എങ്കിൽ ഞാൻ വിചാരിച്ചാൽ നടക്കുന്ന ചില കാര്യങ്ങൾ ഉണ്ട് ഇന്ന് വാ കാണിച്ചു തരാം….

ഇണങ്ങിയും പിണങ്ങിയും…

Story written by Sumayya Beegum T A

=======================

എന്താടി ?

ഒന്നുമില്ല.

പിന്നെ എന്തിനാ ഇപ്പോൾ വിളിച്ചത് ?

സോപ്പ് പൊടി, പേസ്റ്റ്, ലോഷൻ ഒക്കെ തീർന്നു വരുമ്പോൾ മറക്കരുത്.

നിന്നെ കൊണ്ടു ഒരു സമാധാനവും ഇല്ലല്ലോ ?ഓഫീസിൽ ഒരു നൂറുകൂട്ടം ടെൻഷൻ അതിനിടയിൽ അവളുടെ ഓരോ അലുക്കുലുത് കാര്യങ്ങൾ.

ന്റെ മാത്രം കാര്യമല്ല നാളെ പല്ലുതേക്കാൻ ബ്രഷ് പിടിച്ചു നിൽകുമ്പോൾ വിനു തുള്ളിയിട്ടു കാര്യമില്ല.

ശരി, ശരി. വെക്ക്, വെക്ക് അഞ്ചുമണി ആകുന്നു ഈ ഫയലും കൂടെ നോക്കി തീർത്തിട്ട് ഇറങ്ങണം തല പൊളിഞ്ഞു പോകുന്ന വേദന.

അരിശത്തോടെ ഫോൺ കട്ട്‌ ചെയ്തു വിനു ജോലി തുടരവേ കറിക്ക് അരിഞ്ഞു കൊണ്ടു മറന്നു പോയത് എന്ത് എന്ന് ഓർത്തെടുക്കുക ആരുന്നു അനാമിക.

ചതുരത്തിൽ നുറുക്കിയ സാമ്പാർ കഷണങ്ങൾക്കൊപ്പം ആലോചന തുടരവേ മനസ്സിൽ ലഡ്ഡു പൊട്ടി മറന്നുപോയതു മോന്റെ പാമ്പേഴ്സ് ആണ്.

വിളിക്കാനായി ഫോൺ കയ്യിൽ എടുത്തപ്പോൾ വിനുവിന്റെ അരിശം പൂണ്ട മുഖം ഓർമ വന്നു എങ്കിലും രണ്ടും കല്പിച്ചു ഡയൽ ചെയ്തു. ബെൽ അടിച്ചു കാൾ നിന്നു. ഒന്നൂടെ വിളിച്ചുനോക്കി.

നിനക്ക് എന്തിന്റെ സൂക്കേടാ അനാമി ?ഇത്തിരി ബോധം ഉള്ള ഭാര്യ ആണെങ്കിൽ ഇങ്ങനെ ജോലിക്കിടെ ശല്യപ്പെടുത്തുമോ ?ഇനി ഒരു തവണ കൂടി വിളിച്ചാൽ ഈ ഫോൺ ഞാൻ വലിച്ചെറിഞ്ഞു പൊട്ടിക്കും. വെക്കടി….. മോളെ…

പറയാനുള്ളത് കേൾക്കാതെ വിനു ഫോൺ കട്ട്‌ ചെയ്തപ്പോൾ അനാമിക പുഞ്ചിരിച്ചു.

ഇന്നലെ ഉൾപ്പെടെ ഇപ്പോൾ മൂന്നുദിവസം ആയി മോന്റെ പാമ്പേഴ്സ് തീരാറായി എന്ന് പറയുന്നു. നാളെ വാങ്ങാം എന്ന് പറയുന്നതല്ലാതെ കൊണ്ടുവരാൻ മറക്കും. വിളിച്ചു ഓർപ്പിക്കുമ്പോൾ ദേഷ്യവും. എന്താ ചെയ്യുക പഠിക്കേണ്ട പ്രായത്തിൽ പഠിച്ചു ജോലി വാങ്ങിയിരുന്നെങ്കിൽ തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം വാങ്ങി താ എന്ന് പറഞ്ഞു കെട്യോന്റെ പുറകെ നടക്കണ്ടായിരുന്നു.

കണ്ണ് ഒന്ന് നിറഞ്ഞെങ്കിലും ജീവിതം അങ്ങനെ ഒക്കെ തന്നെ പൊരുത്തപ്പെടുക എന്ന് അവളിലെ ഭാര്യ അവളെ ഒരിക്കൽ കൂടി ഓർമപ്പെടുത്തി. വീണ്ടും പഴയതിനേക്കാൾ ഉത്സാഹത്തോടെ അത്താഴം ഉണ്ടാക്കുന്നതിലേക്കു അനാമി തിരിഞ്ഞു.

ഏഴുമണി ആയപ്പോൾ വിനു എത്തി. നല്ല ചൂട് കട്ടൻ കാപ്പി കുടിച്ചു ചെറു ചൂടുവെള്ളത്തിൽ കുളിച്ചു വന്നപ്പോൾ വിനുവിന്റെ തലവേദനയും ദേഷ്യവും ഒക്കെ പമ്പ കടന്നു.

മോനുമായി വന്നു അടുക്കളയിൽ തന്നെ നോക്കി നിൽക്കുന്ന വിനുവിന്റെ നേരെ ചട്ടുകം ഓങ്ങി അനാമി.

അതെ ചില സമയത്തെ ചാട്ടം കാണുമ്പോൾ ഇതങ്ങു പഴുപ്പിച്ചു വെക്കാൻ തോന്നുന്നുണ്ട് വിനു നിങ്ങൾക്കിട്ടു.

നിന്റെ അപ്പൻ വിചാരിച്ചാൽ നടക്കില്ല അനാമി.

എങ്കിൽ ഞാൻ വിചാരിച്ചാൽ നടക്കുന്ന ചില കാര്യങ്ങൾ ഉണ്ട് ഇന്ന് വാ കാണിച്ചു തരാം.

കാണിച്ചു തരില്ല എന്നല്ലേ മോളെ പറയേണ്ടത്. കണ്ടു ഞാനും മടുത്തു.

അയ്യട നിങ്ങൾ മടുത്തോ ഒന്നൂടെ പറഞ്ഞെ ?

ചട്ടുകവുമായി അടിക്കാൻ ആംഗ്യം കാണിച്ച അനാമിയെ നെഞ്ചിലേക്ക് വലിച്ചിട്ടു നെറുകിൽ ഉമ്മ കൊടുത്തു വിനു കൊഞ്ചി ഈ ജന്മം മടുക്കുവോടി ?

പിന്നെ എന്തിനും ഏതിനും ഞാൻ വേണം എന്ന ഈ നിർബന്ധബുദ്ധി ഒക്കെ മാറ്റണം കേട്ടോ. നിനക്ക് അറിയില്ലേ ഓഫീസിൽ ഉള്ള ക്രിസ്റ്റോയെ, അവന്റെ ഭാര്യ റോസ് എന്തൊരു സ്മാർട്ട്‌ ആണെന്നോ. നിന്നെപ്പോലെ കെട്ടിയോനെയും കെട്ടിപിടിച്ചു ഇരിക്കുക അല്ല ആളൊരു അടിപൊളി ടൈപ്പ് ആണ് . ഒരുമിച്ചു ഫുഡ്‌ കഴിച്ചില്ലെങ്കിലും താമസിച്ചു ചെന്നാലും ഒന്നും നിന്നെ പോലെ മുഖം വീർപ്പിക്കില്ല. സ്കൂട്ടി ഓടിച്ചു ഷോപ്പിംഗ് ഒക്കെ ഒറ്റക്ക് അതിനൊന്നും ക്രിസ്റ്റോ ടൈം കളയണ്ട. അങ്ങനെ വേണം പെൺകുട്ടികൾ.

ഓഹോ അപ്പൊ ഇപ്പോൾ ഇതാണ് പണി കൂട്ടുകാരന്റെ കെട്ടിയോളെ ടൂണിങ്. നാണമില്ലേ മനുഷ്യാ ?

ഒറ്റ അടിക്കു മുപ്പത്തിരണ്ട് പല്ലും എടുക്കാൻ തോന്നും വായിൽ നിന്നും വരുന്നത് കേട്ടാൽ. പോടീ.

ദേഷ്യത്തോടെ അനാമിയെ തള്ളിമാറ്റി ടി വി ഓൺ ചെയ്തു ന്യൂസ്‌ കാണുമ്പോൾ മോൻ ഉറങ്ങാൻ കരഞ്ഞു തുടങ്ങി. ക്ഷമയോടെ കുഞ്ഞിനെ എടുത്തോണ്ട് പോയി തൊട്ടിൽ ആട്ടി പാട്ടുപാടി അവളുറക്കുന്ന കണ്ടപ്പോൾ അറിയാതെ അമ്മയെ ഓർത്തു. വീട്ടിലോട്ട് ഇന്ന് വിളിച്ചില്ലല്ലോ ?

മൊബൈൽ എടുത്തു അമ്മയുമായി വിശേഷങ്ങൾ പറയുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന റംല ഇത്തയുടെ കാൾ വന്നത്.

ഡാ വിനു നീ ഒരു കാര്യം അറിഞ്ഞോ ക്രിസ്റ്റോയുടെ ഭാര്യ ഇല്ലേ റോസ് അവള് ഒരുത്തന്റെ കൂടെ പോയെടാ. റംല ഇത്തയുടെ വീടിനടുത്താണ് ക്രിസ്റ്റോയുടെ വീട്. വൈകിട്ട് ജോലി കഴിഞ്ഞു ക്രിസ്റ്റോ വന്നപ്പോൾ റോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മച്ചിയോടു ക്രിസ്റ്റോ വിളിച്ചു. സിനിമക്ക് പോകുകയാണ് എന്ന് പറഞ്ഞു ഉച്ചക്ക് മുന്നേ പോയതാണ് എന്നൊക്കെ കേൾക്കുന്നു. ഇതുവരെ എവിടെ ആണെന്ന് ഒരു വിവരവും ഇല്ല. അന്വേഷിക്കേണ്ട ഇഷ്ടമുള്ള ആൾക്കൊപ്പം പോകുന്നു എന്നൊരു മെസ്സേജ് അവന്റെ ഫോണിലേക്ക് അയച്ചു കുറച്ചുമുമ്പ്. ഇപ്പോൾ അതിനെ ചുറ്റിപറ്റി പോലീസ് അന്വേഷിക്കുകയാണ്.

ചൂട് വാർത്ത ചാനലിലെ ഷാനിയെ തോല്പിക്കുന്ന ആവേശത്തോടെ വായിച്ചു തീർത്തു റംല ഇത്ത ഫോൺ വെക്കുമ്പോൾ ക്രിസ്റ്റോയെ ഓർത്തു വേദന തോന്നാതിരുന്നില്ല. അവരുടെ മോൾ പ്ലേ സ്കൂളിൽ പോകുന്നുണ്ടെന്നു തോന്നുന്നു പാവം കുഞ്ഞു. എത്ര പെട്ടന്നാണ് ജീവിതം മാറ്റിയെഴുതുന്നതു ഇവളൊക്കെ ഒരു സ്ത്രീ എന്ന് വിളിക്കാമോ.

ചുമലിൽ ഒരു കൈസ്പർശം അനാമി പുറകിലൂടെ ചുറ്റി പിടിച്ചു തോളിൽ തലചേർത്തു ചാഞ്ഞിരുന്നു.

മോൻ ഉറങ്ങിയോ അനാമി ?

മ്മ്.

നീ കേട്ടോ റംല ഇത്ത പറഞ്ഞതൊക്കെ. എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.

എനിക്ക് വല്യ അത്ഭുതം തോന്നുന്നില്ല വിനു. യാതൊരു കമ്മിറ്റ്മെന്റും ഇല്ലാത്ത ജീവിതം ആണ് അവര് ജീവിച്ചുകൊണ്ടിരുന്നത് മടുത്തപ്പോൾ വേറൊന്നു സെലക്ട്‌ ചെയ്തു അത്ര മാത്രം. സ്വന്തം കാര്യം ഭർത്താവിനെ ആശ്രയിക്കാതെ ചെയ്യുന്ന ഭാര്യമാർ എല്ലാം ചീത്ത ആണ് എന്നല്ല വിനു അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആശ്രയിക്കുകയും വിട്ടുവീഴ്ചകൾ ചെയ്യുകയും ഒക്കെ ചെയ്യുന്ന ദാമ്പത്യം കൂടുതൽ കെട്ടുറപ്പുള്ളതാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ഒരു കാര്യത്തിനും ഭർത്താവിനെ ശല്യം ചെയ്യാത്ത തന്റെ ഭാര്യയെപ്പറ്റി അഭിമാനത്തോടെ ഈയിടെ മലയാള സിനിമയിലെ പ്രസിദ്ധ സംവിധായകൻ പറഞ്ഞ ഇന്റർവ്യൂ വായിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി വിനു.

അത് വായിച്ചു ഞാനും അങ്ങനെ ഒക്കെ ആവാൻ നോക്കി സാധിച്ചില്ല പക്ഷെ കഴിഞ്ഞ ആഴ്ച ആ വാരികയുടെ തന്നെ പത്രത്തിൽ വന്ന സെൻസേഷൻ ന്യൂസ്‌ ഈ സംവിധായകന്റെയും മുൻകാല നായികയായ ഭാര്യയുടെയും വേർപിരിയൽ ആയിരുന്നു.

പറയാനുള്ളത് പറഞ്ഞു വിനുവിനെ നോക്കി അനാമി മൗനയായി.

ന്റെ പൊന്നോ ചക്കരെ പഞ്ചാരേ നീ മാറണ്ട ഇങ്ങനെ ഒക്കെ തന്നെ മതി ഇപ്പോൾ വിളിക്കുന്ന പോലൊക്കെ വിളിച്ചു ശല്യം ചെയ്തോ ഞാൻ ഫോൺ എടുത്തോളാം.

ആഹാ,എന്നിട്ട് നേരത്തെ എന്നെ വിളിച്ചത് വേറെന്തൊക്കെയോ ആരുന്നല്ലോ ?

ഒന്ന് പോ പെണ്ണേ അതൊക്കെ ചുമ്മാ എന്ന് പറഞ്ഞു കെട്ടിപിടിക്കവേ അനാമി തലയാട്ടി ചിരിച്ചു. ഓന്തിന്റെ സ്വഭാവമാ ഈ ആണുങ്ങൾക്ക്.

അല്ലടി കോഴിയുടെ സ്വഭാവമാ…

ഛെ ഈ വിനുവിന് ഒരു നാണവും ഇല്ല.

പിന്നെ നാണിക്കാൻ നീ അപ്പുറത്തെ അമ്മാമ അല്ലാലോ എന്റെ കെട്യോൾ തന്നെ അല്ലെ…

നിലാവ് നാണിച്ചുമറയുന്ന രാവിൽ അവരൊന്നായി…

പൊട്ടിച്ചിരികൾ നിറയുന്ന ദാമ്പത്യങ്ങൾ സൗന്ദര്യ പിണക്കങ്ങൾ നിറഞ്ഞവ തന്നെ. ശരിയല്ലേ സൗഹൃദങ്ങളെ ???