തോറ്റോൻ്റെ വേദന തോറ്റോനെ അറിയൂ പുണ്യാളാ…
Story written by Nisha Pillai
======================
കുട്ടികളൊക്കെ ഹോസ്റ്റലിൽ പോയതിന് ശേഷമാണ് ആ അമ്മ തീർത്തും ഒറ്റപ്പെട്ടത്. മകന് ജോലിയായി. മകൾ ഉപരി പഠനത്തിന് രാജ്യത്തിന് പുറത്ത് പോയി. ഭർത്താവിൻ്റെ വീട്ടുകാരുടെ വെറുപ്പിനാലും ഒറ്റപ്പെടുത്തലിനാലും എന്നും ജീവിതത്തിൽ ഏകയായിരുന്നു അവർ, കുട്ടികളായിരുന്നു അവരുടെ സർവസ്വവും. അവരും പോയതോടെ ജീവിതം വിരസമായി.
പട്ടണത്തിൻ്റെ പ്രാന്ത പ്രദേശമാണെങ്കിലും ആളുകളൊക്കെ പട്ടണത്തിലേക്കാൾ തിരക്കുള്ളവർ. സന്ധ്യ സമയത്ത് തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ് വീടും പരിസരവും. വിധവയായ ഉദ്യോഗസ്ഥ, ഒറ്റയ്ക്കുള്ള വാസം. അങ്ങനെയാണ് ഗൂർഖയെ ഏർപ്പെടുത്തിയത്. ഇടയ്ക്കിടെ സൈക്കിളിൽ സലാം പറഞ്ഞ് പോകുന്ന രാം ബഹാദൂർ റായ് നല്ല സഹായമായിരുന്നു. പക്ഷെ ഒന്നാം നിലയിലെ ഒഴിഞ്ഞ പോർഷൻ വാടകയ്ക്ക് കൊടുക്കാൻ നിർബന്ധിച്ചത് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആയി കലാം മാഷാണ്.
“ഇനി ടീച്ചർ ഒറ്റയ്ക്കല്ലേ, പേയിംഗ് ഗസ്റ്റായി ആരെയെങ്കിലും നിർത്തിയാൽ ഒരു കൂട്ടായല്ലോ. “
” അതിനെന്താ നോക്കാം മാഷേ, പക്ഷേ പേയിംഗ് ഗസ്റ്റായി വേണ്ട മാഷേ. സ്വയം ഭക്ഷണം ഉണ്ടാക്കാൻ തന്നെ എനിക്ക് ബുദ്ധിമുട്ടാണ്,മടിയാണ്. ജോലിക്കും പോകണ്ടേ ദിവസേനെ. ഒരു കാര്യം ചെയ്യാം. മുകളിലത്തെ നില പെണ്ണുങ്ങൾക്ക് വാടകയ്ക്ക് കൊടുക്കാം. അതല്ലേ മാഷേ നല്ലത്. “
അങ്ങനെ മാഷ് കൊണ്ട് വന്ന മൂന്ന് തരുണീമണികളെത്തി. മൂന്ന് പേരും ഒരേ ഓഫീസിലെ ജോലിക്കാർ. അന്നമ്മയും മായയും ആയിഷയും.സ്വതന്ത്ര ചിന്താഗതിക്കാരായ അവർ വെള്ളിയാഴ്ചത്തെ ട്രെയിനിൽ വീട്ടിലേയ്ക്കും തിങ്കളാഴ്ച രാവിലത്തെ ട്രെയിനിൽ മടങ്ങി ഓഫീസിലേയ്ക്കും വരുന്നവർ, മൂവരും വീട്ടമ്മമാർ.
റസിഡൻഷസ് അസോസിയേഷൻകാരുടെ നിയമങ്ങളൊക്കെ അവർ തെറ്റിച്ചു. പതിവായി ലേറ്റ് ആയി വരാൻ തുടങ്ങിയപ്പോൾ ഇവിടെ ഇത് പറ്റില്ലെന്ന് പറഞ്ഞതും മൂന്നു പേരും കിടക്കയും പാക്ക് ചെയ്ത് പോയി. അവർ കൊച്ച് കുട്ടികളല്ലെന്ന്…. ഒരു താക്കീതും തന്നു.
വീണ്ടും തനിച്ചായ ദിവസങ്ങൾ. അപ്പോഴാണ് കലാം മാഷ് മാധവനെ കൊണ്ട് വന്നത്. ചെറുപ്പക്കാരൻ, ബാങ്ക് മാനേജറായ ഒരു തനി നാടൻ. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടക്കേടാണ് തോന്നിയത്. പെരുമാറ്റത്തിൽ ഒരു പന്തികേട്. വിവാഹിതനാണ്, ആരോടും അധികം സംസാരിക്കാറില്ല. വൈകുന്നേരങ്ങളിൽ ഒരു പുസ്തകവുമായി മുകളിലത്തെ ബാൽക്കണിയിൽ കാണും. പോകുന്നതും വരുന്നതും ഒന്നും ആരും അറിയുകയുമില്ല.
രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം ഇനി ടീച്ചർ സ്കൂളിൽ പോകാനായി ഇറങ്ങിയപ്പോൾ മാധവൻ ബാങ്കിൽ പോകാനായി താഴേയ്ക്ക് വന്നു. താക്കോൽ നീട്ടിയിട്ട് പറഞ്ഞു.
“വൈകിട്ട് ഞാൻ വീട്ടിൽ പോകുന്നു. രണ്ട് ദിവസം കഴിഞ്ഞേ വരൂ. “
താക്കോൽ വാങ്ങി ബാഗിൽ വച്ചിട്ട്, കാറിന്റെ ഡോർ തുറന്ന് കൊണ്ട് പറഞ്ഞു,
“വരൂ, ഞാൻ ടൗണിൽ വിടാം, ഞാനും ആ വഴിയ്ക്കാണ്. “
വൈകുന്നേരം നേരത്തെ വന്നത് കൊണ്ട് ടീച്ചർ മുകളിലത്തെ നിലയിൽ പോയി നോക്കി. രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, ആകെ പൊടിയും മാറാലയും പിടിച്ച് അലങ്കോലമായി കിടക്കുന്ന മുറികൾ. ടീച്ചറിന് ദേഷ്യം വന്നു, തൻ്റെ സ്വപ്നഭവനമാണ്. നിവൃത്തിയില്ലാത്തത് കൊണ്ടാണ് വാടകയ്ക്ക് കൊടുത്തത്. പിന്നെ ഒന്നുമാലോചിച്ചില്ല, രണ്ട് മണിക്കൂർ കൊണ്ട് മുറികൾ പഴയ പോലെയാക്കി. തൂത്ത് തുടച്ച് അടുക്കി പെറുക്കി മെനയാക്കി. കൂനകൂടി കിടന്ന അഴുക്ക് വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ അലക്കി. ഇനിയവനെ വിളിച്ചു രണ്ട് വാക്ക് പറയണം. മര്യാദയ്ക്ക് വീടൊഴിയാൻ പറയണം.
മകൻ ചെന്നൈയില് നിന്ന് വിളിച്ചപ്പോഴാണ് ദേഷ്യം ഒന്ന് ഷെയർ ചെയ്തത്.
“വീട് കണ്ടാൽ ഭ്രാന്തെടുക്കും. വീട് ഒഴിയാൻ പറയാമല്ലേ. “
“എൻ്റമ്മച്ചി, മനുഷ്യനെക്കാൾ വലുതാണോ ഈ കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ വീട്. അയാൾ കൃത്യമായി വാടക തരുന്നില്ലേ. എൻ്റെ അപ്പാർട്ട്മെന്റ് കിടക്കുന്നത് കണ്ടാൽ ഇതിന്റെ ഓണർ നെഞ്ച് പൊട്ടി ചാകും. അയാളുടെ അനുവാദമില്ലാതെ അമ്മച്ചി അകത്ത് കയറിയത് തെറ്റ്. ഞാനാണെങ്കിൽ ആരാണെങ്കിലും രണ്ട് പൊട്ടിച്ചേനെ. അയാളുടെ സ്വകാര്യതയല്ലേ, അയാൾക്ക് എന്തെങ്കിലും വിഷമം കാണും. “
“എന്ത് വിഷമം, നല്ലൊരു കല്യാണം കിട്ടി. അയാൾക്ക്. അതും ആറുമാസമായില്ല എന്നാണ് കലാം മാഷ് പറഞ്ഞത്. “
“അങ്ങനെ പറ, അത് തന്നെയാകും കാരണം. പാവത്തിനെ വെറുതെ ചൊറിയണ്ട. “
തിങ്കളാഴ്ച വെളുപ്പിന് മടങ്ങി വന്ന മാധവൻ്റെ മുഖം കണ്ടിട്ട് അത്ര പന്തിയല്ല. അതിക്രമിച്ച് അയാളുടെ മുറിയിൽ കയറിയതിന് മാപ്പ് പറയണം. ചായയും പ്രാതലുമായി വാതിലിൽ മുട്ടി. ഭക്ഷണം ടീപ്പോയിൽ വച്ചിട്ട് കസേരയിൽ ഇരുന്നു. ഉറങ്ങാത്ത മുഖവുമായി മാധവൻ മുന്നിലും. ആദ്യമായി അനുവാദമില്ലാതെ അകത്ത് കയറിയതിന് മാപ്പ് പറഞ്ഞു. അപ്പോഴാണ് മാധവൻ അത് ശ്രദ്ധിച്ചത് തന്നെ.
മാധവൻ ഒരേ സമയം കഴിക്കുകയും സംസാരിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. തൻ്റെ പരാജയപ്പെട്ട ജീവിതത്തേക്കുറിച്ച്, തകർന്ന സ്വപ്നങ്ങളെക്കുറിച്ച്, ആത്മഹത്യ ചെയ്ത കാമുകിയെക്കുറിച്ച്…..
അവൻ കരയുകയായിരുന്നു. മകൻ്റെ പ്രായമുള്ള ഒരു പുരുഷൻ മുന്നിലിരുന്ന് കരയുന്നത് കണ്ട് ടീച്ചർക്ക് സങ്കടമായി.
” തോറ്റോൻ്റെ വേദന തോറ്റോനെ അറിയൂ. മൊത്തത്തിൽ ഞാനൊരു പരാജയമാണ്. എൻ്റെയമ്മ!! അമ്മയ്ക്ക് വേണ്ടി പിടിച്ച് നിൽക്കുവാണ്, മരിയ്ക്കാതെ. “
അവനുമായി നല്ല കൂട്ടായി. രാവിലത്തെ യാത്ര ഒന്നിച്ചായി. ഒന്നിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി. അച്ഛനില്ലാത്ത രണ്ട് കുട്ടികളെ തുന്നലിൽ നിന്ന് കിട്ടിയ വരുമാനത്തിൽ ആണ് മാധവൻ്റെ അമ്മ വളർത്തിയത്. മിടുക്കനായ മകൻ മാധവൻ, നർത്തകിയായ മകൾ മീനാക്ഷി. മീനാക്ഷിയുടെ ക്ലോസ് ഫ്രണ്ടായിരുന്ന സായന്തനയും മാധവനും നല്ല ഇഷ്ടത്തിലായി. മാധവനോട് ഇഷ്ടമുള്ള മറ്റൊരു സുഹൃത്ത് കൂടി മീനാക്ഷിക്ക് ഉണ്ടായിരുന്നു വാണി.
സായന്തനയും മാധവനും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി ആരോ സായന്തനയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. അതൊക്കെ മാധവൻ പറഞ്ഞിട്ടാണെന്നും, മാധവൻ വാണിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്നുമൊക്കെ പറഞ്ഞത് കേട്ട് നിഷ്കളങ്കയായ സായന്തന ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് കേസായി, സായന്തനയുടെ വീട്ടുകാർ മാധവനെതിരായി. മാധവനെ രക്ഷപ്പെടുത്താനെന്ന വ്യാജേന വാണിയുടെ വീട്ടുകാർ അതിലിടപെടുകയും ചെയ്തു.
രണ്ട് വീട്ടുകാരുടേയും പിടി വലികൾക്കിടയിൽ പെട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട മാധവനെ കൗൺസലിങ്ങിലൂടെയാണ് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വന്നത്. തന്നെ ചതിച്ചത് മാധവനാണെന്ന് തന്നെ സായന്തന വിചാരിച്ചു.
രക്ഷിക്കാൻ വന്നവരൊന്നും മാലാഖമാർ ആയിരുന്നില്ല. അവർ സ്വാർത്ഥരായിരുന്നു. മകൾ വാണിയുടെ ഇഷ്ടങ്ങൾ.. വാണിയുടെ സ്നേഹത്തെ തള്ളി പറഞ്ഞ മാധവനോടുള്ള പ്രതികാരമായിരുന്നു ഈ രക്ഷപെടുത്തലും കല്യാണവും. മാധവന്റെ കല്യാണം കഴിഞ്ഞതോടെ സായന്തന വിഷാദ രോഗത്തിലായി. വാണിയുടെ അച്ഛനിൽ നിന്നും സായന്തനയുടെ അച്ഛൻ നഷ്ടപരിഹാരം വാങ്ങിയെന്ന അറിവ്, വാണിയുടെ വീട്ടുകാർ മാധവന്റെ അമ്മയെ വിലക്കെടുത്ത് നടത്തിയ കല്യാണമാണിതെന്നും അറിഞ്ഞതോടെ അവളാരോടും മിണ്ടാതെയായി, ആത്മഹത്യ ചെയ്തു.
വാണിയെ അംഗീകരിക്കാൻ കഴിഞ്ഞില്ല. രണ്ടു മൂന്നു മാസത്തോളം അവളുടെ മുറിയിൽ പോലും കയറാതെ അയാൾ നടന്നു. പിന്നെ പിന്നെ നാട്ടുകാരുടെ മുന്നിൽ മാത്രം നല്ല ഭർത്താവായി നടന്നു. വാണിയുടെ അച്ഛൻ്റെ ദുർബുദ്ധി പിഴയ്ക്കുകയും മകൾക്ക് കണ്ണീരൊഴിഞ്ഞ നേരമില്ലാതെയായി.
“ആ പെൺകുട്ടി എന്ത് പിഴച്ചു മാധവൻ ? അവൾക്കെന്നും നിന്നോട് സ്നേഹമായിരുന്നില്ലേ. അവളുടെ സ്നേഹത്തിനു വേണ്ടി, അവളുടെ സന്തോഷത്തിനു വേണ്ടി മാതാപിതാക്കൾ ചെയ്തു പോയ തെറ്റ്. “
“പക്ഷെ സായന്തനയോ? അവളുടെ സ്നേഹമോ ? അവളുടെ ജീവന് യാതൊരു വിലയുമില്ല. അവളോട് ചെയ്ത അപരാധമോ. എന്റെ അമ്മ, അനിയത്തി എന്നിവരെയൊക്കെ എന്നിൽ നിന്നും അകറ്റി. ഞങ്ങളുടെ കുടുംബത്തിന്റെ ഗാർഡിയൻ എയ്ഞ്ചൽ ആയി വാണിയുടെ അച്ഛൻ മാറി. അനിയത്തിയുടെ കല്യാണം ഒരു ഗൾഫു കാരനുമായി നടത്തി, ഞാൻ വെറുമൊരു കാഴ്ചക്കാരനായി നിന്നു. അമ്മയും അവളും ഗൾഫിലേക്ക് പോയി. നാട്ടിൽ ഞാൻ തനിച്ചായി. എന്നെ ഒറ്റയ്ക്കാക്കി. എന്റെ പ്രതികാരം സായന്തന ചെയ്ത പോലെ ഒരു ദിവസം ജീവിതത്തിൽ നിന്നും മാഞ്ഞ് പോകണമെന്നാണ്. “
“ഒരിക്കലും അങ്ങനെ ചിന്തിക്കരുത് മാധവാ. വാണിയുടെ അതേ തെറ്റ് തന്നെയല്ലേ മാധവൻ്റെ അമ്മയും അനിയത്തിയും ചെയ്തത്. “
അയാൾ മറുപടിയൊന്നും പറയാതെ തല കുനിച്ചിരുന്നു. അയാളുടെ മുഖഭാവം അയാളെന്തോ ചിന്തിച്ചുറപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കി.
അന്ന് വൈകിട്ട് മാധവനൊത്ത് പുറത്തു പോയി ഒന്നിച്ചു ആഹാരം കഴിച്ചു. ഫോട്ടോയെടുത്ത് മകനും മകൾക്കും അയച്ചു കൊടുത്തു. വാണിക്കു അയക്കാൻ പ്രേരിപ്പിച്ചെങ്കിലും അയാൾക്കു ഇഷ്ടമായില്ല.
പിന്നെയുള്ള ദിവസങ്ങളിലും മാധവന് ഭക്ഷണ ദാതാവായി മാറി.
“വാടകക്കാരൻ മാറി പേയിങ് ഗസ്റ്റ് ആയി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഒരു രണ്ടായിരം രൂപ അധികം തന്നേക്കണം. “
മാധവൻ പുഞ്ചിരിച്ചു. പൈസ വേണ്ടിയിട്ടല്ല. ഫ്രീ എന്ന് പറഞ്ഞാൽ അയാളൊരു പക്ഷെ വീട് മാറാൻ സാധ്യതയുണ്ട്. അയാളുടെ മനസ്സ് മാറ്റണം. നിരുപാധിക സ്നേഹമെന്തെന്ന് അയാളെ കാണിച്ചു കൊടുക്കണം. പഠിപ്പിക്കണം. മനുഷ്യ ജീവിതത്തിൽ പരസ്പര സ്നേഹവും കരുതലും പോലെ പ്രിയപ്പെട്ടതായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തണം.
രണ്ടാം ശനിയാഴ്ച ടീച്ചർ പതിവ് പോലെ ഉണർന്നപ്പോൾ മാധവൻ പറമ്പിലെ കോവലിനു പന്തൽ ഒരുക്കുന്നു. ആരും പറഞ്ഞിട്ടല്ല. അതിശയം തോന്നി. ആനി ടീച്ചർ അടുത്ത് പോയി നിന്നു. മാധവനോട് സ്വന്തം മകനോടുള്ള സ്നേഹം തോന്നുന്നു.
“നാടൻ കോവല് നല്ലതാ, ഡെയിലി കോവയ്ക്ക, അമരയ്ക്ക കഴിക്കുന്നവർക്ക് പ്രമേഹം വരില്ലെന്നാ പറയുന്നത്”
“മാധവൻ വീട്ടിൽ പോകുന്നില്ലേ, ഇന്ന് രണ്ടാം ശനിയല്ലേ. “
“ഓ എന്തിനാണ്, ആരെ കാണാനാണ് ? “
“എന്നാൽ എന്റെ കൂടെ ഒരിടത്തൊന്നു വരാമോ ? ഒരു ബന്ധു വീട്ടിലാണ്, മാധവന്റെ നാട്ടിലാണ്. അത്രേം ദൂരം തനിയെ ഡ്രൈവ് ചെയ്യാൻ വയ്യ. ഒറ്റക്കുള്ള യാത്രകൾ മടുപ്പിക്കലാണ്. മൂന്നു വർഷമായി ഞാൻ ഒറ്റയ്ക്ക് തോണി തുഴയുന്നു. “
“അതിനെന്താ, ഞാൻ വരാമല്ലോ ടീച്ചറെ, എനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്. ആരെങ്കിലും ഇഷ്ടമുള്ളവർ കൂടെ വേണം എന്ന് മാത്രം. നമുക്ക് പോയേക്കാം. “
പ്രത്യേകിച്ച് ആവശ്യമൊന്നും ഉണ്ടായിട്ടല്ല. തിരികെ വരുമ്പോൾ മാധവന്റെ വീട്ടിൽ കയറണം എന്ന് കരുതി തന്നെയാണ്. വാണി എങ്ങനെയുള്ള ആളാണെന്നറിയില്ല. അവളെ കാണാൻ ചെന്നപ്പോൾ അവൾക്കിഷ്ടപ്പെടുന്ന ആക്സെസ്സറീസ് വാങ്ങിയിരുന്നു. വളരെ നിർബന്ധിച്ചപ്പോഴാണ് മാധവൻ വീട്ടിൽ പോകാൻ സമ്മതിച്ചത്. വാണിയെ കണ്ടപ്പോളാണ് കൂടുതൽ സങ്കടം വന്നത്. കണ്ണുകളിൽ ജീവൻ നഷ്ടപെട്ട ഒരു പെൺകുട്ടി. കൊണ്ട് പോയ ബ്ലാക്ക് മെറ്റലിന്റെ കമ്മലുകൾ അവളെ നിർബന്ധിച്ചു ധരിപ്പിച്ചു. അവളുടെ ഫോട്ടോയെടുത്തു. പരസ്പരം നമ്പർ കൈമാറി. ഇതൊന്നും മാധവന് ഇഷ്ടപ്പെടുന്നില്ലെന്ന് മുഖം വിളിച്ചു പറഞ്ഞു. മടക്ക യാത്രയിൽ അയാൾ മൗനത്തിലുമായി.
” നാലാം ശനിയാഴ്ച ബാങ്ക് അവധിയല്ലേ. മാധവൻ കാറെടുത്ത് പോയി വാണിയെ കൂട്ടി കൊണ്ട് വരണം. “
“എന്തിന്? അത്ര ബുദ്ധിമുട്ടാണെങ്കിൽ ഞാനങ്ങ് വീട് മാറിയേക്കാം. “
കാറിൻ്റെ കീ സിറ്റ് ഔട്ടിലെ കസേരയിലേയ്ക്ക് വലിച്ചെറിഞ്ഞ്, അവൻ പടി കയറി മുകളിലേക്ക് പോയി. ആനി ടീച്ചർ വല്ലാതെയായി. ആരും തന്നോട് ഈ വിധം പെരുമാറിയിട്ടില്ല. മകനോട് സങ്കടം ഷെയർ ചെയ്തിട്ടും കുറഞ്ഞില്ല. അന്നൊന്നും ഉണ്ടാക്കിയതുമില്ല, രണ്ട് പേരും ഒന്നും കഴിച്ചതുമില്ല. രാവിലെ നേരത്തെ ഉണർന്ന് ഭക്ഷണം പാകം ചെയ്ത് മുറിയിൽ കൊണ്ട് വച്ചിട്ട് പള്ളിയിൽ പോയി പ്രാർത്ഥിച്ചു.
ഉച്ചയ്ക്കുള്ള ഇൻ്റർവെല്ലിനാണ് മാധവൻ്റെ മെസേജ് കണ്ടത്. “സോറി അമ്മേ”
“തോറ്റോൻ്റെ വേദന തോറ്റോൾക്ക് മനസ്സിലാകും. ” എന്ന് മറുപടി അയച്ചു.
അതോടെ പിണക്കം തീർന്നു. മാധവൻ അറിയാതെ അവൻ്റെ ഫോട്ടോയെടുത്ത് അവൻ്റെ ഫോണിൽ നിന്ന് വാണിയ്ക്കയച്ചു കൊടുത്തു. അവനിഷ്ടപ്പെട്ടില്ലെങ്കിലും പഴയ പോലെ ബഹളമൊന്നും വച്ചില്ല. പതിയെ പതിയെ അവൻ്റെ മനസ്സിലേയ്ക്ക് കുടുംബവും സ്നേഹവും ഒത്തൊരുമ്മയും ഒക്കെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ തുടങ്ങി. പള്ളിയിലെ പെരുന്നാളിന്റെ സമയത്ത് മകനും മകളും നാട്ടിലേക്ക് വന്നത്. രാത്രിയിലെ ഗാനമേളയും മഞ്ഞും കൊണ്ട് ചോളപ്പൊരിയും കടലയും കഴിച്ചപ്പോഴൊക്കെ അമ്മയെ മിസ് ചെയ്യുന്നുവെന്ന് മാധവൻ പറഞ്ഞു കൊണ്ടേയിരുന്നു. പള്ളി പെരുന്നാൾ തീരുന്ന ദിവസത്തിന്റെ തലേന്ന് വാണിയെ കൂടെ വിളിക്കട്ടെ എന്ന് ടീച്ചർ ആവശ്യപ്പെട്ടു.
“വേണ്ട ടീച്ചറമ്മേ, പ്രതീക്ഷകൾ കൊടുക്കണ്ട, എനിക്കവളെ സ്നേഹിക്കാൻ കഴിയില്ല.”
“മറ്റൊരാളുടെ സന്തോഷത്തിന് നമ്മൾ കാരണക്കാരാകുന്നതും ഒരു സന്തോഷമല്ലേ. നൈമിഷികമായ ജീവിതം കൊണ്ട് ആർക്കെങ്കിലും സന്തോഷമോ വിജയമോ ഉണ്ടാകുന്നത് നല്ലതല്ലേ. “
“പക്ഷേ അവൾ ഇവിടെ വന്നാൽ എൻ്റെ സന്തോഷം തീരും. “
“മാധവൻ എത്ര സ്വാർത്ഥനാണ്. സായന്തനയെ പോലെ അവളും എന്തെങ്കിലും കടുംകൈ ചെയ്താലോ. അവളുടെ മാതാ പിതാക്കൾ ചെയ്തു പോയ തെറ്റുകൾക്ക് അവളെ ഒരു വർഷമായി ശിക്ഷിക്കുകയല്ലേ. അവരുടെ മകളുടെ കണ്ണീരല്ലേ രാപകൽ അവർ കാണുന്നത്. അവർക്ക് കണ്ണീരൊഴിഞ്ഞ നിമിഷങ്ങളുണ്ടോ?ഏത് കൊടിയ കുറ്റമാണെങ്കിലും അതിനൊരു പ്രതിവിധി വേണ്ടേ. ഞാനെന്തായാലും അവളോട് വരാൻ പറഞ്ഞിട്ടുണ്ട്. നാളെ വെളുപ്പിന് അവൾ വരും. മാധവന് ഈ രാത്രി തീരുമാനിക്കാം. മാധവൻ കാരണം മറ്റൊരു പെൺകുട്ടി കൂടി ജീവിതം അവസാനിപ്പിക്കുന്നതിൽ സന്തോഷിക്കാം. ജീവിതത്തിൽ എല്ലാവരും എന്നെ തോൽപ്പിച്ചതാണ്, തള്ളി കളഞ്ഞതാണ്. നമ്മൾ ജയിക്കാത്തിടത്ത് വേറൊരാൾ നമ്മൾ കാരണം ജനിക്കുന്നതും നമ്മുടെ ജയം തന്നെയാണ്. ഈ പ്രായത്തിൽ ഞാനുമൊന്ന് ജയിച്ചോട്ടെ. “
മാധവൻ ഒന്നും പറയാതെ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയി. മകൻ ടീച്ചറെ വഴക്ക് പറഞ്ഞു.
വെളുപ്പിന് കാറുമെടുത്ത് ടീച്ചർ സ്റ്റേഷനിൽ ചെന്നപ്പോൾ ട്രെയിൻ്റെ അനൗൺസ്മെന്റ് വന്നു. ആരേയുമറിയിക്കാതെ കാറുമെടുത്ത് പുറപ്പെട്ടതാണ്. അവൾക്ക് ഈ നഗരം അപരിചിതമാണ്. അവൾ ബുദ്ധിമുട്ടാൻ പാടില്ല. ട്രെയിനിൽ നിന്നും ഇറങ്ങി വന്ന വാണിയേയും കൂട്ടി കാറിനടുത്തേയ്ക്ക് നടന്നപ്പോൾ, കാറിൽ ചാരി രണ്ടു പേർ നിന്നിരുന്നു. ടീച്ചറിൻ്റെ മകനും മാധവനും.
“അമ്മച്ചിക്ക് സർപ്രൈസ് തരണമെന്ന് മാധവൻ പറഞ്ഞിരുന്നു. ഞങ്ങൾ വന്നപ്പോഴേക്കും അമ്മച്ചി കാറുമെടുത്ത് കടന്നിരുന്നു. “
വാണിയെ പിടിച്ച് മാധവനോട് ചേർത്ത് നിർത്തിയിട്ട് ആനി ടീച്ചർ പറഞ്ഞു.
“എനിക്കിപ്പോൾ നാലു മക്കളാണ്. ഇവളെ പൊന്ന് പോലെ നോക്കണേ മാധവാ. “
മകനെ താക്കോൽ ഏൽപ്പിച്ച് വാണിയുമായി കാറിന്റെ പിൻസീറ്റിൽ കയറിയിരിക്കുമ്പോൾ വാണി സന്തോഷം കൊണ്ട് കരയുകയായിരുന്നു. അവളിടയ്ക്ക് കാറിനെ പിന്തുടർന്ന് ബൈക്കിൽ വരുന്ന മാധവനെ തിരിഞ്ഞ് നോക്കി. ടീച്ചർ അവളുടെ കൈ തടവി അവളെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
✍️നിശീഥിനി