ഇരുട്ടടി പോലെ ആണ് തന്നെ തേടി ആ വാർത്ത എത്തിയത്. താൻ ഗർഭം ധരിച്ചിരിക്കുന്നു. ആദ്യം…

Story written by Krishna Das

====================

ഏട്ടാ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ?

പ്രിയ നവീനിന്റെ ഫോണിലേക്കു വിളിച്ചു.

നീ അച്ഛന്റെയും അമ്മയുടെയും ഒപ്പം കഴിച്ചോ? ഞാൻ വരാൻ അൽപ്പം വൈകും.

പ്രിയക്ക് സങ്കടം വന്നു. ഇന്ന് വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ വിഷു ആണ്. രാവിലെ നാലുമണിക്ക് അടുക്കളയിൽ കയറി വിഭവങ്ങൾ ഒരുക്കാൻ തുടങ്ങിയതാണ്. നവീൻ ഇന്നലെ പാതിരാത്രിക്ക് കുടിച്ചു പൂസായി വന്നു. രാവിലെ കുളിച്ചു ഇപ്പോൾ വരാമെന്നു പറഞ്ഞു പോയതാണ്. ഒരുമണി ആയിട്ടും കാണാതെ വന്നപ്പോൾ വിളിച്ചതാണ്. എന്നിട്ട് ആളു പറയുന്നു ഇനിയും വൈകുമത്രേ.

അച്ഛനും അമ്മയും ഭക്ഷണം കഴിക്കുന്നത് കണ്ടു. നീ കഴിച്ചോ അവനെ കാത്തു നിൽക്കണ്ട? അമ്മ പറയുന്നത് കേട്ടു.

നവീൻ വരട്ടെ? എന്നിട്ട് കഴിക്കാം പ്രിയ മനസ്സിൽ കരുതി.

നവീൻ വന്നപ്പോൾ മൂന്നു മണി ആയി. കൂട്ടുകാരോടൊപ്പം ആണ് വന്നത്. അത്യാവശ്യം നല്ലത് പോലെ എല്ലാവരും മ ദ്യപിച്ചിട്ടുണ്ട്.

ചോറ് വിളമ്പ്? നവീൻ പറഞ്ഞപ്പോൾ അവൾ രണ്ടു പാത്രം എടുത്തു ഡൈനിങ് ടേബിളിൽ കൊണ്ടു വെച്ചു.

ഇതെന്താ രണ്ടു പാത്രം? എന്റെ കൂട്ടുകാരെ നീ കണ്ടില്ലേ. ഞാൻ അവരുടെ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് വരുന്നത്. അപ്പോൾ അവരോടു കൂടി കഴിക്കാൻ പറയേണ്ടതല്ലേ മര്യാദ.

അവൾ ഒന്നും മിണ്ടാതെ പാത്രങ്ങൾ നിരത്തി വെച്ചു ചോറും കറികളും വിളമ്പാൻ തുടങ്ങി. എല്ലാവരും വന്നു ഇരുന്നു കളിയും ചിരിയുമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. പ്രിയ നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ അകത്തേക്ക് പോയി.

*******************

പത്തൊമ്പത്തമത്തെ വയസിൽ നവീനിന്റെ ആലോചന വന്നപ്പോൾ അവനു മുപ്പത്തി രണ്ടു വയസ്സ് പ്രായം. താൻ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്നു. തനിക്കു ഇപ്പോൾ വിവാഹം വേണ്ട എന്നു പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത്. നിന്റെ വിവാഹം ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ ഇരുപത്തിയെഴു വയസ്സ് കഴിയണം. അമ്മ ഏതോ ജ്യോൽസ്യന്റെ അടുത്ത് പോയി നോക്കി അത്രേ? എന്നിട്ടും താൻ എതിർത്തു നോക്കി. പക്ഷേ അമ്മ സമ്മതിച്ചില്ല.

ഇരുപത്തിയേഴു വയസ്സ് ആകുമ്പോൾ പിന്നെ കുട്ടികൾ ആകാൻ ബുദ്ധിമുട്ട് ആകുമത്രേ. അമ്മ അത് പറഞ്ഞപ്പോൾ അച്ഛനും എതിർത്തില്ല. പിന്നെ തനിക്കും സമ്മതം മൂളേണ്ടി വന്നു. നവീൻ പെണ്ണുകാണാൻ വന്നപ്പോൾ എല്ലാവർക്കും അയാളെ ഇഷ്ടമായി. കാണാൻ സുന്ദരൻ. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. നല്ല ശമ്പളം ഉണ്ടെന്ന് ബ്രോക്കർ പറഞ്ഞു.

എങ്കിലും മുപ്പത്തി രണ്ടു വയസ്സ് തന്റെ മനസ്സിൽ കല്ലുകടി ആയി കിടന്നു. പ്രായം കൂടുമ്പോൾ സ്നേഹം കൂടും. അമ്മ അവളെ ആശ്വസിപ്പിച്ചു.

അച്ഛന്റെയും അമ്മയുടെയും സ്നേഹം എന്നും അവൾക്ക് അത്ഭുതം ആയിരുന്നു. അച്ഛൻ രാവിലെ എഴുന്നേറ്റാൽ അമ്മയുടെ അടുത്തു തമാശയൊക്കെ ഒക്കെ പറഞ്ഞു അടുക്കള ജോലികളിൽ സഹായിക്കും. വിശേഷദിവസങ്ങൾ വന്നാൽ പറയുകയേ വേണ്ട. അച്ഛൻ അടുക്കളയുടെ ചുമതല പൂർണ്ണമായി ഏറ്റെടുക്കും. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞാൽ സിനിമക്ക് പോകും. എന്നിട്ട് ബീച്ചിൽ പോയി അസ്തമയം കാണും. അന്ന് വൈകീട്ട് പുറത്തു നിന്ന് ഭക്ഷണം. ഇതൊക്കെ ഓർക്കുമ്പോൾ അവളും ഉള്ളിൽ ഒരു കുടുംബജീവിതം ആഗ്രഹിച്ചു തുടങ്ങിയെന്നത് സത്യം ആണ്.

പക്ഷേ അച്ഛനെ പോലെ അല്ല എല്ലാ പുരുഷന്മാരും എന്നു അറിഞ്ഞത് വിവാഹശേഷം ആണ്. ഒരുപാട് പ്രതീക്ഷയോടെ ആണ് ആദ്യരാത്രി കിടപ്പറയിലേക്ക് ചെന്നത്. എന്നാൽ വേ ട്ടക്കാ രൻ ഇരയുടെ മുകളിൽ ചാടി വീഴുന്നത് പോലെ കീഴടക്കാൻ ആയിരുന്നു അയാൾക്ക് താല്പര്യം.

കിടപ്പറയിൽ ഇങ്ങനെ ആയിരിക്കും എന്നു താൻ കരുതി. എന്നാൽ മനസ്സ് തുറന്നു ഒന്നും സംസാരിക്കാൻ കഴിയാതെ ഉള്ളു കിടന്നു വീർപ്പു മുട്ടുകയായിരുന്നു. നവീൻ എപ്പോഴോ കയറി വരും. വന്നാൽ തന്നെ മിക്കവാറും സമയം ഫോണിൽ. തനിക്കും ഫോൺ ഉപയോഗിക്കുന്നതിന് തടസ്സം ഇല്ല. പക്ഷേ തനിക്ക് ഫോണിൽ സൗഹൃദങ്ങൾ കുറവായതിനാൽ എല്ലാത്തിനും മടുപ്പ് ആയിരുന്നു.

ഇരുട്ടടി പോലെ ആണ് തന്നെ തേടി ആ വാർത്ത എത്തിയത്. താൻ ഗർഭം ധരിച്ചിരിക്കുന്നു. ആദ്യം ചിരിക്കണോ അതോ കരയണോ എന്ന് മനസ്സിലായില്ല. എങ്കിലും എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ അവളും സന്തോഷം ഭാവിച്ചു.

കുറച്ചു ദിവസം നവീൻ ജോലിക്ക് ഒന്നും പോകാതെ വീട്ടിൽ ഇരുന്നപ്പോൾ ആണ് താൻ കാരണം ചോദിച്ചത്. ജോലി സ്ഥലത്തു ചെറിയ പ്രശ്നം. ആ ജോലി നഷ്ടമായി അത്രേ?

മറ്റൊരു ജോലിക്ക് ശ്രമിച്ചു കൂടെ എന്നു ചോദിച്ചപ്പോ ആണ് അവൻ പറയുന്നത് അത് അത്ര എളുപ്പമല്ല. പിന്നീട് അവൻ കൂലിപ്പണിക്ക് പോകാൻ തുടങ്ങിയപ്പോൾ തന്റെ മനസ്സ് ഇടിഞ്ഞു.

അവനു ദിവസവും കിട്ടുന്ന കൂലി മ *ദ്യത്തിനും ലോട്ടറിക്കും വേണ്ടി ചിലവഴിക്കുന്നു.

അച്ഛൻ ഒരിക്കൽ ചോദിച്ചപ്പോൾ അവൻ രോക്ഷാകുലനായി. നിങ്ങളുടെ മകൾക്ക് എന്താണ് ഇവിടെ കുറവ്. അവളുടെ മൃഷ്ടാന്നാബോജനം ഭംഗി ആയി നടക്കുന്നില്ലേ? പിന്നെ മറ്റു കാര്യങ്ങൾക്കും ഒരു കുറവുമില്ല. അച്ഛൻ അപമാനിതനായി തല കുനിച്ചു നിന്നു.

*******************

വീട്ടിൽ വിരുന്നു വന്നപ്പോൾ മകൾ ആർത്തിയോടെ ഭക്ഷണം വലിച്ചു വാരി തിന്നുന്നത് കണ്ടപ്പോൾ അവളുടെ അമ്മ മായ ചോദിച്ചു. എന്താടി നീ പട്ടിണി കിടന്നു വരികയാണോ?

വിഷു ആയിട്ടു അമ്മയുടെ കൈയ് കൊണ്ടു ഉണ്ടാക്കിയ ഭക്ഷണം തിന്നാൻ കൊതി. അവൾ ചമ്മിയ ചിരിയോടെ അമ്മയെ നോക്കി പറഞ്ഞു.

നീ വയറ്റു കണ്ണി ആണ് ട്ടോ? അധികം വലിച്ചു വാരി വിഴുങ്ങണ്ട. അമ്മ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

ഇന്നത്തെ ദിവസം ഒരു ഭക്ഷണവും തന്റെ ഉള്ളിലേക്ക് ചെന്നിട്ടില്ലെന്നു അമ്മയോട് പറയാൻ പറ്റില്ലല്ലോ?

അച്ഛൻ ഒരു ഭംഗി വാക്കെന്ന വണ്ണം നവീനിനോട് ചോദിക്കുന്നത് കേട്ടു ഒരെണ്ണം അടിക്കണോ എന്ന്. അയാൾ ഒരു മടിയും കൂടാതെ അച്ഛനോടൊപ്പം ചേർന്നു കുപ്പി കാലിയാക്കിയപ്പോൾ അച്ഛന്റെയും തന്റെയും മനസ്സ് ഒരുപോലെ തകർന്നിരുന്നു.

കുഞ്ഞു ജനിച്ചപ്പോൾ നവീനിനു കുഞ്ഞിനോട് വലിയ വാത്സല്യം ആയിരുന്നു. എന്നാൽ കുഞ്ഞിനെ പ്രസവിച്ച അമ്മയോട് അതിന്റെ ബഹിർസ്പുരണം ഒന്നും കണ്ടില്ല.

ഒരിക്കൽ തന്റെ ശരീരം മോഹിച്ചു വന്നപ്പോൾ പ്രിയ അവനെ തടഞ്ഞു.

എനിക്ക് നല്ല സുഖമില്ല?

ആശിച്ചു വന്നിട്ട് നടക്കാതെ വന്നപ്പോൾ അയാൾ കോപകുലനായി മുറി വീട്ടിറങ്ങി പോകുന്നത് കണ്ടപ്പോൾ പ്രിയ വിഷണ്ണയായി.

എന്തു പറ്റി എന്ന് ചോദിച്ചെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു. പക്ഷേ സ്വന്തം സുഖത്തിനു മാത്രം പ്രാധാന്യം കല്പിക്കുന്ന അയാളിൽ നിന്ന് അതു പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നു അവൾക്കു മനസ്സിലായി.

പിന്നീട് എത്ര വയ്യെങ്കിലും അവൾ അയാളെ തടയാറില്ല. പക്ഷേ മനസ്സ് കൊണ്ടു തങ്ങൾ ഒരുപാട് അകലം ഉണ്ടാകുന്നത് അയാൾ അറിഞ്ഞില്ലെങ്കിലും അവൾ അറിയുന്നുണ്ടായിരുന്നു.

എനിക്ക് പഠിക്കാൻ പോകണം പ്രിയ ഒരിക്കൽ അത് പറഞ്ഞപ്പോൾ നവീൻ ചോദിച്ചു അപ്പോൾ കുഞ്ഞിനെ ആരു നോക്കും.

നിങ്ങളുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ടല്ലോ അവർ നോക്കട്ടെ?

അതെങ്ങനെ ശരിയാകും കുഞ്ഞിന് അമ്മയുടെ സ്നേഹം ലഭിക്കുന്നത് പോലെ ആണ് മറ്റുള്ളവർ നോക്കുമ്പോൾ ലഭിക്കുന്നത്.

അതൊന്നും എനിക്ക് അറിയില്ല എനിക്ക് എന്റെ പഠനം പൂർത്തിയാക്കണം.

നീ എന്നാൽ പോകുന്നത് എനിക്ക് കാണണം. നവീൻ ശബ്ദമുയർത്തി.

ഒച്ച വെക്കേണ്ട ഞാൻ പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പോവുക തന്നെ ചെയ്യും.

അവൻ അവളുടെ കരണത്തു ഒന്ന് പൊട്ടിച്ചു.

അടിച്ചമർത്തി എന്നെ എന്നെ അടിമയാക്കാൻ ശ്രമിക്കേണ്ട? തിരിച്ചു അടിക്കാൻ എനിക്ക് കഴിയാഞ്ഞിട്ടല്ല. പക്ഷേ എന്റെ സംസ്കാരം അതിനു അതിനു അനുവദിക്കുന്നില്ല. ഞാൻ പോകുന്നു. സ്ത്രീകളെ ബഹുമാനിക്കാനും അംഗീകരിക്കാനും സ്നേഹിക്കാനും കഴിയാത്ത ഒരു പുരുഷനോടൊപ്പമുള്ള ജീവിതം ഒരു സ്ത്രീക്ക്  മരണ തുല്യമാണ്.

എന്നാൽ നീ ചെല്ല്. കുറച്ചു നാൾ കഴിയുമ്പോൾ കരഞ്ഞു കൊണ്ടു ഇങ്ങോട്ടു വന്നേക്കരുത്?

അവൾ ഒന്നും മിണ്ടാതെ പടിയിറങ്ങി പോയി. നവീനിനു മകളോടുള്ള വെറും അഭിനയം മാത്രമായിരുന്നു എന്ന് പ്രിയക്ക് മനസ്സിലായി.

ഒരിക്കൽ പോലും അയാൾ അവളെ കാണാൻ വന്നില്ല. സ്വന്തം കുഞ്ഞിനോട് ഇല്ലാത്ത സ്നേഹം തന്നോട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട കാര്യമില്ല എന്ന് അവൾക്കു മനസ്സിലായി. കുഞ്ഞിനെ സ്വന്തം അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു അവൾ പഠിക്കാൻ ചേർന്നു.

പഠിക്കാൻ മുമ്പില്ലാത്തതിനെക്കാളും വാശി ആയിരുന്നു. നാലഞ്ചു വർഷം കടന്നു പോയത് അറിഞ്ഞില്ല. ക്യാമ്പസ് സെലക്ഷനിലൂടെ ഒരു നല്ല ജോലി കിട്ടി.

ഒരിക്കൽ ജോലി കഴിഞ്ഞു വന്നപ്പോൾ ഇറയത്തു നവീനും അമ്മയും അച്ഛനും ഇരിക്കുന്നത് കണ്ടു. അവളെ കണ്ടപ്പോൾ അവർ ഹൃദ്യമായി ചിരിച്ചു. അവൾ ചിരിച്ചെന്നു വരുത്തി അകത്തേക്ക് പോയി.

നിന്നെ കൊണ്ടു പോകാൻ ആണ് ഞങ്ങൾ വന്നത്? നവീനിന്റെ അമ്മ പറഞ്ഞു.

എങ്ങോട്ട്?

ഞങ്ങളുടെ വീട്ടിലേക്ക്.

ഞാൻ വരുന്നില്ല?

മോളെ നിനക്ക് ഒരു കുഞ്ഞുള്ളതല്ലേ അവൾക്കു അമ്മ മാത്രം മതിയോ?പ്രത്യേകിച്ച് ഒരു പെൺകുട്ടി.

അതാണ് നിങ്ങളുടെ കുഴപ്പം. പെൺകുട്ടി ആൺകുട്ടി എന്ന വേർതിരിവ് എന്തിനാണ്? ഇത്രയും കാലം നിങ്ങൾ എവിടെ ആയിരുന്നു.

നിങ്ങളുടെ മനസ്സ് ഒന്ന് തണുക്കട്ടെ എന്ന് കരുതിയാണ് ഞങ്ങൾ ഇങ്ങോട്ടു വരാതിരുന്നത്. ഇപ്പോൾ അവനു നല്ല കുറ്റബോധം ഉണ്ട്.

പക്ഷേ എന്റെ മനസ്സ് തണുത്തിട്ടില്ല. ഇനി അതു എപ്പോൾ തണുക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. അതുവരെ എനിക്ക് വേണ്ടി നിങ്ങൾ കാത്തു നിൽക്കണമെന്നുമില്ല.

മോളെ…മായ മകളെ വിളിച്ചപ്പോൾ അവൾ പറഞ്ഞു അമ്മ എന്നെ നിർബന്ധിക്കേണ്ട. നിങ്ങൾക്ക് ഞാൻ ഒരു ഭാരം ആകുമ്പോൾ പറഞ്ഞാൽ മതി ഞാൻ ഇറങ്ങി തന്നു കൊള്ളാം.

നീ ഞങ്ങൾക്ക് ഭാരമോ? എങ്കിൽ നിന്നെ ഞങ്ങൾ ഇത്രയും നാൾ ഇവിടെ നിൽക്കാൻ അനുവദിക്കുമോ? നീ പറഞ്ഞതാണ് ശരി. നമ്മളെ  വേണ്ടാത്തിടത്തു നമ്മൾ തുടരേണ്ട കാര്യമില്ല. മായ അവളെ അരുമയോടെ ചേർത്ത് പിടിച്ചു.

താൻ കാരണം ആണ് അവളുടെ ജീവിതം ഇങ്ങനെ ആയിപോയത് എന്നോർത്തു മായക്ക് കുറ്റബോധം തോന്നി.

അന്ന് അവളെ പഠിക്കാൻ അനുവദിച്ചിരുന്നു എങ്കിൽ അവൾ സ്വന്തം കാലിൽ നിന്ന് അനുയോജ്യനായ ഒരാളോടൊപ്പം സുഖമായി ജീവിച്ചേനെ?.