ഈയലുകൾ…
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
===================
ചെറുതും വലുതും ഇടത്തരവുമായ അനേകം സ്റ്റേഷനുകളിൽ നിർത്തിയും, പലയിടങ്ങളിലും, എക്സ്പ്രസ് ട്രെയിനുകൾക്കു വേണ്ടി പിടിച്ചിടപ്പെട്ടും, പാസഞ്ചർ ട്രെയിൻ, ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. തൃശൂർ കഴിഞ്ഞപ്പോൾ തന്നേ, കമ്പാർട്ടുമെൻ്റ് മിക്കവാറും ശൂന്യമാകാൻ തുടങ്ങിയിരുന്നു.
ജാലകക്കാഴ്ച്ചകളിലേക്കു മിഴിയൂന്നി ടെസ്സയിരുന്നു. അവളോടു ചേർന്ന്, ദീപുവും. എതിർവശങ്ങളിലേ യാത്രക്കാർ ഒഴിഞ്ഞപ്പോൾ, ആ ഇടത്തിൽ അവർ മാത്രം ശേഷിച്ചു. ദീപു, ടെസ്സയുടെ ചുമലിൽ കൈവച്ചു. അവൾ, ഒരു നടുക്കത്തോടെ അവനേ നോക്കി. അവളുടെ മിഴികൾ കലങ്ങിയിരുന്നു.
“ടെസ്സാ, നീയാകെ തണുത്തുറഞ്ഞല്ലോ? തീയേറ്ററിലേ തണുപ്പിലും, ഞാൻ തൊടുമ്പോൾ നിനക്കു പനിച്ചൂടായിരുന്നുവല്ലോ. എന്തു പറ്റി? ഭയന്നിട്ടാണോ? എന്തിനാ പേടിക്കുന്നേ, നീ, അമ്മയേയും അച്ഛനേയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടില്ലേ. വെറുതേ മൂഡ് കളയേണ്ടാ. ഒന്നും സംഭവിക്കില്ല. ഞാനില്ലേ കൂടേ”
ടെസ്സ, ദീപുവിൻ്റെ വിരലുകളിൽ സ്വന്തം വിരലുകൾ കോർത്തു പിടിച്ചു. ഉടലിലേക്കു കയറി വരാൻ ശ്രമിച്ച അവൻ്റെ വിരലുകളേ, അവൾ വിരലുകൾ കോർത്തു മുറുക്കി പ്രതിരോധിച്ചു. വീണ്ടും, അവളുടെ വിരൽത്തുമ്പുകളിലേക്കു ചൂടു കടന്നുവരാൻ തുടങ്ങിയിരിക്കുന്നു. അവൻ, അവളേ ചേർത്തുപിടിച്ചു. അവൾ, വീണ്ടും പനിച്ചൂടിൽ മുങ്ങി.
********************************
മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ നിന്നും രാവിലെയിറങ്ങുമ്പോൾ, അമ്മയോട് ഒരുവട്ടം കൂടി ഓർമ്മിപ്പിച്ചിരുന്നു.
“അമ്മേ, ഇന്ന് അമ്മയ്ക്കുള്ള രാത്രിഭക്ഷണം കൂടി, വാങ്ങി വച്ചിട്ടുണ്ട്. എനിക്കു നേരത്തേയിറങ്ങണം. അങ്കമാലിയിലൊരു പി എസ് സി പരീക്ഷയുണ്ട്. ഉച്ചക്ക്, ഒന്നര മുതൽ മൂന്നര വരേയാണ്. എൻ്റെ കൂടെ എറണാകുളത്തു പഠിച്ച ടിൻസിയേ അറിയില്ലേ? നമ്മുടെ വീട്ടിലൊക്കെ വന്നിട്ടുള്ള ടിൻസി. അവൾക്കും, എനിക്കും ഒരേ സ്കൂളിലാണ് എക്സാം. പരീക്ഷ കഴിഞ്ഞ്, ഞാൻ ടിൻസിയുടെ വീട്ടിൽപ്പോകും. രാത്രി അവിടേ നിൽക്കും. രാവിലെ, നേരത്തേ ഞാൻ ഇങ്ങോട്ടു വരാം. ഡിസ്ചാർജ് ആകുമ്പോൾ എന്തായാലും നാളെ ഉച്ചതിരിയും. ഇ എൻ ടി സർജൻ വന്നു നോക്കീട്ടു വേണ്ടേ കാര്യങ്ങൾ തീരുമാനിക്കാൻ, വീട്ടിൽ പോയാൽ ഞാൻ തനിച്ചു കിടക്കണം. അച്ഛനു, ഇന്നും നാളെയും സദ്യപ്പണിയുള്ളതല്ലേ, ഫോൺ, ഞാൻ സൈലൻ്റിൽ ആക്കും ട്ടാ, ടിൻസിടേ വീട്ടിലെത്തീട്ടു വിളിക്കാം.”
പതുക്കേ യാത്ര പറഞ്ഞിറങ്ങുമ്പോൾ, കാതിലെ ദശവളർച്ചയുടെ സർജറി കഴിഞ്ഞു കിടക്കുന്ന അമ്മ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
“മോളേ, സൂക്ഷിച്ചും ശ്രദ്ധിച്ചും പോണേ, ടിനുമോൻ നാട്ടിലുണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എത്ര നേരം വൈകിയാലും തിരികേപ്പോരാമായിരുന്നു. അവൻ, ബൈക്കുമായി സ്റ്റേഷനിൽ കാത്തു നിന്നേനെ. മോളു ടിൻസിടേ വീട്ടിലെത്തുമ്പോൾ ഒന്നു വിളിക്കണേ”
മുഷിഞ്ഞ ചുവരുകളും, ഡെറ്റോൾ മണത്തിൽ മുങ്ങിയ അന്തരീക്ഷവുമുള്ള തിരക്കുപിടിച്ച ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോൾ, അവൾ ടിനുച്ചേട്ടനേയോർത്തു. എക്സ്റേ വെൽഡിംഗ് പഠിച്ച്, ഇപ്പോൾ ഗൾഫിലേക്കു പോയതേയുള്ളൂ. വീട്ടിലെ, സകല പ്രതീക്ഷകളും ചേട്ടനിലാണ്. അത്ര സാമ്പത്തികത്തകർച്ചയിലാണിപ്പോൾ കുടുംബം.
ഒരു ഓട്ടോ പിടിച്ചു റെയിൽവേ സ്റ്റേഷനിലെത്തി. ഫോണെടുത്തു ദീപുവിനേ വിളിച്ചു. ഈ സ്റ്റേഷൻ്റെ, രണ്ടു സ്റ്റേഷനുകൾക്കപ്പുറമാണ് ദീപുവിൻ്റെ വീട്. അവൻ, അവിടേ റെയിൽവേ സ്റ്റേഷനിലുണ്ട്, ട്രെയിൻ എത്തുന്നതേയുള്ളൂ, കയറുമ്പോൾ വിളിക്കാമെന്നും പറഞ്ഞ്, അവൻ ഫോൺ വച്ചു.
ഫേസ്ബുക്ക് വഴിയാണ് ദീപുവിനേ പരിചയപ്പെട്ടത്. ഡിഗ്രിക്കാരിയായ മകൾക്ക്, പ്രൊജക്ടുകൾ ചെയ്യാൻ ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ഫോൺ വേണം എന്നു പറഞ്ഞപ്പോൾ, അച്ഛൻ നല്ലൊരു ഫോൺ തന്നേ വാങ്ങിത്തന്നു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടിക്ടോക് എന്നിങ്ങനെ എല്ലാ ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്തു. ഫേസ്ബുക്കിൽ, ഫോട്ടോകൾ അപ് ലോഡു ചെയ്യുമ്പോൾ കിട്ടുന്ന ലൈക്കുകളും കമൻ്റുകളും നാൾക്കുനാൾ വർദ്ധിച്ചു വന്നു. അതിലൊരു സ്ഥിരം അഭിപ്രായക്കാരനായിരുന്നു ദീപു. സൗഹൃദം, പതുക്കേ പ്രണയത്തിലേക്കു ചുവടു വച്ചു.
രണ്ടു മുറികളുള്ള വീട്ടിൽ നിന്നും, ടിനുച്ചേട്ടൻ ഗൾഫിലേക്കു പോയപ്പോൾ, ആ മുറിയിൽ, തനിച്ചായി കിടപ്പ്. പഠിക്കാൻ ഏറെയുള്ളപ്പോൾ, ഒറ്റയ്ക്കൊരു മുറിയാണ് നല്ലതെന്ന വാദം, എതിർപ്പുകളില്ലാതെ അംഗീകരിക്കപ്പെട്ടു. അച്ഛനുമമ്മയും ഒരു മുറിയിലും, ടെസ്സ ഒറ്റയ്ക്കൊരു മുറിയിലുമായാണ് പിന്നെ കഴിഞ്ഞത്. പാതിരാവു വരേ, ദീപുവുമായി ചാറ്റിംഗ്. മാതാപിതാക്കൾ ഉറങ്ങിക്കഴിഞ്ഞാൽ കുറുകുറേയുള്ള ഫോൺ ഭാഷണങ്ങൾ. ഒടുവിൽ, തീ പോലെ മേലു ചുട്ടുപഴുക്കുമ്പോൾ, നാളേയാവർത്തിക്കാൻ വേണ്ടി ഇന്നു നിർത്തും. കുറച്ചു നാളുകളായുള്ള ടെസ്സയുടെ ദിനചര്യകൾ.
ട്രെയിനിൽ കയറിയെന്ന്, ദീപു വിളിച്ചു പറഞ്ഞു..ടെസ്സ, തയ്യാറായി കാത്തിരുന്നു.
അരമണിക്കൂറിനുള്ളിൽ തീവണ്ടി വന്നുനിന്നു. ദീപു, പുറത്തേക്കു കൈ വീശി, ടെസ്സയെ വിളിച്ചു. അവൾ ഓടിച്ചെന്ന്, ദീപുവിൻ്റെ കമ്പാർട്ടുമെൻറിൽ കയറി. നല്ല തിരക്കുണ്ടായിരുന്നു. അവർ, തികച്ചും അപരിചിതരേപ്പോലെ യാത്ര തുടർന്നു.
എറണാകുളത്തേ നട്ടുച്ച, മുന്തിയ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച്,
ഓട്ടോ പിടിച്ച് മറൈൻ ഡ്രൈവിലെത്തി, നേരമ്പോക്കിന് ബോട്ടിംഗിനു പോയി. കായലിൽ ഒരു മണിക്കൂറോളം സഞ്ചരിച്ച്, ഡോൾഫിനുകളേയും, കപ്പലുകളേയും ചെറുതുരുത്തുകളേയും കണ്ട് മടങ്ങിയെത്തി. ഐസ്ക്രീം രുചിയോടെ കഴിച്ചു.
ഒരു തവണ ടെസ്സ, അമ്മയേ വിളിച്ചു. ടിൻസീടെ വീട്ടിലെത്തിയെന്നറിയിച്ചു. പിന്നേ, സുഭാഷ് പാർക്കിലും കായലോരങ്ങളിലും ചുറ്റിത്തിരിഞ്ഞ് സന്ധ്യ വരേ കാത്തിരുന്നു. ഏതോ മൾട്ടിപ്ലക്സിൽ ഫസ്റ്റ് ഷോക്കു കയറി.
ഇൻ്റർവെൽ കഴിഞ്ഞു തെല്ലുനേരം പിന്നിട്ടപ്പോൾ, രണ്ടാളും തിയേറ്ററിൽ നിന്നിറങ്ങി. ഏറെ ദൂരത്തായിരുന്നുവെങ്കിലും, ടെസ്സ തലയിൽ ഷാളിട്ടാണ് നടന്നത്.
“അത്ര രസമുള്ള പടമായിരുന്നില്ല, തനി അലമ്പ്”
ദീപു പറഞ്ഞു.
“ദീപൂ, നീയതിനു സിനിമ കണ്ടോ?ഇപ്പോൾ തിയേറ്ററുകളിൽ നൈറ്റ് വിഷൻ കാമറയുണ്ടത്രേ, അവർക്ക് രസിക്കാൻ കാര്യമായി”
ദീപു, അതു കേട്ടു പൊട്ടിച്ചിരിച്ചു.
ഒമ്പതരയോടെ, പാസഞ്ചർ ട്രെയിൻ എറണാകുളത്തു നിന്നു പുറപ്പെട്ടു. തൃശൂർ എത്തിയപ്പോൾ പതിനൊന്നു മണിയാകാറായിരുന്നു. ഇനി രണ്ടു സ്റ്റേഷനുകൾ കൂടി ബാക്കിയുണ്ട്, ദീപുവിൻ്റെ വീട്ടിലേക്ക്.
ട്രെയിൻ ഇറങ്ങി, അവർ അകന്നു നടന്നു. റെയിൽവേ സ്‌റ്റേഷൻ്റെ വെളിച്ചമുള്ള ഇടം പിന്നിട്ടപ്പോൾ അവർ വിരലുകൾ കോർത്തുപിടിച്ചു, പതുക്കേ മുന്നോട്ടു നീങ്ങി. ടെസ്സ അമ്മയേയോർത്തു. അവൾ നിന്നു. ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്കു വിളിച്ചു.
“അമ്മേ, ഞങ്ങൾ കിടക്കാൻ പോവ്വാണ്, നാളെ വിളിക്കാം, ഇതിൻ്റെ ബാറ്ററി തീരാറായി. ടിൻസി, കുളിക്കുകയാണ്. രാവിലെ വിളിക്കാം”
അമ്മയുടെ മൂളലുകളിൽ മകളോടുള്ള വാത്സല്യവും ആർദ്രതയും സമന്വയിച്ചിരുന്നു. നല്ല വഴികളേ വിട്ട്, ഇരുൾ പുതച്ച ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ച്, അവർ ദീപുവിൻ്റെ വീടിന്നരികിലെത്തി. നല്ല മഴക്കാറും ഇടിയും മിന്നലുമുള്ളതിനാലാകാം. നാട്ടുവഴി ശൂന്യമായിക്കിടന്നിരുന്നു. പടി കടന്ന്, ആ പഴയ മോഡൽ വീടിൻ്റെ ഉമ്മറത്തു വന്നു. ചായ്പ്പിനോടു ചേർന്ന ഇരുളിൽ, ടെസ്സ പതുങ്ങി നിന്നു.
“അമ്മേ”
ദീപു ഉറക്കേ വിളിച്ചു. വാതിൽ തുറന്ന് അമ്മ പുറത്തുവന്നു. കൂടെ അനുജത്തിയും. അമ്മയുടെ വാക്കുകളിൽ, പതിവു രോഷം.
“എവിടെ ആയിരുന്നൂടാ, ഇതുവരേ?എങ്ങോട്ടെങ്കിലും പോവുമ്പോ പറഞ്ഞിട്ടു പോയ്ക്കൂടെ, നിൻ്റെ ഫോണെന്താ സ്വിച്ച് ഓഫ്? എത്ര വിളിച്ചൂന്നറിയോ? അച്ഛൻ ഉറങ്ങാൻ പോയത് നിൻ്റെ ഭാഗ്യം. അല്ലെങ്കിൽ, നല്ലതു കേട്ടേനേ”
അമ്മ നിർത്താതെ തുടരുകയാണ്. അതു കേട്ട് ചിരിച്ച് അനുജത്തിയും.
“എൻ്റമ്മേ, കൂട്ടുകാരുടെ കൂടെ ഒരു സിനിമ കാണാൻ പോയതാ, ഞാൻ ഇന്നലേ പറഞ്ഞില്ലേ, ആ സിനിമ, ഭയങ്കര സസ്പെൻസാ, അതാ, പടം വന്നയുടനേ പോയത്. അല്ലെങ്കിൽ, കമ്പനീലുള്ളോര് ആരെങ്കിലും നാളെ ക്ലൈമാക്സ് പറയും. ക്ലൈമാക്സ് അറിഞ്ഞാൽ, പിന്നേ പുതുമയില്ല. എനിക്കു ചോറു വേണ്ടമ്മേ, മൂന്നു നാല് ഓറഞ്ചും, ഇത്തിരി തണുത്ത വെള്ളോം ചായ്പ്പിലെടുത്തു വച്ചോ, ഭയങ്കര ക്ഷീണം, ഒന്നു കിടക്കണം”
ദീപുവിൻ്റെ അമ്മ, വേഗം തന്നേ ഒത്തിരിയോറഞ്ചുകൾ ചായ്പ്പിൽ കൊണ്ടു വച്ചു. കൂടെ തണുത്ത ജലവും. അവർ വാതിലടച്ചതും, ദീപു, ടെസ്സയേ ചായ്പ്പിലേക്കു കൊണ്ടുപോന്നു. ഇരുളിൽ അത്രനേരം തനിച്ചു നിന്ന അവൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൻ, അവൾക്ക് ഓറഞ്ച് അല്ലികൾ കൊടുത്തു. പിന്നേ തണുത്ത വെള്ളവും.
“ടെസ്സാ, ഞാനൊന്നു കുളിക്കട്ടേ, പിന്നേ നീയും”
ദീപു കുളിച്ചു വന്നു. ടെസ്സ കുളിമുറിയിലേക്കു കടന്നു. തിരിച്ചിറങ്ങുമ്പോൾ, കിടക്കയിലിരുന്ന്, ദീപു ഒരു കവർ അടർത്തുകയായിരുന്നു. അവളുടെ മിഴികൾ, ആ പാക്കറ്റിൻ്റെ പേരിലേക്കു നീണ്ടു. ‘ഡുറെക്സ് വൈൽഡ്ബെറി ഫ്ലേവേർഡ്’
പുലരി, നാലുമണി കഴിഞ്ഞതേയുള്ളൂ. ടെസ്സ, വസ്ത്രങ്ങൾ മാറി ഒരുങ്ങിനിന്നു. അവളുടെ മിഴികളിൽ, ഉറക്കം കനം തൂങ്ങുന്നുണ്ടായിരുന്നു..ദീപു, ട്രാക്ക് സ്യൂട്ടും ബനിയനുമണിഞ്ഞ് ബാത്ത്റൂമിൽ നിന്നും പുറത്തുവന്നു. കിടപ്പുമുറിയിലേയും ഉമ്മറത്തേയും ലൈറ്റുകൾ അണച്ച ശേഷം, ഇരുവരും പുറത്തേക്കിറങ്ങി.
“എൻ്റെ ഇത്തിരി പുറകിലായി നടന്നോളൂ, ഇന്നലെ വന്ന ഇരുട്ടുവഴികളിലൂടെ വേണ്ട, പ്രധാന റോഡിലൂടെ പോകാം. ഇവിടത്തേ പല വീട്ടമ്മമാരും, കോളേജിലേ വിദ്യാർത്ഥിനികളും, റെയിൽവേ ഫ്ലാറ്റ്ഫോമിൽ നടക്കാൻ വരാറുണ്ട്. അതുമല്ലെങ്കിൽ, അഞ്ചുമണിയുടെ പാസഞ്ചറിനു പോകാനായി ഒരുപാടു പെൺകുട്ടികൾ എത്താറുണ്ട്. ടെസ്സയേ ആരും സംശയിക്കില്ല. ധൈര്യമായി പോന്നോളൂ…”
ദീപുവിൻ്റെ പുറകിൽ, നിശ്ചിത അകലത്തിൽ ടെസ്സ നടന്നു. യാത്രക്കാരും നടത്തക്കാരും പലരും അവളേ മറികടന്നു പോയി. ചിലർ, ദീപുവിനേ വിഷ് ചെയ്തു. ദീപു തിരിച്ചും. റെയിൽവേ സ്‌റ്റേഷൻ്റെ വെളിച്ചത്തിലേക്കു കടക്കും മുമ്പേ, അവൻ ടെസ്സയോടു പറഞ്ഞു.
“ടിക്കറ്റെടുത്ത്, വെയിറ്റിംഗ് റൂമിലിരുന്നോളൂ, ഞാൻ അപ്പുറത്തേ ഫ്ലാറ്റ്ഫോമിൽ നടക്കുന്നുണ്ടാകും. നീ, വീട്ടിൽ പോയി വിശ്രമിച്ചിട്ട് പതിയേ ആശുപത്രിയിലേക്കു ചെന്നാൽ മതി. അരമണിക്കൂർ മതി ടെസ്സക്കു വീട്ടിലെത്താൻ, ഒന്ന് റസ്റ്റ് എടുത്തു വരുമ്പോഴേക്കും, ആശുപത്രിയിലേക്കു വരാറാകും. ട്രെയിൻ, അരമണിക്കൂർ ലേറ്റാണ്”
ടെസ്സ, ടിക്കറ്റ് കൗണ്ടറിലേക്കും, ദീപു രണ്ടാമത്തേ ഫ്ലാറ്റ്ഫോമിലേക്കും നടന്നു. ടിക്കറ്റെടുത്ത്, ഫ്ലാറ്റുഫോമിലെ കൽബഞ്ചിലിരിക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാതെ ഉറക്കം വരുന്നുണ്ടായിരുന്നു. അവളുടെ കനം തൂങ്ങിയ മിഴികൾക്കു മുന്നിലൂടെ, തൊട്ടപ്പുറത്തേ ഫ്ലാറ്റ്ഫോമിൽ അനേകം നടത്തക്കാരിലൊരാളായി ദീപുവുമുണ്ടായിരുന്നു.
എറെ വൈകി, ട്രെയിൻ വന്നു. യാത്രക്കാരെയും വഹിച്ചുകൊണ്ട്, അതു, ചൂളം വിളിച്ച് ഇഴഞ്ഞകന്നു. കൽബഞ്ചുകൾ ശൂന്യമായി.
രാവിലെ പതിനൊന്നുമണി, ദീപു അവധിയെടുത്തിരുന്നു..ഫോൺ ശബ്ദിച്ചു. ടെസ്സയാണ്,
“ദീപു, ഞാൻ ആശുപത്രിയിൽ എത്തി. ഉച്ച തിരിയും, ഡിസ്ചാർജ്ജിന്. ദീപു ലീവെടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഇങ്ങോട്ടൊന്നു വരാമോ? എനിക്കു ദീപൂനേ കാണാൻ തോന്നുന്നു. ദീപു വര്വോ…?”
ദീപു, ഒരു നിമിഷം മൗനമായി നിന്നു. എന്നിട്ട്, ശബ്ദം താഴ്ത്തി പറഞ്ഞു.
“ടെസ്സാ, ഞാൻ ഓഫിസിലാണ്, ഇന്ന് ലീവെടുക്കാൻ കഴിഞ്ഞില്ല. ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം”
ടെസ്സയുടെ ആർദ്രമായ ശബ്ദം വീണ്ടും കേട്ടു.
“ദീപു, ഇനിയെന്നാണ് നമ്മൾ?”
ദീപു, തുടർന്നു.
“അവസരങ്ങൾക്കു കാക്കാം, ധൃതി പിടിച്ചാൽ പിടിക്കപ്പെടും, നീ വച്ചോട്ടാ, ഇവിടെ, ഫോൺ വിളിയ്ക്കു നിയന്ത്രണമുണ്ടെന്ന് അറിയാലോ. ഞാൻ, വൈകീട്ട് നിന്നേ വിളിക്കാം”
ദീപു, ഫോൺ വച്ച് തിരിഞ്ഞു കിടന്നു. അവൻ ടെസ്സയേക്കുറിച്ചോർത്തു. ക്ലൈമാക്സ് ആദ്യമേയറിഞ്ഞ ഒരു സസ്പെൻസ് ത്രില്ലറെന്ന പോലെ ഒരു മടുപ്പ്, അവനിൽ കുടിയേറി.
മാനത്തെ മഴമേഘങ്ങൾ, ഏതോ കാറ്റിൽ സഞ്ചരിച്ച് വേറൊരിടത്തു പെയ്തുകൊണ്ടിരുന്നു. മഴ കാത്തിരുന്ന സസ്യജാലങ്ങൾ നിരാശയോടെ ഇതളുകൾ വാടിനിന്നു. വരാനിരിക്കുന്നതു കൊടിയ വേനലാണെന്നറിയാതെ….