത്തു ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾ..

കലി അടങ്ങാഞ്ഞോ.. കുരുതി തീർത്ത രക്ത കൊതി മാറഞ്ഞോ ചുറ്റും ചുഴറ്റി വീശുന്ന കൊടുവാൾ വീണ്ടും തന്റെ ഇരയെ തിരഞ്ഞു വായുവിൽ ശീൽക്കാരം ഉയർത്തി പുളഞ്ഞു മറയുന്നു..

തന്റെ നേർക്കു പാഞ്ഞടുക്കുന്ന കോമരത്തിന്റെ കണ്ണിലെ രൗദ്രത നേരിടാനാകാതെ

മാലതി കണ്ണുകൾ ഇറുക്കിയടച്ചു..

തുടരും…