പൂക്കളാൽ അലങ്കരിച്ച സ്റ്റേജിൽ  വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ച് പെണ്ണ് നിൽക്കുന്നു…

വിസമ്മതപത്രം

Story written by Nayana Vydehi Suresh

===================

രണ്ടുപേർ സ്വതന്ത്രരാകുന്നു…

ഞായറാഴ്ച നല്ല ദിവസമാണ്. നല്ല മുഹൂർത്തമുള്ള ദിവസം. പണിക്കര് കുറുച്ചു കൊടുത്ത ദിവസമാണിത്. പാർക്കിങ്ങ് സൗകര്യമുള്ള വലിയ കല്യാണമണ്ഡപം…പത്തരക്കും പതിനൊന്നിനുമിടയിൽ മുഹൂർത്തം….അത് കഴിഞ്ഞാൽ അസ്സല് പാർട്ടി…

പൂക്കളാൽ അലങ്കരിച്ച സ്റ്റേജിൽ  വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ച് പെണ്ണ് നിൽക്കുന്നു. തൊട്ടടുത്ത് പാർട്ടി വെയർ ഡ്രസ്സ് ധരിച്ച് ബ്രാൻഡഡ് വാച്ച് കെട്ടി ചെക്കൻ നിൽക്കുന്നു. രണ്ടു പേർക്കും ഇരിക്കാൻ സിംഹാസനം പോലുള്ള കസേര….

സ്റ്റേജിൽ രണ്ടു പേരുടെയും അടുത്ത ബന്ധുക്കൾ. ഹാളിന് അകത്ത് കാണികളും പുറത്ത് കാറുകളും നിറഞ്ഞിരിക്കുന്നു. എല്ലാ സെറ്റിങ്ങ്സിൻ്റെ പുറകിലും പേരുകേട്ട ഇവൻമാനേജുമെൻ്റാണ്. ലക്ഷങ്ങൾ ചിലവുള്ള പരിപാടിയാണ്…

പെട്ടെന്ന് നാദസ്വരം മുഴങ്ങി…

ചെക്കനും പെണ്ണും കൈകൾ കോർത്ത് പിടിച്ച് കസേരയിൽ നിന്നും എഴുന്നേറ്റ് സദസ്സിനെ വണങ്ങി പരസ്പരം അഭിമുഖമായി നിന്നു

മുന്നിൽ കത്തുന്ന വിളക്ക്, ഒരു തളികയിൽ പഴം, ഒരു തളികയിൽ ചെറുനാരങ്ങ, വെറ്റില….

”ചടങ്ങുകൾ തുടങ്ങാം ” നിർദ്ദേശമുയർന്നു.

ആദ്യം വരൻ പെണ്ണിൻ്റെ വിരലിൽ നിന്നും മോതിരം ഊരട്ടെ അതിനു ശേഷം പെണ്ണ് ചെക്കൻ്റെ വിരലിൽ നിന്നും….

ഒരു നേർത്ത ചിരിയോടെ അവർ പരസ്പരം മോതിരങ്ങളൂരി. കാണികൾ സ്റ്റേജിലേക്ക് നോക്കിയിരുന്നു. ഫോട്ടോഗ്രാഫർമാർ സ്റ്റേജിൽ നിന്ന് തലങ്ങും വിലങ്ങും ഫോട്ടോയെടുത്തു.

‘അടുത്തതായി താലി ഊരിക്കോളു ‘

അവർ പരസ്പരം ഒന്നുകൂടി അടുത്തു നിന്നു. അവൻ അവളുടെ കഴുത്തിൽ നിന്നും താലി ഊരി. കാണികളിൽ നിന്നും കയ്യടികളും ആർപ്പുവിളികളും ഉയർന്നു

‘ഇനി വിസമ്മതപത്രം വായിക്കാം ‘

മണ്ണമ്പത്ത് വീട്ടിൽ രാഘവൻ്റെയും സുശീലയുടെയും മകളായ പ്രിയയും അമ്പത്ത് വീട്ടിൽ നരേന്ദ്രൻ്റെയും സുമലതയുടെയും മകനായ അജയനും
തമ്മിലുള്ള മൂന്ന് വർഷം നീണ്ടു നിന്ന വിവാഹബന്ധം 25 – 1 – 2026 ഞായറാഴ്ച വേർപ്പെടുത്തിയതായി അറിയിച്ച് കൊള്ളുന്നു ‘

സദസ്സിൽ വീണ്ടും കയ്യടി….

പുറത്ത് ഭക്ഷണം കഴിക്കുന്ന ഹാളിനു മുന്നിൽ തിക്കും തിരക്കും

”ഹോ അസ്സല് ഭക്ഷണവും കേമം വിവാഹമോചനവും”

~നയന വൈദേഹി സുരേഷ്