ഈ മുഖം എവിടെ ആണ് കണ്ടത് നല്ല പരിചയം പോലെ പക്ഷെ ഓർമ്മകൾ അവ്യക്തമായി തന്നെ നിന്നു ഓർത്തെടുക്കാൻ കഴിയുന്നില്ല…

തിരിച്ചു കിട്ടിയ സ്വർഗ്ഗം….

Story written by Uma S Narayanan

=======================

ഏറെ നേരമായി ഉറക്കം വരാതെ കിടക്കുന്ന ആരതി ഫോൺ എടുത്തു സമയം നോക്കി.

അർദ്ധരാത്രി ഒരുമണിയാകുന്നു പുലർച്ചെ ആറു മണിക്കാണ് ദേവുട്ടി എന്ന ദേവാംഗനയുടെ ചോറൂണ് ഇനിയിപ്പോ ഉറങ്ങാൻ സമയം ഇല്ല കുളിച്ചു ഒരുങ്ങി വാകചാർത്തു തൊഴാൻ നേരമായി..

ഗുരുവായൂർ നടയുടെ മുന്നിൽ ഉള്ള ഹോട്ടലിൽ റൂം വേണമെന്ന് ആരതി ജീവനോട് പറഞ്ഞിരുന്നു.

അതുപോലെ തന്നെ കിട്ടി ഹോട്ടൽ എലൈറ്റിൽ ആരതിയും ജീവനും ആരതിയുടെ അമ്മയും കൂടിയാണ് ഗുരുവായൂർ വന്നത്.

വാകച്ചാർത്തു തൊഴാൻ ആരതിയുടെ വളരെ കാലമായുള്ള ആഗ്രഹം കൂടിയാണ് ഇന്ന് നടക്കുന്നത് ആരതിയും അമ്മയും കുളിച്ചോരുങ്ങി അമ്പലത്തിൽ പോകാൻ റെഡി ആയി ജീവനെ വിളിച്ചു.

” ജീവേട്ട ഞങ്ങൾ വാകച്ചാർത്ത് തൊഴുതു വാരം ദേവൂട്ടി യെ നോക്കണേ ദേവൂട്ടി നല്ല ഉറക്കമാണ് വാതിലടച്ചോളു പോയി വരാം വന്നിട്ട് ദേവൂട്ടിയെ കൊണ്ട് ചോറു കൊടുക്കാൻ പോകണം “”

അവർ വാകച്ചാർത്ത് തൊഴാനായി ഇറങ്ങി.. ജീവൻ ദേവുട്ടിയുടെ അടുത്ത് കിടന്നു.

ജീവന് കിടന്നിട്ട് ഉറക്കം വന്നില്ല ഇന്നലെ വൈകുന്നേരം തൊഴുതു വരുമ്പോൾ മേല്പത്തൂർ ആഡിറ്റോറിയത്തിൽ തിണ്ണയിൽ ഇരിക്കുന്ന ഒരു അമ്മയുടെ രൂപം ആണ് മനസിൽ എവിടെയോ കണ്ടു മറന്നു പോയപ്പോലെ ഒരു മുഖം..

എവിടെ ആണ് ഓർത്തിട്ട് കിട്ടുന്നില്ല..അങ്ങനെ ഓർത്ത് കിടന്നവൻ മയങ്ങി പോയി.

ജീവനെ അച്ഛനും അമ്മയും അവനു ഉപേക്ഷിച്ചു പോയതാണ് എന്നാണ് അവനു അറിയുള്ളു ഓർഫനേജിൽ ആയിരുന്നു അവന്റെ ജീവിതം കോളേജ് പഠിക്കുമ്പോൾ ആരതിയെ കണ്ടു ഇഷ്ടമായി വിവാഹം ചെയ്തതാണ് ..അവനിപ്പോൾ കൊച്ചിൻ റിഫൈനറിയിൽ ആണ് ജോലി..

വാതിലിൽ മുട്ട് കേട്ടാണ് വീണ്ടും ഉണർന്നത് ദേവൂട്ടി അപ്പോഴും ഉറക്കമാണ് ജീവൻ എണിറ്റു വാതിൽ തുറന്നു പുറത്തു ആരതിയും അമ്മയും വാകച്ചാർത്തു കഴിഞ്ഞു വന്നിരിക്കുന്നു.

“അല്ല ജീവേട്ടൻ കുളിച്ചില്ലേ ഇതുവരെ വേഗം കുളിച്ചു റെഡി ആവു ആറുമണില്ലെ ചോറൂണ്””

അവൻ സമയം നോക്കി അഞ്ചര ആകാൻ പോകുന്നു.

“”ഭയങ്കര തിരക്ക് ആണ് ജീവേട്ട എന്നാലും കണ്ണനെ കണ്ടു മതിവരുവോളം “”

ജീവൻ മൂളികേട്ടു തോർത്ത്‌ എടുത്തു കുളിക്കാൻ കേറി അവളുടെ അമ്മ ദേവൂട്ടിയെ ഉണർത്താൻ ഉള്ള ഒരുക്കം ആണ് ജീവൻ കുളിച്ചു വന്നിട്ട് ദേവൂട്ടിയെ കൂടി കുളിപ്പിച്ച് കസവിന്റെ കൊച്ചു മുണ്ട് ഉടുപ്പിച്ചു എല്ലാവരും കൂടി റൂം പൂട്ടി അമ്പലത്തിലേക് നടന്നു..

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഭക്തി സാന്ദ്രമായ കൃഷ്ണ സ്തുതി ഒഴുകി വരുന്നു അതിൽ ലയിച്ചു ജീവൻ നടന്നു..

ജീവന്റെ കണ്ണുകൾഅപ്പോഴും മേൽപ്പത്തൂർ ഓഡിറ്റോറിയം ഭാഗത്തു ആയിരുന്നു ആ അമ്മ അവിടെ ഉണ്ടോ എന്ന് നോക്കികൊണ്ടിരിക്കുന്നു പക്ഷെ കണ്ടില്ല അവർ പോയിരിക്കും അവൻ വിചാരിച്ചു..

അമ്പലത്തിൽ എത്തി ചോറൂണ് രസീത് ചെയ്തു ടോക്കൺ എടുത്തു ക്യുവിൽ നിന്നു.. കുഞ്ഞു ദേവൂട്ടി അപ്പോഴും തോളിൽ മയക്കമാണ്.

ചോറു കൊടുത്തു അമ്പലത്തിൽ കേറി ദേവൂട്ടിയെ കണ്ണനെ തൊഴിച്ചു ദേവീ നടയിൽ കൂടി പുറത്തു വന്നു..അപ്പോഴും അവന്റെ കണ്ണുകൾ ആ അമ്മയെ തേടിക്കൊണ്ടിരിക്കുന്നു..

നേരം വെളുത്തു ഗുരുവായൂർ നടയിൽ തിരക്ക് ആരംഭിച്ചു .

കല്യാണമണ്ഡപത്തിൽ വിവാഹം പാർട്ടികളുടെ പട്ടിലും പൊന്നിലും
അണിഞ്ഞൊരുങ്ങിയ വധുക്കൾ അവരുടെ കുടുംബങ്ങളുടെയും കലപില ബഹളത്തിൽ ഇടയിലൂടെ ആളുകളുടെ മുഖത്തു നോക്കി നടക്കുന്ന ആ അമ്മയെ ജീവൻ തൊട്ടടുത്ത് നിന്ന് വീണ്ടും കണ്ടു….

ഈ മുഖം എവിടെ ആണ് കണ്ടത് നല്ല പരിചയം പോലെ പക്ഷെ ഓർമ്മകൾ അവ്യക്തമായി തന്നെ നിന്നു ഓർത്തെടുക്കാൻ കഴിയുന്നില്ല.

“”ആരതി നീ അമ്മയെ കൂട്ടി റൂമിൽ പോയൊക്കെ ഞാൻ ഇപ്പോൾ വാരം ഒരു പരിചയക്കാരൻ ഉണ്ട് ഒന്ന് നോക്കട്ടെ “”

അവൻ ആരതിയോടായി പറഞ്ഞു അവരെ റൂമിലെക്ക് അയച്ചു. എന്നിട്ട് ആ അമ്മയുടെ അടുത്ത് ചെന്നു.. മുഷിഞ്ഞ ഒരു സെറ്റുമുണ്ട് ആണ് വേഷം ഒരു ബാഗ് തോളിൽ ഉണ്ട്.

അവനെ കണ്ടപ്പോൾ ആ അമ്മ.

” മോനെ എന്റെ മോനെ കണ്ടോ..””

“”ആരാ അമ്മേ അമ്മയുടെ മകൻ “”

അതിനു മറുപടി പറയാതെ അവർ തിരിഞ്ഞു വീണ്ടും അടുത്ത ആളുടെ ഇതേ ചോദ്യം ആവർത്തിച്ചു ജീവൻ പതിയെ അവരുടെ അടുത്ത് ചെന്നു.

” അമ്മ വരൂ അമ്മ വല്ലതും കഴിച്ചോ “

അവൻ ചോദിച്ചു

“”വേണ്ട മോനെ “”

“അങ്ങനെ പറയരുത് ഞാൻ അമ്മടെ മോനേന്നു കരുതിയാ മതി “

അവൻ അടുത്ത് കണ്ട ഹോട്ടലിൽ നിന്ന് അവർക്ക് ദോശയും ചായയും വാങ്ങിച്ചു കൊടുത്തു പുറത്തിറങ്ങി അവർ അമ്പലത്തിലെ ബഞ്ചിൽ വന്നിരുന്നു..

“അമ്മ എവിടെന്നു ആണ് വരുന്നത് കൂടെ ആരുമില്ലേ അമ്മയുടെ മകന് എന്തു പറ്റി “

അതിനൊരു കരച്ചിൽ ആയിരുന്നു മറുപടി.

“”അമ്മ വിഷമിക്കണ്ട എന്നിക്കു കഴിയും പോലെ ഞാൻ കണ്ടുപിടിക്കാൻ സഹായിക്കാം “”

അമ്മ അവരുടെ കഥ പറഞ്ഞുതുടങ്ങി ദേവകി എന്നാണ് പേര് അമ്മയുടെ വീട് തൃശൂർ ജില്ലയിലെ മുള്ളൂർക്കര ഗ്രാമത്തിൽ ആണ് വലിയ വീട്ടിലെ ഒരേ ഒരു മകൾ ഒന്നിനും കുറവുണ്ടായിരുന്നില്ല ത്രിശൂരിൽ കോളേജുകൾ ഉണ്ടായിട്ടുംഎറണാകുളം മഹാരാജാസ് കോളിജിൽ തന്നെ പഠിക്കണം എന്ന ആഗ്രഹത്തിൽ അങ്ങനെ ഡിഗ്രിക്ക് മഹാരാജാസ് കോളേജിൽ തന്നെ ചേർന്നു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത് അതിനിടയിൽ ഒരു പ്രണയത്തിൽ കുടുങ്ങി ഗർഭിണിയായി അരവിന്ദ് അവനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല പാവപെട്ട കുടുംബത്തിലെ ആയിരുന്നു അവൻ എല്ലാം അറിഞ്ഞു വീട്ടുകാർ വന്നു കൊണ്ടുപ്പോയി വീട്ടുതടങ്കലിൽ ആക്കി.

അങ്ങനെ എന്റെ മകനെ പ്രസവിച്ചു നാലു വയസ് വരേ എന്റെ മകൻ ഉണ്ടായിരുന്നു കുട്ടിയില്ലങ്കിൽ മുറച്ചെറുക്കൻ സുകുമാരൻ വിവാഹം കഴിച്ചോളാം എന്ന് അച്ഛനോടു പറഞ്ഞു ഞാൻ ആവുന്ന വിധം എതിർത്തു നോക്കി അങ്ങനെ എന്റെ മോനെ അവർ അനാഥാലയത്തിൽ കൊടുത്തു അയാൾ വിവാഹം കഴിച്ചു എന്റെ സ്വത്തിലായിരുന്നു അയാളുടെ കണ്ണുകൾ..

അയാളുടെ രണ്ടാമത്തെ വിവാഹമായിരുന്നു ആദ്യ ഭാര്യമരിച്ചു പോയി അതിലൊരു മകൻ ഉണ്ടായിരുന്നു പിന്നീട് മക്കളൊന്നും ഉണ്ടായില്ല ഉണ്ടാകാൻ അയാൾ സമ്മതിച്ചില്ല സ്വത്തൊക്കെ അയാളുടെ മകന് കിട്ടാൻ വേണ്ടി…

വർഷങ്ങൾക്ക് ശേഷം അരവിന്ദിനെ പറ്റി പിന്നീട് അറിയാൻ കഴിഞ്ഞു.. ആക്സിഡന്റ് ആയി മരിച്ചെന്നു ആ ആക്സിഡന്റ് എന്റെ അച്ഛൻ അറിഞ്ഞു കൊണ്ടുള്ളതായിരുന്നു..അറിഞ്ഞപ്പോളെക്കും അദ്ദേഹം ഈ ലോകത്തു നിന്ന് പോയിരുന്നു..

കാലങ്ങൾ കഴിഞ്ഞു എന്റെ അച്ഛനും അമ്മയും മരിച്ചു കുറച്ചു കാലം മുന്നേ ഭർത്താവും മരിച്ചു,ഗുരുവായൂർ പോയി തൊഴാം എന്ന് പറഞ്ഞു ഭർത്താവിന്റെ മകൻ അവനാണ് ഇവിടെ കൊണ്ടുവന്നാക്കിയത് അതിനു മുൻപ് സ്വത്തൊക്കെ അവൻ എഴുതി വാങ്ങിയിരുന്നു അവനും ഭാര്യക്കും നോക്കാൻ വയ്യെന്ന് അമ്മ വിതുമ്പി കണ്ണീർ തുടച്ചു..

“ഏതു അനാഥാലയത്തിൽ ആണ് കുഞ്ഞിനെ കൊടുത്തത് അറിയുമോ അമ്മേ “

“”കൊച്ചിയിൽ എവിടെയോ ആണ് എന്നറിയാം മോനെ വേറെ ഒരു വിവരം അറിയില്ല ഈ വയസ് കാലത്തു അമ്മ എവിടെപോയി അന്വേഷിക്കാൻ “

അവനത് കേട്ടു മനസ്സ് വിങ്ങി കൃഷ്ണ എന്റെ അമ്മ തന്നെ ആണോ ഇതു ദൈവമേ.

അവർ ബാഗ് തുറന്നു ഒരു പഴയ ഫോട്ടോ എടുത്തു കാണിച്ചു ഇതാണ് എന്റെ മോൻ ജീവൻ .അവനത് കേട്ടു .കണ്ണീരോടെ അവനത് വാങ്ങി നോക്കി അവന്റെ കണ്ണിൽ നിന്നും കണ്ണീർ വീണു ആ ഫോട്ടോ നനഞ്ഞു കുതിർന്നു.

“എന്താ മോനെ എന്ത് പറ്റി “

അവർ പരിഭ്രാന്തിയോടെ ചോദിച്ചു അതിനു പകരം അവൻ അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു

“”അമ്മേ അമ്മയുടെ മകൻ ഈ ഞാൻ ആണ് എന്റെ അമ്മ ആണിത് “”

അവർക്കൊന്നും മനസിലായില്ല പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.

അവൻ ഫോൺ എടുത്തു അതിലെ അതുപോലെ ഉള്ള പഴയ ഫോട്ടോ അമ്മക്ക് കാണിച്ചു കൊടുത്തു.

“”എന്റെ ഗുരുവായൂരാപ്പാ എന്താണീ ഞാൻ കാണുന്നത് എന്റെ മകൻ “

പൊട്ടിക്കരച്ചിലോടെ അമ്മ അവനെ കെട്ടിപിടിച്ചു..

“”മോനെ ഈ പാപിയായ അമ്മയോട് പൊറുക്കണം “”

“”ഒന്നും പറയേണ്ട അമ്മേ എല്ലാം കണ്ണന്റെ ലീലാവിലാസം “”

“”അമ്മ വരൂ റൂമിലെക്ക് പോകാം അമ്മക്ക് ഇനി ഈ മകൻ ഉണ്ട് അമ്മയുടെ സ്വന്തം മകൻ അമ്മക്ക് അറിയുമോ എന്റെ മോളുടെ ചോറൂണ് ആണ് ഇന്ന് അവളുടെ പേരു ദേവുട്ടി എന്നാ “”

അവർ കണ്ണീരിലൂടെ അവനെ നോക്കി ചിരിച്ചു അവർ റൂമിലെത്തി ആരതിയോടും അവളുടെ അമ്മയോടും എല്ലാം പറഞ്ഞു ആരതി ദേവൂട്ടിയെ എടുത്തു ദേവകിഅമ്മയുടെ കൈയിൽ കൊടുത്തു..

“”ദേവൂട്ടി കണ്ടോ അച്ഛമ്മയാണ് “”

ദേവകിയമ്മ ദേവൂട്ടിയെ വാരിയെടുത്തു മുത്തം വച്ചു ദേവൂട്ടി അവളുടെ പല്ലില്ലാത്ത മോണോ ദേവകിയമ്മയുടെ മുഖത്തു മൃദുവായി കടിച്ചു ചിരിച്ചു അതുകണ്ടു ആനന്ദാശ്രു പൊഴിച്ചു സന്തോഷം കൊണ്ടു ജീവൻ ആരതിയെ ചേർത്തു പിടിച്ചു പറഞ്ഞു..

“”ആരതി എനിക്ക് എന്റെ അമ്മയെ കിട്ടി എന്റെ സ്വർഗത്തെ എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം..”

“അതെ ജീവേട്ട ഇവിടെ വരുവാനും ഇങ്ങനെ ഒരു കൂടി കാഴ്ച ഉണ്ടാകാനും എല്ലാം കണ്ണന്റെ അനുഗ്രഹം തന്നെ “

അവൻ കണ്ണുകളടച്ചു ഒരു നിമിഷം ഗുരുവായുരപ്പനെ ധ്യാനിച്ചു….ഇനിയുള്ള കാലം .അമ്മയുമൊത്തുള്ള പുതിയ ജീവിതത്തിലേക്കായ്….

~Uma S Narayanan