മുറിയിൽ പാരിജാതത്തിൻ്റെ ഗന്ധം പരന്നു.അവൻ എഴുന്നേറ്റു കട്ടിലിന്റെ അടുത്തേയ്ക്ക് നടന്നു….

കണ്ണമ്മയുടെ വീട്….

Story written by Nisha Pillai

===================

അതൊരു അവധിക്കാലമായിരുന്നു.തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ നിന്നും കസിൻസൊക്കെ അവധി ആഘോഷിക്കാൻ നാട്ടിലെത്തും.ഫോണൊന്നുമില്ലാത്ത കാലം, കത്തിലൂടെയാണവർ അവരുടെ വരവറിയിച്ചത്.

ആദ്യപടി എന്ന നിലയിൽ തേങ്ങയിടാൻ വരുന്ന മൂപ്പരെ കൊണ്ട് നല്ലൊരു സ്വയമ്പൻ ഊഞ്ഞാല് സെറ്റാക്കി.രണ്ട് കൊന്ന തെങ്ങുകൾക്കിടയിൽ നല്ല പൊക്കത്തിൽ.ആൺകുട്ടികൾക്ക് ഊഞ്ഞാലാടുന്നതിന് പകരം കയറി നിന്ന് തണ്ട് വലിക്കാനാണ് താൽപര്യം.

അടുത്ത ഐറ്റം മീൻ പിടിത്തമാണ്.അമ്മമ്മയ്ക്ക് കിണറ്റിൽ നിന്നും വെള്ളം കോരി പത്തിരുപത് കുടങ്ങളിൽ നിറച്ച് വയ്പ്പിക്കുന്നൊരു പതിവുണ്ട്.അത് പതിവായി രാവിലെ ചെയ്യുന്നത് സഹായിയായ കൃഷ്ണനാണ്.കൃഷ്ണനെ കൊണ്ട് നാലഞ്ച് ചൂണ്ട,അമ്മമ്മ അറിയാതെ സെറ്റാക്കി വച്ചു.

വേനലവധി തുടങ്ങി.കസിൻസ് എല്ലാവരും നാട്ടിലെത്തി.പിന്നെയുള്ള ദിവസങ്ങളിൽ തികച്ചും നാടോടികളെ പോലെയായിരുന്നു ആൺ കുട്ടികളെല്ലാം .രാവിലെ പ്രാതലും കഴിഞ്ഞിറങ്ങുന്ന കുട്ടികൾ മീൻ പിടുത്തവും ഊഞ്ഞാലാട്ടവും മാവിലും കശുമാവിലും കയറിയിറങ്ങി ഒളിച്ചു കളിയും കഴിഞ്ഞ് അങ്ങനെ സന്ധ്യയാകുമ്പോൾ മാത്രം വീട്ടിലേയ്ക്കു കയറി ചെല്ലുന്ന അവസ്ഥയായി.

ഉച്ചക്ക് വിശക്കുമ്പോൾ അപ്പൂപ്പന്റെ ചേട്ടന്റെ വീട്ടിലേയ്ക്കു നടക്കും.അവിടെ മരുമകൾ കണ്ണമ്മ കുട്ടികൾക്കായി രുചികരമായ കറികൾ ഉണ്ടാക്കി വയ്ക്കും.വല്യപ്പൂപ്പന്റെ മരുമകളാണ് കണ്ണമ്മ.വിധവയായ കണ്ണമ്മ ഒറ്റയ്ക്കാണ് താമസം.കുട്ടികളില്ല ,അവധിക്കാലത്തും കുട്ടികൾക്ക് ഭക്ഷണം ഒരുക്കി കൊടുക്കുന്നത് കണ്ണമ്മയുടെ അവകാശമായിരുന്നു.

വൈകിട്ടു ചെല്ലുമ്പോഴേക്കും അമ്മ വടിയുമായി മുറ്റത്തുണ്ടാകും. അതിഥികൾക്കൊന്നും അടി കിട്ടില്ല.വീട്ടുകാരനായ പത്ത് വയസ്സുകാരൻ അച്യുതന് മാത്രമാണ് അമ്മയുടെ അടി.പിന്നെ അമ്മ എല്ലാവരെയും കൂട്ടി കൊണ്ട് മുറ്റത്തെ കിണറിന്റെ അടുത്തേയ്ക്കു നടക്കും.സോപ്പും ഇഞ്ചയും ഉരച്ചു തേച്ചു ഒരു കുളിപ്പിക്കൽ ,വസ്ത്രം മാറി നാമം ചൊല്ലൽ ,പിന്നെ എല്ലാവരും ഒത്തു ചേർന്ന് കഞ്ഞിയും പയറും കഴിച്ചു ഉറങ്ങാൻ കിടക്കും .ഇതിൽ അടിയും ഉരച്ചു കുളിയും നാമം ജപിക്കലും ആതിഥേയനായ അച്യുതന് മാത്രമാണ് നിർബന്ധം.ബാക്കിയുള്ളവർക്ക് എല്ലാത്തിനും ഇളവുണ്ട്. ഹാളിൽ പായ വിരിച്ചു എല്ലാവരും നിരന്നങ്ങനെ കിടക്കും,പരസ്പരം കഥകൾ പറഞ്ഞു രസിപ്പിക്കും.ഉറങ്ങും ഉണരും ഭക്ഷണം കഴിക്കും വീണ്ടും പറമ്പിലും കായലിലും.ഇപ്പോൾ പകലൊന്നും ആരും കുട്ടികളെ തിരക്കാതെയായി.

ഒരു ദിവസം രാവിലെ അമ്മമ്മയോടു അനുവാദം വാങ്ങി.ഇന്ന് രാത്രി കണ്ണമ്മയുടെ വീട്ടിലാണ് ഊണും ഉറക്കവും. അനാഥയായ കണ്ണമ്മയെ എല്ലാവർക്കും ഇഷ്ടമാണ്.തറവാട്ടിൽ എല്ലാവരുടെയും, എല്ലാ ആവശ്യങ്ങൾക്കും വിളിപ്പുറത്ത് കണ്ണമ്മയുണ്ടാകും.ഒത്തിരി ചിരിക്കുകയും ,സങ്കടം വരുമ്പോൾ വലിയ വായിൽ കരയുകയും ചെയ്യുന്ന നിഷ്കളങ്കയായ കണ്ണമ്മ.

ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞു ആ വീട്ടിൽ കാലുകുത്തുമ്പോൾ ആ പഴയ വലിയ വീട് ചിതലരിച്ചു നശിച്ച് തുടങ്ങിയിരുന്നു.കണ്ണമ്മയുടെ തൻ്റേടം കൊണ്ട് തറവാട് വീട് നശിച്ച് പോയില്ല. സംരക്ഷിച്ച് വീടിനെ മോടി പിടിപ്പിച്ചെടുത്തത് കണ്ണമ്മയാണ്.ഭർത്താവ് മുകുന്ദനമ്മാവൻ്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ട് വന്നത് അവരായിരുന്നു. മുകുന്ദനമ്മാവൻ മുറ്റത്തെ മാവിൽ മാങ്ങാ പറിക്കാൻ കയറിയതാണ്,കാലൊന്നു തെന്നി താഴെ വീണു.തണ്ടെല്ലിനു പരിക്കേറ്റു അഞ്ചാറു മാസം ഒരേ കിടപ്പായിരുന്നു.രക്ഷപെടുകയില്ലെന്നറിഞ്ഞപ്പോൾ അമ്മാവന് ഭയങ്കര നിരാശയായി.ഇരുപതുകാരിയായ ഭാര്യയെ സംശയമായി. കണ്ണമ്മ അധികം ഒരുങ്ങുന്നതൊന്നും അമ്മാവന് ഇഷ്ടമല്ലാതെയായി .കിടപ്പിലായെങ്കിലും വാശിയും ദേഷ്യവും ഒക്കെ കൂടി.

സഹികെട്ടാണ് കണ്ണമ്മ സ്വന്തം അച്ഛനെ കൂടെ കൂട്ടിയത്.പിന്നെ മരുമകന്റെ പരിചരണം അമ്മായിയച്ഛന്റെ കടമയായി മാറി.രാവിലെ ഉണർത്തി ഷേവ് ചെയ്തു, കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് അങ്ങനെ അങ്ങനെ എല്ലാ കാര്യവും നോക്കി നടത്തി.മകളെ മരുമകനിൽ നിന്നും അകറ്റി മറ്റൊരു കല്യാണത്തിന് മൂപ്പർ തിരക്ക് കൂട്ടി.അതറിഞ്ഞു കണ്ണമ്മയും മുകുന്ദനമ്മാവനും വിഷമിച്ചു.വാശിയും ദേഷ്യവും ഒക്കെ ഉണ്ടായിരുന്നെങ്കിലും മുകുന്ദനമ്മാവന്‌ കണ്ണമ്മയെ ജീവനായിരുന്നു.കിടന്നു കിടന്നു ഒരു ദിവസം മുകുന്ദനമ്മാവൻ അങ്ങ് പോയി.മരിക്കുമ്പോൾ എല്ലും തോലുമായ അമ്മാവന് വെറും ഇരുപത്തെട്ടു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു.

മരിച്ചു കഴിഞ്ഞും രാത്രികളിൽ കണ്ണമ്മ അമ്മാവനെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.അമ്മാവൻ കട്ടിലിൽ കിടന്നു കണ്ണമ്മയെ വിളിച്ചു കൊണ്ടേയിരുന്നു.എന്നെ വിട്ടു പോകരുതേയെന്ന് നില വിളിക്കുമെന്ന്.മകളുടെ ഭാവി ഓർത്തിട്ടു കണ്ണമ്മയുടെ അച്ഛൻ മരുമകൻ്റെ കട്ടിൽ കരസ്ഥമാക്കി.ആ കട്ടിലിലും മുറിയിലുമായി കണ്ണമ്മയുടെ അച്ഛന്റെ ജീവിതം.പിന്നെ കണ്ണമ്മ മുകുന്ദനമ്മാവനെ കണ്ടിട്ടേയില്ല. പക്ഷെ അച്ഛന് രാത്രി കിടക്കയിൽ മുള്ളുന്ന ഒരു അസാധാരണമായ ശീലം പുതുതായി ഉണ്ടായി.രാത്രിയിൽ ഉണർന്നു കിടക്കയിൽ കയറി നിന്ന് കിടക്കയിൽ മൂത്രം ഒഴിക്കും.

“മോളെ കണ്ണേ ,അവൻ ആശ തീരാതെ മരിച്ചവനാണ്.എത്ര വലിയ ദുരാത്മാവായാലും മൂ ത്രം ഒഴിച്ചാൽ, മൂ ത്രം ഒഴിച്ച മണ്ണ് വാരി എറിഞ്ഞാൽ ഒഴിഞ്ഞു പൊയ്ക്കോളും.അതാണ് വിശ്വാസം.അവനെ ഓട്ടിയ്ക്കാനാണ് ഞാൻ കിടക്കയിൽ മൂ ത്രം ഒഴിക്കുന്നത്.”

ആ മുറിയിൽ ഇപ്പോഴും മൂത്ര ഗന്ധം നിറഞ്ഞു നിന്നു.വേറെയാരും ആ മുറിയിൽ കയറാതെയായി. ഏഴെട്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ അച്ഛനും പോയി .എന്നിട്ടും മൂ ത്ര മണം മാറിയില്ല.കണ്ണമ്മ പഴയ മെത്ത കത്തിച്ചു കളഞ്ഞു,പുതിയ മെത്ത വാങ്ങിയിട്ടു.എന്നിട്ടും ആ മുറിയിൽ മൂ ത്ര മണം നിറഞ്ഞു നിന്നു.അതിനാൽ രാത്രിയിൽ ആരും ആ വീട്ടിൽ തങ്ങാറില്ല.

അങ്ങനെയുള്ള വീട്ടിലാണ് കുട്ടികളെല്ലാവരും അമ്മമ്മയുടെ കാലുപിടിച്ചു ഒരു രാത്രി തങ്ങാനുള്ള അനുവാദം വാങ്ങിയത്. വൈകിട്ട് കുളിച്ചു എല്ലാവരും കണ്ണമ്മയുടെ വീട്ടിലേയ്ക്കു പോയി.കണ്ണമ്മ എല്ലാവർക്കും കഴിക്കാൻ ചക്ക വരട്ടിയതും അവലോസുണ്ടയും ഉണ്ടാക്കി വച്ചിരുന്നു.കുട്ടികളെ തങ്ങാൻ അനുവദിച്ചതിന്റെ സന്തോഷത്തിനു അമ്മമ്മയ്ക്കു വലിയൊരു വരിക്ക ചക്കയും ചക്ക വരട്ടിയതും തറവാട്ടിലേയ്ക്ക് കൊടുത്തു വിട്ടിരുന്നു.

കണ്ണമ്മ കുട്ടികൾക്ക് ധാരാളം കഥകൾ പറഞ്ഞു തന്നു.മൂത്രത്തിന്റെ കഥ ചോദിച്ചപ്പോൾ അതൊക്കെ വെറുതെ പറയുന്നതാണെന്നു കണ്ണമ്മ കുട്ടികളെ വിശ്വസിപ്പിച്ചു.ഇവിടെ കഴിയുന്ന എനിക്കാണോ പുറത്തുള്ളവർക്കാനോ ഇതൊക്കെ ശരിക്കും അറിയാവുന്നത്.ഒക്കെ വെറുതെ പറയുന്നതാണ്.

“കണ്ണമ്മയ്ക്കു പേടിയില്ലേ.? ഇവിടെ ഒറ്റയ്ക്ക് കഴിയാൻ.”

“എന്തിന്? ,എനിക്ക് കൂട്ടിനു അച്ഛന്റെയും ഭർത്താവിന്റെയും ധാരാളം ഓർമ്മകൾ ഉണ്ട്.”

ഊഞ്ഞാലിൽ തണ്ട് വലിച്ചപ്പോൾ അറിയാതെ കൈയൊന്ന് വിട്ട് പോയി.അച്യുതൻ നിലത്ത് വീണു,കാലിൽ നീരായി.വീട്ടിൽ പറഞ്ഞാൻ അമ്മ തല്ല് തരും. കുളിപ്പിക്കുമ്പോൾ കണ്ടാലും ആദ്യം തല്ല് പിന്നയേ കുഴമ്പിട്ട് തടവി തരൂ. ഇന്നെന്തായാലും കണ്ണമ്മയുടെ വീട്ടിലെ ഉറക്കം കാരണം നേരത്തെ കുളിച്ചിട്ട് ഇറങ്ങി. വേദന കാരണം നടക്കാൻ വയ്യ.കളിയാക്കുമോയെന്ന് പേടിച്ച് കസിൻസിനോട് പറഞ്ഞതുമില്ല.

കണ്ണമ്മ കുട്ടികൾക്ക് വേണ്ടി കുത്തരി ചോറും മോര് കാച്ചിയതും കക്ക വറുത്തതും കൊഞ്ചും മാങ്ങയും മുരിങ്ങയില തോരനും ഒക്കെ ഉണ്ടാക്കി വച്ചിരുന്നു എന്നും രാത്രി തറവാട്ടിലെ കഞ്ഞി കുടിച്ചു എല്ലാവരും മടുത്തിരുന്നു.കണ്ണമ്മയോടൊപ്പം വട്ടത്തിൽ എല്ലാവരും നിലത്ത് കഴിക്കാനിരുന്നു.അച്യുതൻ വേദനയാൽ എരിപൊരി കൊണ്ടു,അവൻ മാത്രം ഒന്നും കഴിച്ചില്ല.

“അവന് കുഞ്ഞമ്മയുടെ താരാട്ട് കേൾക്കാൻ സമയമായി.അതിൻ്റെ സങ്കടമാണ്. അതാ അവൻ ഒന്നും കഴിയ്ക്കാത്തത്.”

അച്യുതന് കരച്ചിൽ വന്നു.അടുത്ത് അമ്മയുണ്ടായിരുന്നെങ്കിൽ രണ്ട് അടി കിട്ടിയാലും എണ്ണയിട്ട് തടവി തന്നേനെ.താരാട്ട് പാടി ഉറക്കിയേനെ.അഞ്ചാം ക്ലാസ്സിൽ ആയത് മുതൽ ഒറ്റയ്ക്ക് കിടക്കാനാണ് അച്യുതനിഷ്ടം.

കണ്ണമ്മയുടെ അച്ഛൻ കിടന്ന മുറിയുടെ ഒരു മൂലയിൽ അഞ്ച് ആൺ കുട്ടികൾക്ക് കിടക്കാനായി അവർ പനംപായ വിരിച്ചു കൊടുത്തു.

“ആർക്കെങ്കിലും പേടിയുണ്ടോ, ഉണ്ടെങ്കിൽ എൻ്റെ കൂടെ അടുത്ത മുറിയിൽ കിടക്കാം.”

ആരും ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.

“ആർക്കും പേടിയില്ലല്ലോ,ഈ മുറിയിൽ കിടന്നാൽ ഉടനെ ഉറക്കം വരും.പടിഞ്ഞാറ് നിന്നും നല്ല കാറ്റാണ്.ജനൽ തുറന്നിടാം.”

ലൈറ്റ് അണച്ചു.എല്ലാ ധൈര്യശാലികളും പരസ്പരം കെട്ടിപിടിച്ചു കിടന്നു.ഇന്നാരും തമാശ പറയാനോ കഥകൾ പറയാനോ തയ്യാറാകാത്തത് എന്താണെന്ന് അച്യുതൻ അതിശയപ്പെട്ടു.സാധാരണ രാത്രികളിൽ കഥ പറയാൻ അവസരത്തിന് വേണ്ടി അവർ അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാക്കാറുണ്ട്.

കൂടെ കിടന്നവരൊക്കെ പെട്ടെന്ന് ഉറക്കമായി.വേദന കൊണ്ട് അച്യുതൻ കരഞ്ഞു പോയി.തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കണ്ണമ്മയെ വിളിക്കാൻ എഴുന്നേറ്റത്.പെട്ടെന്ന് ഇരുട്ടിൽ ഒരാളനക്കം. കട്ടിലിൽ ആരുടെയോ നിഴലനക്കം. നിഴലല്ല,ആളു തന്നെയാണ്,നന്നേ കറുത്ത് മെലിഞ്ഞൊരാൾ.ഇപ്പോൾ മുഖം വ്യക്തമായി.കണ്ണമ്മയുടെ അച്ഛൻ,സ്വീകരണ മുറിയിൽ ഫോട്ടോ വച്ചിട്ടുണ്ട്.വേലിയ്ക്കലെ പാരിജാതത്തിൽ നിന്നും പൂക്കൾ ശേഖരിച്ച് കണ്ണമ്മ നിത്യേന മാല ചാർത്തുന്നത് കണ്ടിട്ടുണ്ട്.

അവന് പേടി തോന്നി മുന്നിൽ മൂ ത്രം ഒഴിക്കുന്ന അപ്പൂപ്പൻ.അടുത്ത് കിടന്നവരെ കുലുക്കി വിളിക്കാൻ നോക്കി.പക്ഷേ പേടി കൊണ്ട് ശബ്ദം പുറത്തേയ്ക്ക് വന്നില്ല.

“മോനെന്താ ഉറങ്ങാഞ്ഞത്?.പുറത്തേയ്ക്കിറങ്ങണ്ട.ഉമ്മറത്ത് അവനുണ്ട്.മുകുന്ദൻ പിള്ളേരെ വെറുതെ പേടിപ്പിക്കും.ഈ സമയത്ത് ബീഡിയും പുകച്ച് ഉമ്മറത്ത് കാണും.ഇവിടെ ,ഈ മുറിയിൽ അവനെ ഞാൻ കയറ്റില്ല.മോൻ പേടിയ്ക്കേണ്ട.”

അച്യുതന് പേടി കൊണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല.

“മോനിങ്ങടുത്ത് വാ.അപ്പൂപ്പൻ കാല് തടവി തരാം.”

മുറിയിൽ പാരിജാതത്തിൻ്റെ ഗന്ധം പരന്നു.അവൻ എഴുന്നേറ്റു കട്ടിലിന്റെ അടുത്തേയ്ക്ക് നടന്നു.അപ്പൂപ്പൻ തൻ്റെ മഞ്ഞ് പോലെ തണുത്ത കൈകൾ കൊണ്ട് അവനെ പിടിച്ചു കട്ടിലിൽ ഇരുത്തി.അവിടെ മൂ ത്രത്തിന്റെ മണമേയില്ലായിരുന്നു.

“അമ്മയെ ഓർമ്മ വന്നപ്പോൾ വേദന കൂടിയല്ലേ.കണ്ണമ്മയെ വിട്ട് എനിക്ക് എങ്ങോട്ടും പോകാൻ പറ്റില്ല.അതാ ഞാനിവിടെ കൂടിയത്.അവൾക്കിപ്പോൾ വയസ്സ് അൻപത്തഞ്ചായി.”

അവൻ്റെ കാലുകൾ എന്തോ തൈലം തേച്ച് തടവി.അവൻ്റെ വേദന മാറി വന്നു.ആ സുഖമുള്ള തലോടലിൻ്റെ സുഖത്തിൽ അവൻ മയക്കം പിടിച്ചു . നന്നായി അവൻ മയങ്ങിയപ്പോൾ തലോടൽ മതിയാക്കി അപ്പൂപ്പനും കൂടെ കിടന്നു.

രാവിലെ കണ്ണു തുറന്നപ്പോൾ കണ്ണമ്മയും കസിൻസും ചുറ്റും കൂടി നിൽക്കുന്നു.ഇവനിത്ര ധൈര്യമോ? എന്ന് ഭാവമാണ് എല്ലാ മുഖങ്ങളിലും അവൻ ആരേയും ഗൗനിക്കാതെ നടന്ന് നോക്കി.കാലിൽ ഇപ്പോൾ തീരെ വേദനയില്ല.അപ്പൂപ്പൻ്റെ മാജിക് അവൻ്റെ വേദന മാറ്റിയിരുന്നു.

“ടാ കട്ടിലിന് മൂ ത്രമണം ഇല്ലായിരുന്നോ?.”

“ഏയ് ധൈര്യമുണ്ടെങ്കിൽ നീ ഒന്ന് കിടന്ന് നോക്ക്.നല്ല പാരിജാതത്തിൻ്റെ മണം.”

അന്ന് മുതൽ എല്ലാവരുടെയും ഹീറോ ആയി അവൻ മാറിയിരുന്നു.അവൻ കണ്ടതും കേട്ടതും ആരോടും പറഞ്ഞതുമില്ല.എല്ലാവരുടേയും മനസ്സിൽ ഇപ്പോഴും കണ്ണമ്മയുടെ വീട് ഒരു ഭൂതവാസമുള്ള ഭവനമായി അവശേഷിച്ചു.

✍️നിശീഥിനി