മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
“അകത്തേക്ക് കയറി വരൂ മോളെ …!!”
തിരിയിട്ട നിലവിളക്ക് ചാരുലതയുടെ കൈകളിലേൽക്കേൽപ്പിച്ച് ജാനകി പറഞ്ഞു …
അത് കൈനീട്ടി സ്വീകരിക്കുമ്പോഴും വലതുകാൽ വച്ച് വീടിനകത്തേക്ക് കയറുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരിയുടെ ഒരു ലാഞ്ചന പോലും സിദ്ധാർത്ഥിന് കണ്ടെത്താനായില്ല …!!
താലികെട്ട് കഴിഞ്ഞു അച്ഛനമ്മമാരോട് യാത്ര പറഞ്ഞു ഒരല്പമെങ്കിലും കണ്ണീർ വീഴ്ത്താത്ത പെണ്ണിനെ ആദ്യമായി കണ്ടത് തന്റെ ഭാര്യയിലൂടെയാണ് …!!
ഒന്നരമണിക്കൂർ ഇടവേളയിൽ ഒരക്ഷരം മുഖമുയർത്തി സംസാരിച്ചിട്ടില്ല യാത്രയിലുടനീളം …!!
ഇരുണ്ടുമൂടിയ വാർമേഖം കണക്കെ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു …!!
എന്തെങ്കിലും ഒന്ന് സംസാരിക്കാനായി വിരൽത്തുമ്പിൽ തൊട്ടപ്പോൾ പൊള്ളലേറ്റതുപോലെ കൈപിൻവലിച്ചുകളഞ്ഞു …!!
അമ്മയുടെ നിർദ്ദേശങ്ങളെല്ലാം യന്ത്രം കണക്കെ അവളനുസരിക്കുന്നത് സിദ്ധാർഥ് നോക്കി നിന്നു …!!
ഇളവന്നൂരിന് അടുത്ത് നിന്നു കുറെയകലെയായാണ് പുതിയ വീട് താൻ വച്ചത് …
അതുകൊണ്ടു തന്നെ ഇവിടെയുള്ളതെല്ലാം അവൾക്ക് പുതുമയുള്ളതായിരിക്കും ….
അമ്മയോടൊപ്പം അടുക്കളയിലേക്ക് കയറിയ ശേഷം അവളെ പിന്നെ കണ്ടിട്ടില്ല …
എല്ലാം തുറന്നു സംസാരിച്ചേ പറ്റുള്ളൂ …!!
ഒന്ന് വന്നിരുന്നെങ്കിൽ …
എല്ലാ തെറ്റിനും ആ കാലുപിടിച്ചു മാപ്പ് പറഞ്ഞിട്ടായാലും വേണ്ടില്ല അവളുടെ മുഖത്തെ പഴയ സന്തോഷമൊന്നു വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതുമതിയായിരുന്നു …!!
അവളെ തനിച്ചൊന്നു കിട്ടിയിരുന്നെങ്കിൽ….!!
ആലോചിച്ചു വിഷണ്ണനായിരുന്നപ്പോഴാണ് സിദ്ധാർത്ഥിന്റെ ഫോൺ ശബ്ദിച്ചത് …
“ഹലോ…. അർജൂ പറയടാ …!!”
മറുതലയ്ക്കൽ അർജുനാണ് …
പന്ത്രണ്ടു വർഷം ഒന്നിച്ചുകൂടെ പഠിച്ച തന്റെ സഹപാഠി …
“നീ എപ്പോഴാ നാട്ടിലേക്ക് വരുന്നേ ….??”
“സിദ്ധു …
ഞാൻ ഇപ്പോൾ നാട്ടിലുണ്ട് …
ഈവെനിംഗ് ഫ്ലൈറ്റിനു വന്നു കയറിയതേ ഉള്ളൂ …
വിവാഹമൊക്കെ മംഗളമായിട്ടു നടന്നില്ലേ ….??”
“ഉം ..
എല്ലാം ഞാൻ വിശദമായിട്ടു പറയാം ….നേരിട്ട് കാണട്ടെ …!!”
“സ്വാതിലക്ഷ്മി…!!
അതല്ലേ പേര് …??”
“നോ …..
ചാരുലത …!!”
“എന്താ …??
നീ മുൻപ് വിളിച്ചപ്പോൾ ഇതല്ലായിരുന്നല്ലോ പറഞ്ഞിരുന്നത് …
ചാരുലത …..??
ഈ പേര് …!!
ഓഹ് …ഇത് ആ കക്ഷിയല്ലേ …??
നിന്റെ നഷ്ടപ്രണയം …
സ്വാതിയുടെ അനുജത്തി …അവളോ ….??
അതെങ്ങനെ സംഭവിച്ചു ….??”
“ഞാനെല്ലാം പറയാം …!!”
നാളെ നീയ് ഒന്ന് വീട്ടിലേക്ക് വരണം …!!”
“ഏയ്….. അത് പറ്റില്ല …!!
പുതുമോടി നിങ്ങളല്ലേ …
അപ്പോൾ ചടങ്ങുപ്രകാരം ഞാൻ നിങ്ങളെ ക്ഷണിക്കുന്നു …
ആദ്യത്തെ വിരുന്ന് എന്റെ വീട്ടിൽ നിന്നായിക്കോട്ടെ …
എനിക്കും നിന്നോട് ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട് സിദ്ധു …
ചാരുലതയെയും കൂട്ടി രാവിലെ പോന്നേക്കണം ….!!”
“വരാം അർജൂ …!!
പക്ഷെ …..”
“ഒരു പക്ഷെയുമില്ല …
എന്താ നിങ്ങളെ കൂട്ടിക്കൊണ്ടുവരാൻ ആളെ അയക്കണോ …??
കൂടുതൽ നാളെ സംസാരിക്കാം…..
ഇവിടെ എന്നോട് സംസാരിക്കാൻ കാത്തുകെട്ടിനിൽക്കുന്ന കുറച്ചുപേരുമുണ്ടേ …!!
എല്ലാം പറഞ്ഞതുപോലെ …!!”
അപ്പുറത്തു കാൾ കട്ടായതും വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു ചാരുവാണ് ……
നിറഞ്ഞ പാൽഗ്ലാസ്സ് മേശപ്പുറത്തേക്ക് വച്ച് ചാരുലത വാതിലിന്റെ ബോൾട്ടിട്ടു ….
ഒരു നിമിഷത്തെയെങ്കിലും അവളുടെ കടാക്ഷത്തിനായി കാത്തിരുന്ന സിദ്ധാർത്ഥിനെ ലവലേശം പോലും ശ്രദ്ധിക്കാതെ അവൾ ജനാലവിരികൾ വലിച്ചിട്ടു ….
“ചാരു…!!
എനിക്കല്പം സംസാരിക്കാനുണ്ട് …”
സിദ്ധാർത്ഥിന്റെ വാക്കുകൾക്ക് ചെവി നൽകാതെ അവൾ ബെഡിൽ അടുക്കിയിരുന്ന ഷീറ്റുകൾക്കിടയിൽ നിന്ന് ഒന്ന് വലിച്ചെടുത്ത് നിലത്തേക്ക് വിരിച്ചു …
“ചാരു ….!!
എന്നോടുള്ള ദേഷ്യം എന്തിനാ സ്വന്തം ശരീരത്തിനോട് കാണിക്കുന്നത് …??
ബെഡിൽ വന്നുകിടക്ക് ….
ഞാൻ നിലത്തുകിടക്കാം ….!!”
ചാരുലത നിശബ്ദയായി തിരിഞ്ഞു കിടന്നു ….
പെട്ടെന്നെന്തോ ഓർത്തത് പോലെ അയാൾ എ സി ഓഫ് ചെയ്തു …
അധികം തണുപ്പ് ചരുവിനിഷ്ടമല്ല ….
പറഞ്ഞിരുന്ന പല കാര്യങ്ങൾക്കിടയിൽ നിന്നും അയാൾ ഇതോർത്തെടുത്തു …
ചെറിയൊരു തണുപ്പ് മതി അവൾക്ക് പനിച്ചു വിറയ്ക്കാൻ ….!!
ഉഷ്ണം വന്നു നിറഞ്ഞ മുറിയിൽ അയാൾ വിയർത്തുകുളിക്കുമ്പോഴും വിറച്ചുകൊണ്ടിരുന്ന വിരലുകൾ നിശ്ചലമായി ശാന്തമായി ഉറക്കത്തിലേക്ക് വഴുതുന്ന ചാരുലതയെ നോക്കി നിന്നു അയാൾ ….!!
പാട കെട്ടിത്തുടങ്ങിയ പാൽ ഗ്ലാസ് ജനലിനപ്പുറത്തേക്ക് കമിഴ്ത്തുമ്പോഴും അയാളുടെ മനസ്സിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം മിന്നുന്നുണ്ടായിരുന്നു …!!
എല്ലാം ശരിയാകും …..പതിയെ ….!!
ദീർഘനിശ്വാസത്തോടെ സിദ്ധാർഥ് ജനലഴികളിലൂടെദൂരെക്ക് നോക്കി നിന്നു…..
“ഇത്ര നാളുകൂടി നാട്ടിലേക്ക് വന്നിട്ട് ആ പയ്യൻ അങ്ങോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞതല്ലേ …
മക്കള് രണ്ടാളും കൂടി പോയിട്ടു വാ …!!”
കുളിച്ച് ഈറനോടെ കുളിമുറിയിൽ നിന്ന് വരുമ്പോഴായിരുന്നു അമ്മയുടെയും മകന്റെയും സംസാരം ചാരുലത ശ്രദ്ധിച്ചത് …
എങ്ങോട്ട് പോകുന്ന കാര്യമാണ് …??
അവൾ ചെവിയോർത്തു …
“ചാരു വരുമെന്ന് എനിക്ക് തോന്നുന്നില്ല …!!”
സിദ്ധാർത്ഥിന്റെ ശബ്ദം നേർന്നിരുന്നു …
“അവൾ വരും മോനെ ….!!
അവളെത്ര നിന്നോട് ദേഷ്യം കാണിച്ചാലും നമുക്ക് കുറ്റപ്പെടുത്താൻ കഴിയോ …??
സംയമനം പാലിക്കേണ്ടത് നീയാണ് ……!!”
ശാസനയോടെ ജാനകിയപ്പ സിദ്ധുവിനെ കടന്ന് പോകുമ്പോഴും ചാരുലതയുടെ ഉള്ളിൽ വീണ്ടും വീണ്ടും സ്വാതിയുടെ തിരോധാനത്തിന് പിന്നിൽ സിദ്ധാർഥ് ആണെന്ന സംശയം കൂടുതൽ ശക്തി പ്രാപിച്ചു …..!!
ആരും നിർബന്ധിക്കാതെ തന്നെ ചാരുലത ഒരുങ്ങി കൂടെയിറങ്ങിയപ്പോൾ സിദ്ധാർഥ് അത്ഭുദത്തോടെ അമ്മയെ നോക്കി ….
അവരിലും പ്രതീക്ഷയുടെ നറുപുഞ്ചിരി വിടർന്നു ….!!
“എന്റെ പഴയൊരു സുഹൃത്ത് വന്നിട്ടുണ്ട് …!!
പ്ലസ്ടു വരെ ഞങ്ങളൊന്നിച്ചായിരുന്നു ….
കോളേജും പിന്നെ ജോലി കിട്ടിയപ്പോഴും വേറെവേറെ ആയിപ്പോയെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് കുറവൊന്നുമുണ്ടായിട്ടില്ല …..!!
അർജ്ജുനെന്നാണ് പുള്ളിക്കാരന്റെ പേര് …
എന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരൻ എന്നും പറയാം …!!
അവനോട് പറയാത്ത ഒന്നും എന്റെ ജീവിതത്തിലില്ല ….
അതുകൊണ്ട് തന്നെ നിന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടിയും വരില്ല …..!!”
വെളിക്കാഴ്ചകളിലേക്ക് തലതിരിച്ചിരിക്കയാണ് ചാരുലത …
“നമുക്ക് വേണ്ടി എന്തൊക്കെയോ സർപ്രൈസ് അവനൊരുക്കുന്നുണ്ട് …!!
ആളിത്തിരി നന്മ നിറഞ്ഞൊരു വഷളനാണ് ….!!
അവനെ പറ്റി ഒരു മുൻധാരണ തന്നെന്നേയുള്ളു ….”
വീണ്ടും ചാരു മൗനം പാലിച്ചു …
“എന്തെങ്കിലും ഒന്ന് മിണ്ടിയിരുന്നെങ്കിൽ …..!!
അത് മതിയായിരുന്നു ഉള്ളിലെ തീയൊന്ന് അണക്കാൻ ….
സിദ്ധാർഥ് കാറിന്റെ സ്റ്റിയറിങ്ങിൽ വിരലുകൾ അള്ളിപ്പിടിപ്പിച്ചു ….
മുഹൂർത്തം കഴിഞ്ഞു ഇന്നുവരെ …ഇപ്പോൾവരെ ……..തനിക്കുവേണ്ടി അവൾ നാവൊന്നു ചലിപ്പിച്ചിട്ടുകൂടിയില്ല ….!!
ചെറിയൊരു പ്രതികരണമുണ്ടായാൽ ആ കാലിൽ വീണ് കഴിഞ്ഞതിനെല്ലാം മാപ്പ് പറയാമായിരുന്നു ………
അവൾക്കുവേണ്ടി എത്ര വേണമെങ്കിലും താഴാൻ താൻ തയ്യാറാണ് ….!!
വീണ്ടും പഴയ പടി മൗനം മറുപടിയായി നൽകി ചാരുലത സിദ്ധാർത്ഥിൽ നിന്നും ഒഴിഞ്ഞുമാറി …
പരസ്പരബന്ധം പോലുമില്ലാത്ത എന്തൊക്കെയോ വാതോരാതെ സംസാരിച്ചിട്ടും ചാരുവിന്റെ ഭാഗത്തു നിന്ന് നിസ്സംഗതയല്ലാതെ സിദ്ധാർത്ഥിനൊന്നും കാണാൻ കഴിഞ്ഞില്ല …!!
കാർ വളവു കഴിഞ്ഞു വലിയൊരു വീടിന് മുൻപിലെത്തി ….
“വരണം… വരണം ….മിസ്റ്റർ ഇന്ദുചൂഡൻ …!!”
കളിയോടെ സുമുഖനായ ഒരു ചെറുപ്പക്കാരൻ സിദ്ധാർത്ഥിന് ഹസ്തദാനം നൽകി …
സിദ്ധാർഥ് പരിചയപ്പെടുത്തുന്നതിന് മുൻപേ തന്നെ അർജുൻ ചാരുലതയുടെ കൈ പിടിച്ചു കുലുക്കി …..
“ഹലോ മിസ്സിസ് സിദ്ധാർഥ് മേനോൻ …..
ഞാൻ ഭവതിയുടെ നാഥന്റെ പഴയൊരു കളിത്തോഴനാണ് ….!!”
അയാളുടെ വാചാലതയും തമാശയും കൊണ്ടാണോ ചാരുലതയുടെ മുഖത്തും പുഞ്ചിരി പടർന്നു …
“അകത്തേക്ക് വരാൻ നിനക്ക് ക്ഷണക്കത്ത് അയക്കണോടാ …!!”
അർജുൻ സിദ്ധാർത്ഥിന്റെ നേരെ മുഷ്ടി ചുരുട്ടി …
“അരുത് തമ്പ്രാ…..
അടിയനകത്തു കയറിക്കോളാം …!!”
ഭക്ഷണം കഴിക്കുമ്പോഴും സംസാരത്തിനിടക്കും ഒക്കെ അർജുൻ ഓരോ ചോദ്യങ്ങൾ തൊടുത്തുവിട്ടെങ്കിലും ചാരു മറുപടി പുഞ്ചിരിയിലൊതുക്കി …
അർജുന്റെ വീട്ടിൽ അച്ഛനും അനിയനും അനിയന്റെ കുടുംബവുമുണ്ട് ….
“നീയിപ്പോഴും സന്യാസിയായി തുടരാൻ തന്നെയാണോ പ്ലാൻ …??”
ഭക്ഷണത്തിനു ശേഷം വീടിനു പുറത്തായി ഇരിക്കയായിരുന്നു മൂന്നാളും …
“ഏയ്…. അങ്ങനെയൊന്നുല്ല …!!”
അയാളുടെ സ്വരത്തിൽ ഒരു വിഷാദച്ചുവ ചാരു ശ്രദ്ധിച്ചു …
“കേട്ടോ ചാരുവേ …!!
ആൾക്കൊരു പ്രണയം ഉണ്ടായിരുന്നു …
നമ്മളെപ്പോലെ അസ്ഥിക്കുപിടിച്ച ഒന്ന് …!!”
ചാരുലത പുച്ഛഭാവത്തിൽ സിദ്ധാർത്ഥിനെയൊന്നു നോക്കി ….!!
അയാളുടെ തല താഴ്ന്നു …!!
“ഏയ് അങ്ങനെ അസ്ഥിക്ക് പിടിച്ചതൊന്നുമല്ല ട്ടോ ….!!”
അർജുൻ ഏറ്റെടുത്തു …
“നാലുവര്ഷങ്ങൾക്ക് മുൻപ് ഇവിടെ കൃഷ്‌ണന്റെ അമ്പലത്തിൽ വച്ച് ഞാൻ കണ്ടൊരു പാവാടക്കാരി …!!
രസമെന്തെന്നുവച്ചാൽ ആളുടെ പേരോ ഊരോ ജാതിയോ ഒന്നും ഇന്നുമന്നുമറിയില്ല …!!
കുറെ പിറകെ നടന്നു …!!
ദേഷ്യത്തോടെയുള്ള ആ മുഖം വെട്ടിക്കൽ ഓർക്കാൻ ഒരു സുഖമാണ് …….
അതോർക്കുമ്പോൾ വേറൊരു പെണ്ണിനേയും അങ്ങോട്ട് അക്‌സെപ്റ് ചെയ്യാൻ പറ്റണില്ല്യ …..
പതിയെ മാറ്റിയെടുക്കണം …!!”
അയാൾ കയ്യിലിരുന്ന സിഗരറ്റ് ആഷ്‌ട്രേയിലേക്ക് തട്ടുന്നുണ്ടായിരുന്നു …
“ചാരു….
ഒന്നിങ്ങട്ടേക്ക് വരൂ …!!”
“അനുജന്റെ ഭാര്യയാണ് …….
വിരുന്നിനു വന്നവരെ വെറുംകൈയോടെ വിടാൻ പറ്റില്ലല്ലോ….
ഒന്ന് പോയിട്ടുവരൂ ചാരു …
തനിക്കൊരു സാരിയും ഇവനൊരു ഷർട്ടും മേടിച്ചിട്ടുണ്ട് …!!
അത് തരാനാണ് …”
ചാരുലതയെ പറഞ്ഞുവിട്ട ശേഷം അർജുനെ സിദ്ധാർത്ഥിന് നേരെ തിരിഞ്ഞു …
“ഇനി പറയ് …..
എന്താണ് നിങ്ങളുടെ ഇടയിൽ കിടന്നു വട്ടം ചുറ്റുന്ന പ്രശ്‌നം ….??”
സിദ്ധാർഥ് അമ്പരപ്പോടെ അർജുനെ നോക്കി …
“എനിക്കെങ്ങനെ മനസ്സിലായെന്നാകും …!!
വിവാഹം കഴിഞ്ഞ് രണ്ടാൾക്കാർ വീട്ടിലേക്ക് വരുമ്പോൾ തമ്മിൽ തമ്മിൽ തമാശ പറയുന്നതും പെണ്ണിന്റെ മുഖത്ത് അല്പസ്വല്പം നാണം വിടരുന്നതും ഒക്കെ അതിസാധാരണമാണ് ……
ഇവിടെ നാണം പോയിട്ട് അവൾ വായനക്കി നിന്നോടൊന്നു മിണ്ടുന്നതു പോലും നിന്റെ നേർക്കു മുഖമുയർത്തി നോക്കുന്നതുപോലും ഞാൻ കണ്ടില്ല …
അവളുടെ ചേച്ചിയ്ക്ക് പകരമായി പോയതോ …
അതോ മുൻപ് നീ പറഞ്ഞ കഥകളിൽ അറിയാതെയെങ്കിലും അവളെ വഞ്ചിച്ചതാണോ ഇപ്പോഴും അലട്ടുന്നത് …..??”
അർജുന്റെ ചോദ്യത്തിനുത്തരമായി ഓരോന്നായി മനസ്സുതുറക്കുമ്പോഴും അടച്ചുപൂട്ടിയിരുന്ന സിദ്ധാർത്ഥിന്റെ വെമ്പലുകൾ തണുത്തുറഞ്ഞ കട്ടകളിൽ നിന്നും ഒഴുകുന്ന നീരായി അലിഞ്ഞുതുടങ്ങിയിരുന്നു …!!
“അവളോടെതൊക്കെ തെറ്റിന് മാപ്പു ചോദിക്കണം എന്നുപോലും അറിയാതെ നിൽക്കെയാണ് ഞാൻ …!!
സ്നേഹിച്ച പെണ്ണ് സ്വന്തം ഭാര്യയായിട്ട് കൂടി അവളോട് മനസ്സ് തുറക്കാൻ പറ്റാത്തൊരു ഹതഭാഗ്യൻ ……!!”
സിദ്ധാർഥ് വേദനയോടെ പുഞ്ചിരിച്ചു …
“ഏയ്…..!!
കണ്ണുതുടയ്ക്ക് സിദ്ധു…..
ചാരുലത വരുന്നുണ്ട് …!!”
തൂക്കിപ്പിടിച്ച വലിയ രണ്ട് ബിഗ്‌ഷോപ്പറുകളുമായി ചാരുലത അവരുടെ അടുത്തുവന്നിരുന്നു …
“എങ്ങനെയുണ്ട് ??
ഇഷ്ടായോ ചാരുവിന് എന്റെ സെലെക്ഷൻ …….??”
അവൾ പതിയെ തലയാട്ടി …
“ഇതുകൊണ്ടുംകഴിഞ്ഞിട്ടില്ല …”
അർജുൻ പോക്കറ്റിൽ നിന്നും ഒരു എൻവലപ് എടുത്ത് രണ്ടാൾക്കും നേരെ നീട്ടി ….
“രണ്ടുപേർക്കും പറഞ്ഞുവച്ചിരുന്ന സർപ്രൈസ് ഇതാണ് …
ഫ്ലൈറ്റ് ടിക്കറ്റ് ആണ് …
ബാംഗ്ലൂർ …ചിക്കമംഗ്ലൂർ ….ബേലൂർ …ഹൈദരാബാദ് ….
അങ്ങനെ ഏഴുദിവസത്തെ പ്രോഗ്രാം …!!
നാളെ വൈകിട്ട് നാലുമണിക്കാണ് ഫ്ലൈറ്റ് …
യാത്രയയക്കാൻ ഞാനും വരും …!!”
“എന്തൊക്കെയാ അർജ്ജു നീയീ പറയുന്നേ …??”
സിദ്ധാർഥ് അന്ധാളിപ്പോടെ അർജുനേ നോക്കി …
“മനസിലായില്ല അല്ലെ …!!
വെറുതെ പുസ്തകം അരിച്ചു സ്റ്റെതസ്കോപ്പും തൂക്കി നടന്നാൽ പോരാ മിസ്റ്റർ സിദ്ധാർഥ് …!!
ജീവിതംഎൻജോയ് ചെയ്യാനുള്ളതല്ലേ …
നിങ്ങൾക്കാണെങ്കിൽ പറ്റിയ അവസരം …
ഈ മുരടൻ ഈ രീതിയിൽ ചിന്തിക്കുന്ന ആളൊന്നുമല്ലട്ടോ …!!
അതുകൊണ്ട് ചാരുലതക്കും ഇതാണ് ഗോൾഡൻ ചാൻസ് …!!
മറുത്തൊന്നുംപറയണ്ട ഹോട്ടൽസിന്റെ ഡീറ്റൈൽസൊക്കെ ഞാൻ നിനക്ക് മെസ്സേജ് ചെയ്യാം ….
നാളെ രണ്ടാളും റെഡി ആയിരുന്നാൽ മതി …!!”
രണ്ടുപേർക്കും എതിർത്തൊരു വാക്ക് സംസാരിക്കാൻ ഇട നൽകാതെ അർജുൻ അവരെ കാറിനുള്ളിലേക്കിരുത്തി യാത്രയയച്ചു …
ചാരുലത മറ്റുള്ളവരോട് യാത്ര ചോദിക്കുമ്പോൾ സിദ്ധാർത്ഥിന്റെ ചെവിയിൽ അർജുൻ അടക്കം പറയുന്നുണ്ടായിരുന്നു …
“ഈ ഒരു യാത്ര നിങ്ങളുടെ ജീവിതം മാറ്റും ….!!
എന്നെ വിശ്വസിക്ക് …!!”
പുഞ്ചിരിച്ചുകൊണ്ട് സിദ്ധാർത്ഥിന്റെ ചുമലിൽ അർജുൻ കൈകൾ കൊണ്ട് മെല്ലെ തട്ടുന്നുണ്ടായിരുന്നു …
തുടരും ….